Sunday, December 12, 2010

"വിശ്വസിച്ചാലും ഇല്ലെങ്കിലും" എന്ന പേരില്‍ ഏഷ്യാനെറ്റു സം‌പ്രേഷണം ചെയ്യുന്ന പരിപാടി ആള്‍ക്കാരെ അന്ധവിശ്വാസത്തിലേക്കു നയിക്കുന്നതാണെന്നു ഞാന്‍ പറയും. എല്ലാ ജനവിഭാഗങ്ങളിലും മതസമൂഹങ്ങളിലും അന്ധമായി പുലര്‍ത്തിപ്പോരുന്ന ആചാരങ്ങളെ ഗാംഭീര്യമുള്ള ശബ്ദത്തിലൂടെ ജനങ്ങളിലേക്കെത്തിക്കുന്ന പരിപാടിയായിത്തീര്‍ന്നിട്ടുണ്ട് "വിശ്വസിച്ചാലും ഇല്ലെങ്കിലും".


കഴിഞ്ഞ ഒന്നുരണ്ടു പ്രാവശ്യം മുസ്‌ലിം സമൂഹത്തിന്റെ അന്ധവിശ്വാസങ്ങളായിരുന്നു ഭംഗിയായി അവതരിപ്പിക്കാന്‍ ശ്രമിച്ചത്. സുഹൃത്തിന്റെ മുറിയില്‍ പോയിരിക്കുമ്പോള്‍ യാദൃശ്ചികമായാണ്‌ 'കുട്ടിബാബ' എന്ന ചെറുപ്പക്കാരനായ സിദ്ധന്റെ അമാനുഷികതകള്‍ ഏഷ്യാനെറ്റു വിളമ്പുന്നതു കണ്ണില്‍ പെട്ടത്. എന്താണു സംഭവമെന്നറിയാന്‍ കുറച്ചു സമയമിരുന്നു കണ്ടു. ചെറുപ്പത്തില്‍ തന്നെ എന്തൊക്കെയോ പ്രത്യേകതകള്‍ പ്രകടിപ്പിച്ച കുട്ടിബാബ ഇന്ന് ജാതി, മത ദേശ വേലികള്‍ നിര്‍ണ്ണയിക്കപ്പെടാത്ത വലിയൊരു സമൂഹത്തിന്റെ ശാന്തികേന്ദ്രമാണ്‌ . സങ്കടങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും, രോഗങ്ങള്‍ക്ക് ശമനം നല്‍കാനും എന്തിന്‌, കൊലപാതകിയെ ചെറിയ സൂചനകള്‍ കൊണ്ട് കണ്ടെത്താന്‍ വരെ കുട്ടിബാബ തുണയാകുന്നു. അനുഭവസ്ഥര്‍ വിവരിക്കുന്ന ജീവിതാനുഭവങ്ങള്‍ ഏഷ്യാനെറ്റ് തെളിവായി നല്‍കുന്നുണ്ട്. അത് അന്യമതസ്ഥരും കൂടിയാവുമ്പോള്‍ പരിപാടി ഗംഭീരമായി.

പര്‍ദ്ദ ധരിച്ചതും ധരിക്കാത്തതുമായ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനാവലി തടിച്ച് കൂടി നില്‍ക്കുന്നതും, മന്ത്രിച്ചൂതിയ വെള്ളത്തിന്റെ വലിയ കന്നാസുകള്‍ ചുമന്നു കൊണ്ട് പോകുന്നതുമായ കാഴ്ച്ച, കുട്ടിബാബയുടെ ജനസമ്മതിയുടെ തെളിവാണ്‌. സ്ത്രീകള്‍ ബാബയുടെ സന്നിധിയില്‍ അലമുറയിട്ടു കരയുന്ന കാഴ്ച്ച, എത്രമാത്രം ഭക്ത്യാദരപൂര്‍‌വ്വമാണു സമൂഹം ബാബയെ ദര്‍ശിക്കുന്നതെന്ന് നമുക്കു കാട്ടിത്തരുന്നു. കുട്ടിബാബയുടെ കുടുംബം മുഴുവനും, ഇതു തങ്ങള്‍ക്ക് ജീവിക്കാന്‍ ദൈവമായിട്ട് ഒരു വഴി കാണിച്ചു തന്നതാണെന്നു വിശ്വസിക്കുന്നു. ഇതൊരു ഉപജീവന മാര്‍ഗ്ഗമാണെന്നര്‍ത്ഥം. എന്നാല്‍ കുട്ടിബാബ, ഖുര്‍‌ആനൊന്നും നേരാം‌വണ്ണം പഠിച്ചിട്ടില്ലെന്നത് ഒരു പ്രത്യേകതയാണ്‌. പഠിക്കാതെ സിദ്ധികള്‍ പ്രകടിപ്പിക്കുന്നത് എന്തു കൊണ്ടും അമാനുഷികതയാകണമല്ലോ.

ചെറിയ പ്രായമുള്ള കുട്ടിബാബ തന്റെ ദര്‍‌ശനം നല്‍കാനുള്ള മുറിയിലെത്തിയാല്‍ ആളാകെ മാറിപ്പോവുമെന്ന് സ്വയം സാക്ഷ്യപ്പെടുത്തുമ്പോള്‍, ഒരു തൊണ്ണൂറു വയസുകാരന്റെ ശബ്ദമാണ്‌ അതിനുള്ളിലിരുന്നാല്‍ കുട്ടിബാബ പുറപ്പെടുവിക്കുന്നതെന്ന് അനുഭവസ്ഥര്‍ പറയുന്നു. ഇന്റര്‍‌വ്യൂവില്‍, 'തന്നെ അധികമാരും കണ്ടിട്ടില്ലെന്ന്' കുട്ടിബാബ തന്നെ പറയുന്നു. ആളുകള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത് വലിയ പച്ചത്തുണി തലയിലൂടെ പൊതിഞ്ഞ നിലയിലാണ്‌. (മുഖം നോക്കി സംസാരിക്കാറില്ലെന്നതു തന്നെ കള്ളലക്ഷണമാണ്‌. )

അങ്ങനെ ഹാജരാകുന്ന കുട്ടിബാബയുടെ ചുറ്റും കൂടി നിന്ന ആള്‍ക്കാര്‍ "ലാ ഇലാഹ ഇല്ലല്ലാഹ്" എന്ന സത്യസാക്ഷ്യം ഉച്ചത്തില്‍ പല രീതിയിലും ചൊല്ലുന്നുന്നതു കാണാമായിരുന്നു.ഏറ്റവും വിഷമം തോന്നിപ്പിച്ച കാര്യവും അതു തന്നെ.

"ലാ ഇലാഹ ഇല്ലല്ലാഹ്" (لا اله الا الله) എന്ന അറബി വാചകം ഏതെങ്കിലും സിദ്ധന്മാരെ കാണുമ്പോള്‍ ചുറ്റും കൂടി നിന്നു ചൊല്ലാനുള്ള ജപമന്ത്രമല്ല. ജാഥ പോകുമ്പോള്‍ മുദ്രാവാക്യം വിളിക്കാനും, കുട്ടികളെ തൊട്ടിലാട്ടിയുറക്കുമ്പോള്‍ ഈണത്തില്‍ ചൊല്ലാനുമുള്ള കേവല വചനമല്ല അത്. "ലാ" എന്ന അറബി പദം നിഷേധത്തെ കുറിക്കുന്നു. "ലാ ഇലാഹ" എന്നാല്‍ "ആരാധ്യനില്ല" എന്ന് പരിഭാഷപ്പെടുത്താം. മനസില്‍, ഭൂമിയില്‍, പ്രപഞ്ചത്തിലെല്ലാം ആരാധിക്കപ്പെടുന്നതായിട്ട് എന്തു തന്നെയുണ്ടെങ്കിലും അവയെയെല്ലാം നിഷേധിക്കുകയാണ്‌ ഒരു സത്യവിശ്വാസി ആദ്യം ചെയ്യുന്നത്. അവലംബിക്കപ്പെടാന്‍, ആശ്രയിക്കപ്പെടാന്‍, ആരാധിക്കപ്പെടാന്‍ അര്‍ഹതപ്പെടുന്നതായി ഒരു ശക്തി മാതമേ ഉള്ളൂ എന്ന് മനസ്സിലും ജീവിതത്തിലും സാക്ഷ്യപ്പെടുത്തുന്നതിന്നു മുമ്പുള്ള വിശ്വാസിയുടെ സ്വയം തയ്യാറെടുപ്പാണ്‌ "ലാ ഇലാഹ" എന്ന ആദ്യഭാഗം. "ഇല്ലല്ലാഹ്" എന്നതു കൂടിച്ചേരുമ്പോഴാണ്‌ "അല്ലാഹുവല്ലാതെ ആരാധ്യനില്ല" എന്ന അര്‍ത്ഥം അതിനു കൈവരുന്നത്.

ഈ വചനം കേവലം മന്ത്രോച്ചാരണമായി ചൊല്ലി നടക്കാനല്ല, മറിച്ച് ജീവിതത്തില്‍ ഇതിന്റെ സാക്ഷികളാവാനാണ്‌ മനുഷ്യരോട് കല്‍‌‌പ്പിക്കപ്പെട്ടിട്ടുള്ളത്. "അശ്‌ഹദു അന്‍ ലാ ഇലാഹ ഇല്ലള്ളാഹ്" എന്നാണ്‌ സത്യസാക്ഷ്യം ഏറ്റു പറയാറുള്ളത്. അതിന്റെ അര്‍ത്ഥം "അള്ളാഹു അല്ലാതെ ആരാധ്യനില്ല എന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു എന്നാണ്‌" (വിശ്വസിക്കുന്നു എന്നല്ല). എനിക്ക് സ്വയം സമര്‍പ്പിക്കാന്‍, ആവലാതികള്‍ ബോധിപ്പിക്കാന്‍, രക്ഷ നല്‍കാനെല്ല്ലാം ദൈവമല്ലാത്തതൊന്നും എന്റെ മുമ്പിലില്ലെന്ന് ജീവിതം മുഴുവനും സാക്ഷ്യപ്പെടുത്തിക്കൊള്ളാം എന്നാണ്‌ ഒരു വിശ്വാസി ആദ്യമായി പ്രഖ്യാപിക്കുന്നത്. എന്നാല്‍, ഇത്തരം വചനങ്ങള്‍ വെറും നാവു കൊണ്ട് മൊഴിയുകയും ജീവിതത്തില്‍ എന്തെങ്കിലും പ്രയാസം നേരിടുമ്പോള്‍ എല്ലാം മറന്ന്, നമ്മുടെ രക്ഷകരെന്ന് വിശ്വസിക്കുന്ന കേവലമനുഷ്യര്‍ക്കു മുമ്പില്‍ പോയി വണങ്ങുകയും പൊട്ടിക്കരയുകയും ചെയ്യുന്ന പ്രവണത വിശ്വാസത്തിലെ വിള്ളലിന്റെ ഭാഗമാണ്‌. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ എന്താണെന്റെ വിശ്വാസമെന്ന് സ്വയം ബോധ്യപ്പെടാത്തതിന്റെ പ്രശ്നമാണത്.

എങ്കില്‍, ഏഷ്യാനെറ്റ് ലോകത്തിനു മുമ്പില്‍ കാട്ടിക്കൊടുത്തത് വികലമായ വിശ്വാസത്തിന്റെ പ്രാവര്‍ത്തികതയാണ്‌. അത് ഒരു സമുദായത്തെ സംബന്ധിച്ചിടത്തോളം അഭിമാനമല്ല; അപമാനമാണ്‌ എന്നെങ്കിലും മനസ്സിലാക്കുക.

Tuesday, October 5, 2010

ലോക അദ്ധ്യാപക ദിനം.


ഇന്നിപ്പോള്‍ എവിടെയാണെന്നറിയില്ലെങ്കിലും, പത്താം ക്ലാസിലെ മുതിര്‍ന്ന പ്രായത്തിലും എന്നെ മകനെന്നു വിളിച്ച് എന്റെ അമ്മയായ് സ്നേഹിച്ചു എന്നെ പഠിപ്പിച്ച ലേഖ ടീച്ചറുടെ വാല്‍സല്യത്തിന്റെ ഒരിക്കലും വിസ്മരിക്കാനാവാത്ത ഓര്‍മ്മയില്‍..

വര്‍ഷങ്ങള്‍ ഒമ്പതാണു കടന്നു പോകുന്നത്..

ഇതിനിടയില്‍ ലേഖ ടീച്ചറെ ഓര്‍ക്കുമ്പോഴെല്ലാം ഒരിക്കല്‍ കൂടി കണ്ടുമുട്ടാനും "എന്റെ മോന്‍ വന്നല്ലോ" എന്ന് ആഹ്ലാദം പൂണ്ട് കൈപിടിച്ച് അടുപ്പിക്കുമ്പോഴുള്ള ഭാവം കാണാനും ഞാനാഗ്രഹിക്കാറുണ്ട്.

പത്താം ക്ലാസിലെത്തുമ്പോഴേക്കും എന്നില്‍ കയറിക്കൂടിയിരുന്ന കുസൃതിക്കാരനില്‍ എന്തു വാല്‍സല്യമാണവര്‍ കണ്ടതെന്നറിയില്ല.

"എന്റെ മകന്‍" എന്ന് എല്ലാവരോടും പരിചയപ്പെടുത്തുമ്പോള്‍ ഞാന്‍ അനുഭവിച്ചിരുന്ന വികാരം അഭിമാനമായിരുന്നോ, അതോ അഹങ്കാരം തന്നെയോ.. അതും അറിയില്ല.

ബി ഡിവിഷനിലെ, നല്ല കുട്ടിയായ ഇസ്മായിലിനെക്കുറിച്ച് "എന്റെ രണ്ടാമത്തെ മകന്‍" എന്നൊരിക്കല്‍ പറഞ്ഞപ്പോള്‍ എനിക്കു കുശുമ്പു തോന്നിയത്, ഞാന്‍ അവരുടെ സ്നേഹത്തിനു മുമ്പില്‍ ഒരു കൊച്ചു കുട്ടിയായിത്തന്നെ മാറിയതു കൊണ്ടായിരിക്കണം.

അമ്മാവന്റെ വാടകവീട്ടില്‍ താമസിക്കുന്ന അവരുടെ ചേച്ചിയുടെ വീട്ടിലിരുത്തി അവര്‍ കെമിസ്‌ട്രിക്കു പുറത്ത് കണക്കും കൂടി പഠിപ്പിച്ച് തന്ന നാളുകള്‍ ഇന്നലെയെന്നതു പോലെ എനിക്കോര്‍ക്കാനാവുന്നു.

അവിടെ ട്യൂഷന്ന് വന്നിരുന്ന നഴ്‌സറി ക്ലാസിലെ കുട്ടിയെ കൊഞ്ചിച്ച് തിരിച്ചെന്റെയടുത്തേക്കു വന്ന ടീച്ചര്‍ "ഓ.. ഇവിടെ ഒരാള്‍ക്ക് കുശുമ്പ് വന്നല്ലോ" എന്നെന്റെ മുഖത്തു നോക്കി കളി പറഞ്ഞതും വെറുതെയായിരിക്കില്ല.

കെമിസ്‌ട്രിയുടെ കട്ടിയായ പാഠങ്ങള്‍ പഠിക്കാതിരിക്കുമ്പോള്‍ കൂടുതല്‍ ദേഷ്യത്തോടെ എന്നെ ശാസിക്കുന്ന ടീച്ചറുടെ മുഖഭാവമെന്നില്‍ നിന്ന് മറയുന്നില്ല.

പറഞ്ഞു പഠിപ്പിച്ച്, ചെവിയില്‍ നുള്ളി, കണ്ണുരുട്ടി എന്നെ അനുസരിപ്പിച്ചു അവര്‍...

സ്ക്കൂള്‍ അവധി ദിവസം അസ്‌മ ടീച്ചറുമൊന്നിച്ച് എന്റെ വീട്ടില്‍ അഥിതിയായി വന്നു അവര്‍..

വെക്കേഷന്ന് സ്വന്തം നാടായ ചേര്‍ത്തലയില്‍ പോയി കുടും‌ബത്തോടൊപ്പമിരിക്കുമ്പൊഴും സ്നേഹമുള്ള ഈ മകന്ന് മുടങ്ങാതെ കത്തുകളയച്ചു..

അവരുടെ വിലാസത്തില്‍ poochakkal എന്ന് ഇം‌ഗ്ലീഷിലെഴുതിയതിനെ "പൂച്ചക്കാല്‍" എന്നു ഞാന്‍ വായിച്ചതു കേട്ട് നിഷ്ക്കളങ്കമായി ചിരിച്ചു..

സ്വന്തം കുഞ്ഞിന് എന്റെ ഫോട്ടോ കാണിച്ച് പേരു പറഞ്ഞു കൊടുത്തു..

പെട്ടെന്ന് നാട്ടില്‍ പോകേണ്ടി വന്ന ദിവസം എന്നെ വിളിച്ച് റെയില്‍വേ സ്റ്റേഷനില്‍ കണ്ടുമുട്ടി യാത്ര പറഞ്ഞു അവര്‍..

അങ്ങനെയൊരു യാത്ര പറച്ചിലിനപ്പുറത്ത് പിന്നെയും കത്തുകള്‍ക്കായി ഞാന്‍ കാത്തിരുന്നു.

സ്ക്കൂളില്‍ പോയപ്പോള്‍ സഹപ്രവര്‍ത്തകരായ അദ്ധ്യാപികമാരോട് അവരെപ്പറ്റി വിവരങ്ങളാരായാന്‍ ശ്രമിച്ചു.

വിദ്യാലയത്തിന്റെ ഓരോ ഓര്‍മ്മകളിലും അവരുടെ ഒരിക്കലും മങ്ങരുതെന്നു ഞാനാഗ്രഹിക്കുന്ന മുഖം എന്റെ മനസ്സില്‍ തെളിഞ്ഞു.

ഇന്നും, എന്റെ മകന്‍ വന്നല്ലോ എന്ന വിളിക്കായി.. ആ പുഞ്ചിരിക്കായി ഞാന്‍ ആഗ്രഹിക്കാറുണ്ട്. പത്താം ക്ലാസിനു ശേഷം എന്റെ ആഗ്രഹമുപേക്ഷിച്ച് ലേഖ ടീച്ചര്‍ പറഞ്ഞ കോഴ്സിന് ഞാന്‍ ചേര്‍ന്നു. ബിരുദമെടുത്തു. എന്നാല്‍, ഞാനാഗ്രഹിച്ചതു പോലെ പിന്നീടൊരിക്കല്‍ ടീച്ചറെ കണ്ടു മുട്ടാനും അന്ന് വിലപിടിപ്പുള്ള എന്തെങ്കിലും സമ്മാനം നല്‍കാനും എനിക്കായില്ലല്ലോ...

ഞാനിപ്പൊഴും കാത്തിരിപ്പാണ്... മനസ്സില്‍ മുഴുവന്‍ വിലമതിക്കാനാവാത്ത സ്നേഹം ഇന്നുമവശേഷിക്കുന്നുവെന്നറിയിക്കാന്‍..

കാട്ടിത്തരുമോ എനിക്കെന്റെ ലേഖ ടീച്ചറെ.. ?

Wednesday, July 14, 2010

പ്രവാചകനെ നിന്ദിച്ചതിന്‌, അദ്ധ്യാപകന്റെ കൈമുറിച്ചു മാറ്റിയ സംഭവത്തില്‍ ഭൂരിഭാഗം മുസ്‌ലിംകളും തങ്ങളുടെ ദുഃഖവും അമര്‍ഷവും രേഖപ്പെടുത്തുകയും, ഇസ്ലാം ഇത്തരം കിരാതനടപടികളെ അംഗീകരിക്കുന്നില്ലെന്ന് പ്രഖ്യാപിക്കുകയും, ഒപ്പം പ്രവാചകന്റെ ക്ഷമയുടെ തീരാത്ത ഉദാഹരണങ്ങളില്‍ നിന്ന് ചിലതെല്ലാം ഉദ്ധരിച്ച് സമൂഹത്തിന്ന് ഇസ്‌ലാമിന്റെ കാഴ്ച്ചപ്പാട് വിവരിച്ചു നല്‍കുകയും ചെയ്യുന്നുണ്ട്. പ്രവാചകന്റെ ശരീരത്തില്‍ കുടല്‍മാല ചാര്‍ത്തിയ വ്യക്തിയെ തിരിച്ച് ആക്രമിക്കാതിരുന്നതും, ചണ്ടികളും ചവറുകളും ശരീരത്തിലും വഴിയിലും വാരിയെറിഞ്ഞിരുന്ന ജൂതസ്ത്രീക്ക് രോഗം വന്നപ്പോള്‍ സന്ദര്‍ശിച്ചതും അത്തരം സംഭവങ്ങളില്‍ ചിലതാണ്‌. എന്നാല്‍ ഈയൊരു വിഷയത്തെപ്പോലും പ്രതിരോധിക്കാനും, പ്രവാചകന്‍ കുടല്മാ്ല ചാര്ത്തി യ വ്യക്തിയോട് പകപോക്കിയിരുന്നുവെന്ന് വരെ തെളിയിക്കാനും പാടുപെടുന്നവരുണ്ടെന്നത് അങ്ങേയറ്റം ഖേദകരം തന്നെ. ഇന്റര്‍നെറ്റിന്റെ വിശാലതയ്ക്കുള്ളില്‍,  ചില വെബ്‌സൈറ്റുകളില്‍ ലേഖനങ്ങള്‍ക്ക് കമന്റായും ഇ-മെയി വഴിയും, മറ്റ് ചര്‍ച്ചകളിലുമെല്ലാം ഏതോ ചില തീവ്രഗ്രൂപ്പുകള്‍ ഇത്തരം വാചകങ്ങള്‍ പടച്ചുവിടുന്നുണ്ട്. പലയിടത്തും കോപ്പി-പേസ്റ്റ് ചെയ്യപ്പെട്ട് കണ്ട ഒരു വാചകമിങ്ങനെ:-

“പ്രവാചകന്‍ മറന്നില്ല കുടല്‍മാല സംഭവം . ആ പ്രവൃത്തി ചെയ്ത ഉഖ്ബത്-ഇബ്നു അബീ മു‌ഈത്തിനെ ബദറില്‍ പിടിച്ചു ആരംബറസൂല്‍ . മറ്റു പലരെയും മോചന ദ്രവ്യം വാങ്ങിയും അക്ഷരം പഠിപ്പിക്കണമെന്ന വ്യവസ്ഥയിലും വെറുതെ വിട്ടപ്പോള്‍ കുടല്‍മാല പ്രതി ഉഖ്ബയെയും പ്രവാചകനെ അധിക്ഷേപിച്ച് കവിത എഴുതിയ നള്റിനെയും വധിക്കാനായിരുന്നു അവിടുന്ന് ഉത്തരവിട്ടത്. ഉഖ്ബ ജീവനു വേണ്ടി കേണപേക്ഷിച്ചപ്പോള്‍, നോക്കി പുഞ്ചിരിക്കുകയായിരുന്നില്ല, പ്രത്യുത 'നിനക്ക് നരകം' എന്ന് അലറുകയായിരുന്നു എക്കാലത്തെയും മാതൃകാ പുരുഷന്‍ ചെയ്തത്.”

ഒരു പൊതുസമൂഹത്തിന്റെ മുമ്പില്‍ പ്രവാചകനെ അവതരിപ്പിക്കുന്ന രീതിയാണീ കണ്ടത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇങ്ങനെയുള്ള പകപോക്കല്‍ നിറഞ്ഞതായിരുന്നോ പ്രവാചകന്റെ ജീവിതം ? വ്യക്തിപരമായ വിദ്വേഷത്തിന്ന് പ്രവാചകന്റെയടുക്കല്‍ സ്ഥാനമുണ്ടായിരുന്നോ ? അദ്ദേഹത്തിന്റെ ജീവിതം തന്നെയാണതിനു മറുപടി തരേണ്ടത്. മുഹമ്മദ് നബി, ഒരു അവഹേളനത്തിന്റെ പേരില്‍ ശിക്ഷ വിധിക്കാന്‍ പുറപ്പെട്ടിരുന്നുവെങ്കില്‍ മക്കയിലെ തന്റെ ആദ്യകാലത്തെ പ്രബോധനജീവിതത്തില്‍ അതിനുവേണ്ടി മാത്രം ഒരുപാട് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയേനേ; ഒളിഞ്ഞും തെളിഞ്ഞും.

"സത്യസന്ധന്‍" എന്ന് സമൂഹമൊന്നടങ്കം മുദ്ര ചാര്‍ത്തിയ ഒരു മനുഷ്യന്‍ ഏകദൈവത്തെക്കുറിച്ച് പ്രബോധനം ചെയ്യാന്‍ വേണ്ടി അവര്‍ക്ക്  മുമ്പില്‍ എഴുന്നേറ്റു നില്‍ക്കുകയും "ആരാധനക്കര്‍ഹന്‍ അല്ലാഹു മാത്രമേയുള്ളൂ" എന്ന് പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ "ഇതിനാണോ നീ ഞങ്ങളെ വിളിച്ചു കൂട്ടിയത് ? നീ നശിച്ചു പോകട്ടെ!" എന്ന് ആക്രോശിച്ച അബൂലഹബിനെ ആക്രമിക്കാന്‍ പ്രവാചകന്‍ പിന്നീട് അണികളുമായി കൂടിയാലോചിച്ചിട്ടില്ല.

തന്റെ വാള്‍‌ ഒരു മരക്കൊമ്പില്‍ തൂക്കിയിട്ട് ഉറങ്ങാന്‍ കിടന്ന മുഹമ്മദിന്റെ (സ) അരികില്‍ ചെന്ന് വാളെടുക്കുകയും "ഇപ്പോള്‍ ആരാണ്‌ നിന്നെ രക്ഷിക്കുക?" എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത അപരിചിതനോട്  "നിന്നില്‍ നിന്ന് എന്നെ അല്ലാഹു രക്ഷിക്കും" എന്ന് പറഞ്ഞ പ്രവാചകന്‍ പിന്നീട് അയാള്‍ക്കെതിരെ ഒരു ഗൂഢനീക്കം നടത്തിയില്ല. ആ മനുഷ്യന്‍ വാളുപേക്ഷിച്ച് നടന്നു നീങ്ങിയെന്ന് ചരിത്രം. (വാള്‍ അറബികളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു; വാളേന്തിയുള്ള നൃത്തം അവരുടെ പൈതൃകമായി ഇന്നും സൂക്ഷിക്കുന്നു)

അനുയായികളോടൊപ്പം നടന്നുപോകുന്ന പ്രവാചകന്റെ ചുമലിലെ തട്ടത്തിന്റെ അറ്റം പിന്നില്‍ നിന്ന് വന്ന ഒരപരിചിതന്‍  ശക്തിയായി പിടിച്ച് വലിച്ചപ്പോള്‍ തിരിഞ്ഞു നോക്കിയ പ്രവാചകന്‍ തന്റെ തട്ടം നേരെയാക്കി അയാള്‍ക്കു നേരെ മന്ദഹാസം തൂകിയത്രെ. "മുഹമ്മദേ, നിന്റെയടുത്തുള്ള, ദൈവം തന്ന സമ്പത്തില്‍ നിന്ന് എനിക്ക് എന്തെങ്കിലും താ" എന്ന് ചോദിച്ച ആ മനുഷ്യന്ന് എന്തെങ്കിലും കൊടുക്കാന്‍ പ്രവാചകന്‍ കൂടെയുള്ളവരോട് ആവശ്യപ്പെട്ടുവെന്ന് ചരിത്രം. പ്രവാചകന്റെ കഴുത്തില്‍ തട്ടം ശക്തിയായി വലിച്ചതിന്റെ അടയാളം കാണാമായിരുന്നുവെന്ന് കൂടെയുള്ളവര്‍ വിവരിക്കുന്നു. കൂടെയുള്ളവരോട് ആ മനുഷ്യനെ തല്ലിക്കൊല്ലാനൊന്നും പ്രവാചകന്‍ കല്‍‌പ്പിച്ചതായി കാണുന്നില്ല.

മക്കക്കാരുടെ പീഢനം സഹിക്കാനാവാതെ ത്വാ‌ഇഫിലെ തന്റെ ബന്ധുക്കളുടെ അടുക്കല്‍ കുറച്ച് ശാന്തി ലഭിക്കുമെന്ന് പ്രതീക്ഷിച്ച് ചെന്ന പ്രവാചകനെ ത്വാ‌ഇഫുകാര്‍ ഭ്രാന്തനെന്ന് വിളിച്ച് പരിഹസിക്കുകയാണുണ്ടായത്. കുട്ടികളെക്കൊണ്ട് വഴിനീളെ കല്ലെറിയിച്ചു. പ്രവാചകന്റെ തിരുശരീരത്തില്‍ നിന്ന് രക്തമൊഴുകി. വഴിയരികിലൊരിടത്ത് തളര്‍ന്നിരുന്ന പ്രവാചകന്‍ അപ്പൊഴും പ്രാര്‍ത്ഥിച്ചത് "അവര്‍ അറിവില്ലാത്ത ജനതയാണ്‌. നീയവരോടു പൊറുക്കണേ" എന്നായിരുന്നു.

മക്കാവിജയത്തിന്റെ വേളയില്‍, തന്നെ മക്കയില്‍ നിന്നും ആട്ടിപ്പുറത്താക്കിയ, പീഢനങ്ങളൊരുപാട് നല്‍കിയ മക്കാസമൂഹത്തിന്ന് മുമ്പില്‍ വിജയശ്രീലാളിതനായി നില്‍ക്കുന്ന മുഹമ്മദിന്ന് (സ) മുമ്പില്‍ പകച്ചു നില്‍ക്കുന്ന ജനസമൂഹത്തെ നോക്കി പ്രവാചകന്‍ പറഞ്ഞത് "നിങ്ങള്‍ക്കു പോകാം, നിങ്ങള്‍ സ്വതന്ത്രരാണ്‌" എന്ന ചരിത്രവാക്യമാണ്‌.

ഹിജ്‌റയ്ക്ക് മുമ്പ് ക‌അ്‌ബയുടെ ഉള്‍‌വശമൊന്ന് കാണാനാഗ്രഹിച്ച് ക‌അ്‌ബയുടെ താക്കോല്‍ ചോദിച്ചപ്പോള്‍ ഉസ്മാനുബ്നു ത്വല്‍ഹ പ്രവാചകനെ ആട്ടി. 'എന്റെ കൈകളില്‍ ഈ താക്കോല്‍ വരുന്ന ഒരു ദിവസം നീ കണ്ടേക്കാം' എന്ന് പ്രവാചകന്‍ അന്ന് മറുപടി നല്‍കിയിരുന്നു. മക്കാവിജയത്തിനു ശേഷം ഉസ്മാനോട് താക്കോല്‍ വാങ്ങി ക‌അ്‌ബയുടെയുള്ളില്‍ പ്രവേശിച്ച മുഹമ്മദ് നബി (സ) അവിടെയുണ്ടായിരുന്ന ബിംബങ്ങളെയെല്ലാം നശിപ്പിച്ച ശേഷം തിരിച്ചു വന്നു. ക‌അ്‌ബയുടെ താക്കോല്‍ സം‌രക്ഷണം തങ്ങള്‍ക്കു നല്‍കുമെന്ന് പ്രതീക്ഷിച്ച് നിന്ന അനുയായികളെയെല്ലാം അത്ഭുതപ്പെടുത്തി പ്രവാചകന്‍ ചോദിച്ചു: "എവിടെ ഉസ്മാന്‍?" അടുത്തുവന്ന ഉസ്മാനുബ്നു ത്വല്‍‌ഹയുടെ കയ്യില്‍ താക്കോല്‍ തിരികെയേല്പ്പിച്ച് അത് എന്നെന്നേക്കും സൂക്ഷിക്കാനുള്ള അവകാശം അവര്‍ക്ക് നല്‍കുകയുണ്ടായി.

പുണ്യറസൂലിന്റെ ജീവിതചരിത്രത്തില്‍ ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍ രേഖപ്പെട്ടു കിടക്കുന്നു..! ഓരോ സംഭവങ്ങളും അദ്ദേഹത്തിന്റെ അനുകരണീയമായ ജീവിതശൈലിയെ സൂചിപ്പിക്കുന്നു. നേര്‍‌വഴിക്ക് ചിന്തിക്കാനാവാത്ത മനുഷ്യരുടെ ചെയ്തികളെല്ലാം നമുക്ക് പ്രകോപനത്തിന്‌ കാരണമാവേണ്ടതില്ലെന്നും, ആവുന്നിടത്തെല്ലാം ഏറ്റവും പ്രഥമമായ സ്ഥാനം ക്ഷമയ്ക്ക് നല്‍കേണ്ടതുണ്ടെന്നും പ്രവാചകജീവിതം തെളിയിക്കുന്നു.

എന്നാല്‍, ഏറ്റവും മുകളില്‍ സൂചിപ്പിച്ച വാചകം ഏത് വ്യക്തിയുടെ സൃഷ്ടിയാണെന്നറിയില്ല. അതേത് മുസ്ലിം നാമധാരിയായിരുന്നാലും, പ്രവാചകന്‍ ഉഖ്‌ബയോട് ബദ്‌റില്‍ വെച്ച് പകവീട്ടിയിരുന്നുവെന്നെഴുതുമ്പോള്‍ ബദ്‌റിന്റെ ചരിത്രപശ്ചാത്തലവും മറ്റും അന്വേഷിക്കുകയോ, സാഹചര്യത്തെക്കുറിച്ച് പഠിക്കുകയോ ആവാമായിരുന്നു.

 ബദര്‍ യുദ്ധത്തിന്റെ ചരിത്രം പ്രസക്തമാണ്‌. മുന്നൂറ്റിപ്പതിമൂന്നോളം വരുന്ന ചെറുസംഘം ആദര്‍ശത്തിന്റെയും ആത്മവിശ്വാസത്തിന്റെയും മാത്രം ആത്മബലത്തില്‍ ആയിരങ്ങളോട് പൊരുതി ജയിച്ച ചരിത്രമാണ്‌ ബദ്റിന്റേത്. കേവലമായ വൈരങ്ങളോ അഭിപ്രായവ്യത്യാസമോ അല്ല ബദ്റിന്റെ കാരണം. കൊടിയുടെ നിറം മാറിയതോ, പ്രകോപിപ്പിച്ചതോ, ആക്ഷേപിച്ചതോ ഒന്നും ബദര്‍ യുദ്ധത്തിന്റെ കാരണങ്ങളല്ല.

സ്വന്തം വിശ്വാസങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കുമനുസരിച്ച് ജീവിക്കാന്‍ സ്വാതന്ത്ര്യം നല്‍കപ്പെടാത്ത ഒരു സംഘത്തിന്റെ പ്രതിരോധമാണ്‌ ബദര്‍. എതിര്‍ക്കാന്‍ പേരുകേട്ട കൊലകൊമ്പന്മാരെത്രയുണ്ടായിരുന്നിട്ടും, അടി പതറാത്ത ആദര്‍ശത്തിന്റെ പിന്‍ബലമൊന്നു കൊണ്ടു മാത്രം പിന്തിരിഞ്ഞോടാത്ത കുറച്ച് വിശ്വാസികളുടെ ചരിത്രമാണ്‌ ബദര്‍.

ഖുര്‍‌ആന്‍ പറയുന്നതു പ്രകാരം, ബദ്‌റിലെ വിജയം അല്ലാഹുവിന്റെ അപാരമായ സഹായം മൂലമായിരുന്നു. ബദ്‌റില്‍ പടപൊരുതിയവരുടെ ഹൃദയത്തിന്റെ വിശുദ്ധിയായിരുന്നു അവരുടെ വിജയത്തിന്‌ നിദാനം. അവിശ്വസനീയവും, അനിര്‍‌വ്വചനീയവുമായ ആ വിജയത്തില്‍ യുദ്ധത്തടവുകാരൊരുപാടുണ്ടായിരുന്നു. പ്രവാചകന്ന് യുദ്ധത്തടവുകാര്‍ക്കെതിരില്‍ എന്തും തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. എല്ലാവരെയും നശിപ്പിച്ച് കളയുവാനുള്ള സാഹചര്യവും സൗകര്യങ്ങളുമുണ്ടായിരുന്നു. അപ്പൊഴും പ്രവാചകന്‍ (സ) എല്ലാവര്‍ക്കും നേരെ സ്വീകരിച്ച നിലപാട് ഒരുപോലെയായിരുന്നില്ല. "നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ടെ"ന്ന് ഖുര്‍‌ആന്‍ സാക്ഷ്യപ്പെടുത്തിയ പ്രവാചകന്റെ രാഷ്ട്രീയനിലപാടു കൂടി നാമറിയേണ്ടതുണ്ട്.

യുദ്ധത്തടവുകാരായി പിടിക്കപ്പെട്ടവരില്‍ ഇസ്ലാമിലേക്ക് മനസ്സ് ചായ്‌വുള്ളവരുണ്ട്; ഒരു മാപ്പ് അവര്‍ക്ക് വിജയമാര്‍ഗ്ഗം നല്‍കിയേക്കാം. അവര്‍ക്ക് മാപ്പ് കൊടുക്കലാണുത്തമം. ദുര്‍ബലരും എന്നാല്‍ സമ്പത്തു കൊണ്ട് ഉന്നതരുമായവരുണ്ട്; അവര്‍ക്ക് മോചനദ്രവ്യം നല്‍കി ഒഴിവാകുന്നതാണുത്തമം. അറിവുള്ളവരുണ്ട്; അവരില്‍ നിന്ന് സമൂഹത്തിന്‌ ലഭിക്കേണ്ട മൂല്യങ്ങളുണ്ടാവാം. അങ്ങനെയുള്ളവരെ ഉപയോഗപ്പെടുത്തലാണു നല്ലത്. സ്ത്രീകളും കുട്ടികളുമുണ്ട്. അവരുടെ അക്രമം ഭയപ്പെടേണ്ടതില്ല , എന്നാല്‍ അവരുടെ സേവനം പിന്നീടുപകരിക്കുകയും ചെയ്യും. എന്നാല്‍ ചിലരെ കൂടുതല്‍ ഭയക്കേണ്ടതുണ്ട്; അവര്‍ക്ക് വിശ്വാസികള്‍ക്കെതിരില്‍ ശക്തിയും, ആക്രമണോത്സുകതയും  കൂടുതലാണ്‌, നിരന്തരം ഇസ്ലാമിനെ ഉപദ്രവിക്കുന്നവരാണവര്‍. അവര്‍ക്കെതിരില്‍ സ്വീകരിച്ച നിലപാടാണ്‌ ഉഖ്‌ബത്തുബ്നു അബീ മു‌ഈത്തിനും, നള്‌‌റ് ബിന്‍ ഹാരിസിനെതിരിലും ഉണ്ടായിട്ടുള്ളത്. അത് മുഹമ്മദ് നബി തന്റെ വ്യക്തിപരമായ പകപോക്കാണെന്നു വ്യാഖ്യാനിക്കാവതല്ല. അങ്ങനെയെങ്കില്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ ക്ഷമയുടെ, സഹനത്തിന്റെ മകുടോദാഹരണങ്ങളായ മറ്റുസംഭവങ്ങളെല്ലാം വ്യാജമാണെന്നാണോ ?

ലോകം കണ്ട ഏറ്റവും മഹാനായ മനുഷ്യന്റെ അനുയായികളാണു നാം. ആ വ്യക്തിത്വം നമുക്കു മുമ്പില്‍ അവതരിപ്പിച്ച ഇസ്ലാമിനെ ജീവിതചര്യയായി ഉള്‍ക്കൊള്ളുകയാണു യഥാര്‍ത്ഥവിശ്വാസികള്‍ ചെയ്യേണ്ടത്. ഇസ്ലാമിനപ്പുറം സംഘടനകള്‍ നമ്മുടെ ആവേശമാവുമ്പോഴാണ്‌ അവിവേകം കടന്നുകൂടുന്നത്.

Tuesday, July 6, 2010

 ഇസ്ലാമില്‍ ചില ദിവസങ്ങള്‍ക്ക് മറ്റു ചില ദിവസങ്ങളേക്കാള്‍ ശ്രേഷ്ഠത നല്‍കിയിട്ടുണ്ട്. ചില ദിവസങ്ങളില്‍ നോമ്പെടുക്കല്‍ പുണ്യമാക്കിയിട്ടുണ്ട്. ചില സമയത്ത് നിസ്ക്കാരങ്ങള്‍ക്ക് ശ്രേഷ്ഠത കല്‍‌പ്പിച്ചിട്ടുണ്ട്. ചില വേളകളില്‍ പ്രാര്‍ത്ഥനകള്‍ പ്രോല്‍സാഹിപ്പിച്ചിട്ടുണ്ട്. ഇവയെല്ലാം സര്‍‌വ്വലോക രക്ഷിതാവായ അല്ലാഹുവിന്റെ യുക്തിക്കും കല്‍‌പ്പനയ്ക്കും അനുസരിച്ചാണ്‌. മനുഷ്യര്‍ കൂടുതല്‍ ദൈവസ്മരണയില്‍ മുഴുകാനും സല്‍‌ക്കര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കാനും അങ്ങനെ ജീവിതം സത്പാന്ഥാവില്‍ സഞ്ചരിക്കാനും പ്രോല്‍സാഹിപ്പിക്കുന്നതാണ്‌ ഇത്തരം ഘടകങ്ങള്‍.

ഏതൊക്കെ കര്‍മ്മങ്ങളാണ്‌, എപ്പൊഴൊക്കെയാണ്‌ നിര്‍‌വ്വഹിക്കേണ്ടതെന്ന്‌ പ്രവാചകന്‍ (സ) തന്റെ ഇരുപത്തിമൂന്ന് വര്‍ഷത്തെ പ്രബോധന ജീവിതത്തിനിടയില്‍ ലോകത്തിന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ട്. പ്രവാചകന്റെ ഓരോ ചലനങ്ങള്‍ പോലും ഇന്ന് ലോകത്തിന്ന് മുമ്പില്‍ തുറന്ന പുസ്തകമായി ഹദീസുകളിലൂടെ വിവരിക്കപ്പെടുന്നു. വിശ്വാസികള്‍ തങ്ങളുടെ ജീവിതം ക്രമപ്പെടുത്തുന്നത് അല്ലാഹുവിന്റെ കലാമായ (സംസാരം/വര്‍ത്തമാനം) ഖുര്‍‌ആനിനും പ്രവാചകചര്യയായ ഹദീസിനും അനുസൃതമായിട്ടാണ്‌.

എന്നാല്‍, മുസ്ലിംകളില്‍ ഒരു വലിയ വിഭാഗം ആളുകള്‍ റജബ് ഇരുപത്തിയേഴാം നാളിനെ, പ്രവാചകന്‍ ആകാശാരോഹണം നടത്തിയതിന്റെ ഓര്‍മ്മ പുതുക്കാന്‍ വേണ്ടി ഉപയോഗിക്കുന്നുണ്ട്. പ്രവാചകന്റെ രാപ്രയാണത്തെ സംബന്ധിച്ച് ഖുര്‍‌ആന്‍ സൂറഃ ഇസ്രാ‌ഇല്‍ പറയുന്നുണ്ട് : "തന്റെ ദാസനെ ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്‌ജിദുല്‍ അഖ്‌സായിലേക്ക് - അതിന്റെ പരിസരം നാം അനുഗ്രഹീതമാക്കിയിരിക്കുന്നു- നിശായാത്ര ചെയ്യിച്ചവന്‍ എത്രയോ പരിശുദ്ധന്‍ !. നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹത്തിന്‌ നാം കാണിച്ചു കൊടുക്കാന്‍ വേണ്ടിയത്രെ അത്. തീര്‍ച്ചയായും അവന്‍ (അല്ലാഹു) എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ." (സൂറഃ ഇസ്രാഅ്‌ - 1)

മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സായിലേക്ക് രാപ്രയാണം നടന്നതിനെ 'ഇസ്രാഅ്‌ എന്നും അവിടെ നിന്നും ആകാശത്തേക്കുയര്‍ത്തപ്പെട്ടതിനെ 'മിഅ്‌റാജ്‌' എന്നും പറയുന്നു.

ഒറ്റ രാത്രിയില്‍ സഞ്ചരിച്ച് തിരിച്ചു വരാന്‍ പ്രയാസമായ ഈ വഴിദൂരം യാത്ര ചെയ്തെന്ന് പിറ്റേ ദിവസം ഖുറൈശികളോട് പ്രവാചകന്‍ പറഞ്ഞപ്പോള്‍ പലരും അത് അവിശ്വസിക്കുകയും, വിശ്വാസികള്‍ പോലും സംശയം പ്രകടിപ്പിക്കുകയും ചെയ്തപ്പോള്‍, പ്രവാചകന്ന് തുണയും തണലുമായി കൂടെ ജീവിച്ച അബൂബക്കര്‍ (റ) പറഞ്ഞത് 'പ്രവാചകന്‍ (സ) അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് സത്യമായിരിക്കും, ഞാനത് വിശ്വസിക്കുന്നു' എന്നാണ്‌. അന്ന് മുതലാണ്‌ അബൂബക്കര്‍ (റ) "സിദ്ദീഖ്" (സത്യപ്പെടുത്തിയവന്‍) എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത് എന്ന് ചരിത്രം പറയുന്നു.

ഈ യാത്രയിലാണ്‌ അല്ലാഹു പ്രവാചകന്റെ സമുദായത്തിന്‌ അഞ്ചു നേരത്തെ നിസ്ക്കാരം നിര്‍ബന്ധമാക്കുന്നത്. അമ്പതു നേരമാണ്‌ പിന്നീട് അഞ്ചു നേരമായി ചുരുക്കപ്പെട്ടത്.

നിസ്ക്കാരം (സ്വലാത്ത്) എന്നത് ഒരു മുസ്ലിമിനെ ഇതരരില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ഒന്നാമത്തെ ഘടകമാണെന്നതില്‍ യാതൊരു സംശയവുമില്ല. അഞ്ചു നേരം അല്ലാഹുവിന്ന് മുമ്പില്‍ സാഷ്ടാംഗം വണങ്ങുന്നതിന്ന് ഒരു വിശ്വാസിക്ക് മറ്റൊരു തടസ്സവും പറയുക സാധ്യമല്ല. യാത്രയോ, രോഗമോ, ഏര്‍പ്പാടുകളോ ഒന്നും നിസ്ക്കാരം ഒഴിവാക്കാന്‍ കാരണമാവുന്നില്ല. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ഇസ്ലാം വ്യക്തമാക്കിയിട്ടുണ്ട്. ജീവിതത്തിന്റെ ഓരോ യാമവും അല്ലാഹുവിനെ വിസ്മരിക്കാത്ത ജീവിതവ്യവസ്ഥയുടെ ഉന്നതവും ഉത്തമവുമായ രൂപമാണ്‌ നിസ്ക്കാരം.

ഇസ്രാഉം മി‌അ്‌റാജും പറയുമ്പോള്‍ ആദ്യമുണര്‍ത്തേണ്ടതും നിസ്ക്കാരത്തിന്റെ ഈ പ്രാധാന്യത്തെക്കുറിച്ച് തന്നെയായിരിക്കണം. സുഖനിദ്രയില്‍ 'സുബ്‌ഹ്' ഒഴിവാക്കുന്നവര്‍ക്കും ആലസ്യത്തെ അതിജയിക്കാനാവാതെ 'അസര്‍' ഉപേക്ഷിക്കുന്നവര്‍ക്കും ഇസ്രാഉം മി‌അ്‌റാജും മനസ്സിന്ന് പുതിയ ഊര്‍ജ്ജം നല്‍കേണ്ടതുണ്ട്. പ്രവാചകന്‍ (സ) തന്റെ അവസാന വേളയില്‍ സമുദായത്തെ ഓര്‍മ്മപ്പെടുത്താനാഗ്രഹിച്ച കാര്യമാണ്‌ നിസ്ക്കാരം. 

എന്നാല്‍, ഇത്തരം ഓര്‍മ്മപ്പെടുത്തലുകളൊന്നുമില്ലാതെ ഇസ്രാഇന്റെയും മി‌അ്‌റാജിന്റെയും കേവലചരിത്രം പറയുന്നതിലോ, പ്രവാചകന്‍ സഞ്ചരിക്കാനുപയോഗിച്ച ബുറാഖിന്റെ രൂപവും ഭംഗിയും  അറിഞ്ഞിരിക്കുന്നതിലോ പ്രത്യേകമായി ഒരു ഗുണമുണ്ടെന്ന് തോന്നുന്നില്ല.

 ഈ വിഷയത്തില്‍ പണ്ഢിതന്മാര്‍ എന്തു പറയുന്നു ?
ഈ സംഭവം നടന്നത് റജബ് ഇരുപത്തിയേഴിന്‌ തന്നെയാണെന്ന് സമര്‍ത്ഥിക്കുന്ന പ്രബലമായ ഹദീസുകളൊന്നും ലഭ്യമല്ല എന്നതാണ്‌ സത്യം. മാത്രമല്ല, അന്നേ ദിവസം നോമ്പ് സുന്നത്താണെങ്കില്‍ അത് ഹദീസുഗ്രന്ഥങ്ങളില്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ടതാണ്‌. കാരണം, ഖുര്‍‌ആന്‍ സൂചിപ്പിച്ച ഒരു സംഭവം നടന്ന ദിവസവും, സമുദായം ഏറ്റവും പ്രാധാന്യത്തോടെ നിര്‍‌വ്വഹിക്കേണ്ട നിസ്ക്കാരം നിര്‍ബന്ധമാക്കപ്പെട്ട ദിവസവുമാണതെന്ന നിലയില്‍ വലിയ പ്രാധാന്യമാണതര്‍ഹിക്കുന്നത്. നബി (സ) ആ ദിവസത്തില്‍ നോമ്പ് നോറ്റെന്നോ, നോല്‍ക്കാന്‍ ആവശ്യപ്പെട്ടുവെന്നോ ഉള്ള തെളിവുകളോ, ഇസ്ലാമിലെ കര്‍മ്മങ്ങളെന്തും ആവേശത്തോടെ നടപ്പിലാക്കാന്‍ എന്നും മുന്നിട്ടിറങ്ങിയ ഖുലഫാഉര്‍ റാഷിദുകളോ മറ്റു സ്വഹാബാക്കളോ അത് ജീവിതത്തില്‍ നടപ്പില്‍ വരുത്തിയതിന്റെ തെളിവുകളോ നമുക്ക് ലഭ്യമായേനേ.

എന്നാല്‍ ഈ വിഷയത്തില്‍ സ്ഥിരപ്പെട്ട ഹദീസുകളൊന്നും ലഭ്യമല്ല എന്നു മാത്രമല്ല  അങ്ങനെ നിര്‍‌വ്വചിക്കുന്ന ഹദീസുകളൊന്നും സ്വീകാര്യ യോഗ്യമല്ലെന്ന് പണ്ഢിതന്മാര്‍ അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് ഹാഫിള്‌ ഇബ്നു ഹജര്‍ തന്റെ "തബ്‌യീനുല്‍ ഉജുബ് ഫീമാ വറദ ഫീ ശഹ്‌രി റജബ്" എന്ന ഗ്രന്ഥത്തില്‍ പേജ് 6, 8 തുടങ്ങിയ സ്ഥലങ്ങളില്പറയുന്നുണ്ട്.

ഇസ്രാ‌ഉം മി‌അ്‌റാജും റജബ് ഇരുപത്തിയേഴിനു തന്നെയാണെന്ന വാദം തന്നെ പണ്ഢിതന്മാര്‍ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയതാണ്‌. ഇബ്‌നു റജബ് തന്റെ ‘ലത്വാ‌ഇഫുല്‍ മ‌ആരിഫ്’ എന്ന ഗ്രന്ഥത്തില്‍ പറയുന്നത് കാണുക: “റജബ് മാസത്തില്‍ മഹത്തരമായ സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അതൊന്നും ശരിയല്ല. പ്രവാചകന്‍ (സ) അതിലെ ആദ്യത്തെ രാത്രിയിലാണ്‌ ജനിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ഖാസിം ബിന്‍ മുഹമ്മദില്‍ നിന്നും സ്വീകാര്യമല്ലാത്ത പരമ്പരയിലൂടെ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്: "പ്രവാചകന്റെ  ഇസ്‌റാ‌ റജബിലെ ഇരുപത്തിയേഴിലായിരുന്നു". എന്നാല്‍ ഇബ്രാഹീം അല്‍ ഹര്‍ബിയും മറ്റുള്ളവരും അത് നിഷേധിച്ചിട്ടുണ്ട്.”

"സാദുല്‍ മ‌ആദ്" എന്ന ഗ്രന്ഥത്തില്‍ (1/275) ഇബ്നുല്ഖയ്യിമും "ഫത്ഹുല്ബാരീ" എന്ന ഗ്രന്ഥത്തില്‍ (7/242-243) ഇബ്നു ഹജറും ഇത് പറയുന്നുണ്ട്.

റജബ് മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച്ച "റഗാ‌ഇബ്" എന്ന പേരില്‍ പ്രത്യേക നിസ്ക്കാരം ഉള്ളതായി വന്ന ഹദീസുകളും തള്ളപ്പെടേണ്ടതാണെന്ന് രണ്ടാം ശാഫി‌ഈ എന്നറിയപ്പെടുന്ന ഇമാം നവവി അഭിപ്രായപ്പെട്ടിട്ടുണ്ട്. അദ്ദേഹം പറയുന്നത് കാണുക "അത് ശക്തമായി എതിര്‍ക്കപ്പെടേണ്ടതും മോശമായ അനാചാരവുമാണ്‌; നിശിദ്ധങ്ങളുടെ ഗണത്തില്‍ പെടുത്തേണ്ടത്. അത് ഉപേക്ഷിക്കുകയും, അവഗണിക്കുകയും, അത് ചെയ്യുന്നവനെ തടയുകയും വേണം." (ഫതാവാ ഇമാം നവവി- 57).

ഇബ്‌നു റജബ് പറയുന്നു: "റജബ് മാസത്തില്‍ പ്രത്യേക നമസ്ക്കാരം ഉള്ളതായി പറയപ്പെടുന്നതൊന്നും ശരിയല്ല. റജബ് മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച്ച രാത്രി "സ്വലാതു റഗാ‌ഇബ്" (റഗാ‌ഇബ് നമസ്ക്കാരം) എന്നതിന്റെ പ്രത്യേകതയെക്കുറിച്ച് പരാമര്‍ശിക്കുന്ന ഹദീസുകളെല്ലാം കള്ളവും നിരര്‍ത്ഥകവുമാണ്‌. അധിക പണ്ഢിതന്മാരും ഇത് ബിദ്‌അത്ത് (അനാചാരം) ആണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. മുന്‍‌ഗാമികളായ പണ്ഢിതന്മാര്‍ ഇതിനെക്കുറിച്ച് ഒന്നും പരാമര്‍ശിക്കാത്തതു തന്നെ ഇത് ഹിജ്‌റ നാന്നൂറിന്ന് ശേഷമാണ്‌ കടന്നുവന്നതു എന്നതിനാലാണ്‌. റജബ് മാസത്തില്‍ പ്രത്യേകമായി നോമ്പ് നോല്‍ക്കുന്നതിനെക്കുറിച്ച് പ്രവാചകനില്‍ നിന്ന് സ്പഷ്ടമായി ഒരു ഹദീസും ഉദ്ധരിക്കപ്പെട്ടിട്ടില്ല"- ലത്വാ‌ഇഫുല്‍ മ‌ആരിഫ്’- 228

ഇമാം ത്വര്‍തൂശി തന്റെ 'അല്‍ ഹവാദിസു വല്‍ ബിദ‌ഉ' എന്ന ഗ്രന്ഥത്തില്‍ പതിമൂന്നാമത്തെ അദ്ധ്യായത്തില്‍ 'റജബ്' മാസത്തെയും അതിനെ പ്രത്യേകമാക്കുന്നതിനെതിരയുള്ള തെളിവുകളെയും പരാമര്‍ശിക്കുന്നുണ്ട്. റജബ് ഇരുപത്തി ഏഴിനെക്കുറിച്ച് ഒരു ഹദീസു പോലും അവിടെ വിവരിക്കുന്നില്ല. എന്നാല്‍ ഇങ്ങനെയൊരു ഹദീസ് അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്:- "ആയിശയില്‍ നിന്നും മാലികും ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്യുന്നു: നബി (സ) ഒരു മാസത്തെയും നോമ്പ് കൊണ്ട് പ്രത്യേകമാക്കിയിരുന്നില്ല".

തെളിവുകളെല്ലാം ഉദ്ധരിച്ച ശേഷം അവസാനം അദ്ദേഹം പറയുന്നു: "ഈ തെളിവുകളെല്ലാം അറിയിക്കുന്നത് ജനങ്ങള്‍ റജബിനെ മഹത്വവല്‍ക്കരിക്കുന്നതായി സ്വീകരിക്കുന്നതെല്ലാം തന്നെ, ജാഹിലിയ്യാ കാലത്തെ ആചാരങ്ങളുടെ അവശേഷിപ്പുകളാണ്‌ എന്നതത്രെ"- അല്‍ഹവാദിസു വല്‍ ബിദ‌ഉ- 141

ചുരുക്കത്തില്‍ റജബ് മാസവുമായി ബന്ധപ്പെടുത്തി പ്രത്യേക ആചാരങ്ങളെല്ലാം ഇസ്ലാമിന്റെ പൂര്‍ത്തീകരണത്തിന്‌ ശേഷമുണ്ടായതും അതു കൊണ്ടു തന്നെ അവ തള്ളപ്പെടേണ്ടതുമാണ്‌.

ദുല്‍‌ഖ‌അ്‌ദ്, ദുല്‍‌ഹിജ്ജ, മുഹറം എന്നീ തുടര്‍ച്ചയായ മൂന്ന് മാസങ്ങളും റജബ് മാസവും പവിത്രങ്ങളാക്കുകയും യുദ്ധം വിലക്കുകയും ചെയ്തതിന്ന് ഖുര്‍‌ആനും ഹദീസും തെളിവാണ്‌. എന്നാല്‍ റജബുമായി ബന്ധപ്പെടുത്തിയ ആരാധനകളെല്ലാം അടിസ്ഥാന രഹിതമാണ്‌.

ആയിശയില്‍ നിന്നും നിവേദനം ചെയ്യപ്പെടുന്ന ഒരു ഹദീസില്‍ പ്രവാചകന്‍ ഇപ്രകാരം പറയുന്നു : "നമ്മുടെ ഈ കാര്യത്തില്‍ (ദീനില്‍/മതത്തില്‍) ആരെങ്കിലും വല്ലതും പുതുവായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാകുന്നു." (ബുഖാരി, മുസ്ലിം)

ഖുര്‍‌ആന്‍ പറയുന്നു: "ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു"- സൂറഃ മാ‌ഇദ- 3

ഇസ്ലാമിലെ കര്‍മ്മങ്ങളെല്ലാം പ്രവാചകന്റെ കാലഘട്ടത്തു തന്നെ പൂര്‍ണ്ണമായും വിവരിക്കപ്പെട്ടിട്ടുണ്ട്. അതിനു ശേഷമുണ്ടാക്കപ്പെട്ടതെല്ലാം അനാചാരങ്ങളാണ്‌. ഉള്‍ക്കൊള്ളാന്‍ പറ്റുന്നവര്‍ക്ക് ഉള്‍ക്കൊള്ളുകയും അല്ലാത്തവര്‍ക്ക് തള്ളുകയുമാകാം. എങ്ങനെയായാലും ഇസ്ലാം അല്ലാഹുവും റസൂലും പഠിപ്പിച്ചതു മാത്രം.

Monday, June 21, 2010

ഫേസ്ബുക്കില്‍ ഒരു സുഹൃത്ത് എന്നെ ടാഗ് ചെയ്ത ഒരു നോട്ടില്‍ ആകെ പരിതപിക്കുന്നത് മുച്ചീട്ടു കളിക്കാരും പിമ്പുകളും തട്ടിപ്പറിക്കുന്നവരും എന്തു കൊണ്ട് "നമ്മുടെ സമുദായത്തിലെ" അംഗങ്ങള്‍ മാത്രമാവുന്നുവെന്നാണ്‌. മതവിദ്യാഭ്യാസം ആവശ്യത്തിന്‌ ലഭിക്കുന്ന സമുദായമായിരുന്നിട്ടും എന്തു കൊണ്ട് ഇത്തരം നീചന്മാര്‍ നമ്മുടേതു മാത്രമായി ഉല്പ്പാദിപ്പിക്കപ്പെടുന്നു എന്നാണ്‌.

ആദ്യമായി ഇതൊരു ഉപരിപ്ലവമായ നോട്ടും കമന്റ്സുമായിപ്പോയി എന്ന് തന്നെയാണെന്റെ നിരീക്ഷണം. ഇസ്ലാം മതത്തിലെ അംഗങ്ങളുടെ പേരുകള്‍ കുറ്റവാളികള്‍ക്കിടയില്‍ വായിക്കേണ്ടി വരുന്നത് എന്തു കൊണ്ടെന്ന ചര്‍ച്ച ഈയൊരു സാഹചര്യത്തില്‍ ഒരു ഫേസ്ബുക്ക് നോട്ടില്‍ ഇത്തരത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌ ഒരു സദുദ്യമമോ സാന്ദര്‍ഭികമായതോ ആയി തോന്നിയില്ല. അദ്ദേഹം, താന്‍ പരിതപിക്കുന്ന സമുദായത്തിലെ അംഗം തന്നെയാണെന്ന നിലയില്‍ സംസാരിക്കുമ്പോള്‍ ഇതൊരു പൊതുചര്‍ച്ചയില്‍ പരിഹരിക്കാവുന്ന വിഷയമാണെന്ന് ധരിക്കുന്നതും ശരിയല്ല.


മറ്റൊരു തരത്തില്‍, കണ്‍‌തുറന്നു നോക്കിയാല്‍ സമൂഹത്തിലെ കുറ്റവാളികളെ മതത്തിന്റെ ലേബലില്‍ കാണുന്നത് വിഡ്ഢിത്തമാണെന്നതാണ്‌ യാഥാര്‍ത്ഥ്യം. കാരണം, മതം എന്നും മനുഷ്യന്റെ നന്മയ്ക്കായിട്ടാണ്‌ പ്രബോധനം ചെയ്യപ്പെട്ടിട്ടുള്ളത്; അതേത് മതമായാലും. ഒരാള്‍ ഒരു മതത്തിലെ അംഗമാവുന്നത് ഏതെങ്കിലുമൊരു അംഗത്വപത്രം പൂരിപ്പിച്ചു കൊടുത്തിട്ടല്ല. മറിച്ച്, ആ മതം മുന്നോട്ടു വെക്കുന്ന ആശയങ്ങളെ പുല്‍കുകയും അതിന്റെ വെളിച്ചത്തില്‍ ജീവിച്ചു കൊണ്ടിരിക്കുമ്പോഴുമാണ്‌ ഒരു വ്യക്തി ആ മതത്തിന്റെ മുദ്ര ചാര്‍ത്തപ്പെടുന്നത്.

അതു കൊണ്ടു തന്നെ ഒരു മതത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ അതിന്റെ ലേബല്‍ ചുമക്കുന്നവരെ പഠിക്കുന്നതിനേക്കാള്‍, പ്രമാണങ്ങളില്‍ നിന്ന് പഠിക്കുന്നതായിരിക്കും ഉത്തമം. മതത്തിന്റെ അനുയായികളില്‍ തന്നെ സച്ചരിതരായ വ്യക്തിത്വങ്ങളില്‍ മതം എങ്ങനെ സ്വാധീനിച്ചിരുന്നുവെന്നും, അവരുടെ ജീവിതത്തിലേക്ക് മതമൂല്യങ്ങളുടെ പ്രഭ ഏതു വിധത്തിലാണ്‌ തുണയായതെന്നും പഠിക്കുകയാണെങ്കില്‍ കുറച്ചെങ്കിലും കാര്യങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ സാധിക്കുകയും ചെയ്യും. നേരെ മറിച്ച് ഈ മതത്തിന്റെ അനുയായിയാണെന്ന് പറയുകയും, എന്നാല്‍ മതം പറയുന്ന മൂല്യങ്ങളൊന്നും ജീവിതത്തില്‍ പ്രകടിപ്പിക്കാതിരിക്കുകയും, പകരം സകല തോന്നിവാസങ്ങളും ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്ന വ്യക്തിയില്‍ മതത്തെ ദര്‍ശിക്കാനാവില്ലല്ലോ..

ഫുട്‌ബോളിന്റെ ചരിത്രം പഠിക്കുമ്പോള്‍ ഇന്ത്യയില്‍ നിന്ന് തുടങ്ങുകയോ, ഇന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയോ ചെയ്യുന്നത്, ക്രിക്കറ്റിനെക്കുറിച്ചറിയാന്‍ അഫ്‌ഗാനിസ്ഥാനിലേക്ക് പോകുന്നത് ഒക്കെപ്പോലെയാണത്. എന്നാല്‍ ഇന്ത്യയില്‍ ഫുട്‌ബോളും അഫ്ഗാനിസ്ഥാനില്‍ ക്രിക്കറ്റും അതിന്റെ എല്ലാ ആവേശത്തോടെയും കളിക്കപ്പെടുന്നുമുണ്ട്.


ഇനി, മുസ്ലിംകള്‍ മാത്രമാണീ കുറ്റകൃത്യങ്ങളില്‍ പ്രധാനികള്‍ എന്ന് ധരിക്കുന്നതിലെ പിഴവിനെക്കുറിച്ച് പറയുമ്പോള്‍ മനസ്സിലാക്കേണ്ട മറ്റൊരു വസ്തുതയുണ്ട്. സത്യത്തില്‍ മുസ്ലിംകളിലെ കുറ്റകൃത്യങ്ങള്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയാണ്‌ ചെയ്യുന്നത്. സ്വന്തം പേരിന്റെയൊപ്പം "ഹാജി" എന്ന് വാലുള്ള ഒരു വ്യക്തിയെ കള്ളനോട്ടിന്റെയോ മറ്റോ കേസില്‍ പിടിക്കപ്പെട്ടപ്പോള്‍, യാതൊരു ദാക്ഷിണ്യവുമില്ലാതെ ഒരു അമുസ്ലിം സുഹൃത്ത് "ഹും! ഹാജിയാണത്രെ! കള്ളനോട്ടിന്റെയാണ്‌ പണി!" എന്ന് കമന്റ് പറഞ്ഞത് ഞാനോര്‍ക്കുന്നു. കള്ളുകച്ചവടത്തിലും പെണ്‍‌വാണിഭത്തിലും പിടിച്ചു പറിയിലുമെല്ലാം പിടിക്കപ്പെടുന്ന പ്രതികളിലാരെങ്കിലും മുസ്ലിം വിഭാഗത്തില്‍ പെട്ടവനാണെങ്കില്‍ അതിന്ന് കൂടുതല്‍ ശ്രദ്ധ കൈവരുന്നത് ഒരു പച്ചപ്പരമാര്‍ത്ഥമാണ്‌. ‍എന്താണിതിനു കാരണം ?

ഇസ്ലാം എന്ന ജീവിത വ്യവസ്ഥമനുഷ്യന്‍ അക്രമിയാവുന്നതിന്റെ, നീചമായ ചിന്തകളുടെ, കുറ്റകൃത്യങ്ങളുടെയെല്ലാം വാതിലുകള്‍ ശക്തമായി കൊട്ടിയടക്കുന്നു. മോശമായത് ചിന്തിക്കുന്നത് പോലും അത് തടയുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും തികഞ്ഞ സൂക്ഷ്മത പുലര്‍ത്താന്‍ അതാവശ്യപ്പെടുന്നു. സ്രഷ്ടാവിനെ സൂക്ഷിക്കാന്‍ പറഞ്ഞ ഇസ്ലാം സൃഷ്ടികളോടുള്ള ഇടപാടിനെക്കുറിച്ചും ശക്തമായി താക്കീതു ചെയ്യുന്നു. സമ്പത്ത് മനുഷ്യന്റെ നിലനില്പ്പാണെന്ന് പ്രഖ്യാപിക്കുമ്പൊഴും അതില്‍ അണുമണിത്തൂക്കം അനര്‍ഹമായത് കടന്നു കൂടാതിരിക്കാന്‍ ഓര്‍മ്മിപ്പിക്കുന്നു. മുള്ളു വിതറപ്പെട്ട വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ കാലുകളെടുത്തു വെക്കുന്ന ജാഗ്രത പോലെ ജീവിതത്തില്‍ ഗൗരവപ്പെടാന്‍ അതാവശ്യപ്പെടുന്നു.

ഇങ്ങനെയുള്ള ജീവിതവ്യവസ്ഥയില്‍ അംഗമായിരിക്കുമ്പോഴും നീചകൃത്യങ്ങളില്‍ അഭിരമിക്കുന്നവര്‍ എങ്ങനെയാണ്‌ ശ്രദ്ധിക്കപ്പെടാതിരിക്കുക ? ഒരു മനുഷ്യന്‍ ജീവിതത്തില്‍ പുലര്‍ത്തേണ്ട എല്ലാ മര്യാദകളും പഠിപ്പിക്കപ്പെട്ടിട്ടും വഴിതെറ്റിപ്പോവുന്നവര്‍ എങ്ങനെയാണ്‌ കുറ്റം പറച്ചിലുകള്‍ ഏല്‍ക്കാതിരിക്കുക ? ഇതു തന്നെയാണ്‌ സംഭവിക്കുന്നതും.

ഞങ്ങളുടെ ഓഫീസില്‍ നിത്യ സന്ദര്‍ശകനായിരുന്ന, നന്നായി ഹിന്ദിയറിയാവുന്ന, ഉമര്‍ എന്നു പേരായ, മുസ്ലിമായ ഒമാനിയോട് ഉത്തര്‍പ്രദേശുകാരനായ, ഹിന്ദുവായ, ജയ്കിഷന്‍, അവര്‍ തമ്മില്‍ തമാശ പറഞ്ഞിരിക്കുന്നതിനിടെ ഒരിക്കല്‍ ചോദിക്കുന്നതു കേട്ടു: "തും മുസല്‍‌മാന്‍ ഹേ, ഫിര്‍ ഭീ തും ഛൂട് ബോല്‍‌താ ഹേ ?" (നീ മുസ്ലിമാണല്ലോ, എന്നിട്ടും നീ കളവ് പറയുന്നോ). മുസ്ലിമായ ഉമറിന്ന് കളവ് പറയാന്‍ പാടില്ലെന്ന് ഹിന്ദുവായ ജയ്കിഷന്ന് ബോധ്യമുണ്ട്. അതാണവന്റെ ആശ്ചര്യവും. എന്നിട്ടും ഈ ബോധ്യമില്ലാത്ത ഒരു പാട് ഉമറുമാര്‍ സമുദായത്തില്‍ ജീവിക്കുന്നുണ്ടെന്നതു തന്നെയാണിതിലെ പ്രശ്നവും.


Wednesday, June 2, 2010

ഒരു വ്യക്തിയുടെ ജീവിതയാത്രയുടെ സുഖവും സന്തോഷവും നിറഞ്ഞ വഴിത്തിരിവാണ്‌ കല്യാണം. ഇനിയുള്ള യാത്രയില്‍ കൈകോര്‍ത്ത് കൂടെ നടക്കാനും അനുഭവങ്ങളുടെ തീക്ഷ്ണതയിലും കുളിര്‍മ്മയിലും ഒരുപോലെ പങ്കു ചേരാനും ഒരിണ വന്നു ചേരുന്ന മുഹൂര്‍ത്തമാണത്. ഓരോ മാത്രയിലും പരസ്പരം ശ്രദ്ധിക്കാനും പരിചരിക്കാനും മാനസികമായും ശാരീരികമായും സമീപത്തുണ്ടാവുന്ന ഇണകള്‍ക്ക് അനുഭവവേദ്യമാകുന്ന നിര്‍‌വൃതി ജീവിതത്തിന്റെ മറ്റ് മുഹൂര്‍ത്തങ്ങള്‍ക്ക് നല്‍കാനാവില്ല. അതു കൊണ്ടൊക്കെത്തന്നെ ഈയൊരു ചടങ്ങ് അതിന്റെ എല്ലാ പ്രാധാന്യത്തോടെയുമാണ്‌ നടത്തപ്പെടാറ്. അയല്‍ക്കാരെയും ബന്ധുക്കളെയും കൂട്ടുകാരെയും പരിചയക്കാരെയുമെല്ലാം ഈ സന്തോഷത്തിലേക്ക് നമ്മള്‍ ക്ഷണിക്കുകയും സ്വീകരിക്കുകയും ചെയ്യാറുണ്ട്. പുതുവസ്ത്രങ്ങളും സുഗന്ധങ്ങളും കൊണ്ട് നാം അലങ്കാരം ചമയ്ക്കാറുണ്ട്. പന്തലും പാട്ടും മൈലാഞ്ചിയും ഒപ്പനയും വിഭവസമൃദ്ധമായ ഭക്ഷണവും കൊണ്ട് നമ്മള്‍ കല്യാണം കെങ്കേമമാക്കാറുണ്ട്. സാധ്യമാകുന്ന എല്ലാ ആഘോഷത്തിമിര്‍പ്പുകളും കല്യാണത്തിന്റെ ഭാഗമാക്കാന്‍ നാം പ്രത്യേകം ശ്രദ്ധിച്ചു വരാറുണ്ട്.

സന്തോഷത്തിന്റെ ഈ നിമിഷങ്ങളെ സ്നേഹത്തിന്റെ കൂട്ടായ്മ കൊണ്ടും കുടുംബ ബന്ധങ്ങളുടെ കിലുങ്ങുന്ന ചങ്ങലക്കണ്ണികള്‍ കൊണ്ടും അലങ്കരിക്കപ്പെടുമ്പോഴാണ്‌ അതിന്‌ കൂടുതല്‍ ഭംഗി കൈവരുന്നത്. അവരൊക്കെയും നല്‍കുന്ന സ്നേഹാശ്ലേഷണങ്ങള്‍ക്ക് പ്ലാസ്റ്റിക് പൂക്കളേക്കാള്‍ മൃദുലതയുണ്ട്. കുടുംബസുഹൃത്തുക്കള്‍ ചുറ്റുമിരുന്ന് കൈകൊട്ടിപ്പാടുന്ന ഇശലുകള്‍ക്ക്, ഗാനമേളക്കാരന്റെ ശബ്ദസാന്നിദ്ധ്യത്തേക്കാള്‍ ഇമ്പമുണ്ട്. ഉറ്റചങ്ങാതിമാര്‍ വന്ന് കയ്യില്‍ വിരിയിക്കുന്ന മൈലാഞ്ചിവരകള്‍ക്ക് ഹൃദയബന്ധത്തിന്റെ നറുമണമുണ്ട്. പിഞ്ചു കുഞ്ഞുങ്ങള്‍ കൈകൊട്ടിപ്പാടുന്ന ഒപ്പനപ്പാട്ടുകള്‍ക്ക് ഒരായുസ്സു മുഴുവന്‍ ഓര്‍ത്തുവെക്കാനുള്ള ഓമനത്തവുമുണ്ട്.

ഇത്തരം നിര്‍‌മ്മലമായ ആനന്ദങ്ങള്‍ക്കപ്പുറത്ത് പൊള്ളയായ നിലവാരത്തിന്റെയും ഇല്ലാത്ത പണക്കൊഴുപ്പിന്റെയും നിറം ചാര്‍ത്തി ഇതാഘോഷിക്കാനാണ്‌ പലരും ഇന്ന് കാണിക്കുന്ന പ്രവണത. ജീവിതത്തിന്റെ ഒരാവശ്യം നിറവേറുന്നതിന്ന്, സ്വന്തം നിലവാരവും പരിമിതിയും എത്രയാണെന്നുള്‍ക്കൊള്ളാതെ സമൂഹത്തിന്ന് മുമ്പില്‍ മുഖം‌മൂടിയണിയുന്ന കോമാളികളാകാനാണ്‌ പലര്‍ക്കും താല്പര്യം.


ഒരനുഭവം പറയാം. ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തി കല്യാണമൊക്കെ കഴിച്ച് കുറച്ച് നാള്‍ താമസിച്ച് തിരിച്ചെത്തിയതിന്ന് ശേഷം സുഹൃത്തുക്കളെ കണ്ടു മുട്ടുമ്പോഴും വിശേഷം പങ്കുവെക്കുമ്പോഴുമെല്ലാം സ്വാഭാവികമായും കല്യാണത്തെക്കുറിച്ച് ചോദിക്കാറുണ്ട്, . അങ്ങനെയൊരിക്കല്‍ ഒരു സുഹൃത്തുമായി സംസാരിക്കുന്നതിനിടയില്‍ ഞാന്‍ തിരിച്ച് ചോദിച്ചു.

"നാട്ടില്‍ പോയി ഒരു കല്യാണമൊക്കെ കഴിക്കണ്ടേ, കുറെ കാലമായില്ലേ വന്നിട്ട്..?"

സുഹൃത്ത്: "ഉം.. വേണം.. നാട്ടില്‍ കല്യാണം എന്നൊക്കെ പറഞ്ഞാല്‍ എന്ത് ചെലവാ.. ഒരു ആറേഴ് ലക്ഷമൊക്കെ വേണ്ടേ ഇതൊന്ന് നടന്നു കിട്ടാന്‍.."

ഞാന്‍: "ഉം.. എല്ലാരും ചെയ്യുമ്പോലെയൊക്കെ വേണം എന്നു വെച്ചാല്‍ അത്രയൊക്കെ വേണ്ടി വരും. ആവശ്യത്തിന്‌ മാത്രം മതി എല്ലാം എന്നു കരുതിയാല്‍ ഒരു പ്രശ്നവുമില്ല"

സുഹൃത്ത്: "നിനക്ക് എത്ര ചെലവായി..?"

ഞാന്‍ ചെലവായ തുക പറഞ്ഞു കൊടുത്തു.

"പൊന്ന് വാങ്ങിയതൊക്കെ കൂട്ടിയോ" എന്ന് ആശ്ചര്യത്തോടെ ചോദിച്ച അവനോട് "എല്ലാം ചേര്‍ത്ത്" എന്ന് ഞാന്‍ മറുപടി പറഞ്ഞു. എത്രയാ പൊന്ന് മേടിച്ചത് എന്ന് അവന്‍ ചോദിക്കുകയോ ഞാന്‍ പറയുകയോ ചെയ്തില്ല. ഞാന്‍ ആള്‌ ശരിയല്ലെന്ന് അവന്‌ തോന്നിക്കാണണം.

പിന്നെയവന്‍ സാവകാശം ഒരു കാര്യം പറഞ്ഞു: "എന്നാലും ഒരു നൂറു പവനൊക്കെ അവര്‍ ഇങ്ങോട്ട് തരുമ്പോ ഒരു ഇരുപത്തഞ്ചെങ്കിലും നമ്മള്‍ അങ്ങോട്ടു കൊടുക്കണ്ടേ..?" ന്യായമായ അവന്റെയീ സംശയം കേട്ട് ഞാന്‍ "പിന്നേ.. അതു വേണം" എന്നു പറഞ്ഞ് ആ സംഭാഷണം തുടരുന്നതില്‍ വിമുഖത കാണിച്ചു.

നോക്കണം, ഇരുപത്തിയഞ്ചു പവന്‍ ഉണ്ടാക്കിയെടുക്കുന്നതില്‍ വേവലാതി പൂണ്ട് കാലങ്ങളായി മരുഭൂമിയില്‍ സന്തപ്തനായി കഴിയുന്ന ഇവന്റെ തപ്തമായ തലച്ചോറില്‍, നൂറു പവന്‍ തരണമെന്നിവന്‍ ചിന്തിക്കുന്ന പെണ്ണിന്റെ പിതാവിന്റെ നെഞ്ചിലെ തീയെക്കുറിച്ചുള്ള ചിന്ത ഉയരുന്നേയില്ല. സ്വയം വിഡ്ഢികളായി നമ്മിലെ യുവാക്കള്‍ മാറുകയാണോ, അതോ അഭിനയിക്കുകയാണോ..? എങ്കില്‍ അതിന്റെ പിന്നിലെ ചേതോവികാരമെന്ത്.. ?

ജീവിതത്തെക്കുറിച്ചുള്ള സ്വന്തവും സ്വതന്ത്രവുമായ ഒരു കാഴ്ച്ചപ്പാടില്ലാത്തതാവണം യുവത ഇനിയുമിത്തരം നിരര്‍ത്ഥകതകളില്‍ നിന്ന് മോചിതരാവാത്തത്. അല്ലെങ്കില്‍, പെണ്ണിന്റെ പിതാവ് നെഞ്ചുരുകി, കൈ നീട്ടി ഉണ്ടാക്കിയ കാശും പൊന്നും കൊണ്ട് സ്വന്തം കല്യാണം കെങ്കേമമാക്കുകയും പിന്നീടങ്ങോട്ട് കുറച്ചു കാലം മിനുങ്ങി നടക്കുകയും ചെയ്യുന്ന വൃത്തി കെട്ട ഏര്‍പ്പാട് തുടരില്ലായിരുന്നല്ലോ. എന്റെ വായനയിലെപ്പൊഴോ ഒരിക്കല്‍, പെണ്‍‌മക്കളെ കെട്ടിച്ചയയ്ക്കാന്‍ നിവൃത്തിയില്ലാതെ പള്ളിയിലും അന്യനാടുകളിലും സ്വന്തം ജമാ‌അത്തില്‍ നിന്ന് കത്തുമായി വരുന്ന പിതാവിന്റെ അവസ്ഥയെ ഒരെഴുത്തുകാരന്‍ താരതമ്യപ്പെടുത്തിക്കണ്ടതിങ്ങനെയാണ്‌; സാധാരണയായി കൊടുങ്കാറ്റോ പേമാരിയോ ഉരുള്‍‌പൊട്ടലോ പോലെയുള്ള ദുരന്തങ്ങളില്‍ വീടും അഭയവും നഷ്ടപ്പെട്ട പാവങ്ങള്‍ സ്വന്തം നാട്ടില്‍ നിന്നും സാക്ഷ്യപത്രവുമായി മറുനാട്ടില്‍ എത്തിച്ചേരാറുണ്ട്. ഇതു പോലെയൊരു ദുരന്തമാണ്‌ തന്റെ പെണ്‍‌മക്കള്‍ എന്ന് ഒരു പിതാവിന്ന് തോന്നുന്ന സാമൂഹികാവസ്ഥയേക്കാള്‍ നമുക്ക് മറ്റേതു രീതിയിലാണധഃപതിക്കാനാവുക..? അദ്ദേഹത്തിന്റെ കണ്ടെത്തല്‍ എത്ര അര്‍ത്ഥവത്താണ്‌ ! അന്ധകാരം നിറഞ്ഞ ആറാം നൂറ്റാണ്ടിന്റെ ഇരുളില്‍ സ്വന്തം പെണ്‍‌മക്കളെ കുഴിച്ചുമൂടാന്‍ മാത്രം അധഃപതിച്ച പിതാക്കള്‍ ജീവിച്ചിരുന്ന ഒരു സമൂഹത്തിന്ന്, തലചായ്ക്കാന്‍ തണലും മുറുകെപ്പിടിക്കാന്‍ മൂല്യവും അടിയുറച്ചു നില്‍ക്കാന്‍ ആദര്‍ശവും നല്‍കി വളര്‍ത്തിയെടുത്ത ഒരു സമൂഹത്തിന്റെ പുരോഗതിയാണോ നമ്മളീ കാണുന്നത്..?!

എന്തും ആഘോഷിക്കാനാണ്‌ നമുക്ക് താല്‍‌പര്യം. അതിന്റെ പിന്നിലെ കാരണങ്ങളോ യുക്തിയോ നമുക്ക് വിഷയമാകാറില്ല. പാശ്ചാത്യലോകം കലണ്ടറിലെ ഒരു കോളത്തില്‍ എഴുതിപ്പിടിപ്പിക്കുന്ന ഏത് നാമവും ഏറ്റെടുക്കാനും ആഘോഷിക്കാനും നാമൊരുക്കമാണ്‌. ഒരു മനുഷ്യന്റെ ജനനം മുതല്‍ മരണം വരെയും മരണത്തിന്ന് ശേഷവും നമ്മള്‍ ചടങ്ങും സദ്യയുമൊക്കെയായി ആഘോഷിക്കുന്നു. ജീവിതത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള നമ്മുടെ ഘട്ടങ്ങളെ ഓര്‍ക്കുകയും അതിനെ നമ്മളെങ്ങനെ ആഘോഷിച്ചു തീര്‍ക്കുന്നുവെന്നും ഒന്ന് വിലയിരുത്തി നോക്കുക. പലതും നിരര്‍ത്ഥകങ്ങളാണെന്ന് നിഷ്പക്ഷമായി ചിന്തിച്ചാല്‍ മനസ്സിലാക്കാം. പലരും സ്വന്തം പരിമിതിയെ മറച്ചു വെച്ചു കൊണ്ട് നിലനില്പ്പിന്‌ (?) വേണ്ടി ചടങ്ങുകളൊരുക്കാറുണ്ട്. എന്നിട്ട് നാം തന്നെ നമ്മുടെ ദാരിദ്ര്യത്തെക്കുറിച്ച് വേവലാതിപ്പെടുകയും ചെയ്യുന്നു. സ്വയം കുഴിച്ച് അതിലേക്ക് ചാടി നിലവിളിക്കുന്ന ഒരു രീതി. "എന്റെ ജീവിതത്തിന്റെ അര്‍ത്ഥമെന്ത് ?" എന്നൊരു ചോദ്യം സ്വന്തത്തോട് ഒരിക്കലെങ്കിലും ഒന്ന് ചോദിച്ച് നോക്കുക.

സത്യത്തില്‍ ഈ പ്രവണത അവസാനിപ്പിക്കണമെങ്കില്‍ അത്, ജന്മദിനത്തില്‍ തുടങ്ങേണ്ടി വരും. ആഘോഷപൂര്‍‌വ്വം നാം കൊണ്ടാടുന്ന ജന്മദിനം തന്നെ ആദ്യം ഉപേക്ഷിക്കുക. എന്നിട്ട് മതി ബാക്കിയെല്ലാം.
-------------------------------------------------------------------------------------

31/05/2010 ല്‍  കാസറഗോഡ്‌വാര്‍ത്ത.കോം ല്‍ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

Where I feel poetic

Followers

Popular Posts