Tuesday, October 5, 2010

ലോക അദ്ധ്യാപക ദിനം.


ഇന്നിപ്പോള്‍ എവിടെയാണെന്നറിയില്ലെങ്കിലും, പത്താം ക്ലാസിലെ മുതിര്‍ന്ന പ്രായത്തിലും എന്നെ മകനെന്നു വിളിച്ച് എന്റെ അമ്മയായ് സ്നേഹിച്ചു എന്നെ പഠിപ്പിച്ച ലേഖ ടീച്ചറുടെ വാല്‍സല്യത്തിന്റെ ഒരിക്കലും വിസ്മരിക്കാനാവാത്ത ഓര്‍മ്മയില്‍..

വര്‍ഷങ്ങള്‍ ഒമ്പതാണു കടന്നു പോകുന്നത്..

ഇതിനിടയില്‍ ലേഖ ടീച്ചറെ ഓര്‍ക്കുമ്പോഴെല്ലാം ഒരിക്കല്‍ കൂടി കണ്ടുമുട്ടാനും "എന്റെ മോന്‍ വന്നല്ലോ" എന്ന് ആഹ്ലാദം പൂണ്ട് കൈപിടിച്ച് അടുപ്പിക്കുമ്പോഴുള്ള ഭാവം കാണാനും ഞാനാഗ്രഹിക്കാറുണ്ട്.

പത്താം ക്ലാസിലെത്തുമ്പോഴേക്കും എന്നില്‍ കയറിക്കൂടിയിരുന്ന കുസൃതിക്കാരനില്‍ എന്തു വാല്‍സല്യമാണവര്‍ കണ്ടതെന്നറിയില്ല.

"എന്റെ മകന്‍" എന്ന് എല്ലാവരോടും പരിചയപ്പെടുത്തുമ്പോള്‍ ഞാന്‍ അനുഭവിച്ചിരുന്ന വികാരം അഭിമാനമായിരുന്നോ, അതോ അഹങ്കാരം തന്നെയോ.. അതും അറിയില്ല.

ബി ഡിവിഷനിലെ, നല്ല കുട്ടിയായ ഇസ്മായിലിനെക്കുറിച്ച് "എന്റെ രണ്ടാമത്തെ മകന്‍" എന്നൊരിക്കല്‍ പറഞ്ഞപ്പോള്‍ എനിക്കു കുശുമ്പു തോന്നിയത്, ഞാന്‍ അവരുടെ സ്നേഹത്തിനു മുമ്പില്‍ ഒരു കൊച്ചു കുട്ടിയായിത്തന്നെ മാറിയതു കൊണ്ടായിരിക്കണം.

അമ്മാവന്റെ വാടകവീട്ടില്‍ താമസിക്കുന്ന അവരുടെ ചേച്ചിയുടെ വീട്ടിലിരുത്തി അവര്‍ കെമിസ്‌ട്രിക്കു പുറത്ത് കണക്കും കൂടി പഠിപ്പിച്ച് തന്ന നാളുകള്‍ ഇന്നലെയെന്നതു പോലെ എനിക്കോര്‍ക്കാനാവുന്നു.

അവിടെ ട്യൂഷന്ന് വന്നിരുന്ന നഴ്‌സറി ക്ലാസിലെ കുട്ടിയെ കൊഞ്ചിച്ച് തിരിച്ചെന്റെയടുത്തേക്കു വന്ന ടീച്ചര്‍ "ഓ.. ഇവിടെ ഒരാള്‍ക്ക് കുശുമ്പ് വന്നല്ലോ" എന്നെന്റെ മുഖത്തു നോക്കി കളി പറഞ്ഞതും വെറുതെയായിരിക്കില്ല.

കെമിസ്‌ട്രിയുടെ കട്ടിയായ പാഠങ്ങള്‍ പഠിക്കാതിരിക്കുമ്പോള്‍ കൂടുതല്‍ ദേഷ്യത്തോടെ എന്നെ ശാസിക്കുന്ന ടീച്ചറുടെ മുഖഭാവമെന്നില്‍ നിന്ന് മറയുന്നില്ല.

പറഞ്ഞു പഠിപ്പിച്ച്, ചെവിയില്‍ നുള്ളി, കണ്ണുരുട്ടി എന്നെ അനുസരിപ്പിച്ചു അവര്‍...

സ്ക്കൂള്‍ അവധി ദിവസം അസ്‌മ ടീച്ചറുമൊന്നിച്ച് എന്റെ വീട്ടില്‍ അഥിതിയായി വന്നു അവര്‍..

വെക്കേഷന്ന് സ്വന്തം നാടായ ചേര്‍ത്തലയില്‍ പോയി കുടും‌ബത്തോടൊപ്പമിരിക്കുമ്പൊഴും സ്നേഹമുള്ള ഈ മകന്ന് മുടങ്ങാതെ കത്തുകളയച്ചു..

അവരുടെ വിലാസത്തില്‍ poochakkal എന്ന് ഇം‌ഗ്ലീഷിലെഴുതിയതിനെ "പൂച്ചക്കാല്‍" എന്നു ഞാന്‍ വായിച്ചതു കേട്ട് നിഷ്ക്കളങ്കമായി ചിരിച്ചു..

സ്വന്തം കുഞ്ഞിന് എന്റെ ഫോട്ടോ കാണിച്ച് പേരു പറഞ്ഞു കൊടുത്തു..

പെട്ടെന്ന് നാട്ടില്‍ പോകേണ്ടി വന്ന ദിവസം എന്നെ വിളിച്ച് റെയില്‍വേ സ്റ്റേഷനില്‍ കണ്ടുമുട്ടി യാത്ര പറഞ്ഞു അവര്‍..

അങ്ങനെയൊരു യാത്ര പറച്ചിലിനപ്പുറത്ത് പിന്നെയും കത്തുകള്‍ക്കായി ഞാന്‍ കാത്തിരുന്നു.

സ്ക്കൂളില്‍ പോയപ്പോള്‍ സഹപ്രവര്‍ത്തകരായ അദ്ധ്യാപികമാരോട് അവരെപ്പറ്റി വിവരങ്ങളാരായാന്‍ ശ്രമിച്ചു.

വിദ്യാലയത്തിന്റെ ഓരോ ഓര്‍മ്മകളിലും അവരുടെ ഒരിക്കലും മങ്ങരുതെന്നു ഞാനാഗ്രഹിക്കുന്ന മുഖം എന്റെ മനസ്സില്‍ തെളിഞ്ഞു.

ഇന്നും, എന്റെ മകന്‍ വന്നല്ലോ എന്ന വിളിക്കായി.. ആ പുഞ്ചിരിക്കായി ഞാന്‍ ആഗ്രഹിക്കാറുണ്ട്. പത്താം ക്ലാസിനു ശേഷം എന്റെ ആഗ്രഹമുപേക്ഷിച്ച് ലേഖ ടീച്ചര്‍ പറഞ്ഞ കോഴ്സിന് ഞാന്‍ ചേര്‍ന്നു. ബിരുദമെടുത്തു. എന്നാല്‍, ഞാനാഗ്രഹിച്ചതു പോലെ പിന്നീടൊരിക്കല്‍ ടീച്ചറെ കണ്ടു മുട്ടാനും അന്ന് വിലപിടിപ്പുള്ള എന്തെങ്കിലും സമ്മാനം നല്‍കാനും എനിക്കായില്ലല്ലോ...

ഞാനിപ്പൊഴും കാത്തിരിപ്പാണ്... മനസ്സില്‍ മുഴുവന്‍ വിലമതിക്കാനാവാത്ത സ്നേഹം ഇന്നുമവശേഷിക്കുന്നുവെന്നറിയിക്കാന്‍..

കാട്ടിത്തരുമോ എനിക്കെന്റെ ലേഖ ടീച്ചറെ.. ?

18 വായനകളിങ്ങനെ:

ശിഹാബ് മൊഗ്രാല്‍ said...

എന്റെ മനസ്സില്‍ അമ്മ തന്നെയായിരുന്നു അവര്‍...

പകല്‍കിനാവന്‍ | daYdreaMer said...

ഇതുപോലെ ഒരു ടീച്ചര്‍ എനിക്കും ഉണ്ടായിരുന്നു ശിഹാബ്.. ഹെലെന്‍ ടീച്ചര്‍. ഇനി നാട്ടില്‍ പോകുമ്പോള്‍ പോയി കാണണം.
!

പള്ളിക്കരയില്‍ said...

മാതാപിതാഗുരുദൈവം എന്നാണല്ലോ ആപ്തവാക്യം. ഗുരുവന്ദനം ഉള്ളടക്കാമാക്കിയൊരുക്കിയ ഈ പോസ്റ്റ് സാംസ്കാരിക ഔന്നത്യും പുലരുന്ന മാനസികനിലയുടെ മുഖമുദ്ര തന്നെ. ആശംസകൾ.

യൂസുഫ്പ said...

ആത്മാർത്ഥമായി ആഗ്രഹിച്ചോളു...എന്നെങ്കിലും ഒരിക്കൽ കണ്ടുമുട്ടും.

Gopakumar V S (ഗോപന്‍ ) said...

ഹൃദയസ്പര്‍ശിയായി...
ടീച്ചര്‍ക്കെന്തു പറ്റി ശിഹാബ്?
തീര്‍ച്ചയായും ടീച്ചറെ താമസിയാതെ കാണാന്‍ പറ്റട്ടേ. സ്കൂള്‍ കാലത്തെ ടീച്ചര്‍മാര്‍ ശരിക്കും അമ്മമാര്‍ തന്നെ...
ആശംസകള്‍

Sabu Ismail said...

ഗുരുവന്ദനം വിഷയമാക്കിയ ഈ പോസ്റ്റ്‌ കഴിഞ്ഞു പോയ നല്ല സ്കൂള്‍ ജീവിതത്തെ ഓര്‍മിപ്പിക്കുന്നു! അഭിനന്നനങ്ങള്‍!!!

അപ്പു said...

ഷിഹാബ്‌, നല്ല പോസ്റ്റ്‌.... പക്ഷെ ലേഖ ടീച്ചറുടെ മേല്വിലാസം കണ്ടുപിടിക്കാൻ ഇത്ര പ്രയാസമുണ്ടോ!! ഇനി നാട്ടിൽ പോകുമ്പോൾ ആ സ്കൂളിൽ പോയി പ്രധാനാധ്യാപകനെ കണ്ട്‌ പഴയ രജിസ്റ്റർ ഒന്നെടുത്ത്‌ നോക്കിച്ചാൽ പോരേ, അവിടെ പഠിപ്പിച എല്ലാ അധ്യാപകരുടെയും വിലാസങ്ങൾ കണ്ടുപിടിക്കുവാൻ...?

ശിഹാബ് മൊഗ്രാല്‍ said...

അപ്പു,
ശരിയാണ്‌. ഞാനതാലോചിച്ചതാണ്‌. എന്നാല്‍ ഒരു കത്തെഴുതി പോസ്റ്റ് ചെയ്യാന്‍ പല കാരണങ്ങള്‍ കൊണ്ടും സാധിച്ചില്ല.

k t said...

sorry shihab that i couldn't post in Malayalam right now... I was so impressed by the reading of this article just after unexpectedly receiving one of my students visiting me at my home after a ten year's gap

ഇസ്മായില്‍ കുറുമ്പടി shaisma.co.cc said...

മാതാ-പിതാ-ഗുരു ക്കളോട് ഉള്ള ബഹുമാനം തൊട്ടുകൂട്ടാന്‍ പോലും കിട്ടാത്ത ഈ കലികാലത്ത് ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ പ്രസക്തമാണ്.
ഭാവുകങ്ങള്‍ !
('ബി ഡിവിഷനിലെ, നല്ല കുട്ടിയായ ഇസ്മായിലി'നെക്കുറിച്ച് എഴുതിയപ്പോള്‍ അത് ഞാനാണോ എന്ന തോന്നലുണ്ടായി.)

ഒരു യാത്രികന്‍ said...

എന്റെ മനസ്സും ഒന്ന് വിങ്ങി...എനിക്കുമുണ്ടോ രു ടീച്ചറെ കണ്ടെത്താന്‍.മീനച്ചിലാറിന്റെ തീരത്ത് എവിടെയോ ആണ് വീട് എന്ന് പറഞ്ഞതോര്‍ക്കുന്നു.....സസ്നേഹം

Rahman Chowki said...

ഹൃദയസ്പര്‍ശിയായി.. സ്നേഹം ത്തൂലുംബുന്ന വാക്കുകള്‍ക്കു ആശംസകള്‍..

പാലക്കുഴി said...

ഓര്‍ക്കാന്‍ കൊതിക്കുന്ന ഗുരു ശിഷ്യ ബന്ധം

നൗഷാദ് അകമ്പാടം said...

കാലത്തിന്റെ കുത്തൊഴുക്കില്‍ പിന്നീട് ദൂരയാത്രക്കിടയില്‍ വെച്ച് അവിചാരിതമായ ഒരു കണ്ടുമുട്ടലിനു കാലം ദയ കാണിക്കുമ്പോള്‍ മാഷേ..എന്നെ ഓര്‍മ്മയുണ്ടോ..എന്ന് തുടക്കമിട്ട് സ്നേഹപൂര്‍‌വ്വം സംസാരിച്ച് വിവരങ്ങളന്വേഷിക്കുമ്പോള്‍ കാലം കണക്കു കൂട്ടിയും കുറച്ചും വെട്ടിയും തിരുത്തിയും അലങ്കോലമാക്കിയ ബ്ലാക്ക് ബോഡിനെ പോലെ നിറം മങ്ങി നില്‍ക്കുന്ന അന്നത്തെ ക്രൂരനായ അധ്യാപകന്‍ പതുങ്ങിയ ഒരു ചിരിയില്‍ സംസാരിച്ച് അപരിചിതത്വം മറച്ചു വെച്ച് മെല്ലെ മുന്നോട്ട് നടന്നു മറയുമ്പോള്‍ നാമറിഞ്ഞു പോകുന്നു...

നാലക്ഷരം പഠിപ്പിച്ച ഓരോ അധ്യാപകന്റെയും ചിത്രം എത്ര കാലമായി നാം ചില്ലിട്ട് സൂക്ഷിക്കുന്നുവെന്ന്...
അവരെ ഒരിക്കല്‍കൂടി കണ്ടു മുട്ടി സ്നേഹവായ്പുകള്‍ പങ്കുവെക്കാന്‍ ഹൃദയം കൊതിക്കുന്നുവെന്ന്..
നമ്മുടെ കലാഭിരുചികളെ ഒരു വാക്കുകൊണ്ടെങ്കിലും പ്രോല്‍സാഹിപ്പിച്ച മാഷോട്
"മാഷേ..ഇതെന്റെ സമ്മാന"മെന്നോതി കടല്‍കടന്നെത്തിയ വര്‍ണ്ണപ്പൊതി സന്തോഷത്തോടെ
കൈമാറാന്‍ കൊതിക്കുന്നുവെന്ന്...

അറിയാതെ ഓര്‍ത്ത് പുളകം കൊള്ളുന്നു..
പ്രവാസത്തിന്റെ എണ്ണിയെടുത്ത അവധിനാളുകളിലെ യാത്രക്കിടയില്‍ പോലും
ഓരോ മുഖങ്ങള്‍ക്കിടയിലും നാം കണ്ടെത്താന്‍ കൊതിക്കുന്നുണ്ട്..
ചോദ്യം നാവിന്‍ തുമ്പിലങ്ങനെ തുടിക്കുന്നുമുണ്ട്..

"മാഷേ ..എന്നെ ഓര്‍മ്മയുണ്ടോ..?"
------------------------------

ഇത് ഹംസയുടെ പുതിയ പോസ്റ്റിനു എഴുതിയ കമന്റിന്റെ ഒരുഭാഗം....
ഇവിറെയുംപ്രസക്തമെന്നു തോന്നിയതിനാല്‍ ചേര്‍ക്കുന്നു..
ഗുരുശിഷ്യ ബന്ധത്തിന്റെ മറൊരു മുഖം അവിടെ കാണാം..

താങ്കള്‍ വളരെ നന്നായി എഴുതിഫലിപ്പിച്ചു....
ആശംസകള്‍..!

കാട്ടിപ്പരുത്തി said...

ഇതെന്തേ- ഞാനിതുവരെ വായിക്കാതിരുന്നത്-?!!

തെച്ചിക്കോടന്‍ said...

ഗുരുസ്മരണ നന്നായി, എന്നെങ്കിലും കണ്ടുമുട്ടാന്‍ ഇടവരട്ടെ എന്നാശംസിക്കുന്നു.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഇതുപോലെ ഒരു ടീച്ചര്‍ എനിക്കും ഉണ്ടായിരുന്നു

അബ്ദുള്‍ ജിഷാദ് said...

എന്നെങ്കിലും ഒരിക്കൽ കണ്ടുമുട്ടും...

Where I feel poetic

Followers

Popular Posts