Saturday, December 29, 2012


ഇന്നെന്തു കൊണ്ടോ മരണത്തെക്കുറിച്ചെനിക്കെഴുതാൻ തോന്നുന്നു. ആമുഖമാവശ്യമില്ലാത്ത അനിവാര്യതയാണു മരണം. കണ്ടും കേട്ടും വായിച്ചും മരണമെനിക്ക് പരിചിതമാണ്. എല്ലാ മരണവും പകരുന്നത് ദുഃഖമാണ്. മനുഷ്യർക്കിടയിലെ ഏതു ഭിന്നതകൾക്കും അതിരുകൾക്കുമതീതമായി അഭിപ്രായത്തിൽ ഏകോപിക്കുന്ന പ്രതിഭാസമാണത്. സുനിശ്ചിതമാണെന്ന്, ഒരുപക്ഷേ അസ്വസ്ഥമാക്കുന്ന, ധൈര്യത്തോടെ പറയാൻ പറ്റുന്ന ഭാവിയും മരണം മാത്രമാണ്.
അൽഭുതാവഹമായ പുരോഗതിയിലൂടെ സഞ്ചരിക്കുമ്പൊഴും അടുത്ത നിമിഷം വരാനിരിക്കുന്ന മരണത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിക്കാൻ മനുഷ്യനൊരു മാർഗ്ഗവുമില്ല. ഏതൊക്കെ മാർഗ്ഗങ്ങളിലൂടെയാണ് മരണം നമ്മിലേക്ക് ഓടിയടുക്കുന്നത്.. എന്തൊക്കെ കാരണങ്ങളാണ് മരണത്തെക്കുറിച്ചു പറയാൻ നാം വിശേഷിപ്പിക്കുന്നത്.. കുഴഞ്ഞ് വീണ്.. നെഞ്ചു വേദനിച്ച്.. തലകറങ്ങി.. വാഹനമിടിച്ച്.. അങ്ങനെ എന്തെന്ത് കാരണങ്ങൾ..
ഒടുക്കം നിശ്ചയിക്കപ്പെട്ടൊരു യാത്രയുടെ വഴിത്തിരിവാണു മരണം. അത് എല്ലാ വേദനകളെയും ഒരു ഭാണ്ഡം പോലെ ചുമക്കുകയോ ഇറക്കിവെക്കുകയോ ചെയ്യുന്നു. ദൈവവുമായുള്ള ആത്മഭാഷണങ്ങളിൽ എന്നും ദീർഘായുസ്സിനു വേണ്ടി അപേക്ഷിക്കാറുണ്ട്. ആരോഗ്യത്തിനു വേണ്ടി അർത്ഥിക്കാറുണ്ട്. മരണം ഒരു അനിവാര്യതയായി എന്നിലേക്കടുക്കുന്ന നേരത്ത് ഒരു സുഖനിദ്രപോലെ അതിനെ പുൽകാനായി പ്രാർത്ഥിക്കാറുണ്ട്. എന്നിട്ടും സൗകര്യത്തിനുവേണ്ടി മരണത്തെ മാത്രം മറന്നുകളയാനാവുന്നതെങ്ങനെയെന്ന് അൽഭുതത്തോടെ, ദുഃഖത്തോടെ ആലോചിക്കാറുമുണ്ട്.
ഇമവെട്ടുന്ന നേരം കൊണ്ട് പുലരാനിരിക്കുന്നൊരു പ്രഭാതത്തിലെ കറുപ്പും വെളുപ്പും നിറഞ്ഞ പത്രത്താളുകളിലൊന്നിൽ ഒരുവാർത്ത മാത്രമായി എന്റെ മരണവും വരാനിരിക്കുന്നു. ആയാസരഹിതമായി ഞാൻ വലിച്ചുവിടുന്ന ശ്വാസോച്ഛ്വാസം പൊടുന്നനെ നിലയ്ക്കാനിരിക്കുന്നു. എന്റെ അറിവോ അനുവാദമോ ആവശ്യമില്ലാതെ എനിക്കായി മിടിച്ചുകൊണ്ടിരുന്ന ജീവനാഡികൾ എന്നെന്നേക്കുമായി നിശ്ചലമാകാനിരിക്കുന്നു.
ഓരോ ദിനയാത്രയിലും മുമ്പിൽ വിളക്കുപോലെ നടന്ന പിതാവിന്റെ വെളിച്ചമിനിയില്ലാതെ.. ഒരു ജന്മം മുഴുവൻ നാസാരന്ധ്രങ്ങളിൽ നറുമണമായി നിറഞ്ഞ അമ്മിഞ്ഞപ്പാലിന്റെ മാധുര്യം നൽകിയ ഉമ്മയുടെ ചൂടിനിയില്ലാതെ, എനിക്കിനിയും പകർന്നു തീർന്നിട്ടില്ലാത്ത തെളിനീരുപോലെ ശുദ്ധമായ സഹധർമ്മിണിയുടെ സ്നേഹമിനിയറിയാതെ .. ഒരു പൂമൊട്ടിന്റെ സ്പർശം പോലെ മൃദുലമായ ചുംബനങ്ങളേൽപ്പിക്കുന്ന കുഞ്ഞുമോളുടെ ചുണ്ടുകളുടെ സ്പർശമിനിയേൽക്കാതെ ഞാനൊരു ജഢം മാത്രമായവശേഷിക്കാനിരിക്കുന്നു. അന്ന്, എന്റെ ആത്മാവ് വേർപെട്ടുപോയെന്നറിയുന്ന നേരം എനിക്കേറെ പ്രിയപ്പെട്ടവർ അതുൾക്കൊള്ളാൻ വിമുഖത കാട്ടിയേക്കാം.. ഏങ്ങിക്കരഞ്ഞേക്കാം.. വാവിട്ട് നിലവിളിച്ചേക്കാം..
മരണം എന്ന യാഥാർത്ഥ്യത്തെ ഒരിക്കൽ കൂടി ഉൾക്കിടിലത്തോടെ അവർ തിരിച്ചറിയും. കഴിഞ്ഞുപോയ നിമിഷം വരെ, അവരുടെ സ്നേഹത്തിന്റെ വകഭേദങ്ങൾക്കനുസരിച്ച്, ചുരുക്കിയും നീട്ടിയും എന്റെ പേരു വിളിച്ചിരുന്നവർ "മയ്യിത്" (ശവം) എന്ന് മാത്രം എന്നെ വിശേഷിപ്പിക്കും. ആചാരപ്രകാരം അവരെന്റെ കാലുകൾ കൂട്ടിക്കെട്ടും, കണ്ണുകൾ തഴുകിയടയ്‌ക്കും, സന്ധികളിൽ പരുത്തി വെക്കും, വെളുത്ത വസ്ത്രം കൊണ്ടവരെന്നെ മറയ്‌ക്കും. ഏറ്റവും പ്രിയപ്പെട്ട ചിലരെന്റെയടുത്ത് അവസാനമായി കുറേ നേരമിരിക്കും.
വാർത്തയറിഞ്ഞു വന്ന മറ്റുള്ളവർ വീട്ടുമുറ്റത്ത് അങ്ങിങ്ങായി കൂട്ടം കൂടി നിൽക്കും. മരണത്തിന്റെ കാരണങ്ങൾ തിരക്കും. ഇന്നലെ കൂടെയിരുന്ന് തമാശ പറഞ്ഞ നിമിഷങ്ങളെക്കുറിച്ചു പറഞ്ഞ് അൽഭുതപ്പെടും. എന്നിൽ കണ്ട നന്മകളെ ചിലർ എടുത്തുപറയും. മയ്യിത്തിനെ ബഹുമാനിച്ച് എന്നിലെ തിന്മകളെ അവർ മനഃപൂർവ്വം മറക്കും.
പിന്നെപ്പിന്നെ മയ്യിത്ത് കുളിപ്പിക്കാൻ ഇനിയും ബാക്കിയുള്ള മണിക്കൂറുകളിൽ അസ്വസ്ഥമായി വാച്ചുകളിലേക്ക് നോക്കും. മെല്ലെ അവരുടെ വിഷയങ്ങൾ മാറും. ഇന്നലെ കണ്ട ആവേശകരമായ ക്രിക്കറ്റിനെക്കുറിച്ച്, രാത്രി ചാനലിൽ നടന്ന ചൂടുള്ള ചർച്ചയെക്കുറിച്ച്, ഇനി നടക്കാനിരിക്കുന്ന പ്രിമിയർ ലീഗ് മൽസരങ്ങളെക്കുറിച്ച്, മയ്യിത്ത് മറയടക്കിയതിനു ശേഷം പോകാനും പങ്കെടുക്കാനുമുള്ള പരിപാടികളെക്കുറിച്ചൊക്കെ അവർ സംസാരിച്ച് തുടങ്ങും..
കുളിപ്പിക്കാനായി എന്റെ ജഢം പൊക്കിയെടുക്കുന്നതിന്ന് മുമ്പായി ഉറ്റവരെന്റെ മുഖത്തർപ്പിക്കുന്ന ചുംബനങ്ങൾക്കൊപ്പം നിയന്ത്രിക്കാനാവാത്ത ചുടുകണ്ണുനീരുകളും അകമ്പടിയാവും. നികത്താനാവാത്ത വേർപാടിന്റെ നിസഹായതയിൽ ചിലർ മനംപൊട്ടിക്കരയും. പിന്നീട്, കുളിപ്പിച്ച്, സുഗന്ധം പൂശി, മൂന്ന് കഷ്‌ണം വെളുത്ത വസ്ത്രങ്ങളിൽ പൊതിഞ്ഞ് മയ്യിതിനെയവർ ചുമന്നു കൊണ്ടുപോവും. ഒരു മയ്യിത്തിനു മേൽ നിർബന്ധമായ നിസ്‌ക്കാരവും പ്രാർത്ഥനയും കഴിഞ്ഞ്, ഞാൻ മരിച്ചുവെന്നറിഞ്ഞ നിമിഷം മുതൽ ഒരുക്കിത്തുടങ്ങിയ ആറടി മണ്ണിന്റെ ആഴത്തിൽ എന്റെ ജഢത്തെയിറക്കി വെക്കും. എന്റെ കവിളിൽ നിന്ന് വസ്ത്രം നീക്കി മണ്ണിനോട് ചേർത്ത് വെക്കും. ദിവസവും കുളിച്ചും അലങ്കരിച്ചും അഹങ്കരിച്ചും ഞാൻ സൂക്ഷിച്ച ഈ ശരീരം മണ്ണിലേക്കു ചേരേണ്ട മറ്റൊരനിവാര്യതയ്‌ക്കും അവിടെ തുടക്കമാവും.
"മണ്ണിൽ നിന്നാണു നിങ്ങളെ സൃഷ്ടിച്ചത്
അതിലേക്കാണു നിങ്ങൾ മടങ്ങുന്നത്
അതിൽ നിന്നാണു നിങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതും"
എന്ന ഓരോ വാചകങ്ങളോടൊപ്പം ഓരോ പിടി മണ്ണ് എന്റെ ഖബറിടത്തിലെ മൂടുകല്ലിനു മുകളിലേക്ക് അവരെറിയും. കുഴിച്ചെടുത്ത പൂഴിമണലുകളെല്ലാം എന്റെ ഖബറിടത്തിനു മുകളിൽത്തന്നെ നിരത്തി തിരിച്ചറിയാനായൊരടയാളം മാത്രമവശേഷിപ്പിച്ച് അവർ പിരിഞ്ഞു പോകും. എനിക്കായൊരുക്കിയ ആറടി മണ്ണിൽ ഞാൻ മാത്രമാവും.
അവർ പോയിക്കഴിഞ്ഞാൽ, എന്നിൽ നിന്ന് വേർപിരിഞ്ഞു പോയ ആത്മാവെനിക്കു തിരിച്ചു കിട്ടിയാൽ ആറടി മണ്ണിന്റെ ഭീതിതമായ ഇരുട്ടിൽ ഞാൻ അസ്വസ്ഥപ്പെടുമായിരിക്കുമോ.....?

Wednesday, December 26, 2012


മലയാള ബ്ലോഗ് രംഗത്തെ പ്രശസ്തനായ ശ്രീ. ബഷീർ വള്ളിക്കുന്ന് "എന്നെയൊന്ന് റേപ്പ് ചെയ്യൂ" എന്ന തലക്കെട്ടോടെയെഴുതിയ പുതിയ പോസ്റ്റ് ഒരുപക്ഷേ, അദ്ദേഹം തന്നെ പ്രതീക്ഷിച്ചിരിക്കാനിടയുള്ള വിധത്തിൽ സോഷ്യൽ നെറ്റ്‌വർക്കുകളിലെ 'പുരോഗമനവാദികൾ' ഏറ്റെടുക്കുകയുണ്ടായി. ബഷീർ അദ്ദേഹത്തിന്റെ പോസ്റ്റിൽ പറയുന്നതു പോലെ ഇത്തരം പ്രതികരണങ്ങൾ പ്രകടിപ്പിക്കുന്നവരെ "സദാചാരവാദികൾ" എന്ന് പുച്ഛിച്ചു കൊണ്ടുതന്നെയാണ് കുറിപ്പുകളും കമന്റുകളും വന്നുകൊണ്ടിരിക്കുന്നത്. 

സ്ത്രീശരീരത്തെ ഉപഭോഗവസ്തുവെന്ന നിലയിൽ സമൂഹത്തിനു മുമ്പിൽ പ്രദർശിപ്പിക്കുന്ന ആധുനികവ്യവസ്ഥിതിയെക്കുറിച്ച് ബോധവാന്മാരാവണമെന്നാണ് അദ്ദേഹം തന്റെയെഴുത്തിൽ ചുരുക്കിപ്പറഞ്ഞിട്ടുള്ളത്. എന്നാൽ, ഇത്തരത്തിലെഴുതപ്പെടുന്ന ഏതു കുറിപ്പുകൾ വായിച്ചാലും "പെണ്ണ് അവൾക്കു തോന്നുന്ന വസ്ത്രം ധരിച്ചു നടക്കുന്നതു കൊണ്ടാണ് ആണിന്റെ ലിംഗമുദ്ധരിച്ചു പോകുന്നത്" എന്ന അർത്ഥം അവയിൽ നിന്ന് വായിച്ചെടുക്കാനുള്ള അപാരമായ വൈദഗ്ദ്ധ്യം നേടിയവരാണീ പുരോഗമനം പറയുന്നവരൊക്കെയും. എഴുതിയവനെതിരെ അങ്ങനെയൊരാരോപണം എറിഞ്ഞു പിടിപ്പിച്ചു കഴിഞ്ഞാൽ പിന്നെ കാര്യങ്ങൾ എളുപ്പമാണ്. സ്ത്രീസ്വാതന്ത്ര്യം, സമത്വബോധം, പുരുഷമേധാവിത്വം, കാമം നിറച്ച കണ്ണുകൾ എന്നിങ്ങനെ മഹത്തരങ്ങളായ വിഷയങ്ങളിൽ ചർച്ചകളെ കൊണ്ടെത്തിച്ചു കഴിഞ്ഞാൽ പിന്നെ പറഞ്ഞവൻ അറുബോറനും പ്രതികരിച്ചവർ മൂല്യസംരക്ഷകരുമായി. അതുതന്നെയാണിവിടെയും സംഭവിച്ചു കൊണ്ടിരിക്കുന്നത്. 

സോപ്പിന്റെ പരസ്യത്തില്‍ സിനിമാനടിയുടെ നഗ്ന മേനിയില്‍ സോപ്പുരച്ചു കാണിക്കുന്നത്, സാരിയുടെ പരസ്യത്തില്‍ സ്‌ത്രീയുടെ മാംസളമായ വയറിന്റെ മടക്കുകള്‍ കാണിക്കുന്നത്, സിനിമാ ഗാനരംഗങ്ങളില്‍ നൃത്തം ചെയ്യുന്ന പെണ്ണുങ്ങള്‍ക്ക് നാഭിയും മാറിടത്തിന്റെ പകുതിയും തുറന്നു കാണിക്കുന്ന വസ്ത്രം നല്‍കുന്നത്, കാറുകളുടെ പരസ്യങ്ങളിൽ അൽപ്പവസ്ത്രധാരിണിയായ സ്ത്രീതന്നെ ബോണറ്റ് ഹുഡിൽ കിടക്കേണ്ടി വരുന്നത്,  ടൈൽസിന്റെയും ഫാനിന്റെയും സ്വിച്ച് ബോര്‍ഡിന്റെയും പരസ്യത്തിലഭിനയിക്കാന്‍ സ്‌ത്രീയുടെ ശരീരം നിർബന്ധമായി വരുന്നത്, ആണുങ്ങളുടെ അടിവസ്ത്രത്തിന്റെയും, ആഫ്‌റ്റര്‍ ഷേവ് ലോഷന്റെയും പോലും പരസ്യങ്ങളില്‍ സ്ത്രീയുടെ തൊട്ടുതലോടല്‍ ആവശ്യമാവുന്നത് ഇവയൊക്കെ നമ്മുടെ പുരോഗമനത്തിന്റെയും ആ പുരോഗമനം ഉയർത്തുന്ന സ്ത്രീസ്വാതന്ത്ര്യത്തിന്റെയും അടയാളങ്ങളാണ്. 

മദ്യപിച്ച് മദോന്മത്തരായ പുരുഷന്റെ കണ്ണുകൾക്കു മുമ്പിൽ നൃത്തം ചവിട്ടുന്ന പെണ്ണിനും അഭ്രപാളികൾക്കു മുമ്പിൽ ആവേശഭരിതരായിരിക്കുന്നവർക്കു മുമ്പിൽ തന്റെ അഴകളവുകൾ പ്രദർശിപ്പിക്കുന്ന പെണ്ണിനും സമൂഹം കൽപ്പിച്ചു വരുന്ന നിലവാരങ്ങൾ തമ്മിലുള്ള അന്തരം അവർ പറ്റുന്ന പ്രതിഫലത്തിന്റേതിനോളം സമാനമാണെന്ന വസ്തുതയും നാമോർക്കേണ്ടതുണ്ട്. 

മുകളിൽ പറഞ്ഞ എല്ലാ ഉദാഹരണങ്ങളിലും സ്ത്രീ ഒരു ഇരയാണ്. എലിപ്പെട്ടിയുടെ ഇരുമ്പ് കൊളുത്തിൽ തീയിൽ ചുട്ടെടുത്ത നാളികേരക്കഷ്‌ണം വെക്കുന്നത് എലിയെ അതിലേക്ക് ആകർഷിക്കാനും നാളികേരക്കഷ്ണം തൊടുന്ന മാത്രയിൽ എലിയെ കൂട്ടിലടക്കാനുമാണ്. നാളികേരത്തോട് പ്രത്യേകപ്രിയമോ എലിയെ കൊണ്ടുപോയി ഓമനിച്ചേക്കാമെന്ന ലക്ഷ്യമോ അല്ല അതൊരുക്കുന്നവരുടെയുള്ളിൽ. ഇപ്രകാരം മനുഷ്യരുടെ കണ്ണുകളെ ആകർഷിക്കാനുള്ള ഇരയായിട്ടാണ് പെണ്ണിനെ കോർപ്പറേറ്റുകൾ അലങ്കരിച്ചു കൊണ്ടുനടക്കുന്നത്. അത്തരം കുതന്ത്രങ്ങളാണ് നിർഭാഗ്യത്തിന് കാലങ്ങളായി നമ്മുടെ പുരോഗമനത്തിന്റെ അടയാളങ്ങളും. 

സ്ത്രീശരീരം നമ്മുടെ കാഴ്ച്ചകൾക്ക് ആസ്വദിക്കാനുള്ളതാണെന്ന പൊതുബോധം സൃഷ്‌ടിച്ചെടുക്കുന്നതിൽ മാധ്യമങ്ങളും കോർപ്പറേറ്റുകളും വമ്പിച്ച വിജയം വരിച്ചിരിക്കുന്നു. അത്തരം കാഴ്ച്ചകൾ കണ്ടു ശീലിച്ച കണ്ണുകളുമായി നടക്കുന്നവർ തങ്ങളുടെ ബോധത്തിലും ആ ആസ്വാദനങ്ങൾ കൊണ്ടു നടക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് മുമ്പിൽ കാണുന്ന സ്ത്രീശരീരം, അത് പുരോഗമനവാദികൾ പുലമ്പുന്നതു പോലെ പർദ്ദയ്‌ക്കുള്ളിൽ പൊതിഞ്ഞതാണെങ്കിലും കാമാർത്തമായ കണ്ണുകളുടെ ഇരയായിപ്പോവുന്നത്. അതുകൊണ്ടു തന്നെ പർദ്ദ‌യ്ക്കുള്ളിൽ ഒതുങ്ങിക്കൂടിയാൽ എല്ലാമായെന്ന പ്രചാരണമാണ് ഇത്തരം പ്രതികരണങ്ങളെന്ന് വിചാരിച്ചു വശാവേണ്ടതില്ല. നല്ലതെന്തു പറയുമ്പൊഴും അത് പറയുന്നവന്റെ മതത്തിലേക്കു നോക്കി അജണ്ടവൽക്കരിക്കുന്ന തറവേലകളും എടുക്കേണ്ടതില്ല. 

സ്ത്രീ തനിക്കിഷ്‌ടമുള്ള വസ്ത്രം ധരിക്കരുത് എന്നതല്ല, മറിച്ച് സ്ത്രീശരീരത്തിന്റെ മാംസളതകൾ കോർപ്പറേറ്റുകളുടെ ചൂണ്ടയിലൂടെ സമൂഹത്തിലെ കണ്ണുകളിലേക്ക് എറിഞ്ഞു കൊടുക്കുന്ന ഇരമാത്രമാവരുത് എന്ന പ്രഖ്യാപനമാണുയരേണ്ടത്. അത് സ്ത്രീസമൂഹത്തിനു ബോധ്യപ്പെടാത്ത കാലത്തോളം ഇതൊരു തുടർക്കഥ മാത്രമാവും. കാരണം, സ്ത്രീശാക്തീകരണത്തിനു വേണ്ടി കച്ചകെട്ടിയിറങ്ങിയിരിക്കുന്ന പുരോഗമനവാദികൾക്ക് ഇത്തരം സത്യങ്ങൾ ഉൾക്കൊള്ളുവാനോ പ്രതികരിക്കുവാനോ കെൽപ്പുണ്ടാവണമെന്നില്ല. നമ്മുടെ കാഴ്ച്ചകളും ശീലങ്ങളും അത്തരം അപ്രിയസത്യങ്ങളെ നമുക്കു പ്രിയമുള്ളതാക്കിയെടുത്തു കഴിഞ്ഞിരിക്കുന്നു. അതിലപ്പുറം, അങ്ങനെയുള്ള പ്രതികരണങ്ങൾ പഴഞ്ചനും മതബോധത്തിൽ നിന്നുയർന്നു വരുന്നതുമാണെന്ന മുൻവിധിയും നമ്മുടെ വിവേകങ്ങൾക്കു മുമ്പേ നടന്നു പോകുന്നുമുണ്ട്. 

നമുക്കിനിയും സ്ത്രീ അമ്മയാണ്, സഹോദരിയാണ് എന്ന് നാഴികയ്ക്ക് നാൽപ്പതു വട്ടം പ്രഘോഷിക്കുകയും ആ മഹനീയ സ്ഥാനമലങ്കരിക്കുന്നവരെ തുണിയുരിഞ്ഞ് പ്രദർശിപ്പിക്കുന്ന പ്രവണതയെ പുരോഗമനമായി പരിണയിക്കുകയും ചെയ്യാം. അടിവസ്ത്രവും മുലക്കച്ചയും മാത്രമുടുത്ത് നടക്കുന്ന മദാമ്മമാർ നടക്കുന്ന കാഴ്ച്ചകളെ ഡിജിറ്റൽ ക്യാമറകളിൽ ഒപ്പിയെടുക്കാൻ മറക്കാതിരിക്കുകയുമാവാം. 


Where I feel poetic

Followers

Popular Posts