Friday, December 11, 2009

കൂട്ടിനാരുമില്ലാതിരുന്ന ഒരു വെള്ളിയാഴ്ച്ചയില്‍ വൈകുന്നേരം നായിഫിന്റെ ഓരങ്ങളിലൂടെ നടന്നു പോവുകയായിരുന്നു ഞാന്‍. എന്റെ മുമ്പിലൂടെ യുവത്വം വിട്ടുമാറിയിട്ടില്ലാത്ത ഒരു മലയാളിസ്ത്രീ തന്റെ സുന്ദരക്കുട്ടന്‍ കുഞ്ഞിനെയും ഒക്കത്തുവെച്ച് നടന്നു വരുന്നു. സാധാരണ എല്ലാ അമ്മമാരും ചെയ്യാറുള്ളത് പോലെ തന്നെ അവര്‍ കുഞ്ഞിനോട് എന്തൊക്കെയോ കൊഞ്ചിപ്പറയുന്നുണ്ട്. അടുത്തെത്തിയപ്പോള്‍ അവര്‍ അവനെ പറഞ്ഞു പഠിപ്പിക്കുന്നതു കേള്‍ക്കാം.."അമ്മ്മ്മ" കുഞ്ഞ് ഏറ്റു പറയുന്നു: "അമ്മ്മ്മ".

എന്തോ, അവര്‍ ആ കുഞ്ഞിന്റെ വിളിയില്‍ നിന്ന് തന്റെ മനസിലൂടെ ഏറ്റുവാങ്ങുന്ന നിര്‍‌വൃതിയെക്കുറിച്ച് ഞാനാലോചിച്ചു പോയി. താന്‍ ജന്മം നല്‍കിയ കുഞ്ഞ്, നിഷ്ക്കളങ്കമായ മനസ്സില്‍ നിന്ന് അരുമയാര്‍ന്ന ചുണ്ടുകളിലൂടെ സ്നേഹത്തോടെ "അമ്മ" എന്നു വിളിക്കുമ്പോള്‍ ഒരമ്മയുടെ മനസ്സില്‍ തോന്നുന്ന നിറവിനെയും നിര്‍‌വൃതിയെയും കുറിച്ച് ചിന്തിച്ചപ്പോള്‍ ഏതോ നിര്‍‌വൃതിയില്‍ ഞാനുമകപ്പെട്ട പോലെ... പക്ഷേ അത് ഏറ്റു പറയാനുള്ള ഭാഷ എന്നില്‍ അപര്യാപ്തമാണ്‌. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഏത് ഭാഷയ്ക്കാണു അതിന്റെ ആഴമളക്കാനാവുക...

ഭൂമിലോകത്ത് അനുഭവവേദ്യമാകുന്ന ഏറ്റവും കരുണയാര്‍ന്ന ഭാവം മാതൃത്വത്തിന്റേതു തന്നെയാണെന്നുറപ്പിച്ചു പറയാന്‍ ഒരു സന്ദേഹത്തിന്റെ ആവശ്യമില്ല. അമ്മ തന്റെ കുഞ്ഞിനെ മാറോടു ചേര്‍ത്തു മുത്തം വെക്കുന്നത്, പക്ഷിക്കുഞ്ഞിന്റെ വായില്‍ അമ്മക്കിളി ഭക്ഷണം വെച്ചു കൊടുക്കുന്നത്, പൈക്കിടാവിന്റെ ശരീരം പശു നക്കിത്തുടയ്ക്കുന്നത്, കോഴിക്കുഞ്ഞുങ്ങള്‍ക്ക് തള്ളക്കോഴി തന്റെ ചിറകിനടിയില്‍ അഭയമൊരുക്കുന്നത് തുടങ്ങിയ കാഴ്ച്ചകളെല്ലാം മാതൃത്വത്തിന്റെ മഹനീയ ഭാവങ്ങളെയാണ്‌ നമുക്ക് കാണിച്ചു തരുന്നത്. ഇവിടെ പ്രവാചകന്‍ മുഹമ്മദ് പറഞ്ഞ ഒരു വചനം കൂടി ഓര്‍മ്മ വരുന്നു. "ആട്ടിന്‍‌കുട്ടി പാല്‍ കുടിക്കാന്‍ വരുമ്പോള്‍ തള്ളയാട് അതിന്റെ കാലുകള്‍ വിടര്‍ത്തിക്കൊടുക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ" എന്ന തള്ളയാടിന്റെ തന്റെ കുഞ്ഞിന്റെ മേലുള്ള കരുണയുടെ ഭാവം പ്രവാചകന്‍ കാണിച്ചു തരുന്നുണ്ട്. ഭൂമിയിലെ കാരുണ്യത്തിന്റെ ഭാവങ്ങളെ എത്ര സൂക്ഷ്മമായാണ് പ്രവാചകന്‍ ദര്‍ശിക്കുന്നതും പകര്‍ന്നു തരുന്നതും.. എങ്ങനെയാണ് അങ്ങനെയൊരാളുടെ സാന്നിദ്ധ്യം അവഗണിച്ചു കളയുക..

“മാതാവിന്റെ കാല്‍‌ച്ചുവട്ടിലാണ് സ്വര്‍ഗ്ഗം” എന്ന പ്രവാചകന്റെ മുന്നറിയിപ്പ് അവര്‍ക്ക് നമ്മിലുണ്ടായിരിക്കേണ്ട തൃപ്തിയെയാണ് അറിയിക്കുന്നത്.

ഭൗതികതയില്‍ നമുക്ക് തോന്നുന്ന ഏറ്റവും ഉന്നതമായ സ്നേഹം അമ്മയോടു തന്നെ. ഏത് തല പൊട്ടിപ്പിളരുന്ന സങ്കടങ്ങള്‍ പേറുമ്പോഴും അമ്മയുടെ കൈത്തലോടല്‍ വലിയൊരാശ്വാസമാണ്‌. "മോനേ" എന്നുള്ള വിളി കേള്‍ക്കുന്നത് ഒരു ജന്മത്തിന്റെ മുഴുവന്‍ സായൂജ്യമാണ്‌. നമ്മില്‍ തോന്നുന്ന സം‌തൃപ്തി അവരുടെ കണ്ണുകളില്‍ വിരിയിക്കുന്ന ഭാവങ്ങള്‍ക്ക് പകരം വെയ്ക്കാന്‍ ഈ ഭൗതികതയില്‍ മറ്റെന്താണുള്ളത്. പിണങ്ങി വീട്ടില്‍ നിന്നിറങ്ങിപ്പോയാലും തിരിച്ചു വരുമ്പോള്‍ ചോറും വിളമ്പി തന്റെ മകനെ കാത്തിരിക്കുന്ന അമ്മയില്‍ നിന്ന് ചൊരിയുന്ന സ്നേഹത്തെ എങ്ങനെയാണ്‌ നിര്‍‌വ്വചിക്കുക.. അമ്മയുടെ അര്‍ത്ഥങ്ങള്‍ അനിര്‍‌വ്വചനീയങ്ങള്‍ തന്നെ..

"അമ്മ"യുടെ ഈ സ്നേഹഭാവം കൊണ്ടു തന്നെയാവണം, നമുക്ക് ഏറെ സ്നേഹമുള്ളതിനെല്ലാം നാം മാതൃരൂപം നല്‍കുന്നത്. രാജ്യസ്നേഹം വര്‍ദ്ധിച്ച് നമ്മള്‍ നമ്മുടെ നാടിനെ ഭാരത മാതാവെന്ന് വിളിക്കുന്നു. അളവറ്റ അനുഗ്രഹങ്ങള്‍ നല്‍കുന്ന പ്രകൃതിയെയും നാം പ്രകൃതീദേവി, പ്രകൃതിമാതാവ് എന്നിങ്ങനെ വിശേഷിപ്പിക്കാറുണ്ട്. ഭൂമിയും സ്ത്രീലിംഗ പദം തന്നെ.

ഈ മാതാവിനോടുണ്ടായിരിക്കേണ്ട സ്നേഹവും കടപ്പാടും ആരെങ്കിലും പറഞ്ഞുപഠിപ്പിക്കുന്നതിനേക്കാള്‍ അത് നമ്മിലലിയിക്കപ്പെടുന്നു എന്നുള്ളതാണു സത്യം. സമീപത്തിരിക്കുമ്പോള്‍ തിരിച്ചറിയാനാവാത്ത മാതാവിന്റെ മഹത്വം അകന്നിരിക്കുമ്പോഴെങ്കിലും നമ്മുടെ കണ്ണുകള്‍ നനയിച്ചിരിക്കും. ഉള്ളം പൊള്ളിച്ചിരിക്കും.

എങ്കിലും എന്റെ വായനയ്ക്കിടയില്‍, മനുഷ്യരാശിയോട് പലപ്പോഴായി തന്നെ ആരാധിക്കേണ്ടതിനെക്കുറിച്ച് മുന്നറിയിപ്പു നല്‍കുന്നിടത്തെല്ലാം ദൈവം, മാതാപിതാക്കള്‍ക്ക് നന്മ ചെയ്യേണ്ടതിനെയും ഏറെ പ്രാധാന്യ പൂര്‍‌വ്വം സൂചിപ്പിച്ചു കാണുന്നു. "എനിക്കു നീ നന്ദി ചെയ്യുക, നിന്റെ മാതാപിതാക്കള്‍ക്കും നന്ദി ചെയ്യുക" എന്ന് തന്നോടുള്ള കടപ്പാടിന്റെ കൂടെച്ചേര്‍ത്ത് മാതാപിതാക്കളടുണ്ടാവേണ്ട ബാധ്യതയുടെ ഗൗരവത്തെ ദൈവം ബോധ്യപ്പെടുത്തുന്നുണ്ട്. അവര്‍ക്ക് കാരുണ്യത്തിന്റെ ചിറകുകള്‍ വിടര്‍ത്തി നല്‍കാനും, "ദൈവമേ, അവര്‍ എന്റെ ബാല്യത്തില്‍ എന്നോട് കാരുണ്യം ചെയ്തതു പോലെ അവര്‍ക്കും നീ കാരുണ്യം നല്‍‌കേണമേ" എന്ന പ്രാര്‍ത്ഥന എല്ലാ പ്രാര്‍ത്ഥനകള്‍ക്കുമൊപ്പം ഉണ്ടായിരിക്കണമെന്നും ഖുര്‍‌ആന്‍ മനുഷ്യരാശിയോടാവശ്യപ്പെടുന്നു. "ച്ഛെ" എന്ന ഒരു പദം പോലും അവര്‍ക്കു നേരെ പ്രയോഗിച്ചേക്കരുത് എന്ന താക്കീതും ഖുര്‍‌ആന്‍ നല്‍കുന്നു.

-----------------------
പൂര്‍ത്തിയാക്കാ‍നാവാതെ....

Sunday, November 1, 2009

"Education means all round development of a person"

ഇത് വിദ്യാഭ്യാസത്തെക്കുറിച്ച് വ്യാപകമായി പറയപ്പെടുന്ന വാചകമാണ്‌. അതൊരു ഭംഗിയുള്ള രത്നച്ചുരുക്കവും കൂടിയാണ്‌. വിദ്യാഭ്യാസപരമായി ഉയര്‍ന്നു നില്‍ക്കുന്നവര്‍ സ്വഭാവം കൊണ്ടും പെരുമാറ്റം കൊണ്ടും ജീവിതനിലവാരം കൊണ്ടും ഇതരരില്‍ നിന്ന് പുരോഗമനപരമായ വ്യതിരിക്തത പുലര്‍ത്തുന്നവരായിരിക്കും. വ്യക്തിയുടെ, കുടുംബത്തിന്റെ, സമൂഹത്തിന്റെ, രാജ്യത്തിന്റെയെല്ലാം പുരോഗതി കുടികൊള്ളുന്നത് തങ്ങളുടെ വിദ്യാഭ്യാസത്തിലെ പുരോഗതിയിലാണ്‌. അങ്ങനെ വരുമ്പോള്‍ ജീവിതം മുഴുവന്‍ ഉദാത്തമായ ഉന്മേഷവും നന്മയുടെ നൈര്‍മല്യവും പകരാന്‍ വിദ്യയ്ക്ക് സാധ്യമാകുന്നുണ്ടെന്നു വേണം മനസ്സിലാക്കാന്‍. നമ്മള്‍ കേരളീയര്‍ ഇക്കാര്യത്തില്‍ ഒട്ടൊക്കെ മുന്നിലാണെന്നാണ്‌ വെപ്പ്. ലോകത്തിന്റെ മുക്കിലും മൂലയിലും വിദ്യ കൊണ്ടും തന്റേടം കൊണ്ടും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ മലയാളികള്‍ക്ക് സാധിച്ചിട്ടുണ്ട്. സ്വരാജ്യത്തു നിന്നു തന്നെയുള്ള മറ്റുസമൂഹങ്ങള്‍ക്കും, മറ്റു രാജ്യക്കാര്‍ക്കുമിടയില്‍ ജീവിക്കുമ്പോള്‍ ഇത് ഏറെക്കുറെ അനുഭവിക്കാനാവുന്നുണ്ട്.


എന്നാലും ഇതെഴുതുമ്പോള്‍ അവഗണിക്കാനാവാത്ത ചില ചോദ്യങ്ങള്‍ മനസ്സിലുയരുന്നുണ്ട്. മുകളില്‍ പറഞ്ഞതു പോലെ മനുഷ്യ മനസില്‍ ഉദാത്തമായ സ്വാധീനം ചെലുത്താന്‍ ഇന്ന് വിദ്യാഭ്യാസത്തിന്‌ സാധിക്കുന്നുണ്ടോ ? വ്യക്തിയുടെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും പുരോഗതിയില്‍ പങ്കുവഹിക്കാന്‍ പ്രാപ്തമാണോ നമ്മള്‍ നേടുന്ന വിദ്യാഭ്യാസം ? ആണെങ്കില്‍ വിദ്യയില്‍ മുന്‍പന്തിയിലാണെന്ന് അവകാശപ്പെടുന്ന നമ്മള്‍ എന്നും അരുതായ്മകള്‍ക്ക് മാത്രം കാതോര്‍ക്കേണ്ടി വരുന്നതെന്തു കൊണ്ട്? വിദ്യാഭ്യാസയോഗ്യതകളില്‍ മുമ്പിലായിരിക്കുമ്പൊഴും, സാക്ഷ്യപത്രങ്ങള്‍ കെട്ടുകണക്കിന്‌ സ്വന്തമായിരിക്കുമ്പൊഴും സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കു വേണ്ടി സ്വത്വത്തെ അടിയറവെക്കുന്ന സ്ഥിരം കാഴ്ച്ചകള്‍ കാണേണ്ടി വരുന്നതെന്തു കൊണ്ട്.. ?


വാര്‍ത്തകള്‍ അറിയാനും അറിയിക്കാനും നമുക്ക് സം‌വിധാനങ്ങള്‍ കൂടുതലാണെന്നും അതു കൊണ്ടാണ്‌ നമുക്ക് കൂടുതല്‍ കേള്‍ക്കേണ്ടി വരുന്നതെന്നും, അല്ലെങ്കില്‍ എല്ലായിടത്തും നടക്കുന്നതേ ഇവിടെയും നടക്കുന്നുള്ളൂ എന്നുമുള്ള ന്യായീകരണം പറയപ്പെടാറുണ്ട് പലപ്പോഴും. പക്ഷേ, ഇന്ന് ആ വാര്‍ത്താമാധ്യമങ്ങള്‍ പോലും വിഷം കലര്‍ത്തിയാണ്‌ നമ്മെ സേവിക്കുന്നത് എന്നത് വേദനയോടെ ഉള്‍ക്കൊള്ളേണ്ടി വരുന്നു. സത്യത്തിനും നീതിക്കുമപ്പുറം, താല്പര്യങ്ങളാണ്‌ സം‌രക്ഷിക്കപ്പെടേണ്ടതെന്ന് മാധ്യമങ്ങള്‍ പരിചയിച്ചിരിക്കുന്നു. വ്യത്യസ്തതകള്‍ പരീക്ഷിക്കുകയും വേഗതയില്‍ മല്‍സരിക്കുകയും ചെയ്യുന്നതിനിടയില്‍ യാഥാര്‍ത്ഥ്യങ്ങള്‍ അന്യം നിന്നു പോകുന്നത് ഒരു വിഷയമല്ലാതായിരിക്കുന്നു. മാധ്യമമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ യോഗ്യതകളില്‍ എന്തു കൊണ്ടും മുന്നിലായിരിക്കണമല്ലോ.. ഇവിടെയും നാം നേടിയ വിദ്യാഭ്യാസത്തിന്റെ മൂല്യം ചോദ്യം ചെയ്യപ്പെടുകയാണ്‌.


വിദ്യയുടെ ആരാമത്തിലെ ശലഭങ്ങളെന്ന് നമ്മള്‍ വിശേഷിപ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്നു പോലും ഭംഗിയുള്ള കാഴ്ച്ചകളോ സൗരഭ്യമുള്ള വാര്‍ത്തകളോ ലഭ്യമല്ല. ഈയിടെയായി വിദ്യാര്‍ത്ഥികളെക്കുറിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചുമുള്ള വര്‍ത്തമാനം വാര്‍ത്താമാധ്യമങ്ങളില്‍ കൂടുതല്‍ നിറഞ്ഞു നിന്നത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെട്ടപ്പോഴാണ്‌. ഒരു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തപ്പോള്‍ ഇടവും വലവും നോക്കാതെ, കക്ഷിരാഷ്ട്രീയഭേദമില്ലാതെ കോളേജ് മാനേജ്‌മെന്റിനെതിരെ സമരത്തിനിറങ്ങിയ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ തങ്ങള്‍ക്ക് തിരിച്ചറിവ് കുറവാണെന്ന് തെളിയിച്ചു കളഞ്ഞു. ചാനലുകളില്‍ അന്നു രാത്രി നടന്ന ചൂടേറിയ ചര്‍ച്ചകളില്‍ "ഇതിനു മുമ്പ് മറ്റേ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തപ്പൊഴും, മറ്റേ കുട്ടി ചാടി മരിച്ചപ്പൊഴും ഞങ്ങളുടെ പാര്‍ട്ടിയെടുത്ത നിലപാട് വളരെ ശക്തമായിരുന്നു" എന്ന് വിളിച്ച് കൂവാന്‍ ആവേശം കാട്ടിയ പ്രസ്ഥാനപ്രതിനിധികള്‍ രാഷ്ട്രീയവല്‍ക്കരണം പ്രയോഗിക്കേണ്ട സന്ദര്‍ഭങ്ങളെക്കുറിച്ച് പോലും തങ്ങള്‍ അജ്ഞരാണെന്ന് തെളിയിച്ചു. അനാവശ്യവും അനിയന്ത്രിതവുമായ ആവേശവും ഏതുവിധേനയും ജയിക്കാനുള്ള ത്വരയുമാണിന്നീ പ്രസ്ഥാനങ്ങളെ നിയന്ത്രിക്കുന്നത്.


സ്വാശ്രയ വിദ്യാഭ്യാസം പോലെ പല ഘട്ടങ്ങളിലൂടെ തങ്ങളുടെ ജീവിതം കടന്നു പോകുമ്പൊഴും വിദ്യാര്‍ത്ഥികള്‍ നിരാശരും നിരാശ്രയരുമാണ്‌. നൈമിഷികമായ വികാരങ്ങള്‍ക്കു പുറത്താണ്‌ ഒരു മനുഷ്യജീവിതത്തിന്റെ ഉള്‍ക്കനത്തെ മറന്നു പോകുന്നത്. ഇവര്‍ പള്ളിക്കൂടത്തിലും കലാലയത്തിലും പോയ വര്‍ഷങ്ങളത്രയും എന്തു പഠിച്ചുവെന്നതാണ്‌ ചോദ്യം. വിദ്യയുടെ ഏത് തലങ്ങളും മനുഷ്യന്ന് ഉപകാരപ്പെടുന്നതിനു വേണ്ടിയാണെന്നാണു മനസിലാക്കപ്പെട്ടിട്ടുള്ളത്. മൃഗത്തെ ചികില്‍സിക്കാന്‍ വൈദ്യനുണ്ടായതു പോലും മൃഗം മനുഷ്യന്റെ ആവശ്യമായതു കൊണ്ടായിരിക്കണം. പക്ഷേ, അത്തരമൊരു ഉള്‍ക്കാഴ്ച്ചയോ നിരീക്ഷണമോ വിദ്യാര്‍ത്ഥികളില്‍ ദര്‍ശിക്കാനാവുന്നില്ല. ഇന്ന് ഭൂരിഭാഗവും ഉപരിപ്ലവമായ പഠനം മാത്രമേ നിര്‍‌വ്വഹിക്കുന്നുള്ളൂ എന്നു വേണം മനസിലാക്കുവാന്‍. അല്ലെങ്കില്‍ വര്‍ഷങ്ങള്‍ നിരന്തരം പഠിക്കുകയും ഒറ്റ നിമിഷം കൊണ്ട് ജീവിതമവസാനിപ്പിക്കുകയും ചെയ്യുന്ന വൈരുദ്ധ്യാവസ്ഥയെക്കുറിച്ച് എന്താണു മനസിലാക്കുക. വിദ്യാഭ്യാസം ജീവിത വ്യവസ്ഥയെ വലയം ചെയ്യുന്നില്ല എന്നത് തീര്‍ത്തും ഒരു ദുരവസ്ഥയാണ്‌.

അദ്ധ്യാപക- വിദ്യാര്‍ത്ഥി ഇടപെടലുകളില്‍ പഴയ കാലങ്ങളിലേതു പോലെ മൂല്യങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നില്ല എന്നതും ആലോചനാര്‍ഹമാണ്‌. അദ്ധ്യാപകര്‍, പുസ്തകം വായിച്ച് നിര്‍‌ദ്ദേശം തരുന്നതിലപ്പുറം, ജീവിതവഴിയുടെ നേരുകള്‍ പകര്‍ന്നു തരുമായിരുന്നു. വൃത്തിയുടെ, മര്യാദയുടെ, ബഹുമാനത്തിന്റെ, അനുസരണയുടെ, സുരക്ഷയുടെ, നന്മയുടെ, സൗഹൃദത്തിന്റെ, പങ്കുവെപ്പിന്റെയെല്ലാം പാഠങ്ങള്‍ നമുക്ക് വീട്ടില്‍ നിന്നെന്നതിനേക്കാള്‍ പള്ളിക്കൂടങ്ങളില്‍ നിന്ന് ലഭിച്ചിരുന്നു. ഓരോ അദ്ധ്യാപകനും നമുക്കോരോ മാതൃകയായിരുന്നു. അങ്ങാടിയില്‍ വെച്ച് അദ്ധ്യാപകനെ കാണുമ്പോള്‍ അറിയാതെ ചൂളിപ്പോകുന്ന ബാല്യം നമ്മില്‍ അലിയിച്ച ബഹുമാനത്തെ ഓര്‍മ്മിപ്പിക്കുന്നു.


ഇന്ന് അദ്ധ്യാപക-വിദ്യാര്‍ത്ഥി ബന്ധം കൂടുതല്‍ സൗഹൃദപരമാണെന്നും, വടിയെടുത്ത് കണ്ണുരുട്ടുന്ന അദ്ധ്യാപകര്‍ പഴയ കാഴ്ച്ചയാണെന്നും പുരോഗതി പറയുമെങ്കിലും ഇത് സാമൂഹിക ജീവിതത്തിലുണ്ടാക്കിയ നഷ്ടങ്ങളെയും ന്യൂനതകളെയും കുറിച്ചാലോചിക്കുമ്പോള്‍ പുരോഗതിയുടെ വിവക്ഷയെ പുനരാലോചിക്കാന്‍ ബാധ്യസ്ഥരാവും നമ്മള്‍. അദ്ധ്യാപകന്‍ അദ്ധ്യാപകനും വിദ്യാര്‍ത്ഥി സ്വയം വിദ്യാര്‍ത്ഥിയുമാവുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക് അതൊരു മാര്‍ഗ്ഗമാകുന്നുള്ളൂ.

മാറി വരുന്ന സര്‍ക്കാരിന്റെ നിലപാടുകള്‍ക്കനുസരിച്ച് വിദ്യാഭ്യാസരീതിയിലും, പാഠ്യപദ്ധതിയിലും മാറ്റം വേണമെന്ന ശാഠ്യം ഈ മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കുട്ടികള്‍ എന്തു പഠിക്കണമെന്നതില്‍ സ്ഥായിയായ ഒരു നിലപാടാണാവശ്യം. അവിടെ തുടര്‍ച്ച നഷ്ടപ്പെടുമ്പോള്‍ ഒരു സമൂഹത്തിന്റെ വളര്‍ച്ചയും കൂടിയാണ്‌ മുരടിക്കുന്നത്. ഇതര മേഖലകളെപ്പോലെ ഉന്നത വിദ്യാഭ്യാസരംഗം പോലും സമരത്തിലേക്കും നിരന്തര തര്‍ക്കങ്ങളിലേക്കും വലിച്ചിഴയ്ക്കപ്പെടുന്നത് ഭൂഷണമല്ല.

"education is not a preparation for life, but is life itself.” - (വിദ്യാഭ്യാസം ജീവിതത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പല്ല, ജീവിതം തന്നെയാണത്) എന്ന് പ്രശസ്ത അമേരിക്കന്‍ തത്വചിന്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ ജോണ്‍ ഡെവി പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ ജീവന്‍ തൊട്ടറിഞ്ഞിരിക്കണം അദ്ദേഹം. അതില്‍ നമുക്കുള്‍ക്കൊള്ളേണ്ടത് ജീവിതത്തിലൂടെ തന്നെ നാം പഠിച്ചു കൊണ്ടും പകര്‍ത്തിക്കൊണ്ടുമിരിക്കണമെന്ന പാഠമാണ്‌. മറിച്ച്, വിദ്യാഭ്യാസം കൊണ്ടുള്ള ലക്ഷ്യം ഭാവിജീവിതത്തിന്റെ സാമ്പത്തിക ഭദ്രത മാത്രമാവുമ്പോഴാണ്‌ അത് ഉപരിപ്ലവമാവുന്നത്. വിദ്യ നേടുക വഴി പുരോഗതി പ്രാപിക്കുകയും ആ പുരോഗതിയില്‍ പരിപൂര്‍ണ്ണമായ സ്വയം‌പര്യാപ്തത നടിക്കുകയും ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍ക്കെതിരെ കണ്ണടക്കുകയും ചെയ്യുന്നത് നേടിയ വിദ്യയെ അപമാനിക്കലും കൂടിയാണ്‌. നേടിയ അറിവുകളെ കര്‍മ്മം കൊണ്ട് ധന്യമാക്കാനാവണം. മനുഷ്യന്റെ ഭൗതികതയെക്കുറിച്ച് പരലോകത്തു വെച്ച് ദൈവം ചോദ്യം ചെയ്യുമെന്നും അതിനു ശേഷമല്ലാതെ കാല്‍‌പാദം മുന്നോട്ടെടുത്തു വെക്കാന്‍ അവന്ന് സാധിക്കില്ലെന്നും പഠിപ്പിച്ച പ്രവാചകന്‍ പറഞ്ഞ നാല്‌ ചോദ്യങ്ങളില്‍ അവസാനത്തേത് "പഠിച്ചതില്‍ എന്ത് പ്രവര്‍ത്തിച്ചു" എന്നതു തന്നെയാണ്‌.

കുട്ടികള്‍ക്ക് നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം വിഭാവനം ചെയ്യുമ്പൊഴും അതിന്റെ മൂല്യമുറപ്പു വരുത്തുകയും കുട്ടികളില്‍ അതു കൊണ്ടുണ്ടാകുന്ന സ്വാധീനത്തെ നിരീക്ഷിക്കുകയും ചെയ്യുക കൂടി അത്യാവശ്യമാണ്‌. കുറഞ്ഞ പക്ഷം സ്വന്തം കുട്ടികളെ ശ്രദ്ധിക്കാനെങ്കിലും നാം ഗൗരവപ്പെടേണ്ടതുണ്ട്. ഇല്ലെങ്കില്‍ നാം പലപ്പോഴും കാണുന്ന പ്രഭാഷണപരമ്പര പോലെ, ദിവസങ്ങളോളം പ്രസംഗിക്കുകയും സമാപനത്തിനു ശേഷം കണക്കവതരിപ്പിക്കപ്പെടുകയും ചെയ്യാം. മനസിനുള്ളില്‍ അതെത്ര മാത്രം സ്വാധീനം ചെലുത്തിയെന്ന് നമുക്കറിയേണ്ടതില്ലല്ലോ.

-----------------------------------------------
22/10/2009 ന്‌ കാസറഗോഡ്‌വാര്‍ത്ത. കോം- ല്‍ ഇത് പ്രസിദ്ധീകരിച്ചിരുന്നു.

Saturday, October 17, 2009

ഏകാന്തതയെ എന്നുമെനിക്കിഷ്ടമായിരുന്നല്ലോ..
ഒത്തുകൂടുന്ന നേരങ്ങളെ അര്‍ത്ഥശൂന്യമായ വാക്കുകള്‍ കൊണ്ട് നിറയ്ക്കുന്നതിനേക്കാളും, ലൗകികസൗകര്യങ്ങളുടെ നിറഭേദങ്ങളിലേക്ക് വര്‍ത്തമാനങ്ങള്‍ ഉഴറിവീഴുന്നതിനേക്കാളും, മറന്നു വെച്ച ചാപല്യങ്ങളെ തുറന്നുവിടുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനേക്കാളും എന്തുകൊണ്ടും ഏകാന്തത സുഖമുള്ള അനുഭവമാണ്‌.

സോദ്ദേശ്യപരമല്ലാത്ത കൂട്ടായ്മകള്‍ പലപ്പോഴും വിടുവായിത്തങ്ങള്‍ക്കപ്പുറം കടന്നു പോകാതിരിക്കുകയും തീര്‍ത്തും പൊള്ളയായ ഭൗതിക കെട്ടുകാഴ്ച്ചകളില്‍ പക്ഷം ചേര്‍ന്ന വാദപ്രതിവാദങ്ങളില്‍ നേരം നീക്കുകയും ചെയ്യുന്ന നിലയിലാണ്‌ അപ്രസക്തമാകുന്നത്. "വെടിപറച്ചിലുകള്‍" എന്ന് മനോഹരമായി മൊഴിമാറ്റപ്പെടാമെങ്കിലും വിടുവായിത്തങ്ങള്‍ ജീവിതയാത്രയുടെ ഗൗരവരാഹിത്യത്തെ അടയാളപ്പെടുത്തുന്നുണ്ട് പലപ്പോഴും. കൂട്ടായ്മകള്‍ക്കിടയിലെ നൈമിഷികമായ ആസ്വാദനങ്ങള്‍ക്കു വേണ്ടി മൂല്യങ്ങളെ ബലിനല്‍കുകയോ മൂല്യചുതികളെ കണ്ണടച്ചവഗണിക്കുകയോ ചെയ്യേണ്ടിവരാറുണ്ട്. പൊതു നന്മകള്‍ക്ക് പശ്ചാത്തലമാവുന്ന സൗഹൃദക്കൂട്ടായ്മകള്‍ക്കും നിര്‍‌ദ്ദോഷങ്ങളായ നേരമ്പോക്കുകള്‍ക്കുമപ്പുറത്ത് ഉപദ്രവകരങ്ങളായ ഉന്മാദാവസ്ഥകളെക്കുറിച്ചാണീ ഗൗരവപ്പെടല്‍.

കണ്‍‌വെട്ടത്ത് നിന്ന് മറഞ്ഞു മാഞ്ഞു പോകുന്ന നഗ്നതളെയും, കണ്‍‌മുന്നിലെ ഉണ്മകളുണര്‍ത്തുന്ന ചിന്താധാരകളെയും പര്യാലോചനയ്ക്ക് വിധേയമാക്കുവാന്‍ ഏകാന്തത തന്നെയാണ്‌ തുണ. സ്വത്വത്തിലേക്ക് പാളിനോക്കാന്‍ സൗകര്യമാണ്‌ ഒറ്റയ്ക്കിരിക്കുമ്പോള്‍. അങ്ങനെ പാളി നോക്കുമ്പോള്‍ മനസിന്റെ കണ്ണാടിയില്‍ തെളിയുന്ന ജാള്യതകളെ മറയ്ക്കാനല്ലാതെ, സ്വത്വത്തില്‍ നിന്നത് മായ്ച്ചു കളയാനുള്ള പ്രേരണകളും ഈ ഏകാന്തതയാണു നല്‍കുന്നത്.

ഏകാന്തത, ഓര്‍മ്മകളുടെ തീരത്തു കൂടിയുള്ള സഞ്ചാരവും അനുഭവങ്ങളും സ്വപ്നങ്ങളും സഹയാത്രികരുമാണ്‌. പൊയ്പ്പോയ ദിനങ്ങളില്‍ ജീവിതവഴിയില്‍ ആസ്വദിച്ച പുഷ്പസൗരഭ്യവും, നൊമ്പരപ്പെടുത്തിയ കനലുകളും ഒരുപോലെ കൂട്ടിന്‌ വരുന്നൊരു യാത്രയാണത്; ഗതകാലാനുഭവങ്ങള്‍ ഓര്‍ത്തെടുക്കാനും പുതിയ പാഠങ്ങള്‍ അവയില്‍ നിന്നുള്‍ക്കൊള്ളാനും വരും‌കാലത്തേക്കു കരുക്കള്‍ ശേഖരിക്കാനുമാവുമെങ്കില്‍ എത്ര ധന്യമാണീ ഏകാന്തത.. നഷ്ടസൗഭാഗ്യങ്ങളുടെ നീര്‍ക്കുമിളകളെയോര്‍ത്ത് നെടുവീര്‍പ്പിടുന്നതിലപ്പുറം ഭാവിയുടെ തുറന്ന വാതായനങ്ങളിലേക്കുള്ള നേര്‍‌വഴിക്കായി പാഥേയമൊരുക്കുവാനാവണം ഏകാന്തത തുണയാകേണ്ടത്.

ഈ വഴിയിലേക്കു കാലെടുത്തു വെച്ചപ്പൊഴും പിരിഞ്ഞു പോകേണ്ടപ്പൊഴുമെല്ലാം ഞാനേകനാണെന്നറിയുമ്പോള്‍ എന്നെ വല്ലാതെ പിന്തുടരുന്നുണ്ട് ഈ ഏകാന്തത.

Tuesday, September 15, 2009

ലൈംഗികത ജീവിതത്തിന്റെ പ്രധാന ഭാഗമാണ്‌. മനുഷ്യനില്‍‌ മാത്രമല്ല, സകല ജീവികളിലും ലൈംഗികത പ്രകൃതിപരമാണ്‌. മനുഷ്യനടക്കമുള്ള എല്ലാ ജീവികളിലും ഇണകളും, സ്വാഭാവികമായ ലൈംഗിക ആകര്‍ഷണങ്ങളും ചോദനകളും എല്ലാം ഉള്‍ക്കൊണ്ടിട്ടുമുണ്ട്. അതു കൊണ്ടു തന്നെ മനുഷ്യ പ്രകൃതി തേടുന്ന അവന്റെ ലൈംഗിക ചോദനകള്‍ക്ക് അവന്‍ അര്‍ത്ഥം കണ്ടെത്തേണ്ടതുണ്ട്; മനുഷ്യന്‍ എന്ന പദവിയും പരിധിയും നില നിര്‍ത്തിക്കൊണ്ടു തന്നെ.

രണ്ടു വര്‍ഷം മുമ്പ് ദൂരദര്‍ശനില്‍ ഒരു സ്വാമിയുടെ പ്രഭാഷപരമ്പരയില്‍ അദ്ദേഹം പറഞ്ഞു കേട്ട ഒരു നിരീക്ഷണം കൂടി പങ്കു വെക്കട്ടെ. മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ആനന്ദം കണ്ടെത്തുന്ന പ്രക്രിയയാണു ലൈംഗികത. ഇതിന്റെ കാരണം വളരെ ലളിതമാണ്‌. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഒരു മനുഷ്യന്‍ തന്റെ പുറമെയുള്ള ജാഢകളെല്ലാം മാറ്റി വെക്കുകയും, പച്ചയായ മനുഷ്യന്റെ അവസ്ഥയിലേക്ക് അവന്‍ എത്തിച്ചേരുകയും ചെയ്യുന്നു. സമൂഹത്തില്‍ താന്‍ വഹിക്കുന്ന സ്ഥാനമോ, ജോലിയിലെ ഉന്നത പദവിയോ മതരംഗത്തുള്ള നേതൃത്വമോ ഒന്നും ഒരാളുടെ ലൈംഗികസുഖത്തെ ബാധിക്കുന്നേയില്ല. ഇതര ബന്ധങ്ങളെയും ചിന്തകളെയുമെല്ലാം മറന്ന് പ്രകൃതിപരമായ അവന്റെ സ്വത്വത്തിലേക്ക് സഞ്ചരിക്കുന്ന വേളയാണ്‌ ലൈംഗികത. ഇങ്ങനെ മനുഷ്യന്‍ തന്റെ സ്വത്വത്തിലേക്കെത്തിച്ചേരുന്നതു തന്നെയാണ്‌ അവന്റെ പരമാനന്ദത്തിനു കാരണം എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ഇങ്ങനെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നാമെടുത്തണിയുന്ന ജാഢകളെയും അഹങ്കാരങ്ങളെയും മാറ്റി നിര്‍ത്തുകയും യഥാര്‍ത്ഥ മനുഷ്യനാവാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ ജീവിതം ആനന്ദപൂര്‍‌ണ്ണമാകുന്നു എന്ന അദ്ദേഹത്തിന്റെ നിരീക്ഷണം പങ്കുവെക്കാന്‍ മാത്രമാണ്‌ ഈയൊരു പാരഗ്രാഫ് എഴുതിയത്.

വിഷയത്തിലേക്ക് തിരിച്ചു വന്നാല്‍, മനുഷ്യന്റെ ലൈംഗികത വളരെ പ്രധാനപ്പെട്ട വിഷയമാണെന്ന് പറയുമ്പൊഴും അവിടെ മനുഷ്യന്റെ പ്രകൃതിയും പരിധിയും കൂടി വിഷയമാക്കേണ്ടതുണ്ട്. പ്രകൃത്യാ അന്തര്‍‌ലീനമായ ചോദന ഉണര്‍ന്നു വരുമ്പോഴെല്ലാം അത് പൂര്‍ത്തീകരിക്കാന്‍ പക്ഷിമൃഗാദികള്‍ക്ക് പ്രയാസമില്ല. ബന്ധങ്ങളോ, സ്വകാര്യതയോ പോലെയുള്ള സദാചാരസീമകള്‍ അവയ്ക്ക് നിശ്ചയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ മനുഷ്യന്‍ തന്റെ ലൈംഗികതയെ സ്വകാര്യമായി കൊണ്ടു നടക്കുന്നു. ബന്ധങ്ങള്‍, സാമൂഹികപരിധികള്‍, എല്ലാത്തിനുമപ്പുറം ലജ്ജ തുടങ്ങിയ മാനുഷികമായ വലയങ്ങള്‍ക്കകത്താണവന്റെ ജീവിതം എന്നതു കൊണ്ടു തന്നെ അവന്റെ ലൈംഗികതയ്ക്ക് സ്വകാര്യതയുണ്ട്. അത് അങ്ങനെ തന്നെ ആസ്വദിക്കാനാണ്‌ അവന്‍ ഇഷ്ടപ്പെടുന്നതും. എന്നാല്‍ ഇവയ്ക്ക് വിപരീതമായി, സദാചാരത്തിന്റെ സീമകള്‍ സര്‍‌വ്വവും ലം‌ഘിച്ചും, നില നിന്നു പോന്ന സാമൂഹിക നിലപാടുകളെ കാറ്റില്‍ പറത്തിയും ലൈംഗികതയുടെ പുതിയ സ്വാതന്ത്ര്യം അവന്‍ സ്വയം പ്രഖ്യാപിക്കുന്നിടത്താണ്‌ അത് മനുഷ്യത്വത്തിനപ്പുറം കടന്നു പോകുന്നത്. അവിടെയാണ്‌ മനുഷ്യന്‍ എന്ന അവസ്ഥയില്‍ നിന്നും അവന്‍ അധഃപതിക്കുന്നത്. പിച്ച വെച്ചു തുടങ്ങുന്ന പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ വയോവൃദ്ധകള്‍ വരെ നെറികെട്ട കാമാര്‍ത്തിയുടെ ഇരകളാവുന്നതും, ബസിനകത്തു പോലും നമ്മുടെ സഹോദരിമാര്‍ക്ക് സ്വസ്ഥത നഷ്ടപ്പെടുന്നതും അവിടെ വെച്ചാണ്‌.

പ്രകൃതി മനുഷ്യനില്‍ അന്തര്‍‌ലീനമാക്കിയ ലൈംഗികതയ്ക്ക് പരിധി നിശ്ചയിക്കുന്നതെന്തിനെന്ന് ചോദിക്കാം. അവിടെയാണ്‌ മനുഷ്യന്‍ വ്യത്യസ്തനാവുന്നത്. ബുദ്ധിയും വിവേചനശേഷിയും കൊണ്ട് അനുഗ്രഹിക്കപ്പെട്ട മനുഷ്യന്റെ മഹത്വം ഉല്‍‌ഘോഷിക്കപ്പെടുന്നത് അവന്റെ ധാര്‍മ്മിക, സദാചാര നിഷ്ഠകള്‍ കൊണ്ടു തന്നെയാണ്‌. വിവേചനബുദ്ധി കൊണ്ട് അനുഗ്രഹീതനായ മനുഷ്യന്ന് തന്റെ സ്വത്വത്തെ തിരിച്ചറിയാനാവാതെ പോകുമ്പോള്‍ അവന്റെ അധഃപതനവും തിരിച്ചറിയപ്പെടാതെ പോകും. ഇതു പഠിപ്പിക്കാന്‍ ഇന്നത്തെ ബുദ്ധിജീവികളേക്കാള്‍ താത്വികമായി ജീവിതം പഠിപ്പിച്ച ശ്രേഷ്ഠവ്യക്തിത്വങ്ങള്‍ കടന്നുവന്നിട്ടുണ്ട്. അവര്‍ അവതരിപ്പിച്ച ജീവിത പദ്ധതികള്‍ ആഗോളസമൂഹം സ്വീകരിക്കുകയും പകര്‍ത്തുകയും ചെയ്തതിന്റെ പരിണിതഫലങ്ങള്‍ തന്നെയാണ്‌ നമുക്കിടയില്‍ നിലനില്‍ക്കുന്ന സദാചാരപരിധികള്‍.

ഈ സദാചാരപരിധികള്‍ക്കകത്തു നിന്ന് ജീവിക്കുന്നതു കൊണ്ടാണ്‌ ഒരാള്‍ക്ക്, നിസഹായയും, ഏകയുമായി മുമ്പില്‍ വരുന്ന സ്ത്രീയെ തന്റെ ലൈംഗികോപാധിയായി കാണുന്നതിനു പകരം അവളുടെ ദുഃഖങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സാധിക്കുന്നത്. സ്ക്കൂള്‍ വിട്ടു വരുന്ന വഴിയില്‍ പിഞ്ചു കുഞ്ഞിന്റെ കവിളില്‍ അരുമയോടെ തലോടുന്നതിനു പകരം തന്റെ കാമാര്‍ത്തിക്കു വേണ്ടി വലിച്ചിഴയ്ക്കാന്‍ തോന്നുന്ന മനുഷ്യന്റെ മുമ്പില്‍ ഇന്ന് ലൈംഗികസ്വാതന്ത്ര്യത്തിന്നു വേണ്ടി മുറവിളി കൂട്ടുന്നവരുടെ ഏത് നിര്‍‌ദ്ദേശങ്ങളാണ്‌ പാഠമാവേണ്ടത്..? ഏത് നിയമങ്ങളാണ്‌ അവന്റെ ചെവിയില്‍ വേദവാക്യങ്ങളാവേണ്ടത്..? എന്ത് സദാചാരത്തെക്കുറിച്ചാണ്‌ അവര്‍ക്കീ മനുഷ്യനോടോതാനുള്ളത്..? ഇവിടെ മതങ്ങള്‍ പഠിപ്പിക്കാത്ത സദാചാരമോ, സാമൂഹ്യപാഠമോ ഈ പറഞ്ഞ ബുദ്ധിജീവികള്‍‌ക്കോ, നിരീശ്വര, നിര്‍‌മതവാതികള്‍ക്കോ പകര്‍ന്നു കൊടുക്കാനാവില്ല. മറിച്ച് ഇവിടെ തുണയാവേണ്ടത് അവന്‍ ജീവിതത്തില്‍ പഠിപ്പിക്കപ്പെട്ടതോ, ആര്‍ജ്ജിച്ചെടുത്തതോ ആയ സാമൂഹ്യപാഠങ്ങളാണ്. അവന്റെ ജീവിതം നല്‍കുകയും, നിലനിര്‍ത്തുകയും അതിന്‌ വ്യക്തമായ പരിധികള്‍ നിര്‍‌ണ്ണയിക്കുകയും ചെയ്ത ദൈവത്തെക്കുറിച്ചുള്ള സ്മരണയും അവന്റെ ശിക്ഷയെക്കുറിച്ചുള്ള ബോധ്യവും തന്നെയാണ്‌.

മനുഷ്യന്റെ സ്വഭാവസവിശേഷതയും മേന്മയും ദൗര്‍‌ബല്യവുമെല്ലാം മറ്റാരേക്കാളും നന്നായറിയുന്നത് അവനെ സൃഷ്ടിച്ചെടുത്ത ദൈവം തന്നെയായിരിക്കണം. അതു കൊണ്ടു തന്നെ അവന്റെ ജീവിതത്തിന്റെ രൂപരേഖ ദൈവം തന്നെ വരച്ചു കാണിക്കുന്നുമുണ്ട്. അതു തന്നെയാണ്‌ സദാചാരമെന്ന് നമ്മള്‍ വിശേഷിപ്പിക്കുന്ന ജീവിത നിഷ്ഠയും. അതില്‍ നിന്ന് പുറത്തു കടക്കുമ്പോഴാണ്‌ മനുഷ്യജീവിതത്തില്‍ കുഴപ്പങ്ങളും മനുഷ്യത്വത്തില്‍ അധഃപതനങ്ങളും സംഭവിക്കുന്നത്.

ഖുര്‍‌ആനില്‍ "സത്യവിശ്വാസികള്‍" എന്ന പേരുള്ള അധ്യായത്തില്‍ ആദ്യത്തെ സൂക്തങ്ങള്‍ വിജയികളായ സത്യവിശ്വാസികളെ കുറിക്കുന്നതാണ്‌. നമസ്ക്കാരത്തില്‍ ഭക്തിയുള്ള, അനാവശ്യങ്ങളില്‍ നിന്ന് തിരിഞ്ഞു നില്‍ക്കുന്ന, സക്കാത്തു നിര്‍‌വ്വഹിക്കുന്ന, ഗുഹ്യാവയവങ്ങളെ കാത്തു സൂക്ഷിക്കുന്നവരാണു വിജയികള്‍ എന്ന് ദൈവം മുന്നറിയിക്കുന്നു. അനുവദനീയമായതിനപ്പുറം ലൈംഗികത ആഗ്രഹിക്കുന്നവര്‍ അക്രമകാരികളാണെന്നും ഖുര്‍‌ആന്‍ താക്കീതു നല്‍കുന്നു.

ഇങ്ങനെയുള്ള ഒട്ടനവധി ജീവിത നിര്‍‌ദ്ദേശങ്ങളും സാമൂഹിക മൂല്യങ്ങളും ദൈവം ഉണര്‍ത്തുന്നുണ്ട്. അതിലൊന്നാണ്‌ "അല്‍ ബഖറ" എന്ന അദ്ധ്യായത്തിലെ "നോമ്പിന്‍റെ രാത്രിയില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള സംസര്‍ഗം നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. അവര്‍ നിങ്ങള്‍ക്കൊരു വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും ഒരു വസ്ത്രമാകുന്നു..." എന്നു തുടങ്ങുന്ന 187 നമ്പര്‍ സൂക്തം. നോമ്പിന്റെ പകലില്‍ ഭാര്യയുമായി ലൈംഗികബന്ധം നടത്തുന്നത് ദൈവകോപത്തിന്ന് കാരണമാവുമെന്ന് ഖുര്‍‌ആനിലൂടെ ദൈവം ഉണര്‍ത്തുന്നു. ലഭ്യമായിരുന്നിട്ടും ഭക്ഷണം കഴിക്കാതെ, പ്രാപ്യമായിട്ടും ഭാര്യയെ അനുഭവിക്കാതെ, സാധ്യമായിട്ടും അനാവശ്യങ്ങള്‍ക്കു നില്‍ക്കാതെ പരിശീലിക്കപ്പെടുന്നതു തന്നെയാണ്‌ വിമലീകരണം. മനുഷ്യന്‍ സംസ്ക്കരിക്കപ്പെടുന്നത് ഇത്തരം ദൈവികനിയമങ്ങളിലൂടെ തന്നെയാണ്‌. അങ്ങനെ പരിശീലിക്കപ്പെടുന്നവന്ന് അമ്മയെയും പെങ്ങളെയും തിരിച്ചറിയാനാവും. മൂല്യങ്ങളെ മുറുകെപ്പിടിക്കാനാവും. അല്ലെങ്കിലെന്ത് സദാചാരം.. ?

Wednesday, September 9, 2009

പരിശുദ്ധിയുടെ നറുമണം പരത്തി നമ്മിലൂടെ റമളാന്‍ കടന്നു പോകുന്നു. അത് അവസാനത്തെ പത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. വിശ്വാസികള്‍ കഴിഞ്ഞ പതിനൊന്ന് മാസം ജീവിച്ചു വന്ന വഴികളില്‍ നിന്ന് മാറി പുതിയ ജീവിത പാന്ഥാവിലേക്ക് പ്രവേശിക്കുകയും മാനസികമായും ശാരീരികമായും പുതിയ തലത്തിലേക്ക് സഞ്ചരിക്കുകയും ചെയ്തിരിക്കേണ്ട ഘട്ടങ്ങളാണു കടന്നു പോകുന്നത്.

നോമ്പ് അനുഷ്ഠിക്കുന്ന വ്യക്തിയുടെ ജീവിതത്തില്‍ കൂടുതല്‍ വഴിത്തിരിവുകള്‍ ഉണ്ടാവേണ്ട അവസാനത്തെ വേളയില്‍ നില്‍ക്കുമ്പോള്‍ ചില ചിന്തകളും സ്വയം പരിശോധനകളും ഉണ്ടാവുന്നത് ഉത്തമവും അനിവാര്യവുമാണ്‌.

ഈ റമളാനില്‍ അനുഷ്ഠിച്ച നോമ്പുകള്‍ കൊണ്ട്, പകല്‍ സമയത്തെ പട്ടിണിക്കും രാത്രിയിലെ വിഭവസമൃദ്ധമായ ഭക്ഷണങ്ങള്‍ക്കുമപ്പുറം എന്തെങ്കിലും സവിശേഷത നമ്മില്‍ ഉണ്ടായിട്ടില്ലെങ്കില്‍ വ്രതം അതിന്റെ പൂര്‍‌ണ്ണത പ്രാപിച്ചിട്ടില്ലെന്നു മനസ്സിലാക്കണം. വിശപ്പിന്റെ കാഠിന്യം ശരീരത്തെ ബാധിക്കുമ്പോള്‍ ഒരു വേളയെങ്കിലും പട്ടിണി കിടക്കുന്ന പാവങ്ങളുടെ ജീവിതത്തിലേക്ക് മനസു സഞ്ചരിച്ചിരിക്കണം.

വല്ലപ്പോഴും അനുഭവിക്കുന്ന ഈ തളര്‍ച്ചയും ക്ഷീണവും നിത്യവും അനുഭവിക്കുന്ന ദുരിത ബാധിതര്‍ നമ്മുടെ കയ്യെത്തും ദൂരത്തു തന്നെയുണ്ടെന്ന് മനസ്സിലാക്കാനും ഈ വ്രതം കൊണ്ട് സാധിക്കണം. ഇനിയുള്ള ജീവിത വഴിയില്‍ അശരണര്‍ക്ക് അല്പ്പമെങ്കിലും ആശ്വാസമേകുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കു കൊള്ളണമെന്ന് ഒരിക്കലെങ്കിലും ചിന്തിക്കാന്‍ ഈ പുണ്യമാസം പ്രചോദനമാകണം. കൂടെ, പുണ്യമാസത്തിന്റെ പവിത്രതയെ കളങ്കപ്പെടുത്തുന്ന വിധം റമളാന്‍ ഒന്നു മുതല്‍ മുപ്പതു വരെ വീടുവീടാന്തരം കയറിയിറങ്ങി ഭിക്ഷ യാചിക്കുന്നവരെ ഉപദേശം കൊണ്ടും സത്പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ഒഴിവാക്കാനും നമുക്കാവട്ടെ...

നോമ്പ് ശരീരത്തിലല്ലാതെ മാനസികമായി നമുക്ക് എന്തെങ്കിലും മാറ്റം ഉണ്ടാക്കിത്തരികയോ, തുടര്‍ന്നു വന്ന അനാവശ്യങ്ങളെ താല്‍ക്കാലികമായല്ലാതെ, പരിപൂര്‍‌ണ്ണമായി ജീവിതത്തില്‍ നിന്ന് ഒഴിച്ചു നിര്‍ത്തണമെന്ന് തോന്നല്‍ മനസില്‍ ഉണര്‍ന്നു വരികയോ ചെയ്തിട്ടില്ലെങ്കില്‍ റമളാന്‍ വ്രതത്തിന്റെ ഗൗരവം പരിപൂര്‍‌ണ്ണമാവുമോ.. ?

ജീവിതത്തില്‍ ഏറ്റവും കുഴപ്പം സൃഷ്ടിക്കുന്നത് നാവും ലൈംഗികതൃഷ്ണയുമാണ്‌. അത് രണ്ടും നിയന്ത്രിക്കാമെന്ന് വാക്ക് നല്‍കുന്നവര്‍ക്ക് സ്വര്‍ഗ്ഗം വാഗ്ദാനം നല്‍കാമെന്ന് പ്രവാചകന്‍ (സ) പറഞ്ഞിട്ടുണ്ട്. അത്തരം സകല പ്രേരണകളില്‍ നിന്നും, അനാവശ്യമായ വാക്കുകളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ മനസിനെയും ശരീരത്തെയും പ്രാപ്തമാക്കാനും കൂടിയാണ്‌ റമളാന്‍. പിടിച്ചു നില്‍ക്കാനും ക്ഷമിച്ചു നില്‍ക്കാനും ഏറ്റവും മികച്ച തുണയാകേണ്ടത്, ഭൗതികമായ എല്ലാ പാഠങ്ങള്‍ക്കുമപ്പുറം ദൈവത്തെക്കുറിച്ചുള്ള ബോധം തന്നെയാണ്‌. സഹനമഭ്യസിക്കാനുള്ള ഉത്തമവും ഉദാത്തവുമായ വഴി വ്രതം തന്നെയാണ്‌. സ്വാഭാവികവും ശീലിച്ചു വന്നതുമായ ഇച്ഛകള്‍ മനസില്‍ ഉണര്‍ന്നു വരുമ്പൊഴും, അവയെ പൂര്‍ത്തീകരിക്കാനുള്ള എല്ലാ വഴികളും മുമ്പില്‍ ലഭ്യമായിരിക്കുമ്പൊഴും അവയെ വര്‍ജ്ജിക്കുവാനുള്ള നിര്‍ബന്ധ ശാഠ്യം നമ്മെ ശീലിപ്പിക്കുന്നത് ക്ഷമയുടെ ഏറ്റവും ഉന്നതമായ പാഠങ്ങളാണ്‌.

വിടവാങ്ങുന്ന റമളാനിന്റെ ദിനങ്ങളെ കര്‍മ്മങ്ങള്‍ കൊണ്ട് ധന്യമാക്കാനാവണം നമുക്ക്. അവസാനത്തെ പത്തില്‍ ലൈലത്തുല്‍ ഖദ്റെന്ന രാത്രിയില്‍ കൂടുതല്‍ പ്രതിഫലം വാഗ്ദാനം ചെയ്ത വേളകളാണു വരുന്നത്. ലൈലത്തുല്‍ ഖദ്‌റ് നിശ്ചിതമായ ഒരു രാത്രിയില്‍ നിര്‍ണ്ണയിക്കാതെ അവസാനത്തെ പത്തിലെ ഒറ്റയായ രാത്രികളില്‍ പ്രതീക്ഷിക്കാന്‍ വിശ്വാസികളോട് ആവശ്യപ്പെട്ടതിന്റെ യുക്തി, ഈ റമളാന്‍ എന്ന അഥിതിയെ കൂടുതല്‍ കര്‍മ്മനിര്‍ഭരമാക്കി യാത്രയയക്കാനായിരിക്കണം. അങ്ങനെ മനുഷ്യത്വത്തിന്റെ ഉന്നത നിലവാരത്തില്‍ എത്തിച്ചേരാനും. റമളാനിലെ അവസാനത്തെ പത്തില്‍ പ്രവാചകന്‍ (സ) രാത്രി ഉറക്കമിളക്കുകയും തന്റെ കുടും‌ബത്തെ അതിനായി വിളിച്ചുണര്‍ത്തുകയും ചെയ്യുമായിരുന്നത്രെ. ഏകാന്തമായി ദൈവത്തോട് നേരിട്ട് നടത്തുന്ന പ്രാര്‍ത്ഥനകള്‍ ഒരു വിശ്വാസിയുടെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളില്‍ പെട്ടതാണ്‌.

Thursday, July 30, 2009

കാവ്യാമാധവനോട് എനിക്കു തോന്നുന്ന ഇഷ്ടം എന്തിന്റെ പേരിലാണ്‌...?
വിശദീകരിക്കാനറിയില്ലെങ്കിലും, പത്രമാധ്യമങ്ങളില്‍ കാവ്യയുടെയോ മറ്റ് സിനിമാതാരങ്ങളുടെയോ ചിത്രവും ഒപ്പം ഒരു വാര്‍ത്തയും നല്‍കിയാല്‍ വായിക്കാതിരിക്കുന്നവരുണ്ടാവില്ല എന്നതാണു സത്യം. സിനിമാതാരത്തിന്റെ സൗന്ദര്യം ഈ ആകര്‍ഷണത്തിന്റെയോ വായനയുടെയോ പ്രേരകമാകുന്നില്ല എന്നതിന്‌, അടൂര്‍ ഭവാനിയുടെയോ, സുകുമാരിയുടെയോ പോലും വാര്‍ത്തകള്‍ നമുക്ക് അവഗണിക്കാനാവുന്നില്ല എന്നതു തന്നെയാണ്‌ തെളിവ്. ലോകം കണ്ടു തുടങ്ങുന്നതു മുതല്‍ തന്നെ സിനിമയും നമ്മുടെ ജീവിതത്തിന്റെ ചുറ്റുവട്ടങ്ങളില്‍ ഉള്ളതു കൊണ്ടോ, ജീവിതത്തിന്റെ ഒട്ടുമിക്ക ഭാവങ്ങളും പ്രതിഫലിപ്പിക്കുന്ന മുഖങ്ങള്‍ എന്നതു കൊണ്ടോ എന്തോ, സിനിമാ താരങ്ങള്‍ നമുക്ക് പ്രിയപ്പെട്ടവരാണ്‌.

സിനിമാതാരങ്ങളുടെ സ്വകാര്യജീവിതത്തിലേക്ക് കണ്ണും കാതും കൂര്‍പ്പിക്കാന്‍ കാരണമാകുന്നതും ഇതേ ഇഷ്ടം തന്നെയാണ്‌. അവരുടെ ഇഷ്ടവാഹനം, വസ്ത്രം, ഭക്ഷണം, വായന തുടങ്ങി ജീവിതത്തിന്റെ നിഖില മേഖലയെക്കുറിച്ചും അറിയാനൊരു ജിജ്ഞാസ നമുക്കെപ്പോഴുമുണ്ട്.

ഈയിടെയായി കാവ്യാമാധവന്റെ വിവാഹമോചനം പത്രമാധ്യമങ്ങളില്‍ സ്ഥിരം വാര്‍ത്തയാകുന്നുണ്ട്. ഒരു പുതിയ ചിത്രത്തില്‍ നായികയാവുന്നതു പോലെയോ, ഒരു പുതിയ പ്രൊജക്ടിന്റെ ഭാഗമാകുന്നതു പോലെയോ വായിക്കാവുന്നതല്ലല്ലോ വിവാഹമോചന വാര്‍ത്ത.. അതു കൊണ്ടു തന്നെ കാവ്യയെ ഇഷ്ടപ്പെടുന്നവര്‍ ഇതു വായിച്ച് സങ്കടപ്പെടുന്നുണ്ടാവണം.

വിവാഹമോചനം നടന്നോ, നടക്കുമോ, നടക്കണോ എന്നൊക്കെ തീരുമാനിക്കുന്നത് പത്രങ്ങളാണല്ലോ.. ആദ്യത്തെ റിപ്പോര്‍ട്ട് വന്നതു മുതല്‍ ഏറ്റവും പുതിയ അഭ്യൂഹങ്ങളുടെ അപ്‌ഡേറ്റുകള്‍ക്കു വേണ്ടി പത്രങ്ങളും പോര്‍ട്ടലുകളും പതിവു പോലെ മല്‍സരിക്കുന്നുണ്ടായിരുന്നു. തീര്‍ത്തും ഉറപ്പില്ലാത്ത അഭ്യൂഹങ്ങള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അവതരിപ്പിക്കുവാന്‍ ഇന്ന് പത്രമാധ്യമങ്ങളെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ.. ഇത്തരം റിപ്പോര്‍ട്ടുകളുടെ ഭാഷയാണ്‌ ഏറ്റവും അരോചകം. "...എന്ന് പറയപ്പെടുന്നു, ....ഉണ്ടായിരുന്നത്രെ, ....എന്നും ശ്രുതിയുണ്ട്, ...എന്നാണ്‌ പരക്കെ സംസാരം" തുടങ്ങിയ രൂപത്തിലാണ്‌ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കപ്പെടുക. കുളക്കടവിലെ പെണ്ണുങ്ങളുടെ വൃത്തികെട്ട പരദൂഷണങ്ങളേക്കാള്‍ വികൃതം...!

ഈയൊരു പരദൂഷണ ശൈലി സ്ത്രീജനങ്ങളില്‍ ആരോപിക്കപ്പെട്ടിരുന്ന കാലമൊക്കെ പോയി. പത്രമാധ്യമങ്ങള്‍ ഇത് കൈകാര്യം ചെയ്ത് വ്യവസ്ഥാപിതമായ പത്രഭാഷ തന്നെയാക്കി ഇതിനെ രൂപപ്പെടുത്തിയിട്ടുണ്ട്.

എന്തു തന്നെയായാലും, ഈ വിളമ്പി നല്‍കപ്പെടുന്ന വാര്‍ത്തകളൊക്കെ വായിക്കുമ്പൊഴും, കാവ്യയും അതു പോലെയുള്ള താരങ്ങളുമെല്ലാം മനുഷ്യര്‍ തന്നെയാണെന്ന ബോധമുണ്ടായിരിക്കുക എന്നു മാത്രമേ ഓര്‍മ്മപ്പെടുത്തുവാനുള്ളൂ. അവരും ഇതു വായിക്കുന്നുണ്ടാവണം.. അവര്‍ക്കും വികാരവും, വിഷമവും വ്യഥകളുമുണ്ടാവണം. അവരുടെ സ്വകാര്യതകളിലെ മറ്റു വിശേഷങ്ങള്‍ പോലെ കൊട്ടിഘോഷിക്കപ്പെടേണ്ടതല്ല അവരുടെ സങ്കടങ്ങള്‍.. ധര്‍മ്മം പത്രങ്ങള്‍ക്കുമാവാം.
ഇതൊക്കെ സ്വയം മനസ്സിലാക്കാനുള്ള ബോധമൊക്കെ ഉണ്ടായിരുന്നിട്ടും ഹൃദയത്തില്‍ തുളച്ചു കയറുന്ന ശൈലി സ്വീകരിക്കുന്ന മാധ്യമങ്ങളെ മനസ്സിലാക്കുകയുംപ്രോത്സാഹിപ്പിക്കാതിരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മാത്രമേ ഇവിടെ സൂചിപ്പിക്കുവാനുള്ളൂ.
നാം കേള്‍ക്കേണ്ടത് പരദൂഷണങ്ങളും അപശ്രുതികളുമല്ല. നേരിന്റെയും നന്മയുടെയും ശ്രുതിയിണക്കങ്ങള്‍ക്കു കാതോര്‍ക്കുക. നാം പ്രചരിപ്പിക്കേണ്ടത് ന്യൂനതകളും മൂല്യച്യുതികളുമല്ല. അന്യൂനവും അനശ്വരവുമായ ജീവിതത്തിന്റെ വസന്തത്തിലേക്ക് ക്ഷണിക്കുക.

----------------------------------------------------------------
"ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട്‌ നിങ്ങളുടെ അടുത്ത്‌ വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക്‌ നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട്‌ ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി"- ഖുര്‍‌ആന്‍- 49/6

"ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത്‌ കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്‌. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്‌. തന്‍റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്‍റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത്‌ ( ശവം തിന്നുന്നത്‌ ) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്‌. നിങ്ങള്‍ ദൈവത്തെ സൂക്ഷിക്കുക- ഖുര്‍‌ആന്‍-49/12
"നല്ലതു പറയുക; അല്ലെങ്കില്‍ മൗനം പാലിക്കുക" - മുഹമ്മദ് നബി

Saturday, July 4, 2009

ഒഴിവു ദിവസമായ വെള്ളിയാഴ്ച്ചകളില്‍ ചിലപ്പോഴൊക്കെ ജ്യേഷ്ഠന്‍ വരാറുണ്ട്. സാധാരണ നമ്മെ കാണാന്‍ ഒരാള്‍ വന്നാല്‍ നാം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുമെങ്കില്‍, ഇവിടെ വീട്ടില്‍ നിന്ന് ഇറക്കി എവിടെയെങ്കിലും ഒഴിഞ്ഞ ഇടങ്ങളില്‍ തണലും തേടി നടക്കാറാണു പതിവ്. അത് നന്നായറിയുന്നതിനാല്‍ തന്നെ അവന്‍ "നമ്മള്‍ എവിടെയെങ്കിലും പോയി ഇരിക്കാം" എന്ന് എന്നോട് ആവശ്യപ്പെടുകയും ചെയ്യും. അങ്ങനെ ഞങ്ങള്‍ എപ്പോഴും ഇരിക്കാനുപയോഗിക്കുന്ന തണലുള്ള ഒരിടമുണ്ട്. ദുബായ് ഗവണ്‍‌മെന്റ് വകയായി അവിടെ കുറച്ച് സിമന്റ് ഇരിപ്പിടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ഇരിപ്പുറപ്പിച്ച്, ചുറ്റുമുള്ള കാഴ്ച്ചകളിലേക്ക് കണ്ണോടിച്ച് ഞങ്ങള്‍ സംസാരിച്ചിരിക്കും. വെള്ളിയാഴ്ച്ച ഉച്ചയ്ക്കു ശേഷം ഭൂരിഭാഗവും, ഒരാഴ്ച്ചയുടെ മുഴുവന്‍ അധ്വാനവും അസ്വസ്ഥതകളും ഉറങ്ങിയിറക്കാനും മറക്കാനും ആഗ്രഹിക്കുന്നതു കൊണ്ടാണോ എന്നറിയില്ല, ഞങ്ങള്‍ പോയിരിക്കുമ്പോഴൊന്നും അവിടെ ആള്‍ക്കാരുണ്ടാവില്ല, അപൂര്‍‌വ്വമായി ലാപ്‌ടോപുമേന്തി ഇന്റര്‍‌നെറ്റ് കണക്ഷന്‍ പരതി വരുന്ന ചിലരൊഴികെ. ആ ഇരിപ്പിനിടയില്‍ കുടും‌ബവര്‍ത്തമാനങ്ങള്‍, ഭാവിയിലേക്കുള്ള ആസൂത്രണങ്ങള്‍, സമകാലികസം‌ഭവങ്ങള്‍, പഴയകാല സ്മരണകള്‍, കമ്പനിയിലെ അനുഭവങ്ങള്‍, പാട്ടിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ അങ്ങനെ ഒരുമാതിരി സംഭവങ്ങളെല്ലാം ഞങ്ങളുടെ വിഷയമാകാറുണ്ട്.

ഞങ്ങള്‍ അവിടെയിരുന്ന തുടര്‍ച്ചയായ രണ്ട് വെള്ളിയാഴ്ച്ചകളില്‍ കണ്ണിലും മനസിലും പതിഞ്ഞ ഒരു കാഴ്ച്ചയുണ്ട്. ഉച്ച വെയിലടങ്ങി, ഇളം‌കാറ്റു വീശുന്ന സായാഹ്നത്തില്‍, സഹായി തള്ളിക്കൊടുക്കുന്ന വീല്‍‌ചെയറിലിരുന്ന് ഒരു വൃദ്ധനായ മനുഷ്യന്‍ വരുന്നു. കയ്യില്‍ ഒരു പ്ലാസ്റ്റിക് പൊതി. അത് കൊണ്ടു വന്ന് ഇരിപ്പിടങ്ങലുടെ മധ്യത്തില്‍ അല്‍‌പ്പം വിശാലമായ സ്ഥലത്ത് തറയില്‍ ചൊരിയുന്നു. പക്ഷികള്‍ ഭക്ഷിക്കുന്ന തിനയായിരുന്നു പൊതിയില്‍. ഒഴിഞ്ഞ പ്ലാസ്റ്റിക് കവറുമായി വേസ്റ്റ് ബോക്സിനടുത്തേക്ക്. അത് വേസ്റ്റ് ബോക്സില്‍ കളഞ്ഞ് തിരിച്ചു പോകുന്നു.

(ഇവിടെ എന്റെ മനസില്‍ പതിഞ്ഞ മറ്റൊരു കാഴ്ച്ച, ഇതു പോലൊരു തിനപ്പൊതി ഒരു കൊച്ചു കുട്ടിയുടെ കയ്യില്‍ പിടിപ്പിച്ച് വരുന്ന ഒരു പിതാവ്, അത് തറയില്‍ ചൊരിയാനും ശേഷം ഒഴിഞ്ഞ പ്ലാസ്റ്റിക് കവര്‍ കുട്ടിയെക്കൊണ്ടു തന്നെ വേസ്റ്റ് ബോക്സില്‍ കളയാനും പഠിപ്പിക്കുന്നതാണ്‌. കുട്ടി ഒരു പാഠം പഠിച്ചിരിക്കണം. ജീവിതത്തിലെ സുപ്രധാന പാഠം.. അല്ലേ)

ഈ വൃദ്ധനായ മനുഷ്യന്ന് തന്റെ സായാഹ്നസഞ്ചാരം, ജീവിതത്തിന്റെ അസ്തമയസൂര്യന്റെ ആധികള്‍ക്കപ്പുറം കുങ്കുമവര്‍ണ്ണമുള്ള പ്രഭാസൗന്ദര്യം ദര്‍ശിക്കാന്‍ തുണയാവുന്നുണ്ടാവണം. കിടക്കയുടെ കുരുക്കുകളില്‍ നിന്ന് ജീവിതക്കാഴ്ച്ചകളുടെ നിറഭേദങ്ങളിലേക്ക് കണ്ണു പതിപ്പിക്കാനാവുന്നുണ്ടാവണം. തന്റെ പ്രവൃത്തി, മനസിന്റെ വിശാലതയില്‍ ഹിമബിന്ദു പൊടിക്കുന്നുണ്ടാവണം..

അങ്ങനെ അദ്ദേഹമോ മറ്റാരെങ്കിലുമോ ചൊരിഞ്ഞു പോയ തിനയും അരിയുമൊക്കെയാവണം ഞങ്ങള്‍ അവസാനം അവിടെപ്പോയിരിക്കുമ്പൊഴും തറയില്‍ വിതറിയിട്ടു കണ്ടത്. എന്നാല്‍, ചിലര്‍ യാതൊരു മനോ‌വിഷമവുമില്ലാതെ ആ ധാന്യങ്ങള്‍ക്കു മുകളില്‍ ചവിട്ടി നടന്നു പോകുന്നതു കണ്ടു. ഞാന്‍ ജ്യേഷ്ടന്ന് ആ കാഴ്ച്ച കാട്ടിക്കൊടുത്തു. പിന്നെ ഞങ്ങള്‍ രണ്ടു പേരും ശ്രദ്ധിക്കാന്‍ തുടങ്ങിയതിന്നു ശേഷം അതു വഴി കടന്നു പോയ അധികപേരും അതിന്‍‌മുകളില്‍ ചവിട്ടിപ്പോവുകയാണു ചെയ്യുന്നതെന്ന് ശ്രദ്ധിച്ചു. ചിലരൊക്കെ വഴുതിപ്പോകുന്നതും കണ്ടു. ഉരുണ്ട ധാന്യമണികള്‍ക്കു മുകളില്‍ ചവിട്ടി നടന്നാല്‍ വഴുതുമെന്ന സ്വയം‌സുരക്ഷയെക്കുറിച്ചോ, അതൊരു ധാന്യമാണ്‌, ചവിട്ടി നടക്കുന്നത് ഉത്തമമല്ല എന്ന സാമാന്യബോധത്തെക്കുറിച്ചോ ഭൂരിഭാഗവും എന്തേ ചിന്തിക്കുന്നില്ല എന്ന് സങ്കടപ്പെട്ടു പോയി ഞാന്‍.
ഇത്തരം ചില സാമാന്യബോധങ്ങളുടെ കുറവു പലയിടത്തും ദര്‍ശിക്കപ്പെടുന്നുണ്ട്. ചിലപ്പോഴൊക്കെ പറയാനും തോന്നിയിട്ടുണ്ട്. ചിലപ്പോഴൊക്കെ പറഞ്ഞിട്ടുമുണ്ട്. അവയില്‍ ചിലത്.

ടാപ്പ് തുറന്ന് അല്‍‌പ്പം വെള്ളമെടുക്കും. ഒരു പക്ഷേ പല്ലുതേയ്ക്കാന്‍ തുടങ്ങുന്ന ഒരു ബ്രഷു നനയ്ക്കലാവാം. പല്ലു തേയ്പ്പ് തീരുന്നത് വരെ വെള്ളം വാര്‍ന്നു കൊണ്ടിരിക്കും, ഒരാവശ്യവുമില്ലാതെ- വെള്ളത്തിന്റെ വിലയെക്കുറിച്ചുള്ള ബോധം...

ഭക്ഷണം കഴിക്കുന്നതിന്റെ അടുത്തു തന്നെ വാഷ്‌ബേസിന്‍ സ്ഥാപിച്ചിട്ടുള്ള ഇടത്തരം റെസ്റ്റൊറന്റുകളില്‍ ഭക്ഷണശേഷം വൃത്തിയാക്കാന്‍ പോകുന്നവര്‍ കാര്‍ക്കിച്ചു തുപ്പുകയും മൂക്കുചീറ്റുകയും ചെയ്യുന്നത്- മറ്റുള്ളവര്‍ക്ക് അരോചകമാണെന്ന ബോധം. ചിലരെങ്കിലും ഭക്ഷണം ഒഴിവാക്കി എണീറ്റു പോകുമെന്ന ചിന്ത...

അതിഭയങ്കരമായ ഏമ്പക്കം. ചിലര്‍ വളരെയടുത്തായി നില്‍‌ക്കുമ്പൊഴും പരിസരബോധമില്ലാതെ ഏമ്പക്കം വിടും, അത്യുച്ചത്തില്‍ തന്നെ- മറ്റുള്ളവര്‍ക്ക് അരോചകമാണെന്നും, ഏമ്പക്കം തൊട്ടടുത്തു നില്‍ക്കുന്നവന്ന് വാസനയുണ്ടാക്കുമെന്നുമുള്ള ബോധം...

പരിസരം മറന്നുള്ള ഫോണ്‍ സം‌ഭാഷണം. ഇവിടെ ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമസ്ഥനെ പരാമര്‍ശിക്കാതിരിക്കാനാവില്ല. പലമേഖലയിലുള്ള പലതരം ആള്‍ക്കാര്‍ ഒരുപോലെ വന്ന് ഇടപെടുന്ന സ്ഥാപനമാണു ഞങ്ങളുടേത്. അദ്ദേഹം ഇരിക്കുന്ന കൗണ്ടറിനു ചുറ്റും നില്‍ക്കുന്ന കസ്റ്റമേഴ്‌സ് അവര്‍ക്കു വരുന്ന ഫോണ്‍ കോളുകള്‍ അവിടെ വെച്ച് തന്നെ അറ്റന്റ് ചെയ്യും. പിന്നെ എല്ലാ വിപ്ലവാഭിവാദ്യങ്ങളും അദ്ദേഹത്തിന്റെ മുഖത്തിനു നേരെ തിരിഞ്ഞ് നിന്നു കൊണ്ടുള്ള അതേ പൊസിഷനിലാണ്‌. എനിക്കാണെങ്കില്‍ സഹിക്കാനാവില്ല അതൊന്നും. പക്ഷേ, അദ്ദേഹം എല്ലാം സഹിച്ച് മിണ്ടാതിരിക്കും.

നമ്മുടെ സ്വകാര്യസംഭാഷണങ്ങള്‍ നമ്മുടേതു മാത്രമാണെന്നും അത് ഉച്ചഭാഷിണിയില്‍ മുഴക്കപ്പെടേണ്ടതല്ലെന്നും, അതിലൂടെ മറ്റുള്ളവന്‍ തലവേദനപ്പെടരുതെന്നും എന്തേ ഭൂരിഭാഗവും മനസ്സിലാക്കുന്നില്ല... ?

Sunday, June 7, 2009

"താമരശ്ശേരി ചുരം.."

ഈയൊരൊറ്റ വാചകം മാത്രം വായിക്കുന്ന ആള്‍ക്കാരുടെ മനസ്സില്‍ ഉണര്‍ന്നുവരുന്ന ഓര്‍മ്മകള്‍ക്കെല്ലാം ഒരേ ഭാവമാണ്‌; ചിരിയുടെ മാത്രം.. വെള്ളാനകളുടെ നാട് എന്ന ചിത്രത്തില്‍ പപ്പു അവതരിപ്പിച്ച കഥാപാത്രത്തിന്റെ എക്കാലത്തും ഓര്‍മ്മിച്ചു ചിരിക്കപ്പെടുന്ന വാചകം. മലയാളിയെ കുടുകുടെ ചിരിപ്പിച്ച കുതിരവട്ടം പപ്പു എന്ന നടന്റെ അഭിനയജീവിതത്തിലെ അനശ്വരമായ കഥാപാത്രങ്ങളിലൊന്നാണ്‌ പ്രിയദര്‍ശന്‍ സം‌വിധാനം ചെയ്ത വെള്ളാനകളുടെ നാട് എന്ന ചിത്രത്തിലേത്. ഇന്നും അതിലെ രംഗങ്ങള്‍ കാണുമ്പോള്‍ ഈ കഥാപാത്രത്തെ ഇങ്ങനെയാക്കിത്തീര്‍ക്കാന്‍ പപ്പുവിനു മാത്രമേ സാധിക്കൂ എന്നു തോന്നാറുണ്ട്. മലയാളിയുടെ മനസ്സില്‍ "താമരശ്ശേരി ചുരം" ചുരത്തുന്ന നര്‍മ്മാനുഭവത്തിന്‌ ഇന്നും നവ്യഭാവം തന്നെ. അതുപോലെ നമ്മള്‍ ആസ്വദിച്ച ഹാസ്യരംഗങ്ങളെല്ലാം മങ്ങലില്ലാത്ത ചിരിയനുഭവങ്ങളായി നമ്മുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്.

മലയാളസിനിമയിലെ നര്‍മ്മ മേഖലയെ കുറിച്ച് പറഞ്ഞാല്‍ എളുപ്പത്തിലൊന്നും അവസാനിപ്പിക്കാന്‍ സാധിക്കില്ല. ലോകോത്തര നിലവാരമുള്ള ഹാസ്യതാരങ്ങള്‍ നമുക്ക് സ്വന്തമായുണ്ട് എന്നതു മനസ്സിലാക്കാന്‍ ഒരുപാട് സിനിമകളൊന്നും കാണണമെന്നില്ല. ചില മലയാള ഹാസ്യസിനിമകള്‍ ഭാഷാന്തരം ചെയ്യപ്പെട്ടപ്പോള്‍ ഭാഷ മാത്രമല്ല, അതിലെ ഭാവങ്ങള്‍ക്കെല്ലാം വിദൂരമായ അന്തരമുണ്ടെന്ന് തോന്നിയിട്ടുണ്ട്.

സിദ്ദിഖ്‌-ലാല്‍ ജോഡിയില്‍ നിന്ന് ജന്മം കൊണ്ട സിനിമകളിലെ ഹാസ്യങ്ങള്‍ നമ്മള്‍ ആസ്വദിച്ചതും ആഘോഷിച്ചതും അതെല്ലാം ജീവിതത്തോട് ഒട്ടി നില്‍ക്കുന്ന തമാശകളായിരുന്നതു കൊണ്ടായിരിക്കണം. ജീവിതം കെട്ടിപ്പെടുക്കാനും അതിന്റെ കെട്ടിപ്പിണച്ചിലുകളില്‍ നിന്ന് പുറത്തുകടക്കാനും പരിശ്രമിക്കുന്ന ശരാശരിക്കാരന്റെ ജീവിതത്തിലെ നിഷ്ക്കളങ്കമായ നിമിഷങ്ങളിലെ നര്‍മ്മഭാവങ്ങളാണു നമ്മെ ആകര്‍ഷിച്ചത്. പിന്നീട് റാഫി-മെക്കാര്‍ട്ടിനും ഷാഫിയും ഒക്കെ പിന്തുടരാന്‍ ശ്രമിച്ചതും ആ പാത തന്നെയായിരുന്നു.

ഇന്ന് വേണ്ടത്ര മാധ്യമപരിഗണന നല്‍‌കപ്പെടാത്ത സിദ്ദിഖ്, ജഗദീഷ്, മുകേഷ്, സായികുമാര്‍ തുടങ്ങിയവര്‍ ജീവന്‍ നല്‍കിയ കഥാപാത്രങ്ങള്‍ പലതും ഇന്നും നമുക്കിടയില്‍ ജീവിക്കുന്നതിന്റെയും കാരണം മറ്റൊന്നല്ല.

ജഗതി ശ്രീകുമാറിന്റെ ഭാവനൈപുണ്യവും ഇന്നസെന്റിന്റെ പ്രത്യുല്‍‌പ്പന്നമതിത്വവും കൊച്ചിന്‍ ഹനീഫയുടെ ശരീരഭാഷയും ഹരിശ്രീ അശോകന്റെ വിഡ്ഢിഭാവവും (വരുത്തുന്നത്) സലീം കുമാറിന്റെ സംഭാഷണരീതിയുമെല്ലാം നമുക്ക് എല്ലാം മറന്ന് ചിരിക്കാന്‍ വകുപ്പുകള്‍ നല്‍കിയിട്ടുണ്ട്.

ഹാസ്യത്തില്‍ മാത്രമല്ല നായകസ്ഥാനത്തും മുന്‍‌പന്തിയില്‍ നില്‍ക്കുന്ന പല നടന്മാരും സിനിമയിലെത്തുന്നതിന്ന് മുമ്പ് പയറ്റിത്തെളിഞ്ഞ മേഖല സ്റ്റേജ് ഷോകളായിരുന്നു. നാടകക്കളരികളില്‍ നിന്ന് അഭിനയകല പരിചയിച്ച് വന്ന പെരുമയൊന്നും അവകാശപ്പെടാനില്ലാത്ത ഭൂരിഭാഗവും നിത്യവൃത്തിക്കായി ചെയ്തു പോന്ന സ്റ്റേജ് ഷോകളാണ്‌ പിന്നീട് അവര്‍ക്ക് പ്രശസ്തിയുടെ കൂടി മേഖലയിലേക്ക് പടവുകളൊരുക്കിയത്. കലാഭവന്‍ മണിയുടെ കലാപരമായ ഉയര്‍ച്ച ഇങ്ങനെ നോക്കി നിന്നു പോയിട്ടുണ്ട്. കലാഭവന്‍ മണിയുടെ തന്നെ നാടന്‍‌പാട്ടുകള്‍ ഇടകലര്‍ത്തിയ കോമഡി ഓഡിയോകള്‍ ഇരുന്ന് കേള്‍ക്കുന്ന ഒരു കാലമുണ്ടായിരുന്നു. മനഃപാഠമാകാത്ത ഒരു നാടന്‍‌പാട്ടു പോലും കടന്നു പോയിട്ടില്ലാത്ത ഒരു കാലം.

എന്നാല്‍, പിന്നീടുള്ള കാലങ്ങളില്‍ സ്റ്റേജ് ഷോകളുടെയും മറ്റു തമാശപ്പരിപാടികളുടെയും വീഡിയോ കാണാനുള്ള അവസരങ്ങള്‍ ലഭിക്കുമ്പോള്‍ ആവേശപൂര്‍‌വം ഇരുന്ന് കാണാന്‍ തുനിഞ്ഞ എനിക്ക് എന്തു കൊണ്ടോ അതൊന്നും തീരെ രസമുള്ളതായി തോന്നിയില്ല. ആ ലേബല്‍ വഹിക്കുന്ന എല്ലാ വീഡിയോകള്‍ക്കുമുള്ള നിലവാരം എന്റെ മനസ്സില്‍ അതു തന്നെയായിരുന്നു. അത്തരം കാഴ്ച്ചകള്‍ എല്ലാവരും ഒന്നിച്ചിരുന്ന് കാണുമ്പോള്‍ മനസില്‍ തോന്നിയ അനൗചിത്യബോധം തന്നെയാണതിന്റെ രസക്കുറവ്. എപ്പോഴാണ്‌ കോമഡി കലാകാരന്‍ സദാചാരത്തിന്റെ സകലസീമയും കടന്ന് തമാശ പറയുക എന്ന് നമുക്ക് മുന്‍‌കൂട്ടി കാണാന്‍ പറ്റില്ലല്ലോ...

സ്റ്റേജ് ഷോകളില്‍ അവതരിപ്പിക്കുന്ന സ്കിറ്റുകളും കോമഡി ഓഡിയോകളില്‍ കേള്‍ക്കുന്ന സംഭാഷണങ്ങളും ദ്വയാര്‍ത്ഥപ്രയോഗങ്ങളെയും അശ്ലീലതകളെയും കൊണ്ട് നിറഞ്ഞിരിക്കുന്നു. തമാശ പറയുക എന്നാല്‍ അശ്ലീലംപറയുക എന്ന ഒരു സമവാക്യം തന്നെ ഹാസ്യരം‌ഗത്ത് ശീലിക്കപ്പെട്ടിരിക്കുന്നു. ഇന്ന് ഒരു തമാശപ്പരിപാടി കാണുകയാണെങ്കില്‍ അതില്‍ നിര്‍ബന്ധമായും കേള്‍ക്കേണ്ട പദങ്ങളില്‍ ചിലതാണ്‌ ഷക്കീല, മറിയ, അയല്‍ക്കാരി ശാന്ത, അടിച്ചുതെളിക്കാരി ജാനു തുടങ്ങിയവ. അച്ഛന്റെ അയല്‍ക്കാരി ബന്ധം പറയുന്ന, ലൈംഗികതയെക്കുറിച്ച് സം‌ശയം തീരാത്ത മകനും അത്തരം വിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന ഡോക്ടറുമെല്ലാം സ്ഥിരം നമ്പറുകള്‍. ഇത്തരം തമാശകള്‍ ആസ്വാദകഹൃദയങ്ങള്‍ ഏറ്റു വാങ്ങുന്നുണ്ടെന്നറിയിക്കാനായി സദസ്സില്‍ നിന്നും പിടിച്ചെടുത്ത പൊട്ടിച്ചിരിയുടെ ക്ലിപ്പുകള്‍ തിരുകിക്കയറ്റിയിട്ടുമുണ്ടാവും ഇത്തരം വീഡിയോകളില്‍.

ചിലപ്പോഴൊക്കെ ചിന്തിച്ചു പോവും നമ്മള്‍ മലയാളികള്‍ക്ക് മൊത്തം ഇതു തന്നെയാണോ സ്വഭാവം എന്ന്. ഭൂരിഭാഗം മനുഷ്യരുടെയും ചിന്തയും ഭാവനയുമെല്ലാം ഇത്തരത്തിലാണോ രൂപപ്പെട്ടിരിക്കുന്നത് എന്ന്. നമ്മുടെ സംസ്ക്കാരം ഇത്തരം അവിഹിതബന്ധങ്ങളും ലൈംഗികവിചാരങ്ങളും മാത്രം മുഴച്ചു നില്‍ക്കുന്ന രീതിയില്‍ മാറ്റിയെടുക്കപ്പെട്ടോ എന്ന്. ഇങ്ങനെ അശ്ലീലതകള്‍ പറയുന്നത് തമാശയാണെന്നും അത് കേള്‍ക്കുമ്പോള്‍ പരിസരം മറന്ന് ചിരിക്കണമെന്നും നമുക്ക് ബോധ്യപ്പെടുത്തുന്നതിന്റെ ഔചിത്യമെന്തെന്ന്. ഇതൊന്നും ആര്‍ക്കും വൃത്തികേടായി തോന്നുകയോ പ്രതികരിക്കാതിരിക്കുകയോ ചെയ്യുന്നതിന്റെ അര്ത്ഥമെന്തെന്ന്. സദസ്സിന്റെ മുന്‍‌സീറ്റില്‍ ഇരിപ്പിടം ലഭിക്കുന്ന സാംസ്ക്കാരിക നായകന്മാരും സിനിമാനടന്മാരും ആര്‍ത്തു ചിരിക്കുമ്പോള്‍ അത് സമൂഹത്തിന്‌ നല്‍കുന്ന സന്ദേശമെന്തെന്ന്...

എന്തായാലും കുടുംബസമേതം കാണാന്‍ പറ്റുന്ന ഹിന്ദി പടങ്ങള്‍ ഇന്നില്ലാത്തതു പോലെ തന്നെ കുടുംബസമേതം കാണാന്‍ പറ്റുന്ന കോമഡി ഷോകളും ഇല്ല എന്നു തന്നെ പറയാം. (ഇന്നിറങ്ങുന്ന ബോളിവുഡ് സിനിമകള്‍ ബ്ലൂ ഫിലിമിന്‌ സമാനമാണെന്ന് പരുത്തിവീരന്‍ എന്ന തമിഴ് സിനിമ സം‌വിധാനം ചെയ്ത അമീര്‍ സുല്‍ത്താന്‍ ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു)

ഇവിടെയാണ്‌ ഞാന്‍ മുകളില്‍ സൂചിപ്പിച്ച നമ്മുടെ ഹാസ്യത്തിന്റെ ഗതകാലചിന്തകള്‍ ഓര്‍ത്ത് നെടുവീര്‍പ്പിടേണ്ടി വരുന്നത്. എവിടെയാണ്‌ നമ്മുടെ നര്‍മ്മത്തിന്റെ മര്‍മ്മം കളഞ്ഞു പോയത്.. ? നല്ലൊരു പാരമ്പര്യമുള്ള നമ്മുടെ ഹാസ്യഭാവങ്ങള്‍ക്ക് എപ്പോഴാണ്‌ അശ്ലീലതയുടെ വൃത്തികെട്ട രൂപം കൈവന്നത്...?

മലയാളിയുടെ നര്‍മ്മത്തിന്റെ ത്രെഡ് എവിടെയോ നഷ്ടപ്പെട്ടു പോയിരിക്കുന്നുവെന്നും കുറിക്കുകൊള്ളുന്ന ആക്ഷേപങ്ങളും നര്‍മ്മമുണര്‍ത്തുന്ന ചിന്തകളും പുതിയതായി നല്‍കാന്‍ മാത്രം കഴിവുള്ള കലാകാരന്മാര്‍ അന്യം നിന്നിരിക്കുന്നുവെന്നും മാത്രമാണ്‌ മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഒരു വിധം തമാശപ്പരിപാടികള്‍‌ക്കപ്പുറം കലാകാരന്മാര്‍ ഉയര്‍ന്നു വരാത്തത് അതിനുള്ള തെളിവ് തന്നെയാണ്‌.

എനിക്കൊന്നേ പറയുവാനുള്ളൂ, 'കുടുംബസമേതം കാണുന്നത് ഹാനികരം' എന്ന രീതിയില്‍ ഒരു മുന്നറിയപ്പ് നല്‍‌കപ്പെടാത്തിടത്തോളം കോമഡി പരിപാടികള്‍ക്ക് നാം തന്നെ ഒരു ഫില്‍‌ട്ടര്‍ വെക്കുന്നതായിരിക്കും നല്ലത്..
കോമഡി പോലും വെറുപ്പിക്കുന്ന കാലം...!

Monday, April 13, 2009

പിറന്ന നാടും നാടും വളര്‍ന്ന മണ്ണും വിട്ട് നാളുകളേറെയായ ഒരു മലയാളിയുടെ കണ്‍‌മുന്നില്‍ ഒരു തെങ്ങിന്‍പൂക്കുലയുടെ, കണിക്കൊന്നയുടെ, സമൃദ്ധിയുള്ള പ്ലാവിന്റെ, വാഴത്തോട്ടത്തിന്റെ, ധാവണിയുടുത്ത നാടന്‍പെണ്‍കുട്ടിയുടെ.. അങ്ങനെ നാടന്‍ നിറമുള്ളതും ഗ്രാമത്തിന്‍ മണമുള്ളതുമായ, പച്ചയായി പകര്‍ത്തപ്പെട്ട ഏതെങ്കിലും ഒരു ചിത്രം കാണുമ്പോള്‍ അതിനു മുമ്പില്‍ ഒരല്‍‌പനേരം നിര്‍ന്നിമേഷനായി അവന്‍ ഇരുന്നു പോകുന്നതെന്തു കൊണ്ടാവാം... ?

തിമിര്‍ത്തു പെയ്യുന്ന മഴയും കുത്തിയൊഴുകുന്ന വെള്ളച്ചാലും കുടചൂടി സ്ക്കൂളിലേക്ക് നടക്കുന്ന കുട്ടികളും അവന്റെ കണ്ണുകള്‍ക്ക് ആര്‍ദ്രത പകരുന്നതെന്തു കൊണ്ടാവാം... ?

പച്ചപ്പു നിറഞ്ഞ പാടവും കാര്‍മേഘം തിങ്ങിക്കൂടിയ ആകാശവും മൃദുലമായ പൂവിതളിനെ ചുംബിച്ചുണര്‍ത്തുന്ന ഹിമകണവും ആട്ടിന്‍‌കുട്ടിയെ മാറോടു ചേര്‍ത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്ന വൃദ്ധയുമെല്ലാം അവന്റെ മുഖത്ത് വര്‍ണ്ണങ്ങള്‍ വിടര്‍ത്തുന്നതിന്റെ അര്‍ത്ഥമെന്ത്.. ?

ഓരോ പുതുമഴയും കൂടെക്കൊണ്ടു വരുന്ന മണ്ണിന്റെ മണം ആസ്വദിക്കാത്തവരായി ആരുണ്ട്. അകലെയിരിക്കുമ്പൊഴും നാട്ടിലെ മഴച്ചിത്രങ്ങള്‍ കണ്ട് കുളിരണിയാത്ത മലയാളി മനസുകളുണ്ടാവില്ല;സ്വയം നഷ്ടപ്പെടാത്തവരും. നിലാവു പെയ്യുന്ന, ചീവീടുകള്‍ കരയുന്ന രാത്രിയില്‍ വാഴത്തോട്ടത്തിനിടയിലൂടെയുള്ള വഴിയിലൂടെ നടന്ന് പൊയ്കയുടെ പടവില്‍ സ്വപ്നം കണ്ടിരുന്ന രാത്രിയെ ഏതു പ്രവാസിക്കാണു മറക്കാനാവുക..?

ഇത്തരം കാഴ്ച്ചകള്‍ക്കു മുമ്പില്‍ അറിയാതെ പോലും ഒരു നിമിഷം എന്റെയും കണ്ണുടക്കിപ്പോകാറുണ്ട്. എനിക്ക് പറഞ്ഞറിയിക്കാനാവാത്ത ഒരനുഭൂതിയുടെ പ്രചോദനമാണത്. ആ അനുഭൂതിയെയാണു നാം ഗൃഹാതുരത എന്നു വിളിച്ചു പോരുന്നത്. അങ്ങനെയുള്ള അനുഭൂതികളെല്ലാം ഗൃഹാതുരതയാവുമെങ്കില്‍ അത് ജീവിതത്തിന്റെ പല മേഖലകളിലും പടര്‍ന്നു നില്‍ക്കുന്നുണ്ട്. നാടു കടത്തപ്പെടണമെന്ന നിര്‍ബന്ധം പോലും അതിനില്ല.

കുട്ടികള്‍ സ്ക്കൂളില്‍ നിന്ന് കൊണ്ടു വരുന്ന പാഠപുസ്തകത്തിന്റെ പുതുമണം പോലും എന്നെ പഴയകാലത്തിന്റെ സുഗന്ധം ഓര്‍മ്മിപ്പിക്കുന്നു. ഒന്നുമറിയാത്ത ഒരു നിഷ്ക്കളങ്ക ബാല്യത്തിന്റെയും ആദ്യാക്ഷരത്തിന്റെ മധുരനൊമ്പരത്തിന്റെയും മറക്കാനാവാത്ത സുഗന്ധം. സ്ക്കൂളിന്റെ അരികിലൂടെ എപ്പൊഴെങ്കിലും നടന്നു പോകാനിടയായാല്‍ ഞാന്‍ പഠിച്ച ക്ലാസ് മുറി കാണുമ്പോള്‍ എനിക്കുണ്ടാകുന്ന വികാരത്തിനും അതേ പേരു തന്നെ വിളിക്കാം. ഉച്ചക്കഞ്ഞി കുടിക്കാനിരുന്ന തിണ്ണയും, ജീവിതത്തെ സ്വാധീനിച്ച അദ്ധ്യാപകരും, മറക്കാനാവാത്ത സൌഹൃദങ്ങളും, പക്വതയെത്താത്താ പ്രായത്തിലും മനസില്‍ മൊട്ടിട്ട പ്രണയവും.. അങ്ങനെ മനസില്‍ കുളിര്‍ ചൊരിയുന്ന എന്തെന്ത് ഓര്‍മ്മകള്‍... ആ കാലഘട്ടത്തിന്റെ തിരിച്ചു വരവ് വെറുതെയെങ്കിലും സങ്കല്‍പ്പിച്ചു നോക്കാത്തവരുണ്ടാവില്ലല്ലോ..

മലയാളികള്‍ക്കു മാത്രമാവില്ല ഇത്തരം ഓര്‍മ്മകള്‍ അയവിറക്കാനുള്ളതെങ്കിലും, മറ്റേതു സമൂഹത്തേക്കാളും ഗൃഹാതുരത മനസില്‍ കൊണ്ടു നടക്കുന്നവര്‍ മലയാളി തന്നെയാവണം. പക്ഷേ, അതു കൊണ്ടു മലയാളിയെ പഴഞ്ചന്‍ എന്നാരും വിളിച്ചതായി നാമറിയുന്നില്ല. അത് അവന്റെ സംസ്ക്കാരത്തിലലിയിക്കപ്പെട്ടു എന്നു മനസിലാക്കണം. വളര്‍ന്നു വരുമ്പോള്‍ അവന്‍ കണ്ട സാമൂഹിക ചുറ്റുപാടില്‍ ഈ ഘടകങ്ങളുമുണ്ടായിരുന്നു. ചായക്കടയും, കൊച്ചുവര്‍ത്തമാനങ്ങളും, ആല്‍ത്തറയും, കായലും, പുഴയും, കൊന്നപ്പൂവും, വളപ്പൊട്ടും, കുന്നിക്കുരുവും, ഓണപ്പാട്ടും, തിരുവാതിരയും തുടങ്ങിയ ചിത്രങ്ങളെല്ലാം അവന്റെ ജീവിതത്തോട് ചേര്‍ന്നു കിടക്കുന്ന ഓര്‍മ്മകളാണ്. ഒരു കാലഘട്ടത്തിന്റെ സ്മരണകള്‍.
പ്രവാസിയായി ജീവിക്കാന്‍ വിധിക്കപ്പെട്ട ബഹുഭൂരിഭാഗം മലയാളികളുടെയും ജീവിതം പരിശോധിച്ചാല്‍ ഒരു ഘട്ടത്തിലും തന്റെ ബാധ്യതകളില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ ഒരു പ്രവാസിക്ക് സാധിക്കുന്നില്ല എന്നു കാണാം. പിന്നാലെ കൂടുന്ന പ്രശ്നങ്ങള്‍ക്കിടയിലും പുഞ്ചിരിച്ചു നില്‍ക്കുന്നവനാണു പ്രവാസി. സ്വന്തം വിയര്‍പ്പു കൊണ്ട് വെള്ളം നനയ്ക്കുമ്പൊഴും തന്റെ സ്വപ്നങ്ങള്‍ പൂക്കുന്നതിവിടെയല്ല സ്വന്തം നാട്ടിലാണെന്ന ബോധം മനസില്‍ സൂക്ഷിക്കുന്നവനാണവന്‍. അതു കൊണ്ടു തന്നെയാണ് നാടിന്റെ ഓര്‍മ്മകള്‍ വിട്ടൊരു ജീവിതം പുലര്‍ത്താനാവാത്ത മലയാളിക്ക് ഇത്തരം കാഴ്ച്ചകള്‍ നല്‍കുന്ന ഗൃഹാതുരതയില്‍ നിന്നൊഴിയാനാവാത്തതും. അത് മനഃപൂര്‍വ്വമാവണമെന്നില്ല, ജാഡയാവാനും വഴിയില്ല. മറിച്ച് അതവന്റെ സ്വഭാവമാണ്.


നടന്നു വന്ന വഴികളെ, ചവിട്ടിക്കയറിയ പടവുകളെ, ഉമ്മ വെച്ച മനസുകളെ, അറിവു പകര്‍ന്ന ആചാര്യരെ, ആദ്യാനുരാഗത്തിന്റെ തുടിപ്പിനെ, പ്രണയലേഖനത്തിന്റെ പുതുമയെ, തൊടിയിലെ പൂക്കളെ, അവയെ ഓമനിച്ച നാളുകളെ, ഓമനിച്ചു വളര്‍ത്തിയ കിളികളെ, വിട പറയുമ്പോള്‍ അമ്മ തന്ന ചുംബനത്തെ, കൈ പിടിച്ചു പിരിഞ്ഞ സുമനസുകളെ പിന്നെ ഒരിക്കലും പിടി വിടാത്ത ബാധ്യതകളെയൊന്നും ഒരിക്കലും മറക്കാനാവുന്നില്ല ഒരു മലയാളിക്ക്..

Thursday, April 2, 2009

“ഒരു Resignation Letter ഉണ്ടാക്കിത്തരുമോ” എന്നു ചോദിച്ച ആളോട്, ജോലിത്തിരക്കിനിടയില്‍ കമ്പ്യൂട്ടറില്‍ നിന്ന് കണ്ണെടുക്കാതെ തന്നെ തിരിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. ടൈപ്പ് ചെയ്യാന്‍ തുടങ്ങുകയും ചെയ്തു.
“ആട്ടെ, എന്താ കാരണം എഴുതേണ്ടത്”
എന്ന എന്റെ ചോദ്യത്തിന് അവന്‍ കുറച്ചു കൂടി എന്നോട് ചേര്‍ന്നിരുന്ന് മറുപടി പറഞ്ഞു.
“വീട്ടില്‍ അച്ഛന് സുഖമില്ല. പരിചരിക്കാന്‍ വേറെയാരുമില്ല. അതു കൊണ്ടാണ്”.
ഞാന്‍ എഴുത്ത് തുടര്‍ന്നു. അതിനിടയില്‍ അവന്‍ പറയാന്‍ തുടങ്ങി:
“അമ്മ മരിച്ചപ്പൊഴും എനിക്കു പോകാന്‍ പറ്റിയില്ല. ഇപ്പോ അമ്മയുണ്ടായിരുന്നെങ്കില്‍ അച്ഛനെ പരിചരിക്കുന്ന കാര്യം നോക്കുമായിരുന്നല്ലോ, ഇത്ര വിഷമമുണ്ടാവില്ലാ‍യിരുന്നു...”
ആ ശബ്ദത്തിലെ ഇടര്‍ച്ച കേട്ടപ്പോള്‍ മാത്രമാണ് ഞാനവന്റെ മുഖത്തു നോക്കിയത്.
ഒരു പച്ചയായ യുവാവ്. കണ്ണുനീര്‍ തുടച്ചു കളഞ്ഞ കണ്‍തടങ്ങള്‍ കാണാം. കണ്ണിലെ ചുവപ്പ് ഇപ്പൊഴും മാറിയിട്ടില്ല. ലീവില്‍ പോയിക്കൂടായിരുന്നോ, എന്തിന്‌ cancel ചെയ്യണം എന്ന എന്റെ ചോദ്യത്തിന്‌, ശബ്ദത്തിലെ ഇടര്‍ച്ച മാറ്റാനാവാതെ അവന്‍ തുടര്‍ന്നു. :
"ഞാന്‍ ലീവ് ചോദിച്ചു. ഇരുപത് ദിവസത്തെ ലീവ് മാത്രമേ അവര്‍ അനുവദിക്കൂ. അതു കിട്ടിയിട്ട് കാര്യമില്ല. എനിക്ക് എന്റെ അച്ഛനല്ലേ വലുത്, കമ്പനിയേക്കാളും ജോലിയേക്കാളും. മാത്രമല്ല, എനിക്ക് അത്യാവശ്യം ഒരു ഓപ്പറേഷന്‍ ഉണ്ട്. നാട്ടില്‍ പോയി ഓപ്പറേഷന്‍ ചെയ്ത് തിരിച്ചു വരാന്‍ പറ്റുന്ന തുക വേണം ഇവിടെ വെറുമൊരു ഓപ്പറേഷന്‌ മാത്രം." .........
-----------------------------------------------------

ഞാന്‍ സ്ഥിരം ഭക്ഷണം കഴിക്കുന്ന കഫ്ത്തീരിയ. ഞാന്‍ ഓര്‍ഡര്‍ ചെയ്ത ഒരു ചപ്പാത്തി കൂടി കൊണ്ടു വന്നിട്ട്, അയാള്‍ കിച്ചണില്‍ നിന്ന് തനിക്കുള്ള ഭക്ഷണം കൂടി കൊണ്ടു വന്നു. എന്റെ തൊട്ടടുത്തിരുന്നു. സൗഹൃദ സംഭാഷണത്തിനിടയില്‍ ഞാന്‍ ചോദിച്ചു.
"എത്ര വര്‍ഷമായി ഇവിടെ?"
"പത്തൊന്‍പത്"
"ഇവിടെ ഈ കഫ്ത്തീരിയയില്‍ ?"
"അതെ, ഇവിടെത്തന്നെയാണു ഞാന്‍ തുടങ്ങിയത്"
പുതിയ പ്രവാസിയായതിനാല്‍ തന്നെ, ആശ്ചര്യത്തോടെ അയാളെ തുറിച്ച് നോക്കുന്നതിനിടയില്‍ അയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു:

"പറയാന്‍ പത്തൊന്‍പത് വര്‍ഷമുണ്ടെന്നേയുള്ളൂ.
താമസം ഇപ്പൊഴും വാടക വീട്ടിലാ. കുറേ കടങ്ങളും ബാക്കി..."
മറുപടിയായി ഒന്നും പറയാനാവുന്നില്ലെങ്കിലും ഞാന്‍ വെറുതെ ചോദിച്ചു:
"എത്ര വര്‍ഷം കൂടുമ്പോഴാണു നാട്ടില്‍ പോവുക?"
"മൂന്ന് വര്‍ഷം കൂടുമ്പോ" (!)

-----------------------------------------------------

"എങ്ങനെയുണ്ട് ബിസിനസ്?”
കേട്ടില്ലെന്നു തോന്നുന്നു.
“ഹലോ.. എങ്ങനെയുണ്ട് ബിസിനസ്...
നിനക്ക് കസ്റ്റമറെ വേണോ...
എനിക്ക് സംഘടിപ്പിക്കാന്‍ സാധിക്കും”
അപ്പോള്‍ മാത്രം തിരിഞ്ഞു നോക്കി.
“നിന്റെ ഫോണ്‍ നമ്പര്‍ തരൂ..”
തിരിച്ചു മറുപടി വന്നു:
“നിന്റെ ഫോണ്‍ ഇങ്ങു കാട്ട്”
ഫോണ്‍ മേടിച്ച് നമ്പര്‍ ഡയല്‍ ചെയ്തു തിരിച്ചു കൊടുത്തു.
“ഓകെ ?”
“ഓകെ”
ഇതും പറഞ്ഞ് തിരിഞ്ഞു നടന്ന കറുപ്പനെ നോക്കി അവള്‍ ഒരു പഞ്ചാബി സ്റ്റൈല്‍ ഡാന്‍സ് ചെയ്തു.
------------------------------------------------------

ജീവിതത്തിന്റെ പലവര്‍ണ്ണങ്ങളും കണ്ട്, ശരിയായ അര്‍ത്ഥങ്ങളെ മാത്രം ഉള്‍ക്കൊള്ളാനാവണേ എന്നു മനസില്‍ പ്രാര്‍ത്ഥിച്ച്, പലതും പഠിച്ച് തുടരുന്ന യാത്ര ഒന്നാം വര്‍ഷത്തിലേക്ക്..

പ്രവാസത്തിന്റെ ഒരു വര്‍ഷം കടന്നു പോകുന്നു...

ഉന്‍‌കാ വാദാ ഹേ വോ ലോട്ട് ആയേങ്കേ
ഇസീ ഉമ്മീദ് പര്‍ ഹം ജിയേ ജായേങ്കേ
യേ ഇന്‍‌ത്‌സാര്‍ ഭീ ഉന്‍‌കീ തരഹ് പ്യാരാഹേ
കര്‍ രഹേ ഥേ..
കര്‍ രഹേ ഹേ...
ഔര്‍ കിയേ ജായേങ്കേ...

Wednesday, March 18, 2009

ഇത് രാഷ്ട്രീയ സീറ്റു പിടുത്തത്തെപ്പറ്റിയല്ല; പഠനകാലത്തുണ്ടായ ഒരു ബോധോദയത്തെക്കുറിച്ച്...
---------------------------------------------------------------
കോളേജില്‍ പഠിക്കുന്ന കാലം. കോളേജ് വിട്ട് കഴിഞ്ഞാല്‍ അവിടെ നിന്നും ബസ്സു കയറി ടൗണില്‍ ഇറങ്ങി വീണ്ടും മറ്റൊരു ബസ് കയറിയിട്ടു വേണം നാട്ടിലെത്താന്‍. ടൗണിലെ ഈ ഇറക്കം പുതിയ ബസ് സ്റ്റാന്റിലാക്കിയാല്‍ അവിടെ നിര്‍ത്തിയിട്ടിരിക്കുന്ന, എന്റെ റൂട്ടില്‍ പോകുന്ന ബസില്‍ കേറിയിരിക്കാം. പുറപ്പെടാന്‍ ഒരഞ്ചു മിനിറ്റ് വൈകുമെങ്കിലും ഒരു സീറ്റു കിട്ടുന്നത് സുഖമുള്ള കാര്യമാണല്ലോ. എന്നാല്‍ പഴയ ബസ് സ്റ്റാന്റില്‍ അങ്ങനെയല്ല; നല്ല തിരക്കായിരിക്കും. സ്ക്കൂള്‍ കുട്ടികള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപികാദ്ധ്യാപകന്മാര്‍, മീന്‍ വില്‍‌പ്പനക്കാര്‍ അങ്ങനെ വിവിധ വകുപ്പുകള്‍ ബസില്‍ കേറാനുണ്ടാകും ഈ സമയത്ത്. ഇതിനിടയില്‍ ഒരു സീറ്റു കിട്ടുന്നത് പോയിട്ട് നേരാം വണ്ണം നില്‍ക്കാന്‍ പോലും സൗകര്യപ്പെട്ടെന്നു വരില്ല. അതു കൊണ്ടാണ്‌ പുതിയ ബസ്‌സ്റ്റാന്റ് തെരഞ്ഞെടുക്കേണ്ടി വരുന്നത്. പക്ഷേ, എന്നെപ്പോലെ പലരും ഇതൊരു പതിവാക്കാന്‍ ശ്രമിച്ചപ്പോള്‍ പല കണ്ടക്ടര്‍മാരും ഞങ്ങളെ ആട്ടിവിടാനൊരുങ്ങിയിട്ടുണ്ട്.

കണ്ടക്ടര്‍ ജോലിക്ക് അതിന്റേതായ എല്ലാ വിഷമങ്ങളും ഉണ്ടെന്നറിഞ്ഞു കൊണ്ടു തന്നെ പറയട്ടെ, ചില കണ്ടക്ടര്‍മാരുടെ സ്വഭാവം നാഷണല്‍ ഹൈവേ മൊത്തം തന്റെ സ്വന്തമാണെന്ന ഭാവത്തിലാണ്‌. വിദ്യാര്‍ത്ഥികളെ ആട്ടി വിടുന്നതു കൊണ്ടല്ല ഈ നിഗമനം, മറിച്ച് വര്‍ഷങ്ങളായി ഇങ്ങനെ യാത്ര ചെയ്തു ജീവിച്ച വകയില്‍ കണ്ടും അനുഭവിച്ചും മനസ്സിലാക്കിയതാണ്‌. മല്‍സര ഓട്ടത്തിനിടയില്‍ കയ്യൂക്കും നാക്കിന്റെ നീളവും എത്രത്തോളം കൂടുമോ അത്രത്തോളം സ്വാധീനമാണവര്‍ക്ക്. മറ്റു ബസിനെ ക്രോസ് ചെയ്ത് നിര്‍ത്തി ഡ്രൈവറിന്റെ തന്തയ്ക്ക് വിളിക്കുക, കണ്ടക്ടറുടെ കോളര്‍ പിടിക്കുക, ഇരുമ്പു ദണ്ഡെടുത്തു കൊണ്ടു വന്ന് ഭീഷണിപ്പെടുത്തുക തുടങ്ങി വിദ്യാര്‍ത്ഥികളെ തൂക്കിപ്പിടിച്ചെറിയുന്നതു വരെ സ്ഥിരം പരിപാടിയാക്കിയ കണ്ടക്ടര്‍മാരെയും ഞാന്‍ കണ്ടിട്ടുണ്ട്. ഈ കാഴ്ച്ചകളില്‍ ഭീതി നിറഞ്ഞ മുഖവുമായിരിക്കുന്ന സ്ത്രീകളും ഒന്നുരിയാടാന്‍ പോലുമാവാതിരിക്കുന്ന പുരുഷ ശരീരങ്ങളും ഒരു പശ്ചാത്തല ചിത്രമായി മനസ്സിലുണ്ട്.
(ചിലര്‍ക്കൊക്കെ ഇതൊരു ത്രില്ലുമായിരുന്നു. ജനിച്ചപ്പോള്‍ മുതല്‍ ഇടിപ്പടങ്ങളും വെടിവെച്ചു കൊല്ലുന്ന കമ്പ്യൂട്ടര്‍ ഗെയിംസും കളിച്ചുവളരുന്നവര്‍ക്ക് ഇതൊരു ലൈവ് ഷോ മാത്രമാവാം)

അതിരിക്കട്ടെ, പല ആവശ്യങ്ങള്‍ക്കു വേണ്ടിയും പഴയ ബസ്‌സ്റ്റാന്റില്‍ തന്നെയാണിറങ്ങുക എന്നതു കൊണ്ട് തിക്കിത്തിരക്കിത്തന്നെയാണ്‌ വീട്ടിലേക്കുള്ള യാത്ര. അങ്ങനെ തിരക്കുള്ള സാഹചര്യങ്ങളില്‍ ബസിലെ സീറ്റുറപ്പിക്കാന്‍ വേണ്ടി ചെയ്യുന്ന ഒരു പരിപാടിയാണല്ലോ എന്തെങ്കിലും വസ്തുക്കള്‍ എടുത്ത് സീറ്റില്‍ വെക്കുക എന്നത്. കയ്യിലുള്ള സഞ്ചി, കര്‍ച്ചീഫ്, കുട, വടി അങ്ങനെ എന്തെങ്കിലുമൊന്നെടുത്ത് സീറ്റില്‍ വെച്ചാല്‍ അത് booked ആണ്‌. പിന്നെ ആര്‍ക്കും അതില്‍ കയറിയിരുന്നു കൂടാ. ബസ് വന്ന് നിര്‍ത്തുന്നതിന്ന് മുമ്പേ ഈ സാധനസാമഗ്രികള്‍ ബസിനുള്ളിലെത്തിയിട്ടുണ്ടാകും. അതൊരു കലയാണ്‌; ഉശിരുള്ളവന്റെ കല.
അങ്ങനെ ഞാനും ഈ പരിപാടി പഠിച്ചു. ബസ് വന്ന് നിര്‍ത്തുന്ന ഉടനെ, അല്ലെങ്കില്‍ അതിനും മുമ്പേ എന്റെ കയ്യിലുള്ള പുസ്തകമെടുത്ത് സീറ്റില്‍ വെക്കും. പിന്നെ തിരക്കിട്ട് കയറേണ്ട ആവശ്യമില്ല. കയറാനുള്ള തത്രപ്പാടിനിടയില്‍ ബസിന്റെ തുരുമ്പിച്ച ഭാഗത്ത് കൊളുത്തി കുപ്പായം കീറിപ്പോകാനോ, വാച്ചിന്റെ സ്ട്രാപ്പ് പൊട്ടിപ്പോകാനോ ഒന്നുമുള്ള സാധ്യതകളില്ല. മെല്ലെക്കേറിയാല്‍ മതി. സീറ്റു നമ്മുടേതു തന്നെ.

ഇങ്ങനെ ഒരു ദിവസം ഞാന്‍ സീറ്റു ബുക്കു ചെയ്ത് ബസ്സില്‍ കയറി. പിന്നെ ഞാന്‍ അവിടെയിരുന്നിട്ടും തൊട്ടടുത്ത് ഇനിയും ആരുമെത്താത്ത ഒഴിഞ്ഞ സ്ഥലമുണ്ട്. പെട്ടെന്നു തന്നെ ഞാന്‍ എന്റെ പുസ്തകം അവിടെ വെച്ചു പിന്നാലെ കയറി വരുന്ന എന്റെ സുഹൃത്തിനെയും കാത്തിരിപ്പായി. ഈ സീറ്റിലേക്ക് ഇരിക്കാനായി വന്ന ഒരാള്‍ ഇതു കണ്ട് എന്റെ നേരെ ചൂടായി. (അതു ഞാന്‍ ശ്രദ്ധിച്ചില്ലായിരുന്നു) "എന്തു പണിയാ സുഹൃത്തേ ഇത്?അപ്പോ മറ്റുള്ളവര്‍ക്കൊന്നും ഇരിക്കണ്ടേ?”

ഞാന്‍ പറഞ്ഞു: “അതേയ്, എന്റെ സുഹൃത്തിനു വേണ്ടി ഞാനൊരു സീറ്റു ബുക്കു ചെയ്യുന്നു. അവിടെ ഇരിക്കാനായി അവനെ കാത്തിരിക്കുന്നു. ഇതിലെന്താ തെറ്റ്?”

അങ്ങനെ ചെയ്യാന്‍ പാടുണ്ടോ എന്നു ചോദിച്ച് തികച്ചും സഭ്യമായ ഭാഷയില്‍ തന്നെ അയാള്‍ എന്നെ ചോദ്യം ചെയ്തു. പക്ഷേ, ഞാന്‍ വിട്ടു കൊടുക്കാതെ തിരിച്ചു മറുപടിപറഞ്ഞു കൊണ്ടിരുന്നു; ഇത് എല്ലാവരും ചെയ്യുന്ന കാര്യമാണ്. ഞാനും അതേ ചെയ്തുള്ളൂ എന്നൊക്കെ പറഞ്ഞ്. അയാള്‍ വളരെ മാന്യനായതു കൊണ്ടായിരിക്കണം തര്‍ക്കം കൂടുതല്‍ നീണ്ടു പോയില്ല.
ആ യാത്രയൊക്കെ കഴിഞ്ഞ് പിന്നീട് ഞാന്‍ ആ തര്‍ക്കത്തെക്കുറിച്ച് ഓര്‍ത്തു കൊണ്ടിരിക്കുമ്പോള്‍ ചില പുതിയ ചിന്തകള്‍ ഉണ്ടായി.

എല്ലാവരും ചെയ്യുന്ന കാര്യങ്ങള്‍ ഞാനും ചെയ്തു കൊള്ളണമെന്ന് നിര്‍ബന്ധമില്ല. അങ്ങനെയല്ലല്ലോ വേണ്ടത്. ഞാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഞാന്‍ തീരുമാനിക്കണം. പിന്നെ മറ്റുള്ളവരില്‍ നിന്ന് പഠിക്കേണ്ടത് വളരെ നല്ല വശങ്ങള്‍ മാത്രമാണ്. ഏതു പോക്കിരിയുടെ കയ്യിലും ചില നല്ല വശങ്ങള്‍ കാണും; അതും നമുക്ക് പഠിച്ചെടുക്കാം.
ഇവിടെ തിക്കിനും തിരക്കിനുമിടയില്‍ നിന്ന് വല്ല വിധേനയും സീറ്റുകിട്ടാന്‍ വേണ്ടി ബസില്‍ കയറുമ്പോള്‍ കാണുന്ന കാഴ്ച്ച എല്ലാ സീറ്റുകളും ബുക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്നതാണ്. പിന്നീട് ഓരോരുത്തരേ വന്ന് ഇരുത്തം തുടങ്ങുകയായി. ഇത്രയും ബുദ്ധിമുട്ടി ആദ്യം കയറിപ്പറ്റിയവന്‍ മണ്ടന്‍.. വിഡ്ഢി..! ഇതും കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന ലൈനല്ലേ..
മനസ്സിനൊരു സമാധാനക്കുറവ്..
അപ്പോ‍ ഇനി മുതല്‍ അത് വേണ്ട!
അന്ന് മുതല്‍ ഞാന്‍ സീറ്റു ബുക്കു ചെയ്യുന്ന പരിപാടി നിര്‍ത്തി.

Saturday, March 7, 2009

updated on: 11/03/2009- 12:43 PM
പ്രവാചകരേ... ആഗ്രഹിച്ചു പോവുകയാണ്‌...
ഈ നൈമിഷികതയെപ്പോലും ശാശ്വതമായി കരുതുന്നിടത്ത്..
മനസുകള്‍, വെട്ടിപ്പിടിക്കാന്‍ മാത്രം കൊതിക്കുന്ന ലോകത്ത്...
സമ്പന്നതയാണ്‌ സൗന്ദര്യമെന്ന്, സുഖ സൗകര്യങ്ങളാണ്‌ സകലമെന്ന് ധരിച്ചു പോകുന്ന...
വര്‍ണ്ണ ശബളിമകള്‍ക്കിടയില്‍‌പ്പെട്ട് വഴിയുഴറുന്ന മനുഷ്യര്‍ക്കിടയില്‍...
'സമുദ്രത്തില്‍ മുക്കിയ വിരല്‍ത്തുമ്പില്‍ ഏല്‍ക്കുന്ന വെള്ളത്തോട് ഭൗതികതയെ ഉപമിച്ചു' കാണിച്ച അങ്ങയുടെ സാന്നിദ്ധ്യം...
ഇബ്നു ഉമറിന്റെ ചുമലില്‍ പിടിച്ച് "ഇഹലോകത്ത് നീ ഒരു പ്രവാസിയെപ്പോലെയാവുക, അല്ലെങ്കില്‍ ഒരു വഴിപോക്കനെപ്പോലെയാവുക" എന്നു പഠിപ്പിച്ച‍ അങ്ങയുടെ സാന്നിദ്ധ്യം...
ദൈവ വിശ്വാസത്തിന്റെ കുത്തകാവകാശം പൗരോഹിത്യത്തിന്റെ കയ്യിലമരുകയും ആത്മീയതയില്‍ അന്ധ വിശ്വാസങ്ങള്‍ നിറഞ്ഞു തുളുമ്പുകയും ചെയ്യുന്ന
സമകാലിക സാഹചര്യത്തില്‍...
ആത്മീയതയുടെ സുതാര്യതയും നിറസൗന്ദര്യവും കാണിച്ചു തരാന്‍...
ഒരാള്‍ ദൈവത്തോട് ഒരു ചാണ്‍ അടുക്കുമ്പോള്‍ ദൈവം അയാളോട് ഒരു മുഴം അടുക്കുമെന്നറിയിച്ച.. "ദൈവം കണ്ഠനാഡിയേക്കാള്‍ അടുത്തിരിക്കുന്നു"വെന്ന വേദവാക്യമോതിക്കേള്‍പ്പിച്ച അങ്ങയുടെ സാന്നിദ്ധ്യം...
സ്വന്തം പുത്രനായ ഇബ്രാഹീമിന്റെ മരണസമയത്തു തന്നെ സൂര്യഗ്രഹണമുണ്ടായപ്പോള്‍ 'ഇബ്രാഹീമിന്റെ മരണത്തില്‍ പ്രകൃതി പോലും ദുഃഖം കൊള്ളുന്നു' വെന്നു പ്രചരിപ്പിച്ച ജനങ്ങളെ വിളിച്ച്, സൂര്യനും ചന്ദ്രനുമെല്ലാം ദൈവത്തിന്റെ ദൃഷാന്തങ്ങളാണെന്നും ജനനമരണങ്ങളുമായി ബന്ധമില്ലെന്നും വിളംബരം ചെയ്തു മാതൃക കാട്ടിയ അങ്ങയുടെ സാന്നിദ്ധ്യം...
ജീവിതം തുടങ്ങാന്‍, ഇണ ചേരാന്‍, ഒരു പിതാവാകാന്‍, മാതാവാകാന്‍..
ജീവിതത്തിന്റെ ഓരോ ഘട്ടവും സാക്ഷാല്‍ക്കരിക്കപ്പെടാന്‍ സമ്പന്നത അനിവാര്യമാക്കുന്ന ആചാരങ്ങളാല്‍ വികൃതമാക്കപ്പെട്ട ജീവിതത്തില്‍
ഞെരുങ്ങിപ്പോകുന്ന മനുഷ്യര്‍ക്കിടയില്‍...
പ്രാതലെന്തെങ്കിലും കഴിക്കാനായി ഭാര്യമാരുടെ വീടുകളോരോന്നും കയറിയിട്ടും ഒന്നും കഴിക്കാനില്ലെന്ന മറുപടി കേട്ട് "എന്നാലെനിക്കിന്നു നോമ്പാണെ"ന്നു പറഞ്ഞ്
ജീവിതത്തില്‍ ലാളിത്യത്തിന്റെ ഔന്നിത്യം കാണിച്ച അങ്ങയുടെ സാന്നിദ്ധ്യം...
മനുഷ്യ മനസ്സുകള്‍ സമാധാനം തേടിയലയുമ്പോള്‍..
കൂണുകള്‍ പോലെ മുളച്ചു പൊന്തുന്ന ശാന്തി കേന്ദ്രങ്ങളില്‍ ശാന്തിയുടെ പാക്കേജുകള്‍ തയ്യാറാക്കപ്പെടുമ്പോള്‍...
സ്വന്തം മനസിലും ചിന്തയിലും തന്നെയാണു ശാന്തി കണ്ടെത്തേണ്ടതെന്നറിയാതെ വിഡ്ഢികളായിപ്പോവുന്ന പാമരര്‍ക്കിടയില്‍ ...
"ശരീരത്തില്‍ ഒരു മാംസക്കഷ്ണമുണ്ട്; അതു നന്നായാല്‍ മുഴുവനും നന്നായി, അതു ചീത്തയായാല്‍ മുഴുവനും ചീത്തയായി" എന്നുരുവിട്ട..
"ഹൃദയങ്ങള്‍ ശാന്തിയടയുന്നത് ദൈവസ്മരണ കൊണ്ടാണെ"ന്ന വേദവാക്യം ഓതിത്തന്ന അങ്ങയുടെ സാന്നിദ്ധ്യം...
വിശ്വാസത്തിന്റെ അന്തരം മാത്രമല്ല, കൊടിയുടെ നിറവ്യത്യാസം പോലും സ്വന്തം സഹോദരന്റെ ജീവനെടുക്കുന്നതിന്ന് കാരണമാകുന്ന ഈ കാലത്ത് "വര്‍ഗ്ഗീയതയിലേക്ക് ക്ഷണിക്കുന്നവനും വര്‍ഗ്ഗീയതയില്‍ പെട്ട് മരിക്കുന്നവനുംനമ്മില്‍ പെട്ടവനല്ല" എന്നു പ്രഖ്യാപിച്ച,
"അന്യായത്തിന്‌ കൂട്ടു നില്‍ക്കുന്നതാണ്‌ വര്‍ഗ്ഗീയത" എന്നു പഠിപ്പിച്ച അങ്ങയുടെ സാന്നിദ്ധ്യം...
സ്വന്തം മകളെ, ആധുനിക കല്യാണച്ചന്തയില്‍ കച്ചവടത്തിനിറക്കാനാവാതെ
തപിക്കുന്ന ഹൃദയവും നിറയുന്ന കണ്ണുകളുമായി കഴിയുന്ന പിതാവിന്റെ മുമ്പില്‍...
സ്വന്തം മകളെ ജീവനോടെ കുഴിച്ചു മൂടിയ കഥ ഏറ്റു പറഞ്ഞ ഗ്രാമീണന്റെ വിവരണം കേട്ട് കവിളിലൂടെ, താടി രോമത്തിലൂടെ കണ്ണീരൊലിച്ചിറങ്ങിയ അങ്ങയുടെ സാന്നിദ്ധ്യം..
ഒന്നെറിഞ്ഞ് പത്ത് കൊയ്യുകയെന്ന അതിമോഹത്തിലൂന്നിയ സാമ്പത്തിക വിനോദങ്ങള്‍
മനുഷ്യരെ കാര്‍ന്നു തിന്നുന്ന കാലത്ത് "
പലിശ തിന്നുന്നവനും, തീറ്റുന്നവനും, എഴുതുന്നവനും സാക്ഷി നില്‍ക്കുന്നവനും നരകശിക്ഷയനുഭവിക്കു" മെന്നു മുന്നറിയിപ്പു നല്‍കിയ
"ചൂതാട്ടം പൈശാചികമാ"ണെന്ന വചനം കേള്‍പ്പിച്ചു തന്ന അങ്ങയുടെ സാന്നിദ്ധ്യം..
കര്‍മ്മങ്ങളുടെ പ്രതിഫലം ഉദ്ദേശ്യങ്ങള്‍ക്കനുസരിച്ചാണെന്നു പഠിപ്പിച്ച
മുകളിലേക്കു നോക്കിയല്ല, താഴേയ്ക്കു നോക്കി ജീവിക്കാന്‍, പഠിപ്പിച്ച അങ്ങയുടെ ജീവിത രീതി മനുഷ്യര്‍ പകര്‍ത്തിയെങ്കില്‍...!
--------------------------------------
ആരായിരുന്നു പ്രവാചകന്‍ എന്ന ഒരു ചര്‍ച്ച ഇവിടെ നടക്കുന്നുണ്ട്.
--------------------------------------
മുഹമ്മദ് നബിയുടെ ബഹുമുഖവ്യക്തിത്വത്തെ സയ്യിദ് സുലൈമാന്‍ നദ്‌വി വിവരിക്കുന്നു: "ഭിന്നസാഹചര്യങ്ങളിലും മനുഷ്യവികാരങ്ങളുടെ അവസ്ഥാന്തരങ്ങളിലും കര്‍മ്മനിരതരായ എല്ലാ വിഭാഗം ജനങ്ങള്‍ക്കും മാനദണ്ഡമായി സ്വീകരിക്കാവുന്ന ഒരു മാതൃക മുഹമ്മദിന്റെ ജീവിതത്തില്‍ ദര്‍ശിക്കാം. നിങ്ങളൊരു ധനികനാണെങ്കില്‍ മക്കയിലെ വര്‍ത്തകനും ബഹ്‌റൈനിലെ സമ്പത്തിന്റെ യജമാനനും ആയിരുന്ന മുഹമ്മദില്‍ നിങ്ങള്‍ക്കു മാതൃകയുണ്ട്. നിങ്ങള്‍ ദരിദ്രനാണെങ്കില്‍ ശ‌അബു അബീത്വാലിബിലെ തടവുപുള്ളിയിലും മദീനാ അഭയാര്‍ഥിയിലും അതുണ്ട്. നിങ്ങളൊരു ചക്രവര്‍ത്തിയാണെങ്കില്‍ അറേബ്യയിലെ ഭരണാധികാരിയായി വാണ മുഹമ്മദിനെ വീക്ഷിക്കുക! നിങ്ങളൊരടിമയാണെങ്കില്‍ മക്കയിലെ ഖുറൈശികളുടെ മര്‍ദന പീഡനങ്ങള്‍ ഏറ്റുവാങ്ങിയ ആ മനുഷ്യനെ ശ്രദ്ധിക്കുക! നിങ്ങളൊരു ജേതാവാണെങ്കില്‍ ബദ്‌റിലെയും ഹുനൈനിലെയും ജേതാവിനെ നോക്കുക! നിങ്ങള്‍ക്കൊരിക്കല്‍ പരാജയം പിണഞ്ഞുവെങ്കില്‍ ഉഹ്‌ദില്‍ കുഴപ്പം പിണഞ്ഞ ആ മനുഷ്യനില്‍ നിന്ന് പാഠം പഠിക്കുക. നിങ്ങളൊരധ്യാപകനാണെങ്കില്‍....
പ്രവാചകനെക്കുറിച്ചുള്ള മനോഹരവും വിശാലവുമായ വീക്ഷണം ഇവിടെ വായിക്കാം.

Monday, February 23, 2009


"Masturbate, I like it"

ഇത് ആധുനികതയുടെ എല്ലാ അലങ്കാരങ്ങളും നന്നായണിഞ്ഞ ഒരു യുവാവ്‌ ധരിച്ച ടീ-ഷര്‍ട്ടില്‍ എഴുതപ്പെട്ടിരുന്ന വാക്കാണ്‌. അല്‍‌പനേരം അങ്ങനെയിരുന്ന് ഞാനാലോചിച്ചു. എന്തായിരിക്കും ഈ ടീ- ഷര്‍ട്ടു തന്നെ തെരഞ്ഞെടുത്തണിയാനുള്ള അവന്റെ ഉദ്ദേശ്യത്തിനു പിന്നില്‍... ഞാനാ യുവാവിന്റെ അരികില്‍ ചെന്നു എന്താണീ എഴുതിയിരിക്കുന്നതിന്റെ അര്‍ത്ഥമെന്ന് നിങ്ങള്‍ക്കറിയാമോ എന്നു ചോദിച്ചു. വളരെ സൗമ്യനായി അവന്‍ മറുപടി പറഞ്ഞു :" മാഫീ ഇംഗ്ലീഷ്, അറബീ.." ഓഹോ.. കുടുങ്ങി.. (എടാ.. ദുബായിലായിരുന്നിട്ട് ഇവന്‍ ഇതു വരെ ഹിന്ദിയെങ്കിലും പഠിച്ചില്ലേ...) ഇനിയിപ്പോ... എന്തായാലും ഇത് മനസിലാക്കിക്കൊടുക്കാതെ പോകില്ലെന്നു തീരുമാനിച്ച് എനിക്കറിയാവുന്ന മുറിയന്‍ അറബിയില്‍ അവനോട് കാര്യം ചോദിച്ചു. "മാ മക്തൂബ്..? " ഒന്നുമറിയാത്തതു പോലെ അവന്റെ ചോദ്യം. (എന്താണെഴുതപ്പെട്ടിരിക്കുന്നത് എന്ന്) ഹോ..! സമാധാനമായി..! പിന്നെ വളരെ സാവധാനത്തോടെ (ധൃതിയില്‍ പറയാന്‍ അറിയാത്തതു കൊണ്ടു കൂടിയുമാണ്‌) അവനെ കാര്യം പറഞ്ഞു ധരിപ്പിച്ചു. എന്നിട്ട് ഇത് നല്ല കാര്യമല്ലെന്നും ഇനി താങ്കള്‍ ഇത് ധരിക്കില്ലെന്നു ഞാന്‍ കരുതുന്നുവെന്നും അവനോട് പറഞ്ഞു. വിട പറയുന്നതിനു മുമ്പ് എവിടെയാണു നാടെന്നും ഇവിടെയെന്തു ചെയ്യുന്നുവെന്നും ഞാന്‍ ചോദിച്ചു. ഞാന്‍ സിറിയയില്‍ നിന്നാണ്‌. ഇവിടെ ഒരു കമ്പനിയില്‍ സെയില്‍‌‍സ്മാനായി ജോലി ചെയ്യുന്നു. കമ്പനിയുടെ പേരും പറഞ്ഞ് എന്നോട് അങ്ങോട്ട് ഒരു ദിവസം വരാനും ആവശ്യപ്പെട്ട് ഞങ്ങള്‍ കൈ കൊടുത്തു പിരിഞ്ഞു.

സത്യത്തില്‍ അവനൊന്നുമറിയില്ലായിരുന്നു. എന്തോ ഒരിംഗ്ലീഷ് വാക്ക്; അത്രേ അവനറിയൂ. ഇതു തന്നെയാണ് പലരുടെയും പ്രശ്നം. നമ്മുടെ വേഷവിധാനങ്ങള്‍, ഭാഷാ പ്രയോഗങ്ങള്‍, സംഗീതാസ്വാദനങ്ങള്‍, ആചാരങ്ങള്‍ ഇവയൊക്കെ ഏറ്റവും പുതിയതെടുത്തു പ്രയോഗിക്കുക എന്നതല്ലാതെ ഇവയൊക്കെ എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്നു ചിന്തിക്കുന്നവര്‍ ചുരുക്കമാണ്‌. "നീളന്‍ കൈയുള്ള കുപ്പായം തുന്നിയിട്ട് ആ കൈ മടക്കിക്കേറ്റി വെച്ച് നമ്മള്‍ നടക്കുന്നു" എന്ന് പ്രസംഗം സപര്യയാക്കിയ, ആ സപര്യയ്ക്കിടയില്‍ തന്നെ മരിച്ചു പോയ ഡോ: എം. എന്‍. വിജയന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ടത്രെ. അനുകരണമാണു നമുക്കിഷ്ടം. നാമിഷ്ടപ്പെടുന്ന സ്റ്റാര്‍ എന്തു വേഷം കെട്ടിയാലും അത് തനിക്കിഷ്ടമാണെന്ന്‌ മാലോകരോട് വിളിച്ചു പറയാന്‍ വെമ്പുന്ന മനസാണ്‌ നമുക്ക്. ഒരു കാലത്ത് സല്‍മാന്‍ ഖാന്‍, തന്റെ ജീന്‍സിനും മുകളില്‍ പുറത്തു കാണുന്ന രീതിയില്‍‌ അടിവസ്ത്രം ധരിച്ചപ്പോള്‍ അത് പലരും മോഡലാക്കി. സല്‍മാന്‍ ഖാനെപ്പോലെ കുപ്പായമിടാതെ നടക്കാന്‍ പറ്റാത്തതു കൊണ്ട് അര വരെ മാത്രം നീളമുള്ള കുപ്പായമിട്ട് ബസിന്റെ കമ്പിയും പിടിച്ച് നില്‍ക്കുന്ന യുവാവ്, താന്‍ ധരിച്ച അടിവസ്ത്രത്തിന്റെ കമ്പനിയുടെ അമ്പാസഡറാണെന്നു തോന്നിപ്പിച്ച ഒരു കാലമുണ്ടായിരുന്നു.

ഷാരൂഖ് ഖാന്‍ തേക്കുന്ന ഷാമ്പൂ, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കുടിക്കുന്ന പാനീയം, സെയ്ഫ് അലി ഖാന്‍ കൊറിക്കുന്ന ഭക്ഷണം, കരീന തേച്ചു കുളിക്കുന്ന സോപ്പ് ഇവയൊക്കെ നമ്മുടെയും ഇഷ്ടങ്ങളാകുമ്പോള്‍ നമ്മുടെ ചിന്ത മരവിച്ചിരിക്കുന്നു എന്നു തന്നെ മനസിലാക്കുക.

പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഡന്റെ ഒരു സദസ്സില്‍ പങ്കെടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു സംഭവമുണ്ട്. ഒരു സദസ്സില്‍ ക്ലാസെടുത്തു കൊണ്ടിരിക്കവേ "ജന്മനാ കറുത്ത് മെലിഞ്ഞിരുന്ന ഒരു സ്ത്രീ ലക്സ് സോപ്പ് മാത്രമുപയോഗിച്ച് വെളുത്ത സുന്ദരിയായി. അവര്‍ ഇന്ന് വളരെ പ്രശസ്തയാണ്‌. ആരാണെന്നു പറയാമോ" എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന്‌ സദസ്സില്‍ നിന്നൊന്നടങ്കം "ഐശ്വര്യാ റായീ..." എന്ന് ഉത്തരം കിട്ടിയത്രെ. നോക്കണം നമ്മുടെ സമൂഹത്തിന്റെ ചിന്തയെ കോര്‍പ്പറേറ്റുകള്‍ എങ്ങനെ വലം വെച്ചിരിക്കുന്നു എന്ന്. ഒരു പരിധിയില്‍ നിന്നപ്പുറത്തുള്ള യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാന്‍ നമുക്കു മനസില്ല.

നമ്മുടെ കുഞ്ഞുങ്ങള്‍ കടലമിഠായിക്കും കല്ലുമിഠായിക്കും ഒക്കെ വാശി പിടിച്ചു കരഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. ഈ മിഠായികളുടെ പരസ്യങ്ങളൊന്നും എവിടെയും പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നില്ല. കുട്ടികളെ കാണുമ്പോഴോ, സന്ദര്‍ശിക്കുമ്പോഴോ നമ്മള്‍ കൊണ്ടു പോകുന്ന മിഠായികള്‍ക്ക് സ്നേഹത്തിന്റെ മധുരമുണ്ടായിരുന്നു; അരുമയുടെ നിറവുണ്ടായിരുന്നു. ഇന്ന് ഈ സ്നേഹവും അരുമയും കോര്‍പ്പറേറ്റുകള്‍ നന്നായി ഉപയോഗിക്കുന്നുണ്ട്. ഇന്ന് കുടുംബ സമേതം കാറില്‍ യാത്ര ചെയ്യുന്നതിനിടയില്‍ റോഡരികില്‍ കാണുന്ന ഷോപ്പില്‍ തൂങ്ങുന്ന തിളങ്ങുന്ന ചിപ്സ് പാക്കറ്റുകള്‍ക്ക് വേണ്ടി കുട്ടികള്‍ വാശി പിടിക്കാതെ തന്നെ നമ്മള്‍ വാങ്ങിച്ചു കൊടുക്കുന്നത്‌ ഈ പരസ്യത്തിന്റെ പ്രലോഭനം കൊണ്ട് മാത്രമല്ല; അത് ഒരു prestige ന്റെ ചിഹ്നവും കൂടിയാണ് പലര്‍ക്കും. ഉള്ളില്‍ എന്തെങ്കിലും വസ്തുവിനേക്കാള്‍ വായു കുത്തി നിറച്ചിരിക്കുന്ന ഇത്തരം പാക്കറ്റുകള്‍ക്കുള്ള വില അര്‍ഹിക്കുന്നതിനപ്പുറവുമാണ്‌ എന്നത് നമുക്കൊരു പ്രശ്നമേയല്ല.

പരസ്യങ്ങള്‍, പ്രത്യേകിച്ച് ടെലിവിഷന്‍ നമ്മുടെ മനസിനെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്; നെഗറ്റീവായിത്തന്നെ. നമുക്ക് സത്യം വിളമ്പിത്തന്നിരുന്ന, നേരിന്‌ കൂട്ടു നിന്നിരുന്ന പത്രമാധ്യമങ്ങള്‍ പോലും ഇന്ന് സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്ന പരസ്യങ്ങള്‍ക്ക് വലിയ വില കല്പ്പിക്കുന്നു. ഇത്തരം സാഹചര്യത്തില്‍ നമുക്ക് നമ്മെയും നമ്മുടെ പരിസരത്തെയും കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നേ തീരൂ.

പരസ്യത്തിന്റെ ആദ്യ ചരിത്രം മനുഷ്യന്റെ ആദ്യ ചരിത്രത്തോളം പഴക്കമുള്ളതാണ്‌. സ്വര്‍ഗലോകത്ത് സുഖലോലുപതയില്‍ വാഴുന്ന ആദം, ഹവ്വ ദമ്പതികള്‍ക്കിടയിലേക്ക് സ്വര്‍ഗ്ഗത്തിലെ ഒരു മരത്തെ കുറിച്ച് ഇല്ലാത്ത പൊലിമകള്‍ പറഞ്ഞു കൊണ്ട് വരുന്ന ആദ്യത്തെ അഭിനേതാവ് പിശാചാണ്‌. അതില്‍ മനുഷ്യന്ന് വീഴ്ച്ച സംഭവിക്കുന്നു, പരസ്യം അതായത് പിശാച് വിജയിക്കുന്നു, ദൈവം കോപിക്കുന്നു അതായത് മനുഷ്യന്റെ സമാധാനത്തിന്‌ ഭംഗം വരുന്നു. പരസ്യങ്ങള്‍ പലതും പൈശാചിക പ്രേരണയുണ്ടാക്കുന്നുവെന്നും അത് താളഭംഗം സൃഷ്ടിക്കുന്നുവെന്നുമാണോ ഞാന്‍ പറഞ്ഞു വരുന്നത്... അതെ .. അതു തന്നെ.
----------------------------------------
Shaf അയച്ചു തന്ന ചിത്രം ചേര്‍ത്ത് അപ്ഡേറ്റ് ചെയ്തത് : 24/02/2009, 12:25 pm

Saturday, February 7, 2009

ഒരു സുഹൃത്ത് അയച്ച ഇ-മെയില്‍ തുടങ്ങുന്നത് ഇങ്ങനെയാണ്‌.
Author: Stephen Covey.
"Have you read this before?
Discover the 90/10 Principle. It will change your life (at least the way you react to situations)..."

ഇങ്ങനെ തുടങ്ങുന്ന ഒരു ലേഖനം വായിക്കാതിരിക്കുന്നതെങ്ങനെ... മുഴുവന്‍ വായിച്ചപ്പോള്‍, പൊതുവെ ജീവിതത്തിലെ കാര്യങ്ങള്‍ പരമാവധി പോസിറ്റീവായി കാണണമെന്ന് അവസരം കിട്ടുമ്പോഴൊക്കെ പറയാന്‍ ശ്രമിക്കാറുള്ള, പുലര്‍ത്താന്‍ കരുതാറുള്ള എനിക്ക് ഇത് പ്രചരിപ്പിച്ചാല്‍ കൊള്ളാമെന്നു തോന്നി. അതിന്‌ മുമ്പ് ലേഖകന്‍ Stephen Covey- യെക്കുറിച്ചൊന്ന് ഗൂഗ്ലി. ഓ.. ഇദ്ദേഹം വളരെ പ്രശസ്തനാണ്‌. നമ്മളത്ര ശ്രദ്ധിച്ചില്ലെന്നേയുള്ളൂ.. Seven Habits of Highly Effective People എന്ന വിഖ്യാത ഗ്രന്ഥം പിറന്നത് ഇദ്ദേഹത്തിന്റെ തൂലികയിലൂടെയാണ്‌. (ഡി. സി. ബുക്സ് ഈ പുസ്തകത്തിന്റെ പരിഭാഷ ഇറക്കിയിട്ടുണ്ടെന്നു തോന്നുന്നു. പുസ്തകത്തെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇതു വരെ അത് വായിക്കാന്‍ പറ്റിയിട്ടില്ല.) അദ്ദേഹത്തിന്‌ സ്വന്തമായി വെബ്‌സൈറ്റും കമ്യൂണിറ്റിയും ഉണ്ട്.
ഇങ്ങനെയൊക്കെ ആയതു കൊണ്ടു തന്നെ പലരും വായിച്ചിരിക്കാനും ഒരു പക്ഷേ, പരിഭാഷപ്പെട്ടിരിക്കാനും സാധ്യതയുള്ള ഒരു കുറിപ്പാണിത്. അതിലൂടെ അല്‍‌പം...

എന്താണ്‌ 90/10 തത്വം..?

ജീവിതത്തിന്റെ 10 ശതമാനം നിങ്ങള്‍ക്ക് വന്നു ഭവിക്കുന്ന വിധിയിലധിഷ്ഠിതമാണ്‌. എന്നാല്‍ ബാക്കി 90 ശതമാനം നിര്‍ണ്ണയിക്കപ്പെടുന്നത്, സാഹചര്യങ്ങളോട് നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്‌. ഒന്നു കൂടി വ്യക്തമാക്കിയാല്‍, നിങ്ങളുടെ ജീവിതത്തില്‍ വന്നു ചേരുന്ന 10 ശതമാനം കാര്യങ്ങള്‍ക്കു മേല്‍ നിങ്ങള്‍ക്ക് യാതൊരു നിയന്ത്രണവുമില്ല. നിങ്ങളുടെ കാര്‍ ബ്രേക്ക് ഡൗണായിപ്പോയാല്‍, നിങ്ങള്‍ യാത്ര ചെയ്യാനുദ്ദേശിച്ച ഫ്ലൈറ്റ് വൈകിയെത്തുകയും അങ്ങനെ, അന്നത്തെ പരിപാടികളെല്ലാം അവതാളത്തിലാവുകയും ചെയ്താല്‍, നിങ്ങള്‍ യാത്ര ചെയ്യുന്ന ടാക്സി ഒരൊടുക്കത്തെ ട്രാഫിക്കില്‍ കുടുങ്ങിയാല്‍.. ഇവിടെയൊക്കെ നിങ്ങള്‍ നിസഹായരാണ്‌. ഇതാണു പത്തു ശതമാനമെന്നു പറഞ്ഞത്. എന്നാല്‍ ബാക്കി 90 ശതമാനം അങ്ങനെയല്ല. അത് നിങ്ങള്‍ തീരുമാനിക്കുകയാണ്‌ ചെയ്യുന്നത്.

എങ്ങനെ ? നിങ്ങളുടെ പ്രതികരണത്തിലൂടെ. ട്രാഫിക്കിന്റെ ചുവന്ന ലൈറ്റ് നിയന്ത്രിക്കാന്‍ നിങ്ങള്‍ക്കാവില്ല; പക്ഷേ, നിങ്ങളുടെ ഉള്ളം നിങ്ങളുടെ നിയന്ത്രണത്തിലാണ്‌.

ഒരു ഉദാഹരണം പറയാം:-
നിങ്ങള്‍ ഭാര്യയോടും കുട്ടികളോടുമൊന്നിച്ച് ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നു. അതിനിടെ നിങ്ങളുടെ കുട്ടിയുടെ കൈ തട്ടി കോപ്പയും ചായയും നിങ്ങളുടെ വസ്ത്രത്തിലേക്കു വീഴുന്നു. ഇവിടെ സംഭവിച്ചത് നിങ്ങളുടെ നിയന്ത്രണത്തിനതീതമായ ഒന്നാണ്‌. നിങ്ങള്‍ തികച്ചും നിസഹായന്‍.
പക്ഷേ, ഇനിയങ്ങോട്ട് എന്ത് സംഭവിക്കുമെന്നത് നിങ്ങളെങ്ങനെ പ്രതികരിക്കുന്നു എന്നതനുസരിച്ചിരിക്കും.

ഓഫീസില്‍ പോകാന്‍ വേണ്ടി നന്നായി വസ്ത്രമണിഞ്ഞ് തയ്യാറായ നിങ്ങള്‍ക്ക് പെട്ടെന്ന് അരിശം വരുന്നു. കുട്ടിയെ ചീത്ത വിളിക്കുന്നു. കുട്ടി വിതുമ്പിത്തുടങ്ങുന്നു. ശേഷം നിങ്ങള്‍ നേരെ തിരിയുന്നത് ഭാര്യയിലേക്ക്. മേശയുടെ അറ്റത്ത് കൊണ്ടു പോയി കോപ്പ വെച്ചതിന്‌ ഭാര്യയ്ക്കും കിട്ടി രാവിലെത്തന്നെ. മൊത്തത്തില്‍ ഒരഞ്ചു മിനിറ്റ് ബഹളമയം... പിന്നെ നിങ്ങള്‍ നേരെ നിങ്ങളുടെ മുറിയിലേക്ക് കുതിക്കുന്നു. ഷര്‍ട്ടു മാറി വേഗം തിരിച്ചു വരുന്ന നിങ്ങള്‍ കാണുന്നത് കരച്ചിലടക്കാന്‍ വയ്യാതെ നിങ്ങളുടെ കുട്ടി അവിടെത്തന്നെയിരിക്കുന്നതാണ്‌. ഭക്ഷണം കഴിച്ചു തീര്‍ന്നിട്ടില്ല. സ്ക്കൂളില്‍ പോകാനൊരുങ്ങിയിട്ടുമില്ല. ചുരുക്കത്തില്‍ കുട്ടിക്ക് തന്റെ സ്ക്കൂള്‍ ബസ് മിസ്സാവുന്നു. ഭാര്യയ്ക്കാണെങ്കില്‍ എത്രയും വേഗം ജോലിക്ക് പോകണം. പെട്ടെന്നു തന്നെ കുട്ടിയെയും കൂട്ടി നിങ്ങള്‍ കാര്‍ സ്ക്കൂളിലേക്ക് ഡ്രൈവ് ചെയ്യുന്നു; തിരക്കിട്ട ഡ്രൈവിംഗ്. ട്രാഫിക് ഫൈന്‍ കിട്ടാനുള്ള നിങ്ങളുടെ യോഗ്യത അംഗീകരിക്കപ്പെടുന്നു. ട്രാഫിക് ഉദ്യോഗസ്ഥനോട് സംസാരിക്കാന്‍ വേണ്ടിയെടുത്ത സമയവും ഫൈനടക്കേണ്ടി വന്ന കാശും ഇന്നത്തെ നഷ്ടം തന്നെ. സ്ക്കൂളെത്തി വണ്ടി നിര്‍ത്തിയ ഉടനെ തിരിഞ്ഞു നോക്കാതെ, മുഖം വീര്‍പ്പിച്ച് കുട്ടി സ്ക്കൂളിലേക്ക് നടന്നകലുന്നു.
ഓഫീസിലേക്ക് ഇപ്പോള്‍ തന്നെ 20 മിനിറ്റ് വൈകിയെത്തിയ നിങ്ങള്‍ ബ്രീഫ്കേസെടുത്തിട്ടില്ലെന്ന് ഓര്‍ത്തെടുക്കുന്നു.... മൊത്തത്തില്‍ ജഗപൊഗ.. ഇതിങ്ങനെ തുടര്‍ന്നു പോവുമ്പോള്‍ സംഗതി മോശമായിക്കൊണ്ടേയിരിക്കുന്നു.. തിരിച്ച് വീട്ടിലെത്തുന്ന നിങ്ങള്‍ക്കും ഭാര്യയ്ക്കും കുട്ടിക്കുമിടയില്‍ ചെറിയൊരകല്‍ച്ച.. മൂഡ് ഓഫ്...
എന്താണ്‌/ ആരാണ്‌ ഇതിനൊക്കെ കാരണം?
a) ചായക്കോപ്പ ?
b) നിങ്ങളുടെ കുട്ടി ?
c) ട്രാഫിക് പൊലീസ് ?
d) നിങ്ങള്‍ ?
ഉത്തരം "d" എന്നാണ്.
നോക്കൂ, കുട്ടിയുടെ കൈ തട്ടി ചായ നിങ്ങളുടെ വസ്ത്രത്തില്‍ വീണതില്‍ നിങ്ങള്‍ തികച്ചും നിസഹായനാണെന്നു ഞാന്‍ പറഞ്ഞല്ലോ. എന്നാല്‍ പിന്നീടുള്ള വെറും 5 സെക്കന്റിനുള്ളില്‍ നിങ്ങളില്‍ നിന്നുണ്ടായ പ്രതികരണമാണ്‌ നിങ്ങളുടെ മോശം ദിവസത്തിന്‌ തുടക്കമിട്ടത്.
സംഭവിക്കാമായിരുന്നത്/ സംഭവിക്കേണ്ടിയിരുന്നത്:-
ചായക്കോപ്പ നിങ്ങള്‍ക്കു മേല്‍ വീഴുന്നു. കുട്ടി നിങ്ങളെ നോക്കി കരയാന്‍ ഭാവിക്കുകയാണ്‌. കുട്ടിയുടെ തോളില്‍ തഴുകിക്കൊണ്ട് സൗമ്യമായി നിങ്ങള്‍ :- "സാരമില്ല കുട്ടാ.. ഇനി മുതല്‍ ശ്രദ്ധിച്ചാല്‍ മതി കേട്ടോ.." ഒരു ടവലുമെടുത്ത് റൂമിലേക്ക് പോകുന്ന നിങ്ങള്‍ മറ്റൊരു ഷര്‍ട്ടെടുത്തണിഞ്ഞ്‌ ബ്രീഫ്കേസുമെടുത്ത് തിരിച്ചു വരുന്നു. സ്ക്കൂള്‍ ബസില്‍ നിന്ന് പുറത്തേക്കു തല നീട്ടി കൈ വീശിക്കാണിക്കുന്ന നിങ്ങളുടെ കുട്ടിയെ നിങ്ങള്‍ക്കിപ്പോള്‍ കാണാം. വളരെ സുഖമായി, ഒരു നേരിയ പാട്ടിന്റെ അകമ്പടിയോടെ വണ്ടിയോടിച്ച് 5 മിനിറ്റ് നേരത്തേ ഓഫീസിലെത്തുന്നു. മാനേജരുടെ നിറഞ്ഞ പുഞ്ചിരി കണ്ടു കൊണ്ട് നിങ്ങള്‍ ജോലിയിലേക്ക്.
മാറ്റം ശ്രദ്ധിച്ചോ..? രണ്ട് വ്യത്യസ്ത കാഴ്ച്ചകള്‍. രണ്ടും ആരംഭിച്ചത് ഒരുപോലെ. പക്ഷേ, അന്ത്യം തികച്ചും വ്യത്യസ്തവും. എന്തു കൊണ്ടാണിത് ? രണ്ടും, സാഹചര്യത്തോടുള്ള നിങ്ങളുടെ പ്രതികരണത്തിന്റെ ഫലം. അതാണു ഞാന്‍ പറഞ്ഞത്, നമുക്ക് സംഭവിക്കുന്ന 10 ശതമാനത്തിനു മേല്‍ നമുക്ക് നിയന്ത്രണമില്ല. പക്ഷേ, 90 ശതമാനം നമ്മുടെ പ്രതികരണത്തിനാല്‍ നിര്‍ണ്ണയിക്കപ്പെടുന്നു എന്ന്.

നിങ്ങളോട് ആരെങ്കിലും മോശമായി പെരുമാറുകയാണെങ്കില്‍, നിങ്ങള്‍ അതുപോലെ മോശമാവാതിരിക്കുക. ചില്ലില്‍ തട്ടിത്തെറിച്ചു വീഴുന്ന വെള്ളം കണക്കെ അവന്റെ ആക്ഷേപങ്ങള്‍ തെറിച്ചു വീഴട്ടെ. അത് നിങ്ങള്‍ ബാധിക്കേണ്ട ആവശ്യമില്ല. നല്ല രീതിയില്‍ പ്രതികരിക്കുക. മോശമായ പ്രതികരണം ചിലപ്പോള്‍ നിങ്ങളുടെ ദിവസം തന്നെ മോശമാക്കിയേക്കാം, ഒരു സുഹൃത്തിനെ നഷ്ടപ്പെടുത്തിയേക്കാം, നിങ്ങളെ തന്നെ ഖേദിപ്പിക്കാം.
നിങ്ങളുടെ ജോലി നഷ്ടപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്തയാണൊരു ദിവസം നിങ്ങളെ വരവേല്‍ക്കുന്നത്. ഉറക്കം നഷ്ടപ്പെട്ട്, ടെന്‍ഷനടിച്ച് തളരാന്‍ നിങ്ങള്‍ നഷ്ടപ്പെടുത്തുന്ന സമയവും ഊര്‍ജ്ജവും വെറും വെറുതെയായിപ്പോവില്ലേ.. അതേ സമയം മറ്റൊരു ജോലിയുടെ സാധ്യത അന്വേഷിക്കാന്‍ ആ ഊര്‍ജ്ജവും സമയവും ഉപയോഗിച്ചു കൂടേ..?
മുഴുവന്‍ കാര്യപരിപാടികളും തയ്യാറാക്കി യാത്ര ചെയ്യാനൊരുങ്ങിയ നിങ്ങളുടെ ഫ്ലൈറ്റ് വൈകുന്നു. നിങ്ങളുടെ അരിശം മുഴുവനും ഫ്ലൈറ്റ് അറ്റന്റന്റിനോട് തീര്‍ക്കാന്‍ ശ്രമിക്കുന്നത് വിഡ്ഢിത്തമല്ലേ...? അവര്‍ക്കതില്‍ യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് നിങ്ങള്‍ മറക്കുകയാണ്‌. അതേ സമയം കാര്യങ്ങള്‍ പഠിക്കാനും യാത്രയ്ക്കുള്ള മറ്റു വഴികളന്വേഷിക്കാനും ശ്രമിക്കുന്നതല്ലേ നല്ലത്...?
ഇങ്ങനെ ജീവിതത്തിന്റെ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് 90/10 തത്വം ഫലം ചെയ്യുമെന്നു ഞാന്‍ കരുതുന്നു. ശരിക്കും പ്രയോഗവല്‍ക്കരിച്ചാല്‍ അതിന്‌ നിങ്ങളെത്തന്നെ മാറ്റിയെടുക്കാനാവും.
----------------------------------------------------------
ഈ കുറിപ്പ് Stephen R Covey യുടേതാണ്‌. ജീവിതയാത്രയ്ക്കിടയില്‍ നാം ഉള്‍ക്കൊണ്ട മൂല്യങ്ങളും നന്മകളും ചിലപ്പോഴൊക്കെ ഈ ചിന്തകള്‍ക്ക് സമാനമോ ഉയര്‍ന്നതോ ആയിരിക്കാം. എന്തായാലും നന്മയും ലാളിത്യവുമൊക്കെത്തന്നെയാണ്‌ വിജയമാര്‍ഗ്ഗം. നന്മകള്‍ നേരുന്നു.

Tuesday, February 3, 2009

ഉച്ചയ്ക്കുള്ള ഒഴിവും കഴിഞ്ഞ് ഓഫീസിലേക്ക് കയറി ഇരിക്കുന്നതേയുള്ളൂ. നീണ്ടു മെലിഞ്ഞ ഒരു പാക്കിസ്ഥാനി മധ്യവയസ്ക്കന്‍ കടന്നു വന്നു. "ഒരു ലെറ്റര്‍ അടിച്ചു തരണം". അദ്ദേഹമാകെ ബേജാറിലാണ്‌. ഞാന്‍ കാര്യമന്വേഷിച്ചു. "ഇത്തിസാലാത്തില്‍ ചെന്നപ്പോള്‍ ലെറ്ററും കൊണ്ട് ചെല്ലാനാണ്‌ അവര്‍ പറഞ്ഞത്" "ആട്ടെ എന്താണു പ്രശ്നം" അയാള്‍ വിശദമായി കാര്യങ്ങള്‍ പറഞ്ഞു. തുടര്‍ന്നു കൊണ്ടേയിരുന്ന അയാളുടെ വിശദീകരണത്തില്‍ നിന്ന് ഒരെഴുപത്തഞ്ചു ശതമാനമേ എനിക്കു ബോധ്യപ്പെട്ടുള്ളൂ.
ഇത്തിസാലാത്തില്‍ നിന്നു ലോട്ടറിയടിച്ചിട്ടുണ്ടെന്നു പറഞ്ഞ് വിളിച്ച നമ്പര്‍, വിളിച്ച ആളുടെ പേര്‌ ഒക്കെ കാണിച്ചു തന്ന് അയാള്‍ പറഞ്ഞതിന്റെ പ്രധാന ഭാഗം "ആറായിരം ദിര്‍ഹമിന്റെ കാര്‍ഡ് എടുത്ത് നമ്പര്‍ അയച്ചു കൊടുക്കാന്‍ പറഞ്ഞു. ഞാന്‍ അയച്ചു കൊടുത്തു. പക്ഷേ പിന്നീട് ഒരു വിവരവും ഇല്ല. ഇത്തിസാലാത്തില്‍ ചെന്നപ്പോള്‍ പരാതി എഴുതിക്കൊടുക്കാനാണ്‌ പറഞ്ഞത്" എന്നതാണ്‌. പിന്നെയും അദ്ദേഹം നഷ്ടപ്പെട്ട ദിര്‍ഹംസിന്റെ കണക്കു പറയുന്നുണ്ടായിരുന്നു. പക്ഷേ, സംഭവത്തിന്റെ സ്വാഭാവികത വളരെ വിചിത്രമായിരുന്നതിനാല്‍ എനിക്ക് മുഴുവനും ബോധ്യപ്പെട്ടില്ല. വിളിച്ച നമ്പര്‍ ഞാന്‍ നോക്കിയപ്പോള്‍ അത് പാക്കിസ്ഥാനിലെ കോഡ് നമ്പര്‍ കൊണ്ട് തുടങ്ങുന്നതാണ്‌. വിളിച്ച ആളിന്റെ പേരും പിതാവിന്റെ പേരുമടക്കം ഇദ്ദേഹം പറഞ്ഞു തന്നു. അതെങ്ങനെ നിങ്ങള്‍ക്കറിയാമെന്നു ചോദിച്ചപ്പോള്‍ അയാള്‍ തന്നെ പരിചയപ്പെടുത്തിയതാണെന്നായിരുന്നു മറുപടി.
ചുരുക്കിപ്പറഞ്ഞാല്‍ പാക്കിസ്ഥാനില്‍ നിന്നും ഇത്തിസാലാത്തിന്റെ ലോട്ടറിയെക്കുറിച്ച് വന്ന കോളില്‍ വിശ്വാസമര്‍പ്പിക്കാനും സ്വന്തം ചെലവില്‍ അവര്‍ക്ക് കാര്‍ഡ് അയച്ചു കൊടുക്കാനും മാത്രം വിഡ്ഡികളാണല്ലോ ഇവറ്റകള്‍ എന്നു ചിന്തിച്ച് ഞാനിരുന്നു. പഠാണികളുടെ നിഷ്ക്കളങ്കമായ വിവരമില്ലായ്മയെ കുറിച്ച് ഒരുപാട് കഥകളും ഞാന്‍ കേട്ടിട്ടുണ്ട്.
അന്നു രാത്രി ഉറങ്ങാന്‍ കിടന്നു. പതിവുപോലെ റേഡിയോ ഓണ്‍ ചെയ്ത് ചെവിയില്‍ കുത്തി. (ഏകനായിപ്പോകുമ്പോല്‍ മനസിലുണരുന്ന സ്മരണകള്‍ ചങ്കില്‍ നിറയ്ക്കുന്ന ഭാരം വളരെ കടുത്തതാണ്‌. പാട്ടും റേഡിയോയുമൊക്കെയാകുമ്പോള്‍ ആ രാത്രി അങ്ങനെ പോയിക്കിട്ടും).
"ആയിരമായിരമായിരമാശകള്‍..
ആയിരമായിരമായിരമീണങ്ങള്‍..
മനസിലാഘോഷിക്കാം നമുക്കിനി..
വസന്ത സുന്ദരമീ നിമിഷം..
പാടാത്ത പാട്ടുകളിനി പാടാം..
പുതുമയുടെ കടലായ് അലയടിക്കാം..
നഗരിയുടെ വഴിയില്‍ നൂറു കഥ ചൊല്ലി വരാം..
അറിവിന്റെ തീരമിനി നമുക്കരികേ..
ഇതു സ്വര നിമിഷം..
ഇതു സുഖ നിമിഷം..
ഇതു പ്രിയ നിമിഷം...
ഹിറ്റ് നൈന്റി സിക്സ് പോയിന്റ് സെവെന്‍ എഫ് എം.........
വാര്‍ത്തകള്‍ തുടങ്ങി. വാര്‍ത്തയങ്ങനെ പുരോഗമിച്ച് പോകവേ "ഇത്തിസാലാത്തിന്റെ ലോട്ടറിയെന്ന പേരില്‍ നിരവധി പേര്‍ വഞ്ചിക്കപ്പെടുന്നു" എന്നു കേട്ടു. നമ്മുടെ പാക്കിസ്ഥാനിയുടേതു പോലോത്ത അനുഭവങ്ങള്‍ നിരവധി പേര്‍ക്ക് ഉണ്ടായ വാര്‍ത്തയുമെത്തി. ശേഷം ഒരാളുടെ അനുഭവം വിവരിക്കുന്നു. പച്ച മലയാളി...! ഫോണ്‍ വിളിച്ചവന്‍ ആവശ്യപ്പെട്ട പ്രകാരം കാര്‍ഡ് വാങ്ങി അതിന്റെ നമ്പറും, തന്റെ ബാങ്ക് കാര്‍ഡിന്റെ പിന്‍ കോഡും അടക്കം പറഞ്ഞു കൊടുത്തതും പിന്നീട് ബാങ്കില്‍ പോയപ്പോള്‍ എല്ലാം നഷ്ടപ്പെതുമായ കഥകള്‍ അയാള്‍ റേഡിയോയിലൂടെ പറഞ്ഞു.
ദൈവമേ, സകലരെയും കബളിപ്പിക്കാന്‍ മാത്രം കഴിവും കുബുദ്ധിയുമുള്ള മലയാളി പോലും പണമെന്ന്, ലോട്ടറിയെന്ന് കേള്‍ക്കുമ്പോള്‍ മതി മറക്കുന്നു.. മന്ദ ബുദ്ധിയാകുന്നു..
മൊത്തത്തില്‍ മനുഷ്യരെന്തേ ഇങ്ങനെ...?
------------------------------------------
ഓഫ് ടോപിക്:- "ഇത്തിസാലാത്ത്" എന്ന് അധികമാരും പറയാറില്ല അല്ലേ ? എത്തി സലാത്ത്. എടിസലാത് എന്നിങ്ങനെയാണു പറയുക. ഉച്ചരിക്കുന്നതെങ്ങനെയുമാകട്ടെ, അതിന്റെ ശരിയായ വാക്ക് അറിയിക്കാന്‍ മാത്രമാണിത്. അറബിയില്‍ "ഇത്തസല" എന്നു പറഞ്ഞാല്‍ "ബന്ധപ്പെട്ടു, (contact) എന്നര്‍ത്ഥം. മൊബൈല്‍ ഫോണിന്റെ ലാംഗ്വേജ് അറബിയിലാക്കിയാല്‍ നമ്മെ ഒരാള്‍ വിളിക്കുമ്പോള്‍ പേരിനു താഴെ "യത്തസിലു ബിക" എന്നു കാണിക്കും. (contacts you) എന്നു പരിഭാഷപ്പെടുത്താം. "ഇത്തിസാലാത്ത്" എന്നു പറഞ്ഞാല്‍ "ബന്ധങ്ങള്‍" (connections, contacts) എന്നര്‍ത്ഥം.

Monday, January 19, 2009


ഹിന്ദി സംഗീതരംഗം എന്നും ഹൃദ്യമാണ്‌. ഉര്‍ദു സാഹിത്യത്തിന്റെ മാസ്മരിക സാന്നിദ്ധ്യം കൊണ്ടും സംഗീതത്തിന്റെ പുതുമകള്‍ കൊണ്ടും പാട്ടുകാരുടെ ശബ്ദ സൌകുമാര്യത കൊണ്ടുമൊക്കെ. ചെവിയില്‍ കുത്തുന്ന സംഗീതത്തിന്റെ അകമ്പടിയോടെ പാട്ടുകള്‍ ഉണ്ടാക്കാന്‍ തുടങ്ങിയപ്പോഴും അര്‍ത്ഥഗര്‍ഭമായ വരികള്‍ കൊണ്ടവ നമ്മെ ആകര്‍ഷിച്ചിരുന്നു. ഈയിടെ ഷാരൂഖ്‌ ഖാന്‍ നായകനായി അഭിനയിച്ച "റബ്‌ നേ ബനാ ദി ജോഡി" യിലും മറിച്ചല്ല കാര്യങ്ങള്‍. പഴമയും പുതുമയും മെലഡിയും അടിപൊളി സംഗീതവുമെല്ലാം തങ്ങള്‍ക്കൊരു പോലെ വഴങ്ങുമെന്ന് തെളിയിക്കാന്‍ സലിം- സുലൈമാന്‍ സംഗീത സംവിധായക ജോഡികള്‍ക്ക്‌ കഴിഞ്ഞു. സിനിമയിലെ ഓരോ പാട്ടും അതിന്റെ സംഗീത മധുരിമയാല്‍ ഹൃദ്യമാണ്‌. പാടിയവര്‍ ആ മധുരിമ നുണഞ്ഞു കൊണ്ടു തന്നെയാണ്‍ പാടിയതും. എന്നാല്‍ ഞാന്‍ പറഞ്ഞു വരുന്നത്‌ "തൂ ഹീ തൊ ജന്നത്‌ മേരീ..." എന്ന ഇതിലെ ഗാനത്തെ കുറിച്ചാണ്‌. റൂപ്‌ കുമാര്‍ റാത്തോഡിന്റെ ശബ്ദവും അതിന്റെ സംഗീതവും എന്നെ വളരെ ആകര്‍ഷിച്ചപ്പൊഴും ജയ്‌ദീപ്‌ സാനി എന്ന എഴുത്തുകാരന്‍, നായകന്ന് കാമുകിയെ വര്‍ണ്ണിക്കാന്‍ വേണ്ടി എഴുതിയ വരികള്‍ വര്‍ണ്ണനകള്‍ കൊണ്ടും വണക്കം കൊണ്ടും തരം താണു പോയില്ലേ എന്ന് ഞാന്‍ സംശയിച്ചു പോവുന്നു.



എനിക്കു മനസിലായത്‌:-


നീയാണെന്റെ സ്വര്‍ഗ്ഗം നീ തന്നെയാണെന്റെ അഭിനിവേശം
നീയെന്റെ അഭിലാഷം എന്റെ മനഃശാന്തിയും നീ തന്നെ
എന്റെ കണ്‍കുളിര്‍മ്മയും എന്റെ ഹൃദയമിടിപ്പുമെല്ലാം നീ തന്നെയാണ്‌
പിന്നെയൊന്നുമെനിക്കറിയില്ല
ഇത്ര മാത്രമേ ഞാനറിയുന്നുള്ളൂ
നിന്നില്‍ ഞാന്‍ ദൈവത്തെ കാണുന്നു
പ്രിയേ, ഞാനെന്തു ചെയ്യേണ്ടൂ...
നിന്നെ വണങ്ങാനായി എന്റെ ശിരസ്‌ കുനിഞ്ഞു പോകുന്നു
പ്രിയേ,ഞാനെന്തു ചെയ്യേണ്ടൂ..

ഇതെന്തു വിരഹം.. ഇതെന്തൊരു നിസഹായത
നിന്നെ ഞാന്‍ കണ്ണുകള്‍ കൊണ്ട്‌ മാത്രം തൊട്ടറിഞ്ഞു..
ചിലപ്പോഴൊക്കെ നിന്റെ സുഗന്ധം.. ചിലപ്പോള്‍ നിന്റെ വാക്കുകള്‍
ഞാനാവശ്യപ്പെടാതെ തന്നെ ഇവിടം വന്നു ചേരുന്നു..
നീയെന്‍ ഹൃദയത്തിന്‍ തെളിച്ചം. നീ ജന്‍മാന്തരങ്ങളിലെ എന്റെ സമ്പത്ത്‌...
പിന്നെയൊന്നുമെനിക്കറിയില്ല
ഇത്ര മാത്രമേ ഞാനറിയുന്നുള്ളൂ
നിന്നില്‍ ഞാന്‍ ദൈവത്തെ കാണുന്നു
പ്രിയേ, ഞാനെന്തു ചെയ്യേണ്ടൂ...
നിന്നെ വണങ്ങാനായി എന്റെ ശിരസ്‌ കുനിഞ്ഞു പോകുന്നു
പ്രിയേ, ഞാനെന്തു ചെയ്യേണ്ടൂ..

മഴമണി സംഗീതം കേള്‍ക്കുമ്പോള്‍ അതെന്നെ ദാഹാര്‍ത്തനാക്കുന്നു
നിന്റെ നിഴല്‍ വന്നെന്നെ ചുംബിച്ചസ്വസ്ഥനാക്കുന്നു..
നീ ചിരിച്ചാല്‍ .. നീ നാണം കുണുങ്ങിയാല്‍..
അതെന്റെ ദൈവം നൃത്തമാടുന്നതു പോലെ..
നീയാണെന്റെ ഐശ്വര്യം.. നീ തന്നെയാണെന്റെ ആരാധന.
പിന്നെയൊന്നുമെനിക്കറിയില്ല
ഇത്ര മാത്രമേ ഞാനറിയുന്നുള്ളൂ
നിന്നില്‍ ഞാന്‍ ദൈവത്തെ കാണുന്നു
പ്രിയേ,ഞാനെന്തു ചെയ്യേണ്ടൂ...
നിന്നെ വണങ്ങാനായി എന്റെ ശിരസ്‌ കുനിഞ്ഞു പോകുന്നു
പ്രിയേ, ഞാനെന്തു ചെയ്യേണ്ടൂ..


(ഇത്‌ ഹിന്ദിയറിയാത്ത, ഹിന്ദി ഗാനങ്ങള്‍ കുറച്ചു കേള്‍ക്കുന്ന, എന്നാല്‍ കേള്‍ക്കുന്നവ മനസിലായിരുന്നെങ്കിലെന്ന് അത്യാഗ്രഹിക്കുന്നവന്റെ ചിന്തകള്‍ മാത്രം. തെറ്റുകള്‍ക്ക്‌ ക്ഷമ ചോദിക്കുന്നു.)

ഞാന്‍ സിനിമ കാണുകയോ കഥ വായിക്കുകയോ ചെയ്തിട്ടില്ല. പക്ഷേ,സിനിമയുടെ പേരു സൂചിപ്പിക്കുന്നത്‌ "ദൈവം ഇണക്കിച്ചേര്‍ത്തു" എന്നാണ്‌. എന്നാല്‍ ഈ സഹായം ചെയ്ത ദൈവത്തിനു വണങ്ങുന്നതിനു പകരം നായകന്ന് തന്റെ കാമുകിയെ വണങ്ങാന്‍ തോന്നിയത്‌ നന്ദികേടായിപ്പോയില്ലേ .. കാമുകിയെ വര്‍ണ്ണിക്കാന്‍ വേണ്ടി ദൈവത്തെ നൃത്തം ചെയ്യിക്കാനും കാമുകന്‍ മടിക്കുന്നില്ല. മാത്രമല്ല, കാമുകന്‍ ഇത്രയും തരം താഴണമായിരുന്നോ എന്നതും ന്യായമായ സംശയമാണെന്നു ഞാന്‍ കരുതിക്കോട്ടെ.. എന്തൊക്കെയായാലും, ഇവരോടൊന്നേ പറയാനുള്ളൂ.. നിങ്ങള്‍ ആധുനിക മാപ്പിളപ്പാട്ടിനു പഠിക്കരുത്‌.. പ്ളീസ്‌..

യഥാര്‍ത്ഥ ഹിന്ദി വരികള്‍ ഇവിടെ:-


തൂ ഹീ തൊ ജന്നത്‌ മേരീ തൂ ഹീ മേരാ ജുനൂന്‍
തൂ ഹീ തൊ മന്നത്‌ മേരീ തൂ ഹീറൂഹ്‌ കാ സുകൂന്‍
തൂ ഹീ അഖിയോന്‍ കി തണ്ഡക്‌ തൂ ഹീ ദില്‍ കീ ഹെ ദസ്തക്‌
ഔര്‍ കുഛ്‌ നാ ജാനൂം ബസ്‌ ഇത്നാ ഹീ ജാനൂം
തുഛ്മേ റബ്‌ ദിഖ്താ ഹേ യാരാ മേം ക്യാ കറൂം..
സജ്‌ദേ സര്‍ ചുക്താ ഹേ യാരാ മേം ക്യാ കറൂം..

കൈസേ ഹെ യേ ദൂരീ കൈസേ മജ്ബൂരീ
മേനെ നസരോന്‍ സേ തുഛേ ഛൂ ലിയാ
കഭീ തെരീ ഖുഷ്ബൂ.. കഭീ തെരീ ബാതേ..
ബിന്‍ മാംഗേ യേ ജഹാ പാലിയാ..
തൂ ഹീ ദില്‍ കീ ഹെ രൌനക്‌.. തൂ ഹീ ജന്‍മോം കീ ദൌലത്‌..
ഔര്‍ കുഛ്‌ നാ ജാനൂം ബസ്‌ ഇത്നാ ഹീ ജാനൂം
തുഛ്മേ റബ്‌ ദിഖ്താ ഹേ യാരാ മേം ക്യാ കറൂം..
സജ്‌ദേ സര്‍ ചുക്താ ഹേ യാരാ മേം ക്യാ കറൂം..

ഛം ഛം ആയേ.. മുഛെ തര്‍സായേ
തേരാ സായാ ഛേഡ്‌ കേ ചൂംതാ
തു ജോ മുസ്കായേ തൂ ജോ ശര്‍മായേ
ജൈസേ മേരാ ഹേ ഖുദാ ഝൂംതാ
തൂ ഹീ മേരീ ഹെ ബര്‍കത്‌ തൂ ഹീ മേരീ ഇബാദത്‌
ഔര്‍ കുഛ്‌ നാ ജാനൂം ബസ്‌ ഇത്നാ ഹീ ജാനൂം
തുഛ്മേ റബ്‌ ദിഖ്താ ഹേ യാരാ മേം ക്യാ കറൂം..
സജ്‌ദേ സര്‍ ചുക്താ ഹേ യാരാ മേം ക്യാ കറൂം..

Thursday, January 1, 2009

പുതിയ വര്‍ഷത്തിന്റെ പടവുകളിലേക്ക്‌ കാലെടുത്തു വെക്കുമ്പോള്‍, പിന്നില്‍ നിന്ന് കേള്‍ക്കുന്ന വര്‍ത്തമാനങ്ങള്‍ സന്തോഷ ദായകമല്ല, ചുറ്റിലും മുഴങ്ങുന്ന സ്വരങ്ങള്‍ അത്ര ഹര്‍ഷം പൊഴിക്കുന്നതല്ല. നമ്മുടെ മനസിലുള്ള കാഴ്ചകള്‍ക്കും വലിയ ഭംഗിയൊന്നുമില്ല.


ആഗോള തലത്തില്‍, സാമ്പത്തിക മാന്ദ്യം എന്ന വലിയ ചര്‍ച്ചയാണ്‌ നമ്മള്‍ അവസാനമായി കേട്ടു കൊണ്ടിരുന്നത്‌. സാമ്പത്തികം എന്നത്‌ മനുഷ്യന്റെ നിലനില്‍പ്പാണ്‌. അങ്ങനെ വരുമ്പോള്‍ മനുഷ്യന്റെ നിലനില്‍പ്പാണ്‌ മന്ദഗതിയിലായിരിക്കുന്നത്‌. എന്നാല്‍, നമ്മള്‍ തന്നെ ഊതി വീര്‍പ്പിച്ച സാമ്പത്തിക കുമിളകളും ഊഹക്കച്ചവടങ്ങളുമാണ്‌ തകര്‍ന്നു വീണതും തലവേദനയുണ്ടാക്കിയതും. സൈദ്ധാന്തികമായി എന്തു പേരിട്ട്‌ വിളിച്ചാലും ഇത്‌ മനുഷ്യന്റെ തന്നെ ആര്‍ത്തിയുടെയും ദുര്‍മ്മോഹത്തിന്റെയും ഫലമാണെന്ന് അംഗീകരിക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ല.


ജനാധിപത്യപരമായും സൈനികമായും ഉന്നത നിലവാരം പുലര്‍ത്തുന്ന ഇന്ത്യാ മഹാരാജ്യത്തിന്റെ ഹൃദയഭാഗത്ത്‌ തീവ്രവാദികള്‍ താണ്ഡവമാടുകയും, അതിന്റെ പേരില്‍ അയല്‍രാജ്യമായ പാക്കിസ്താനെ പഴിചാരാന്‍ ഇന്ത്യയും മറ്റു ലോകരാഷ്ട്രങ്ങളും ഉളരുകയും ചെയ്തു. യുദ്ധപ്രഖ്യാപനമുണ്ടാവുമോ എന്നു ശങ്കിച്ചു ദൃശ്യ മാധ്യമങ്ങള്‍ക്കു മുന്‍പില്‍ കണ്ണും നട്ടിരുന്ന ജനങ്ങള്‍ക്കു മുന്‍പിലേക്ക്‌, പാക്കിസ്ഥാനാണ്‌ ഇന്ത്യയുടെ ശത്രു എന്നു വരച്ചു കാണിക്കുന്ന, വിനയന്‍ പടം "വാര്‍ & ലൌ" കാണിച്ചു കൊടുത്തു തൃപ്തിപ്പെടുത്താന്‍ മറന്നില്ല, നമ്മുടെ ദൃശ്യമാധ്യമങ്ങള്‍.


റയില്‍വേ സ്റ്റേഷനില്‍ സ്വതന്ത്രമായി വിഹരിക്കുകയും താജ്‌ ഹോട്ടലിനുള്ളില്‍, അതിന്റെ കൃത്യമായ ബ്ലൂ പ്രിന്റ് മനസിലാക്കിയിട്ടെന്ന പോലെ തമ്പടിക്കുകയും ചെയ്ത തീവ്രവാദികളുടെ ഉറവിടമോ, ഉദ്ദേശ്യമോ കൃത്യമായി പുറത്തു വന്നിട്ടില്ല. ഇത്തരത്തില്‍ വിശാലമായ സമയവും സൌകര്യവും എങ്ങനെ ലഭിച്ചുവെന്നും അന്വേഷിക്കപ്പെട്ടിട്ടില്ല. അതിനിടയില്‍, മലേഗാവ്‌ സ്ഫോടനത്തെക്കുറിചന്വേഷിച്ചു കൊണ്ടിരുന്ന ഹേമന്ത്‌ കര്‍ക്കാരെ എന്ന ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. അങ്ങനെയൊരു വ്യക്തിത്വത്തിന്റെ സ്വാധീനം എത്ര മാത്രമാണെന്ന്‌ അദ്ദേഹത്തിന്റെ ഭാര്യ, ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ആശ്വാസ നിധി നിഷേധിക്കുകയും, കര്‍ക്കാരെയുടെ സംസ്ക്കാര ചടങ്ങില്‍ വിതുമ്പാതെ ധീരമായി നിലകൊള്ളുകയും ചെയ്തു കൊണ്ട്‌ തെളിയിച്ചു.



കര്‍ക്കാരെയുടെ മരണം തീവ്രവാദികളില്‍ നിന്നുണ്ടായ അപ്രതീക്ഷിത ആക്രമണം മൂലമാണോ എന്ന്‌ ഒരിക്കല്‍ സംശയം പ്രകടിപ്പിച്ച കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി എ. ആര്‍. ആന്തുലെ കുറച്ച്‌ ദിവസത്തെ മാധ്യമ കോലാഹലത്തിനും, പാര്‍ലമെന്റിലെ "വിശദീകരണ"ത്തിനും ശേഷം തൃപ്തനാവുന്ന കാഴ്ച്ച, മനുഷ്യന്ന്‌ ആത്മാര്‍ത്ഥമായി സംസാരിക്കാനുള്ള ധൈര്യവും സാഹചര്യവും നഷ്ടപ്പെടുന്ന സമകാലിക ലോകത്തെ നമുക്കു മുമ്പില്‍ തുറന്നു കാണിക്കുന്നു.


മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫയല്‍ പൂഴ്ത്തപ്പെടുന്നുവെന്നും അദ്ദേഹത്തിന്‌ ആവശ്യമായ സഹകരണം ലഭിക്കുന്നില്ലെന്നും പറഞ്ഞതിന്റെ പേരില്‍, മുഖ്യമന്ത്രി ഒരു കാലത്ത്‌ ആദര്‍ശപ്രതീകമായ തന്റെ ദൌത്യം ഏല്‍പ്പിച്ച വിശ്വസ്ഥ ഉദ്യോഗസ്ഥന്‍ സുരേഷ്‌ കുമാറിനെ സസ്പെന്റ് ചെയ്തതും ആ വിവരം മാധ്യമങ്ങളെ അറിയിക്കുന്ന മുഖ്യമന്ത്രി വി. എസ്‌ അച്യുതാനന്തന്റെ മുഖവും ഇതിനോടൊപ്പം ചേര്‍ത്തു വായിക്കുക. ഉദ്ദേശിച്ച കാര്യങ്ങള്‍ പ്രവര്‍ത്തിക്കാനോ പ്രവര്‍ത്തിക്കുന്ന കാര്യങ്ങളില്‍ സ്വതന്ത്രമായി എന്തെങ്കിലും ഉദ്ദേശിക്കാനോ സാധിക്കാത്ത ആദര്‍ശരാഷ്ട്രീയ പ്രതീകം.


അതിനിടെ, മുഖ്യമന്ത്രി, ഒരു ധീരജവാന്റെ പിതാവിനെ "പട്ടി" എന്നു വിളിച്ചു എന്ന്‌ മാധ്യമങ്ങള്‍ വളരെ "കൃത്യമായി" സമര്‍ത്ഥിക്കുന്നതും അങ്ങനെ മാധ്യമലോകം മുഴുവന്‍ ഒരുതരം ക്രൂരമായ നിര്‍വൃതിയടയുന്നതും നമ്മള്‍ കണ്ടു. മറിച്ചൊരു ചിന്ത നമ്മുടെ മാധ്യമലോകത്തു നിന്നുണ്ടായില്ല എന്നത്‌ വളരെ ശ്രദ്ധയോടെ കാണേണ്ട ഒരു വശമാണ്‌.

ഇറാഖില്‍ തന്റെ അവസാനത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനു പോയ ജോര്‍ജ്ജ്‌ ബുഷിനെ ചെരുപ്പെറിഞ്ഞ സംഭവം, മുഴുവന്‍ സാമ്രാജ്യത്വ വിരുദ്ധരും മൌനമായി ആസ്വദിച്ചു എന്നു തന്നെ പറയാം. ഓരോരുത്തരും തങ്ങളുടെ പ്രതിനിധിയായി ആ മാധ്യമപ്രവര്‍ത്തകനെ മനസില്‍ പ്രതിഷ്ഠിച്ചു കാണണം...

അവസാനം, ഇസ്രയേലിന്റെ ആക്രമണത്തില്‍, ഒരു പക്ഷേ, ഇരു രാജ്യങ്ങളുടെ അതിര്‍ത്തികളെക്കുറിച്ചോ ചരിത്രത്തെറിച്ചോ പോലും അറിയാത്ത, ചിന്തിക്കാന്‍ പ്രാപ്തിയില്ലാത്ത കുഞ്ഞുമക്കളും, നിരപരാധികളും ശരീരം മുഴുവനും ചോരയൊലിപ്പിച്ച്‌ കരഞ്ഞു വിളിക്കുന്ന ചിത്രം ഗാസയില്‍ നിന്നും നമ്മള്‍ കാണുന്നു.

അങ്ങനെ മനസില്‍ നിറയുന്ന ചിത്രങ്ങള്‍ എല്ലാം ഒരു കൊളാഷ്‌ ആയി രൂപപ്പെടുമ്പോള്‍, ഇനിയുള്ള കാലം, മാതൃഭൂമി തങ്ങളുടെ വെബ്‌സൈറ്റില്‍ ചെയ്തതു പോലെ നല്ല വാര്‍ത്തകള്‍ക്കായി ഒരിടം, മനസിന്റെ ഒരു കോണ്‍ മാറ്റി വെയ്ക്കണം എന്നു തോന്നുന്നു; അവിടെ സൂക്ഷിക്കാന്‍ ഒരല്‍പ്പമേ കാണൂ എന്നും...
വേണ്ട, നമുക്കിനിയും പ്രതീക്ഷിക്കാം...
മനുഷ്യന്‍ മനുഷ്യനെ ബഹുമാനിക്കുന്ന ഒരു ലോകം...
മനുഷ്യന്‍ ധീരമായി സത്യം പറയുന്ന ഒരു ലോകം...
കുഞ്ഞുമക്കള്‍ ഓമനിക്കപ്പെടുന്ന ലോകം...
എല്ലാവരും സ്വാതന്ത്ര്യം അനുഭവിക്കുന്ന ലോകം...

കഴിഞ്ഞു പോയ നഷ്ടവസന്തത്തെക്കുറിച്ചോര്‍ത്ത്‌ വിലപിക്കാനല്ല, മറിച്ച്‌ നമ്മുടെ വസന്തങ്ങള്‍ക്കു മുകളില്‍ തീക്കാറ്റ്‌ പടര്‍ത്തുന്നതും, മനസില്‍ താപം നിറയ്ക്കുന്നതും കരുതിയിരിക്കാനും, വരുംകാല ജീവിതത്തിന്റെ പുലരികള്‍ സമൃദ്ധമാക്കുവാനുള്ള പ്രവര്‍ത്തങ്ങള്‍ക്ക്‌ കോപ്പുകൂട്ടാനും ശ്രദ്ധിക്കാം നമുക്ക്‌...

ഹൃദയം നിറഞ്ഞ പുതുവര്‍ഷാശംസകള്‍...

Where I feel poetic

Followers

Blog Archive

Popular Posts