Sunday, June 7, 2009

"താമരശ്ശേരി ചുരം.."

ഈയൊരൊറ്റ വാചകം മാത്രം വായിക്കുന്ന ആള്‍ക്കാരുടെ മനസ്സില്‍ ഉണര്‍ന്നുവരുന്ന ഓര്‍മ്മകള്‍ക്കെല്ലാം ഒരേ ഭാവമാണ്‌; ചിരിയുടെ മാത്രം.. വെള്ളാനകളുടെ നാട് എന്ന ചിത്രത്തില്‍ പപ്പു അവതരിപ്പിച്ച കഥാപാത്രത്തിന്റെ എക്കാലത്തും ഓര്‍മ്മിച്ചു ചിരിക്കപ്പെടുന്ന വാചകം. മലയാളിയെ കുടുകുടെ ചിരിപ്പിച്ച കുതിരവട്ടം പപ്പു എന്ന നടന്റെ അഭിനയജീവിതത്തിലെ അനശ്വരമായ കഥാപാത്രങ്ങളിലൊന്നാണ്‌ പ്രിയദര്‍ശന്‍ സം‌വിധാനം ചെയ്ത വെള്ളാനകളുടെ നാട് എന്ന ചിത്രത്തിലേത്. ഇന്നും അതിലെ രംഗങ്ങള്‍ കാണുമ്പോള്‍ ഈ കഥാപാത്രത്തെ ഇങ്ങനെയാക്കിത്തീര്‍ക്കാന്‍ പപ്പുവിനു മാത്രമേ സാധിക്കൂ എന്നു തോന്നാറുണ്ട്. മലയാളിയുടെ മനസ്സില്‍ "താമരശ്ശേരി ചുരം" ചുരത്തുന്ന നര്‍മ്മാനുഭവത്തിന്‌ ഇന്നും നവ്യഭാവം തന്നെ. അതുപോലെ നമ്മള്‍ ആസ്വദിച്ച ഹാസ്യരംഗങ്ങളെല്ലാം മങ്ങലില്ലാത്ത ചിരിയനുഭവങ്ങളായി നമ്മുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്.

മലയാളസിനിമയിലെ നര്‍മ്മ മേഖലയെ കുറിച്ച് പറഞ്ഞാല്‍ എളുപ്പത്തിലൊന്നും അവസാനിപ്പിക്കാന്‍ സാധിക്കില്ല. ലോകോത്തര നിലവാരമുള്ള ഹാസ്യതാരങ്ങള്‍ നമുക്ക് സ്വന്തമായുണ്ട് എന്നതു മനസ്സിലാക്കാന്‍ ഒരുപാട് സിനിമകളൊന്നും കാണണമെന്നില്ല. ചില മലയാള ഹാസ്യസിനിമകള്‍ ഭാഷാന്തരം ചെയ്യപ്പെട്ടപ്പോള്‍ ഭാഷ മാത്രമല്ല, അതിലെ ഭാവങ്ങള്‍ക്കെല്ലാം വിദൂരമായ അന്തരമുണ്ടെന്ന് തോന്നിയിട്ടുണ്ട്.

സിദ്ദിഖ്‌-ലാല്‍ ജോഡിയില്‍ നിന്ന് ജന്മം കൊണ്ട സിനിമകളിലെ ഹാസ്യങ്ങള്‍ നമ്മള്‍ ആസ്വദിച്ചതും ആഘോഷിച്ചതും അതെല്ലാം ജീവിതത്തോട് ഒട്ടി നില്‍ക്കുന്ന തമാശകളായിരുന്നതു കൊണ്ടായിരിക്കണം. ജീവിതം കെട്ടിപ്പെടുക്കാനും അതിന്റെ കെട്ടിപ്പിണച്ചിലുകളില്‍ നിന്ന് പുറത്തുകടക്കാനും പരിശ്രമിക്കുന്ന ശരാശരിക്കാരന്റെ ജീവിതത്തിലെ നിഷ്ക്കളങ്കമായ നിമിഷങ്ങളിലെ നര്‍മ്മഭാവങ്ങളാണു നമ്മെ ആകര്‍ഷിച്ചത്. പിന്നീട് റാഫി-മെക്കാര്‍ട്ടിനും ഷാഫിയും ഒക്കെ പിന്തുടരാന്‍ ശ്രമിച്ചതും ആ പാത തന്നെയായിരുന്നു.

ഇന്ന് വേണ്ടത്ര മാധ്യമപരിഗണന നല്‍‌കപ്പെടാത്ത സിദ്ദിഖ്, ജഗദീഷ്, മുകേഷ്, സായികുമാര്‍ തുടങ്ങിയവര്‍ ജീവന്‍ നല്‍കിയ കഥാപാത്രങ്ങള്‍ പലതും ഇന്നും നമുക്കിടയില്‍ ജീവിക്കുന്നതിന്റെയും കാരണം മറ്റൊന്നല്ല.

ജഗതി ശ്രീകുമാറിന്റെ ഭാവനൈപുണ്യവും ഇന്നസെന്റിന്റെ പ്രത്യുല്‍‌പ്പന്നമതിത്വവും കൊച്ചിന്‍ ഹനീഫയുടെ ശരീരഭാഷയും ഹരിശ്രീ അശോകന്റെ വിഡ്ഢിഭാവവും (വരുത്തുന്നത്) സലീം കുമാറിന്റെ സംഭാഷണരീതിയുമെല്ലാം നമുക്ക് എല്ലാം മറന്ന് ചിരിക്കാന്‍ വകുപ്പുകള്‍ നല്‍കിയിട്ടുണ്ട്.

ഹാസ്യത്തില്‍ മാത്രമല്ല നായകസ്ഥാനത്തും മുന്‍‌പന്തിയില്‍ നില്‍ക്കുന്ന പല നടന്മാരും സിനിമയിലെത്തുന്നതിന്ന് മുമ്പ് പയറ്റിത്തെളിഞ്ഞ മേഖല സ്റ്റേജ് ഷോകളായിരുന്നു. നാടകക്കളരികളില്‍ നിന്ന് അഭിനയകല പരിചയിച്ച് വന്ന പെരുമയൊന്നും അവകാശപ്പെടാനില്ലാത്ത ഭൂരിഭാഗവും നിത്യവൃത്തിക്കായി ചെയ്തു പോന്ന സ്റ്റേജ് ഷോകളാണ്‌ പിന്നീട് അവര്‍ക്ക് പ്രശസ്തിയുടെ കൂടി മേഖലയിലേക്ക് പടവുകളൊരുക്കിയത്. കലാഭവന്‍ മണിയുടെ കലാപരമായ ഉയര്‍ച്ച ഇങ്ങനെ നോക്കി നിന്നു പോയിട്ടുണ്ട്. കലാഭവന്‍ മണിയുടെ തന്നെ നാടന്‍‌പാട്ടുകള്‍ ഇടകലര്‍ത്തിയ കോമഡി ഓഡിയോകള്‍ ഇരുന്ന് കേള്‍ക്കുന്ന ഒരു കാലമുണ്ടായിരുന്നു. മനഃപാഠമാകാത്ത ഒരു നാടന്‍‌പാട്ടു പോലും കടന്നു പോയിട്ടില്ലാത്ത ഒരു കാലം.

എന്നാല്‍, പിന്നീടുള്ള കാലങ്ങളില്‍ സ്റ്റേജ് ഷോകളുടെയും മറ്റു തമാശപ്പരിപാടികളുടെയും വീഡിയോ കാണാനുള്ള അവസരങ്ങള്‍ ലഭിക്കുമ്പോള്‍ ആവേശപൂര്‍‌വം ഇരുന്ന് കാണാന്‍ തുനിഞ്ഞ എനിക്ക് എന്തു കൊണ്ടോ അതൊന്നും തീരെ രസമുള്ളതായി തോന്നിയില്ല. ആ ലേബല്‍ വഹിക്കുന്ന എല്ലാ വീഡിയോകള്‍ക്കുമുള്ള നിലവാരം എന്റെ മനസ്സില്‍ അതു തന്നെയായിരുന്നു. അത്തരം കാഴ്ച്ചകള്‍ എല്ലാവരും ഒന്നിച്ചിരുന്ന് കാണുമ്പോള്‍ മനസില്‍ തോന്നിയ അനൗചിത്യബോധം തന്നെയാണതിന്റെ രസക്കുറവ്. എപ്പോഴാണ്‌ കോമഡി കലാകാരന്‍ സദാചാരത്തിന്റെ സകലസീമയും കടന്ന് തമാശ പറയുക എന്ന് നമുക്ക് മുന്‍‌കൂട്ടി കാണാന്‍ പറ്റില്ലല്ലോ...

സ്റ്റേജ് ഷോകളില്‍ അവതരിപ്പിക്കുന്ന സ്കിറ്റുകളും കോമഡി ഓഡിയോകളില്‍ കേള്‍ക്കുന്ന സംഭാഷണങ്ങളും ദ്വയാര്‍ത്ഥപ്രയോഗങ്ങളെയും അശ്ലീലതകളെയും കൊണ്ട് നിറഞ്ഞിരിക്കുന്നു. തമാശ പറയുക എന്നാല്‍ അശ്ലീലംപറയുക എന്ന ഒരു സമവാക്യം തന്നെ ഹാസ്യരം‌ഗത്ത് ശീലിക്കപ്പെട്ടിരിക്കുന്നു. ഇന്ന് ഒരു തമാശപ്പരിപാടി കാണുകയാണെങ്കില്‍ അതില്‍ നിര്‍ബന്ധമായും കേള്‍ക്കേണ്ട പദങ്ങളില്‍ ചിലതാണ്‌ ഷക്കീല, മറിയ, അയല്‍ക്കാരി ശാന്ത, അടിച്ചുതെളിക്കാരി ജാനു തുടങ്ങിയവ. അച്ഛന്റെ അയല്‍ക്കാരി ബന്ധം പറയുന്ന, ലൈംഗികതയെക്കുറിച്ച് സം‌ശയം തീരാത്ത മകനും അത്തരം വിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന ഡോക്ടറുമെല്ലാം സ്ഥിരം നമ്പറുകള്‍. ഇത്തരം തമാശകള്‍ ആസ്വാദകഹൃദയങ്ങള്‍ ഏറ്റു വാങ്ങുന്നുണ്ടെന്നറിയിക്കാനായി സദസ്സില്‍ നിന്നും പിടിച്ചെടുത്ത പൊട്ടിച്ചിരിയുടെ ക്ലിപ്പുകള്‍ തിരുകിക്കയറ്റിയിട്ടുമുണ്ടാവും ഇത്തരം വീഡിയോകളില്‍.

ചിലപ്പോഴൊക്കെ ചിന്തിച്ചു പോവും നമ്മള്‍ മലയാളികള്‍ക്ക് മൊത്തം ഇതു തന്നെയാണോ സ്വഭാവം എന്ന്. ഭൂരിഭാഗം മനുഷ്യരുടെയും ചിന്തയും ഭാവനയുമെല്ലാം ഇത്തരത്തിലാണോ രൂപപ്പെട്ടിരിക്കുന്നത് എന്ന്. നമ്മുടെ സംസ്ക്കാരം ഇത്തരം അവിഹിതബന്ധങ്ങളും ലൈംഗികവിചാരങ്ങളും മാത്രം മുഴച്ചു നില്‍ക്കുന്ന രീതിയില്‍ മാറ്റിയെടുക്കപ്പെട്ടോ എന്ന്. ഇങ്ങനെ അശ്ലീലതകള്‍ പറയുന്നത് തമാശയാണെന്നും അത് കേള്‍ക്കുമ്പോള്‍ പരിസരം മറന്ന് ചിരിക്കണമെന്നും നമുക്ക് ബോധ്യപ്പെടുത്തുന്നതിന്റെ ഔചിത്യമെന്തെന്ന്. ഇതൊന്നും ആര്‍ക്കും വൃത്തികേടായി തോന്നുകയോ പ്രതികരിക്കാതിരിക്കുകയോ ചെയ്യുന്നതിന്റെ അര്ത്ഥമെന്തെന്ന്. സദസ്സിന്റെ മുന്‍‌സീറ്റില്‍ ഇരിപ്പിടം ലഭിക്കുന്ന സാംസ്ക്കാരിക നായകന്മാരും സിനിമാനടന്മാരും ആര്‍ത്തു ചിരിക്കുമ്പോള്‍ അത് സമൂഹത്തിന്‌ നല്‍കുന്ന സന്ദേശമെന്തെന്ന്...

എന്തായാലും കുടുംബസമേതം കാണാന്‍ പറ്റുന്ന ഹിന്ദി പടങ്ങള്‍ ഇന്നില്ലാത്തതു പോലെ തന്നെ കുടുംബസമേതം കാണാന്‍ പറ്റുന്ന കോമഡി ഷോകളും ഇല്ല എന്നു തന്നെ പറയാം. (ഇന്നിറങ്ങുന്ന ബോളിവുഡ് സിനിമകള്‍ ബ്ലൂ ഫിലിമിന്‌ സമാനമാണെന്ന് പരുത്തിവീരന്‍ എന്ന തമിഴ് സിനിമ സം‌വിധാനം ചെയ്ത അമീര്‍ സുല്‍ത്താന്‍ ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു)

ഇവിടെയാണ്‌ ഞാന്‍ മുകളില്‍ സൂചിപ്പിച്ച നമ്മുടെ ഹാസ്യത്തിന്റെ ഗതകാലചിന്തകള്‍ ഓര്‍ത്ത് നെടുവീര്‍പ്പിടേണ്ടി വരുന്നത്. എവിടെയാണ്‌ നമ്മുടെ നര്‍മ്മത്തിന്റെ മര്‍മ്മം കളഞ്ഞു പോയത്.. ? നല്ലൊരു പാരമ്പര്യമുള്ള നമ്മുടെ ഹാസ്യഭാവങ്ങള്‍ക്ക് എപ്പോഴാണ്‌ അശ്ലീലതയുടെ വൃത്തികെട്ട രൂപം കൈവന്നത്...?

മലയാളിയുടെ നര്‍മ്മത്തിന്റെ ത്രെഡ് എവിടെയോ നഷ്ടപ്പെട്ടു പോയിരിക്കുന്നുവെന്നും കുറിക്കുകൊള്ളുന്ന ആക്ഷേപങ്ങളും നര്‍മ്മമുണര്‍ത്തുന്ന ചിന്തകളും പുതിയതായി നല്‍കാന്‍ മാത്രം കഴിവുള്ള കലാകാരന്മാര്‍ അന്യം നിന്നിരിക്കുന്നുവെന്നും മാത്രമാണ്‌ മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഒരു വിധം തമാശപ്പരിപാടികള്‍‌ക്കപ്പുറം കലാകാരന്മാര്‍ ഉയര്‍ന്നു വരാത്തത് അതിനുള്ള തെളിവ് തന്നെയാണ്‌.

എനിക്കൊന്നേ പറയുവാനുള്ളൂ, 'കുടുംബസമേതം കാണുന്നത് ഹാനികരം' എന്ന രീതിയില്‍ ഒരു മുന്നറിയപ്പ് നല്‍‌കപ്പെടാത്തിടത്തോളം കോമഡി പരിപാടികള്‍ക്ക് നാം തന്നെ ഒരു ഫില്‍‌ട്ടര്‍ വെക്കുന്നതായിരിക്കും നല്ലത്..
കോമഡി പോലും വെറുപ്പിക്കുന്ന കാലം...!

14 വായനകളിങ്ങനെ:

sHihab mOgraL said...

ഈയിടെ യാദൃശ്ചികമായി ഒരു കോമഡി ഷോ വീഡിയോ കാണുകയും അതിലെ അശ്ലീലം കേട്ട് സാംസ്ക്കാരിക സമൂഹം പൊട്ടിച്ചിരിക്കുന്നതും കണ്ടപ്പോള്‍ എഴുതാതിരിക്കാനാവാത്തത്...

അഗ്രജന്‍ said...

യോജിക്കുന്നു ഷിഹാബ്, ഹാസ്യം പലപ്പോഴും അപഹാസ്യമാകുന്നു...

പ്രിയ said...

ഷിഹാബ്, നല്ല ലേഖനം. 'താമരശ്ശേരി ചുരം ...' രണ്ട് ദിവസം മുന്നെ യൂട്യൂബില്‍ കണ്ടപ്പോള്‍ ഒരു ചങ്ങാതിയും സമാനമായ ഒരു അഭിപ്രായം പറയുകയുണ്ടായി. അപൂര്‍‌വ്വം കോമേഡിയന്‍സ് മാത്രമേ ഇന്നും സ്റ്റാന്‍ഡേര്‍ഡ് തമാശ പറയുന്നുള്ളു എന്നും.

കോമെഡി ഷോ എന്ന പേരില്‍ കാട്ടിക്കൂട്ടുന്നവ/പറഞ്ഞുകൂട്ടുന്നവ പലപ്പോഴും തീര്‍ത്തും അസ്ലീലം തന്നെ. ഗള്‍ഫ് ഷോ പോലുള്ള പരിപാടികള്‍ ടീ വിയില്‍ കാണുമ്പോള്‍ ഞാനും അതിശയിക്കാറുണ്ട്, അമ്മമാരും കുഞ്ഞുങ്ങളും അടങ്ങുന്ന ആ സദസ്സ് സത്യത്തില്‍ അതു ആസ്വദിക്കുന്നുണ്ടോ അതോ ലജ്ജിക്കുന്നോ എന്നോ. സിനിമയിലെ തമാശകളും പലപ്പൊഴും ദ്വയാര്‍ഥപ്രയോഗങ്ങള്‍ നിറഞ്ഞ വളിപ്പുകള്‍ തന്നെ.(തമാശയുടെ ഉസ്ദാദായിരുന്ന ജഗതി ശ്രീകുമാറിന്റെ ഇപ്പോഴത്തെ കാര്യവും വ്യത്യസ്തമല്ലല്ലോ. കലാഭവന്‍ മണി, ഹരിശ്രീ അശോകന്‍, ഇന്നസെന്റ് ...)

:) 'താമരശ്ശേരി ചുരം ...' പോലുള്ള വിഡിയൊ ക്ലിപ്സ് എന്നും ആസ്വദിക്കപ്പെടുന്നു. വാക്കുകളിലൂടെ, അതിന്റെ ഭാവങ്ങളിലൂടെ തന്നെ ആണ് മലയാളത്തിലെ തമാശകള്‍ ഇത്രക്കും പ്രിയങ്കരം ആയത്. ദ്വയാര്‍ഥപ്രയോഗങ്ങള്‍ മറ്റ് പല ഭാഷയേക്കാളും മനോഹരമായി മലയാളത്തില്‍ ഉപയോഗിച്ചിട്ടുമുണ്ട്.(കടക്കാര്‍ മുഖത്ത് തല്ലിയതു കൊണ്ടുണ്ടായ പാട് = ഓ അതൊരു 'കടപ്പാടാ' എന്ന് ദിലീപ്)

ആ അസ്ലീലതമാശകള്‍ സദസ്സുകളില്‍ തകര്‍ക്കുന്നത് ആസ്വദിക്കുന്നവര്‍ ഉണ്ട്. അല്ലെങ്കില്‍ തുടക്കത്തിലേ തന്നെ അതു ഇല്ലാതാവേണ്ടതായിരുന്നു.ഇനി അതു അങ്ങനെ അല്ലാതാവും എന്നു ഇന്നത്തെ മലയാളത്തിന്റെ മാനസീകനില വച്ച് കരുതാനും ആവില്ല. പിന്നെ ഷിഹാബ് പറഞ്ഞത് തന്നെ വഴി. ഒന്നെങ്കില്‍ ആ ചാനലുകള്‍ ഒഴിവാക്കുക. ഇല്ലെങ്കില്‍ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുക. :)

സുല്‍ |Sul said...

ഷിഹാബ്
നല്ല ലേഖനം. അശ്ലീല നര്‍മ്മം മലയാളത്തിന്റെ നെഞ്ചത്തുകേറി നിരങ്ങാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇതിനെക്കാള്‍ അത്ഭുതം തൊന്നുന്നത് അത് ആസ്വദിക്കുന്ന ഒരു ജനവിഭാഗം വളര്‍ന്നു വന്നതാണ്. ആസ്വദിക്കുക മാത്രമല്ല പറ്റുന്ന സമയത്തൊക്കെ ഇത്തരത്തിലുള്ള കമെന്റുകള്‍ ചെയ്യുന്നതിനും ഈ അശ്ലീല കോമഡി തരംഗം ഒരു കാരണമായിട്ടുണ്ട്. കൂടുതലും സ്ത്രീ വിഭാഗത്തിനു നേരെയാണ് ഇതിന്റെ പ്രയോഗം.

-സുല്‍

കുറ്റ്യാടിക്കാരന്‍|Suhair said...

നല്ല ലേഖനം ഷിഹാബ്. താങ്കളുടെ അഭിപ്രായങ്ങളോട് യോജിക്കുന്നു.

അശ്ലീലതയുള്ള നര്മം പണ്ടും മലയാള സിനിമകളില്‍ ഉണ്ടായിരുന്നു, ഇത്രക്ക് ഇല്ലെങ്കിലും..

kichu / കിച്ചു said...
This comment has been removed by the author.
kichu / കിച്ചു said...

എവിടെയാണ്‌ നമ്മുടെ നര്‍മ്മത്തിന്റെ മര്‍മ്മം കളഞ്ഞു പോയത്.. ?

കണ്ട് പിടിക്കേണ്ടിയിരിക്കുന്നു

ഇന്ന് ഹാസ്യം എന്നപേരില്‍ കാട്ടിക്കൂട്ടുന്ന കോപ്രാ‍യങ്ങള്‍ അരോ‍ാ‍ാ‍ാ‍ാ‍ാചകം തന്നെ എന്നു പറയാതെ വയ്യ.

Wednesday, June 10, 2009

ജ്വാല said...

സത്യമാണ്.പല കോമഡി ഷോയിലും അശ്ലീലം പറയാന്‍ നടന്മാര്‍ക്കു ഒരു മടിയുമില്ല.നിഷ്കളങ്കരായ കുട്ടികള്‍ ഇതുകേട്ടു അര്‍ത്ഥമറിയാതെ പ്രയോഗിക്കുന്നു.
തമാശ കാണരുത് എന്നു വിലക്കേണ്ടതായ് വരുന്നു.

വളരെ പ്രസക്തമായ പോസ്റ്റ്.

വേണു venu said...

ഷിഹാബ്,
താമരശ്ശേരി ചുരം ആസ്വദിച്ച, ഇപ്പോഴും ആസ്വദിക്കുന്ന ഒരാളെന്ന നിലയില്‍ തന്നെ പറയട്ടെ. കാലത്തിന്‍റെ മാറ്റം, കോമഡിയിലും സിനിമയിലും വരുത്തിയ മാറ്റങ്ങളൊക്കെ പുതിയ ചുവടു വയ്പുകള്‍ക്ക് നിമിത്തങ്ങളായിരിക്കാം.
ഇന്ന് വരുന്ന അഡ്വെര്‍ടയിസ്സ്മെറ്റുകളിലെ അശ്ലീലം കണ്ട് കണ്ണടയ്ക്ക്കാനല്ലാ കഴിയൂ.
സിനിമയും അതിലെ ഭാഗമെന്ന് പറയുന്ന കോമഡിയുമൊന്നും മാറ്റങ്ങളുടെ കുതിച്ചു ചാട്ടത്തിനു മുന്നില്‍ തോറ്റു നില്‍ക്കുമോ.?
പിന്നെ മാറ്റം അനിവാര്യമായ ചരിത്ര സത്യമല്ലേ.:)

sHihab mOgraL said...

മാറ്റത്തിനൊഴികെ എല്ലാത്തിനും മാറ്റമുണ്ടെന്നാണ്‌. ഏതെങ്കിലും കലാരൂപത്തിന്റെ മാറ്റം അത് പുരോഗമനപരമാവുമ്പോള്‍ മനസുകള്‍ക്ക് അംഗീകരിക്കാനാവും. പക്ഷേ, അത് ഒരു സമൂഹത്തിന്റെ സാംസ്ക്കാരികമായ അധോഗതിയെ അടയാളപ്പെടുത്തുമ്പോള്‍ മൗനം പാലിക്കുകയും സ്വാഭാവികപരിണിതിയായി കണ്ട് അംഗീകരിക്കുകയും ചെയ്യണമെന്നു പറഞ്ഞാല്‍ ഉള്‍‌ക്കൊള്ളാന്‍ പ്രയാസമുണ്ട്. എന്നെ സംബന്ധിച്ച്, കുറഞ്ഞ പക്ഷം, സ്വന്തത്തെയെങ്കിലും അത് ബോധ്യപ്പെടുത്തിയേ പറ്റൂ..

Sabu Kottotty said...

അതുകൊണ്ടാ പറഞ്ഞത്‌ "വസ്ത്രം നാടിനാപത്താ"ണെന്ന്‌ !
ഈ ലേഖനത്തോട്‌ യോജിക്കാതിരിക്കാന്‍ വല്ല കാരണവും വേണ്ടേ ?
കോമഡി അവതാരകര്‍ക്ക്‌ ഇതു മനസ്സിലാവുമോ ആവോ...

കാട്ടിപ്പരുത്തി said...

നല്ല പോസ്റ്റ്. കാലികം.

വരവൂരാൻ said...

വളരെ പ്രസക്തമായ പോസ്റ്റ്.

ചില കോമഡി പരിപാടികളിലെ കോമഡി വളരെ അരോചകമായി എനിക്കും തോന്നിയിട്ടുണ്ട്‌... ഹാസ്യം പറഞ്ഞ്‌ അപഹാസ്യമായ്‌ തീരുന്ന ഒത്തിരി വിഡ്ഡികൾ

sHihab mOgraL said...

എല്ലാവര്‍ക്കും,ഇവിടെ വന്നതിലുള്ള ഹൃദയം നിറഞ്ഞ സന്തോഷം അറിയിക്കുന്നു.... :)

Where I feel poetic

Followers

Popular Posts