Wednesday, April 24, 2019

അഞ്ചു വയസ്സു കഴിഞ്ഞ മകനെ പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ സർക്കാർ ആശുപത്രിയിൽ കൊണ്ടുപോയി. മകനെയും കൊണ്ട് കുത്തിവെപ്പ് നൽകുന്ന മുറിയിലേക്ക് ചെന്നു. നമുക്കിരിക്കാനായി രണ്ട് ബെഞ്ചുകൾ മുറിയുടെ മൂലയിൽ രണ്ടുഭാഗത്തായി ഇട്ടിരിക്കുന്നു. ഒന്നിൽ ഒരമ്മ കൈക്കുഞ്ഞുമായിരിക്കുന്നുണ്ട്. ഞാൻ മകനെയും കൊണ്ട് അപ്പുറത്തെ ബെഞ്ചിൽ ഇരുന്നു.
അമ്മയുടെ കൈയ്യിലിരിക്കുന്ന ഇളംപൈതലിന് കുത്തിവെക്കാൻ പോവുകയാണ്. എന്റെ മകൻ അത് നേർക്കുനേർ കാണുംവിധത്തിലാണ് ഇരിക്കുന്നത് എന്നു ശ്രദ്‌ധിച്ച ഞാൻ അവനെയെടുത്ത് മാറ്റിയിരുത്തി. കുഞ്ഞിന് കുത്തിവെക്കുന്നത് കണ്ടിട്ട് അവൻ പേടിക്കേണ്ട എന്നുകരുതി. ഞങ്ങൾക്ക് നേരെയുള്ള ചുവരിൽ വരച്ചുവെച്ചിട്ടുള്ള കാർട്ടൂൺ കഥാപാത്രങ്ങളിലേക്ക് അവന്റെ ശ്രദ്ധ തിരിക്കാൻ ഞാനൊരു വിഫലശ്രമം നടത്തി.
ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയിൽ, "പപ്പാ, ഉറുമ്പ് കടിക്കുന്നത് പോലെയാണോ ഇഞ്ചക്ഷൻ വെക്കുമ്പോ തോന്നുക ?" എന്ന് ചോദിച്ചിരുന്നു അവൻ. "പിന്നല്ലാതെ" എന്നു ഞാൻ മറുപടി നൽകി. അന്നേരം "പിന്നെയെന്തിന് ഞാൻ പേടിക്കണം" എന്ന് ധൈര്യം പറഞ്ഞവന്റെ ഉള്ളിൽ ഇപ്പോൾ നേരിയ സങ്കടം മുളപൊട്ടിയിട്ടുണ്ടോ എന്ന് ഞാൻ സംശയിച്ചു.
അമ്മയുടെ കൈയ്യിലുള്ള ആ കുഞ്ഞിന് കുത്തിവെപ്പ് നൽകാൻ പോവുകയാണ്. കുഞ്ഞിളംമേനിയിൽ സൂചിമുന താഴ്ത്താൻ പോവുകയാണെന്നത് ആ അമ്മയ്ക്ക് ഉൾക്കൊള്ളാനാവുന്നില്ലെന്നു തോന്നി. കൂടെ വന്ന തന്റെ അമ്മയെ പേർത്തും പേർത്തും അവൾ വിളിച്ചു. തന്റെ അമ്മയുടെ കൈയ്യിൽ കുഞ്ഞിനെ നൽകി ഈ പൊള്ളുന്ന അനുഭവത്തിൽ നിന്ന് രക്ഷപ്പെടാൻ യുവതിയായ ആ അമ്മ ശ്രമിച്ചു. കുത്തിവെക്കാൻ പോകുന്ന നേഴ്‌സ് സ്നേഹപൂർവ്വം അവളോട് തന്നെ കുഞ്ഞിനെയെടുത്ത് ഇരിക്കാൻ പറഞ്ഞു. അനുഭവങ്ങൾ നൽകി പരിശീലിപ്പിക്കുക കൂടിയാണ് ആ നേഴ്‌സിന്റെ ഉദ്ദേശ്യം എന്ന് അവരുടെ മുഖത്തുനിന്ന് വായിച്ചെടുക്കാൻ കഴിയും.
അടുത്തത് എന്റെ മകന്റെ ഊഴമാണ്. നേഴ്‌സ് ഇഞ്ചക്ഷനുമായി വന്നു. പേര് ചോദിച്ചു. അവന്റെ കൈയ്യിലെ ഇഞ്ചക്ഷൻ എടുക്കേണ്ട സ്ഥലം കോട്ടൻ കൊണ്ട് തടവുന്നതിനിടയിൽ ഉമ്മയുടെ പേരും സ്‌കൂളിന്റെ പേരും അവർ ചോദിച്ചു. എല്ലാത്തിനും സ്മാർട്ടായി, പുഞ്ചിരിയോടെ അവൻ ഉത്തരം പറഞ്ഞു. ആ പുഞ്ചിരിയുടെയും നിഷ്‌കളങ്കമായ മറുപടികളുടെയും ഇടയ്ക്കെപ്പോഴോ അവർ അവന്റെ കൈയ്യിൽ സൂചി കയറ്റി.


ഞാനെന്റെ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി. പെട്ടെന്നാ മുഖത്തെ പുഞ്ചിരി മാഞ്ഞു. സങ്കടം കൊണ്ടവന്റെ മുഖം വിവർണ്ണമായി. ചുണ്ടുകൾ കോട്ടി, വിങ്ങി, പിന്നെ ശബ്ദമുള്ളൊരു കരച്ചിലായത് മാറി. ഞാനവനെ എന്നിലേക്ക് ചേർത്തുപിടിച്ചു. നിർമ്മലമായ ആ കവിൾത്തടത്തിൽ എന്റെ ചുണ്ടുകൾ ചേർത്ത് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അതേ സമയം, എന്നെ ആര് ആശ്വസിപ്പിക്കുമെന്നും എന്റെ കണ്ണുനീർ ആര് തുടക്കുമെന്നും എന്റെ കണ്ഠത്തിൽ നിറയുന്ന ഭാരവും വേദനയും എങ്ങനെ ഇറക്കിവെക്കുമെന്നും അറിയാതെ ഞാൻ അസ്വസ്ഥനായി.
ഒന്നും സംഭവിച്ചിട്ടില്ലെന്നഭിനയിച്ച് നേഴ്‌സ് തന്ന കോട്ടൻ കൊണ്ട് ഞാനവന്റെ കൈയ്യിൽ പതുക്കെ തലോടി. "കഴിഞ്ഞോ സിസ്റ്റർ" എന്ന് ഒരുവിധം ചോദിക്കുകയും അവരുടെ സമ്മതം കിട്ടിയപ്പോൾ അഞ്ചുവയസ്സുള്ള എന്റെ കുട്ടിയെ വാരിയെടുത്ത് പുറത്തേക്ക് നടക്കുകയും ചെയ്തു. "മോന് വേദനിച്ചോ" എന്നുചോദിക്കുന്നതിലേക്ക് എന്റെ ശബ്ദത്തെ സജ്ജമാക്കുമ്പോൾ ആശുപത്രിയിൽ നിന്നും ബൈക്കിൽ ഏറെദൂരം പിന്നിട്ടുകഴിഞ്ഞിരുന്നു ഞങ്ങൾ.
ഹൃദയത്തിൽ കാരുണ്യം നിറച്ച നാഥാ ! മനുഷ്യൻ മനുഷ്യനെ കൊല്ലാൻ വേണ്ടി സ്വയം പൊട്ടിത്തെറിക്കുന്ന ഈ ലോകത്ത് ജീവിക്കേണ്ടുന്ന കാലത്തോളം ഞങ്ങളിൽ നിന്ന് ഈ കാരുണ്യം നീ എടുത്തുകളയരുതേ !

Where I feel poetic

Followers

Popular Posts