Sunday, June 24, 2012

'പൊറോട്ട' എന്ന പദം മനസ്സിലാദ്യം കൊണ്ടുവരുന്നത്, മറ്റു ബഹുഭൂരിപക്ഷം സമകാലിക മൊഗ്രാല്‍ സുഹൃത്തുക്കളെപ്പോലെ തന്നെ, "ട്ടണ്‍‌ട്ടണ" ഹോട്ടലിന്റെ ഓര്‍മ്മകളാണ്. "ട്ടണ്‍‌ട്ടണ" എന്നത് നാങ്കിയിലെ അന്തിച്ച വളരെക്കാലം മൊഗ്രാല്‍ ടൗണില്‍ നടത്തിക്കൊണ്ടിരുന്ന ഹോട്ടലിന്റെ പേരായിരുന്നു എന്നത് ഓരോ മൊഗ്രാലിയനും പച്ചവെള്ളം പോലെ അറിയാവുന്ന കാര്യമാണ്‌. മങ്ങിപ്പോയിട്ടുണ്ടായിരുന്നെങ്കിലും വെളുത്ത അക്ഷരങ്ങള്‍ കൊണ്ട് ഹോട്ടലിന്റെ, കരിപിടിച്ച് കറുത്ത വാതിലില്‍ "ട്ടണ്‍‌ട്ടണ" എന്ന് എഴുതി വെച്ചിരുന്നത് ഓര്‍മ്മയിലിന്നും തെളിഞ്ഞു തന്നെ നില്‍ക്കുന്നു.

 പത്താം ക്ലാസില്‍ പഠിക്കുന്ന കാലത്ത്, സ്ക്കൂളില്‍ ഇന്റര്‍‌വെല്ലായാല്‍ ഞങ്ങള്‍ അഞ്ചു പേര്‍ സംഘം (ഞാന്‍, സമീര്‍ പെര്‍‌വാഡ്, ഹംസ, അഷ്‌റഫ് കടവത്ത്, കബീര്‍) നിര്‍ബന്ധമായും ട്ടണ്‍‌ട്ടണയിലെത്തുമായിരുന്നു. ആരുടെയെങ്കിലും കയ്യില്‍ കാശു കുറവാണെങ്കില്‍ പരസ്പരം അഡ്‌ജസ്റ്റ് ചെയ്ത് അഞ്ചുരൂപ മുഴുവനാക്കി ഞങ്ങള്‍ "ട്ടണ്‍‌ട്ടണ"യിലെ, നാവില്‍ നിന്നിപ്പൊഴും രുചി മാറിയിട്ടില്ലാത്ത ബീഫ് കറിയും പൊറോട്ടയും കഴിക്കും. അന്തിച്ച തന്റെ കറിയില്‍ ഇനി എത്ര വെള്ളമൊഴിച്ച് തിളപ്പിച്ചാലും ഞങ്ങള്‍ക്കൊരു പ്രശ്നവുമുണ്ടായിരുന്നില്ല. കാരണം "ട്ടണ്‍‌ട്ടണ"യുടെ ട്രേഡ്‌മാര്‍ക്ക് ടേസ്റ്റ് അതില്‍ നിന്നു വിട്ടുപോവില്ലെന്നതു തന്നെ. കാലം കുറേ കഴിഞ്ഞു. അന്തിച്ച "ട്ടണ്‍‌ട്ടണ" പൂട്ടി.

 ഒരിക്കല്‍ അന്തിച്ചയുടെ സുഹൃത്തുക്കള്‍ തമാശരൂപേണ അദ്ദേഹത്തോട് പറയുന്നത് ഞാന്‍ കേട്ടു: "നീ പുള്ളര്‍ക്ക് പൊറോട്ടേം കറീം കൊട്‌ത്തിറ്റ് കൊറേ പൈസ ആക്കീല്ലേപ്പാ" അതേ സ്വരത്തില്‍ അന്തിച്ചയുടെ മറുപടി: "നിങ്ങൊയെല്ലം കൂടീറ്റ് ഇങ്ങനെ കണ്‍‌ക്ക് കൂട്ടീറ്റന്നെല്ലേ ഹലാക്കെന്ന കൊടി കുത്തിപ്പേയത്!"

ഗോള്‍‌പോസ്റ്റിലേക്ക് ഫു‌ട്‌ബോള്‍ പായുന്ന വേഗത്തില്‍ കാലം പിന്നെയും മുന്നോട്ടു പോയി. മുമ്പ്, നാട്ടിലെ വയസ്സായവര്‍ "എട്ടുംബള്‍പ്പ്" എന്നു വിശേഷിപ്പിച്ചിരുന്ന (അതെന്തിനാണാവോ?) "മുബാറക് ആയുര്‍‌വ്വേദ ചികില്‍സാലയം" പ്രവര്‍ത്തിച്ചിരുന്ന ബില്‍‌ഡിംഗില്‍ അന്തിച്ച വീണ്ടും ഹോട്ടല്‍ തുടങ്ങി. "ട്ടണ്‍‌ട്ടണ"യുടെ അസുഖമുണ്ടായിരുന്ന എന്നെപ്പോലുള്ളവരെല്ലാം ആ 'ചികില്‍സാലയ'ത്തിലേക്ക് "ബീഫ് സാല്‍ണ" കുടിക്കാനോടി. പക്ഷേ, മനസ്സും ശരീരവും കാലവും മുതിര്‍ന്നതു കൊണ്ടാവണം, പഴയ "ട്ടണ്‍‌ട്ടണ"യുടെ ടേസ്റ്റ് ആ ബീഫ് കറിക്കുണ്ടായിരുന്നില്ല. ഹോട്ടല്‍ പിന്നെയും പൂട്ടി

ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം..! നല്ല രുചിയും. അങ്ങോട്ട് പോയാല്‍ കാടു കയറാന്‍ സാധ്യതയുണ്ട്. ഞാന്‍ പൊറോട്ടയുടെ എണ്ണമണമുള്ള ഓര്‍മ്മകളിലേക്ക് തിരിച്ചു നടക്കട്ടെ... 

 പൊറോട്ട മാഹാത്മ്യത്തിന്റെ അടുത്ത രംഗം നമ്മുടെ കടപ്പുറത്തുവെച്ചാണ്‌. ഇന്ന്, നാട്ടില്‍ നിന്ന് അന്യം നിന്നുപോകുന്ന "ചവിട്ടുവല" യില്‍ "കമ്പ" പിടിക്കാന്‍ പോയ കാലത്താണ്‌ (ഒരു വിധം എല്ലാ പണിയും തൊട്ട് അശുദ്ധമാക്കിയിട്ടുണ്ട്) ഈ പൊറോട്ടയടി. അതിന്റെ ഓര്‍മ്മകള്‍ക്ക് തിളക്കവും രുചിയുമേറുന്നത്, ചായകുടിക്ക് പിരിയുന്നത് വരെയുള്ള ജോലി ശരീരത്തിന്‌ നല്‍കുന്ന തളര്‍ച്ചയും ക്ഷീണവും തന്നെയാണ്‌.. സുബ്‌ഹി ബാങ്ക് കൊടുത്ത ഉടനെ വീട്ടില്‍ നിന്ന് നിസ്‌ക്കരിച്ച് ഒരു കള്ളിത്തുണിയും ഫുള്‍സ്ലീവ് ടീ‌ഷര്‍ട്ടും (കൈ കറുത്തു പോകാതിരിക്കാനാണ്‌ ഈ ഫുള്‍‌സ്ലീവ്, അല്ലെങ്കില്‍ ഭയങ്കര വെളുപ്പാ!) ഒരു ക്യാപ്പും അതിന്റെ മുകളില്‍ വട്ടത്തില്‍ ചുറ്റിയ ഒരു തോര്‍ത്തുമായി കടപ്പുറത്തേക്ക് പോയാല്‍ പിന്നെ ഈ ചായ വരുന്നത് വരെ ഒരു രണ്ട് വല എല്ലാവരും കൂടി വലിച്ച് കയറ്റും.

porotta


കൊപ്പളത്തിലെ ബി.കെ. അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള "ബിസ്‌മില്ലാ" ഹോട്ടലില്‍ നിന്നായിരുന്നു അന്ന് ചായ കൊണ്ടുവന്നിരുന്നത്. ചിലര്‍ മൊഗ്രാല്‍ ടൗണിലെ അദ്‌രാന്‍‌ച്ചാന്റെ ഹോട്ടലില്‍ നിന്നും കൊണ്ടു വരും. ബിസ്മില്ലാ ഹോട്ടലിലെ കുക്ക്, അഷ്‌റഫിന്റെ അനിയനും, ഞങ്ങളുടെയൊക്കെ സ്നേഹമുള്ള സുഹൃത്തുമായ റിയാസാണ്‌. അവനുണ്ടാക്കി കൊടുത്തയക്കുന്ന ചായയ്‌ക്കും പൊറോട്ടയ്‌ക്കും കറിക്കും വല്ലാത്ത രുചിയായിരിക്കും. കടപ്പുറത്തെ പൊള്ളുന്ന മണലില്‍, നനഞ്ഞ് കുതിര്‍ന്ന മുണ്ടോടു കൂടി ചമ്രം പടിഞ്ഞിരുന്ന്, കയ്യില്‍ രണ്ട് കഷ്‌ണം ന്യൂസ് പേപ്പര്‍ നിവര്‍ത്തി വെച്ച് അതില്‍ പൊറോട്ടയിട്ട്, കറിയൊഴിച്ച് കഴിക്കുമ്പോള്‍ മറ്റൊരു ഭക്ഷ്യപദാര്‍ത്ഥത്തിനും തോന്നാത്ത രുചിയുടെ മറ്റൊരു കാരണം ഞാന്‍ നേരത്തേ പറഞ്ഞുവല്ലോ.

 പണിയൊന്നുമില്ലാത്ത ദിവസം റിയാസിന്റെ ഹോട്ടലില്‍ വെറുതേ പോയിരിക്കാനും നല്ല രസമാണ്‌. തട്ടിലിരിക്കുന്ന ഗ്ലാസിനെ രജനീകാന്ത് സ്റ്റൈലില്‍ അവന്‍ എറിഞ്ഞു പിടിക്കുന്നതും, പൊറോട്ടയെ "തവ"യില്‍ നിന്ന് ചട്ടുകം കൊണ്ട് നാല് മറി മറിക്കുന്നതും, പിന്നെ അവന്റെ വായ തുറന്നാല്‍ കേള്‍ക്കുന്ന തമാശകളുമൊക്കെ ആസ്വദിച്ചങ്ങനെയിരിക്കും. വിശപ്പൊന്നുമില്ലെങ്കിലും റിയാസുണ്ടാക്കിയ പൊറോട്ടയും കറിയും ചൂടോടെ കഴിച്ചിട്ടേ വീട്ടിലേക്ക് മടങ്ങൂ..... നന്നായി സം‌സാരിക്കുകയും തമാശ പറയുകയും ചെയ്യുന്നതു കൊണ്ട് റിയാസ് എല്ലാവര്‍ക്കും സുഹൃത്താണ്‌. അതു കൊണ്ടു തന്നെ, അധികപേരും ഭക്ഷണം കഴിച്ച് കൈ കഴുകിക്കഴിഞ്ഞാല്‍ "റിയാസേ" എന്നൊരു നീട്ടിവിളിയുണ്ട്. വിളികേട്ടാല്‍, വാഹനമോടിക്കുന്നവന്‍ വണ്ടി ഇടത്തോട്ട് തിരിയുമ്പോള്‍ കാണിക്കുന്ന സിഗ്‌നലിനു സമാനമായി വലതു കൈ കൊണ്ട് ഒന്നു കറക്കിക്കാണിക്കും. "നാളെത്തരാം" എന്ന് റിയാസിന്‌ മനസ്സിലാവും. ഒന്നു രണ്ടു വട്ടം കറക്കിയാല്‍ "എപ്പൊഴെങ്കിലുമൊക്കെ തന്നേക്കാം" എന്ന് റിയാസ് തര്‍ജ്ജമ ചെയ്ത് സായൂജ്യമടയും.

 ഓര്‍മ്മയിലിനിയും തങ്ങി നില്‍‌ക്കുന്ന മറ്റൊരു പൊറോട്ട കേന്ദ്രം നേരത്തേ പറഞ്ഞ "അദ്‌രാന്‍‌ച്ചാന്റെ" ഹോട്ടല്‍ തന്നെയാണ്‌. ആ ഓര്‍മ്മകള്‍ മനസ്സിലത്രയും ഇടം ലഭിക്കാന്‍ ഭക്ഷണത്തിന്റെ രുചിയേക്കാള്‍ മുന്നിട്ടു നില്‍ക്കുന്ന മറ്റു ചില ഘടകങ്ങളുണ്ട്. അതിലൊന്ന്, മഗ്‌രിബ് നിസ്ക്കാരം കഴിഞ്ഞാല്‍, മൊഗ്രാല്‍ വരെ നടന്നിട്ട് വരാമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് കൂടെക്കൂട്ടി അദ്‌രാന്‍‌ച്ചാന്റെ ഹോട്ടലില്‍ നിന്ന് പൊറോട്ടയും കറിയും കഴിപ്പിച്ച് എത്ര നിര്‍ബന്ധിച്ചാലും കാശു കൊടുക്കാന്‍ സമ്മതിക്കാത്ത (സത്യം, ഞാന്‍ നിര്‍ബന്ധിക്കുമായിരുന്നു :) ) എന്റെ കൂട്ടുകാരന്‍ സിറാജിന്റെ നിഷ്‌ക്കളങ്കമായ സ്നേഹമാണൊന്ന്. അദ്‌രാന്‍‌ച്ചാന്റെയും ജോലിക്കാരുടെയും സ്നേഹപൂര്‍‌വ്വമുള്ള പെരുമാറ്റമാണ്‌ മറ്റൊന്ന്.

 മൊഗ്രാലിലെ പ്രശസ്‌തമായ എവറസ്‌റ്റ് ഹോട്ടലില്‍ നിന്ന് പൊറോട്ട കഴിച്ചതിന്റെ ഓര്‍മ്മകളെനിക്കില്ല. പ്രൈമറി സ്ക്കൂളില്‍ പഠിക്കുന്ന കാലത്തെ മങ്ങിയ ഓര്‍മ്മകള്‍ ചികഞ്ഞെടുക്കുമ്പോള്‍ ശം‌സുവിന്റെ ഉപ്പ അവിടെ ഇരിക്കുന്നത് കാണുന്നു. എന്നും, സ്ക്കൂളില്‍ പോകുമ്പോള്‍ ഇരുപത് പൈസ തരുമായിരുന്നു, ഉമ്മ. ഇന്റര്‍‌വെല്ലാകുമ്പോള്‍ തൊട്ടടുത്ത കടയില്‍ നിന്ന് ഉപ്പും മുളകുമുട്ട ഒരു കക്കിരിക്കയും മുളകു മിഠായിയും മേടിക്കും. സ്ക്കൂള്‍ വിട്ടോടുന്ന സമയത്ത് "റാഹത്ത് കൂള്‍ ബാറി"ല്‍ നിന്ന് ഒരു ഐസ് കാന്റിയും നുണയാം. കുറച്ച് മുതിര്‍ന്നപ്പോള്‍ ഉമ്മ സ്നേഹത്തോടെ തരുന്ന അമ്പതു പൈസ, സ്ക്കൂള്‍ വിട്ട് വരുമ്പോള്‍ "എവറസ്റ്റ് ഹോട്ടലിലെ" ആ വയസ്സായ ആളുടെ കയ്യില്‍ കൊടുത്ത് "ഗോളിബജെ" എന്ന് പറയും. ന്യൂസ് പേപ്പറില്‍ ചുറ്റിത്തരുന്ന ആ "ഗോളിബജ"ക്ക് അപാര ടേസ്റ്റായിരുന്നു. പിന്നെയെടുത്തു പറയാനുള്ളത് ലീഗ് ഓഫീസിനടുത്തെ "കേപ്പിച്ചാന്റെ" കടയില്‍ നിന്ന് മേടിക്കുന്ന "പട്ടാണിക്കടല"യാണ്‌. എന്തുകൊണ്ടാണെന്നറിയില്ല, എല്ലാവരും "കേപ്പിച്ചാന്റെ" പീടികയില്‍ നിന്നായിരുന്നു പട്ടാണിക്കടല മേടിമേടിച്ചിരുന്നത്.

0 വായനകളിങ്ങനെ:

Where I feel poetic

Followers

Popular Posts