Saturday, December 29, 2012


ഇന്നെന്തു കൊണ്ടോ മരണത്തെക്കുറിച്ചെനിക്കെഴുതാൻ തോന്നുന്നു. ആമുഖമാവശ്യമില്ലാത്ത അനിവാര്യതയാണു മരണം. കണ്ടും കേട്ടും വായിച്ചും മരണമെനിക്ക് പരിചിതമാണ്. എല്ലാ മരണവും പകരുന്നത് ദുഃഖമാണ്. മനുഷ്യർക്കിടയിലെ ഏതു ഭിന്നതകൾക്കും അതിരുകൾക്കുമതീതമായി അഭിപ്രായത്തിൽ ഏകോപിക്കുന്ന പ്രതിഭാസമാണത്. സുനിശ്ചിതമാണെന്ന്, ഒരുപക്ഷേ അസ്വസ്ഥമാക്കുന്ന, ധൈര്യത്തോടെ പറയാൻ പറ്റുന്ന ഭാവിയും മരണം മാത്രമാണ്.
അൽഭുതാവഹമായ പുരോഗതിയിലൂടെ സഞ്ചരിക്കുമ്പൊഴും അടുത്ത നിമിഷം വരാനിരിക്കുന്ന മരണത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിക്കാൻ മനുഷ്യനൊരു മാർഗ്ഗവുമില്ല. ഏതൊക്കെ മാർഗ്ഗങ്ങളിലൂടെയാണ് മരണം നമ്മിലേക്ക് ഓടിയടുക്കുന്നത്.. എന്തൊക്കെ കാരണങ്ങളാണ് മരണത്തെക്കുറിച്ചു പറയാൻ നാം വിശേഷിപ്പിക്കുന്നത്.. കുഴഞ്ഞ് വീണ്.. നെഞ്ചു വേദനിച്ച്.. തലകറങ്ങി.. വാഹനമിടിച്ച്.. അങ്ങനെ എന്തെന്ത് കാരണങ്ങൾ..
ഒടുക്കം നിശ്ചയിക്കപ്പെട്ടൊരു യാത്രയുടെ വഴിത്തിരിവാണു മരണം. അത് എല്ലാ വേദനകളെയും ഒരു ഭാണ്ഡം പോലെ ചുമക്കുകയോ ഇറക്കിവെക്കുകയോ ചെയ്യുന്നു. ദൈവവുമായുള്ള ആത്മഭാഷണങ്ങളിൽ എന്നും ദീർഘായുസ്സിനു വേണ്ടി അപേക്ഷിക്കാറുണ്ട്. ആരോഗ്യത്തിനു വേണ്ടി അർത്ഥിക്കാറുണ്ട്. മരണം ഒരു അനിവാര്യതയായി എന്നിലേക്കടുക്കുന്ന നേരത്ത് ഒരു സുഖനിദ്രപോലെ അതിനെ പുൽകാനായി പ്രാർത്ഥിക്കാറുണ്ട്. എന്നിട്ടും സൗകര്യത്തിനുവേണ്ടി മരണത്തെ മാത്രം മറന്നുകളയാനാവുന്നതെങ്ങനെയെന്ന് അൽഭുതത്തോടെ, ദുഃഖത്തോടെ ആലോചിക്കാറുമുണ്ട്.
ഇമവെട്ടുന്ന നേരം കൊണ്ട് പുലരാനിരിക്കുന്നൊരു പ്രഭാതത്തിലെ കറുപ്പും വെളുപ്പും നിറഞ്ഞ പത്രത്താളുകളിലൊന്നിൽ ഒരുവാർത്ത മാത്രമായി എന്റെ മരണവും വരാനിരിക്കുന്നു. ആയാസരഹിതമായി ഞാൻ വലിച്ചുവിടുന്ന ശ്വാസോച്ഛ്വാസം പൊടുന്നനെ നിലയ്ക്കാനിരിക്കുന്നു. എന്റെ അറിവോ അനുവാദമോ ആവശ്യമില്ലാതെ എനിക്കായി മിടിച്ചുകൊണ്ടിരുന്ന ജീവനാഡികൾ എന്നെന്നേക്കുമായി നിശ്ചലമാകാനിരിക്കുന്നു.
ഓരോ ദിനയാത്രയിലും മുമ്പിൽ വിളക്കുപോലെ നടന്ന പിതാവിന്റെ വെളിച്ചമിനിയില്ലാതെ.. ഒരു ജന്മം മുഴുവൻ നാസാരന്ധ്രങ്ങളിൽ നറുമണമായി നിറഞ്ഞ അമ്മിഞ്ഞപ്പാലിന്റെ മാധുര്യം നൽകിയ ഉമ്മയുടെ ചൂടിനിയില്ലാതെ, എനിക്കിനിയും പകർന്നു തീർന്നിട്ടില്ലാത്ത തെളിനീരുപോലെ ശുദ്ധമായ സഹധർമ്മിണിയുടെ സ്നേഹമിനിയറിയാതെ .. ഒരു പൂമൊട്ടിന്റെ സ്പർശം പോലെ മൃദുലമായ ചുംബനങ്ങളേൽപ്പിക്കുന്ന കുഞ്ഞുമോളുടെ ചുണ്ടുകളുടെ സ്പർശമിനിയേൽക്കാതെ ഞാനൊരു ജഢം മാത്രമായവശേഷിക്കാനിരിക്കുന്നു. അന്ന്, എന്റെ ആത്മാവ് വേർപെട്ടുപോയെന്നറിയുന്ന നേരം എനിക്കേറെ പ്രിയപ്പെട്ടവർ അതുൾക്കൊള്ളാൻ വിമുഖത കാട്ടിയേക്കാം.. ഏങ്ങിക്കരഞ്ഞേക്കാം.. വാവിട്ട് നിലവിളിച്ചേക്കാം..
മരണം എന്ന യാഥാർത്ഥ്യത്തെ ഒരിക്കൽ കൂടി ഉൾക്കിടിലത്തോടെ അവർ തിരിച്ചറിയും. കഴിഞ്ഞുപോയ നിമിഷം വരെ, അവരുടെ സ്നേഹത്തിന്റെ വകഭേദങ്ങൾക്കനുസരിച്ച്, ചുരുക്കിയും നീട്ടിയും എന്റെ പേരു വിളിച്ചിരുന്നവർ "മയ്യിത്" (ശവം) എന്ന് മാത്രം എന്നെ വിശേഷിപ്പിക്കും. ആചാരപ്രകാരം അവരെന്റെ കാലുകൾ കൂട്ടിക്കെട്ടും, കണ്ണുകൾ തഴുകിയടയ്‌ക്കും, സന്ധികളിൽ പരുത്തി വെക്കും, വെളുത്ത വസ്ത്രം കൊണ്ടവരെന്നെ മറയ്‌ക്കും. ഏറ്റവും പ്രിയപ്പെട്ട ചിലരെന്റെയടുത്ത് അവസാനമായി കുറേ നേരമിരിക്കും.
വാർത്തയറിഞ്ഞു വന്ന മറ്റുള്ളവർ വീട്ടുമുറ്റത്ത് അങ്ങിങ്ങായി കൂട്ടം കൂടി നിൽക്കും. മരണത്തിന്റെ കാരണങ്ങൾ തിരക്കും. ഇന്നലെ കൂടെയിരുന്ന് തമാശ പറഞ്ഞ നിമിഷങ്ങളെക്കുറിച്ചു പറഞ്ഞ് അൽഭുതപ്പെടും. എന്നിൽ കണ്ട നന്മകളെ ചിലർ എടുത്തുപറയും. മയ്യിത്തിനെ ബഹുമാനിച്ച് എന്നിലെ തിന്മകളെ അവർ മനഃപൂർവ്വം മറക്കും.
പിന്നെപ്പിന്നെ മയ്യിത്ത് കുളിപ്പിക്കാൻ ഇനിയും ബാക്കിയുള്ള മണിക്കൂറുകളിൽ അസ്വസ്ഥമായി വാച്ചുകളിലേക്ക് നോക്കും. മെല്ലെ അവരുടെ വിഷയങ്ങൾ മാറും. ഇന്നലെ കണ്ട ആവേശകരമായ ക്രിക്കറ്റിനെക്കുറിച്ച്, രാത്രി ചാനലിൽ നടന്ന ചൂടുള്ള ചർച്ചയെക്കുറിച്ച്, ഇനി നടക്കാനിരിക്കുന്ന പ്രിമിയർ ലീഗ് മൽസരങ്ങളെക്കുറിച്ച്, മയ്യിത്ത് മറയടക്കിയതിനു ശേഷം പോകാനും പങ്കെടുക്കാനുമുള്ള പരിപാടികളെക്കുറിച്ചൊക്കെ അവർ സംസാരിച്ച് തുടങ്ങും..
കുളിപ്പിക്കാനായി എന്റെ ജഢം പൊക്കിയെടുക്കുന്നതിന്ന് മുമ്പായി ഉറ്റവരെന്റെ മുഖത്തർപ്പിക്കുന്ന ചുംബനങ്ങൾക്കൊപ്പം നിയന്ത്രിക്കാനാവാത്ത ചുടുകണ്ണുനീരുകളും അകമ്പടിയാവും. നികത്താനാവാത്ത വേർപാടിന്റെ നിസഹായതയിൽ ചിലർ മനംപൊട്ടിക്കരയും. പിന്നീട്, കുളിപ്പിച്ച്, സുഗന്ധം പൂശി, മൂന്ന് കഷ്‌ണം വെളുത്ത വസ്ത്രങ്ങളിൽ പൊതിഞ്ഞ് മയ്യിതിനെയവർ ചുമന്നു കൊണ്ടുപോവും. ഒരു മയ്യിത്തിനു മേൽ നിർബന്ധമായ നിസ്‌ക്കാരവും പ്രാർത്ഥനയും കഴിഞ്ഞ്, ഞാൻ മരിച്ചുവെന്നറിഞ്ഞ നിമിഷം മുതൽ ഒരുക്കിത്തുടങ്ങിയ ആറടി മണ്ണിന്റെ ആഴത്തിൽ എന്റെ ജഢത്തെയിറക്കി വെക്കും. എന്റെ കവിളിൽ നിന്ന് വസ്ത്രം നീക്കി മണ്ണിനോട് ചേർത്ത് വെക്കും. ദിവസവും കുളിച്ചും അലങ്കരിച്ചും അഹങ്കരിച്ചും ഞാൻ സൂക്ഷിച്ച ഈ ശരീരം മണ്ണിലേക്കു ചേരേണ്ട മറ്റൊരനിവാര്യതയ്‌ക്കും അവിടെ തുടക്കമാവും.
"മണ്ണിൽ നിന്നാണു നിങ്ങളെ സൃഷ്ടിച്ചത്
അതിലേക്കാണു നിങ്ങൾ മടങ്ങുന്നത്
അതിൽ നിന്നാണു നിങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതും"
എന്ന ഓരോ വാചകങ്ങളോടൊപ്പം ഓരോ പിടി മണ്ണ് എന്റെ ഖബറിടത്തിലെ മൂടുകല്ലിനു മുകളിലേക്ക് അവരെറിയും. കുഴിച്ചെടുത്ത പൂഴിമണലുകളെല്ലാം എന്റെ ഖബറിടത്തിനു മുകളിൽത്തന്നെ നിരത്തി തിരിച്ചറിയാനായൊരടയാളം മാത്രമവശേഷിപ്പിച്ച് അവർ പിരിഞ്ഞു പോകും. എനിക്കായൊരുക്കിയ ആറടി മണ്ണിൽ ഞാൻ മാത്രമാവും.
അവർ പോയിക്കഴിഞ്ഞാൽ, എന്നിൽ നിന്ന് വേർപിരിഞ്ഞു പോയ ആത്മാവെനിക്കു തിരിച്ചു കിട്ടിയാൽ ആറടി മണ്ണിന്റെ ഭീതിതമായ ഇരുട്ടിൽ ഞാൻ അസ്വസ്ഥപ്പെടുമായിരിക്കുമോ.....?

1 വായനകളിങ്ങനെ:

ബെഞ്ചാലി said...

http://y4yusuf.blogspot.com/2010/06/blog-post.html

Where I feel poetic

Followers

Popular Posts