Tuesday, October 5, 2010

ലോക അദ്ധ്യാപക ദിനം.


ഇന്നിപ്പോള്‍ എവിടെയാണെന്നറിയില്ലെങ്കിലും, പത്താം ക്ലാസിലെ മുതിര്‍ന്ന പ്രായത്തിലും എന്നെ മകനെന്നു വിളിച്ച് എന്റെ അമ്മയായ് സ്നേഹിച്ചു എന്നെ പഠിപ്പിച്ച ലേഖ ടീച്ചറുടെ വാല്‍സല്യത്തിന്റെ ഒരിക്കലും വിസ്മരിക്കാനാവാത്ത ഓര്‍മ്മയില്‍..

വര്‍ഷങ്ങള്‍ ഒമ്പതാണു കടന്നു പോകുന്നത്..

ഇതിനിടയില്‍ ലേഖ ടീച്ചറെ ഓര്‍ക്കുമ്പോഴെല്ലാം ഒരിക്കല്‍ കൂടി കണ്ടുമുട്ടാനും "എന്റെ മോന്‍ വന്നല്ലോ" എന്ന് ആഹ്ലാദം പൂണ്ട് കൈപിടിച്ച് അടുപ്പിക്കുമ്പോഴുള്ള ഭാവം കാണാനും ഞാനാഗ്രഹിക്കാറുണ്ട്.

പത്താം ക്ലാസിലെത്തുമ്പോഴേക്കും എന്നില്‍ കയറിക്കൂടിയിരുന്ന കുസൃതിക്കാരനില്‍ എന്തു വാല്‍സല്യമാണവര്‍ കണ്ടതെന്നറിയില്ല.

"എന്റെ മകന്‍" എന്ന് എല്ലാവരോടും പരിചയപ്പെടുത്തുമ്പോള്‍ ഞാന്‍ അനുഭവിച്ചിരുന്ന വികാരം അഭിമാനമായിരുന്നോ, അതോ അഹങ്കാരം തന്നെയോ.. അതും അറിയില്ല.

ബി ഡിവിഷനിലെ, നല്ല കുട്ടിയായ ഇസ്മായിലിനെക്കുറിച്ച് "എന്റെ രണ്ടാമത്തെ മകന്‍" എന്നൊരിക്കല്‍ പറഞ്ഞപ്പോള്‍ എനിക്കു കുശുമ്പു തോന്നിയത്, ഞാന്‍ അവരുടെ സ്നേഹത്തിനു മുമ്പില്‍ ഒരു കൊച്ചു കുട്ടിയായിത്തന്നെ മാറിയതു കൊണ്ടായിരിക്കണം.

അമ്മാവന്റെ വാടകവീട്ടില്‍ താമസിക്കുന്ന അവരുടെ ചേച്ചിയുടെ വീട്ടിലിരുത്തി അവര്‍ കെമിസ്‌ട്രിക്കു പുറത്ത് കണക്കും കൂടി പഠിപ്പിച്ച് തന്ന നാളുകള്‍ ഇന്നലെയെന്നതു പോലെ എനിക്കോര്‍ക്കാനാവുന്നു.

അവിടെ ട്യൂഷന്ന് വന്നിരുന്ന നഴ്‌സറി ക്ലാസിലെ കുട്ടിയെ കൊഞ്ചിച്ച് തിരിച്ചെന്റെയടുത്തേക്കു വന്ന ടീച്ചര്‍ "ഓ.. ഇവിടെ ഒരാള്‍ക്ക് കുശുമ്പ് വന്നല്ലോ" എന്നെന്റെ മുഖത്തു നോക്കി കളി പറഞ്ഞതും വെറുതെയായിരിക്കില്ല.

കെമിസ്‌ട്രിയുടെ കട്ടിയായ പാഠങ്ങള്‍ പഠിക്കാതിരിക്കുമ്പോള്‍ കൂടുതല്‍ ദേഷ്യത്തോടെ എന്നെ ശാസിക്കുന്ന ടീച്ചറുടെ മുഖഭാവമെന്നില്‍ നിന്ന് മറയുന്നില്ല.

പറഞ്ഞു പഠിപ്പിച്ച്, ചെവിയില്‍ നുള്ളി, കണ്ണുരുട്ടി എന്നെ അനുസരിപ്പിച്ചു അവര്‍...

സ്ക്കൂള്‍ അവധി ദിവസം അസ്‌മ ടീച്ചറുമൊന്നിച്ച് എന്റെ വീട്ടില്‍ അഥിതിയായി വന്നു അവര്‍..

വെക്കേഷന്ന് സ്വന്തം നാടായ ചേര്‍ത്തലയില്‍ പോയി കുടും‌ബത്തോടൊപ്പമിരിക്കുമ്പൊഴും സ്നേഹമുള്ള ഈ മകന്ന് മുടങ്ങാതെ കത്തുകളയച്ചു..

അവരുടെ വിലാസത്തില്‍ poochakkal എന്ന് ഇം‌ഗ്ലീഷിലെഴുതിയതിനെ "പൂച്ചക്കാല്‍" എന്നു ഞാന്‍ വായിച്ചതു കേട്ട് നിഷ്ക്കളങ്കമായി ചിരിച്ചു..

സ്വന്തം കുഞ്ഞിന് എന്റെ ഫോട്ടോ കാണിച്ച് പേരു പറഞ്ഞു കൊടുത്തു..

പെട്ടെന്ന് നാട്ടില്‍ പോകേണ്ടി വന്ന ദിവസം എന്നെ വിളിച്ച് റെയില്‍വേ സ്റ്റേഷനില്‍ കണ്ടുമുട്ടി യാത്ര പറഞ്ഞു അവര്‍..

അങ്ങനെയൊരു യാത്ര പറച്ചിലിനപ്പുറത്ത് പിന്നെയും കത്തുകള്‍ക്കായി ഞാന്‍ കാത്തിരുന്നു.

സ്ക്കൂളില്‍ പോയപ്പോള്‍ സഹപ്രവര്‍ത്തകരായ അദ്ധ്യാപികമാരോട് അവരെപ്പറ്റി വിവരങ്ങളാരായാന്‍ ശ്രമിച്ചു.

വിദ്യാലയത്തിന്റെ ഓരോ ഓര്‍മ്മകളിലും അവരുടെ ഒരിക്കലും മങ്ങരുതെന്നു ഞാനാഗ്രഹിക്കുന്ന മുഖം എന്റെ മനസ്സില്‍ തെളിഞ്ഞു.

ഇന്നും, എന്റെ മകന്‍ വന്നല്ലോ എന്ന വിളിക്കായി.. ആ പുഞ്ചിരിക്കായി ഞാന്‍ ആഗ്രഹിക്കാറുണ്ട്. പത്താം ക്ലാസിനു ശേഷം എന്റെ ആഗ്രഹമുപേക്ഷിച്ച് ലേഖ ടീച്ചര്‍ പറഞ്ഞ കോഴ്സിന് ഞാന്‍ ചേര്‍ന്നു. ബിരുദമെടുത്തു. എന്നാല്‍, ഞാനാഗ്രഹിച്ചതു പോലെ പിന്നീടൊരിക്കല്‍ ടീച്ചറെ കണ്ടു മുട്ടാനും അന്ന് വിലപിടിപ്പുള്ള എന്തെങ്കിലും സമ്മാനം നല്‍കാനും എനിക്കായില്ലല്ലോ...

ഞാനിപ്പൊഴും കാത്തിരിപ്പാണ്... മനസ്സില്‍ മുഴുവന്‍ വിലമതിക്കാനാവാത്ത സ്നേഹം ഇന്നുമവശേഷിക്കുന്നുവെന്നറിയിക്കാന്‍..

കാട്ടിത്തരുമോ എനിക്കെന്റെ ലേഖ ടീച്ചറെ.. ?

Where I feel poetic

Followers

Popular Posts