Monday, June 21, 2010

ഫേസ്ബുക്കില്‍ ഒരു സുഹൃത്ത് എന്നെ ടാഗ് ചെയ്ത ഒരു നോട്ടില്‍ ആകെ പരിതപിക്കുന്നത് മുച്ചീട്ടു കളിക്കാരും പിമ്പുകളും തട്ടിപ്പറിക്കുന്നവരും എന്തു കൊണ്ട് "നമ്മുടെ സമുദായത്തിലെ" അംഗങ്ങള്‍ മാത്രമാവുന്നുവെന്നാണ്‌. മതവിദ്യാഭ്യാസം ആവശ്യത്തിന്‌ ലഭിക്കുന്ന സമുദായമായിരുന്നിട്ടും എന്തു കൊണ്ട് ഇത്തരം നീചന്മാര്‍ നമ്മുടേതു മാത്രമായി ഉല്പ്പാദിപ്പിക്കപ്പെടുന്നു എന്നാണ്‌.

ആദ്യമായി ഇതൊരു ഉപരിപ്ലവമായ നോട്ടും കമന്റ്സുമായിപ്പോയി എന്ന് തന്നെയാണെന്റെ നിരീക്ഷണം. ഇസ്ലാം മതത്തിലെ അംഗങ്ങളുടെ പേരുകള്‍ കുറ്റവാളികള്‍ക്കിടയില്‍ വായിക്കേണ്ടി വരുന്നത് എന്തു കൊണ്ടെന്ന ചര്‍ച്ച ഈയൊരു സാഹചര്യത്തില്‍ ഒരു ഫേസ്ബുക്ക് നോട്ടില്‍ ഇത്തരത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌ ഒരു സദുദ്യമമോ സാന്ദര്‍ഭികമായതോ ആയി തോന്നിയില്ല. അദ്ദേഹം, താന്‍ പരിതപിക്കുന്ന സമുദായത്തിലെ അംഗം തന്നെയാണെന്ന നിലയില്‍ സംസാരിക്കുമ്പോള്‍ ഇതൊരു പൊതുചര്‍ച്ചയില്‍ പരിഹരിക്കാവുന്ന വിഷയമാണെന്ന് ധരിക്കുന്നതും ശരിയല്ല.


മറ്റൊരു തരത്തില്‍, കണ്‍‌തുറന്നു നോക്കിയാല്‍ സമൂഹത്തിലെ കുറ്റവാളികളെ മതത്തിന്റെ ലേബലില്‍ കാണുന്നത് വിഡ്ഢിത്തമാണെന്നതാണ്‌ യാഥാര്‍ത്ഥ്യം. കാരണം, മതം എന്നും മനുഷ്യന്റെ നന്മയ്ക്കായിട്ടാണ്‌ പ്രബോധനം ചെയ്യപ്പെട്ടിട്ടുള്ളത്; അതേത് മതമായാലും. ഒരാള്‍ ഒരു മതത്തിലെ അംഗമാവുന്നത് ഏതെങ്കിലുമൊരു അംഗത്വപത്രം പൂരിപ്പിച്ചു കൊടുത്തിട്ടല്ല. മറിച്ച്, ആ മതം മുന്നോട്ടു വെക്കുന്ന ആശയങ്ങളെ പുല്‍കുകയും അതിന്റെ വെളിച്ചത്തില്‍ ജീവിച്ചു കൊണ്ടിരിക്കുമ്പോഴുമാണ്‌ ഒരു വ്യക്തി ആ മതത്തിന്റെ മുദ്ര ചാര്‍ത്തപ്പെടുന്നത്.

അതു കൊണ്ടു തന്നെ ഒരു മതത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ അതിന്റെ ലേബല്‍ ചുമക്കുന്നവരെ പഠിക്കുന്നതിനേക്കാള്‍, പ്രമാണങ്ങളില്‍ നിന്ന് പഠിക്കുന്നതായിരിക്കും ഉത്തമം. മതത്തിന്റെ അനുയായികളില്‍ തന്നെ സച്ചരിതരായ വ്യക്തിത്വങ്ങളില്‍ മതം എങ്ങനെ സ്വാധീനിച്ചിരുന്നുവെന്നും, അവരുടെ ജീവിതത്തിലേക്ക് മതമൂല്യങ്ങളുടെ പ്രഭ ഏതു വിധത്തിലാണ്‌ തുണയായതെന്നും പഠിക്കുകയാണെങ്കില്‍ കുറച്ചെങ്കിലും കാര്യങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ സാധിക്കുകയും ചെയ്യും. നേരെ മറിച്ച് ഈ മതത്തിന്റെ അനുയായിയാണെന്ന് പറയുകയും, എന്നാല്‍ മതം പറയുന്ന മൂല്യങ്ങളൊന്നും ജീവിതത്തില്‍ പ്രകടിപ്പിക്കാതിരിക്കുകയും, പകരം സകല തോന്നിവാസങ്ങളും ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്ന വ്യക്തിയില്‍ മതത്തെ ദര്‍ശിക്കാനാവില്ലല്ലോ..

ഫുട്‌ബോളിന്റെ ചരിത്രം പഠിക്കുമ്പോള്‍ ഇന്ത്യയില്‍ നിന്ന് തുടങ്ങുകയോ, ഇന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയോ ചെയ്യുന്നത്, ക്രിക്കറ്റിനെക്കുറിച്ചറിയാന്‍ അഫ്‌ഗാനിസ്ഥാനിലേക്ക് പോകുന്നത് ഒക്കെപ്പോലെയാണത്. എന്നാല്‍ ഇന്ത്യയില്‍ ഫുട്‌ബോളും അഫ്ഗാനിസ്ഥാനില്‍ ക്രിക്കറ്റും അതിന്റെ എല്ലാ ആവേശത്തോടെയും കളിക്കപ്പെടുന്നുമുണ്ട്.


ഇനി, മുസ്ലിംകള്‍ മാത്രമാണീ കുറ്റകൃത്യങ്ങളില്‍ പ്രധാനികള്‍ എന്ന് ധരിക്കുന്നതിലെ പിഴവിനെക്കുറിച്ച് പറയുമ്പോള്‍ മനസ്സിലാക്കേണ്ട മറ്റൊരു വസ്തുതയുണ്ട്. സത്യത്തില്‍ മുസ്ലിംകളിലെ കുറ്റകൃത്യങ്ങള്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയാണ്‌ ചെയ്യുന്നത്. സ്വന്തം പേരിന്റെയൊപ്പം "ഹാജി" എന്ന് വാലുള്ള ഒരു വ്യക്തിയെ കള്ളനോട്ടിന്റെയോ മറ്റോ കേസില്‍ പിടിക്കപ്പെട്ടപ്പോള്‍, യാതൊരു ദാക്ഷിണ്യവുമില്ലാതെ ഒരു അമുസ്ലിം സുഹൃത്ത് "ഹും! ഹാജിയാണത്രെ! കള്ളനോട്ടിന്റെയാണ്‌ പണി!" എന്ന് കമന്റ് പറഞ്ഞത് ഞാനോര്‍ക്കുന്നു. കള്ളുകച്ചവടത്തിലും പെണ്‍‌വാണിഭത്തിലും പിടിച്ചു പറിയിലുമെല്ലാം പിടിക്കപ്പെടുന്ന പ്രതികളിലാരെങ്കിലും മുസ്ലിം വിഭാഗത്തില്‍ പെട്ടവനാണെങ്കില്‍ അതിന്ന് കൂടുതല്‍ ശ്രദ്ധ കൈവരുന്നത് ഒരു പച്ചപ്പരമാര്‍ത്ഥമാണ്‌. ‍എന്താണിതിനു കാരണം ?

ഇസ്ലാം എന്ന ജീവിത വ്യവസ്ഥമനുഷ്യന്‍ അക്രമിയാവുന്നതിന്റെ, നീചമായ ചിന്തകളുടെ, കുറ്റകൃത്യങ്ങളുടെയെല്ലാം വാതിലുകള്‍ ശക്തമായി കൊട്ടിയടക്കുന്നു. മോശമായത് ചിന്തിക്കുന്നത് പോലും അത് തടയുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും തികഞ്ഞ സൂക്ഷ്മത പുലര്‍ത്താന്‍ അതാവശ്യപ്പെടുന്നു. സ്രഷ്ടാവിനെ സൂക്ഷിക്കാന്‍ പറഞ്ഞ ഇസ്ലാം സൃഷ്ടികളോടുള്ള ഇടപാടിനെക്കുറിച്ചും ശക്തമായി താക്കീതു ചെയ്യുന്നു. സമ്പത്ത് മനുഷ്യന്റെ നിലനില്പ്പാണെന്ന് പ്രഖ്യാപിക്കുമ്പൊഴും അതില്‍ അണുമണിത്തൂക്കം അനര്‍ഹമായത് കടന്നു കൂടാതിരിക്കാന്‍ ഓര്‍മ്മിപ്പിക്കുന്നു. മുള്ളു വിതറപ്പെട്ട വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ കാലുകളെടുത്തു വെക്കുന്ന ജാഗ്രത പോലെ ജീവിതത്തില്‍ ഗൗരവപ്പെടാന്‍ അതാവശ്യപ്പെടുന്നു.

ഇങ്ങനെയുള്ള ജീവിതവ്യവസ്ഥയില്‍ അംഗമായിരിക്കുമ്പോഴും നീചകൃത്യങ്ങളില്‍ അഭിരമിക്കുന്നവര്‍ എങ്ങനെയാണ്‌ ശ്രദ്ധിക്കപ്പെടാതിരിക്കുക ? ഒരു മനുഷ്യന്‍ ജീവിതത്തില്‍ പുലര്‍ത്തേണ്ട എല്ലാ മര്യാദകളും പഠിപ്പിക്കപ്പെട്ടിട്ടും വഴിതെറ്റിപ്പോവുന്നവര്‍ എങ്ങനെയാണ്‌ കുറ്റം പറച്ചിലുകള്‍ ഏല്‍ക്കാതിരിക്കുക ? ഇതു തന്നെയാണ്‌ സംഭവിക്കുന്നതും.

ഞങ്ങളുടെ ഓഫീസില്‍ നിത്യ സന്ദര്‍ശകനായിരുന്ന, നന്നായി ഹിന്ദിയറിയാവുന്ന, ഉമര്‍ എന്നു പേരായ, മുസ്ലിമായ ഒമാനിയോട് ഉത്തര്‍പ്രദേശുകാരനായ, ഹിന്ദുവായ, ജയ്കിഷന്‍, അവര്‍ തമ്മില്‍ തമാശ പറഞ്ഞിരിക്കുന്നതിനിടെ ഒരിക്കല്‍ ചോദിക്കുന്നതു കേട്ടു: "തും മുസല്‍‌മാന്‍ ഹേ, ഫിര്‍ ഭീ തും ഛൂട് ബോല്‍‌താ ഹേ ?" (നീ മുസ്ലിമാണല്ലോ, എന്നിട്ടും നീ കളവ് പറയുന്നോ). മുസ്ലിമായ ഉമറിന്ന് കളവ് പറയാന്‍ പാടില്ലെന്ന് ഹിന്ദുവായ ജയ്കിഷന്ന് ബോധ്യമുണ്ട്. അതാണവന്റെ ആശ്ചര്യവും. എന്നിട്ടും ഈ ബോധ്യമില്ലാത്ത ഒരു പാട് ഉമറുമാര്‍ സമുദായത്തില്‍ ജീവിക്കുന്നുണ്ടെന്നതു തന്നെയാണിതിലെ പ്രശ്നവും.


15 വായനകളിങ്ങനെ:

sHihab mOgraL said...

ഫേസ്ബുക്കില്‍ പ്രസ്തുത നോട്ടില്‍ കമന്റുകളിട്ട, എന്റെ Friends List ല്‍ ഇല്ലാത്തവര്‍ക്ക്‌ വായിക്കുന്നതിന്ന് സൗകര്യപ്പെടാന്‍ വേണ്ടിയാണിതിവിടെ പോസ്റ്റുന്നത്.

Unknown said...

ശിഹാബ്, വളരെ നല്ല നിരീക്ഷണം. അതു കൊണ്ടാവാം, ആരും ജന്മം കൊണ്ട് മുസ്‌ലിം ആകുന്നില്ലെന്ന് ഇസ്ലാം പഠിപ്പിച്ചത്. മുസ്ലിം എന്നതിന്റെ അര്‍ഥം തന്നെ അതാണല്ലൊ, അനുസരിക്കുന്നവന്‍. ദൈവികനിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നവനാരോ അവനാണ്‌ മുസ്ലിം, അത് രാഘവനാകട്ടെ, തോമസാകട്ടെ, അബ്‌ദുല്ലയാകട്ടെ. ഇസ്ലാം എന്ന മതത്തെയല്ല, ഇസ്ലാം എന്ന ദര്‍ശനത്തെയാണ്‌ മനസ്സിലാക്കേണ്ടത്. മുസ്ലിം എന്ന സമുദായത്തെയല്ല, മുസ്ലിം എന്ന നിലപാടിനെയാണ്‌ മനസ്സിലാക്കേണ്ടത്. അഭിവാദ്യങ്ങള്‍.

കാട്ടിപ്പരുത്തി said...

ഷിഹാബ്-
ഒരു സമൂഹത്തില്‍ ചിലരില്‍ നിന്നു ചിലത് സമൂഹം ആഗ്രഹിക്കുന്നു. അതിന്നു വിപരീതമാകുന്നതാണു വാര്‍ത്തയാകുന്നത്. കമ്യൂണിസ്റ്റുകാര്‍ അതിനാലാണു കോണ്‍ഗ്രസ്സുകാരെക്കാള്‍ വാര്‍ത്താപ്രാധാന്യം നേടുന്നത്.

അതേ രീതിയിലായിരിക്കാം മുസ്ലിങ്ങളും വാര്‍ത്താപ്രാധാന്യം നേരിടുന്നത്. ചിലപ്പോള്‍ മുസ്ലിങ്ങളുടെ തെറ്റുകള്‍ പര്‍‌വതീകരിക്കുന്ന മാധ്യം സ്വഭാവവും ഉണ്ടാകാം.

നല്ല ലേഖനം

പടന്നക്കാടന്‍ said...

ഡിയര്‍ ശിഹാബ് ,
താങ്ങളുടെ ലേഖനം വളരെ നന്നായി , മറ്റു മതങ്ങളില്‍ നിന്ന് വ്യതസ്തമായി ഇസ്ലാം ഒരു മനുഷ്യന്റെ ജനനം മുതല്‍ മരണം വരെയും , അതിനു ശേഷവുമുള്ള എല്ലാ കാര്യങ്ങളും വിശദമായി പ്രതിപാതിക്കുന്നു , ഒരു പേര് കൊണ്ട് മാത്രം ആരും മുസ്ലീം ആകുന്നില്ല , വിശ്യാസവും പ്രവര്‍ത്തിയും രണ്ടും കൂടി ചേരുമ്പോള്‍ മാത്രമാണ് യഥാര്‍ത്ഥ മുസ്ലീം ആകുന്നത് .കാരണം ഇല്ലാതെ ഒരു മനുഷ്യനെ കൊന്നാല്‍ ഈ ലോകത്തുള്ള മുഴുവന്‍ മനുഷ്യനെയും കൊന്ന ശിക്ഷ അവനു ലഭിക്കുമെന്ന് ഇസ്ലാം പറയുമ്പോള്‍ തീവ്രവാദികള്‍ , അവരുടെ പേര് എന്ത് തന്നെ ആയാലും മുസ്ലീമാണെന്ന് പറയാന്‍ എങ്ങിനെ സാധിക്കും ????
മറ്റു മതങ്ങളില്‍ നിന്ന് വിഭിന്നമായി ഇസ്ലാമിന് ചില ചിഹ്ന്നങ്ങള്‍ ഉണ്ട് , അത് ഉപയോഗിച്ച് അവന്‍ തെറ്റു ചെയ്യുമ്പോള്‍ അവനോടൊപ്പം പഴി കേള്‍ക്കുന്നത് മതവും കൂടിയാണ് , ഉദാഹരണമായി തൊപ്പിയോ തലപ്പാവോ ഒക്കെ ധരിച്ചു ഒരാള്‍ സിനിമക്ക് പോകുമ്പോള്‍ അതിന്റെ പഴി ദീനിനും കേള്‍ക്കേണ്ടി വരുന്നു , അതുപോലെ തന്നെയാണ് ശിഹാബ് പറഞ്ഞ കള്ളനോട്ടില്‍ പിടിച്ച ഹാജിയും കളവു പറഞ്ഞ ഒമാനിയും .......
മുസ്ലീങ്ങളെ എത്ര കുറ്റപ്പെടുത്തുപോലും മറ്റുള്ളവര്‍ക്കറിയാം യഥാര്‍ത്ഥ ഇസ്ലാം മത വിശാസി എന്താണെന്ന് ....... അത് അവര്‍ നമ്മില്‍ നിന്ന് പ്രതീക്ഷിക്കുന്നു.പേരിനൊപ്പം നമ്മള്‍ യഥാര്‍ത്ഥ മുസ്ലീം അയാല് ആര്‍ക്കും നമ്മളെ കുറ്റപ്പെടുത്താന്‍ അവസരം ലഭിക്കില്ല..... അപ്പോള്‍ വിമര്‍ശനം താനെ നിര്‍ത്തിക്കൊള്ളും...... അതിനു ആദ്യം നമ്മള്‍ നമ്മളാകുക .............

ഇനിയും നല്ല ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു ......

അസീസ്‌ പടന്നക്കാട് .

നിസ്സഹായന്‍ said...

മുസ്ലിംങ്ങളെ കുറ്റവാളി സമുഹമാക്കി ചിത്രീകരിക്കാന്‍ തുടങ്ങിയത് ഒരു സവര്‍ണ ഗൂഢാലോചനയാണ്. അത് ഇന്നോ ഇന്നലയോ തുടങ്ങിയതുമല്ല. കലാ-സാംസ്കാരിക രംഗങ്ങളിലെല്ലാം ഇതൊരു മുന്‍വിധിയായി മാറിത്തീര്‍ന്നിടുണ്ട്. ചേരികളിലും പുറമ്പോക്കുകളിലും ഉള്ള ദരിദ്രമുസ്ലിംങ്ങളുടെ എണ്ണം ഹിന്ദുക്കളിലെ കീഴാളര്‍ക്ക് തൊട്ടടുത്ത് തന്നെ എത്തുന്നുണ്ട്. അവര്‍ ഈ മുന്‍വിധിയെ സ്വീകരിച്ച് അംഗീകരിച്ച് സ്ഥാപിച്ചു കൊടുക്കുന്നതായും തോന്നുന്നുണ്ട്.

sHihab mOgraL said...

ഡ്രിസില്‍, കാട്ടിപ്പരുത്തി, പടന്നക്കാടന്‍, നിസഹായന്‍- വായനയ്ക്കും അഭിപ്രായത്തിനും നിറഞ്ഞ നന്ദി.. ഈ കുറിപ്പിലൂടെ ഞാന്‍ സൂചിപ്പിച്ചത്, മനസ്സുകളില്‍ ഉരുത്തിരിയുന്ന തികച്ചും സ്വാഭാവികമായ ചോദ്യങ്ങളും അതിലെ സത്യങ്ങളുമാണ്‌. എന്നാല്‍ കമന്റില്‍ നിങ്ങള്‍ സൂചിപ്പിച്ചതു പോലെ മീഡിയകളുടെ തെറ്റായ നയങ്ങളുടെയും,ഗൂഢാലോചനയുടെയുമൊക്കെ ഇരകളാവുന്ന ഒരു പാട് സമുദായാംഗങ്ങളുണ്ടെന്നത് മറ്റൊരു വലിയ ചര്‍ച്ചയാണ്‌; ഗൗരവമായത്.

നന്ദിനിക്കുട്ടീസ്... said...

ഷിഹാബ്, നിങ്ങള് പറഞ്ഞത് തികച്ചും ആനുകാലികമായ വിഷയമാണ്. പല സന്ദറ്ഭങ്ങളിലും ഞാനും ഇങ്ങനെയൊക്കെ ചിന്തിച്ചിട്ടുണ്ട്. എന്തു കൊണ്ടാണ് നമ്മുടെ സമൂഹത്തില് നിന്നും തെറ്റു ചെയ്യുന്നവറ് അധികരിക്കുന്നതെന്ന്? തെറ്റു ചെയ്യുന്നവരിൽ കൂടുതലും നമ്മുടെ സമുദായക്കാരാകുന്നതെന്തുകൊണ്ട്‌? ഇത്രയധികം അച്ചടക്കവും ചര്യകളുമുള്ള മറ്റൊരു മതവും ഇല്ല എന്നിട്ടും നമ്മുടെ സമുദായമെന്തേ ഇങ്ങിനെയാകുന്നു? ഇതാണ് മറ്റു സമുദായക്കാരുടെചോദ്യം. ഇസ്ലാമിനെ മൊത്തത്തില് കരിവാരിത്തേക്കുന്നവറ്ക്കുള്ള മറുപടിയാണ് താങ്കളുടെ ലേഖനം. അഭിനന്ദനങ്ങള്...

mukthaRionism said...

കാട്ടിപ്പരുത്തിയുടെ വാക്കുകള്‍ക്ക് അടിവരയിടുന്നു.

ഒപ്പം നമ്മുടെ മതപഠന സം‌വിധാനങ്ങള്‍ മാറ്റിപ്പണിയേണ്ടതിന്റെ ആവശ്യകതയും ഓര്‍മപ്പെടുത്തുന്നു.
ചെറുപ്പം മുതല്‍ കൃത്യമായ മത വിദ്യാഭ്യാസം ലഭിക്കുന്ന ഒരു സമുദായത്തില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കാമല്ലോ.. പക്ഷേ, യാധാര്‍ഥ്യങ്ങള്‍ക്കു നേരെ നാം എത്ര നാള്‍ കണ്ണടക്കും..
മത വിദ്യാഭ്യാസം ഫലപ്രദവും കാര്യക്ഷമവുമാക്കാനുള്ള നടപടികള്‍ കൂടി മുസ്ലിം സംഘടനകള്‍ നടത്തേണ്ടതുണ്ട്..

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ശിഹാബ്,
നല്ല ലേഖനം. വളരെ പ്രസക്തമായ കാര്യങ്ങൾ. കള്ളനോട്ടിന്റെ ഇടപാട് നടത്തുന്ന ആളുടെ പേരിനു ഹാജി എന്ന വാലുണ്ടായപ്പോൾ അൽഭുതം കൂറുന്നത് ഹാജിക്ക് ആ പണി ചേരില്ല എന്ന ബോധത്തിൽ നിന്നാണല്ലോ. യഥാർത്ഥ ഹാജി അങ്ങനെയായിക്കൂടാ എന്ന വീക്ഷണം മതത്തിന്റെ വിശുദ്ധിക്ക് കിട്ടുന്ന സർട്ടിഫിക്കേറ്റ് തന്നെയാണ്.
യഥാർത്ഥമതത്തിന്റെ അനുയായിരിക്കാൻ ചില ചട്ടങ്ങൾക്ക് സ്വയം വിധേയരാകേണ്ടതുണ്ട് എന്ന ബോധം വളർത്തുന്നതിൽ സമുദായ സംഘടനകളും മത പണ്ഡിതരും ഏറെ ജാഗ്രതപുലർത്തേണ്ടിയിരിക്കുന്നു എന്ന് മുഖ്താർ നിരീക്ഷിച്ചതും ശ്രദ്ധേയം.

sHihab mOgraL said...

മുഖ്‌താറിന്റെ നിരീക്ഷണത്തോട് യോജിക്കുന്നു. വിശ്വാസങ്ങളും കര്‍മ്മങ്ങളും നിറഞ്ഞ ഒരു വെറും മതത്തെ പരിചയപ്പെടുത്തുന്ന സം‌വിധാനത്തേക്കാള്‍ ഇസ്ലാം എന്ന ജീവിതദര്‍ശനത്തിന്റെ പ്രയോഗവല്‍ക്കരണവും അത് ജീവിതത്തില്‍ ഉണ്ടാക്കിത്തീര്‍ക്കുന്ന അത്ഭുതകരമായ സന്തുലിതാവസ്ഥയും സം‌വേദനം ചെയ്യാനുതകുന്ന രീതിയില്‍ വിദ്യാഭ്യാസ സമ്പ്രദായം മാറേണ്ടതുണ്ട്. എങ്കിലും ഇസ്ലാമിനെ കേവലമതമായി ഉള്‍ക്കൊള്ളുന്ന മാനസികാവസ്ഥയില്‍ നിന്ന് മോചിതരായി ഇത് മാറ്റിപ്പണിയാന്‍ മുമ്പോട്ട് വരേണ്ടതിനു പകരം സംഘടനകള്‍ പൊലിപ്പിക്കുന്ന തിരക്കിലാണ്‌ പലരും.

പള്ളിക്കരയില്‍, ഈ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി.. :)

അസുരന്‍ said...

മതങ്ങള്‍ സംശുദ്ധ സാദാചാരബോധവും ധാര്‍മ്മിക ബോധവും ഉദ്ബോധിപ്പിക്കുന്നു. ഇന്നിട്ടും അതാതു മതങ്ങളില്‍ ജനിക്കുന്ന പലരും വലിയ കുറ്റവാളികളായി തീരുന്നു. എന്നാള്‍ മത-ദൈവവിശ്വാസികളല്ലാത്ത പലരും ഉയര്‍ന്ന ധാര്‍മിക ബോധവും മനുഷ്യസ്നേഹവും കാണിക്കുന്നു. സദാചാര-ധാര്‍മിക ബോധങ്ങള്‍ ദൈവവിശ്വാസവുമായോ അവിശ്വാസവുമായോ ബന്ധപ്പെട്ടല്ല, പകരം സാമൂഹിക-സാംസ്കാരിക-വൈകാരിക സ്വാധീനങ്ങളുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ പ്രകടമായി തീരുന്നത്. മതബോധനങ്ങള്‍ക്ക് സ്വാധീനമില്ലെന്നല്ല, അത് വളരെ തുച്ഛമാണ്.

sHihab mOgraL said...

"മതങ്ങള്‍ സംശുദ്ധ സാദാചാരബോധവും ധാര്‍മ്മിക ബോധവും ഉദ്ബോധിപ്പിക്കുന്നു" എന്ന് തുറന്നെഴുതിയ അസുരന്‍, ദൈവ- മത വിശ്വാസികളല്ലാത്തവര്‍ പുലര്‍ത്തിപ്പോരുന്ന സദാചാരം ഈ മതങ്ങള്‍ തന്നെ ഉല്പ്പാദിപ്പിച്ചതാണെന്ന് സമ്മതിക്കുമല്ലോ.

അസുരന്‍ said...

ഒരിക്കലുമില്ല. താങ്കള്‍ തെറ്റിദ്ധരിച്ചതാണ്. സാമൂഹികശാസ്ത്രജ്ഞന്മാരുടെ നിഗമനത്തില്‍ മനുഷ്യന്‍ സാമൂഹിക ജീവിതം ആരംഭിച്ച കാലം മുതല്‍ സമുദായത്തിന്റെ നിലനില്പിന് അത്യാവശ്യമായ കാര്യമായിരുന്നു സദാചാരനിയമങ്ങള്‍. ഒരോ ഗോത്രത്തിനും വ്യത്യസ്ഥ സദാചാര രീതികള്‍ വരാന്‍ തന്നെ കാരണം ഇതായിരുന്നു. പിന്നീടാണ് മതങ്ങള്‍ രൂപപ്പെടുന്നത്. അതാത് സമൂഹങ്ങളില്‍ രൂപപ്പെട്ട മതങ്ങള്‍ അവിടെയുണ്ടായിരുന്ന സദാചാരധര്‍മ സംഹിതകളെ തങ്ങളിലേക്ക് സ്വാംശീകരിക്കുകയാണ് ചെയ്തത്. അതുകൊണ്ടു തന്നെയാണ് വ്യത്യസ്ഥ മനുഷ്യസമുദായങ്ങള്‍ക്ക് വ്യത്യസ്ഥ മതങ്ങളും വ്യത്യസ്ഥമതങ്ങള്‍ക്ക് വ്യത്യസ്ഥ സദാചാരധര്‍മ സംഹിതകളും ഉണ്ടാകാന്‍ കാരണം. മതങ്ങള്‍ ദൈവേച്ഛ പ്രകാരം ഉണ്ടായതായിരുന്നെങ്കില്‍ അവ പരസ്പരം ഇത്രയും വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാകുമായിരുന്നില്ല.

sHihab mOgraL said...

താങ്കള്‍ തന്നെ പറഞ്ഞ വാചകത്തില്‍ നിന്നാണ്‌ ഞാന്‍ ഉദ്ധരിച്ചിട്ടുള്ളത്.
ദൈവം ഒന്നേയുള്ളുവെന്നതിനാല്‍ മതവും ഒന്നു തന്നെയാണുള്ളത്. വ്യതിചലനം വ്യത്യസ്തവീഷണങ്ങളില്‍ നിന്നുണ്ടായിരിക്കണം.

ബഷീർ said...

നിരീക്ഷണങ്ങൾ നന്നായി ..

ഓ.ടോ

നമ്മുടെ വി.എസിന്റെ പ്രസ്താവന വായിച്ചില്ലേ.. :) അതും ഇക്കൂട്ടത്തിൽ കൂട്ടിവായിക്കേണ്ടതാണ്

Where I feel poetic

Followers

Popular Posts