Saturday, October 17, 2009

ഏകാന്തതയെ എന്നുമെനിക്കിഷ്ടമായിരുന്നല്ലോ..
ഒത്തുകൂടുന്ന നേരങ്ങളെ അര്‍ത്ഥശൂന്യമായ വാക്കുകള്‍ കൊണ്ട് നിറയ്ക്കുന്നതിനേക്കാളും, ലൗകികസൗകര്യങ്ങളുടെ നിറഭേദങ്ങളിലേക്ക് വര്‍ത്തമാനങ്ങള്‍ ഉഴറിവീഴുന്നതിനേക്കാളും, മറന്നു വെച്ച ചാപല്യങ്ങളെ തുറന്നുവിടുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനേക്കാളും എന്തുകൊണ്ടും ഏകാന്തത സുഖമുള്ള അനുഭവമാണ്‌.

സോദ്ദേശ്യപരമല്ലാത്ത കൂട്ടായ്മകള്‍ പലപ്പോഴും വിടുവായിത്തങ്ങള്‍ക്കപ്പുറം കടന്നു പോകാതിരിക്കുകയും തീര്‍ത്തും പൊള്ളയായ ഭൗതിക കെട്ടുകാഴ്ച്ചകളില്‍ പക്ഷം ചേര്‍ന്ന വാദപ്രതിവാദങ്ങളില്‍ നേരം നീക്കുകയും ചെയ്യുന്ന നിലയിലാണ്‌ അപ്രസക്തമാകുന്നത്. "വെടിപറച്ചിലുകള്‍" എന്ന് മനോഹരമായി മൊഴിമാറ്റപ്പെടാമെങ്കിലും വിടുവായിത്തങ്ങള്‍ ജീവിതയാത്രയുടെ ഗൗരവരാഹിത്യത്തെ അടയാളപ്പെടുത്തുന്നുണ്ട് പലപ്പോഴും. കൂട്ടായ്മകള്‍ക്കിടയിലെ നൈമിഷികമായ ആസ്വാദനങ്ങള്‍ക്കു വേണ്ടി മൂല്യങ്ങളെ ബലിനല്‍കുകയോ മൂല്യചുതികളെ കണ്ണടച്ചവഗണിക്കുകയോ ചെയ്യേണ്ടിവരാറുണ്ട്. പൊതു നന്മകള്‍ക്ക് പശ്ചാത്തലമാവുന്ന സൗഹൃദക്കൂട്ടായ്മകള്‍ക്കും നിര്‍‌ദ്ദോഷങ്ങളായ നേരമ്പോക്കുകള്‍ക്കുമപ്പുറത്ത് ഉപദ്രവകരങ്ങളായ ഉന്മാദാവസ്ഥകളെക്കുറിച്ചാണീ ഗൗരവപ്പെടല്‍.

കണ്‍‌വെട്ടത്ത് നിന്ന് മറഞ്ഞു മാഞ്ഞു പോകുന്ന നഗ്നതളെയും, കണ്‍‌മുന്നിലെ ഉണ്മകളുണര്‍ത്തുന്ന ചിന്താധാരകളെയും പര്യാലോചനയ്ക്ക് വിധേയമാക്കുവാന്‍ ഏകാന്തത തന്നെയാണ്‌ തുണ. സ്വത്വത്തിലേക്ക് പാളിനോക്കാന്‍ സൗകര്യമാണ്‌ ഒറ്റയ്ക്കിരിക്കുമ്പോള്‍. അങ്ങനെ പാളി നോക്കുമ്പോള്‍ മനസിന്റെ കണ്ണാടിയില്‍ തെളിയുന്ന ജാള്യതകളെ മറയ്ക്കാനല്ലാതെ, സ്വത്വത്തില്‍ നിന്നത് മായ്ച്ചു കളയാനുള്ള പ്രേരണകളും ഈ ഏകാന്തതയാണു നല്‍കുന്നത്.

ഏകാന്തത, ഓര്‍മ്മകളുടെ തീരത്തു കൂടിയുള്ള സഞ്ചാരവും അനുഭവങ്ങളും സ്വപ്നങ്ങളും സഹയാത്രികരുമാണ്‌. പൊയ്പ്പോയ ദിനങ്ങളില്‍ ജീവിതവഴിയില്‍ ആസ്വദിച്ച പുഷ്പസൗരഭ്യവും, നൊമ്പരപ്പെടുത്തിയ കനലുകളും ഒരുപോലെ കൂട്ടിന്‌ വരുന്നൊരു യാത്രയാണത്; ഗതകാലാനുഭവങ്ങള്‍ ഓര്‍ത്തെടുക്കാനും പുതിയ പാഠങ്ങള്‍ അവയില്‍ നിന്നുള്‍ക്കൊള്ളാനും വരും‌കാലത്തേക്കു കരുക്കള്‍ ശേഖരിക്കാനുമാവുമെങ്കില്‍ എത്ര ധന്യമാണീ ഏകാന്തത.. നഷ്ടസൗഭാഗ്യങ്ങളുടെ നീര്‍ക്കുമിളകളെയോര്‍ത്ത് നെടുവീര്‍പ്പിടുന്നതിലപ്പുറം ഭാവിയുടെ തുറന്ന വാതായനങ്ങളിലേക്കുള്ള നേര്‍‌വഴിക്കായി പാഥേയമൊരുക്കുവാനാവണം ഏകാന്തത തുണയാകേണ്ടത്.

ഈ വഴിയിലേക്കു കാലെടുത്തു വെച്ചപ്പൊഴും പിരിഞ്ഞു പോകേണ്ടപ്പൊഴുമെല്ലാം ഞാനേകനാണെന്നറിയുമ്പോള്‍ എന്നെ വല്ലാതെ പിന്തുടരുന്നുണ്ട് ഈ ഏകാന്തത.

12 വായനകളിങ്ങനെ:

ശിഹാബ് മൊഗ്രാല്‍ said...

രാവേറെയായിട്ടും ഉറങ്ങാതിരുന്ന് ഡയറിത്താളില്‍ അലക്ഷ്യമായെഴുതുന്ന ഒരു കാലത്തിന്റെ ഓര്‍മ്മയില്‍...

യൂസുഫ്പ said...

ഏകാന്തതയില്‍ ഒട്ടേറെ സുഖം നുകരുന്നവനാണ് ഞാനും. ഒരര്‍ത്ഥത്തില്‍ പറയുകയാണെങ്കില്‍ മനസ്സ് കൊണ്ട് കര്‍മ്മം ചെയ്യുക. ശിഹാബ് സൂചിപ്പിച്ച പൊലെ സ്വത്വം എന്തെന്ന് തിരിച്ചറിയാന്‍ ഏകാന്തതക്കല്ലാതെ മറ്റെന്തിന് നല്‍കാന്‍ കഴിയും.
“ആര്‍ദ്ര മനസ്സുകള്‍ക്ക് ആശ്വാസമായി ഈ ഏകാന്തതയും ”

നല്ല രചന. ഭാവുകങ്ങള്‍ ശിഹാബ്.

[Shaf] said...

മൊഗ്രാലിന്റെ മറ്റു പലപോസ്റ്റുകളിലും കാണുന്നതിൽ കൂടുതൽ ഗൌരവമുള്ള ഭാഷ കാണുന്നു...കൊള്ളാം ..നല്ല ഭാഷ മിടൂക്കും നല്ലോരു ആയുധവുമാണ്..
എകാന്തത പലപ്പോഴും നല്ലൊരു കൂട്ടൂകാരനാണെന്ന് തോന്നാറുണ്ട്..ചുമ്മാ പലതും ആലോചിച്ചിരിക്കാം..നഷ്ടങ്ങൾ, നഷ്ടസ്വപനങ്ങൾ എല്ലാം..

എഴുതാനാഗ്രഹിച്ചത് മുഴുവൻ എഴുതി പ്രതിഫലിക്കാൻ കഴിഞ്ഞോ എന്ന സംശയം എനിക്കുണ്ട്ട്ടോ...:)

ശിഹാബ് മൊഗ്രാല്‍ said...

യൂസുഫ്‌പ, സന്തോഷം
ഷഫ്, ശരിയാണ്‌. ഈ പറഞ്ഞ ഏകാന്തത പ്രവാസത്തില്‍ അത്രത്തോളം അനുഭവവേദ്യമല്ല. മനസ് പ്രക്ഷുബ്ധമാകുന്ന ചില വേളകളുണ്ട്. അപ്പോള്‍ എഴുതാന്‍ സാധിച്ചാലായി..

kichu / കിച്ചു said...

ഷിഹാബേ..

ഇത്ര ചെറുപ്പത്തിലേ ഇത്ര ഏകാന്തതയോ !!!!
ഗഹനമാണല്ലോ ചിന്ത :)

ഇപ്പൊ ഒരു കാര്യം മനസ്സിലായി.. എന്താന്നറിയുമോ???.... ഒരു പെണ്ണ് കേട്ടാന്‍ സമയമായീന്ന് :) :)

[Shaf] said...

അപ്പോൾ മനസ്സ് എന്നും പ്രക്ഷുബ്ധമാകട്ടെ എന്നു ആശംസിക്കുന്നു..:)

സുല്‍ |Sul said...

ഹഹഹ...
ശുദ്ധ അസംബന്ധം പിറുപിറുക്കാതെടോ. ഏകാന്തത ഒരു പരിധി വരെ ആകാം. എന്നാലും സമൂഹ ജീവിയായ മനുഷ്യന്‍ ഏകാന്തതയെ സ്നേഹിച്ച് ഏകനായിരിക്കുന്നെങ്കില്‍.

ഓര്‍മ്മയുടെ തീരത്തു കൂടിയുള്ള സഞ്ചാരമാണ് ഏകാന്തത എന്നു പറയുമ്പോള്‍ തന്നെ ഏകാന്തമല്ലാത്ത ഒരു കാലമായിരിക്കണം നമ്മുക്കാ ഓര്‍മ്മകള്‍ തന്നതെന്ന് മനസ്സിലാവുന്നു. എന്നും ഏകനെങ്കില്‍ അവിടെ നേട്ടങ്ങളെവിടെ നഷ്ടങ്ങളെവിടെ ഓര്‍മ്മകളെവിടെ ഇനി ഭാവിയെവിടെ?

ഏകാന്തമായിരുന്ന് എവിടേക്കാണിതെല്ലാം സ്വരൂപിക്കുന്നത്, സ്വന്തമായ ഉപയോഗത്തിനോ അതൊ സമൂഹത്തിനോടൊട്ടി നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊ?

-സുല്‍

പകല്‍കിനാവന്‍ | daYdreaMer said...

കിച്ചു പറഞ്ഞതു പോലെ സമയമായി ചെക്കാ.. :)
നല്ല ഭാഷ..

Abdul Rahman said...

vayichedukkan ithiri budhi muttiyenkilum nannayirunnu.. aashamshakal..

ശിഹാബ് മൊഗ്രാല്‍ said...

കിച്ചുത്താ, കമന്റിനു നന്ദി, സന്തോഷം.. പക്ഷേ, ഡോണ്ടൂ.. ഡോണ്ടൂ..
ഷഫ്, :)
സുല്‍,
ഏകാന്തത ഒരു പരിധി വരെ ആകാമെങ്കില്‍, ആ പരിധിയില്‍ നിന്നുള്ള ഏകാന്താനുഭൂതി തരുന്ന ഹര്‍ഷത്തെക്കുറിച്ചും അതിന്റെ ഫലപ്രദമായ ഉപയോഗത്തെക്കുറിച്ചുമാണല്ലോ ഞാന്‍ ഈ ചുരുങ്ങിയ വാക്കില്‍ പിറുപിറുത്തത്. ഏകാന്തതയെ, കൂട്ടായ്മയിലുണ്ടാവാനിടയുള്ള അരുതായ്മകളുമായി താരതമ്യം ചെയ്യുക കൂടിയായിരുന്നു. ജീവിതം മുഴുവന്‍ ഏകനായിരിക്കണമെന്ന് വായിക്കപ്പെട്ടതില്‍ ആശ്ചര്യമുണ്ട്.

പകലൂ,
യൂ റ്റൂ.... ? :)

Abdul Rahman,
Thanks kEttaa.. :)

kichu / കിച്ചു said...

എന്ത്??

ഡോണ്ടൂ.. ഡോണ്ടൂ.. ന്നാ..
അല്ലെങ്കിലും സത്യം പറയണത് ആര്‍ക്കുമിഷ്ടല്യാ.. :) :)

കാട്ടിപ്പരുത്തി said...

ഏകാന്തറ്റതയുമൊരു പ്രലോഭനമാണടോ

Where I feel poetic

Followers

Popular Posts