Saturday, July 4, 2009

ഒഴിവു ദിവസമായ വെള്ളിയാഴ്ച്ചകളില്‍ ചിലപ്പോഴൊക്കെ ജ്യേഷ്ഠന്‍ വരാറുണ്ട്. സാധാരണ നമ്മെ കാണാന്‍ ഒരാള്‍ വന്നാല്‍ നാം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുമെങ്കില്‍, ഇവിടെ വീട്ടില്‍ നിന്ന് ഇറക്കി എവിടെയെങ്കിലും ഒഴിഞ്ഞ ഇടങ്ങളില്‍ തണലും തേടി നടക്കാറാണു പതിവ്. അത് നന്നായറിയുന്നതിനാല്‍ തന്നെ അവന്‍ "നമ്മള്‍ എവിടെയെങ്കിലും പോയി ഇരിക്കാം" എന്ന് എന്നോട് ആവശ്യപ്പെടുകയും ചെയ്യും. അങ്ങനെ ഞങ്ങള്‍ എപ്പോഴും ഇരിക്കാനുപയോഗിക്കുന്ന തണലുള്ള ഒരിടമുണ്ട്. ദുബായ് ഗവണ്‍‌മെന്റ് വകയായി അവിടെ കുറച്ച് സിമന്റ് ഇരിപ്പിടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ഇരിപ്പുറപ്പിച്ച്, ചുറ്റുമുള്ള കാഴ്ച്ചകളിലേക്ക് കണ്ണോടിച്ച് ഞങ്ങള്‍ സംസാരിച്ചിരിക്കും. വെള്ളിയാഴ്ച്ച ഉച്ചയ്ക്കു ശേഷം ഭൂരിഭാഗവും, ഒരാഴ്ച്ചയുടെ മുഴുവന്‍ അധ്വാനവും അസ്വസ്ഥതകളും ഉറങ്ങിയിറക്കാനും മറക്കാനും ആഗ്രഹിക്കുന്നതു കൊണ്ടാണോ എന്നറിയില്ല, ഞങ്ങള്‍ പോയിരിക്കുമ്പോഴൊന്നും അവിടെ ആള്‍ക്കാരുണ്ടാവില്ല, അപൂര്‍‌വ്വമായി ലാപ്‌ടോപുമേന്തി ഇന്റര്‍‌നെറ്റ് കണക്ഷന്‍ പരതി വരുന്ന ചിലരൊഴികെ. ആ ഇരിപ്പിനിടയില്‍ കുടും‌ബവര്‍ത്തമാനങ്ങള്‍, ഭാവിയിലേക്കുള്ള ആസൂത്രണങ്ങള്‍, സമകാലികസം‌ഭവങ്ങള്‍, പഴയകാല സ്മരണകള്‍, കമ്പനിയിലെ അനുഭവങ്ങള്‍, പാട്ടിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ അങ്ങനെ ഒരുമാതിരി സംഭവങ്ങളെല്ലാം ഞങ്ങളുടെ വിഷയമാകാറുണ്ട്.

ഞങ്ങള്‍ അവിടെയിരുന്ന തുടര്‍ച്ചയായ രണ്ട് വെള്ളിയാഴ്ച്ചകളില്‍ കണ്ണിലും മനസിലും പതിഞ്ഞ ഒരു കാഴ്ച്ചയുണ്ട്. ഉച്ച വെയിലടങ്ങി, ഇളം‌കാറ്റു വീശുന്ന സായാഹ്നത്തില്‍, സഹായി തള്ളിക്കൊടുക്കുന്ന വീല്‍‌ചെയറിലിരുന്ന് ഒരു വൃദ്ധനായ മനുഷ്യന്‍ വരുന്നു. കയ്യില്‍ ഒരു പ്ലാസ്റ്റിക് പൊതി. അത് കൊണ്ടു വന്ന് ഇരിപ്പിടങ്ങലുടെ മധ്യത്തില്‍ അല്‍‌പ്പം വിശാലമായ സ്ഥലത്ത് തറയില്‍ ചൊരിയുന്നു. പക്ഷികള്‍ ഭക്ഷിക്കുന്ന തിനയായിരുന്നു പൊതിയില്‍. ഒഴിഞ്ഞ പ്ലാസ്റ്റിക് കവറുമായി വേസ്റ്റ് ബോക്സിനടുത്തേക്ക്. അത് വേസ്റ്റ് ബോക്സില്‍ കളഞ്ഞ് തിരിച്ചു പോകുന്നു.

(ഇവിടെ എന്റെ മനസില്‍ പതിഞ്ഞ മറ്റൊരു കാഴ്ച്ച, ഇതു പോലൊരു തിനപ്പൊതി ഒരു കൊച്ചു കുട്ടിയുടെ കയ്യില്‍ പിടിപ്പിച്ച് വരുന്ന ഒരു പിതാവ്, അത് തറയില്‍ ചൊരിയാനും ശേഷം ഒഴിഞ്ഞ പ്ലാസ്റ്റിക് കവര്‍ കുട്ടിയെക്കൊണ്ടു തന്നെ വേസ്റ്റ് ബോക്സില്‍ കളയാനും പഠിപ്പിക്കുന്നതാണ്‌. കുട്ടി ഒരു പാഠം പഠിച്ചിരിക്കണം. ജീവിതത്തിലെ സുപ്രധാന പാഠം.. അല്ലേ)

ഈ വൃദ്ധനായ മനുഷ്യന്ന് തന്റെ സായാഹ്നസഞ്ചാരം, ജീവിതത്തിന്റെ അസ്തമയസൂര്യന്റെ ആധികള്‍ക്കപ്പുറം കുങ്കുമവര്‍ണ്ണമുള്ള പ്രഭാസൗന്ദര്യം ദര്‍ശിക്കാന്‍ തുണയാവുന്നുണ്ടാവണം. കിടക്കയുടെ കുരുക്കുകളില്‍ നിന്ന് ജീവിതക്കാഴ്ച്ചകളുടെ നിറഭേദങ്ങളിലേക്ക് കണ്ണു പതിപ്പിക്കാനാവുന്നുണ്ടാവണം. തന്റെ പ്രവൃത്തി, മനസിന്റെ വിശാലതയില്‍ ഹിമബിന്ദു പൊടിക്കുന്നുണ്ടാവണം..

അങ്ങനെ അദ്ദേഹമോ മറ്റാരെങ്കിലുമോ ചൊരിഞ്ഞു പോയ തിനയും അരിയുമൊക്കെയാവണം ഞങ്ങള്‍ അവസാനം അവിടെപ്പോയിരിക്കുമ്പൊഴും തറയില്‍ വിതറിയിട്ടു കണ്ടത്. എന്നാല്‍, ചിലര്‍ യാതൊരു മനോ‌വിഷമവുമില്ലാതെ ആ ധാന്യങ്ങള്‍ക്കു മുകളില്‍ ചവിട്ടി നടന്നു പോകുന്നതു കണ്ടു. ഞാന്‍ ജ്യേഷ്ടന്ന് ആ കാഴ്ച്ച കാട്ടിക്കൊടുത്തു. പിന്നെ ഞങ്ങള്‍ രണ്ടു പേരും ശ്രദ്ധിക്കാന്‍ തുടങ്ങിയതിന്നു ശേഷം അതു വഴി കടന്നു പോയ അധികപേരും അതിന്‍‌മുകളില്‍ ചവിട്ടിപ്പോവുകയാണു ചെയ്യുന്നതെന്ന് ശ്രദ്ധിച്ചു. ചിലരൊക്കെ വഴുതിപ്പോകുന്നതും കണ്ടു. ഉരുണ്ട ധാന്യമണികള്‍ക്കു മുകളില്‍ ചവിട്ടി നടന്നാല്‍ വഴുതുമെന്ന സ്വയം‌സുരക്ഷയെക്കുറിച്ചോ, അതൊരു ധാന്യമാണ്‌, ചവിട്ടി നടക്കുന്നത് ഉത്തമമല്ല എന്ന സാമാന്യബോധത്തെക്കുറിച്ചോ ഭൂരിഭാഗവും എന്തേ ചിന്തിക്കുന്നില്ല എന്ന് സങ്കടപ്പെട്ടു പോയി ഞാന്‍.
ഇത്തരം ചില സാമാന്യബോധങ്ങളുടെ കുറവു പലയിടത്തും ദര്‍ശിക്കപ്പെടുന്നുണ്ട്. ചിലപ്പോഴൊക്കെ പറയാനും തോന്നിയിട്ടുണ്ട്. ചിലപ്പോഴൊക്കെ പറഞ്ഞിട്ടുമുണ്ട്. അവയില്‍ ചിലത്.

ടാപ്പ് തുറന്ന് അല്‍‌പ്പം വെള്ളമെടുക്കും. ഒരു പക്ഷേ പല്ലുതേയ്ക്കാന്‍ തുടങ്ങുന്ന ഒരു ബ്രഷു നനയ്ക്കലാവാം. പല്ലു തേയ്പ്പ് തീരുന്നത് വരെ വെള്ളം വാര്‍ന്നു കൊണ്ടിരിക്കും, ഒരാവശ്യവുമില്ലാതെ- വെള്ളത്തിന്റെ വിലയെക്കുറിച്ചുള്ള ബോധം...

ഭക്ഷണം കഴിക്കുന്നതിന്റെ അടുത്തു തന്നെ വാഷ്‌ബേസിന്‍ സ്ഥാപിച്ചിട്ടുള്ള ഇടത്തരം റെസ്റ്റൊറന്റുകളില്‍ ഭക്ഷണശേഷം വൃത്തിയാക്കാന്‍ പോകുന്നവര്‍ കാര്‍ക്കിച്ചു തുപ്പുകയും മൂക്കുചീറ്റുകയും ചെയ്യുന്നത്- മറ്റുള്ളവര്‍ക്ക് അരോചകമാണെന്ന ബോധം. ചിലരെങ്കിലും ഭക്ഷണം ഒഴിവാക്കി എണീറ്റു പോകുമെന്ന ചിന്ത...

അതിഭയങ്കരമായ ഏമ്പക്കം. ചിലര്‍ വളരെയടുത്തായി നില്‍‌ക്കുമ്പൊഴും പരിസരബോധമില്ലാതെ ഏമ്പക്കം വിടും, അത്യുച്ചത്തില്‍ തന്നെ- മറ്റുള്ളവര്‍ക്ക് അരോചകമാണെന്നും, ഏമ്പക്കം തൊട്ടടുത്തു നില്‍ക്കുന്നവന്ന് വാസനയുണ്ടാക്കുമെന്നുമുള്ള ബോധം...

പരിസരം മറന്നുള്ള ഫോണ്‍ സം‌ഭാഷണം. ഇവിടെ ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമസ്ഥനെ പരാമര്‍ശിക്കാതിരിക്കാനാവില്ല. പലമേഖലയിലുള്ള പലതരം ആള്‍ക്കാര്‍ ഒരുപോലെ വന്ന് ഇടപെടുന്ന സ്ഥാപനമാണു ഞങ്ങളുടേത്. അദ്ദേഹം ഇരിക്കുന്ന കൗണ്ടറിനു ചുറ്റും നില്‍ക്കുന്ന കസ്റ്റമേഴ്‌സ് അവര്‍ക്കു വരുന്ന ഫോണ്‍ കോളുകള്‍ അവിടെ വെച്ച് തന്നെ അറ്റന്റ് ചെയ്യും. പിന്നെ എല്ലാ വിപ്ലവാഭിവാദ്യങ്ങളും അദ്ദേഹത്തിന്റെ മുഖത്തിനു നേരെ തിരിഞ്ഞ് നിന്നു കൊണ്ടുള്ള അതേ പൊസിഷനിലാണ്‌. എനിക്കാണെങ്കില്‍ സഹിക്കാനാവില്ല അതൊന്നും. പക്ഷേ, അദ്ദേഹം എല്ലാം സഹിച്ച് മിണ്ടാതിരിക്കും.

നമ്മുടെ സ്വകാര്യസംഭാഷണങ്ങള്‍ നമ്മുടേതു മാത്രമാണെന്നും അത് ഉച്ചഭാഷിണിയില്‍ മുഴക്കപ്പെടേണ്ടതല്ലെന്നും, അതിലൂടെ മറ്റുള്ളവന്‍ തലവേദനപ്പെടരുതെന്നും എന്തേ ഭൂരിഭാഗവും മനസ്സിലാക്കുന്നില്ല... ?

8 വായനകളിങ്ങനെ:

[Shaf] said...

great shihab,

keep it up this thought and bahavoiur ....
thanks for the reminder
good post too

kaithamullu : കൈതമുള്ള് said...

പലപ്പോഴും തലയിലൂടെ കയറിയിറങ്ങിയ ചിന്തകളില്‍ ചിലത് ഇവിടെ വായിച്ചപ്പോള്‍ സന്തോഷം....ഈ ‘ലിസ്റ്റ്‘ വളരെ വലുതാണ്, ശിഹാബേ!

khader patteppadam said...

'സാമാന്യ ബോധം 'കൊള്ളാം.പക്ഷെ പഴയ നീതിസാരങ്ങളൊക്കെ ആര്‍ക്കു വേണം..? എങ്കിലും നന്മ വറ്റിപ്പോകാത്ത ചിലരെങ്കിലും ഓര്‍മ്മപ്പെടുത്തലുകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.... നല്ലത്.

Faizal Kondotty said...

നന്നായിട്ടുണ്ട് ... ആശംസകള്‍ !

വയനാടന്‍ said...

ഓർമ്മപ്പെടുത്തലുകൾ തുടരട്ടെ

ജ്വാല said...

ഇവിടെ സൂചിപ്പിക്കുന്ന പ്രവര്‍ത്തികള്‍ മറ്റ് വ്യക്തികള്‍ക്ക് ഹാനികരമാണെന്ന ചിന്ത അവര്‍ക്കില്ല.
ബസ്സിലും യാത്രയിലും ഓഫീസിലും മൊബൈല്‍ ഫോണില്‍ എത്ര ഉറക്കെയാണ് പലരും സംസാരിക്കുക.ഒരു പെരുമാറ്റ ചട്ടം വേണ്ടതു തന്നെ.എന്നാലും ആരും അനുസരിക്കില്ല

ഈ കാഴ്ചകള്‍ അവതരിപ്പിച്ചതു നന്നായി.

താരകൻ said...

valare nannayi ezhuthiyirikkunnu.aasamsakal

abdul rahman said...

valare nalla vaakkukal... aashamsakal

Where I feel poetic

Followers

Popular Posts