Monday, March 7, 2011

പതിനൊന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് ഗുജറാത്തിലെ വഡോദരയിലെ റെസ്‍റ്റൊറന്റിൽ നിന്ന് ചായയുമായി തൊട്ടടുത്ത ഓഫീസിലേക്കു നടക്കുമ്പോൾ, കൂടെ നടന്ന രാം‍സിംഗിനോട് സംസാരിച്ചത് ഞാനോർക്കുന്നു.


ഞാൻ: "രമേഷ് ഭായ് ഹോട്ടൽ മേം ഹേ" (രമേഷ് ഭായ് ഹോട്ടലിൽ ഉണ്ട്)

രാം‍സിംഗ്: "മേ തോ ഉദർ സേ ആയാ.. വോ ഉദർ നഹീ ഹേ നാ" (ഞാനവിടുന്നാണല്ലോ വന്നത്. അയാൾ അവിടെയില്ലല്ലോ)

ഞാൻ: "അഭീ നഹീ.. പെഹലാ" (ഇപ്പോഴല്ല, നേരത്തേ)

ഇതു പറഞ്ഞതിനു ശേഷമാണ്‌ ഹിന്ദിയില്‍ "ഉണ്ടായിരുന്നു" എന്നു പറയാനുള്ള വാക്കിനെക്കുറിച്ചു ഞാനാലോചിച്ചതു തന്നെ.

പിന്നീടൊരിക്കൽ സ്റ്റേഷനറിയിലേക്ക് സപ്ലൈ ചെയ്ത രണ്ടു ചായയുടെ ഒഴിഞ്ഞ ഗ്ലാസുകൾ തിരിച്ചെടുക്കാൻ പോയപ്പോൾ അവിടുത്തെ മുതലാളി "ഗ്ലാസ് ദോഹീ ഥാ നാ ?" എന്ന് ചോദിച്ചു. അതിനു മറുപടിയായി "ജീ.. ദോ ഹീ ഥാ" എന്ന് പറയുന്നതിലൂടെയാണു ഞാനതു പഠിച്ചത്.
---------------

മുതലാളിയുടെ മകൻ ഒരു "ഇനൊ" (വയറിളക്കം മാറാനുള്ള മിശ്രിതം) മേടിച്ചു വരാന്‍ വേണ്ടി തടിയനായ ഗ്രോഷറിക്കാരന്റെ ഷോപ്പിലേക്ക് പറഞ്ഞു വിട്ട ദിവസം, അയാൾ ഇരുന്ന ഇരിപ്പിൽ പൈസ മേടിച്ച് വലതു വശത്തേക്കു കൈ ചൂണ്ടി "ഏക് നികാലോ" എന്ന് പറഞ്ഞപ്പോഴാണ്‌ "എടുക്കുക/ മാറ്റുക" എന്നതിന്റെ ഹിന്ദി ഞാനറിഞ്ഞത്.
-------------

പാന്മസാലയും വെറ്റിലമുറുക്കും വിൽക്കുന്ന ഠാക്കൂർ ഭായുടെ ഷോപ്പിൽ ചായ കൊടുത്ത് തിരിച്ചു നടക്കുമ്പോൾ "ചായക്കോപ്പയോടൊന്നിച്ചു കൊടുത്ത പ്ലേറ്റ് കാണിച്ച് "യേ ലേ ജാ" എന്നു പറഞ്ഞ ഠാക്കൂർ ഭായ് ആണെന്നെ "ഇതു കൊണ്ടു പോ" എന്നതിന്റെ ഹിന്ദി പഠിപ്പിച്ചത്.
----------------

ഉച്ചഭക്ഷണത്തിന്റെ കൂടെ ഒരു ചെറുകിണ്ണത്തില്‍ നല്‍കപ്പെടുന്ന തൈരു കഴിക്കുന്നതിനിടെ "യേ ബഹുത് ഖട്ടീ ഹേ ഭായ് !" എന്നു പറഞ്ഞ് ഒരു കസ്‌റ്റമര്‍ എഴുന്നേറ്റു പോയപ്പോള്‍ ഞാന്‍ പോയി സ്‌പൂണ്‍ കൊണ്ട് അതിനെ തോണ്ടി നോക്കി.

"താനെന്തിനാടോ അത് തോണ്ടി നോക്കുന്നേ ? തൈര്‌ പുളിച്ചിട്ടുണ്ടെന്നാണവന്‍ പറഞ്ഞത് !"
എന്ന് മുതലാളി ചൂടായപ്പോഴാണ്‌ "പുളിച്ചത്" എന്നതിന്‌ "ഖട്ടീ" എന്നു പറയാന്‍ ഞാന്‍ പഠിച്ചത്.
------------------

ഇലക്‌ട്രിഷ്യനായി ജോലി ചെയ്യുന്ന, പേരോര്‍ക്കാനാവാത്ത, കസ്‌റ്റമര്‍ സ്ഥിരം ഓര്‍‌ഡര്‍ ചെയ്യാറുള്ള"കടക് മിഠാ" ചായയില്‍ നിന്ന് ഒരല്‍‌പ്പം, ഞങ്ങളുടെ ചായക്കാരന്‍ ഒരു ദിവസം എനിക്കു പകര്‍ന്നു തന്നതിനെ നുകര്‍ന്നു നോക്കിയപ്പോഴാണ്‌ കടക് എന്നാല്‍ "സ്ട്രോംഗ്" എന്നും "മിഠാ" എന്നാല്‍ മധുരമുള്ളതെന്നും എനിക്കു മനസ്സിലായത്.
------------------

ഒരു മാസത്തെ ഗുജറാത്ത് ജീവിതത്തിനു ശേഷം മടങ്ങുമ്പോള്‍ ഹിന്ദി കേട്ടാല്‍ മനസ്സിലാക്കാനും അത്യാവശ്യം മറുപടി നല്‍കാനും ഞാന്‍ പഠിച്ചിരുന്നു.

ഇനിയും, ജീവിതത്തില്‍ നിന്നു പഠിച്ചു കൊണ്ട് തന്നെയിരിക്കാനാവട്ടെ..

Where I feel poetic

Followers

Popular Posts