Sunday, November 1, 2009

"Education means all round development of a person"

ഇത് വിദ്യാഭ്യാസത്തെക്കുറിച്ച് വ്യാപകമായി പറയപ്പെടുന്ന വാചകമാണ്‌. അതൊരു ഭംഗിയുള്ള രത്നച്ചുരുക്കവും കൂടിയാണ്‌. വിദ്യാഭ്യാസപരമായി ഉയര്‍ന്നു നില്‍ക്കുന്നവര്‍ സ്വഭാവം കൊണ്ടും പെരുമാറ്റം കൊണ്ടും ജീവിതനിലവാരം കൊണ്ടും ഇതരരില്‍ നിന്ന് പുരോഗമനപരമായ വ്യതിരിക്തത പുലര്‍ത്തുന്നവരായിരിക്കും. വ്യക്തിയുടെ, കുടുംബത്തിന്റെ, സമൂഹത്തിന്റെ, രാജ്യത്തിന്റെയെല്ലാം പുരോഗതി കുടികൊള്ളുന്നത് തങ്ങളുടെ വിദ്യാഭ്യാസത്തിലെ പുരോഗതിയിലാണ്‌. അങ്ങനെ വരുമ്പോള്‍ ജീവിതം മുഴുവന്‍ ഉദാത്തമായ ഉന്മേഷവും നന്മയുടെ നൈര്‍മല്യവും പകരാന്‍ വിദ്യയ്ക്ക് സാധ്യമാകുന്നുണ്ടെന്നു വേണം മനസ്സിലാക്കാന്‍. നമ്മള്‍ കേരളീയര്‍ ഇക്കാര്യത്തില്‍ ഒട്ടൊക്കെ മുന്നിലാണെന്നാണ്‌ വെപ്പ്. ലോകത്തിന്റെ മുക്കിലും മൂലയിലും വിദ്യ കൊണ്ടും തന്റേടം കൊണ്ടും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ മലയാളികള്‍ക്ക് സാധിച്ചിട്ടുണ്ട്. സ്വരാജ്യത്തു നിന്നു തന്നെയുള്ള മറ്റുസമൂഹങ്ങള്‍ക്കും, മറ്റു രാജ്യക്കാര്‍ക്കുമിടയില്‍ ജീവിക്കുമ്പോള്‍ ഇത് ഏറെക്കുറെ അനുഭവിക്കാനാവുന്നുണ്ട്.


എന്നാലും ഇതെഴുതുമ്പോള്‍ അവഗണിക്കാനാവാത്ത ചില ചോദ്യങ്ങള്‍ മനസ്സിലുയരുന്നുണ്ട്. മുകളില്‍ പറഞ്ഞതു പോലെ മനുഷ്യ മനസില്‍ ഉദാത്തമായ സ്വാധീനം ചെലുത്താന്‍ ഇന്ന് വിദ്യാഭ്യാസത്തിന്‌ സാധിക്കുന്നുണ്ടോ ? വ്യക്തിയുടെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും പുരോഗതിയില്‍ പങ്കുവഹിക്കാന്‍ പ്രാപ്തമാണോ നമ്മള്‍ നേടുന്ന വിദ്യാഭ്യാസം ? ആണെങ്കില്‍ വിദ്യയില്‍ മുന്‍പന്തിയിലാണെന്ന് അവകാശപ്പെടുന്ന നമ്മള്‍ എന്നും അരുതായ്മകള്‍ക്ക് മാത്രം കാതോര്‍ക്കേണ്ടി വരുന്നതെന്തു കൊണ്ട്? വിദ്യാഭ്യാസയോഗ്യതകളില്‍ മുമ്പിലായിരിക്കുമ്പൊഴും, സാക്ഷ്യപത്രങ്ങള്‍ കെട്ടുകണക്കിന്‌ സ്വന്തമായിരിക്കുമ്പൊഴും സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കു വേണ്ടി സ്വത്വത്തെ അടിയറവെക്കുന്ന സ്ഥിരം കാഴ്ച്ചകള്‍ കാണേണ്ടി വരുന്നതെന്തു കൊണ്ട്.. ?


വാര്‍ത്തകള്‍ അറിയാനും അറിയിക്കാനും നമുക്ക് സം‌വിധാനങ്ങള്‍ കൂടുതലാണെന്നും അതു കൊണ്ടാണ്‌ നമുക്ക് കൂടുതല്‍ കേള്‍ക്കേണ്ടി വരുന്നതെന്നും, അല്ലെങ്കില്‍ എല്ലായിടത്തും നടക്കുന്നതേ ഇവിടെയും നടക്കുന്നുള്ളൂ എന്നുമുള്ള ന്യായീകരണം പറയപ്പെടാറുണ്ട് പലപ്പോഴും. പക്ഷേ, ഇന്ന് ആ വാര്‍ത്താമാധ്യമങ്ങള്‍ പോലും വിഷം കലര്‍ത്തിയാണ്‌ നമ്മെ സേവിക്കുന്നത് എന്നത് വേദനയോടെ ഉള്‍ക്കൊള്ളേണ്ടി വരുന്നു. സത്യത്തിനും നീതിക്കുമപ്പുറം, താല്പര്യങ്ങളാണ്‌ സം‌രക്ഷിക്കപ്പെടേണ്ടതെന്ന് മാധ്യമങ്ങള്‍ പരിചയിച്ചിരിക്കുന്നു. വ്യത്യസ്തതകള്‍ പരീക്ഷിക്കുകയും വേഗതയില്‍ മല്‍സരിക്കുകയും ചെയ്യുന്നതിനിടയില്‍ യാഥാര്‍ത്ഥ്യങ്ങള്‍ അന്യം നിന്നു പോകുന്നത് ഒരു വിഷയമല്ലാതായിരിക്കുന്നു. മാധ്യമമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ യോഗ്യതകളില്‍ എന്തു കൊണ്ടും മുന്നിലായിരിക്കണമല്ലോ.. ഇവിടെയും നാം നേടിയ വിദ്യാഭ്യാസത്തിന്റെ മൂല്യം ചോദ്യം ചെയ്യപ്പെടുകയാണ്‌.


വിദ്യയുടെ ആരാമത്തിലെ ശലഭങ്ങളെന്ന് നമ്മള്‍ വിശേഷിപ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്നു പോലും ഭംഗിയുള്ള കാഴ്ച്ചകളോ സൗരഭ്യമുള്ള വാര്‍ത്തകളോ ലഭ്യമല്ല. ഈയിടെയായി വിദ്യാര്‍ത്ഥികളെക്കുറിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചുമുള്ള വര്‍ത്തമാനം വാര്‍ത്താമാധ്യമങ്ങളില്‍ കൂടുതല്‍ നിറഞ്ഞു നിന്നത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെട്ടപ്പോഴാണ്‌. ഒരു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തപ്പോള്‍ ഇടവും വലവും നോക്കാതെ, കക്ഷിരാഷ്ട്രീയഭേദമില്ലാതെ കോളേജ് മാനേജ്‌മെന്റിനെതിരെ സമരത്തിനിറങ്ങിയ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ തങ്ങള്‍ക്ക് തിരിച്ചറിവ് കുറവാണെന്ന് തെളിയിച്ചു കളഞ്ഞു. ചാനലുകളില്‍ അന്നു രാത്രി നടന്ന ചൂടേറിയ ചര്‍ച്ചകളില്‍ "ഇതിനു മുമ്പ് മറ്റേ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തപ്പൊഴും, മറ്റേ കുട്ടി ചാടി മരിച്ചപ്പൊഴും ഞങ്ങളുടെ പാര്‍ട്ടിയെടുത്ത നിലപാട് വളരെ ശക്തമായിരുന്നു" എന്ന് വിളിച്ച് കൂവാന്‍ ആവേശം കാട്ടിയ പ്രസ്ഥാനപ്രതിനിധികള്‍ രാഷ്ട്രീയവല്‍ക്കരണം പ്രയോഗിക്കേണ്ട സന്ദര്‍ഭങ്ങളെക്കുറിച്ച് പോലും തങ്ങള്‍ അജ്ഞരാണെന്ന് തെളിയിച്ചു. അനാവശ്യവും അനിയന്ത്രിതവുമായ ആവേശവും ഏതുവിധേനയും ജയിക്കാനുള്ള ത്വരയുമാണിന്നീ പ്രസ്ഥാനങ്ങളെ നിയന്ത്രിക്കുന്നത്.


സ്വാശ്രയ വിദ്യാഭ്യാസം പോലെ പല ഘട്ടങ്ങളിലൂടെ തങ്ങളുടെ ജീവിതം കടന്നു പോകുമ്പൊഴും വിദ്യാര്‍ത്ഥികള്‍ നിരാശരും നിരാശ്രയരുമാണ്‌. നൈമിഷികമായ വികാരങ്ങള്‍ക്കു പുറത്താണ്‌ ഒരു മനുഷ്യജീവിതത്തിന്റെ ഉള്‍ക്കനത്തെ മറന്നു പോകുന്നത്. ഇവര്‍ പള്ളിക്കൂടത്തിലും കലാലയത്തിലും പോയ വര്‍ഷങ്ങളത്രയും എന്തു പഠിച്ചുവെന്നതാണ്‌ ചോദ്യം. വിദ്യയുടെ ഏത് തലങ്ങളും മനുഷ്യന്ന് ഉപകാരപ്പെടുന്നതിനു വേണ്ടിയാണെന്നാണു മനസിലാക്കപ്പെട്ടിട്ടുള്ളത്. മൃഗത്തെ ചികില്‍സിക്കാന്‍ വൈദ്യനുണ്ടായതു പോലും മൃഗം മനുഷ്യന്റെ ആവശ്യമായതു കൊണ്ടായിരിക്കണം. പക്ഷേ, അത്തരമൊരു ഉള്‍ക്കാഴ്ച്ചയോ നിരീക്ഷണമോ വിദ്യാര്‍ത്ഥികളില്‍ ദര്‍ശിക്കാനാവുന്നില്ല. ഇന്ന് ഭൂരിഭാഗവും ഉപരിപ്ലവമായ പഠനം മാത്രമേ നിര്‍‌വ്വഹിക്കുന്നുള്ളൂ എന്നു വേണം മനസിലാക്കുവാന്‍. അല്ലെങ്കില്‍ വര്‍ഷങ്ങള്‍ നിരന്തരം പഠിക്കുകയും ഒറ്റ നിമിഷം കൊണ്ട് ജീവിതമവസാനിപ്പിക്കുകയും ചെയ്യുന്ന വൈരുദ്ധ്യാവസ്ഥയെക്കുറിച്ച് എന്താണു മനസിലാക്കുക. വിദ്യാഭ്യാസം ജീവിത വ്യവസ്ഥയെ വലയം ചെയ്യുന്നില്ല എന്നത് തീര്‍ത്തും ഒരു ദുരവസ്ഥയാണ്‌.

അദ്ധ്യാപക- വിദ്യാര്‍ത്ഥി ഇടപെടലുകളില്‍ പഴയ കാലങ്ങളിലേതു പോലെ മൂല്യങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നില്ല എന്നതും ആലോചനാര്‍ഹമാണ്‌. അദ്ധ്യാപകര്‍, പുസ്തകം വായിച്ച് നിര്‍‌ദ്ദേശം തരുന്നതിലപ്പുറം, ജീവിതവഴിയുടെ നേരുകള്‍ പകര്‍ന്നു തരുമായിരുന്നു. വൃത്തിയുടെ, മര്യാദയുടെ, ബഹുമാനത്തിന്റെ, അനുസരണയുടെ, സുരക്ഷയുടെ, നന്മയുടെ, സൗഹൃദത്തിന്റെ, പങ്കുവെപ്പിന്റെയെല്ലാം പാഠങ്ങള്‍ നമുക്ക് വീട്ടില്‍ നിന്നെന്നതിനേക്കാള്‍ പള്ളിക്കൂടങ്ങളില്‍ നിന്ന് ലഭിച്ചിരുന്നു. ഓരോ അദ്ധ്യാപകനും നമുക്കോരോ മാതൃകയായിരുന്നു. അങ്ങാടിയില്‍ വെച്ച് അദ്ധ്യാപകനെ കാണുമ്പോള്‍ അറിയാതെ ചൂളിപ്പോകുന്ന ബാല്യം നമ്മില്‍ അലിയിച്ച ബഹുമാനത്തെ ഓര്‍മ്മിപ്പിക്കുന്നു.


ഇന്ന് അദ്ധ്യാപക-വിദ്യാര്‍ത്ഥി ബന്ധം കൂടുതല്‍ സൗഹൃദപരമാണെന്നും, വടിയെടുത്ത് കണ്ണുരുട്ടുന്ന അദ്ധ്യാപകര്‍ പഴയ കാഴ്ച്ചയാണെന്നും പുരോഗതി പറയുമെങ്കിലും ഇത് സാമൂഹിക ജീവിതത്തിലുണ്ടാക്കിയ നഷ്ടങ്ങളെയും ന്യൂനതകളെയും കുറിച്ചാലോചിക്കുമ്പോള്‍ പുരോഗതിയുടെ വിവക്ഷയെ പുനരാലോചിക്കാന്‍ ബാധ്യസ്ഥരാവും നമ്മള്‍. അദ്ധ്യാപകന്‍ അദ്ധ്യാപകനും വിദ്യാര്‍ത്ഥി സ്വയം വിദ്യാര്‍ത്ഥിയുമാവുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക് അതൊരു മാര്‍ഗ്ഗമാകുന്നുള്ളൂ.

മാറി വരുന്ന സര്‍ക്കാരിന്റെ നിലപാടുകള്‍ക്കനുസരിച്ച് വിദ്യാഭ്യാസരീതിയിലും, പാഠ്യപദ്ധതിയിലും മാറ്റം വേണമെന്ന ശാഠ്യം ഈ മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കുട്ടികള്‍ എന്തു പഠിക്കണമെന്നതില്‍ സ്ഥായിയായ ഒരു നിലപാടാണാവശ്യം. അവിടെ തുടര്‍ച്ച നഷ്ടപ്പെടുമ്പോള്‍ ഒരു സമൂഹത്തിന്റെ വളര്‍ച്ചയും കൂടിയാണ്‌ മുരടിക്കുന്നത്. ഇതര മേഖലകളെപ്പോലെ ഉന്നത വിദ്യാഭ്യാസരംഗം പോലും സമരത്തിലേക്കും നിരന്തര തര്‍ക്കങ്ങളിലേക്കും വലിച്ചിഴയ്ക്കപ്പെടുന്നത് ഭൂഷണമല്ല.

"education is not a preparation for life, but is life itself.” - (വിദ്യാഭ്യാസം ജീവിതത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പല്ല, ജീവിതം തന്നെയാണത്) എന്ന് പ്രശസ്ത അമേരിക്കന്‍ തത്വചിന്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ ജോണ്‍ ഡെവി പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ ജീവന്‍ തൊട്ടറിഞ്ഞിരിക്കണം അദ്ദേഹം. അതില്‍ നമുക്കുള്‍ക്കൊള്ളേണ്ടത് ജീവിതത്തിലൂടെ തന്നെ നാം പഠിച്ചു കൊണ്ടും പകര്‍ത്തിക്കൊണ്ടുമിരിക്കണമെന്ന പാഠമാണ്‌. മറിച്ച്, വിദ്യാഭ്യാസം കൊണ്ടുള്ള ലക്ഷ്യം ഭാവിജീവിതത്തിന്റെ സാമ്പത്തിക ഭദ്രത മാത്രമാവുമ്പോഴാണ്‌ അത് ഉപരിപ്ലവമാവുന്നത്. വിദ്യ നേടുക വഴി പുരോഗതി പ്രാപിക്കുകയും ആ പുരോഗതിയില്‍ പരിപൂര്‍ണ്ണമായ സ്വയം‌പര്യാപ്തത നടിക്കുകയും ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍ക്കെതിരെ കണ്ണടക്കുകയും ചെയ്യുന്നത് നേടിയ വിദ്യയെ അപമാനിക്കലും കൂടിയാണ്‌. നേടിയ അറിവുകളെ കര്‍മ്മം കൊണ്ട് ധന്യമാക്കാനാവണം. മനുഷ്യന്റെ ഭൗതികതയെക്കുറിച്ച് പരലോകത്തു വെച്ച് ദൈവം ചോദ്യം ചെയ്യുമെന്നും അതിനു ശേഷമല്ലാതെ കാല്‍‌പാദം മുന്നോട്ടെടുത്തു വെക്കാന്‍ അവന്ന് സാധിക്കില്ലെന്നും പഠിപ്പിച്ച പ്രവാചകന്‍ പറഞ്ഞ നാല്‌ ചോദ്യങ്ങളില്‍ അവസാനത്തേത് "പഠിച്ചതില്‍ എന്ത് പ്രവര്‍ത്തിച്ചു" എന്നതു തന്നെയാണ്‌.

കുട്ടികള്‍ക്ക് നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം വിഭാവനം ചെയ്യുമ്പൊഴും അതിന്റെ മൂല്യമുറപ്പു വരുത്തുകയും കുട്ടികളില്‍ അതു കൊണ്ടുണ്ടാകുന്ന സ്വാധീനത്തെ നിരീക്ഷിക്കുകയും ചെയ്യുക കൂടി അത്യാവശ്യമാണ്‌. കുറഞ്ഞ പക്ഷം സ്വന്തം കുട്ടികളെ ശ്രദ്ധിക്കാനെങ്കിലും നാം ഗൗരവപ്പെടേണ്ടതുണ്ട്. ഇല്ലെങ്കില്‍ നാം പലപ്പോഴും കാണുന്ന പ്രഭാഷണപരമ്പര പോലെ, ദിവസങ്ങളോളം പ്രസംഗിക്കുകയും സമാപനത്തിനു ശേഷം കണക്കവതരിപ്പിക്കപ്പെടുകയും ചെയ്യാം. മനസിനുള്ളില്‍ അതെത്ര മാത്രം സ്വാധീനം ചെലുത്തിയെന്ന് നമുക്കറിയേണ്ടതില്ലല്ലോ.

-----------------------------------------------
22/10/2009 ന്‌ കാസറഗോഡ്‌വാര്‍ത്ത. കോം- ല്‍ ഇത് പ്രസിദ്ധീകരിച്ചിരുന്നു.

5 വായനകളിങ്ങനെ:

ശിഹാബ് മൊഗ്രാല്‍ said...

കുട്ടികള്‍ക്ക് നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം വിഭാവനം ചെയ്യുമ്പൊഴും അതിന്റെ മൂല്യമുറപ്പു വരുത്തുകയും കുട്ടികളില്‍ അതു കൊണ്ടുണ്ടാകുന്ന സ്വാധീനത്തെ നിരീക്ഷിക്കുകയും ചെയ്യുക കൂടി അത്യാവശ്യമാണ്‌. കുറഞ്ഞ പക്ഷം സ്വന്തം കുട്ടികളെ ശ്രദ്ധിക്കാനെങ്കിലും നാം ഗൗരവപ്പെടേണ്ടതുണ്ട്. ഇല്ലെങ്കില്‍ നാം പലപ്പോഴും കാണുന്ന പ്രഭാഷണപരമ്പര പോലെ, ദിവസങ്ങളോളം പ്രസംഗിക്കുകയും സമാപനത്തിനു ശേഷം കണക്കവതരിപ്പിക്കപ്പെടുകയും ചെയ്യാം. മനസിനുള്ളില്‍ അതെത്ര മാത്രം സ്വാധീനം ചെലുത്തിയെന്ന് നമുക്കറിയേണ്ടതില്ലല്ലോ.

കാട്ടിപ്പരുത്തി said...

വിദ്യഭ്യാസമെന്നത് ഒരു തൊഴില്‍ എന്ന ലക്ഷ്യത്തിലേക്കു മാത്രം ഫോകസ് ചെയ്യുമ്പോള്‍ അതിന്റെ ധാര്‍മികതകള്‍ തിരഞ്ഞു മടുക്കുകയേ ഉള്ളൂ. തൊഴിലുപകരണം മാത്രമായി മാറുന്ന ഒരു വിദ്യാഭ്യാസസമ്പ്രദായത്തില്‍ നിന്നും അധികം പ്രതീക്ഷിക്കുന്ന നാമാവും കുറ്റക്കാര്‍

[Shaf] said...

ഷിഹാബ്,
കനപെട്ട ചിന്തകൾ പലപ്പോഴും വായിക്കാൻ കഴിയാറുണ്ട് ഷിഹാബിന്റെ പോസ്റ്റുകളിൽ...
വിദ്യഭ്യാസം ഇന്ന് അഭ്യാസമായി മാറിയിരിക്കുന്നു...ഒരു ചടങ്ങിനോരു പരിപാടി..
“മനുഷ്യ മനസില്‍ ഉദാത്തമായ സ്വാധീനം ചെലുത്താന്‍ ഇന്ന് വിദ്യാഭ്യാസത്തിന്‌ സാധിക്കുന്നുണ്ടോ ? “
ഷിഹാബിന്റെ ഈ ചോദ്യം വളരെ പ്രസക്തമാകുന്നു ഇപ്പോൾ വിദ്യ ഉള്ളവനേയും ഇല്ലാത്തവനും ഒരു വ്യത്യാസവും ദർശിക്കാനകുന്നില്ല..വളരെ ചിന്തനീയമായ വസ്തുത +2 താഴെയുള്ള വിദ്യാർത്ഥികളിൽ ലഹരി പദാർതങ്ങളുടെ ഉപയോഗം വളരെ വ്യാപകമായിരികുന്നു കൂട്ടത്തിൽ ‘വെള്ളമടീയും’.
നന്മ്മുടെ ദിനപത്രങ്ങളിൽ കണ്ണോടീക്കുമ്പോൾ വായിക്കാൻ കഴിയുന്നത് ഒരു കൌതുക വാർത്താ പ്രസിദ്ദ്ധീകരണം വായിക്കുന്നത് പോലെയാണ്!
ഇന്നത്തെ വിദ്യാർത്ഥിപ്രസതാനങ്ങളുടെ നിലവാരം മാത്രം മതി ഇന്നത്തെ വിദ്യഭ്യാസത്തിന്റെ ഗുണത്തെ വിലയിരുത്താൻ...

അതുപോലെ തന്നെ പ്രധാനപെട്ടതാണ് അദ്ധ്യാപക-വിദ്യാര്‍ത്ഥി ബന്ധം ഇതിനോടൊപ്പം കൂട്ടിയെഴുതിയത് നന്നായി..
നല്ല ഒരു ലേഖനം..കാലികപ്രസക്തവും ചില നിരീക്ഷണങ്ങൾ അസ്സലായി..
(ഒത്തിരി അഭിപ്രായം എഴുതാൻ വേണ്ടിവന്നതാണ് ബോസ്സിന്റെ ഒരു കോളിൽ എല്ലാം പോയി..ഇനി ആ ചൊറ ഒന്നു തീർകട്ടെ) :)

bilatthipattanam said...

നമ്മുടെ വിദ്യ അഭ്യാസം ഒരു പ്രത്യേക ജോലിസാധ്യതക്കുവേണ്ടി മാത്രം ഒതുങ്ങിക്കൂടിയിരിക്കുകയാണ് ഇപ്പോഴെല്ലാം..
നമ്മുക്കുവേണ്ടത് സാംസ്കാരിക വിദ്യഭ്യാസമാണ് അല്ലേ ?

പള്ളിക്കരയില്‍ said...

വിദ്യാസമ്പാദനം വ്യഷ്ടിക്കും സമഷ്ടിക്കും ഉതകാന്‍ വേണ്ടിയുള്ള മഹിതമായ പ്രക്രിയ എന്നതില്‍ നിന്ന്‌ കേവലം സ്വാര്‍ത്ഥതാപൂരണത്തിനു മാത്രമായുള്ള 'സൂത്രവിദ്യ"യായി പരിണമിച്ച വര്‍ത്തമാന കാല ദുരവസ്ഥയില്‍ ശിഹാബിന്റെ ചിന്തകളും നിരീക്ഷണങ്ങളും ഏറെ പ്രസക്തമായിരിക്കുന്നു.

സരളമായ ഭാഷയില്‍ തെളിഞ്ഞ ചിന്തകള്‍ പങ്കുവെച്ചതിനു നന്ദി ശിഹാബ്.

Where I feel poetic

Followers

Popular Posts