Tuesday, September 15, 2009

ലൈംഗികത ജീവിതത്തിന്റെ പ്രധാന ഭാഗമാണ്‌. മനുഷ്യനില്‍‌ മാത്രമല്ല, സകല ജീവികളിലും ലൈംഗികത പ്രകൃതിപരമാണ്‌. മനുഷ്യനടക്കമുള്ള എല്ലാ ജീവികളിലും ഇണകളും, സ്വാഭാവികമായ ലൈംഗിക ആകര്‍ഷണങ്ങളും ചോദനകളും എല്ലാം ഉള്‍ക്കൊണ്ടിട്ടുമുണ്ട്. അതു കൊണ്ടു തന്നെ മനുഷ്യ പ്രകൃതി തേടുന്ന അവന്റെ ലൈംഗിക ചോദനകള്‍ക്ക് അവന്‍ അര്‍ത്ഥം കണ്ടെത്തേണ്ടതുണ്ട്; മനുഷ്യന്‍ എന്ന പദവിയും പരിധിയും നില നിര്‍ത്തിക്കൊണ്ടു തന്നെ.

രണ്ടു വര്‍ഷം മുമ്പ് ദൂരദര്‍ശനില്‍ ഒരു സ്വാമിയുടെ പ്രഭാഷപരമ്പരയില്‍ അദ്ദേഹം പറഞ്ഞു കേട്ട ഒരു നിരീക്ഷണം കൂടി പങ്കു വെക്കട്ടെ. മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ആനന്ദം കണ്ടെത്തുന്ന പ്രക്രിയയാണു ലൈംഗികത. ഇതിന്റെ കാരണം വളരെ ലളിതമാണ്‌. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഒരു മനുഷ്യന്‍ തന്റെ പുറമെയുള്ള ജാഢകളെല്ലാം മാറ്റി വെക്കുകയും, പച്ചയായ മനുഷ്യന്റെ അവസ്ഥയിലേക്ക് അവന്‍ എത്തിച്ചേരുകയും ചെയ്യുന്നു. സമൂഹത്തില്‍ താന്‍ വഹിക്കുന്ന സ്ഥാനമോ, ജോലിയിലെ ഉന്നത പദവിയോ മതരംഗത്തുള്ള നേതൃത്വമോ ഒന്നും ഒരാളുടെ ലൈംഗികസുഖത്തെ ബാധിക്കുന്നേയില്ല. ഇതര ബന്ധങ്ങളെയും ചിന്തകളെയുമെല്ലാം മറന്ന് പ്രകൃതിപരമായ അവന്റെ സ്വത്വത്തിലേക്ക് സഞ്ചരിക്കുന്ന വേളയാണ്‌ ലൈംഗികത. ഇങ്ങനെ മനുഷ്യന്‍ തന്റെ സ്വത്വത്തിലേക്കെത്തിച്ചേരുന്നതു തന്നെയാണ്‌ അവന്റെ പരമാനന്ദത്തിനു കാരണം എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ഇങ്ങനെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നാമെടുത്തണിയുന്ന ജാഢകളെയും അഹങ്കാരങ്ങളെയും മാറ്റി നിര്‍ത്തുകയും യഥാര്‍ത്ഥ മനുഷ്യനാവാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ ജീവിതം ആനന്ദപൂര്‍‌ണ്ണമാകുന്നു എന്ന അദ്ദേഹത്തിന്റെ നിരീക്ഷണം പങ്കുവെക്കാന്‍ മാത്രമാണ്‌ ഈയൊരു പാരഗ്രാഫ് എഴുതിയത്.

വിഷയത്തിലേക്ക് തിരിച്ചു വന്നാല്‍, മനുഷ്യന്റെ ലൈംഗികത വളരെ പ്രധാനപ്പെട്ട വിഷയമാണെന്ന് പറയുമ്പൊഴും അവിടെ മനുഷ്യന്റെ പ്രകൃതിയും പരിധിയും കൂടി വിഷയമാക്കേണ്ടതുണ്ട്. പ്രകൃത്യാ അന്തര്‍‌ലീനമായ ചോദന ഉണര്‍ന്നു വരുമ്പോഴെല്ലാം അത് പൂര്‍ത്തീകരിക്കാന്‍ പക്ഷിമൃഗാദികള്‍ക്ക് പ്രയാസമില്ല. ബന്ധങ്ങളോ, സ്വകാര്യതയോ പോലെയുള്ള സദാചാരസീമകള്‍ അവയ്ക്ക് നിശ്ചയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ മനുഷ്യന്‍ തന്റെ ലൈംഗികതയെ സ്വകാര്യമായി കൊണ്ടു നടക്കുന്നു. ബന്ധങ്ങള്‍, സാമൂഹികപരിധികള്‍, എല്ലാത്തിനുമപ്പുറം ലജ്ജ തുടങ്ങിയ മാനുഷികമായ വലയങ്ങള്‍ക്കകത്താണവന്റെ ജീവിതം എന്നതു കൊണ്ടു തന്നെ അവന്റെ ലൈംഗികതയ്ക്ക് സ്വകാര്യതയുണ്ട്. അത് അങ്ങനെ തന്നെ ആസ്വദിക്കാനാണ്‌ അവന്‍ ഇഷ്ടപ്പെടുന്നതും. എന്നാല്‍ ഇവയ്ക്ക് വിപരീതമായി, സദാചാരത്തിന്റെ സീമകള്‍ സര്‍‌വ്വവും ലം‌ഘിച്ചും, നില നിന്നു പോന്ന സാമൂഹിക നിലപാടുകളെ കാറ്റില്‍ പറത്തിയും ലൈംഗികതയുടെ പുതിയ സ്വാതന്ത്ര്യം അവന്‍ സ്വയം പ്രഖ്യാപിക്കുന്നിടത്താണ്‌ അത് മനുഷ്യത്വത്തിനപ്പുറം കടന്നു പോകുന്നത്. അവിടെയാണ്‌ മനുഷ്യന്‍ എന്ന അവസ്ഥയില്‍ നിന്നും അവന്‍ അധഃപതിക്കുന്നത്. പിച്ച വെച്ചു തുടങ്ങുന്ന പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ വയോവൃദ്ധകള്‍ വരെ നെറികെട്ട കാമാര്‍ത്തിയുടെ ഇരകളാവുന്നതും, ബസിനകത്തു പോലും നമ്മുടെ സഹോദരിമാര്‍ക്ക് സ്വസ്ഥത നഷ്ടപ്പെടുന്നതും അവിടെ വെച്ചാണ്‌.

പ്രകൃതി മനുഷ്യനില്‍ അന്തര്‍‌ലീനമാക്കിയ ലൈംഗികതയ്ക്ക് പരിധി നിശ്ചയിക്കുന്നതെന്തിനെന്ന് ചോദിക്കാം. അവിടെയാണ്‌ മനുഷ്യന്‍ വ്യത്യസ്തനാവുന്നത്. ബുദ്ധിയും വിവേചനശേഷിയും കൊണ്ട് അനുഗ്രഹിക്കപ്പെട്ട മനുഷ്യന്റെ മഹത്വം ഉല്‍‌ഘോഷിക്കപ്പെടുന്നത് അവന്റെ ധാര്‍മ്മിക, സദാചാര നിഷ്ഠകള്‍ കൊണ്ടു തന്നെയാണ്‌. വിവേചനബുദ്ധി കൊണ്ട് അനുഗ്രഹീതനായ മനുഷ്യന്ന് തന്റെ സ്വത്വത്തെ തിരിച്ചറിയാനാവാതെ പോകുമ്പോള്‍ അവന്റെ അധഃപതനവും തിരിച്ചറിയപ്പെടാതെ പോകും. ഇതു പഠിപ്പിക്കാന്‍ ഇന്നത്തെ ബുദ്ധിജീവികളേക്കാള്‍ താത്വികമായി ജീവിതം പഠിപ്പിച്ച ശ്രേഷ്ഠവ്യക്തിത്വങ്ങള്‍ കടന്നുവന്നിട്ടുണ്ട്. അവര്‍ അവതരിപ്പിച്ച ജീവിത പദ്ധതികള്‍ ആഗോളസമൂഹം സ്വീകരിക്കുകയും പകര്‍ത്തുകയും ചെയ്തതിന്റെ പരിണിതഫലങ്ങള്‍ തന്നെയാണ്‌ നമുക്കിടയില്‍ നിലനില്‍ക്കുന്ന സദാചാരപരിധികള്‍.

ഈ സദാചാരപരിധികള്‍ക്കകത്തു നിന്ന് ജീവിക്കുന്നതു കൊണ്ടാണ്‌ ഒരാള്‍ക്ക്, നിസഹായയും, ഏകയുമായി മുമ്പില്‍ വരുന്ന സ്ത്രീയെ തന്റെ ലൈംഗികോപാധിയായി കാണുന്നതിനു പകരം അവളുടെ ദുഃഖങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സാധിക്കുന്നത്. സ്ക്കൂള്‍ വിട്ടു വരുന്ന വഴിയില്‍ പിഞ്ചു കുഞ്ഞിന്റെ കവിളില്‍ അരുമയോടെ തലോടുന്നതിനു പകരം തന്റെ കാമാര്‍ത്തിക്കു വേണ്ടി വലിച്ചിഴയ്ക്കാന്‍ തോന്നുന്ന മനുഷ്യന്റെ മുമ്പില്‍ ഇന്ന് ലൈംഗികസ്വാതന്ത്ര്യത്തിന്നു വേണ്ടി മുറവിളി കൂട്ടുന്നവരുടെ ഏത് നിര്‍‌ദ്ദേശങ്ങളാണ്‌ പാഠമാവേണ്ടത്..? ഏത് നിയമങ്ങളാണ്‌ അവന്റെ ചെവിയില്‍ വേദവാക്യങ്ങളാവേണ്ടത്..? എന്ത് സദാചാരത്തെക്കുറിച്ചാണ്‌ അവര്‍ക്കീ മനുഷ്യനോടോതാനുള്ളത്..? ഇവിടെ മതങ്ങള്‍ പഠിപ്പിക്കാത്ത സദാചാരമോ, സാമൂഹ്യപാഠമോ ഈ പറഞ്ഞ ബുദ്ധിജീവികള്‍‌ക്കോ, നിരീശ്വര, നിര്‍‌മതവാതികള്‍ക്കോ പകര്‍ന്നു കൊടുക്കാനാവില്ല. മറിച്ച് ഇവിടെ തുണയാവേണ്ടത് അവന്‍ ജീവിതത്തില്‍ പഠിപ്പിക്കപ്പെട്ടതോ, ആര്‍ജ്ജിച്ചെടുത്തതോ ആയ സാമൂഹ്യപാഠങ്ങളാണ്. അവന്റെ ജീവിതം നല്‍കുകയും, നിലനിര്‍ത്തുകയും അതിന്‌ വ്യക്തമായ പരിധികള്‍ നിര്‍‌ണ്ണയിക്കുകയും ചെയ്ത ദൈവത്തെക്കുറിച്ചുള്ള സ്മരണയും അവന്റെ ശിക്ഷയെക്കുറിച്ചുള്ള ബോധ്യവും തന്നെയാണ്‌.

മനുഷ്യന്റെ സ്വഭാവസവിശേഷതയും മേന്മയും ദൗര്‍‌ബല്യവുമെല്ലാം മറ്റാരേക്കാളും നന്നായറിയുന്നത് അവനെ സൃഷ്ടിച്ചെടുത്ത ദൈവം തന്നെയായിരിക്കണം. അതു കൊണ്ടു തന്നെ അവന്റെ ജീവിതത്തിന്റെ രൂപരേഖ ദൈവം തന്നെ വരച്ചു കാണിക്കുന്നുമുണ്ട്. അതു തന്നെയാണ്‌ സദാചാരമെന്ന് നമ്മള്‍ വിശേഷിപ്പിക്കുന്ന ജീവിത നിഷ്ഠയും. അതില്‍ നിന്ന് പുറത്തു കടക്കുമ്പോഴാണ്‌ മനുഷ്യജീവിതത്തില്‍ കുഴപ്പങ്ങളും മനുഷ്യത്വത്തില്‍ അധഃപതനങ്ങളും സംഭവിക്കുന്നത്.

ഖുര്‍‌ആനില്‍ "സത്യവിശ്വാസികള്‍" എന്ന പേരുള്ള അധ്യായത്തില്‍ ആദ്യത്തെ സൂക്തങ്ങള്‍ വിജയികളായ സത്യവിശ്വാസികളെ കുറിക്കുന്നതാണ്‌. നമസ്ക്കാരത്തില്‍ ഭക്തിയുള്ള, അനാവശ്യങ്ങളില്‍ നിന്ന് തിരിഞ്ഞു നില്‍ക്കുന്ന, സക്കാത്തു നിര്‍‌വ്വഹിക്കുന്ന, ഗുഹ്യാവയവങ്ങളെ കാത്തു സൂക്ഷിക്കുന്നവരാണു വിജയികള്‍ എന്ന് ദൈവം മുന്നറിയിക്കുന്നു. അനുവദനീയമായതിനപ്പുറം ലൈംഗികത ആഗ്രഹിക്കുന്നവര്‍ അക്രമകാരികളാണെന്നും ഖുര്‍‌ആന്‍ താക്കീതു നല്‍കുന്നു.

ഇങ്ങനെയുള്ള ഒട്ടനവധി ജീവിത നിര്‍‌ദ്ദേശങ്ങളും സാമൂഹിക മൂല്യങ്ങളും ദൈവം ഉണര്‍ത്തുന്നുണ്ട്. അതിലൊന്നാണ്‌ "അല്‍ ബഖറ" എന്ന അദ്ധ്യായത്തിലെ "നോമ്പിന്‍റെ രാത്രിയില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള സംസര്‍ഗം നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. അവര്‍ നിങ്ങള്‍ക്കൊരു വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും ഒരു വസ്ത്രമാകുന്നു..." എന്നു തുടങ്ങുന്ന 187 നമ്പര്‍ സൂക്തം. നോമ്പിന്റെ പകലില്‍ ഭാര്യയുമായി ലൈംഗികബന്ധം നടത്തുന്നത് ദൈവകോപത്തിന്ന് കാരണമാവുമെന്ന് ഖുര്‍‌ആനിലൂടെ ദൈവം ഉണര്‍ത്തുന്നു. ലഭ്യമായിരുന്നിട്ടും ഭക്ഷണം കഴിക്കാതെ, പ്രാപ്യമായിട്ടും ഭാര്യയെ അനുഭവിക്കാതെ, സാധ്യമായിട്ടും അനാവശ്യങ്ങള്‍ക്കു നില്‍ക്കാതെ പരിശീലിക്കപ്പെടുന്നതു തന്നെയാണ്‌ വിമലീകരണം. മനുഷ്യന്‍ സംസ്ക്കരിക്കപ്പെടുന്നത് ഇത്തരം ദൈവികനിയമങ്ങളിലൂടെ തന്നെയാണ്‌. അങ്ങനെ പരിശീലിക്കപ്പെടുന്നവന്ന് അമ്മയെയും പെങ്ങളെയും തിരിച്ചറിയാനാവും. മൂല്യങ്ങളെ മുറുകെപ്പിടിക്കാനാവും. അല്ലെങ്കിലെന്ത് സദാചാരം.. ?

Wednesday, September 9, 2009

പരിശുദ്ധിയുടെ നറുമണം പരത്തി നമ്മിലൂടെ റമളാന്‍ കടന്നു പോകുന്നു. അത് അവസാനത്തെ പത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. വിശ്വാസികള്‍ കഴിഞ്ഞ പതിനൊന്ന് മാസം ജീവിച്ചു വന്ന വഴികളില്‍ നിന്ന് മാറി പുതിയ ജീവിത പാന്ഥാവിലേക്ക് പ്രവേശിക്കുകയും മാനസികമായും ശാരീരികമായും പുതിയ തലത്തിലേക്ക് സഞ്ചരിക്കുകയും ചെയ്തിരിക്കേണ്ട ഘട്ടങ്ങളാണു കടന്നു പോകുന്നത്.

നോമ്പ് അനുഷ്ഠിക്കുന്ന വ്യക്തിയുടെ ജീവിതത്തില്‍ കൂടുതല്‍ വഴിത്തിരിവുകള്‍ ഉണ്ടാവേണ്ട അവസാനത്തെ വേളയില്‍ നില്‍ക്കുമ്പോള്‍ ചില ചിന്തകളും സ്വയം പരിശോധനകളും ഉണ്ടാവുന്നത് ഉത്തമവും അനിവാര്യവുമാണ്‌.

ഈ റമളാനില്‍ അനുഷ്ഠിച്ച നോമ്പുകള്‍ കൊണ്ട്, പകല്‍ സമയത്തെ പട്ടിണിക്കും രാത്രിയിലെ വിഭവസമൃദ്ധമായ ഭക്ഷണങ്ങള്‍ക്കുമപ്പുറം എന്തെങ്കിലും സവിശേഷത നമ്മില്‍ ഉണ്ടായിട്ടില്ലെങ്കില്‍ വ്രതം അതിന്റെ പൂര്‍‌ണ്ണത പ്രാപിച്ചിട്ടില്ലെന്നു മനസ്സിലാക്കണം. വിശപ്പിന്റെ കാഠിന്യം ശരീരത്തെ ബാധിക്കുമ്പോള്‍ ഒരു വേളയെങ്കിലും പട്ടിണി കിടക്കുന്ന പാവങ്ങളുടെ ജീവിതത്തിലേക്ക് മനസു സഞ്ചരിച്ചിരിക്കണം.

വല്ലപ്പോഴും അനുഭവിക്കുന്ന ഈ തളര്‍ച്ചയും ക്ഷീണവും നിത്യവും അനുഭവിക്കുന്ന ദുരിത ബാധിതര്‍ നമ്മുടെ കയ്യെത്തും ദൂരത്തു തന്നെയുണ്ടെന്ന് മനസ്സിലാക്കാനും ഈ വ്രതം കൊണ്ട് സാധിക്കണം. ഇനിയുള്ള ജീവിത വഴിയില്‍ അശരണര്‍ക്ക് അല്പ്പമെങ്കിലും ആശ്വാസമേകുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കു കൊള്ളണമെന്ന് ഒരിക്കലെങ്കിലും ചിന്തിക്കാന്‍ ഈ പുണ്യമാസം പ്രചോദനമാകണം. കൂടെ, പുണ്യമാസത്തിന്റെ പവിത്രതയെ കളങ്കപ്പെടുത്തുന്ന വിധം റമളാന്‍ ഒന്നു മുതല്‍ മുപ്പതു വരെ വീടുവീടാന്തരം കയറിയിറങ്ങി ഭിക്ഷ യാചിക്കുന്നവരെ ഉപദേശം കൊണ്ടും സത്പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ഒഴിവാക്കാനും നമുക്കാവട്ടെ...

നോമ്പ് ശരീരത്തിലല്ലാതെ മാനസികമായി നമുക്ക് എന്തെങ്കിലും മാറ്റം ഉണ്ടാക്കിത്തരികയോ, തുടര്‍ന്നു വന്ന അനാവശ്യങ്ങളെ താല്‍ക്കാലികമായല്ലാതെ, പരിപൂര്‍‌ണ്ണമായി ജീവിതത്തില്‍ നിന്ന് ഒഴിച്ചു നിര്‍ത്തണമെന്ന് തോന്നല്‍ മനസില്‍ ഉണര്‍ന്നു വരികയോ ചെയ്തിട്ടില്ലെങ്കില്‍ റമളാന്‍ വ്രതത്തിന്റെ ഗൗരവം പരിപൂര്‍‌ണ്ണമാവുമോ.. ?

ജീവിതത്തില്‍ ഏറ്റവും കുഴപ്പം സൃഷ്ടിക്കുന്നത് നാവും ലൈംഗികതൃഷ്ണയുമാണ്‌. അത് രണ്ടും നിയന്ത്രിക്കാമെന്ന് വാക്ക് നല്‍കുന്നവര്‍ക്ക് സ്വര്‍ഗ്ഗം വാഗ്ദാനം നല്‍കാമെന്ന് പ്രവാചകന്‍ (സ) പറഞ്ഞിട്ടുണ്ട്. അത്തരം സകല പ്രേരണകളില്‍ നിന്നും, അനാവശ്യമായ വാക്കുകളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ മനസിനെയും ശരീരത്തെയും പ്രാപ്തമാക്കാനും കൂടിയാണ്‌ റമളാന്‍. പിടിച്ചു നില്‍ക്കാനും ക്ഷമിച്ചു നില്‍ക്കാനും ഏറ്റവും മികച്ച തുണയാകേണ്ടത്, ഭൗതികമായ എല്ലാ പാഠങ്ങള്‍ക്കുമപ്പുറം ദൈവത്തെക്കുറിച്ചുള്ള ബോധം തന്നെയാണ്‌. സഹനമഭ്യസിക്കാനുള്ള ഉത്തമവും ഉദാത്തവുമായ വഴി വ്രതം തന്നെയാണ്‌. സ്വാഭാവികവും ശീലിച്ചു വന്നതുമായ ഇച്ഛകള്‍ മനസില്‍ ഉണര്‍ന്നു വരുമ്പൊഴും, അവയെ പൂര്‍ത്തീകരിക്കാനുള്ള എല്ലാ വഴികളും മുമ്പില്‍ ലഭ്യമായിരിക്കുമ്പൊഴും അവയെ വര്‍ജ്ജിക്കുവാനുള്ള നിര്‍ബന്ധ ശാഠ്യം നമ്മെ ശീലിപ്പിക്കുന്നത് ക്ഷമയുടെ ഏറ്റവും ഉന്നതമായ പാഠങ്ങളാണ്‌.

വിടവാങ്ങുന്ന റമളാനിന്റെ ദിനങ്ങളെ കര്‍മ്മങ്ങള്‍ കൊണ്ട് ധന്യമാക്കാനാവണം നമുക്ക്. അവസാനത്തെ പത്തില്‍ ലൈലത്തുല്‍ ഖദ്റെന്ന രാത്രിയില്‍ കൂടുതല്‍ പ്രതിഫലം വാഗ്ദാനം ചെയ്ത വേളകളാണു വരുന്നത്. ലൈലത്തുല്‍ ഖദ്‌റ് നിശ്ചിതമായ ഒരു രാത്രിയില്‍ നിര്‍ണ്ണയിക്കാതെ അവസാനത്തെ പത്തിലെ ഒറ്റയായ രാത്രികളില്‍ പ്രതീക്ഷിക്കാന്‍ വിശ്വാസികളോട് ആവശ്യപ്പെട്ടതിന്റെ യുക്തി, ഈ റമളാന്‍ എന്ന അഥിതിയെ കൂടുതല്‍ കര്‍മ്മനിര്‍ഭരമാക്കി യാത്രയയക്കാനായിരിക്കണം. അങ്ങനെ മനുഷ്യത്വത്തിന്റെ ഉന്നത നിലവാരത്തില്‍ എത്തിച്ചേരാനും. റമളാനിലെ അവസാനത്തെ പത്തില്‍ പ്രവാചകന്‍ (സ) രാത്രി ഉറക്കമിളക്കുകയും തന്റെ കുടും‌ബത്തെ അതിനായി വിളിച്ചുണര്‍ത്തുകയും ചെയ്യുമായിരുന്നത്രെ. ഏകാന്തമായി ദൈവത്തോട് നേരിട്ട് നടത്തുന്ന പ്രാര്‍ത്ഥനകള്‍ ഒരു വിശ്വാസിയുടെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളില്‍ പെട്ടതാണ്‌.

Where I feel poetic

Followers

Popular Posts