Monday, June 21, 2010

ഫേസ്ബുക്കില്‍ ഒരു സുഹൃത്ത് എന്നെ ടാഗ് ചെയ്ത ഒരു നോട്ടില്‍ ആകെ പരിതപിക്കുന്നത് മുച്ചീട്ടു കളിക്കാരും പിമ്പുകളും തട്ടിപ്പറിക്കുന്നവരും എന്തു കൊണ്ട് "നമ്മുടെ സമുദായത്തിലെ" അംഗങ്ങള്‍ മാത്രമാവുന്നുവെന്നാണ്‌. മതവിദ്യാഭ്യാസം ആവശ്യത്തിന്‌ ലഭിക്കുന്ന സമുദായമായിരുന്നിട്ടും എന്തു കൊണ്ട് ഇത്തരം നീചന്മാര്‍ നമ്മുടേതു മാത്രമായി ഉല്പ്പാദിപ്പിക്കപ്പെടുന്നു എന്നാണ്‌.

ആദ്യമായി ഇതൊരു ഉപരിപ്ലവമായ നോട്ടും കമന്റ്സുമായിപ്പോയി എന്ന് തന്നെയാണെന്റെ നിരീക്ഷണം. ഇസ്ലാം മതത്തിലെ അംഗങ്ങളുടെ പേരുകള്‍ കുറ്റവാളികള്‍ക്കിടയില്‍ വായിക്കേണ്ടി വരുന്നത് എന്തു കൊണ്ടെന്ന ചര്‍ച്ച ഈയൊരു സാഹചര്യത്തില്‍ ഒരു ഫേസ്ബുക്ക് നോട്ടില്‍ ഇത്തരത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌ ഒരു സദുദ്യമമോ സാന്ദര്‍ഭികമായതോ ആയി തോന്നിയില്ല. അദ്ദേഹം, താന്‍ പരിതപിക്കുന്ന സമുദായത്തിലെ അംഗം തന്നെയാണെന്ന നിലയില്‍ സംസാരിക്കുമ്പോള്‍ ഇതൊരു പൊതുചര്‍ച്ചയില്‍ പരിഹരിക്കാവുന്ന വിഷയമാണെന്ന് ധരിക്കുന്നതും ശരിയല്ല.


മറ്റൊരു തരത്തില്‍, കണ്‍‌തുറന്നു നോക്കിയാല്‍ സമൂഹത്തിലെ കുറ്റവാളികളെ മതത്തിന്റെ ലേബലില്‍ കാണുന്നത് വിഡ്ഢിത്തമാണെന്നതാണ്‌ യാഥാര്‍ത്ഥ്യം. കാരണം, മതം എന്നും മനുഷ്യന്റെ നന്മയ്ക്കായിട്ടാണ്‌ പ്രബോധനം ചെയ്യപ്പെട്ടിട്ടുള്ളത്; അതേത് മതമായാലും. ഒരാള്‍ ഒരു മതത്തിലെ അംഗമാവുന്നത് ഏതെങ്കിലുമൊരു അംഗത്വപത്രം പൂരിപ്പിച്ചു കൊടുത്തിട്ടല്ല. മറിച്ച്, ആ മതം മുന്നോട്ടു വെക്കുന്ന ആശയങ്ങളെ പുല്‍കുകയും അതിന്റെ വെളിച്ചത്തില്‍ ജീവിച്ചു കൊണ്ടിരിക്കുമ്പോഴുമാണ്‌ ഒരു വ്യക്തി ആ മതത്തിന്റെ മുദ്ര ചാര്‍ത്തപ്പെടുന്നത്.

അതു കൊണ്ടു തന്നെ ഒരു മതത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ അതിന്റെ ലേബല്‍ ചുമക്കുന്നവരെ പഠിക്കുന്നതിനേക്കാള്‍, പ്രമാണങ്ങളില്‍ നിന്ന് പഠിക്കുന്നതായിരിക്കും ഉത്തമം. മതത്തിന്റെ അനുയായികളില്‍ തന്നെ സച്ചരിതരായ വ്യക്തിത്വങ്ങളില്‍ മതം എങ്ങനെ സ്വാധീനിച്ചിരുന്നുവെന്നും, അവരുടെ ജീവിതത്തിലേക്ക് മതമൂല്യങ്ങളുടെ പ്രഭ ഏതു വിധത്തിലാണ്‌ തുണയായതെന്നും പഠിക്കുകയാണെങ്കില്‍ കുറച്ചെങ്കിലും കാര്യങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ സാധിക്കുകയും ചെയ്യും. നേരെ മറിച്ച് ഈ മതത്തിന്റെ അനുയായിയാണെന്ന് പറയുകയും, എന്നാല്‍ മതം പറയുന്ന മൂല്യങ്ങളൊന്നും ജീവിതത്തില്‍ പ്രകടിപ്പിക്കാതിരിക്കുകയും, പകരം സകല തോന്നിവാസങ്ങളും ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്ന വ്യക്തിയില്‍ മതത്തെ ദര്‍ശിക്കാനാവില്ലല്ലോ..

ഫുട്‌ബോളിന്റെ ചരിത്രം പഠിക്കുമ്പോള്‍ ഇന്ത്യയില്‍ നിന്ന് തുടങ്ങുകയോ, ഇന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയോ ചെയ്യുന്നത്, ക്രിക്കറ്റിനെക്കുറിച്ചറിയാന്‍ അഫ്‌ഗാനിസ്ഥാനിലേക്ക് പോകുന്നത് ഒക്കെപ്പോലെയാണത്. എന്നാല്‍ ഇന്ത്യയില്‍ ഫുട്‌ബോളും അഫ്ഗാനിസ്ഥാനില്‍ ക്രിക്കറ്റും അതിന്റെ എല്ലാ ആവേശത്തോടെയും കളിക്കപ്പെടുന്നുമുണ്ട്.


ഇനി, മുസ്ലിംകള്‍ മാത്രമാണീ കുറ്റകൃത്യങ്ങളില്‍ പ്രധാനികള്‍ എന്ന് ധരിക്കുന്നതിലെ പിഴവിനെക്കുറിച്ച് പറയുമ്പോള്‍ മനസ്സിലാക്കേണ്ട മറ്റൊരു വസ്തുതയുണ്ട്. സത്യത്തില്‍ മുസ്ലിംകളിലെ കുറ്റകൃത്യങ്ങള്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയാണ്‌ ചെയ്യുന്നത്. സ്വന്തം പേരിന്റെയൊപ്പം "ഹാജി" എന്ന് വാലുള്ള ഒരു വ്യക്തിയെ കള്ളനോട്ടിന്റെയോ മറ്റോ കേസില്‍ പിടിക്കപ്പെട്ടപ്പോള്‍, യാതൊരു ദാക്ഷിണ്യവുമില്ലാതെ ഒരു അമുസ്ലിം സുഹൃത്ത് "ഹും! ഹാജിയാണത്രെ! കള്ളനോട്ടിന്റെയാണ്‌ പണി!" എന്ന് കമന്റ് പറഞ്ഞത് ഞാനോര്‍ക്കുന്നു. കള്ളുകച്ചവടത്തിലും പെണ്‍‌വാണിഭത്തിലും പിടിച്ചു പറിയിലുമെല്ലാം പിടിക്കപ്പെടുന്ന പ്രതികളിലാരെങ്കിലും മുസ്ലിം വിഭാഗത്തില്‍ പെട്ടവനാണെങ്കില്‍ അതിന്ന് കൂടുതല്‍ ശ്രദ്ധ കൈവരുന്നത് ഒരു പച്ചപ്പരമാര്‍ത്ഥമാണ്‌. ‍എന്താണിതിനു കാരണം ?

ഇസ്ലാം എന്ന ജീവിത വ്യവസ്ഥമനുഷ്യന്‍ അക്രമിയാവുന്നതിന്റെ, നീചമായ ചിന്തകളുടെ, കുറ്റകൃത്യങ്ങളുടെയെല്ലാം വാതിലുകള്‍ ശക്തമായി കൊട്ടിയടക്കുന്നു. മോശമായത് ചിന്തിക്കുന്നത് പോലും അത് തടയുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും തികഞ്ഞ സൂക്ഷ്മത പുലര്‍ത്താന്‍ അതാവശ്യപ്പെടുന്നു. സ്രഷ്ടാവിനെ സൂക്ഷിക്കാന്‍ പറഞ്ഞ ഇസ്ലാം സൃഷ്ടികളോടുള്ള ഇടപാടിനെക്കുറിച്ചും ശക്തമായി താക്കീതു ചെയ്യുന്നു. സമ്പത്ത് മനുഷ്യന്റെ നിലനില്പ്പാണെന്ന് പ്രഖ്യാപിക്കുമ്പൊഴും അതില്‍ അണുമണിത്തൂക്കം അനര്‍ഹമായത് കടന്നു കൂടാതിരിക്കാന്‍ ഓര്‍മ്മിപ്പിക്കുന്നു. മുള്ളു വിതറപ്പെട്ട വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ കാലുകളെടുത്തു വെക്കുന്ന ജാഗ്രത പോലെ ജീവിതത്തില്‍ ഗൗരവപ്പെടാന്‍ അതാവശ്യപ്പെടുന്നു.

ഇങ്ങനെയുള്ള ജീവിതവ്യവസ്ഥയില്‍ അംഗമായിരിക്കുമ്പോഴും നീചകൃത്യങ്ങളില്‍ അഭിരമിക്കുന്നവര്‍ എങ്ങനെയാണ്‌ ശ്രദ്ധിക്കപ്പെടാതിരിക്കുക ? ഒരു മനുഷ്യന്‍ ജീവിതത്തില്‍ പുലര്‍ത്തേണ്ട എല്ലാ മര്യാദകളും പഠിപ്പിക്കപ്പെട്ടിട്ടും വഴിതെറ്റിപ്പോവുന്നവര്‍ എങ്ങനെയാണ്‌ കുറ്റം പറച്ചിലുകള്‍ ഏല്‍ക്കാതിരിക്കുക ? ഇതു തന്നെയാണ്‌ സംഭവിക്കുന്നതും.

ഞങ്ങളുടെ ഓഫീസില്‍ നിത്യ സന്ദര്‍ശകനായിരുന്ന, നന്നായി ഹിന്ദിയറിയാവുന്ന, ഉമര്‍ എന്നു പേരായ, മുസ്ലിമായ ഒമാനിയോട് ഉത്തര്‍പ്രദേശുകാരനായ, ഹിന്ദുവായ, ജയ്കിഷന്‍, അവര്‍ തമ്മില്‍ തമാശ പറഞ്ഞിരിക്കുന്നതിനിടെ ഒരിക്കല്‍ ചോദിക്കുന്നതു കേട്ടു: "തും മുസല്‍‌മാന്‍ ഹേ, ഫിര്‍ ഭീ തും ഛൂട് ബോല്‍‌താ ഹേ ?" (നീ മുസ്ലിമാണല്ലോ, എന്നിട്ടും നീ കളവ് പറയുന്നോ). മുസ്ലിമായ ഉമറിന്ന് കളവ് പറയാന്‍ പാടില്ലെന്ന് ഹിന്ദുവായ ജയ്കിഷന്ന് ബോധ്യമുണ്ട്. അതാണവന്റെ ആശ്ചര്യവും. എന്നിട്ടും ഈ ബോധ്യമില്ലാത്ത ഒരു പാട് ഉമറുമാര്‍ സമുദായത്തില്‍ ജീവിക്കുന്നുണ്ടെന്നതു തന്നെയാണിതിലെ പ്രശ്നവും.


Wednesday, June 2, 2010

ഒരു വ്യക്തിയുടെ ജീവിതയാത്രയുടെ സുഖവും സന്തോഷവും നിറഞ്ഞ വഴിത്തിരിവാണ്‌ കല്യാണം. ഇനിയുള്ള യാത്രയില്‍ കൈകോര്‍ത്ത് കൂടെ നടക്കാനും അനുഭവങ്ങളുടെ തീക്ഷ്ണതയിലും കുളിര്‍മ്മയിലും ഒരുപോലെ പങ്കു ചേരാനും ഒരിണ വന്നു ചേരുന്ന മുഹൂര്‍ത്തമാണത്. ഓരോ മാത്രയിലും പരസ്പരം ശ്രദ്ധിക്കാനും പരിചരിക്കാനും മാനസികമായും ശാരീരികമായും സമീപത്തുണ്ടാവുന്ന ഇണകള്‍ക്ക് അനുഭവവേദ്യമാകുന്ന നിര്‍‌വൃതി ജീവിതത്തിന്റെ മറ്റ് മുഹൂര്‍ത്തങ്ങള്‍ക്ക് നല്‍കാനാവില്ല. അതു കൊണ്ടൊക്കെത്തന്നെ ഈയൊരു ചടങ്ങ് അതിന്റെ എല്ലാ പ്രാധാന്യത്തോടെയുമാണ്‌ നടത്തപ്പെടാറ്. അയല്‍ക്കാരെയും ബന്ധുക്കളെയും കൂട്ടുകാരെയും പരിചയക്കാരെയുമെല്ലാം ഈ സന്തോഷത്തിലേക്ക് നമ്മള്‍ ക്ഷണിക്കുകയും സ്വീകരിക്കുകയും ചെയ്യാറുണ്ട്. പുതുവസ്ത്രങ്ങളും സുഗന്ധങ്ങളും കൊണ്ട് നാം അലങ്കാരം ചമയ്ക്കാറുണ്ട്. പന്തലും പാട്ടും മൈലാഞ്ചിയും ഒപ്പനയും വിഭവസമൃദ്ധമായ ഭക്ഷണവും കൊണ്ട് നമ്മള്‍ കല്യാണം കെങ്കേമമാക്കാറുണ്ട്. സാധ്യമാകുന്ന എല്ലാ ആഘോഷത്തിമിര്‍പ്പുകളും കല്യാണത്തിന്റെ ഭാഗമാക്കാന്‍ നാം പ്രത്യേകം ശ്രദ്ധിച്ചു വരാറുണ്ട്.

സന്തോഷത്തിന്റെ ഈ നിമിഷങ്ങളെ സ്നേഹത്തിന്റെ കൂട്ടായ്മ കൊണ്ടും കുടുംബ ബന്ധങ്ങളുടെ കിലുങ്ങുന്ന ചങ്ങലക്കണ്ണികള്‍ കൊണ്ടും അലങ്കരിക്കപ്പെടുമ്പോഴാണ്‌ അതിന്‌ കൂടുതല്‍ ഭംഗി കൈവരുന്നത്. അവരൊക്കെയും നല്‍കുന്ന സ്നേഹാശ്ലേഷണങ്ങള്‍ക്ക് പ്ലാസ്റ്റിക് പൂക്കളേക്കാള്‍ മൃദുലതയുണ്ട്. കുടുംബസുഹൃത്തുക്കള്‍ ചുറ്റുമിരുന്ന് കൈകൊട്ടിപ്പാടുന്ന ഇശലുകള്‍ക്ക്, ഗാനമേളക്കാരന്റെ ശബ്ദസാന്നിദ്ധ്യത്തേക്കാള്‍ ഇമ്പമുണ്ട്. ഉറ്റചങ്ങാതിമാര്‍ വന്ന് കയ്യില്‍ വിരിയിക്കുന്ന മൈലാഞ്ചിവരകള്‍ക്ക് ഹൃദയബന്ധത്തിന്റെ നറുമണമുണ്ട്. പിഞ്ചു കുഞ്ഞുങ്ങള്‍ കൈകൊട്ടിപ്പാടുന്ന ഒപ്പനപ്പാട്ടുകള്‍ക്ക് ഒരായുസ്സു മുഴുവന്‍ ഓര്‍ത്തുവെക്കാനുള്ള ഓമനത്തവുമുണ്ട്.

ഇത്തരം നിര്‍‌മ്മലമായ ആനന്ദങ്ങള്‍ക്കപ്പുറത്ത് പൊള്ളയായ നിലവാരത്തിന്റെയും ഇല്ലാത്ത പണക്കൊഴുപ്പിന്റെയും നിറം ചാര്‍ത്തി ഇതാഘോഷിക്കാനാണ്‌ പലരും ഇന്ന് കാണിക്കുന്ന പ്രവണത. ജീവിതത്തിന്റെ ഒരാവശ്യം നിറവേറുന്നതിന്ന്, സ്വന്തം നിലവാരവും പരിമിതിയും എത്രയാണെന്നുള്‍ക്കൊള്ളാതെ സമൂഹത്തിന്ന് മുമ്പില്‍ മുഖം‌മൂടിയണിയുന്ന കോമാളികളാകാനാണ്‌ പലര്‍ക്കും താല്പര്യം.


ഒരനുഭവം പറയാം. ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തി കല്യാണമൊക്കെ കഴിച്ച് കുറച്ച് നാള്‍ താമസിച്ച് തിരിച്ചെത്തിയതിന്ന് ശേഷം സുഹൃത്തുക്കളെ കണ്ടു മുട്ടുമ്പോഴും വിശേഷം പങ്കുവെക്കുമ്പോഴുമെല്ലാം സ്വാഭാവികമായും കല്യാണത്തെക്കുറിച്ച് ചോദിക്കാറുണ്ട്, . അങ്ങനെയൊരിക്കല്‍ ഒരു സുഹൃത്തുമായി സംസാരിക്കുന്നതിനിടയില്‍ ഞാന്‍ തിരിച്ച് ചോദിച്ചു.

"നാട്ടില്‍ പോയി ഒരു കല്യാണമൊക്കെ കഴിക്കണ്ടേ, കുറെ കാലമായില്ലേ വന്നിട്ട്..?"

സുഹൃത്ത്: "ഉം.. വേണം.. നാട്ടില്‍ കല്യാണം എന്നൊക്കെ പറഞ്ഞാല്‍ എന്ത് ചെലവാ.. ഒരു ആറേഴ് ലക്ഷമൊക്കെ വേണ്ടേ ഇതൊന്ന് നടന്നു കിട്ടാന്‍.."

ഞാന്‍: "ഉം.. എല്ലാരും ചെയ്യുമ്പോലെയൊക്കെ വേണം എന്നു വെച്ചാല്‍ അത്രയൊക്കെ വേണ്ടി വരും. ആവശ്യത്തിന്‌ മാത്രം മതി എല്ലാം എന്നു കരുതിയാല്‍ ഒരു പ്രശ്നവുമില്ല"

സുഹൃത്ത്: "നിനക്ക് എത്ര ചെലവായി..?"

ഞാന്‍ ചെലവായ തുക പറഞ്ഞു കൊടുത്തു.

"പൊന്ന് വാങ്ങിയതൊക്കെ കൂട്ടിയോ" എന്ന് ആശ്ചര്യത്തോടെ ചോദിച്ച അവനോട് "എല്ലാം ചേര്‍ത്ത്" എന്ന് ഞാന്‍ മറുപടി പറഞ്ഞു. എത്രയാ പൊന്ന് മേടിച്ചത് എന്ന് അവന്‍ ചോദിക്കുകയോ ഞാന്‍ പറയുകയോ ചെയ്തില്ല. ഞാന്‍ ആള്‌ ശരിയല്ലെന്ന് അവന്‌ തോന്നിക്കാണണം.

പിന്നെയവന്‍ സാവകാശം ഒരു കാര്യം പറഞ്ഞു: "എന്നാലും ഒരു നൂറു പവനൊക്കെ അവര്‍ ഇങ്ങോട്ട് തരുമ്പോ ഒരു ഇരുപത്തഞ്ചെങ്കിലും നമ്മള്‍ അങ്ങോട്ടു കൊടുക്കണ്ടേ..?" ന്യായമായ അവന്റെയീ സംശയം കേട്ട് ഞാന്‍ "പിന്നേ.. അതു വേണം" എന്നു പറഞ്ഞ് ആ സംഭാഷണം തുടരുന്നതില്‍ വിമുഖത കാണിച്ചു.

നോക്കണം, ഇരുപത്തിയഞ്ചു പവന്‍ ഉണ്ടാക്കിയെടുക്കുന്നതില്‍ വേവലാതി പൂണ്ട് കാലങ്ങളായി മരുഭൂമിയില്‍ സന്തപ്തനായി കഴിയുന്ന ഇവന്റെ തപ്തമായ തലച്ചോറില്‍, നൂറു പവന്‍ തരണമെന്നിവന്‍ ചിന്തിക്കുന്ന പെണ്ണിന്റെ പിതാവിന്റെ നെഞ്ചിലെ തീയെക്കുറിച്ചുള്ള ചിന്ത ഉയരുന്നേയില്ല. സ്വയം വിഡ്ഢികളായി നമ്മിലെ യുവാക്കള്‍ മാറുകയാണോ, അതോ അഭിനയിക്കുകയാണോ..? എങ്കില്‍ അതിന്റെ പിന്നിലെ ചേതോവികാരമെന്ത്.. ?

ജീവിതത്തെക്കുറിച്ചുള്ള സ്വന്തവും സ്വതന്ത്രവുമായ ഒരു കാഴ്ച്ചപ്പാടില്ലാത്തതാവണം യുവത ഇനിയുമിത്തരം നിരര്‍ത്ഥകതകളില്‍ നിന്ന് മോചിതരാവാത്തത്. അല്ലെങ്കില്‍, പെണ്ണിന്റെ പിതാവ് നെഞ്ചുരുകി, കൈ നീട്ടി ഉണ്ടാക്കിയ കാശും പൊന്നും കൊണ്ട് സ്വന്തം കല്യാണം കെങ്കേമമാക്കുകയും പിന്നീടങ്ങോട്ട് കുറച്ചു കാലം മിനുങ്ങി നടക്കുകയും ചെയ്യുന്ന വൃത്തി കെട്ട ഏര്‍പ്പാട് തുടരില്ലായിരുന്നല്ലോ. എന്റെ വായനയിലെപ്പൊഴോ ഒരിക്കല്‍, പെണ്‍‌മക്കളെ കെട്ടിച്ചയയ്ക്കാന്‍ നിവൃത്തിയില്ലാതെ പള്ളിയിലും അന്യനാടുകളിലും സ്വന്തം ജമാ‌അത്തില്‍ നിന്ന് കത്തുമായി വരുന്ന പിതാവിന്റെ അവസ്ഥയെ ഒരെഴുത്തുകാരന്‍ താരതമ്യപ്പെടുത്തിക്കണ്ടതിങ്ങനെയാണ്‌; സാധാരണയായി കൊടുങ്കാറ്റോ പേമാരിയോ ഉരുള്‍‌പൊട്ടലോ പോലെയുള്ള ദുരന്തങ്ങളില്‍ വീടും അഭയവും നഷ്ടപ്പെട്ട പാവങ്ങള്‍ സ്വന്തം നാട്ടില്‍ നിന്നും സാക്ഷ്യപത്രവുമായി മറുനാട്ടില്‍ എത്തിച്ചേരാറുണ്ട്. ഇതു പോലെയൊരു ദുരന്തമാണ്‌ തന്റെ പെണ്‍‌മക്കള്‍ എന്ന് ഒരു പിതാവിന്ന് തോന്നുന്ന സാമൂഹികാവസ്ഥയേക്കാള്‍ നമുക്ക് മറ്റേതു രീതിയിലാണധഃപതിക്കാനാവുക..? അദ്ദേഹത്തിന്റെ കണ്ടെത്തല്‍ എത്ര അര്‍ത്ഥവത്താണ്‌ ! അന്ധകാരം നിറഞ്ഞ ആറാം നൂറ്റാണ്ടിന്റെ ഇരുളില്‍ സ്വന്തം പെണ്‍‌മക്കളെ കുഴിച്ചുമൂടാന്‍ മാത്രം അധഃപതിച്ച പിതാക്കള്‍ ജീവിച്ചിരുന്ന ഒരു സമൂഹത്തിന്ന്, തലചായ്ക്കാന്‍ തണലും മുറുകെപ്പിടിക്കാന്‍ മൂല്യവും അടിയുറച്ചു നില്‍ക്കാന്‍ ആദര്‍ശവും നല്‍കി വളര്‍ത്തിയെടുത്ത ഒരു സമൂഹത്തിന്റെ പുരോഗതിയാണോ നമ്മളീ കാണുന്നത്..?!

എന്തും ആഘോഷിക്കാനാണ്‌ നമുക്ക് താല്‍‌പര്യം. അതിന്റെ പിന്നിലെ കാരണങ്ങളോ യുക്തിയോ നമുക്ക് വിഷയമാകാറില്ല. പാശ്ചാത്യലോകം കലണ്ടറിലെ ഒരു കോളത്തില്‍ എഴുതിപ്പിടിപ്പിക്കുന്ന ഏത് നാമവും ഏറ്റെടുക്കാനും ആഘോഷിക്കാനും നാമൊരുക്കമാണ്‌. ഒരു മനുഷ്യന്റെ ജനനം മുതല്‍ മരണം വരെയും മരണത്തിന്ന് ശേഷവും നമ്മള്‍ ചടങ്ങും സദ്യയുമൊക്കെയായി ആഘോഷിക്കുന്നു. ജീവിതത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള നമ്മുടെ ഘട്ടങ്ങളെ ഓര്‍ക്കുകയും അതിനെ നമ്മളെങ്ങനെ ആഘോഷിച്ചു തീര്‍ക്കുന്നുവെന്നും ഒന്ന് വിലയിരുത്തി നോക്കുക. പലതും നിരര്‍ത്ഥകങ്ങളാണെന്ന് നിഷ്പക്ഷമായി ചിന്തിച്ചാല്‍ മനസ്സിലാക്കാം. പലരും സ്വന്തം പരിമിതിയെ മറച്ചു വെച്ചു കൊണ്ട് നിലനില്പ്പിന്‌ (?) വേണ്ടി ചടങ്ങുകളൊരുക്കാറുണ്ട്. എന്നിട്ട് നാം തന്നെ നമ്മുടെ ദാരിദ്ര്യത്തെക്കുറിച്ച് വേവലാതിപ്പെടുകയും ചെയ്യുന്നു. സ്വയം കുഴിച്ച് അതിലേക്ക് ചാടി നിലവിളിക്കുന്ന ഒരു രീതി. "എന്റെ ജീവിതത്തിന്റെ അര്‍ത്ഥമെന്ത് ?" എന്നൊരു ചോദ്യം സ്വന്തത്തോട് ഒരിക്കലെങ്കിലും ഒന്ന് ചോദിച്ച് നോക്കുക.

സത്യത്തില്‍ ഈ പ്രവണത അവസാനിപ്പിക്കണമെങ്കില്‍ അത്, ജന്മദിനത്തില്‍ തുടങ്ങേണ്ടി വരും. ആഘോഷപൂര്‍‌വ്വം നാം കൊണ്ടാടുന്ന ജന്മദിനം തന്നെ ആദ്യം ഉപേക്ഷിക്കുക. എന്നിട്ട് മതി ബാക്കിയെല്ലാം.
-------------------------------------------------------------------------------------

31/05/2010 ല്‍  കാസറഗോഡ്‌വാര്‍ത്ത.കോം ല്‍ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

Where I feel poetic

Followers

Popular Posts