Sunday, December 12, 2010

"വിശ്വസിച്ചാലും ഇല്ലെങ്കിലും" എന്ന പേരില്‍ ഏഷ്യാനെറ്റു സം‌പ്രേഷണം ചെയ്യുന്ന പരിപാടി ആള്‍ക്കാരെ അന്ധവിശ്വാസത്തിലേക്കു നയിക്കുന്നതാണെന്നു ഞാന്‍ പറയും. എല്ലാ ജനവിഭാഗങ്ങളിലും മതസമൂഹങ്ങളിലും അന്ധമായി പുലര്‍ത്തിപ്പോരുന്ന ആചാരങ്ങളെ ഗാംഭീര്യമുള്ള ശബ്ദത്തിലൂടെ ജനങ്ങളിലേക്കെത്തിക്കുന്ന പരിപാടിയായിത്തീര്‍ന്നിട്ടുണ്ട് "വിശ്വസിച്ചാലും ഇല്ലെങ്കിലും".


കഴിഞ്ഞ ഒന്നുരണ്ടു പ്രാവശ്യം മുസ്‌ലിം സമൂഹത്തിന്റെ അന്ധവിശ്വാസങ്ങളായിരുന്നു ഭംഗിയായി അവതരിപ്പിക്കാന്‍ ശ്രമിച്ചത്. സുഹൃത്തിന്റെ മുറിയില്‍ പോയിരിക്കുമ്പോള്‍ യാദൃശ്ചികമായാണ്‌ 'കുട്ടിബാബ' എന്ന ചെറുപ്പക്കാരനായ സിദ്ധന്റെ അമാനുഷികതകള്‍ ഏഷ്യാനെറ്റു വിളമ്പുന്നതു കണ്ണില്‍ പെട്ടത്. എന്താണു സംഭവമെന്നറിയാന്‍ കുറച്ചു സമയമിരുന്നു കണ്ടു. ചെറുപ്പത്തില്‍ തന്നെ എന്തൊക്കെയോ പ്രത്യേകതകള്‍ പ്രകടിപ്പിച്ച കുട്ടിബാബ ഇന്ന് ജാതി, മത ദേശ വേലികള്‍ നിര്‍ണ്ണയിക്കപ്പെടാത്ത വലിയൊരു സമൂഹത്തിന്റെ ശാന്തികേന്ദ്രമാണ്‌ . സങ്കടങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും, രോഗങ്ങള്‍ക്ക് ശമനം നല്‍കാനും എന്തിന്‌, കൊലപാതകിയെ ചെറിയ സൂചനകള്‍ കൊണ്ട് കണ്ടെത്താന്‍ വരെ കുട്ടിബാബ തുണയാകുന്നു. അനുഭവസ്ഥര്‍ വിവരിക്കുന്ന ജീവിതാനുഭവങ്ങള്‍ ഏഷ്യാനെറ്റ് തെളിവായി നല്‍കുന്നുണ്ട്. അത് അന്യമതസ്ഥരും കൂടിയാവുമ്പോള്‍ പരിപാടി ഗംഭീരമായി.

പര്‍ദ്ദ ധരിച്ചതും ധരിക്കാത്തതുമായ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനാവലി തടിച്ച് കൂടി നില്‍ക്കുന്നതും, മന്ത്രിച്ചൂതിയ വെള്ളത്തിന്റെ വലിയ കന്നാസുകള്‍ ചുമന്നു കൊണ്ട് പോകുന്നതുമായ കാഴ്ച്ച, കുട്ടിബാബയുടെ ജനസമ്മതിയുടെ തെളിവാണ്‌. സ്ത്രീകള്‍ ബാബയുടെ സന്നിധിയില്‍ അലമുറയിട്ടു കരയുന്ന കാഴ്ച്ച, എത്രമാത്രം ഭക്ത്യാദരപൂര്‍‌വ്വമാണു സമൂഹം ബാബയെ ദര്‍ശിക്കുന്നതെന്ന് നമുക്കു കാട്ടിത്തരുന്നു. കുട്ടിബാബയുടെ കുടുംബം മുഴുവനും, ഇതു തങ്ങള്‍ക്ക് ജീവിക്കാന്‍ ദൈവമായിട്ട് ഒരു വഴി കാണിച്ചു തന്നതാണെന്നു വിശ്വസിക്കുന്നു. ഇതൊരു ഉപജീവന മാര്‍ഗ്ഗമാണെന്നര്‍ത്ഥം. എന്നാല്‍ കുട്ടിബാബ, ഖുര്‍‌ആനൊന്നും നേരാം‌വണ്ണം പഠിച്ചിട്ടില്ലെന്നത് ഒരു പ്രത്യേകതയാണ്‌. പഠിക്കാതെ സിദ്ധികള്‍ പ്രകടിപ്പിക്കുന്നത് എന്തു കൊണ്ടും അമാനുഷികതയാകണമല്ലോ.

ചെറിയ പ്രായമുള്ള കുട്ടിബാബ തന്റെ ദര്‍‌ശനം നല്‍കാനുള്ള മുറിയിലെത്തിയാല്‍ ആളാകെ മാറിപ്പോവുമെന്ന് സ്വയം സാക്ഷ്യപ്പെടുത്തുമ്പോള്‍, ഒരു തൊണ്ണൂറു വയസുകാരന്റെ ശബ്ദമാണ്‌ അതിനുള്ളിലിരുന്നാല്‍ കുട്ടിബാബ പുറപ്പെടുവിക്കുന്നതെന്ന് അനുഭവസ്ഥര്‍ പറയുന്നു. ഇന്റര്‍‌വ്യൂവില്‍, 'തന്നെ അധികമാരും കണ്ടിട്ടില്ലെന്ന്' കുട്ടിബാബ തന്നെ പറയുന്നു. ആളുകള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത് വലിയ പച്ചത്തുണി തലയിലൂടെ പൊതിഞ്ഞ നിലയിലാണ്‌. (മുഖം നോക്കി സംസാരിക്കാറില്ലെന്നതു തന്നെ കള്ളലക്ഷണമാണ്‌. )

അങ്ങനെ ഹാജരാകുന്ന കുട്ടിബാബയുടെ ചുറ്റും കൂടി നിന്ന ആള്‍ക്കാര്‍ "ലാ ഇലാഹ ഇല്ലല്ലാഹ്" എന്ന സത്യസാക്ഷ്യം ഉച്ചത്തില്‍ പല രീതിയിലും ചൊല്ലുന്നുന്നതു കാണാമായിരുന്നു.ഏറ്റവും വിഷമം തോന്നിപ്പിച്ച കാര്യവും അതു തന്നെ.

"ലാ ഇലാഹ ഇല്ലല്ലാഹ്" (لا اله الا الله) എന്ന അറബി വാചകം ഏതെങ്കിലും സിദ്ധന്മാരെ കാണുമ്പോള്‍ ചുറ്റും കൂടി നിന്നു ചൊല്ലാനുള്ള ജപമന്ത്രമല്ല. ജാഥ പോകുമ്പോള്‍ മുദ്രാവാക്യം വിളിക്കാനും, കുട്ടികളെ തൊട്ടിലാട്ടിയുറക്കുമ്പോള്‍ ഈണത്തില്‍ ചൊല്ലാനുമുള്ള കേവല വചനമല്ല അത്. "ലാ" എന്ന അറബി പദം നിഷേധത്തെ കുറിക്കുന്നു. "ലാ ഇലാഹ" എന്നാല്‍ "ആരാധ്യനില്ല" എന്ന് പരിഭാഷപ്പെടുത്താം. മനസില്‍, ഭൂമിയില്‍, പ്രപഞ്ചത്തിലെല്ലാം ആരാധിക്കപ്പെടുന്നതായിട്ട് എന്തു തന്നെയുണ്ടെങ്കിലും അവയെയെല്ലാം നിഷേധിക്കുകയാണ്‌ ഒരു സത്യവിശ്വാസി ആദ്യം ചെയ്യുന്നത്. അവലംബിക്കപ്പെടാന്‍, ആശ്രയിക്കപ്പെടാന്‍, ആരാധിക്കപ്പെടാന്‍ അര്‍ഹതപ്പെടുന്നതായി ഒരു ശക്തി മാതമേ ഉള്ളൂ എന്ന് മനസ്സിലും ജീവിതത്തിലും സാക്ഷ്യപ്പെടുത്തുന്നതിന്നു മുമ്പുള്ള വിശ്വാസിയുടെ സ്വയം തയ്യാറെടുപ്പാണ്‌ "ലാ ഇലാഹ" എന്ന ആദ്യഭാഗം. "ഇല്ലല്ലാഹ്" എന്നതു കൂടിച്ചേരുമ്പോഴാണ്‌ "അല്ലാഹുവല്ലാതെ ആരാധ്യനില്ല" എന്ന അര്‍ത്ഥം അതിനു കൈവരുന്നത്.

ഈ വചനം കേവലം മന്ത്രോച്ചാരണമായി ചൊല്ലി നടക്കാനല്ല, മറിച്ച് ജീവിതത്തില്‍ ഇതിന്റെ സാക്ഷികളാവാനാണ്‌ മനുഷ്യരോട് കല്‍‌‌പ്പിക്കപ്പെട്ടിട്ടുള്ളത്. "അശ്‌ഹദു അന്‍ ലാ ഇലാഹ ഇല്ലള്ളാഹ്" എന്നാണ്‌ സത്യസാക്ഷ്യം ഏറ്റു പറയാറുള്ളത്. അതിന്റെ അര്‍ത്ഥം "അള്ളാഹു അല്ലാതെ ആരാധ്യനില്ല എന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു എന്നാണ്‌" (വിശ്വസിക്കുന്നു എന്നല്ല). എനിക്ക് സ്വയം സമര്‍പ്പിക്കാന്‍, ആവലാതികള്‍ ബോധിപ്പിക്കാന്‍, രക്ഷ നല്‍കാനെല്ല്ലാം ദൈവമല്ലാത്തതൊന്നും എന്റെ മുമ്പിലില്ലെന്ന് ജീവിതം മുഴുവനും സാക്ഷ്യപ്പെടുത്തിക്കൊള്ളാം എന്നാണ്‌ ഒരു വിശ്വാസി ആദ്യമായി പ്രഖ്യാപിക്കുന്നത്. എന്നാല്‍, ഇത്തരം വചനങ്ങള്‍ വെറും നാവു കൊണ്ട് മൊഴിയുകയും ജീവിതത്തില്‍ എന്തെങ്കിലും പ്രയാസം നേരിടുമ്പോള്‍ എല്ലാം മറന്ന്, നമ്മുടെ രക്ഷകരെന്ന് വിശ്വസിക്കുന്ന കേവലമനുഷ്യര്‍ക്കു മുമ്പില്‍ പോയി വണങ്ങുകയും പൊട്ടിക്കരയുകയും ചെയ്യുന്ന പ്രവണത വിശ്വാസത്തിലെ വിള്ളലിന്റെ ഭാഗമാണ്‌. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ എന്താണെന്റെ വിശ്വാസമെന്ന് സ്വയം ബോധ്യപ്പെടാത്തതിന്റെ പ്രശ്നമാണത്.

എങ്കില്‍, ഏഷ്യാനെറ്റ് ലോകത്തിനു മുമ്പില്‍ കാട്ടിക്കൊടുത്തത് വികലമായ വിശ്വാസത്തിന്റെ പ്രാവര്‍ത്തികതയാണ്‌. അത് ഒരു സമുദായത്തെ സംബന്ധിച്ചിടത്തോളം അഭിമാനമല്ല; അപമാനമാണ്‌ എന്നെങ്കിലും മനസ്സിലാക്കുക.

11 വായനകളിങ്ങനെ:

ശ്രദ്ധേയന്‍ | shradheyan said...

പലപ്പോഴും എഴുതണം എന്ന് തോന്നിയ ഒരു വിഷയത്തിലുള്ള സാന്ദര്‍ഭിക ഇടപെടല്‍. ശിഹാബിന് നന്ദി. അലിയാര്‍ സാറിന്റെ ഘനഗംഭീര സ്വരം അന്ധവിശ്വാസികള്‍ക്ക് വളമാവുന്നതില്‍ കടുത്ത ആശങ്കയുണ്ട്. ഈ അരമണിക്കൂര്‍ പോസിറ്റീവായി ഉപയോഗിക്കാന്‍ ഇവന്മാര്‍ക്ക് എപ്പോഴാണാവോ ബുദ്ധിയുദിക്കുക!

പഞ്ചാരകുട്ടന്‍ -malarvadiclub said...

ഈ പരിപാടി ഇപ്പഴും ഉണ്ടോ?ഞാന്‍ വിചാരിച്ചത് നിര്‍ത്തിയെന്നാ
ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ
മറക്കല്ലേ ഫോളോ ബട്ടണ്‍ വലതുഭാഗത്ത്‌ തന്നെ ഇപ്പോഴും ഉണ്ടേ

sHihab mOgraL said...

ശ്രദ്ധേയന്‍, ഏഷ്യാനെറ്റിനല്ലെങ്കില്‍ കാണുന്ന സമൂഹത്തിനെങ്കിലും ബോധ്യപ്പെടുത്താനുള്ള എളിയ ശ്രമം.. :) കമന്റിനു നന്ദി.

എന്റെ പഞ്ചാരക്കുട്ടാ.. സമയം ലഭിക്കുമ്പോഴൊക്കെ വരുന്നുണ്ട്. :)

സുഗുണന്‍ said...

ഇതിനിടക്ക്‌ ഞാനും ഒരെണ്ണം കണ്ടു ...

മുസ്ലിം രീതിയിലുള്ള ഒരു കബറിനെ കുറിച്ച് (പച്ചതട്ടം പിരിച്ചിട്ടുണ്ട് :), അമുസ്ലിമ്കലായ ആള്കാരാന് അതിന്റെ പരിപാലനം ഏറ്റെടുത്തിരിക്കുന്നത് ... ജാതിമത ഭേദ്യമാന്ന്യേ എല്ലാവര്കും സൌക്യവും സൌകര്യവും ചെയ്തു കൊടുക്കപ്പെടുന്നതായിരിക്കും എന്നാ ബോര്‍ഡിന്റെ ഒരു കൊറവ് മാത്രമേ കണ്ടുള്ളൂ :)...
കുഴിമാദത്തിന്റെ തലഭാഗത്ത്‌ വെച്ചിരിക്കുന്ന കല്ല് ദിവസവും വളര്‍ന്നു കൊണ്ടേയിരിക്കുന്നു എന്ന് ദ്രിക്സാക്ഷി മൊഴികളിലൂടെ വിശ്വസിപ്പിക്കാന്‍ നന്നേ പാട്പെട്ടിട്ടുണ്ട് ...

(ഇതിലെന്താ അവര്‍ക് ലാഭം എന്ന് എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല ... )
ഈ പ്രോഗ്രാമിനെതിനെതിരെ ഡി-വൈ-എഫ്-ഐ പ്രതിശേധ ധര്‍ണ നടത്തിയതായി ഞാന്‍ പാത്രത്തില്‍ വായിച്ചിട്ടുണ്ട് ...

കാട്ടിപ്പരുത്തി said...

ഇപ്പോൾ മാർകെറ്റിങ്ങിന്റെ രീതികൾ മാറിത്തുടങ്ങി

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

അന്ധവിശ്വാസം പ്രചരിപ്പിക്കണമെന്ന് ഏഷ്യാനെറ്റ് കരുതുന്നുന്ടെന്നു വിശ്വസിക്കാന്‍ വയ്യ.
കൂടുതല്‍ റേറ്റിംഗ് ഉണ്ടാവണം അതിനു സത്യമാണോ അസത്യമാണോ എന്നൊന്നും നോക്കേണ്ട ആവശ്യം ഇല്ല. ധാര്‍മികത എന്നത് മാധ്യമങ്ങളുടെ നിഘണ്ടുവില്‍ ഇല്ല എന്നു അവര്‍ക്ക് നന്നായി അറിയാം.
ഞാനും കണ്ടിരുന്നു ഈ പ്രഹസനം. ലോകത് പലതരം അത്ഭുതങ്ങള്‍ നടക്കുന്നുണ്ട്. ആര്‍ക്കെങ്കിലും അമാനുഷിക പട്ടം ഇക്കാലത്ത് കൊടുക്കണം എന്ന് വന്നാല്‍ കണ്ണില്‍ കണ്ട ബാബമാരെയും അമ്മ,ഉസ്താടദുമാരെയും അല്ല ഞാന്‍ തിരഞ്ഞെടുക്കുക- നമ്മുടെ കറന്‍റ് ഗോപാലനെയാണ്. എത്ര വാട്ട് കറന്റും ശരീരത്തില്‍ കയറ്റിയാലും ഒന്നും സംഭവിക്കാത്ത മനുഷ്യനല്ലേ ഇവരെക്കാളും യോഗ്യന്‍?

Anonymous said...

nannayitund

വഴികാട്ടി said...

Good post keep it

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ശ്രദ്ധേയമായ കുറിപ്പ്. വസ്തുതകളുടെ തെളിഞ്ഞ അവതരണത്തിനു പ്രത്യ്യേക നന്ദി.

Abdul Rahman Chowki said...

ഇത്തരം പരിപാടികള്‍ അന്തവിശ്വസം വളര്‍ത്താനേ ഉപകരിക്കൂ.. നല്ല അവതരണം.. നന്നായിരിക്കുന്നു..

സാജിദ് ഈരാറ്റുപേട്ട said...

ഈ പരിപാടി ശരിക്കും അന്ധവിശ്വാസം പ്രചരിപ്പിക്കാനുള്ള പരിപാടി തന്നെയാണ്. കാണിക്കുന്നത് മുഴുവന്‍ അത്തരത്തിലുള്ളത്. ഇന്നലെയൊന്ന് കണ്ടു. വഴിയില്‍കൂടി വാഹനങ്ങളെ കടത്തിവിടാത്ത ദേവി. നാഷണല്‍ ഹൈവേ വികസനത്തിന് സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചതില്‍പിന്നെ അവിടെ അപകടങ്ങള്‍ കൂടിയത്രേ... എത്ര നല്ല ദേവി...

Where I feel poetic

Followers

Popular Posts