Wednesday, December 26, 2012


മലയാള ബ്ലോഗ് രംഗത്തെ പ്രശസ്തനായ ശ്രീ. ബഷീർ വള്ളിക്കുന്ന് "എന്നെയൊന്ന് റേപ്പ് ചെയ്യൂ" എന്ന തലക്കെട്ടോടെയെഴുതിയ പുതിയ പോസ്റ്റ് ഒരുപക്ഷേ, അദ്ദേഹം തന്നെ പ്രതീക്ഷിച്ചിരിക്കാനിടയുള്ള വിധത്തിൽ സോഷ്യൽ നെറ്റ്‌വർക്കുകളിലെ 'പുരോഗമനവാദികൾ' ഏറ്റെടുക്കുകയുണ്ടായി. ബഷീർ അദ്ദേഹത്തിന്റെ പോസ്റ്റിൽ പറയുന്നതു പോലെ ഇത്തരം പ്രതികരണങ്ങൾ പ്രകടിപ്പിക്കുന്നവരെ "സദാചാരവാദികൾ" എന്ന് പുച്ഛിച്ചു കൊണ്ടുതന്നെയാണ് കുറിപ്പുകളും കമന്റുകളും വന്നുകൊണ്ടിരിക്കുന്നത്. 

സ്ത്രീശരീരത്തെ ഉപഭോഗവസ്തുവെന്ന നിലയിൽ സമൂഹത്തിനു മുമ്പിൽ പ്രദർശിപ്പിക്കുന്ന ആധുനികവ്യവസ്ഥിതിയെക്കുറിച്ച് ബോധവാന്മാരാവണമെന്നാണ് അദ്ദേഹം തന്റെയെഴുത്തിൽ ചുരുക്കിപ്പറഞ്ഞിട്ടുള്ളത്. എന്നാൽ, ഇത്തരത്തിലെഴുതപ്പെടുന്ന ഏതു കുറിപ്പുകൾ വായിച്ചാലും "പെണ്ണ് അവൾക്കു തോന്നുന്ന വസ്ത്രം ധരിച്ചു നടക്കുന്നതു കൊണ്ടാണ് ആണിന്റെ ലിംഗമുദ്ധരിച്ചു പോകുന്നത്" എന്ന അർത്ഥം അവയിൽ നിന്ന് വായിച്ചെടുക്കാനുള്ള അപാരമായ വൈദഗ്ദ്ധ്യം നേടിയവരാണീ പുരോഗമനം പറയുന്നവരൊക്കെയും. എഴുതിയവനെതിരെ അങ്ങനെയൊരാരോപണം എറിഞ്ഞു പിടിപ്പിച്ചു കഴിഞ്ഞാൽ പിന്നെ കാര്യങ്ങൾ എളുപ്പമാണ്. സ്ത്രീസ്വാതന്ത്ര്യം, സമത്വബോധം, പുരുഷമേധാവിത്വം, കാമം നിറച്ച കണ്ണുകൾ എന്നിങ്ങനെ മഹത്തരങ്ങളായ വിഷയങ്ങളിൽ ചർച്ചകളെ കൊണ്ടെത്തിച്ചു കഴിഞ്ഞാൽ പിന്നെ പറഞ്ഞവൻ അറുബോറനും പ്രതികരിച്ചവർ മൂല്യസംരക്ഷകരുമായി. അതുതന്നെയാണിവിടെയും സംഭവിച്ചു കൊണ്ടിരിക്കുന്നത്. 

സോപ്പിന്റെ പരസ്യത്തില്‍ സിനിമാനടിയുടെ നഗ്ന മേനിയില്‍ സോപ്പുരച്ചു കാണിക്കുന്നത്, സാരിയുടെ പരസ്യത്തില്‍ സ്‌ത്രീയുടെ മാംസളമായ വയറിന്റെ മടക്കുകള്‍ കാണിക്കുന്നത്, സിനിമാ ഗാനരംഗങ്ങളില്‍ നൃത്തം ചെയ്യുന്ന പെണ്ണുങ്ങള്‍ക്ക് നാഭിയും മാറിടത്തിന്റെ പകുതിയും തുറന്നു കാണിക്കുന്ന വസ്ത്രം നല്‍കുന്നത്, കാറുകളുടെ പരസ്യങ്ങളിൽ അൽപ്പവസ്ത്രധാരിണിയായ സ്ത്രീതന്നെ ബോണറ്റ് ഹുഡിൽ കിടക്കേണ്ടി വരുന്നത്,  ടൈൽസിന്റെയും ഫാനിന്റെയും സ്വിച്ച് ബോര്‍ഡിന്റെയും പരസ്യത്തിലഭിനയിക്കാന്‍ സ്‌ത്രീയുടെ ശരീരം നിർബന്ധമായി വരുന്നത്, ആണുങ്ങളുടെ അടിവസ്ത്രത്തിന്റെയും, ആഫ്‌റ്റര്‍ ഷേവ് ലോഷന്റെയും പോലും പരസ്യങ്ങളില്‍ സ്ത്രീയുടെ തൊട്ടുതലോടല്‍ ആവശ്യമാവുന്നത് ഇവയൊക്കെ നമ്മുടെ പുരോഗമനത്തിന്റെയും ആ പുരോഗമനം ഉയർത്തുന്ന സ്ത്രീസ്വാതന്ത്ര്യത്തിന്റെയും അടയാളങ്ങളാണ്. 

മദ്യപിച്ച് മദോന്മത്തരായ പുരുഷന്റെ കണ്ണുകൾക്കു മുമ്പിൽ നൃത്തം ചവിട്ടുന്ന പെണ്ണിനും അഭ്രപാളികൾക്കു മുമ്പിൽ ആവേശഭരിതരായിരിക്കുന്നവർക്കു മുമ്പിൽ തന്റെ അഴകളവുകൾ പ്രദർശിപ്പിക്കുന്ന പെണ്ണിനും സമൂഹം കൽപ്പിച്ചു വരുന്ന നിലവാരങ്ങൾ തമ്മിലുള്ള അന്തരം അവർ പറ്റുന്ന പ്രതിഫലത്തിന്റേതിനോളം സമാനമാണെന്ന വസ്തുതയും നാമോർക്കേണ്ടതുണ്ട്. 

മുകളിൽ പറഞ്ഞ എല്ലാ ഉദാഹരണങ്ങളിലും സ്ത്രീ ഒരു ഇരയാണ്. എലിപ്പെട്ടിയുടെ ഇരുമ്പ് കൊളുത്തിൽ തീയിൽ ചുട്ടെടുത്ത നാളികേരക്കഷ്‌ണം വെക്കുന്നത് എലിയെ അതിലേക്ക് ആകർഷിക്കാനും നാളികേരക്കഷ്ണം തൊടുന്ന മാത്രയിൽ എലിയെ കൂട്ടിലടക്കാനുമാണ്. നാളികേരത്തോട് പ്രത്യേകപ്രിയമോ എലിയെ കൊണ്ടുപോയി ഓമനിച്ചേക്കാമെന്ന ലക്ഷ്യമോ അല്ല അതൊരുക്കുന്നവരുടെയുള്ളിൽ. ഇപ്രകാരം മനുഷ്യരുടെ കണ്ണുകളെ ആകർഷിക്കാനുള്ള ഇരയായിട്ടാണ് പെണ്ണിനെ കോർപ്പറേറ്റുകൾ അലങ്കരിച്ചു കൊണ്ടുനടക്കുന്നത്. അത്തരം കുതന്ത്രങ്ങളാണ് നിർഭാഗ്യത്തിന് കാലങ്ങളായി നമ്മുടെ പുരോഗമനത്തിന്റെ അടയാളങ്ങളും. 

സ്ത്രീശരീരം നമ്മുടെ കാഴ്ച്ചകൾക്ക് ആസ്വദിക്കാനുള്ളതാണെന്ന പൊതുബോധം സൃഷ്‌ടിച്ചെടുക്കുന്നതിൽ മാധ്യമങ്ങളും കോർപ്പറേറ്റുകളും വമ്പിച്ച വിജയം വരിച്ചിരിക്കുന്നു. അത്തരം കാഴ്ച്ചകൾ കണ്ടു ശീലിച്ച കണ്ണുകളുമായി നടക്കുന്നവർ തങ്ങളുടെ ബോധത്തിലും ആ ആസ്വാദനങ്ങൾ കൊണ്ടു നടക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് മുമ്പിൽ കാണുന്ന സ്ത്രീശരീരം, അത് പുരോഗമനവാദികൾ പുലമ്പുന്നതു പോലെ പർദ്ദയ്‌ക്കുള്ളിൽ പൊതിഞ്ഞതാണെങ്കിലും കാമാർത്തമായ കണ്ണുകളുടെ ഇരയായിപ്പോവുന്നത്. അതുകൊണ്ടു തന്നെ പർദ്ദ‌യ്ക്കുള്ളിൽ ഒതുങ്ങിക്കൂടിയാൽ എല്ലാമായെന്ന പ്രചാരണമാണ് ഇത്തരം പ്രതികരണങ്ങളെന്ന് വിചാരിച്ചു വശാവേണ്ടതില്ല. നല്ലതെന്തു പറയുമ്പൊഴും അത് പറയുന്നവന്റെ മതത്തിലേക്കു നോക്കി അജണ്ടവൽക്കരിക്കുന്ന തറവേലകളും എടുക്കേണ്ടതില്ല. 

സ്ത്രീ തനിക്കിഷ്‌ടമുള്ള വസ്ത്രം ധരിക്കരുത് എന്നതല്ല, മറിച്ച് സ്ത്രീശരീരത്തിന്റെ മാംസളതകൾ കോർപ്പറേറ്റുകളുടെ ചൂണ്ടയിലൂടെ സമൂഹത്തിലെ കണ്ണുകളിലേക്ക് എറിഞ്ഞു കൊടുക്കുന്ന ഇരമാത്രമാവരുത് എന്ന പ്രഖ്യാപനമാണുയരേണ്ടത്. അത് സ്ത്രീസമൂഹത്തിനു ബോധ്യപ്പെടാത്ത കാലത്തോളം ഇതൊരു തുടർക്കഥ മാത്രമാവും. കാരണം, സ്ത്രീശാക്തീകരണത്തിനു വേണ്ടി കച്ചകെട്ടിയിറങ്ങിയിരിക്കുന്ന പുരോഗമനവാദികൾക്ക് ഇത്തരം സത്യങ്ങൾ ഉൾക്കൊള്ളുവാനോ പ്രതികരിക്കുവാനോ കെൽപ്പുണ്ടാവണമെന്നില്ല. നമ്മുടെ കാഴ്ച്ചകളും ശീലങ്ങളും അത്തരം അപ്രിയസത്യങ്ങളെ നമുക്കു പ്രിയമുള്ളതാക്കിയെടുത്തു കഴിഞ്ഞിരിക്കുന്നു. അതിലപ്പുറം, അങ്ങനെയുള്ള പ്രതികരണങ്ങൾ പഴഞ്ചനും മതബോധത്തിൽ നിന്നുയർന്നു വരുന്നതുമാണെന്ന മുൻവിധിയും നമ്മുടെ വിവേകങ്ങൾക്കു മുമ്പേ നടന്നു പോകുന്നുമുണ്ട്. 

നമുക്കിനിയും സ്ത്രീ അമ്മയാണ്, സഹോദരിയാണ് എന്ന് നാഴികയ്ക്ക് നാൽപ്പതു വട്ടം പ്രഘോഷിക്കുകയും ആ മഹനീയ സ്ഥാനമലങ്കരിക്കുന്നവരെ തുണിയുരിഞ്ഞ് പ്രദർശിപ്പിക്കുന്ന പ്രവണതയെ പുരോഗമനമായി പരിണയിക്കുകയും ചെയ്യാം. അടിവസ്ത്രവും മുലക്കച്ചയും മാത്രമുടുത്ത് നടക്കുന്ന മദാമ്മമാർ നടക്കുന്ന കാഴ്ച്ചകളെ ഡിജിറ്റൽ ക്യാമറകളിൽ ഒപ്പിയെടുക്കാൻ മറക്കാതിരിക്കുകയുമാവാം. 


2 വായനകളിങ്ങനെ:

sHihab mOgraL said...

ഇത്രയെഴുതിയതിൽ നിന്ന്, എഴുതുന്നവനോ പറയുന്നവനോ ഇത്തരം രംഗങ്ങൾ കാണുമ്പോൾ 'കാമം ഉദ്ധരിക്കുന്നു' എന്ന തരത്തിലുള്ള മ്ലേച്ചതകൾ ഇതിന്റെ ചുവട്ടിൽ കൊണ്ടിടാതിരിക്കുക. പഴകി ദുർഗന്ധം വമിക്കുന്നതിനെ കുഴിച്ചുമൂടേണ്ടതും ഒരുത്തരവാദിത്തമാണ്.

പ്രതികരണൻ said...

'ബഷീര്‍ക്ക'യുടെ വാദങ്ങളും മറുപടികളും ജോറായിരിക്കുന്നു. ഇന്ത്യന്‍സമൂഹത്തിലെ സകല പന്നത്തരങ്ങള്‍ക്കും മൂപ്പരുടെ കയ്യില്‍ ഒറ്റമൂലിയുണ്ടെന്നു തോന്നുന്നു.

സ്ത്രീയെ കച്ചവടവല്ക്കരിക്കുന്ന വ്യാപാര-മാധ്യമതന്ത്രങ്ങള്‍ക്കെതിരെയുള്ള അദ്ദേഹത്തിന്റെ ജാഗ്രത എനിക്കിഷ്ടപ്പെട്ടു. ഒരു കാര്യം ഈയുള്ളവനു പക്ഷേ, മനസ്സിലായില്ല: "പീഡനകഥകളുടെ മറുപുറം" എന്ന് പത്രത്തില്‍ നല്കിയ തലക്കെട്ട് എന്തിനാണാവോ ബ്ളോഗിലെത്തിയപ്പോള്‍ "എന്നെയൊന്ന് റേപ്പ് ചെയ്യൂ" എന്നാക്കിയത്? പത്രത്തില്‍ ഒപ്പം നല്കിയത് കരയുന്ന പെണ്‍കുട്ടിയുടെ ചിത്രം.ഇവിടെ അതും മാറ്റി. എന്തിനായിരുന്നു ആ മാറ്റങ്ങള്‍?? ഉത്തരം ലളിതം: തലക്കെട്ടുകള്‍ മാത്രം തെളിയുന്ന അഗ്രിഗേറ്ററുകളില്‍ ഉഠനടി ക്ളിക്കു ചെയ്യപ്പെടാന്‍ ഇത്തരം 'ഹോട്ട്'തലക്കെട്ടുകള്‍ വേണം. ഉരുതരം ഇക്കിളിപ്പെടുത്തല്‍. അതായത്, 'റേപ്പി'ന്റെ രതിമൂല്യത്തിന്റെ വിപണനം തന്നെ.വെറും ഒരു കച്ചവടതന്ത്രം. വിറ്റുപോയില്ലെങ്കില്‍ ധാര്‍മ്മികരോഷത്തിന് എന്തു വില!

Where I feel poetic

Followers

Popular Posts