Friday, December 11, 2009

കൂട്ടിനാരുമില്ലാതിരുന്ന ഒരു വെള്ളിയാഴ്ച്ചയില്‍ വൈകുന്നേരം നായിഫിന്റെ ഓരങ്ങളിലൂടെ നടന്നു പോവുകയായിരുന്നു ഞാന്‍. എന്റെ മുമ്പിലൂടെ യുവത്വം വിട്ടുമാറിയിട്ടില്ലാത്ത ഒരു മലയാളിസ്ത്രീ തന്റെ സുന്ദരക്കുട്ടന്‍ കുഞ്ഞിനെയും ഒക്കത്തുവെച്ച് നടന്നു വരുന്നു. സാധാരണ എല്ലാ അമ്മമാരും ചെയ്യാറുള്ളത് പോലെ തന്നെ അവര്‍ കുഞ്ഞിനോട് എന്തൊക്കെയോ കൊഞ്ചിപ്പറയുന്നുണ്ട്. അടുത്തെത്തിയപ്പോള്‍ അവര്‍ അവനെ പറഞ്ഞു പഠിപ്പിക്കുന്നതു കേള്‍ക്കാം.."അമ്മ്മ്മ" കുഞ്ഞ് ഏറ്റു പറയുന്നു: "അമ്മ്മ്മ".

എന്തോ, അവര്‍ ആ കുഞ്ഞിന്റെ വിളിയില്‍ നിന്ന് തന്റെ മനസിലൂടെ ഏറ്റുവാങ്ങുന്ന നിര്‍‌വൃതിയെക്കുറിച്ച് ഞാനാലോചിച്ചു പോയി. താന്‍ ജന്മം നല്‍കിയ കുഞ്ഞ്, നിഷ്ക്കളങ്കമായ മനസ്സില്‍ നിന്ന് അരുമയാര്‍ന്ന ചുണ്ടുകളിലൂടെ സ്നേഹത്തോടെ "അമ്മ" എന്നു വിളിക്കുമ്പോള്‍ ഒരമ്മയുടെ മനസ്സില്‍ തോന്നുന്ന നിറവിനെയും നിര്‍‌വൃതിയെയും കുറിച്ച് ചിന്തിച്ചപ്പോള്‍ ഏതോ നിര്‍‌വൃതിയില്‍ ഞാനുമകപ്പെട്ട പോലെ... പക്ഷേ അത് ഏറ്റു പറയാനുള്ള ഭാഷ എന്നില്‍ അപര്യാപ്തമാണ്‌. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഏത് ഭാഷയ്ക്കാണു അതിന്റെ ആഴമളക്കാനാവുക...

ഭൂമിലോകത്ത് അനുഭവവേദ്യമാകുന്ന ഏറ്റവും കരുണയാര്‍ന്ന ഭാവം മാതൃത്വത്തിന്റേതു തന്നെയാണെന്നുറപ്പിച്ചു പറയാന്‍ ഒരു സന്ദേഹത്തിന്റെ ആവശ്യമില്ല. അമ്മ തന്റെ കുഞ്ഞിനെ മാറോടു ചേര്‍ത്തു മുത്തം വെക്കുന്നത്, പക്ഷിക്കുഞ്ഞിന്റെ വായില്‍ അമ്മക്കിളി ഭക്ഷണം വെച്ചു കൊടുക്കുന്നത്, പൈക്കിടാവിന്റെ ശരീരം പശു നക്കിത്തുടയ്ക്കുന്നത്, കോഴിക്കുഞ്ഞുങ്ങള്‍ക്ക് തള്ളക്കോഴി തന്റെ ചിറകിനടിയില്‍ അഭയമൊരുക്കുന്നത് തുടങ്ങിയ കാഴ്ച്ചകളെല്ലാം മാതൃത്വത്തിന്റെ മഹനീയ ഭാവങ്ങളെയാണ്‌ നമുക്ക് കാണിച്ചു തരുന്നത്. ഇവിടെ പ്രവാചകന്‍ മുഹമ്മദ് പറഞ്ഞ ഒരു വചനം കൂടി ഓര്‍മ്മ വരുന്നു. "ആട്ടിന്‍‌കുട്ടി പാല്‍ കുടിക്കാന്‍ വരുമ്പോള്‍ തള്ളയാട് അതിന്റെ കാലുകള്‍ വിടര്‍ത്തിക്കൊടുക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ" എന്ന തള്ളയാടിന്റെ തന്റെ കുഞ്ഞിന്റെ മേലുള്ള കരുണയുടെ ഭാവം പ്രവാചകന്‍ കാണിച്ചു തരുന്നുണ്ട്. ഭൂമിയിലെ കാരുണ്യത്തിന്റെ ഭാവങ്ങളെ എത്ര സൂക്ഷ്മമായാണ് പ്രവാചകന്‍ ദര്‍ശിക്കുന്നതും പകര്‍ന്നു തരുന്നതും.. എങ്ങനെയാണ് അങ്ങനെയൊരാളുടെ സാന്നിദ്ധ്യം അവഗണിച്ചു കളയുക..

“മാതാവിന്റെ കാല്‍‌ച്ചുവട്ടിലാണ് സ്വര്‍ഗ്ഗം” എന്ന പ്രവാചകന്റെ മുന്നറിയിപ്പ് അവര്‍ക്ക് നമ്മിലുണ്ടായിരിക്കേണ്ട തൃപ്തിയെയാണ് അറിയിക്കുന്നത്.

ഭൗതികതയില്‍ നമുക്ക് തോന്നുന്ന ഏറ്റവും ഉന്നതമായ സ്നേഹം അമ്മയോടു തന്നെ. ഏത് തല പൊട്ടിപ്പിളരുന്ന സങ്കടങ്ങള്‍ പേറുമ്പോഴും അമ്മയുടെ കൈത്തലോടല്‍ വലിയൊരാശ്വാസമാണ്‌. "മോനേ" എന്നുള്ള വിളി കേള്‍ക്കുന്നത് ഒരു ജന്മത്തിന്റെ മുഴുവന്‍ സായൂജ്യമാണ്‌. നമ്മില്‍ തോന്നുന്ന സം‌തൃപ്തി അവരുടെ കണ്ണുകളില്‍ വിരിയിക്കുന്ന ഭാവങ്ങള്‍ക്ക് പകരം വെയ്ക്കാന്‍ ഈ ഭൗതികതയില്‍ മറ്റെന്താണുള്ളത്. പിണങ്ങി വീട്ടില്‍ നിന്നിറങ്ങിപ്പോയാലും തിരിച്ചു വരുമ്പോള്‍ ചോറും വിളമ്പി തന്റെ മകനെ കാത്തിരിക്കുന്ന അമ്മയില്‍ നിന്ന് ചൊരിയുന്ന സ്നേഹത്തെ എങ്ങനെയാണ്‌ നിര്‍‌വ്വചിക്കുക.. അമ്മയുടെ അര്‍ത്ഥങ്ങള്‍ അനിര്‍‌വ്വചനീയങ്ങള്‍ തന്നെ..

"അമ്മ"യുടെ ഈ സ്നേഹഭാവം കൊണ്ടു തന്നെയാവണം, നമുക്ക് ഏറെ സ്നേഹമുള്ളതിനെല്ലാം നാം മാതൃരൂപം നല്‍കുന്നത്. രാജ്യസ്നേഹം വര്‍ദ്ധിച്ച് നമ്മള്‍ നമ്മുടെ നാടിനെ ഭാരത മാതാവെന്ന് വിളിക്കുന്നു. അളവറ്റ അനുഗ്രഹങ്ങള്‍ നല്‍കുന്ന പ്രകൃതിയെയും നാം പ്രകൃതീദേവി, പ്രകൃതിമാതാവ് എന്നിങ്ങനെ വിശേഷിപ്പിക്കാറുണ്ട്. ഭൂമിയും സ്ത്രീലിംഗ പദം തന്നെ.

ഈ മാതാവിനോടുണ്ടായിരിക്കേണ്ട സ്നേഹവും കടപ്പാടും ആരെങ്കിലും പറഞ്ഞുപഠിപ്പിക്കുന്നതിനേക്കാള്‍ അത് നമ്മിലലിയിക്കപ്പെടുന്നു എന്നുള്ളതാണു സത്യം. സമീപത്തിരിക്കുമ്പോള്‍ തിരിച്ചറിയാനാവാത്ത മാതാവിന്റെ മഹത്വം അകന്നിരിക്കുമ്പോഴെങ്കിലും നമ്മുടെ കണ്ണുകള്‍ നനയിച്ചിരിക്കും. ഉള്ളം പൊള്ളിച്ചിരിക്കും.

എങ്കിലും എന്റെ വായനയ്ക്കിടയില്‍, മനുഷ്യരാശിയോട് പലപ്പോഴായി തന്നെ ആരാധിക്കേണ്ടതിനെക്കുറിച്ച് മുന്നറിയിപ്പു നല്‍കുന്നിടത്തെല്ലാം ദൈവം, മാതാപിതാക്കള്‍ക്ക് നന്മ ചെയ്യേണ്ടതിനെയും ഏറെ പ്രാധാന്യ പൂര്‍‌വ്വം സൂചിപ്പിച്ചു കാണുന്നു. "എനിക്കു നീ നന്ദി ചെയ്യുക, നിന്റെ മാതാപിതാക്കള്‍ക്കും നന്ദി ചെയ്യുക" എന്ന് തന്നോടുള്ള കടപ്പാടിന്റെ കൂടെച്ചേര്‍ത്ത് മാതാപിതാക്കളടുണ്ടാവേണ്ട ബാധ്യതയുടെ ഗൗരവത്തെ ദൈവം ബോധ്യപ്പെടുത്തുന്നുണ്ട്. അവര്‍ക്ക് കാരുണ്യത്തിന്റെ ചിറകുകള്‍ വിടര്‍ത്തി നല്‍കാനും, "ദൈവമേ, അവര്‍ എന്റെ ബാല്യത്തില്‍ എന്നോട് കാരുണ്യം ചെയ്തതു പോലെ അവര്‍ക്കും നീ കാരുണ്യം നല്‍‌കേണമേ" എന്ന പ്രാര്‍ത്ഥന എല്ലാ പ്രാര്‍ത്ഥനകള്‍ക്കുമൊപ്പം ഉണ്ടായിരിക്കണമെന്നും ഖുര്‍‌ആന്‍ മനുഷ്യരാശിയോടാവശ്യപ്പെടുന്നു. "ച്ഛെ" എന്ന ഒരു പദം പോലും അവര്‍ക്കു നേരെ പ്രയോഗിച്ചേക്കരുത് എന്ന താക്കീതും ഖുര്‍‌ആന്‍ നല്‍കുന്നു.

-----------------------
പൂര്‍ത്തിയാക്കാ‍നാവാതെ....

Where I feel poetic

Followers

Popular Posts