Tuesday, February 3, 2009

ഉച്ചയ്ക്കുള്ള ഒഴിവും കഴിഞ്ഞ് ഓഫീസിലേക്ക് കയറി ഇരിക്കുന്നതേയുള്ളൂ. നീണ്ടു മെലിഞ്ഞ ഒരു പാക്കിസ്ഥാനി മധ്യവയസ്ക്കന്‍ കടന്നു വന്നു. "ഒരു ലെറ്റര്‍ അടിച്ചു തരണം". അദ്ദേഹമാകെ ബേജാറിലാണ്‌. ഞാന്‍ കാര്യമന്വേഷിച്ചു. "ഇത്തിസാലാത്തില്‍ ചെന്നപ്പോള്‍ ലെറ്ററും കൊണ്ട് ചെല്ലാനാണ്‌ അവര്‍ പറഞ്ഞത്" "ആട്ടെ എന്താണു പ്രശ്നം" അയാള്‍ വിശദമായി കാര്യങ്ങള്‍ പറഞ്ഞു. തുടര്‍ന്നു കൊണ്ടേയിരുന്ന അയാളുടെ വിശദീകരണത്തില്‍ നിന്ന് ഒരെഴുപത്തഞ്ചു ശതമാനമേ എനിക്കു ബോധ്യപ്പെട്ടുള്ളൂ.
ഇത്തിസാലാത്തില്‍ നിന്നു ലോട്ടറിയടിച്ചിട്ടുണ്ടെന്നു പറഞ്ഞ് വിളിച്ച നമ്പര്‍, വിളിച്ച ആളുടെ പേര്‌ ഒക്കെ കാണിച്ചു തന്ന് അയാള്‍ പറഞ്ഞതിന്റെ പ്രധാന ഭാഗം "ആറായിരം ദിര്‍ഹമിന്റെ കാര്‍ഡ് എടുത്ത് നമ്പര്‍ അയച്ചു കൊടുക്കാന്‍ പറഞ്ഞു. ഞാന്‍ അയച്ചു കൊടുത്തു. പക്ഷേ പിന്നീട് ഒരു വിവരവും ഇല്ല. ഇത്തിസാലാത്തില്‍ ചെന്നപ്പോള്‍ പരാതി എഴുതിക്കൊടുക്കാനാണ്‌ പറഞ്ഞത്" എന്നതാണ്‌. പിന്നെയും അദ്ദേഹം നഷ്ടപ്പെട്ട ദിര്‍ഹംസിന്റെ കണക്കു പറയുന്നുണ്ടായിരുന്നു. പക്ഷേ, സംഭവത്തിന്റെ സ്വാഭാവികത വളരെ വിചിത്രമായിരുന്നതിനാല്‍ എനിക്ക് മുഴുവനും ബോധ്യപ്പെട്ടില്ല. വിളിച്ച നമ്പര്‍ ഞാന്‍ നോക്കിയപ്പോള്‍ അത് പാക്കിസ്ഥാനിലെ കോഡ് നമ്പര്‍ കൊണ്ട് തുടങ്ങുന്നതാണ്‌. വിളിച്ച ആളിന്റെ പേരും പിതാവിന്റെ പേരുമടക്കം ഇദ്ദേഹം പറഞ്ഞു തന്നു. അതെങ്ങനെ നിങ്ങള്‍ക്കറിയാമെന്നു ചോദിച്ചപ്പോള്‍ അയാള്‍ തന്നെ പരിചയപ്പെടുത്തിയതാണെന്നായിരുന്നു മറുപടി.
ചുരുക്കിപ്പറഞ്ഞാല്‍ പാക്കിസ്ഥാനില്‍ നിന്നും ഇത്തിസാലാത്തിന്റെ ലോട്ടറിയെക്കുറിച്ച് വന്ന കോളില്‍ വിശ്വാസമര്‍പ്പിക്കാനും സ്വന്തം ചെലവില്‍ അവര്‍ക്ക് കാര്‍ഡ് അയച്ചു കൊടുക്കാനും മാത്രം വിഡ്ഡികളാണല്ലോ ഇവറ്റകള്‍ എന്നു ചിന്തിച്ച് ഞാനിരുന്നു. പഠാണികളുടെ നിഷ്ക്കളങ്കമായ വിവരമില്ലായ്മയെ കുറിച്ച് ഒരുപാട് കഥകളും ഞാന്‍ കേട്ടിട്ടുണ്ട്.
അന്നു രാത്രി ഉറങ്ങാന്‍ കിടന്നു. പതിവുപോലെ റേഡിയോ ഓണ്‍ ചെയ്ത് ചെവിയില്‍ കുത്തി. (ഏകനായിപ്പോകുമ്പോല്‍ മനസിലുണരുന്ന സ്മരണകള്‍ ചങ്കില്‍ നിറയ്ക്കുന്ന ഭാരം വളരെ കടുത്തതാണ്‌. പാട്ടും റേഡിയോയുമൊക്കെയാകുമ്പോള്‍ ആ രാത്രി അങ്ങനെ പോയിക്കിട്ടും).
"ആയിരമായിരമായിരമാശകള്‍..
ആയിരമായിരമായിരമീണങ്ങള്‍..
മനസിലാഘോഷിക്കാം നമുക്കിനി..
വസന്ത സുന്ദരമീ നിമിഷം..
പാടാത്ത പാട്ടുകളിനി പാടാം..
പുതുമയുടെ കടലായ് അലയടിക്കാം..
നഗരിയുടെ വഴിയില്‍ നൂറു കഥ ചൊല്ലി വരാം..
അറിവിന്റെ തീരമിനി നമുക്കരികേ..
ഇതു സ്വര നിമിഷം..
ഇതു സുഖ നിമിഷം..
ഇതു പ്രിയ നിമിഷം...
ഹിറ്റ് നൈന്റി സിക്സ് പോയിന്റ് സെവെന്‍ എഫ് എം.........
വാര്‍ത്തകള്‍ തുടങ്ങി. വാര്‍ത്തയങ്ങനെ പുരോഗമിച്ച് പോകവേ "ഇത്തിസാലാത്തിന്റെ ലോട്ടറിയെന്ന പേരില്‍ നിരവധി പേര്‍ വഞ്ചിക്കപ്പെടുന്നു" എന്നു കേട്ടു. നമ്മുടെ പാക്കിസ്ഥാനിയുടേതു പോലോത്ത അനുഭവങ്ങള്‍ നിരവധി പേര്‍ക്ക് ഉണ്ടായ വാര്‍ത്തയുമെത്തി. ശേഷം ഒരാളുടെ അനുഭവം വിവരിക്കുന്നു. പച്ച മലയാളി...! ഫോണ്‍ വിളിച്ചവന്‍ ആവശ്യപ്പെട്ട പ്രകാരം കാര്‍ഡ് വാങ്ങി അതിന്റെ നമ്പറും, തന്റെ ബാങ്ക് കാര്‍ഡിന്റെ പിന്‍ കോഡും അടക്കം പറഞ്ഞു കൊടുത്തതും പിന്നീട് ബാങ്കില്‍ പോയപ്പോള്‍ എല്ലാം നഷ്ടപ്പെതുമായ കഥകള്‍ അയാള്‍ റേഡിയോയിലൂടെ പറഞ്ഞു.
ദൈവമേ, സകലരെയും കബളിപ്പിക്കാന്‍ മാത്രം കഴിവും കുബുദ്ധിയുമുള്ള മലയാളി പോലും പണമെന്ന്, ലോട്ടറിയെന്ന് കേള്‍ക്കുമ്പോള്‍ മതി മറക്കുന്നു.. മന്ദ ബുദ്ധിയാകുന്നു..
മൊത്തത്തില്‍ മനുഷ്യരെന്തേ ഇങ്ങനെ...?
------------------------------------------
ഓഫ് ടോപിക്:- "ഇത്തിസാലാത്ത്" എന്ന് അധികമാരും പറയാറില്ല അല്ലേ ? എത്തി സലാത്ത്. എടിസലാത് എന്നിങ്ങനെയാണു പറയുക. ഉച്ചരിക്കുന്നതെങ്ങനെയുമാകട്ടെ, അതിന്റെ ശരിയായ വാക്ക് അറിയിക്കാന്‍ മാത്രമാണിത്. അറബിയില്‍ "ഇത്തസല" എന്നു പറഞ്ഞാല്‍ "ബന്ധപ്പെട്ടു, (contact) എന്നര്‍ത്ഥം. മൊബൈല്‍ ഫോണിന്റെ ലാംഗ്വേജ് അറബിയിലാക്കിയാല്‍ നമ്മെ ഒരാള്‍ വിളിക്കുമ്പോള്‍ പേരിനു താഴെ "യത്തസിലു ബിക" എന്നു കാണിക്കും. (contacts you) എന്നു പരിഭാഷപ്പെടുത്താം. "ഇത്തിസാലാത്ത്" എന്നു പറഞ്ഞാല്‍ "ബന്ധങ്ങള്‍" (connections, contacts) എന്നര്‍ത്ഥം.

10 വായനകളിങ്ങനെ:

sHihab mOgraL said...

ഇത്തിസാലാത്തിന്റെ ലോട്ടറി..!
പാക്കിസ്ഥാനില്‍ നിന്ന്...!

വല്യമ്മായി said...

പലര്‍ക്കും ഫോണ്‍ വന്നതായി അറിഞ്ഞെങ്കിലും പൈസ പോയെന്ന് ഇപ്പോഴാണ്‌ കേട്ടത്.

നിരക്ഷരൻ said...

കുതന്ത്രങ്ങളൊന്നും അറിയാത്ത പഞ്ചപാവം മലയാളികളും പഠാണുമൊക്കെയായിരിക്കും പറ്റിക്കപ്പെട്ടത്. പാവങ്ങൾ.. :(

Appu Adyakshari said...

ഇത്തിസാലാത്തും, ബാങ്കുകളും അവരുടെ കസ്റ്റമേഴ്സിനെ വിളിച്ച് നമ്പറുകള്‍ ആവശ്യപ്പെടില്ല എന്ന് ആള്‍ക്കാര്‍ ഇനിയും മനസിലാക്കേണ്ടിയിരിക്കുന്നു. കഷ്ടം തന്നെ. ഡി.എസ്.എഫ് തുടങ്ങിയതിനുശേഷം ആ ലോട്ടറികള്‍ അടിച്ചു എന്നുപറഞ്ഞ് ഇ-മെയിലുകളും വരുന്നുണ്ട്.

ജ്വാല said...

മലയാ‍ളി സ്വയം ബുദ്ധിമാനെന്ന് വിശ്വസിച്ച് അബദ്ധങ്ങളൊക്കെയും ചെയ്യും..

Shaf said...

ഈ തട്ടിപ്പിനെകുറീച്ച് ധാരാളം കേട്ടിരുന്നു..മനുഷയ്ന്റെ പണത്തിനോടുള്ള ആര്‍ത്തി ചൂഷണ വിധേയമാകുന്നു..

Etisalat എന്നാല്‍ Emirates Telecommunication Corporation എന്ന അറിവു മാത്രമെ ഉണ്ടായിരുന്നുള്ളൂ..നല്ല നാമകരണം..!!

പ്രയാസി said...

ഇത്തിസലാത്തിന്റെ അര്‍ത്ഥം പുടികിട്ടി!

പറ്റിപ്പ്..;)

അഗ്രജന്‍ said...

എനിക്കും പാക്കിസ്ഥാനി നമ്പറുകളില് നിന്നും മാറി മാറി ഇതേ പോലെ മിസ്സ് കോള് വന്നിരുന്നു... ഞാന് തിരിച്ചു വിളിക്കാനേ പോയില്ല... അപ്പോഴൊന്നും ഇതൊരു തട്ടിപ്പാണെന്ന് അറിഞ്ഞിരുന്നില്ല. അന്നെന്റെ വേവലാതി ഭീകരബന്ധം ആരോപിക്കപ്പെട്ട് അഴിയെണ്ണുന്ന എന്നെ സങ്കൽ‌പ്പിച്ചായിരുന്നു... എന്റെ കൂട്ടുകാരനും കൂടെ ഇതേ പോലെ മിസ്സ് കാളുകള് വന്നിരുന്നു എന്നറിഞ്ഞപ്പോഴാണ് കുറച്ചു സമാധാനമായത്... കമ്പനിക്ക് ഒരാളും കൂടെയുണ്ടല്ലോ... അതും ഒരു ഹിന്ദു ഭീകരവാദി :)

sHihab mOgraL said...

വല്യമ്മായി,
നിരക്ഷരന്‍,
അപ്പു,
ജ്വാല,
shaf,
പ്രയാസി,
അഗ്രജന്‍
കൂടാതെ ഇവിടെ വന്ന എല്ലാവര്‍ക്കും
ഒറ്റ വാക്കില്‍ നന്ദി

അഭിലാഷങ്ങള്‍ said...

Etisalat ലും, വാസല്‍ റീച്ചാര്‍ജ്ജ് സപ്പോര്‍ട്ട് സെന്ററുകളിലും റജിസ്റ്റര്‍ ചെയ്യപ്പെടുന്ന പരാതികളുടെ അളവു കഴിഞ്ഞ 1 മാസമായി അല്പം കൂടുതല്‍ തന്നെയാണു. ഇപ്പോള്‍ ഇത്തരം മെസേജ് വരുന്നത് മറ്റൊരു വിധത്തിലാണ്, അതായത് +92 എന്ന് തുടങ്ങുന്ന പാക്കിസ്ഥാന്‍ നമ്പറില്‍ നിന്നാണ് എസ്.എം.എസ് വരുന്നത് എങ്കിലുംഒരു UAE NUMBER ലേക്ക് താഴെ പറയുന്ന രീതിയില്‍ ഡയല്‍ ചെയ്താല്‍ നിങ്ങളുടെ മൊബൈല്‍ ബാലന്‍സ് ഡബിള്‍ ആകും എന്നാണ് മെസേജുകളിലെ ഉള്ളടക്കം.

നമ്പര്‍ ഫോര്‍മ്മാറ്റ് : *050UAENUMBER*5#

സംഭവിക്കുന്നത്: ഇങ്ങനെ ചെയ്യുന്ന പാവങ്ങളുടെ മൊബൈലില്‍ നിന്ന് അതില്‍ പറഞ്ഞിരിക്കുന്ന UAE NUMBER ലേക്ക് 5 ദിറംസ് ട്രാന്‍സ്ഫര്‍ ആകും എന്നതാണ്. 6.3 മില്യണ്‍ മൊബൈല്‍ യൂസേസ് ഉള്ള എറ്റിസാലാറ്റിന്റെ ഉപഭോക്താക്കളില്‍ വെറും 1000 പേരെങ്കിലും ഇതു പോലെ അയച്ചാല്‍ പോലും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കിട്ടുന്നത് 5000 ദിര്‍ഹം!!!

എറ്റിസാലാറ്റിന്റെ മൊബൈല്‍ ഡയറക്റ്ററിയില്‍ നിന്നുമാകാം ഇവന്മാര്‍ നമ്പര്‍ അടിച്ചുമാറ്റുന്നത്. ഇങ്ങനെ ജനങ്ങളെ വഞ്ചിക്കുന്നവര്‍ ആരായാലും എത്രയും പെട്ടന്ന് പിടിക്കപ്പെടേണ്ടവര്‍ തന്നെ. ഏതായാലും ഇങ്ങനെയുള്ള തട്ടിപ്പുകള്‍ പോസ്റ്റായി അവതരിപ്പിച്ചതിന് ശിഹാബ് ന് നന്ദി.

Where I feel poetic

Followers

Popular Posts