Wednesday, July 14, 2010

പ്രവാചകനെ നിന്ദിച്ചതിന്‌, അദ്ധ്യാപകന്റെ കൈമുറിച്ചു മാറ്റിയ സംഭവത്തില്‍ ഭൂരിഭാഗം മുസ്‌ലിംകളും തങ്ങളുടെ ദുഃഖവും അമര്‍ഷവും രേഖപ്പെടുത്തുകയും, ഇസ്ലാം ഇത്തരം കിരാതനടപടികളെ അംഗീകരിക്കുന്നില്ലെന്ന് പ്രഖ്യാപിക്കുകയും, ഒപ്പം പ്രവാചകന്റെ ക്ഷമയുടെ തീരാത്ത ഉദാഹരണങ്ങളില്‍ നിന്ന് ചിലതെല്ലാം ഉദ്ധരിച്ച് സമൂഹത്തിന്ന് ഇസ്‌ലാമിന്റെ കാഴ്ച്ചപ്പാട് വിവരിച്ചു നല്‍കുകയും ചെയ്യുന്നുണ്ട്. പ്രവാചകന്റെ ശരീരത്തില്‍ കുടല്‍മാല ചാര്‍ത്തിയ വ്യക്തിയെ തിരിച്ച് ആക്രമിക്കാതിരുന്നതും, ചണ്ടികളും ചവറുകളും ശരീരത്തിലും വഴിയിലും വാരിയെറിഞ്ഞിരുന്ന ജൂതസ്ത്രീക്ക് രോഗം വന്നപ്പോള്‍ സന്ദര്‍ശിച്ചതും അത്തരം സംഭവങ്ങളില്‍ ചിലതാണ്‌. എന്നാല്‍ ഈയൊരു വിഷയത്തെപ്പോലും പ്രതിരോധിക്കാനും, പ്രവാചകന്‍ കുടല്മാ്ല ചാര്ത്തി യ വ്യക്തിയോട് പകപോക്കിയിരുന്നുവെന്ന് വരെ തെളിയിക്കാനും പാടുപെടുന്നവരുണ്ടെന്നത് അങ്ങേയറ്റം ഖേദകരം തന്നെ. ഇന്റര്‍നെറ്റിന്റെ വിശാലതയ്ക്കുള്ളില്‍,  ചില വെബ്‌സൈറ്റുകളില്‍ ലേഖനങ്ങള്‍ക്ക് കമന്റായും ഇ-മെയി വഴിയും, മറ്റ് ചര്‍ച്ചകളിലുമെല്ലാം ഏതോ ചില തീവ്രഗ്രൂപ്പുകള്‍ ഇത്തരം വാചകങ്ങള്‍ പടച്ചുവിടുന്നുണ്ട്. പലയിടത്തും കോപ്പി-പേസ്റ്റ് ചെയ്യപ്പെട്ട് കണ്ട ഒരു വാചകമിങ്ങനെ:-

“പ്രവാചകന്‍ മറന്നില്ല കുടല്‍മാല സംഭവം . ആ പ്രവൃത്തി ചെയ്ത ഉഖ്ബത്-ഇബ്നു അബീ മു‌ഈത്തിനെ ബദറില്‍ പിടിച്ചു ആരംബറസൂല്‍ . മറ്റു പലരെയും മോചന ദ്രവ്യം വാങ്ങിയും അക്ഷരം പഠിപ്പിക്കണമെന്ന വ്യവസ്ഥയിലും വെറുതെ വിട്ടപ്പോള്‍ കുടല്‍മാല പ്രതി ഉഖ്ബയെയും പ്രവാചകനെ അധിക്ഷേപിച്ച് കവിത എഴുതിയ നള്റിനെയും വധിക്കാനായിരുന്നു അവിടുന്ന് ഉത്തരവിട്ടത്. ഉഖ്ബ ജീവനു വേണ്ടി കേണപേക്ഷിച്ചപ്പോള്‍, നോക്കി പുഞ്ചിരിക്കുകയായിരുന്നില്ല, പ്രത്യുത 'നിനക്ക് നരകം' എന്ന് അലറുകയായിരുന്നു എക്കാലത്തെയും മാതൃകാ പുരുഷന്‍ ചെയ്തത്.”

ഒരു പൊതുസമൂഹത്തിന്റെ മുമ്പില്‍ പ്രവാചകനെ അവതരിപ്പിക്കുന്ന രീതിയാണീ കണ്ടത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇങ്ങനെയുള്ള പകപോക്കല്‍ നിറഞ്ഞതായിരുന്നോ പ്രവാചകന്റെ ജീവിതം ? വ്യക്തിപരമായ വിദ്വേഷത്തിന്ന് പ്രവാചകന്റെയടുക്കല്‍ സ്ഥാനമുണ്ടായിരുന്നോ ? അദ്ദേഹത്തിന്റെ ജീവിതം തന്നെയാണതിനു മറുപടി തരേണ്ടത്. മുഹമ്മദ് നബി, ഒരു അവഹേളനത്തിന്റെ പേരില്‍ ശിക്ഷ വിധിക്കാന്‍ പുറപ്പെട്ടിരുന്നുവെങ്കില്‍ മക്കയിലെ തന്റെ ആദ്യകാലത്തെ പ്രബോധനജീവിതത്തില്‍ അതിനുവേണ്ടി മാത്രം ഒരുപാട് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയേനേ; ഒളിഞ്ഞും തെളിഞ്ഞും.

"സത്യസന്ധന്‍" എന്ന് സമൂഹമൊന്നടങ്കം മുദ്ര ചാര്‍ത്തിയ ഒരു മനുഷ്യന്‍ ഏകദൈവത്തെക്കുറിച്ച് പ്രബോധനം ചെയ്യാന്‍ വേണ്ടി അവര്‍ക്ക്  മുമ്പില്‍ എഴുന്നേറ്റു നില്‍ക്കുകയും "ആരാധനക്കര്‍ഹന്‍ അല്ലാഹു മാത്രമേയുള്ളൂ" എന്ന് പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ "ഇതിനാണോ നീ ഞങ്ങളെ വിളിച്ചു കൂട്ടിയത് ? നീ നശിച്ചു പോകട്ടെ!" എന്ന് ആക്രോശിച്ച അബൂലഹബിനെ ആക്രമിക്കാന്‍ പ്രവാചകന്‍ പിന്നീട് അണികളുമായി കൂടിയാലോചിച്ചിട്ടില്ല.

തന്റെ വാള്‍‌ ഒരു മരക്കൊമ്പില്‍ തൂക്കിയിട്ട് ഉറങ്ങാന്‍ കിടന്ന മുഹമ്മദിന്റെ (സ) അരികില്‍ ചെന്ന് വാളെടുക്കുകയും "ഇപ്പോള്‍ ആരാണ്‌ നിന്നെ രക്ഷിക്കുക?" എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത അപരിചിതനോട്  "നിന്നില്‍ നിന്ന് എന്നെ അല്ലാഹു രക്ഷിക്കും" എന്ന് പറഞ്ഞ പ്രവാചകന്‍ പിന്നീട് അയാള്‍ക്കെതിരെ ഒരു ഗൂഢനീക്കം നടത്തിയില്ല. ആ മനുഷ്യന്‍ വാളുപേക്ഷിച്ച് നടന്നു നീങ്ങിയെന്ന് ചരിത്രം. (വാള്‍ അറബികളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു; വാളേന്തിയുള്ള നൃത്തം അവരുടെ പൈതൃകമായി ഇന്നും സൂക്ഷിക്കുന്നു)

അനുയായികളോടൊപ്പം നടന്നുപോകുന്ന പ്രവാചകന്റെ ചുമലിലെ തട്ടത്തിന്റെ അറ്റം പിന്നില്‍ നിന്ന് വന്ന ഒരപരിചിതന്‍  ശക്തിയായി പിടിച്ച് വലിച്ചപ്പോള്‍ തിരിഞ്ഞു നോക്കിയ പ്രവാചകന്‍ തന്റെ തട്ടം നേരെയാക്കി അയാള്‍ക്കു നേരെ മന്ദഹാസം തൂകിയത്രെ. "മുഹമ്മദേ, നിന്റെയടുത്തുള്ള, ദൈവം തന്ന സമ്പത്തില്‍ നിന്ന് എനിക്ക് എന്തെങ്കിലും താ" എന്ന് ചോദിച്ച ആ മനുഷ്യന്ന് എന്തെങ്കിലും കൊടുക്കാന്‍ പ്രവാചകന്‍ കൂടെയുള്ളവരോട് ആവശ്യപ്പെട്ടുവെന്ന് ചരിത്രം. പ്രവാചകന്റെ കഴുത്തില്‍ തട്ടം ശക്തിയായി വലിച്ചതിന്റെ അടയാളം കാണാമായിരുന്നുവെന്ന് കൂടെയുള്ളവര്‍ വിവരിക്കുന്നു. കൂടെയുള്ളവരോട് ആ മനുഷ്യനെ തല്ലിക്കൊല്ലാനൊന്നും പ്രവാചകന്‍ കല്‍‌പ്പിച്ചതായി കാണുന്നില്ല.

മക്കക്കാരുടെ പീഢനം സഹിക്കാനാവാതെ ത്വാ‌ഇഫിലെ തന്റെ ബന്ധുക്കളുടെ അടുക്കല്‍ കുറച്ച് ശാന്തി ലഭിക്കുമെന്ന് പ്രതീക്ഷിച്ച് ചെന്ന പ്രവാചകനെ ത്വാ‌ഇഫുകാര്‍ ഭ്രാന്തനെന്ന് വിളിച്ച് പരിഹസിക്കുകയാണുണ്ടായത്. കുട്ടികളെക്കൊണ്ട് വഴിനീളെ കല്ലെറിയിച്ചു. പ്രവാചകന്റെ തിരുശരീരത്തില്‍ നിന്ന് രക്തമൊഴുകി. വഴിയരികിലൊരിടത്ത് തളര്‍ന്നിരുന്ന പ്രവാചകന്‍ അപ്പൊഴും പ്രാര്‍ത്ഥിച്ചത് "അവര്‍ അറിവില്ലാത്ത ജനതയാണ്‌. നീയവരോടു പൊറുക്കണേ" എന്നായിരുന്നു.

മക്കാവിജയത്തിന്റെ വേളയില്‍, തന്നെ മക്കയില്‍ നിന്നും ആട്ടിപ്പുറത്താക്കിയ, പീഢനങ്ങളൊരുപാട് നല്‍കിയ മക്കാസമൂഹത്തിന്ന് മുമ്പില്‍ വിജയശ്രീലാളിതനായി നില്‍ക്കുന്ന മുഹമ്മദിന്ന് (സ) മുമ്പില്‍ പകച്ചു നില്‍ക്കുന്ന ജനസമൂഹത്തെ നോക്കി പ്രവാചകന്‍ പറഞ്ഞത് "നിങ്ങള്‍ക്കു പോകാം, നിങ്ങള്‍ സ്വതന്ത്രരാണ്‌" എന്ന ചരിത്രവാക്യമാണ്‌.

ഹിജ്‌റയ്ക്ക് മുമ്പ് ക‌അ്‌ബയുടെ ഉള്‍‌വശമൊന്ന് കാണാനാഗ്രഹിച്ച് ക‌അ്‌ബയുടെ താക്കോല്‍ ചോദിച്ചപ്പോള്‍ ഉസ്മാനുബ്നു ത്വല്‍ഹ പ്രവാചകനെ ആട്ടി. 'എന്റെ കൈകളില്‍ ഈ താക്കോല്‍ വരുന്ന ഒരു ദിവസം നീ കണ്ടേക്കാം' എന്ന് പ്രവാചകന്‍ അന്ന് മറുപടി നല്‍കിയിരുന്നു. മക്കാവിജയത്തിനു ശേഷം ഉസ്മാനോട് താക്കോല്‍ വാങ്ങി ക‌അ്‌ബയുടെയുള്ളില്‍ പ്രവേശിച്ച മുഹമ്മദ് നബി (സ) അവിടെയുണ്ടായിരുന്ന ബിംബങ്ങളെയെല്ലാം നശിപ്പിച്ച ശേഷം തിരിച്ചു വന്നു. ക‌അ്‌ബയുടെ താക്കോല്‍ സം‌രക്ഷണം തങ്ങള്‍ക്കു നല്‍കുമെന്ന് പ്രതീക്ഷിച്ച് നിന്ന അനുയായികളെയെല്ലാം അത്ഭുതപ്പെടുത്തി പ്രവാചകന്‍ ചോദിച്ചു: "എവിടെ ഉസ്മാന്‍?" അടുത്തുവന്ന ഉസ്മാനുബ്നു ത്വല്‍‌ഹയുടെ കയ്യില്‍ താക്കോല്‍ തിരികെയേല്പ്പിച്ച് അത് എന്നെന്നേക്കും സൂക്ഷിക്കാനുള്ള അവകാശം അവര്‍ക്ക് നല്‍കുകയുണ്ടായി.

പുണ്യറസൂലിന്റെ ജീവിതചരിത്രത്തില്‍ ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍ രേഖപ്പെട്ടു കിടക്കുന്നു..! ഓരോ സംഭവങ്ങളും അദ്ദേഹത്തിന്റെ അനുകരണീയമായ ജീവിതശൈലിയെ സൂചിപ്പിക്കുന്നു. നേര്‍‌വഴിക്ക് ചിന്തിക്കാനാവാത്ത മനുഷ്യരുടെ ചെയ്തികളെല്ലാം നമുക്ക് പ്രകോപനത്തിന്‌ കാരണമാവേണ്ടതില്ലെന്നും, ആവുന്നിടത്തെല്ലാം ഏറ്റവും പ്രഥമമായ സ്ഥാനം ക്ഷമയ്ക്ക് നല്‍കേണ്ടതുണ്ടെന്നും പ്രവാചകജീവിതം തെളിയിക്കുന്നു.

എന്നാല്‍, ഏറ്റവും മുകളില്‍ സൂചിപ്പിച്ച വാചകം ഏത് വ്യക്തിയുടെ സൃഷ്ടിയാണെന്നറിയില്ല. അതേത് മുസ്ലിം നാമധാരിയായിരുന്നാലും, പ്രവാചകന്‍ ഉഖ്‌ബയോട് ബദ്‌റില്‍ വെച്ച് പകവീട്ടിയിരുന്നുവെന്നെഴുതുമ്പോള്‍ ബദ്‌റിന്റെ ചരിത്രപശ്ചാത്തലവും മറ്റും അന്വേഷിക്കുകയോ, സാഹചര്യത്തെക്കുറിച്ച് പഠിക്കുകയോ ആവാമായിരുന്നു.

 ബദര്‍ യുദ്ധത്തിന്റെ ചരിത്രം പ്രസക്തമാണ്‌. മുന്നൂറ്റിപ്പതിമൂന്നോളം വരുന്ന ചെറുസംഘം ആദര്‍ശത്തിന്റെയും ആത്മവിശ്വാസത്തിന്റെയും മാത്രം ആത്മബലത്തില്‍ ആയിരങ്ങളോട് പൊരുതി ജയിച്ച ചരിത്രമാണ്‌ ബദ്റിന്റേത്. കേവലമായ വൈരങ്ങളോ അഭിപ്രായവ്യത്യാസമോ അല്ല ബദ്റിന്റെ കാരണം. കൊടിയുടെ നിറം മാറിയതോ, പ്രകോപിപ്പിച്ചതോ, ആക്ഷേപിച്ചതോ ഒന്നും ബദര്‍ യുദ്ധത്തിന്റെ കാരണങ്ങളല്ല.

സ്വന്തം വിശ്വാസങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കുമനുസരിച്ച് ജീവിക്കാന്‍ സ്വാതന്ത്ര്യം നല്‍കപ്പെടാത്ത ഒരു സംഘത്തിന്റെ പ്രതിരോധമാണ്‌ ബദര്‍. എതിര്‍ക്കാന്‍ പേരുകേട്ട കൊലകൊമ്പന്മാരെത്രയുണ്ടായിരുന്നിട്ടും, അടി പതറാത്ത ആദര്‍ശത്തിന്റെ പിന്‍ബലമൊന്നു കൊണ്ടു മാത്രം പിന്തിരിഞ്ഞോടാത്ത കുറച്ച് വിശ്വാസികളുടെ ചരിത്രമാണ്‌ ബദര്‍.

ഖുര്‍‌ആന്‍ പറയുന്നതു പ്രകാരം, ബദ്‌റിലെ വിജയം അല്ലാഹുവിന്റെ അപാരമായ സഹായം മൂലമായിരുന്നു. ബദ്‌റില്‍ പടപൊരുതിയവരുടെ ഹൃദയത്തിന്റെ വിശുദ്ധിയായിരുന്നു അവരുടെ വിജയത്തിന്‌ നിദാനം. അവിശ്വസനീയവും, അനിര്‍‌വ്വചനീയവുമായ ആ വിജയത്തില്‍ യുദ്ധത്തടവുകാരൊരുപാടുണ്ടായിരുന്നു. പ്രവാചകന്ന് യുദ്ധത്തടവുകാര്‍ക്കെതിരില്‍ എന്തും തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. എല്ലാവരെയും നശിപ്പിച്ച് കളയുവാനുള്ള സാഹചര്യവും സൗകര്യങ്ങളുമുണ്ടായിരുന്നു. അപ്പൊഴും പ്രവാചകന്‍ (സ) എല്ലാവര്‍ക്കും നേരെ സ്വീകരിച്ച നിലപാട് ഒരുപോലെയായിരുന്നില്ല. "നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ടെ"ന്ന് ഖുര്‍‌ആന്‍ സാക്ഷ്യപ്പെടുത്തിയ പ്രവാചകന്റെ രാഷ്ട്രീയനിലപാടു കൂടി നാമറിയേണ്ടതുണ്ട്.

യുദ്ധത്തടവുകാരായി പിടിക്കപ്പെട്ടവരില്‍ ഇസ്ലാമിലേക്ക് മനസ്സ് ചായ്‌വുള്ളവരുണ്ട്; ഒരു മാപ്പ് അവര്‍ക്ക് വിജയമാര്‍ഗ്ഗം നല്‍കിയേക്കാം. അവര്‍ക്ക് മാപ്പ് കൊടുക്കലാണുത്തമം. ദുര്‍ബലരും എന്നാല്‍ സമ്പത്തു കൊണ്ട് ഉന്നതരുമായവരുണ്ട്; അവര്‍ക്ക് മോചനദ്രവ്യം നല്‍കി ഒഴിവാകുന്നതാണുത്തമം. അറിവുള്ളവരുണ്ട്; അവരില്‍ നിന്ന് സമൂഹത്തിന്‌ ലഭിക്കേണ്ട മൂല്യങ്ങളുണ്ടാവാം. അങ്ങനെയുള്ളവരെ ഉപയോഗപ്പെടുത്തലാണു നല്ലത്. സ്ത്രീകളും കുട്ടികളുമുണ്ട്. അവരുടെ അക്രമം ഭയപ്പെടേണ്ടതില്ല , എന്നാല്‍ അവരുടെ സേവനം പിന്നീടുപകരിക്കുകയും ചെയ്യും. എന്നാല്‍ ചിലരെ കൂടുതല്‍ ഭയക്കേണ്ടതുണ്ട്; അവര്‍ക്ക് വിശ്വാസികള്‍ക്കെതിരില്‍ ശക്തിയും, ആക്രമണോത്സുകതയും  കൂടുതലാണ്‌, നിരന്തരം ഇസ്ലാമിനെ ഉപദ്രവിക്കുന്നവരാണവര്‍. അവര്‍ക്കെതിരില്‍ സ്വീകരിച്ച നിലപാടാണ്‌ ഉഖ്‌ബത്തുബ്നു അബീ മു‌ഈത്തിനും, നള്‌‌റ് ബിന്‍ ഹാരിസിനെതിരിലും ഉണ്ടായിട്ടുള്ളത്. അത് മുഹമ്മദ് നബി തന്റെ വ്യക്തിപരമായ പകപോക്കാണെന്നു വ്യാഖ്യാനിക്കാവതല്ല. അങ്ങനെയെങ്കില്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ ക്ഷമയുടെ, സഹനത്തിന്റെ മകുടോദാഹരണങ്ങളായ മറ്റുസംഭവങ്ങളെല്ലാം വ്യാജമാണെന്നാണോ ?

ലോകം കണ്ട ഏറ്റവും മഹാനായ മനുഷ്യന്റെ അനുയായികളാണു നാം. ആ വ്യക്തിത്വം നമുക്കു മുമ്പില്‍ അവതരിപ്പിച്ച ഇസ്ലാമിനെ ജീവിതചര്യയായി ഉള്‍ക്കൊള്ളുകയാണു യഥാര്‍ത്ഥവിശ്വാസികള്‍ ചെയ്യേണ്ടത്. ഇസ്ലാമിനപ്പുറം സംഘടനകള്‍ നമ്മുടെ ആവേശമാവുമ്പോഴാണ്‌ അവിവേകം കടന്നുകൂടുന്നത്.

0 വായനകളിങ്ങനെ:

Where I feel poetic

Followers

Popular Posts