Monday, November 25, 2019



പള്ളികള്‍ പൊതുവെ മനസ്സിന്‌ സമാധാനം പകരേണ്ട ഇടങ്ങളാണ്‌. അതിനാല്‍ തന്നെ വളരെ ശുചിത്വത്തോടെയും സൗകര്യങ്ങളോടെയുമാണ്‌ അവ സം‌രക്ഷിക്കപ്പെട്ടു പോരാറുള്ളത്. പള്ളിക്കകത്ത് ആളുകള്‍ ശാന്തതയും ഏകാന്തതയും പ്രതീക്ഷിക്കുന്നു. എന്നാലിന്ന് ചിലപ്പോഴെങ്കിലും മനഃപൂര്‍‌വ്വമല്ലാതെ ഒരു സാധുവിന്റെ പോക്കറ്റില്‍ നിന്നും അയാളുടെ മൊബൈല്‍ ശബ്ദമുണ്ടാക്കാറുണ്ട്. അത് പ്രാര്‍ത്ഥനയിലെ ഏകാഗ്രതയെ നഷ്‌ടപ്പെടുത്തും എന്നത് ശരിയാണ്‌. എങ്കിലും പുതിയ കാലത്ത് നിത്യജീവിതത്തിലെ ഒരു സ്വാഭാവിക ശബ്ദമായി മൊബൈല്‍ ഫോണ്‍ റിംഗിനെ അവഗണിച്ചുകളഞ്ഞാല്‍ പ്രശ്നം പരിഹരിക്കപ്പെടും. അതിനു പകരം പ്രാര്‍ത്ഥന കഴിയുമ്പോഴേക്ക് നാലു ഭാഗത്തു നിന്നും വീര്‍പ്പിച്ച മുഖങ്ങള്‍ 'എന്ത്ന്നാ ചെങ്ങായീ ദ് ? ഫോണ്‍ ബന്ദാക്കി ബെച്ചൂടെ?" എന്ന ഭാവത്തില്‍ ഈ മനുഷ്യനു നേരെ തിരിയുമ്പോള്‍ 'നിസ്ക്കരിക്കാനേ വരേണ്ടിയിരുന്നില്ല!' എന്നുപോലും അയാള്‍ക്ക് തോന്നിപ്പോയേക്കാം. ചിലപ്പോഴൊക്കെ അത്തരം രംഗങ്ങളുണ്ടാവുമ്പോള്‍ അയാളനുഭവിക്കുന്ന ആത്മസം‌ഘര്‍ഷമാണ്‌ എന്നെ വേദനിപ്പിച്ചിട്ടുള്ളത്.
ഈയിടെ ഒരു പള്ളിയില്‍ തന്റെ നാല്‌ വയസ്സുള്ള മകനുമായി ചെന്ന അനുഭവം സുഹൃത്ത് ഹഫീസ് പറഞ്ഞു. 

ചിത്താരിയിലെ മസ്ജിദ്

കാഞ്ഞങ്ങാടിനടുത്തെ ചിത്താരിയില്‍ 'ബംഗ്ലാവ്' റെസ്റ്റോറന്റിനടുത്തെ ഒരു വീട്ടിലെ നിക്കാഹില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു അവന്‍. അപ്പോള്‍ തന്റെ മകനോടൊപ്പം തൊട്ടടുത്തെ മനോഹരമായ പള്ളിയില്‍ നിസ്ക്കരിക്കാന്‍ കയറി. നിസ്കാരം രണ്ടാമത്തെ റക്അത്തിലെത്തി.
അത് സംഭവിച്ചിരിക്കുന്നു !
കുട്ടി മൂത്രമൊഴിച്ചു !
ഹഫീസ് ഈയനുഭവം പറയുമ്പോള്‍ ഈ വിഷയത്തില്‍ എന്റെയൊരു അനുഭവം വെച്ചുള്ള നിരീക്ഷണം ഞാന്‍ പങ്കുവെച്ചു. സാധാരണ ഈ പ്രായത്തിലുള്ള കുട്ടികളോട് പള്ളിയില്‍ കയറുന്നതിനു മുമ്പ് 'ടാ, ഇവിടെ ടോയ്ലറ്റുണ്ട്. ഒന്ന് മൂത്രമൊഴിച്ചിട്ട് വരാം' എന്നു പറഞ്ഞാല്‍ പോലും "ഏയ് ! എനിക്ക് മൂത്രിക്കുകയൊന്നും വേണ്ട. അത്തരം ഒരു പ്രശ്നവും എനിക്കനുഭവപ്പെടുന്നില്ല" എന്ന വലിയ ധൈര്യമായിരിക്കും അവര്‍ നമുക്ക് തിരിച്ചു പകരുക. എന്നാല്‍, പള്ളിയില്‍ കയറി നമ്മള്‍ നിസ്കാരത്തിലേക്ക് പ്രവേശിക്കുകയും ഉള്ളിലാകെ ശാന്തമായ അന്തരീക്ഷം അനുഭവപ്പെടുകയും ചെയ്താല്‍ ഇവര്‍ക്ക് ചെയ്യാനുള്ളൊരു ടൈംപാസ് രണ്ടില്‍ ഏതെങ്കിലുമൊന്നായിരിക്കും. അതിന്റെ സൈക്കോളജിയൊന്നും അറിയില്ലെങ്കിലും അങ്ങനെയാണ്‌ അനുഭവവും കാഴ്ച്ചയും. 
ഇരിക്കട്ടെ, ഹഫീസ് തുടര്‍ന്നു.
വലിയ പള്ളി. നികാഹിനായി വന്ന ഒട്ടേറെ ആളുകള്‍. പുതിയ, വിലകൂടിയ കാര്‍പെറ്റ്. അവിടെയാണിവന്‍ മൂത്രമൊഴിച്ചിരിക്കുന്നത് !. പിന്നീടങ്ങോട്ട് നിസ്കാരം പോലും സ്വസ്ഥതയോടെ നിര്‍‌വഹിക്കാനായില്ല. ആകെ വെപ്രാളവും മാനസിക സംഘര്‍ഷവും !
നിസ്കാരം പൂര്‍ത്തിയായി മെല്ലെയെഴുന്നേറ്റ് ആളുകള്‍ എന്തുപറയുമെന്നും എങ്ങനെയിത് മറികടക്കുമെന്നുമാലോചിച്ച് നിന്നു.
ആളുകള്‍ കുറേശ്ശെയായി അടുത്തേക്ക് വരുന്നുണ്ട്. 
പള്ളിയിലെ ഖാദിമിനെയോ ഇമാമിനെയോ കണ്ട്, തുടക്കാനും കഴുകാനുമുള്ള ബക്കറ്റും തുണിയും ഒക്കെ തന്നാല്‍ താന്‍ തന്നെ തുടച്ചുകൊള്ളാമെന്ന ചിന്തയില്‍ അവരെ അന്വേഷിച്ച് നീങ്ങാനൊരുങ്ങി.
എന്നാല്‍, അവനെയാകെ അല്‍‌ഭുതപ്പെടുത്തിക്കൊണ്ട് അവിടെയുണ്ടായിരുന്ന ചില ചെറുപ്പക്കാര്‍ മുന്നോട്ട് വന്നു.
"കുട്ടിയല്ലേ, അതൊക്കെ ഉണ്ടാവും, നിങ്ങളെന്തിന്‌ ബേജാറാവുന്നു ?" എന്നവര്‍ ചോദിച്ചു.
'എന്നാലും എന്റെ മകന്‍ പറ്റിച്ച പണിയല്ലേ, ഞാന്‍ തന്നെ തുടക്കാ'മെന്ന് എത്രതന്നെ പറഞ്ഞിട്ടും ആ ചെറുപ്പക്കാര്‍ അതനുവദിച്ചില്ലത്രെ.
"നിങ്ങള്‍ കുഞ്ഞിനെ ഹൗളിനരികില്‍ പോയി വൃത്തിയാക്കിയിട്ട് പൊയ്ക്കോ. ഇതൊക്കെ ഞങ്ങളേറ്റു"
എന്നുപറഞ്ഞിട്ട് ആ യുവാക്കള്‍ അവനെ സമാധാനിപ്പിച്ചു. 
അവരത് നിര്‍‌വ്വഹിക്കുക തന്നെ ചെയ്തു.
ഹഫീസിത് പറഞ്ഞു നിര്‍ത്തിയപ്പോള്‍ മനസ്സുകൊണ്ട് ഞാനാ പള്ളിയില്‍ കയറുകയും എന്റെയും ഉള്ളം നിറയുകയും ചെയ്തു. 
പള്ളിയില്‍ വരുന്നവരുടെയെല്ലാം ഉള്ളം നിറയട്ടെ.
ചിത്താരിയിലെ ചെറുപ്പക്കാര്‍ക്ക് എന്റെ അഭിവാദ്യങ്ങള്‍. 
പ്രാര്‍ത്ഥനകള്‍.

Where I feel poetic

Followers

Popular Posts