Saturday, October 17, 2009

ഏകാന്തതയെ എന്നുമെനിക്കിഷ്ടമായിരുന്നല്ലോ..
ഒത്തുകൂടുന്ന നേരങ്ങളെ അര്‍ത്ഥശൂന്യമായ വാക്കുകള്‍ കൊണ്ട് നിറയ്ക്കുന്നതിനേക്കാളും, ലൗകികസൗകര്യങ്ങളുടെ നിറഭേദങ്ങളിലേക്ക് വര്‍ത്തമാനങ്ങള്‍ ഉഴറിവീഴുന്നതിനേക്കാളും, മറന്നു വെച്ച ചാപല്യങ്ങളെ തുറന്നുവിടുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനേക്കാളും എന്തുകൊണ്ടും ഏകാന്തത സുഖമുള്ള അനുഭവമാണ്‌.

സോദ്ദേശ്യപരമല്ലാത്ത കൂട്ടായ്മകള്‍ പലപ്പോഴും വിടുവായിത്തങ്ങള്‍ക്കപ്പുറം കടന്നു പോകാതിരിക്കുകയും തീര്‍ത്തും പൊള്ളയായ ഭൗതിക കെട്ടുകാഴ്ച്ചകളില്‍ പക്ഷം ചേര്‍ന്ന വാദപ്രതിവാദങ്ങളില്‍ നേരം നീക്കുകയും ചെയ്യുന്ന നിലയിലാണ്‌ അപ്രസക്തമാകുന്നത്. "വെടിപറച്ചിലുകള്‍" എന്ന് മനോഹരമായി മൊഴിമാറ്റപ്പെടാമെങ്കിലും വിടുവായിത്തങ്ങള്‍ ജീവിതയാത്രയുടെ ഗൗരവരാഹിത്യത്തെ അടയാളപ്പെടുത്തുന്നുണ്ട് പലപ്പോഴും. കൂട്ടായ്മകള്‍ക്കിടയിലെ നൈമിഷികമായ ആസ്വാദനങ്ങള്‍ക്കു വേണ്ടി മൂല്യങ്ങളെ ബലിനല്‍കുകയോ മൂല്യചുതികളെ കണ്ണടച്ചവഗണിക്കുകയോ ചെയ്യേണ്ടിവരാറുണ്ട്. പൊതു നന്മകള്‍ക്ക് പശ്ചാത്തലമാവുന്ന സൗഹൃദക്കൂട്ടായ്മകള്‍ക്കും നിര്‍‌ദ്ദോഷങ്ങളായ നേരമ്പോക്കുകള്‍ക്കുമപ്പുറത്ത് ഉപദ്രവകരങ്ങളായ ഉന്മാദാവസ്ഥകളെക്കുറിച്ചാണീ ഗൗരവപ്പെടല്‍.

കണ്‍‌വെട്ടത്ത് നിന്ന് മറഞ്ഞു മാഞ്ഞു പോകുന്ന നഗ്നതളെയും, കണ്‍‌മുന്നിലെ ഉണ്മകളുണര്‍ത്തുന്ന ചിന്താധാരകളെയും പര്യാലോചനയ്ക്ക് വിധേയമാക്കുവാന്‍ ഏകാന്തത തന്നെയാണ്‌ തുണ. സ്വത്വത്തിലേക്ക് പാളിനോക്കാന്‍ സൗകര്യമാണ്‌ ഒറ്റയ്ക്കിരിക്കുമ്പോള്‍. അങ്ങനെ പാളി നോക്കുമ്പോള്‍ മനസിന്റെ കണ്ണാടിയില്‍ തെളിയുന്ന ജാള്യതകളെ മറയ്ക്കാനല്ലാതെ, സ്വത്വത്തില്‍ നിന്നത് മായ്ച്ചു കളയാനുള്ള പ്രേരണകളും ഈ ഏകാന്തതയാണു നല്‍കുന്നത്.

ഏകാന്തത, ഓര്‍മ്മകളുടെ തീരത്തു കൂടിയുള്ള സഞ്ചാരവും അനുഭവങ്ങളും സ്വപ്നങ്ങളും സഹയാത്രികരുമാണ്‌. പൊയ്പ്പോയ ദിനങ്ങളില്‍ ജീവിതവഴിയില്‍ ആസ്വദിച്ച പുഷ്പസൗരഭ്യവും, നൊമ്പരപ്പെടുത്തിയ കനലുകളും ഒരുപോലെ കൂട്ടിന്‌ വരുന്നൊരു യാത്രയാണത്; ഗതകാലാനുഭവങ്ങള്‍ ഓര്‍ത്തെടുക്കാനും പുതിയ പാഠങ്ങള്‍ അവയില്‍ നിന്നുള്‍ക്കൊള്ളാനും വരും‌കാലത്തേക്കു കരുക്കള്‍ ശേഖരിക്കാനുമാവുമെങ്കില്‍ എത്ര ധന്യമാണീ ഏകാന്തത.. നഷ്ടസൗഭാഗ്യങ്ങളുടെ നീര്‍ക്കുമിളകളെയോര്‍ത്ത് നെടുവീര്‍പ്പിടുന്നതിലപ്പുറം ഭാവിയുടെ തുറന്ന വാതായനങ്ങളിലേക്കുള്ള നേര്‍‌വഴിക്കായി പാഥേയമൊരുക്കുവാനാവണം ഏകാന്തത തുണയാകേണ്ടത്.

ഈ വഴിയിലേക്കു കാലെടുത്തു വെച്ചപ്പൊഴും പിരിഞ്ഞു പോകേണ്ടപ്പൊഴുമെല്ലാം ഞാനേകനാണെന്നറിയുമ്പോള്‍ എന്നെ വല്ലാതെ പിന്തുടരുന്നുണ്ട് ഈ ഏകാന്തത.

Where I feel poetic

Followers

Popular Posts