Wednesday, December 18, 2019

ഐഡന്റിറ്റിയും മുദ്രാവാക്യവും ചർച്ചയാവുന്ന നേരത്ത് ഇസ്‌ലാമിന്റെ സുപ്രധാന ചരിത്രത്തിലേക്ക് ഒന്നുനോക്കാം. നിലനിൽപ്പും അതിജീവനവും വിഷയമാവുമ്പോൾ അത്തരമൊരു ഘട്ടത്തിൽ പ്രവാചകൻ സ്വീകരിച്ച നിലപാടിന്റെ ചരിത്രം.
ഹിജ്റ ആറാം വർഷം മദീനയിൽ നിന്നും മക്കയിലേക്ക് ഉംറ നിർവഹിക്കാൻ പുറപ്പെട്ടതായിരുന്നു മുഹമ്മദ് നബി (സ)യും സ്വഹാബിമാരും.
മക്കയെന്നത് മുഹമ്മദ് നബിയുടെ ജന്മസ്ഥലമാണ്. മുസ്ലിംകളല്ലാത്ത ഖുറൈശികൾ പോലും പവിത്രമായി കരുതുന്നിടം കൂടിയാണ് മക്ക. മദീനയിൽ നിന്നും പ്രവാചകനും കൂട്ടരും വരുന്നുണ്ടെന്നറിഞ്ഞ ഖുറൈശികൾ ഒരു ചെറുത്തുനിൽപ്പിനുള്ള സന്നാഹങ്ങൾ തന്നെ ഒരുക്കി. മുഹമ്മദും കൂട്ടരും ഒരു യുദ്ധത്തിനുള്ള പുറപ്പാട് തന്നെയായിരിക്കും എന്നാണ് അവർ കരുതിയത്.





ഖുറൈശികൾ ഇങ്ങനെയൊരു ലക്ഷ്യവുമായി പുറപ്പെടുന്നുവെന്നറിഞ്ഞ പ്രവാചകനും കൂട്ടരും വഴിമാറി സഞ്ചരിച്ച് ഹുദൈബിയ്യയിൽ എത്തി.
ഒരു യുദ്ധത്തിനല്ല പ്രവാചകന്റെ ഒരുക്കമെന്നു മനസ്സിലാക്കിയ ശത്രുവിഭാഗം ചർച്ചയ്ക്കായി ദൂതനെ അയച്ചു. ഉംറ ചെയ്തു മടങ്ങുക മാത്രമാണ് ഉദ്ദേശ്യം എന്ന വിവരം ദൂതൻ അറിയിച്ചുവെങ്കിലും അവർ പിന്നെയും പിന്നെയും ആളുകളെ അയച്ച് ലക്ഷ്യം ഉറപ്പിക്കുക തന്നെ ചെയ്തു.
ഒടുക്കം മുസ്ലിം വിഭാഗത്തിൽ നിന്നുതന്നെ പ്രമുഖനായ ഉസ്മാൻ (റ) യെ മക്കയിലേക്ക് ദൂതനായി പ്രവാചകൻ പറഞ്ഞുവിട്ടു. ഉസ്മാൻ (റ) യെ സ്വീകരിച്ച ഖുറൈശികൾ 'നീ വേണമെങ്കിൽ ത്വവാഫ് ചെയ്ത് മടങ്ങിക്കോ' എന്നുപറഞ്ഞു. പ്രവാചകൻ കൂടെയില്ലാതെ ത്വവാഫ് ചെയ്യാൻ ഉസ്മാൻ (റ) തയ്യാറായില്ല.
ഉസ്മാൻ മടങ്ങിയതിനു ശേഷം ഖുറൈശീ പ്രതിനിധിയായി സുഹൈൽ ബിൻ അംറ് വന്നു. അയാൾ ദീർഘനേരം പ്രവാചകനുമായി സംസാരിച്ചു. ഇരുവിഭാഗവും ഒരു കരാറിലെത്തുന്നതിന്റെ സാധ്യതകൾ തുറന്നു.
ഈ സമയത്ത്, എന്നല്ല, ഏത് സമയത്തും ആവേശവും ആർജ്ജവവും കൈവിടാതെ പ്രതികരിച്ചിട്ടുള്ള ഉമർ (റ), അബൂബക്കർ (റ) വിനോട് ചോദിച്ചു,
"അബൂബക്കർ,
അദ്ദേഹം അല്ലാഹുവിന്റെ പ്രവാചകനല്ലേ ?
നമ്മൾ മുസ്ലിംകൾ അല്ലേ ?
അവർ മുശ്രിക്കുകൾ അല്ലേ ?"
അബൂബക്കർ: "ആണല്ലോ"
"പിന്നെന്താ നമ്മുടെ ദീനിനെ ഇങ്ങനെ നിന്ദിച്ചുകൊണ്ട് അവർക്ക് വഴങ്ങിക്കൊടുക്കുന്നത് !?"
അബൂബക്കർ (റ) ഉമറിനെ (റ) സമാശ്വസിപ്പിച്ചു.
ഉമർ പ്രവാചകനോട് തന്നെയും ഈ ചോദ്യം ആവർത്തിച്ചു.
പ്രവാചകൻ പ്രതികരിച്ചു:
"ഞാൻ അല്ലാഹുവിന്റെ അടിമയും അവന്റെ ദൂതനുമാണ്. അവന്റെ കൽപ്പനകൾ ഞാൻ ധിക്കരിക്കുകയോ അവൻ എന്നെ കൈവെടിയുകയോ ഇല്ല".
സന്ധി വ്യവസ്ഥകൾ എഴുതാൻ പ്രവാചകൻ, അലി (റ) യെ വിളിച്ചു.
"എഴുതൂ,
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ.."
സുഹൈൽ ഇടപെട്ടു,
"എനിക്കിതൊന്നും അറിയില്ല,
'ദൈവനാമത്തിൽ' അത്ര മതി."
പ്രവാചകൻ പറഞ്ഞു:
"ശരി, എങ്കിൽ എഴുതൂ,
ദൈവനാമത്തിൽ, അവന്റെ ദൂതൻ മുഹമ്മദ്, സുഹൈൽ ബിൻ അംറുമായി സന്ധി ചെയ്യുന്നതെന്തെന്നാൽ..."
സുഹൈൽ വീണ്ടും ഇടപെട്ടു.
"താങ്കൾ ദൈവ ദൂതനാണെന്ന് അംഗീകരിക്കുകയാണെങ്കിൽ നമ്മൾ തമ്മിൽ പിന്നെ മറ്റു പ്രശ്നങ്ങളൊന്നും ഇല്ലല്ലോ. ഞാൻ പറയുന്നപോലെ എഴുതൂ,
അബ്ദുല്ലയുടെ മകൻ മുഹമ്മദും സുഹൈൽ ബിൻ അംറും സന്ധി ചെയ്യുന്നത് എന്തെന്നാൽ.."
പ്രവാചകൻ (സ) അതും അംഗീകരിച്ചു കൊണ്ട് സന്ധിവ്യവസ്ഥകൾ ഇങ്ങനെ എഴുതി.
 ഈ വർഷം പ്രവാചകൻ മുഹമ്മദും അനുയായികളും ഉംറ നിർവഹിക്കാതെ മദീനയിലേക്ക് മടങ്ങിപ്പോവുക. അടുത്ത വർഷം വന്നു ഉംറ നിർവഹിക്കാം. അടുത്തവർഷം മുസ്ലിംകൾക്ക് മക്കയിൽ മൂന്നു ദിവസം താമസിക്കാം. കൂടെ ഉറയിലിട്ട വാളല്ലാതെ മറ്റൊന്നും ഉണ്ടാവാൻ പാടില്ല. ഖുറൈശികൾ അവർക്കൊരു തടസ്സവും സൃഷ്ടിക്കാവതല്ല.
പത്ത് വർഷത്തോളം ഇരു വിഭാഗവും തമ്മിൽ യുദ്ധമോ യാതൊരുവിധ ഏറ്റുമുട്ടലുകളോ പാടില്ല. ജനങ്ങളെ പേടിയില്ലാതെ ജീവിക്കാൻ അനുവദിക്കുക.
 മുഹമ്മദുമായി സഖ്യത്തിലാവാൻ ഉദ്ദേശിക്കുന്ന ഗോത്രങ്ങൾക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. ഖുറൈശികളുമായി സഖ്യമാഗ്രഹിക്കുന്നവർക്ക് അതിനുള്ള സ്വാതന്ത്ര്യവുമുണ്ട്. ഇത്തരം സഖ്യകക്ഷികളെ അവയുടെ ഭാഗമായി പരിഗണിക്കപ്പെടുന്നതായിരിക്കും. സഖ്യകക്ഷികളെ ആക്രമിക്കൽ നേരിട്ട് ആക്രമിക്കുന്നതിനു തുല്യമാണ്.
 മുഹമ്മദിന്റെ ഭാഗത്തുനിന്നും ആരെങ്കിലും ഖുറൈശികളുടെ പക്ഷത്തേക്കു പോയാൻ അവനെ അവിടെ കഴിയാൻ അനുവദിക്കണം. നേരെമറിച്ച്, ഖുറൈശികളുടെ പക്ഷത്തുനിന്നും ആരെങ്കിലും മുഹമ്മദിന്റെ പക്ഷത്തേക്കു പോയാൽ അവനെ തിരികെ നൽകേണ്ടതാണ്.
സന്ധിവ്യവസ്ഥകൾ കേട്ട മുസ്ലിംകൾ പലരും അന്ധാളിച്ചു. എന്നാൽ പിന്നീട് ചരിത്രം സാക്ഷ്യം നൽകുന്നത് മറ്റൊന്നാണ്. ഖുറൈശികളുടെ ഭാഗത്തുനിന്നും യുദ്ധത്തിനു തയ്യാറായ സൈന്യത്തിന്റെ നായകൻ ഖാലിദ് ബിൻ വലീദ് (റ) തന്നെയും പിന്നീട് ഇസ്‌ലാമിന് വേണ്ടി പൊരുതിയതാണ് ചരിത്രം.

Monday, November 25, 2019



പള്ളികള്‍ പൊതുവെ മനസ്സിന്‌ സമാധാനം പകരേണ്ട ഇടങ്ങളാണ്‌. അതിനാല്‍ തന്നെ വളരെ ശുചിത്വത്തോടെയും സൗകര്യങ്ങളോടെയുമാണ്‌ അവ സം‌രക്ഷിക്കപ്പെട്ടു പോരാറുള്ളത്. പള്ളിക്കകത്ത് ആളുകള്‍ ശാന്തതയും ഏകാന്തതയും പ്രതീക്ഷിക്കുന്നു. എന്നാലിന്ന് ചിലപ്പോഴെങ്കിലും മനഃപൂര്‍‌വ്വമല്ലാതെ ഒരു സാധുവിന്റെ പോക്കറ്റില്‍ നിന്നും അയാളുടെ മൊബൈല്‍ ശബ്ദമുണ്ടാക്കാറുണ്ട്. അത് പ്രാര്‍ത്ഥനയിലെ ഏകാഗ്രതയെ നഷ്‌ടപ്പെടുത്തും എന്നത് ശരിയാണ്‌. എങ്കിലും പുതിയ കാലത്ത് നിത്യജീവിതത്തിലെ ഒരു സ്വാഭാവിക ശബ്ദമായി മൊബൈല്‍ ഫോണ്‍ റിംഗിനെ അവഗണിച്ചുകളഞ്ഞാല്‍ പ്രശ്നം പരിഹരിക്കപ്പെടും. അതിനു പകരം പ്രാര്‍ത്ഥന കഴിയുമ്പോഴേക്ക് നാലു ഭാഗത്തു നിന്നും വീര്‍പ്പിച്ച മുഖങ്ങള്‍ 'എന്ത്ന്നാ ചെങ്ങായീ ദ് ? ഫോണ്‍ ബന്ദാക്കി ബെച്ചൂടെ?" എന്ന ഭാവത്തില്‍ ഈ മനുഷ്യനു നേരെ തിരിയുമ്പോള്‍ 'നിസ്ക്കരിക്കാനേ വരേണ്ടിയിരുന്നില്ല!' എന്നുപോലും അയാള്‍ക്ക് തോന്നിപ്പോയേക്കാം. ചിലപ്പോഴൊക്കെ അത്തരം രംഗങ്ങളുണ്ടാവുമ്പോള്‍ അയാളനുഭവിക്കുന്ന ആത്മസം‌ഘര്‍ഷമാണ്‌ എന്നെ വേദനിപ്പിച്ചിട്ടുള്ളത്.
ഈയിടെ ഒരു പള്ളിയില്‍ തന്റെ നാല്‌ വയസ്സുള്ള മകനുമായി ചെന്ന അനുഭവം സുഹൃത്ത് ഹഫീസ് പറഞ്ഞു. 

ചിത്താരിയിലെ മസ്ജിദ്

കാഞ്ഞങ്ങാടിനടുത്തെ ചിത്താരിയില്‍ 'ബംഗ്ലാവ്' റെസ്റ്റോറന്റിനടുത്തെ ഒരു വീട്ടിലെ നിക്കാഹില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു അവന്‍. അപ്പോള്‍ തന്റെ മകനോടൊപ്പം തൊട്ടടുത്തെ മനോഹരമായ പള്ളിയില്‍ നിസ്ക്കരിക്കാന്‍ കയറി. നിസ്കാരം രണ്ടാമത്തെ റക്അത്തിലെത്തി.
അത് സംഭവിച്ചിരിക്കുന്നു !
കുട്ടി മൂത്രമൊഴിച്ചു !
ഹഫീസ് ഈയനുഭവം പറയുമ്പോള്‍ ഈ വിഷയത്തില്‍ എന്റെയൊരു അനുഭവം വെച്ചുള്ള നിരീക്ഷണം ഞാന്‍ പങ്കുവെച്ചു. സാധാരണ ഈ പ്രായത്തിലുള്ള കുട്ടികളോട് പള്ളിയില്‍ കയറുന്നതിനു മുമ്പ് 'ടാ, ഇവിടെ ടോയ്ലറ്റുണ്ട്. ഒന്ന് മൂത്രമൊഴിച്ചിട്ട് വരാം' എന്നു പറഞ്ഞാല്‍ പോലും "ഏയ് ! എനിക്ക് മൂത്രിക്കുകയൊന്നും വേണ്ട. അത്തരം ഒരു പ്രശ്നവും എനിക്കനുഭവപ്പെടുന്നില്ല" എന്ന വലിയ ധൈര്യമായിരിക്കും അവര്‍ നമുക്ക് തിരിച്ചു പകരുക. എന്നാല്‍, പള്ളിയില്‍ കയറി നമ്മള്‍ നിസ്കാരത്തിലേക്ക് പ്രവേശിക്കുകയും ഉള്ളിലാകെ ശാന്തമായ അന്തരീക്ഷം അനുഭവപ്പെടുകയും ചെയ്താല്‍ ഇവര്‍ക്ക് ചെയ്യാനുള്ളൊരു ടൈംപാസ് രണ്ടില്‍ ഏതെങ്കിലുമൊന്നായിരിക്കും. അതിന്റെ സൈക്കോളജിയൊന്നും അറിയില്ലെങ്കിലും അങ്ങനെയാണ്‌ അനുഭവവും കാഴ്ച്ചയും. 
ഇരിക്കട്ടെ, ഹഫീസ് തുടര്‍ന്നു.
വലിയ പള്ളി. നികാഹിനായി വന്ന ഒട്ടേറെ ആളുകള്‍. പുതിയ, വിലകൂടിയ കാര്‍പെറ്റ്. അവിടെയാണിവന്‍ മൂത്രമൊഴിച്ചിരിക്കുന്നത് !. പിന്നീടങ്ങോട്ട് നിസ്കാരം പോലും സ്വസ്ഥതയോടെ നിര്‍‌വഹിക്കാനായില്ല. ആകെ വെപ്രാളവും മാനസിക സംഘര്‍ഷവും !
നിസ്കാരം പൂര്‍ത്തിയായി മെല്ലെയെഴുന്നേറ്റ് ആളുകള്‍ എന്തുപറയുമെന്നും എങ്ങനെയിത് മറികടക്കുമെന്നുമാലോചിച്ച് നിന്നു.
ആളുകള്‍ കുറേശ്ശെയായി അടുത്തേക്ക് വരുന്നുണ്ട്. 
പള്ളിയിലെ ഖാദിമിനെയോ ഇമാമിനെയോ കണ്ട്, തുടക്കാനും കഴുകാനുമുള്ള ബക്കറ്റും തുണിയും ഒക്കെ തന്നാല്‍ താന്‍ തന്നെ തുടച്ചുകൊള്ളാമെന്ന ചിന്തയില്‍ അവരെ അന്വേഷിച്ച് നീങ്ങാനൊരുങ്ങി.
എന്നാല്‍, അവനെയാകെ അല്‍‌ഭുതപ്പെടുത്തിക്കൊണ്ട് അവിടെയുണ്ടായിരുന്ന ചില ചെറുപ്പക്കാര്‍ മുന്നോട്ട് വന്നു.
"കുട്ടിയല്ലേ, അതൊക്കെ ഉണ്ടാവും, നിങ്ങളെന്തിന്‌ ബേജാറാവുന്നു ?" എന്നവര്‍ ചോദിച്ചു.
'എന്നാലും എന്റെ മകന്‍ പറ്റിച്ച പണിയല്ലേ, ഞാന്‍ തന്നെ തുടക്കാ'മെന്ന് എത്രതന്നെ പറഞ്ഞിട്ടും ആ ചെറുപ്പക്കാര്‍ അതനുവദിച്ചില്ലത്രെ.
"നിങ്ങള്‍ കുഞ്ഞിനെ ഹൗളിനരികില്‍ പോയി വൃത്തിയാക്കിയിട്ട് പൊയ്ക്കോ. ഇതൊക്കെ ഞങ്ങളേറ്റു"
എന്നുപറഞ്ഞിട്ട് ആ യുവാക്കള്‍ അവനെ സമാധാനിപ്പിച്ചു. 
അവരത് നിര്‍‌വ്വഹിക്കുക തന്നെ ചെയ്തു.
ഹഫീസിത് പറഞ്ഞു നിര്‍ത്തിയപ്പോള്‍ മനസ്സുകൊണ്ട് ഞാനാ പള്ളിയില്‍ കയറുകയും എന്റെയും ഉള്ളം നിറയുകയും ചെയ്തു. 
പള്ളിയില്‍ വരുന്നവരുടെയെല്ലാം ഉള്ളം നിറയട്ടെ.
ചിത്താരിയിലെ ചെറുപ്പക്കാര്‍ക്ക് എന്റെ അഭിവാദ്യങ്ങള്‍. 
പ്രാര്‍ത്ഥനകള്‍.

Sunday, October 6, 2019

'അൽബഖറ'യെന്ന ഖുർആനിലെ രണ്ടാമത്തെ അധ്യായമായിരുന്നു ഇന്നത്തെ ചർച്ചയിൽ. 'ബഖറ' എന്നാൽ പശു എന്നുതന്നെ. 'പശുദേശീയത'യൊക്കെ കടന്ന് ഭാഷയും മതം തന്നെയും അതിജീവനത്തിന്റെ അർഹതകളായി പരിണമിക്കുന്ന കാലത്ത് ആദർശത്തിന്റെ സുരക്ഷാകവചം ഒന്നുകൂടി മുറുക്കിയുടുക്കാൻ സമയം കണ്ടെത്തുന്നത് നല്ലതുതന്നെ.
ഖുർആൻ വഴികാട്ടിയാവുന്നത് ആർക്കാണ് എന്നതിന്റെ ആദ്യത്തെയുത്തരം 'യുഅ്‌മിനൂന ബിൽ ഗൈബി' എന്നാണ് അധ്യായം പറഞ്ഞു തുടങ്ങുന്നത്. 'തെളിവുകൾ നയിക്കട്ടെ'യെന്ന പൊള്ളയായ വാചകങ്ങളിൽ അല്ല, ദൃശ്യപ്രപഞ്ചത്തിലെ അനുഗ്രങ്ങളിൽ മുഴുവൻ ഒരദൃശ്യ ശക്തിയുടെ ഉണ്മയുടെ സൂചനകൾ കാണുന്നുണ്ടെങ്കിൽ അത് ദർശിക്കാൻ താല്പര്യമുള്ള മനസ്സുകളിലാണ് നേർവഴിയുടെ വെളിച്ചം കുടിയിരിക്കുക എന്ന്.



അങ്ങനെ നേർവഴി തിരഞ്ഞെടുക്കുമ്പോൾ മനുഷ്യൻ എന്ന നിലയിൽ വന്നുചേരുന്ന പ്രഥമമായ രണ്ട് ഉത്തരവാദിത്തങ്ങൾ ഉണ്ട്.
1- യുഖീമൂനസ്സ്വലാത
ആ അദൃശ്യശക്തിയെ വണങ്ങുക എന്നത് ജീവിതസപര്യയാവുന്നു എന്നതാണ് ആദ്യത്തേത്.
2- വ മിമ്മാ റസഖ്നാഹും യുൻഫിഖൂൻ
തനിക്കു ചുറ്റുമുള്ള സൃഷ്ടിവർഗങ്ങളെ പരിഗണിക്കാതെയും അവർക്കുവേണ്ടി ചിലവഴിക്കാതെയും ജീവിച്ച് ഒന്നാമത്തെ വകുപ്പ് മാത്രം കൊണ്ട് ഒരാൾ രക്ഷപ്പെടാൻ പോകുന്നില്ല എന്നതാണ് രണ്ടാമത്തേത്.
കൃത്യമായി പള്ളിയിൽ പോവുകയും മതചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്യുന്ന സ്ത്രീയാണ് ആറോളം പേരെ ഒന്നിനുപിറകെ ഒന്നായി ആസൂത്രിതമായി കൊലചെയ്തത് എന്ന വാർത്തകൾക്കിടയിൽ 'മതഭക്തി' കൊണ്ട് മാത്രം മനുഷ്യത്വം ഉണ്ടാവുന്നില്ല എന്ന പരാമർശങ്ങൾ കണ്ടു.
എന്നാൽ മനുഷ്യരെ പരിഗണിക്കാത്ത ഒരാൾക്ക് പൂജാകർമ്മങ്ങളോ, മന്ത്രോച്ചാരണങ്ങളോ, ചടങ്ങുകളിലെ നിത്യസാന്നിധ്യങ്ങളോ ഉണ്ടായതുകൊണ്ടുമാത്രം മതഭക്തനോ ദൈവത്തിന്റെ യഥാർത്ഥ ദാസനോ പോലും ആവാനുള്ള യോഗ്യത ഉണ്ടാവുന്നില്ലെന്നാണ് ഖുർആൻ മറിച്ചു തുടങ്ങുമ്പോൾ തന്നെ വായിക്കാനാവുന്നത്.

Tuesday, October 1, 2019

എഴുത്തുകാർ തങ്ങളുടെ രചനകളിൽ പലപ്പോഴും കാലത്തിന്റെ പ്രവചനാത്മകമായ വായനകൾ സമൂഹത്തിന് നൽകാറുണ്ട്. സ്‌കൂളിൽ രാജേഷ് മാഷോടും പ്രദീപ് മാഷോടും ഒപ്പമിരുന്ന് സംസാരിക്കുന്നതിനിടയിൽ തെളിവുകൾ പരസ്പരം പങ്കുവെച്ച് ഞങ്ങൾ ഇങ്ങനെയൊരിക്കൽ ഓർത്തെടുത്തിരുന്നു.
തിരക്കുപിടിച്ച ഒരുക്കത്തിനിടയിൽ പുസ്തകമൊന്നും കയ്യിലെടുക്കാതെയായിരുന്നു ഇന്നലെ തിരുവനന്തപുരത്തേക്കുള്ള യാത്ര തുടങ്ങിയത്. കോഴിക്കോട് വെച്ച് ഏതെങ്കിലും വാങ്ങാം എന്ന് കൂടെയുണ്ടായിരുന്ന അമീൻ മാഷ് ഓർമ്മിപ്പിച്ചു. കോഴിക്കോട് ഇറങ്ങി പുസ്തകങ്ങൾ പരതി. പി. സുരേന്ദ്രന്റെ 'സാമൂഹ്യപാഠം' ആണ് വാങ്ങാൻ തോന്നിയത്.



തലസ്ഥാനത്തു നിന്നും തിരിക്കുന്നതിനിടെ പുസ്തകം വായിച്ചുതീർന്നു. പക്ഷേ, നേരത്തെ പറഞ്ഞുവെച്ചതു പോലെ 1991 ൽ മലയാളത്തിൽ എഴുതപ്പെട്ട ഒരു നോവലിന് ഫാഷിസത്തിന്റെ നീരാളിപ്പിടുത്തത്തെ ഇത്രമേൽ ആഴത്തിൽ മാത്രമല്ല, സ്പഷ്ടമായും വരച്ചുവെക്കാനാവുമോ എന്ന കൗതുകം ബാക്കിയാകുന്നു.
ആരൊക്കെയാണ് മുദ്രവെക്കപ്പെട്ട് മാറ്റി നിർത്തപ്പെടേണ്ടതെന്നും, അവരുടെ സ്വാതന്ത്ര്യങ്ങൾക്കു ചുറ്റും എങ്ങനെയാണ് പാരതന്ത്ര്യത്തിന്റെ കരിങ്കൽചുവരുകൾ തീർക്കേണ്ടതെന്നും നേതാവ് അനുയായികളെ ഉച്ചഭാഷിണിയിൽ തെര്യപ്പെടുത്തുന്ന വാർത്തകൾ ഇന്നും വായിച്ചു.
കുട്ടികളുടെ സ്വതന്ത്രലോകത്തേക്ക് കടന്നുവരുന്ന വരുന്ന മാസ്റ്റർ, ഫാഷിസത്തിന്റെ സ്‌കൂൾ ചുവരുകൾക്കുള്ളിൽ അവരെ തളച്ചിട്ട് 'സാമൂഹ്യപാഠം' പഠിപ്പിക്കാൻ ശ്രമിക്കുന്ന കഥയുടെ ഇതിവൃത്തവും വാർത്തയും ഒന്നുചേർന്ന് മനസ്സിന്റെ സ്വാസ്ഥ്യത്തെ കെടുത്തുന്നു.
വിസർജ്ജനം നടത്തിയ കീഴാളക്കുട്ടികളെ തല്ലിക്കൊന്ന വാർത്തയും ക്ലാസ് റൂമിൽ വിസർജ്ജനം നടത്തിയതിന് ക്രൂരമായി ശിക്ഷിക്കപ്പെട്ട കണ്ണൻകുട്ടിയുടെ ഓർമ്മയും ഒന്നിച്ച് സങ്കടപ്പെടുത്തുന്നുണ്ട്.
തീർച്ചയായും ചിലപ്പോഴൊക്കെ എഴുത്തുകൾ മുന്നറിയിപ്പുകൾ കൂടിയാണ്.
പുസ്തകം - 'സാമൂഹ്യപാഠം'
രചന - പി. സുരേന്ദ്രൻ
പ്രസാധകർ - കൈരളി ബുക്സ്.

Thursday, May 23, 2019

"ഞാന്‍ ഇന്ന് രാത്രി പോന്ന്‌റാ. എങ്ങനെങ്കിലും ബോസ്‌ന്റെ കൈയ്യും കാലും പുട്‌ച്ചിറ്റ് പാസ്പോട്ട് കിട്ടി."
2010 മേയ് 21 നു രാത്രി ദുബായിലെ ദേരയിലെ ടൈപ്പിംഗ് സെന്ററില്‍ ഇരിക്കവേ എനിക്കു വന്ന ഫോണ്‍‌ കോളിനിടയില്‍ അവനിതു പറഞ്ഞപ്പോള്‍ അവന്റെയുള്ളിലെ സന്തോഷം എനിക്കും അനുഭവിക്കാനായി. പെങ്ങളുടെ കല്യാണത്തിനായി പോകാന്‍ അവന്‍ അത്രമേല്‍ ആഗ്രഹിച്ചിരുന്നിരിക്കണം, ഏതൊരു സഹോദരനെയും പോലെ.
ആഗ്രഹപ്രകാരം അവനു നാട്ടില്‍പോകാന്‍ സമ്മതം കിട്ടിയതില്‍ എനിക്കും സന്തോഷം തോന്നി.
"അതെയാ ! പെങ്ങളെ മങ്ങലൊ അല്ലേ. പോയിറ്റ് ബാ" എന്നു ഞാനും അവന്റെ സന്തോഷത്തില്‍ പങ്കുകൊണ്ടു.
"ആയിറാ, ദുആ‌ ചെയ്യ്"
"ആയി, ഇന്‍ ഷാ അള്ളാഹ്"

ആ രാത്രിയങ്ങനെ കടന്നുപോയി. നായിഫിലെ ഹാജി നാസര്‍ മസ്ജിദിനടുത്തുള്ള കെട്ടിടത്തിലെ ഒരിടുങ്ങിയ മുറിയിലെ മൂന്ന് ഡബിള്‍ ബെഡുകളില്‍ ഒന്നിന്റെ മുകളിലത്തെ തട്ടില്‍ ഉറങ്ങിക്കൊണ്ടിരിക്കുന്ന എന്നെ അപ്പുറത്തെ കട്ടിലില്‍ കിടക്കുന്ന അസീച്ചയുടെ ഉച്ചത്തിലുള്ള ശബ്ദമാണ്‌ ഉണര്‍ത്തിയത്. അസീച്ച ഫോണ്‍ അറ്റന്‍ഡ് ചെയ്യുകയും അതിഭയങ്കരമായ സങ്കടത്തോടെയും ഞെട്ടലോടെയും അപ്പുറത്തെ സംസാരത്തോട് പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. ഞാന്‍ എന്റെ മൊബൈല്‍ നോക്കി. നാട്ടില്‍ നിന്ന് നിരവധി കോളുകള്‍ വന്നിട്ടുണ്ട് ! സുഹൃത്ത് റാഷിദാണ്‌ ഇപ്പോള്‍ വിളിക്കുന്നത്.
"സിയാ, എയര്‍ ഇന്ത്യാന്റെ ഫ്ലൈറ്റ് മാംഗ്ലൂര്‍ വെച്ച് ക്രാഷ് ആയിന്‌. നമ്മളെ ഹാരിസ് രാത്രി ബെര്‌ന്ന്ന്ന് പര്‍ഞ്ഞിറ്റ്ണ്ടായിന്‌. ഓന്‌ ആ ഫ്ലൈറ്റില്‌ ഇണ്ടായിനോന്ന് സംശയം ഇണ്ട്. നിന്‍‌ക്ക് എന്തെങ്കും വിവരം കിട്ടീനാ?
"യാ റബ്ബ് !"
അതെ !
എന്റെ പ്രിയപ്പെട്ട അയല്‍‌വാസി, മദ്രസയിലെ എന്റെ സഹപാഠിയായ ആരിഫിന്റെ ജ്യേഷ്ഠന്‍ ഹാരിസ് ആ വിമാനത്തിലായിരുന്നു നാട്ടിലേക്ക് പോയത്. 158 പേരുമായി കത്തിയമരാന്‍ പോകുന്ന വിമാനത്തില്‍ യാത്ര ചെയ്യുന്നതിനായിരുന്നു അവന്‍ കടയുടമയോട് കേണപേക്ഷിച്ച് പാസ്പോര്‍ട്ടും വാങ്ങി പോയത്.


ഞാനെന്റെ വീട്ടിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ചു. ഉപ്പയാണ്‌ ഫോണെടുത്തത്. ഏത് സാഹചര്യത്തിലും ധൈര്യം പകര്‍ന്നു തന്നിട്ടുള്ള എന്റെ പ്രിയ പിതാവ് ഫോണിലൂടെ എന്നോട് പൊട്ടിക്കരഞ്ഞു. "സഹിക്കാന്‍ കൈന്നില്ലാലൊ മോനേ!"
സങ്കടം എന്നിലും കുമിഞ്ഞുകൂടി. അള്ളാഹുവിന്റെ അലംഘനീയമായ വിധിയില്‍ നമ്മളൊക്കെ ക്ഷമിക്കുകയല്ലാതെ വഴിയില്ലല്ലോ എന്ന് സമാധാനിപ്പിച്ചും അപകടത്തില്‍ മരണപ്പെട്ടു പോയ പ്രിയപ്പെട്ട സഹോദരന്ന് പരമകാരുണികനായ റബ്ബ് അനുഗ്രഹം ചൊരിയാതിരിക്കില്ലല്ലോ എന്ന് പരസ്പരം ആശ്വസിപ്പിച്ചും ഫോണ്‍ വെച്ചു.
മംഗലാപുരത്തെ വിമാനദുരന്തം കഴിഞ്ഞിട്ട് ഇപ്പോള്‍ ഒമ്പത് വര്‍ഷങ്ങള്‍ പിന്നിടുന്നു. ദുബായ് അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യയുടെ വിമാനം 2010 മേയ് 22 നു രാവിലെ 6.30 ന്‌ മംഗലാപുരം വിമാനത്താവളത്തില്‍ റണ്‍‌വേയില്‍ നിന്ന് തെന്നുകയും തീപിടിച്ച് താഴ്‌വരയില്‍ പതിക്കുകയുമായിരുന്നു. അന്ന് നഷ്ടപ്പെട്ട 158 ജീവനുകളില്‍ ഒന്നിച്ചൊരുപാടു കളിച്ച പ്രിയപ്പെട്ട അയല്‍‌വാസി ഹാരിസും ഉണ്ടായിരുന്നു.
റമളാനിന്റെയീ രാവില്‍ പ്രിയപ്പെട്ട ഹാരിസിനായി പ്രാര്‍ത്ഥിക്കുന്നു.
നാഥാ, നീ ഞങ്ങളെയെല്ലാം നിന്റെ സ്വര്‍ഗ്ഗലോകത്ത് ഒരുമിച്ചുകൂട്ടണം !

Tuesday, May 21, 2019

പ്രവാചകന്റെ ചര്യയും പ്രോത്സാഹനവുമാണ് പെരുന്നാൾ ദിനത്തിൽ ഏറ്റവും നല്ല വസ്ത്രം ധരിക്കുക എന്നത്. അനുചരന്മാർ അത് തെറ്റാതെ പിന്തുടർന്നു പോന്നിട്ടുണ്ട്. നല്ല വസ്ത്രവും സുഗന്ധവും സ്നേഹാന്വേഷണങ്ങളും സന്ദർശനങ്ങളും എല്ലാം ഇസ്‌ലാമിക ചര്യകൾ തന്നെ.
ഇക്കാലത്തേക്ക് വെറുതെയൊന്ന് നോക്കൂ. എന്തൊക്കെ കാരണങ്ങൾക്കാണ് വസ്ത്രങ്ങൾ വാങ്ങുന്നത് ! അളിയന്റെ കല്യാണം, സുഹൃത്തിന്റെ കല്യാണം, സുഹൃത്തിന്റെ ആരുടെയോ കല്യാണം, കുട്ടിയിരിക്കൽ എന്നുതുടങ്ങി ഓരോ വിശേഷങ്ങൾക്കും ഓരോ തരം വസ്ത്രങ്ങൾ വാങ്ങി പിന്നീടുപയോഗിക്കപ്പെടാതെ പോകുന്നു.
Image may contain: people standing

ഹദീസുകളിൽ പ്രോത്സാഹിപ്പിക്കപ്പെട്ടു കാണുന്നത്, 'ഏറ്റവും നല്ല വസ്ത്രം ധരിക്കുക' എന്നതാണ്. നമ്മുടെയൊക്കെ ചെറുപ്പകാലത്ത് ഏറ്റവും നല്ലത് എന്നാൽ വർഷത്തിൽ ഒരു പെരുന്നാളിന് വാങ്ങുന്നതു തന്നെയായിരുന്നു.
എന്നാലിന്ന് കാര്യമങ്ങനെയല്ല. ഏറ്റവും നല്ലതെന്ന് തിരഞ്ഞെടുക്കാൻ പുതിയത് വാങ്ങണം എന്നു തന്നെയില്ല. നമ്മുടെ ശേഖരത്തിൽ തന്നെ വസ്ത്രങ്ങൾ ധാരാളം.
ഒഴുകുന്ന നദിയിൽ നിന്ന് അംഗശുദ്ധി വരുത്തുമ്പോൾ പോലും നീ ജലമുപയോഗിക്കുന്നതിൽ ധൂർത്ത് സൂക്ഷിക്കണം എന്നു പറഞ്ഞ പ്രവാചകനെ ഓർക്കുന്നു.
"ധൂർത്തടിക്കരുത്, അങ്ങനെ ചെയ്യുന്നവർ പിശാചിന്റെ കൂട്ടാളികളാണ്" എന്ന ഖുർആൻ വചനത്തെയും.
[Image courtesy: alibaba website]

Friday, May 10, 2019

ഹൈവേയിലുള്ള യാത്രകൾക്കിടയിൽ പലഭാഗത്തേക്കും ടാങ്കിൽ നിറച്ച ജലവുമായി പിക്കപ് വാഹനങ്ങൾ പോകുന്നതു കാണാം. വെള്ളം വറ്റിപ്പോയ ഇടങ്ങൾ നിരവധി. അതിന്റെ യാതനകൾ അനുഭവിക്കുന്ന കുടുംബങ്ങൾ അനവധി. ഇതുവരെയൊരിക്കലും വറ്റിപ്പോകാത്ത കിണറുകളും മറ്റു ജലാശയങ്ങളും ഇത്തവണ പകരെയും സങ്കടത്തിലാഴ്ത്തിക്കളഞ്ഞു.
നഷ്ടപ്പെട്ടു പോകുമ്പോഴാണല്ലോ ഏതൊന്നിന്റെയും മൂല്യം തിരിച്ചറിയപ്പെടുക. സുലഭമായി ലഭിക്കുന്ന നേരത്ത് ധൂർത്തിനാൽ നഷ്ടപ്പെടുത്തുന്നുണ്ട് നാം ഒട്ടേറെ വിഭവങ്ങളെ.
വിവാഹവിരുന്നുകളിലെ ഭക്ഷണം, അതിൽ തന്നെ ഒരിക്കൽ മാത്രമുപയോഗിക്കപ്പെടുന്ന വസ്ത്രം, രാത്രികാലങ്ങളിലെ വൈദ്യുതോർജ്ജം, വീടുനിർമ്മാണത്തിനിടെ അഹന്തയാൽ തീർക്കുന്ന അലങ്കാരങ്ങൾ തുടങ്ങി കുട്ടികളോടുള്ള സ്നേഹം കൊണ്ട് അവർക്ക് വാങ്ങിക്കൊടുക്കുന്ന കളിക്കോപ്പുകൾ വരെ നമ്മൾ ഗൗരവമായി ഉൾക്കൊള്ളാൻ കൂട്ടാകാത്ത ധൂർത്തിന്റെ ഉദാഹരണങ്ങളിൽപ്പെടും.
റമളാൻ ആരംഭിക്കുന്നതിനു മുമ്പായി ഭക്ഷണത്തിലെ ധൂർത്തിനെ സംബന്ധിച്ച് ഡോക്ടർമാർ മുതൽ സിനിമാതാരങ്ങൾ വരെ ജനങ്ങളെ ഉപദേശിക്കുന്ന വീഡിയോകൾ ഷെയർ ചെയ്യപ്പെട്ടു. അങ്ങനെ കാണുമ്പോൾ മഹാനായ മൗദൂദി സാഹിബിനെയാണ് എനിക്കോർമ്മവരിക. നന്മകൾ അടിസ്ഥാനപരമായി തന്നെ പഠിപ്പിക്കപ്പെട്ട ഒരു സമൂഹം നന്മകളെയും പ്രാവർത്തികമാക്കേണ്ട ഉപദേശങ്ങളെയും തേടി പലദിക്കുകളിലും പാഞ്ഞുതളരുന്നത്തിന്റെ വൈരുദ്ധ്യമാണ് മൗദൂദിയുടെ സമാനമായ ഓർമ്മപ്പെടുത്തലിലേക്ക് ചെന്നെത്തിക്കുന്നത്.


"കുലൂ വശ്റബൂ" [തിന്നുകയും കുടിക്കുകയും ചെയ്യുക] എന്ന അനുവാദം ഭൗതികതയിൽ മനുഷ്യന്ന് നല്കപ്പെട്ടു. എന്നാൽ അതിനോട് ചേർത്ത് "വലാ തുസ്രിഫൂ" [ധൂർത്തടിക്കരുത്] എന്നുകൂടി ചേർത്തുപറഞ്ഞു ഖുർആൻ. കാരണം, " ഇന്നഹു ലാ യുഹിബ്ബുൽ മുസ്രിഫീൻ" [അവൻ ധൂർത്തന്മാരെ ഇഷ്ടപ്പെടുന്നില്ല] എന്നതാണ്. [7:31]
ഇബാദുറഹ്മാൻ [പരമകാരുണികന്റെ അടിമകൾ] എന്നു വിശേഷിപ്പിക്കാൻ മാത്രം ഔന്നത്യം ചിലർക്ക് കല്പിച്ചുനൽകിയത് അവരുടെ ചില സ്വഭാവസവിശേഷതകളാണ്. അതിലൊന്ന് അവർ ധൂർത്തിനും പിശുക്കിനുമിടയിലെ മധ്യമനിലപാട് ചെലവുകളിൽ സ്വീകരിക്കുന്നു എന്നതാണ്. [25:67]
പ്രാർഥനയ്ക്കായി അംഗശുദ്ധി വരുത്തുന്ന അനുയായിയോട് 'എന്താ വെള്ളമിങ്ങനെ ധൂർത്തടിക്കുന്നത് ?' എന്നു പ്രവാചകൻ ചോദിച്ചതായും 'വുളു (അംഗസ്നാനം) വിലും ധൂർത്തുണ്ടോ ? എന്ന് അനുയായി തിരിച്ചു ചോദിച്ചതായും പറയപ്പെട്ടിട്ടുണ്ട്. അതിന് മുഹമ്മദ് നബി [സ] പറഞ്ഞ മറുപടി ശ്രദ്ധേയമാണ്: "ഒഴുകുന്ന നദിയിൽ നിന്നാണെങ്കിൽ പോലും !"
മിതവ്യയത്തിന്റെയും ലാളിത്യത്തിന്റെയും പാഠങ്ങൾ ധാരാളമായി പഠിപ്പിക്കപ്പെട്ടവർ ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും ജലസ്രോതസ്സുകളുടെയും ഉപയോഗങ്ങളിലെ ധൂർത്തിൽ നിന്ന് പഴയ പാഠങ്ങളിലേക്ക് തിരിച്ചുപോയെങ്കിൽ !

Thursday, May 9, 2019

സങ്കടങ്ങളുടെ ഭാണ്ഡങ്ങൾ ഓരോരുത്തരുടെ ഉള്ളിലുമുണ്ട് ഏറിയും കുറഞ്ഞും. നമുക്കുമുമ്പിൽ പുഞ്ചിരിച്ചു നിൽക്കുന്ന പരിചിതനായ സുഹൃത്തിന്റെയുള്ളിൽ പോലും പകർന്നുതരാനാവാത്ത സങ്കടങ്ങളുടെ ഭാരമുണ്ടാവും. ചുഴിഞ്ഞന്വേഷണം വേണമെന്നല്ല, മറിച്ച് മനുഷ്യനെ അവന്റെ സ്വത്വത്തോടെ തന്നെ പരിഗണിക്കുകയാണ് വേണ്ടതെന്ന്.
മനുഷ്യനെ പരിഗണിക്കാത്ത, അവന്റെ സങ്കടങ്ങളിൽ തുണയാവാത്ത വിശ്വാസി അങ്ങനെ വിളിക്കപ്പെടാൻ യോഗ്യനല്ല. അല്ലാഹുവിന് നിർബന്ധമായും നിത്യമർപ്പിക്കേണ്ട നിസ്ക്കാരങ്ങൾക്കൊപ്പം എത്രയോ ആവർത്തി ചേർത്തുവെക്കുന്നുണ്ട്, ഖുർആൻ സകാത്തിനെ.
സകാത്തിന്റെ എട്ട് അവകാശികളെ പരാമർശിക്കുമ്പോൾ 'ഫഖീർ' എന്നും 'മിസ്കീൻ' എന്നും വെവ്വേറെ തിരിച്ചുപറയുന്നുണ്ട് ഖുർആൻ. മനുഷ്യൻ അഭിമുഖീകരിച്ചേക്കാവുന്ന ദാരിദ്ര്യത്തിന്റെ വ്യത്യസ്തങ്ങളായ അവസ്ഥകളെ മുന്നിലേക്കിട്ടുതരുന്നുണ്ട് എന്ന്.
അല്ലാഹുവിന്റെ പ്രീതിക്ക് പാത്രമാവുകയും പരലോകത്ത് വിജയികളായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്ന ആളുകളെ പലയിടത്തും 'അല്ലദീന ആമനൂ വ അമിലു സ്വാലിഹാതി' എന്നു പരാമർശിക്കുന്നുണ്ട്. വിശ്വാസം മാത്രമല്ല ഒരാളെ വിജയിയാക്കുന്നത്, മറിച്ച് അതിൽ കർമ്മങ്ങൾ ഇഴചേരുമ്പോഴാണ്. കർമ്മങ്ങളാവട്ടെ സ്രഷ്ടാവിനു നന്ദിയർപ്പിക്കുന്നതിലും സൃഷ്ടികൾക്ക് നന്മ ചെയ്യുന്നതിലും പരന്നുകിടക്കുന്നു.


'കൂടുതൽ പേരും സ്വർഗ്ഗപ്രാപതരാവാൻ യോഗ്യത നേടുന്നത് അവരുടെ ജീവിതസൂക്ഷ്മതയും സൽസ്വഭാവവും കൊണ്ടാണെ'ന്ന് മുഹമ്മദ് നബി [സ]. മനുഷ്യരോട് നല്ലനിലയിൽ വർത്തിക്കുന്നതിന്റെ ഔന്നത്യം വിളിച്ചോതുന്നതാണ് പ്രസ്തുത വചനം.
'അറഐതല്ലദീ യുകദ്ദിബു ബിദ്ദീൻ' എന്നു തുടങ്ങുന്ന അധ്യായം വായിച്ചുപോകുമ്പോൾ സ്രഷ്ടാവിനോടുള്ള കർത്തവ്യവും സൃഷ്ടികളോടുള്ള നന്മയും ഇഴപിരിച്ചുകൊണ്ടാണ് സൂക്തങ്ങൾ മുന്നോട്ടുപോവുന്നത് എന്നുകാണാം.
["ദീനിനെ കളവാക്കുന്നവൻ ആരെന്നറിയുമോ ?
അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനാണത്.
അഗതിയുടെ ഭക്ഷണത്തിന് പ്രോത്സാഹനം നൽകാത്തവനും.
നിസ്കാരത്തിൽ ശ്രദ്ധയില്ലാത്ത നിസ്കാരക്കാർക്കു നാശം !
ജനങ്ങളെ കാണിക്കാൻ വേണ്ടി കർമ്മം ചെയ്യുന്നവരാണവർ.
പരോപകാര വസ്തുക്കളെ മുടക്കുന്നവരും !"] ഖുർആൻ- അധ്യായം 107, മാഊൻ
ആത്മീയതയെന്നത് ഒളിച്ചോട്ടമല്ല. മറിച്ച് സൃഷ്ടികളെ പരിഗണിച്ചുകൊണ്ടുള്ള ജീവിതത്തിന്റെ സജീവത കൂടിയാണ്. അങ്ങനെ പരിഗണിക്കാത്തവൻ വലിയ യോഗിയായാലും ശരി, പ്രപഞ്ചനാഥന്റെയടുക്കൽ യോഗ്യനാവുന്നില്ല.

Image Courtesy : https://www.youngparents.com.

Wednesday, May 8, 2019

വാട്ട്സ്ആപ്പ് വഴി നന്മ നിറഞ്ഞ ഉപദേശങ്ങൾ തലങ്ങും വിലങ്ങും അയക്കുന്ന പ്രവണത സമൂഹത്തിൽ ഏറിയും കുറഞ്ഞും ഉണ്ട്. എല്ലാവരും നന്നാകണമെന്നും നല്ലവഴിയിൽ സഞ്ചരിക്കണമെന്നും ആഗ്രഹമുള്ളതുകൊണ്ടു തന്നെയാണ് ഈ പരിശ്രമങ്ങളത്രയും. സ്ത്രീകൾ അടങ്ങുന്ന കുടുംബ കൂട്ടായ്മകളിൽ ഇത്തരം സദുപദേശങ്ങൾ താരതമ്യേന കൂടുതലാണ്.
അതിൽ തന്നെ ഫ്രൂട്ടിയിൽ രക്തം കളർത്തിയത്, 'ജനഗണമന' യെ യുനെസ്കോ അഞ്ചുമിനിറ്റ് മുമ്പ് അവാർഡ് നൽകി ആദരിച്ചത്, ഇന്ന് രാത്രി മൊബൈൽ ഓഫാക്കിയില്ലെങ്കിൽ ബഹിരാകാശത്ത് നിന്ന് വരുന്ന സാധനം ടവർ വഴി പൊട്ടിത്തെറി ഉണ്ടാക്കുന്നത് തുടങ്ങിയ അടിസ്ഥാനമില്ലാത്തതും ഏതോ വികൃതികൾ നേരംപോക്കിന് സൃഷ്ടിച്ചതുമായ മെസ്സേജുകൾ ആയിരുന്നു കുറച്ചുകാലം വാട്ട്‌സ്ആപ് വാണ ഉപദേശ ഫോർവേഡുകൾ.
റമളാൻ വന്നെത്തിയപ്പോൾ അപ്പോഴും ഉപദേശകർക്ക് കുറവില്ല. ഓരോ ദിവസത്തെയും തറാവീഹിന്റെ മഹത്വങ്ങൾ, ഓരോ ദിനവും നടത്തേണ്ട പ്രത്യേക പ്രാർത്ഥനകൾ തുടങ്ങി വാട്ട്‌സ്ആപ് വഴി വരുന്ന ഉപദേശങ്ങളേതും ജനങ്ങളെ അറിയിക്കാനും അവർ കൂടി നന്നാവാനും താൽപര്യപ്പെട്ട് അയച്ചുനൽകുന്നുണ്ട് നിഷ്കളങ്കരായ നിരവധിയാളുകൾ.
ഒരു വാർത്ത കിട്ടിയാൽ ആദ്യം അതിന്റെ നിജസ്ഥിതി അന്വേഷിക്കുക എന്നത് പൊതുവിൽ തന്നെ ആവശ്യമായ സംഗതിയാണ്. ഇക്കാലത്ത് പ്രത്യേകിച്ചും.


ഖുർആനിനെ 1400 വർഷം മുമ്പുള്ള പഴഞ്ചൻ പുസ്തകം എന്നു വിശേഷിപ്പിക്കുന്ന ഭൗതികവാദികൾ പോലും ഇത്തരം വാർത്തകളുടെ സത്യമന്വേഷിച്ച ശേഷമേ വിശ്വസിക്കുകയോ മറ്റൊരാൾക്ക് അറിയിക്കുകയോ ചെയ്യാൻ പാടുള്ളൂ എന്നു വിശ്വസിക്കുന്നു.
എന്നാൽ സങ്കടകരമെന്നു പറയട്ടെ, ഖുർആനിനെ ജീവിതത്തിന്റെ ഭരണഘടനയായി അംഗീകരിച്ച കുറേയാളുകൾ ഇത്തരമൊരു സത്യാന്വേഷണമോ പരിശോധനയോ നടത്താതെ കിട്ടിയ 'വാട്ട്‌സ്ആപ് ഹദീസുകളെ'യൊക്കെ ഫോർവേഡ് ചെയ്യുന്നുണ്ട്.
ഖുർആൻ വിശ്വാസികളോട് പറയുന്നത് കാണുക :
( يَا أَيُّهَا الَّذِينَ آمَنُوا إِن جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ )
الحجرات (6) Al-Hujuraat
]സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി]
ഇതിത്ര കൃത്യമായും ലളിതമായും പറഞ്ഞിട്ടും !


Image Credit: Paul Sawers / VentureBeat

Monday, May 6, 2019

ഇന്നലെ വരെ അനുവദനീയമായിരുന്നത് ഇന്നുമുതൽ നിശ്ചിതസമയത്തേക്ക് അങ്ങനെയല്ലാതായി. ഭോജനം, ജലപാനം, ലൈംഗികത തുടങ്ങിയവ.
കേവലയുക്തിയെയും ചോയ്സിനെയും പ്രഥമപരിഗണനയ്ക്കെടുത്തു കൊണ്ട് പരമാവധി പൊതുബോധത്തിലേക്ക് ചേർത്തുവെക്കാവുന്ന വിധത്തിൽ ഇസ്‌ലാമിനെ അവതരിപ്പിക്കുന്നതിൽ മിടുക്കന്മാരാവാൻ മത്സരിക്കുന്നുണ്ട് പല മുസ്ലിം ഐഡികളും.
സുബ്ഹ് ബാങ്ക് കൊടുത്തതു മുതൽ മഗ്‌രിബ് ബാങ്കു വരെ അന്നവും പാനവും ഭോഗവുമെല്ലാം വെടിഞ്ഞ് ആരെയാണ് കാത്തിരുന്നതെന്നു ചോദിച്ചാൽ ഭൗതികതലത്തിൽ നിന്നുകൊണ്ട് അതിനൊരുത്തരം പൂർണ്ണമായി നൽകാനാവില്ല.
'പടച്ചവൻ അങ്ങനെ പറഞ്ഞു. അതുകൊണ്ട് ചെയ്തു' എന്നേയുള്ളു.


അങ്ങനെ പടച്ചവൻ പറയുമ്പോൾ വെടിയാനും അവൻ അനുവദിക്കുമ്പോൾ ഉപയോഗിക്കാനുമുള്ള ചോയ്‌സും സ്വാതന്ത്ര്യവും തന്നെയേ, സർവ്വസ്വതന്ത്രവും ഇഷ്ടങ്ങളിൽ അധിഷ്ഠിതവുമായ പരലോകത്തെ പ്രതീക്ഷിക്കുന്ന വിശ്വാസിക്ക് ഭൗതികതയിൽ ഉള്ളൂ എന്നതാണ് കാര്യം.
പടച്ചവന്റെ പേരിൽ അറുത്തത് തിന്നുന്നതും അല്ലാത്തത് വെടിയുന്നതും എന്തിനെന്നു നോക്കൂ. പണം കൊടുത്ത് പണം തിരിച്ചു വാങ്ങുന്നതിന്റെ ലാഭം പാടില്ലാത്തതും കച്ചവടത്തിന്റെ ലാഭം അനുവദനീയമാവുന്നതും എങ്ങനെയാണ് ? ഭാര്യയുമായുള്ള ബന്ധം പുണ്യവും ഇതരബന്ധങ്ങൾ പാപവും ആവുന്നതിന്റെ സാംഗത്യമെന്താണ് ?
ഇത്തരം ആലോചനകൾക്കെല്ലാം ഭൗതികമായ മാനങ്ങൾ പലതും ഉണ്ടാവാം. പലതും ശരിയുമാവാം. എന്നാൽ വിശ്വാസിയെന്ന നിലയിൽ ഇതിലെ ശരിതെറ്റുകൾ എന്തെന്നു ചോദിച്ചാൽ, ജീവൻ ആരുടെ കൈകളിലാണോ അവന്റെ കൽപ്പനകളാണിവ എന്നതാണ് പ്രഥമവും പ്രധാനവുമായ മറുപടി.
വിശദീകരിച്ച് വല്ലാണ്ട് എടങ്ങേറാവരുത് ആരും.
Image Courtesy : - www.vice.com

Wednesday, April 24, 2019

അഞ്ചു വയസ്സു കഴിഞ്ഞ മകനെ പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ സർക്കാർ ആശുപത്രിയിൽ കൊണ്ടുപോയി. മകനെയും കൊണ്ട് കുത്തിവെപ്പ് നൽകുന്ന മുറിയിലേക്ക് ചെന്നു. നമുക്കിരിക്കാനായി രണ്ട് ബെഞ്ചുകൾ മുറിയുടെ മൂലയിൽ രണ്ടുഭാഗത്തായി ഇട്ടിരിക്കുന്നു. ഒന്നിൽ ഒരമ്മ കൈക്കുഞ്ഞുമായിരിക്കുന്നുണ്ട്. ഞാൻ മകനെയും കൊണ്ട് അപ്പുറത്തെ ബെഞ്ചിൽ ഇരുന്നു.
അമ്മയുടെ കൈയ്യിലിരിക്കുന്ന ഇളംപൈതലിന് കുത്തിവെക്കാൻ പോവുകയാണ്. എന്റെ മകൻ അത് നേർക്കുനേർ കാണുംവിധത്തിലാണ് ഇരിക്കുന്നത് എന്നു ശ്രദ്‌ധിച്ച ഞാൻ അവനെയെടുത്ത് മാറ്റിയിരുത്തി. കുഞ്ഞിന് കുത്തിവെക്കുന്നത് കണ്ടിട്ട് അവൻ പേടിക്കേണ്ട എന്നുകരുതി. ഞങ്ങൾക്ക് നേരെയുള്ള ചുവരിൽ വരച്ചുവെച്ചിട്ടുള്ള കാർട്ടൂൺ കഥാപാത്രങ്ങളിലേക്ക് അവന്റെ ശ്രദ്ധ തിരിക്കാൻ ഞാനൊരു വിഫലശ്രമം നടത്തി.
ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയിൽ, "പപ്പാ, ഉറുമ്പ് കടിക്കുന്നത് പോലെയാണോ ഇഞ്ചക്ഷൻ വെക്കുമ്പോ തോന്നുക ?" എന്ന് ചോദിച്ചിരുന്നു അവൻ. "പിന്നല്ലാതെ" എന്നു ഞാൻ മറുപടി നൽകി. അന്നേരം "പിന്നെയെന്തിന് ഞാൻ പേടിക്കണം" എന്ന് ധൈര്യം പറഞ്ഞവന്റെ ഉള്ളിൽ ഇപ്പോൾ നേരിയ സങ്കടം മുളപൊട്ടിയിട്ടുണ്ടോ എന്ന് ഞാൻ സംശയിച്ചു.
അമ്മയുടെ കൈയ്യിലുള്ള ആ കുഞ്ഞിന് കുത്തിവെപ്പ് നൽകാൻ പോവുകയാണ്. കുഞ്ഞിളംമേനിയിൽ സൂചിമുന താഴ്ത്താൻ പോവുകയാണെന്നത് ആ അമ്മയ്ക്ക് ഉൾക്കൊള്ളാനാവുന്നില്ലെന്നു തോന്നി. കൂടെ വന്ന തന്റെ അമ്മയെ പേർത്തും പേർത്തും അവൾ വിളിച്ചു. തന്റെ അമ്മയുടെ കൈയ്യിൽ കുഞ്ഞിനെ നൽകി ഈ പൊള്ളുന്ന അനുഭവത്തിൽ നിന്ന് രക്ഷപ്പെടാൻ യുവതിയായ ആ അമ്മ ശ്രമിച്ചു. കുത്തിവെക്കാൻ പോകുന്ന നേഴ്‌സ് സ്നേഹപൂർവ്വം അവളോട് തന്നെ കുഞ്ഞിനെയെടുത്ത് ഇരിക്കാൻ പറഞ്ഞു. അനുഭവങ്ങൾ നൽകി പരിശീലിപ്പിക്കുക കൂടിയാണ് ആ നേഴ്‌സിന്റെ ഉദ്ദേശ്യം എന്ന് അവരുടെ മുഖത്തുനിന്ന് വായിച്ചെടുക്കാൻ കഴിയും.
അടുത്തത് എന്റെ മകന്റെ ഊഴമാണ്. നേഴ്‌സ് ഇഞ്ചക്ഷനുമായി വന്നു. പേര് ചോദിച്ചു. അവന്റെ കൈയ്യിലെ ഇഞ്ചക്ഷൻ എടുക്കേണ്ട സ്ഥലം കോട്ടൻ കൊണ്ട് തടവുന്നതിനിടയിൽ ഉമ്മയുടെ പേരും സ്‌കൂളിന്റെ പേരും അവർ ചോദിച്ചു. എല്ലാത്തിനും സ്മാർട്ടായി, പുഞ്ചിരിയോടെ അവൻ ഉത്തരം പറഞ്ഞു. ആ പുഞ്ചിരിയുടെയും നിഷ്‌കളങ്കമായ മറുപടികളുടെയും ഇടയ്ക്കെപ്പോഴോ അവർ അവന്റെ കൈയ്യിൽ സൂചി കയറ്റി.


ഞാനെന്റെ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി. പെട്ടെന്നാ മുഖത്തെ പുഞ്ചിരി മാഞ്ഞു. സങ്കടം കൊണ്ടവന്റെ മുഖം വിവർണ്ണമായി. ചുണ്ടുകൾ കോട്ടി, വിങ്ങി, പിന്നെ ശബ്ദമുള്ളൊരു കരച്ചിലായത് മാറി. ഞാനവനെ എന്നിലേക്ക് ചേർത്തുപിടിച്ചു. നിർമ്മലമായ ആ കവിൾത്തടത്തിൽ എന്റെ ചുണ്ടുകൾ ചേർത്ത് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അതേ സമയം, എന്നെ ആര് ആശ്വസിപ്പിക്കുമെന്നും എന്റെ കണ്ണുനീർ ആര് തുടക്കുമെന്നും എന്റെ കണ്ഠത്തിൽ നിറയുന്ന ഭാരവും വേദനയും എങ്ങനെ ഇറക്കിവെക്കുമെന്നും അറിയാതെ ഞാൻ അസ്വസ്ഥനായി.
ഒന്നും സംഭവിച്ചിട്ടില്ലെന്നഭിനയിച്ച് നേഴ്‌സ് തന്ന കോട്ടൻ കൊണ്ട് ഞാനവന്റെ കൈയ്യിൽ പതുക്കെ തലോടി. "കഴിഞ്ഞോ സിസ്റ്റർ" എന്ന് ഒരുവിധം ചോദിക്കുകയും അവരുടെ സമ്മതം കിട്ടിയപ്പോൾ അഞ്ചുവയസ്സുള്ള എന്റെ കുട്ടിയെ വാരിയെടുത്ത് പുറത്തേക്ക് നടക്കുകയും ചെയ്തു. "മോന് വേദനിച്ചോ" എന്നുചോദിക്കുന്നതിലേക്ക് എന്റെ ശബ്ദത്തെ സജ്ജമാക്കുമ്പോൾ ആശുപത്രിയിൽ നിന്നും ബൈക്കിൽ ഏറെദൂരം പിന്നിട്ടുകഴിഞ്ഞിരുന്നു ഞങ്ങൾ.
ഹൃദയത്തിൽ കാരുണ്യം നിറച്ച നാഥാ ! മനുഷ്യൻ മനുഷ്യനെ കൊല്ലാൻ വേണ്ടി സ്വയം പൊട്ടിത്തെറിക്കുന്ന ഈ ലോകത്ത് ജീവിക്കേണ്ടുന്ന കാലത്തോളം ഞങ്ങളിൽ നിന്ന് ഈ കാരുണ്യം നീ എടുത്തുകളയരുതേ !

Tuesday, January 1, 2019

You don't need a friend who nods when you nod. Your shadow can do it.
എന്നൊരു ചൊല്ലുണ്ട്. നീ തലകുലുക്കുമ്പോൾ ഒപ്പം തലകുലുക്കുന്നൊരു സുഹൃത്തിനെ നിനക്കാവശ്യമില്ല, അതിന് നിന്റെ നിഴൽ തന്നെ ധാരാളം എന്നർത്ഥം.
സമൂഹത്തിന്റെ ഒരൊഴുക്കുണ്ട്. അതിനൊപ്പം നീന്തിപ്പോകാൻ വലിയ പ്രയാസമുണ്ടാവില്ല. എല്ലാവരും പറയും പോലെ, എല്ലാവരും ചെയ്യും പോലെ, എല്ലാവരും ഇഷ്ടപ്പെടും പോലെ ഒക്കെ ചെയ്തും പറഞ്ഞും മുന്നോട്ടുപോകാം.
എന്നാൽ ഓരോ പുലരിക്കൊപ്പവും നീതിയിലധിഷ്ഠിതമായൊരു ദിനം കൂടി സ്വപ്നം കാണുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം മേൽപ്പറഞ്ഞ ഒഴുക്കിനല്ല പ്രാധാന്യം. മറിച്ച് സന്തുലിതമായ ഒരു സാമൂഹിക ക്രമം സ്വന്തം ചുറ്റുവട്ടത്തെങ്കിലും അവൻ പുലർന്നു കാണണമെന്നാഗ്രഹിക്കുന്നുണ്ടാവും. അതിനായി ചിലപ്പോഴൊക്കെ ഒഴുക്കിനെതിരെയൊരു പരിശ്രമം ആവശ്യമായി വന്നേക്കും.


സമൂഹത്തിന്റെ ഒഴുക്കിനെ സംബന്ധിച്ചു പറയുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധയർഹിക്കുന്നുണ്ട്. ആൾക്കൂട്ടത്തിൽ നിന്നുണ്ടാവുന്ന നന്മകൾ പോലെതന്നെ അതിൽ നിന്നുയിർക്കൊള്ളുന്ന തിന്മകളുമുണ്ട്. കൂട്ടത്തിലായിരിക്കുമ്പോൾ തിരിച്ചറിയാൻ പറ്റാതെ പോവുന്നത്. ഒപ്പം ചേരുമ്പോൾ അതിലേക്ക് നമ്മുടെ സംഭാവന കൂടി ആയാലോ എന്നുപോലും അനുഭവപ്പെടുന്നുണ്ടാവും. എന്നാൽ ആൾക്കൂട്ടത്തിൽ നിന്ന് മാറിനിന്ന് വീക്ഷിക്കുമ്പോൾ നമുക്കതിൽ മറിച്ചൊരു കാഴ്ചയും അനുഭവപ്പെട്ടേക്കാം.
സംഘം ചേർന്ന് കല്ലെറിയുന്ന, സംഘം ചേർന്ന് തല്ലിക്കൊല്ലുന്ന, സംഘം ചേർന്ന് ട്രോൾ ചെയ്യുന്ന കൂട്ടത്തിലെല്ലാം ഈയൊരു വസ്തുത പ്രവർത്തിക്കുന്നുണ്ട് എന്നെനിക്കു തോന്നുന്നു.
സംഘം ചേരാനും ഒരു കൂട്ടായ്മ രൂപപ്പെടാനും നിമിഷനേരങ്ങൾ മതിയാവുന്ന ഇക്കാലത്ത് ഇടയ്ക്കൊക്കെ തനിച്ചിരിക്കാൻ, അല്ലെങ്കിൽ മറിച്ചൊരഭിപ്രായത്തിന് സാധ്യതയുള്ളൊരു സുഹൃത്തിനെ കാണാൻ കൂടി സമയം കണ്ടെത്തുക.
പുതിയ പ്രഭാതങ്ങൾ നേരിന്റെ പുതിയ വഴികളിലേക്ക് വെളിച്ചം വിതറട്ടെ.

Image Courtesy : https://intervarsity.org

Where I feel poetic

Followers

Blog Archive

Popular Posts