Monday, June 25, 2012


നാട്ടിലെ മഴക്കാലം ഒരനുഭൂതിയാണ്‌. പഴയവീട്ടിലെ മഴയോര്‍മ്മകള്‍ ഏറെ ഹൃദ്യമാണ്‌. രാവിലെ എണീറ്റ് പുറത്തേക്ക് നോക്കുമ്പോള്‍ രാത്രി പെയ്‌ത മഴയില്‍ നനഞ്ഞു കിടക്കുന്ന മണല്‍ കാണാം.  മുറ്റത്തേക്കിറങ്ങിയാല്‍, ഓടുപാകിയ മച്ചില്‍ നിന്നും വീണ മഴത്തുള്ളികള്‍ മുറ്റത്തെ മണലില്‍ കൃത്യമായ അകലത്തിലും വരിയിലും ചിത്രമൊരുക്കിയിരിക്കുന്നതു കാണാം. മഴത്തുള്ളിയേറ്റ് മണലെല്ലാം മാറിപ്പോയപ്പോള്‍ ബാക്കിയായ ചുവന്ന ചെറിയ കല്ലുകള്‍ എഴുന്നു നില്‍ക്കുന്നത് കാണാം. മുരിക്കിന്‍ മരത്തിലെ ഇലകളില്‍ ഇനിയും വറ്റിയിട്ടില്ലാത്ത ജലകണങ്ങള്‍ കാണാം.
അടുക്കളപ്പുറത്തെ ചെമ്മണ്ണ്‌ കൊണ്ട് കെട്ടിയുയര്‍ത്തിയ തിണ്ണയിലേക്ക് മഴവെള്ളം വീഴാതിരിക്കാന്‍ മച്ചിന്‍പുറത്ത് പാകിയ ഓടുകളോട് ചേര്‍ത്ത് കുറച്ചു കൂടി  ഇറക്കത്തില്‍  മെടഞ്ഞ ഓലകള്‍ കെട്ടിവെച്ചിരിക്കും. ഓലപ്പീലികളിലൂടെ ഊര്‍ന്നിറങ്ങുന്ന ജലധാരകളെ ശേഖരിക്കാന്‍ നിലത്ത് പ്ലാസ്റ്റിക് ബക്കറ്റുകള്‍ വെച്ചിരിക്കും. ബക്കറ്റ് നിറഞ്ഞ് തുളുമ്പുന്നുണ്ടാവും. ബക്കറ്റിന്റെ ഏറ്റവുമടിയില്‍, മച്ചിലെ ഓട്ടില്‍ നിന്ന് വെള്ളത്തോടൊപ്പമിറങ്ങി വന്ന ഉണങ്ങിയ പായലിന്റെ കറുപ്പ് കാണാം. ഓലയുടെ തടസ്സവും ഭേദിച്ച് തിണ്ണയിലേക്കൂര്‍ന്നിറങ്ങുന്ന വെള്ളം ചെമ്മണ്ണിനെ മെല്ലെ അടര്‍ത്തി മാറ്റിയെടുക്കുന്നു. അടര്‍ന്നു പോയ ചെമ്മണ്ണും മണലുമെല്ലാം കൂടി കൈവെള്ളയില്‍ വാരിയെടുത്ത് തല്‍സ്ഥാനത്തേക്ക് തേച്ച് പിടിപ്പിക്കാന്‍ പാടുപെടുന്ന ഉമ്മയെയും കാണാം.
മഴയെ അവഗണിച്ച് രാവിലെ തന്നെ അലക്കാനുള്ള വസ്ത്രങ്ങളുമെടുത്ത് പുറത്തിറങ്ങിയ ഉമ്മയോട് "എന്തിനാണുമ്മാ മഴയത്ത് അലക്കാന്‍ നില്‍ക്കുന്നേ" എന്ന ചോദ്യത്തോടെ അടുക്കളപ്പുറത്തെ മുറ്റത്ത് തളം‌കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ കാലുവീശി അങ്ങോട്ടുമിങ്ങോട്ടും നടക്കാന്‍ തുടങ്ങുമ്പോള്‍ "എനിക്കിപ്പോ കഴിയും.. നീ മഴ കൊള്ളാതെ അകത്തേക്ക് പോ!" എന്ന അറിയിപ്പ് കേട്ട് ഞാന്‍ മടങ്ങും. അതിനു മുമ്പ് കിണറ്റിലെ വെള്ളം എത്രത്തോളം പൊങ്ങി എന്ന ഒരു പരിശോധന കൂടി നടത്തും.
കര്‍ക്കിടകത്തിലെ തിമിര്‍ത്ത് പെയ്യുന്ന മഴ ഒന്ന് തോര്‍ന്ന് കിട്ടുന്ന നേരം വീട്ടില്‍ നിന്ന് പത്തന്‍‌പത് ചുവട് മാത്രം അകലെയുള്ള പുഴയെ കാണാന്‍ പോകും. കരകവിഞ്ഞൊരുകുന്ന പുഴയെ ദൂരെ നിന്ന് നോക്കി നില്‍‌ക്കും. ചെമ്മണ്ണിന്റെ വര്‍ണ്ണമുള്ള പുഴ, ചക്കയും ചത്ത കോഴിയും ആടും അടക്കയുമെന്നു തുടങ്ങി ഒരുമാതിരി സാമാനങ്ങളൊക്കെ വഹിച്ച് കൊണ്ട് ധ്രുതഗതിയില്‍ തെക്കോട്ടൊഴുകുന്ന കാഴ്ച്ച കൗതുകവും ഭീതിയും പകരും.
വീടിന്റെ പടിഞ്ഞാറു ഭാഗത്ത് കുറച്ചു നടന്നാല്‍ കടലാണ്‌. വെയിലൊന്നെത്തി നോക്കുന്ന നേരത്ത് കടപ്പുറത്ത് പോയാല്‍ ആണുങ്ങളും പെണ്ണുങ്ങളുമായി കുറേ പേരെക്കാണാം. കടപ്പുറത്ത് അടിഞ്ഞു കൂടുന്ന വിറകു കഷ്‌ണങ്ങളെല്ലാം ശേഖരിച്ച്, കടപ്പുറത്തെ മണലില്‍ തന്നെ വളരുന്ന വള്ളിപ്പടര്‍പ്പില്‍ നിന്നുമൊരു കഷ്‌ണമെടുത്ത് കെട്ടി ചുമന്ന് കൊണ്ടു പോവുന്ന സ്‌ത്രീകള്‍. അവരതു കൊണ്ടു പോയി മുറ്റത്ത് ഉണങ്ങാനിടും. മഴ ചാറുന്നത് കണ്ടാല്‍ ഓടിപ്പോയി പെറുക്കിയെടുക്കും. ചെറിയവരും വലിയവരുമായ ആണുങ്ങള്‍ അകലങ്ങള്‍ പാലിച്ച് നിരയായി നിന്ന് ചൂണ്ടയിടുന്ന കാഴ്ച്ചയും കടപ്പുറത്ത് കാണാം. 
കടല്‍ രൗദ്രഭാവം പൂകുന്ന നാളു കൂടിയാണ്‌ മഴക്കാലം. തന്റെ വലിയ നാവു നീട്ടി കരയിലുള്ളതെന്തും നക്കിയെടുത്തു കൊണ്ടുപോകാന്‍ അലറി വരുന്നൊരു ഭീകരജീവിയെപ്പോലെ തോന്നിക്കും കടല്‍ ചിലപ്പോള്‍. കടപ്പുറത്തോട് ചേര്‍ന്നു കിടക്കുന്ന നാട്ടുകാരുടെ പറമ്പില്‍ നിന്ന് ഓരോ വര്‍ഷവും എത്രയോ തെങ്ങുകളെയാണ്‌ കടല്‍ കടപുഴക്കിയെടുക്കുന്നത്..! എത്ര കോപിച്ചാലും കര്‍ക്കിടകം കഴിഞ്ഞാല്‍ പിന്നെയൊരു നാടിനെ മൊത്തം മടിയിലിരുത്തി അന്നമൂട്ടാനും കടലമ്മ തയ്യാര്‍.
സ്‌ക്കൂളിലേക്ക് പോകുമ്പോള്‍ മഴയുണ്ടെങ്കിലും ഇല്ലെങ്കിലും കയ്യില്‍‌പ്പിടിപ്പിക്കുന്ന കുട പക്ഷേ, സ്‌ക്കൂള്‍ വിടുമ്പോള്‍ മഴയുണ്ടെങ്കില്‍ മാത്രമേ തിരികെ വീട്ടിലേക്കെത്തൂ. "നിനക്ക് ഓരോ ദിവസവും ഓരോ കുട മേടിച്ചു തരേണ്ട ഗതിയാണല്ലോ" എന്ന പരിഭവം പലപ്പോഴും കേട്ടിട്ടുണ്ട്. ഒഴിവുള്ള പിരീഡുകളില്‍ "റഫ് ബുക്കി"ന്റെ പേജ് കീറി തോണിയുണ്ടാക്കി ക്ലാസിന്റെ മുറ്റത്തു കൂടിയൊഴുകുന്ന വെള്ളത്തിലേക്ക് തോണിയിറക്കും. സ്‌ക്കൂള്‍ വിട്ട് വരുന്ന വഴിയില്‍ റോഡിനു വശത്തായി കാണുന്ന വെള്ളച്ചാലിലേക്ക് കാലിലെ ഹവായ് ചെരുപ്പിറക്കുന്നതും കുത്തിയൊലിക്കുന്ന വെള്ളത്തിനൊപ്പം കുതിക്കുന്ന ചെരുപ്പിന്റെ പിന്നാലെ ഓടുന്നതും പതിവു പരിപാടിയായിരുന്നു.
http://www.trekearth.com/gallery/Asia/India/South/Kerala/Chalakudy/photo830785.htm

മഴപെയ്യുന്ന ഉച്ചനേരത്ത് വീടിനകത്തിരുന്ന് ചൂടുള്ള വെള്ളരിച്ചോറും പയര്‍ മുളകില്‍ വെച്ച കറിയും ഉണക്കമീനും കൂട്ടുക്കഴിക്കുന്നത് എന്തുകൊണ്ടിന്നുമിത്ര ഹൃദ്യവും രുചികരവുമായ ഓര്‍മ്മയാവുന്നുവെന്നരിയില്ല. വിറകിനും ഭക്ഷണത്തിനും സമ്പത്തിനുമെല്ലാം വറുതി ബാധിക്കുന്ന മഴക്കാലത്തും വിശപ്പറിയാതെ തന്നെയാണു വളര്‍ന്നതെന്ന സത്യം മനസ്സിലേക്ക് പലവികാരങ്ങളെയാണു കൊണ്ടുവരുന്നത്.
രാത്രി കത്തിച്ചുവെക്കുന്ന ചിമ്മിനിവിളക്ക് എത്രതന്നെ മറയത്ത് വെച്ചാലും ഇടയ്ക്കൊരു കുസൃതിക്കാറ്റു വന്ന് കെടുത്തിക്കളയും. ഉപ്പ തന്റെ കയ്യിലുള്ള തീപ്പെട്ടിക്കോലുരച്ച് ചിമ്മിനിവിളക്കിലേക്കെത്തുന്നതു വരെ കെട്ടുപോകാതിരിക്കാന്‍ കൈവെള്ളയെ ഉള്ളിലേക്കൊതുക്കി നടന്നുപോകുന്ന കാഴ്ച്ച രസകരമായിരുന്നു. ശക്‌തമായ വെള്ളിവെളിച്ചം സ്ഫുരിച്ച് മിന്നലെറിയുമ്പോള്‍ തൊട്ടടുത്ത് വരാന്‍ പോകുന്ന അതിശക്‌തമായൊരിടി ശബ്ദത്തെ പേടിയോടെ കാതോര്‍ത്തിരിക്കും. ഉമ്മയുടെ കൈകോര്‍ത്തു പിടിക്കും. നെഞ്ചോടു ചേര്‍ത്തുപിടിക്കുന്ന ഉമ്മയുടെ ചൂടേറ്റ് മഴയുടെ താളം കേട്ട് ഭൗതികതയുടെ സുഖം മാത്രമറിഞ്ഞങ്ങനെയുറങ്ങും.

ജഗജിത് സിംഗ് മനസ്സിലിരുന്നിപ്പോള്‍ പാടുന്നു;
ന ദുനിയാ ക ഗം ഥാ.. ന രിശ്‌തോം കെ ബന്ധന്‍
ബഢീ ഖൂബ്‌സൂരഥ് ഥീ വോ സിന്ദ്‌ഗാനീ..
ലൗകിക ദുഃഖങ്ങളോ ബന്ധങ്ങളുടെ കെട്ടുപാടുകളോ ഇല്ലാത്ത
ആ ജീവിതമെത്ര മധുരമനോഹരമായിരുന്നു
യേ ദൗലത് ഭീ ലേലോ.. യെ ശുഹ്‌റത്ത് ഭീ ലേലോ..
ഭലേ ചീന്‍ ലോ മുഛ്‌സെ മേരീ ജവാനീ..
എന്റെ സമ്പത്തും പ്രശസ്‌തിയുമെല്ലാമെടുത്തു കൊള്ളുക..
വേണമെങ്കിലെന്റെ യുവത്വം തന്നെയുമെടുത്തു കൊള്ളുക..
മഗര്‍ മുഛ്കോ ലോടാ ദൊ ബച്‌പന്‍ കാ സാവന്‍
വോ കാഗസ് കി ക‌ശ്‌ത്തീ.. വോ ബാരിശ് കാ പാനീ..
പക്ഷേയെനിക്കെന്റെ ബാല്യം തിരികെത്തരിക..
ആ കടലാസു വഞ്ചിയും.. പിന്നെയാ മഴവെള്ളവും...


2 വായനകളിങ്ങനെ:

sHihab mOgraL said...

ഏറെ കാലത്തിനു ശേഷമീ ബ്ലോഗില്‍ ഏറെ കാലം മുമ്പിലേക്കൊരു തിരിഞ്ഞുനോട്ടം..

പകല്‍കിനാവന്‍ | daYdreaMer said...

മഗര്‍ മുഛ്കോ ലോടാ ദൊ ബച്‌പന്‍ കാ സാവന്‍
വോ കാഗസ് കി ക‌ശ്‌ത്തീ.. വോ ബാരിശ് കാ പാനീ..

Where I feel poetic

Followers

Popular Posts