Saturday, March 7, 2009

updated on: 11/03/2009- 12:43 PM
പ്രവാചകരേ... ആഗ്രഹിച്ചു പോവുകയാണ്‌...
ഈ നൈമിഷികതയെപ്പോലും ശാശ്വതമായി കരുതുന്നിടത്ത്..
മനസുകള്‍, വെട്ടിപ്പിടിക്കാന്‍ മാത്രം കൊതിക്കുന്ന ലോകത്ത്...
സമ്പന്നതയാണ്‌ സൗന്ദര്യമെന്ന്, സുഖ സൗകര്യങ്ങളാണ്‌ സകലമെന്ന് ധരിച്ചു പോകുന്ന...
വര്‍ണ്ണ ശബളിമകള്‍ക്കിടയില്‍‌പ്പെട്ട് വഴിയുഴറുന്ന മനുഷ്യര്‍ക്കിടയില്‍...
'സമുദ്രത്തില്‍ മുക്കിയ വിരല്‍ത്തുമ്പില്‍ ഏല്‍ക്കുന്ന വെള്ളത്തോട് ഭൗതികതയെ ഉപമിച്ചു' കാണിച്ച അങ്ങയുടെ സാന്നിദ്ധ്യം...
ഇബ്നു ഉമറിന്റെ ചുമലില്‍ പിടിച്ച് "ഇഹലോകത്ത് നീ ഒരു പ്രവാസിയെപ്പോലെയാവുക, അല്ലെങ്കില്‍ ഒരു വഴിപോക്കനെപ്പോലെയാവുക" എന്നു പഠിപ്പിച്ച‍ അങ്ങയുടെ സാന്നിദ്ധ്യം...
ദൈവ വിശ്വാസത്തിന്റെ കുത്തകാവകാശം പൗരോഹിത്യത്തിന്റെ കയ്യിലമരുകയും ആത്മീയതയില്‍ അന്ധ വിശ്വാസങ്ങള്‍ നിറഞ്ഞു തുളുമ്പുകയും ചെയ്യുന്ന
സമകാലിക സാഹചര്യത്തില്‍...
ആത്മീയതയുടെ സുതാര്യതയും നിറസൗന്ദര്യവും കാണിച്ചു തരാന്‍...
ഒരാള്‍ ദൈവത്തോട് ഒരു ചാണ്‍ അടുക്കുമ്പോള്‍ ദൈവം അയാളോട് ഒരു മുഴം അടുക്കുമെന്നറിയിച്ച.. "ദൈവം കണ്ഠനാഡിയേക്കാള്‍ അടുത്തിരിക്കുന്നു"വെന്ന വേദവാക്യമോതിക്കേള്‍പ്പിച്ച അങ്ങയുടെ സാന്നിദ്ധ്യം...
സ്വന്തം പുത്രനായ ഇബ്രാഹീമിന്റെ മരണസമയത്തു തന്നെ സൂര്യഗ്രഹണമുണ്ടായപ്പോള്‍ 'ഇബ്രാഹീമിന്റെ മരണത്തില്‍ പ്രകൃതി പോലും ദുഃഖം കൊള്ളുന്നു' വെന്നു പ്രചരിപ്പിച്ച ജനങ്ങളെ വിളിച്ച്, സൂര്യനും ചന്ദ്രനുമെല്ലാം ദൈവത്തിന്റെ ദൃഷാന്തങ്ങളാണെന്നും ജനനമരണങ്ങളുമായി ബന്ധമില്ലെന്നും വിളംബരം ചെയ്തു മാതൃക കാട്ടിയ അങ്ങയുടെ സാന്നിദ്ധ്യം...
ജീവിതം തുടങ്ങാന്‍, ഇണ ചേരാന്‍, ഒരു പിതാവാകാന്‍, മാതാവാകാന്‍..
ജീവിതത്തിന്റെ ഓരോ ഘട്ടവും സാക്ഷാല്‍ക്കരിക്കപ്പെടാന്‍ സമ്പന്നത അനിവാര്യമാക്കുന്ന ആചാരങ്ങളാല്‍ വികൃതമാക്കപ്പെട്ട ജീവിതത്തില്‍
ഞെരുങ്ങിപ്പോകുന്ന മനുഷ്യര്‍ക്കിടയില്‍...
പ്രാതലെന്തെങ്കിലും കഴിക്കാനായി ഭാര്യമാരുടെ വീടുകളോരോന്നും കയറിയിട്ടും ഒന്നും കഴിക്കാനില്ലെന്ന മറുപടി കേട്ട് "എന്നാലെനിക്കിന്നു നോമ്പാണെ"ന്നു പറഞ്ഞ്
ജീവിതത്തില്‍ ലാളിത്യത്തിന്റെ ഔന്നിത്യം കാണിച്ച അങ്ങയുടെ സാന്നിദ്ധ്യം...
മനുഷ്യ മനസ്സുകള്‍ സമാധാനം തേടിയലയുമ്പോള്‍..
കൂണുകള്‍ പോലെ മുളച്ചു പൊന്തുന്ന ശാന്തി കേന്ദ്രങ്ങളില്‍ ശാന്തിയുടെ പാക്കേജുകള്‍ തയ്യാറാക്കപ്പെടുമ്പോള്‍...
സ്വന്തം മനസിലും ചിന്തയിലും തന്നെയാണു ശാന്തി കണ്ടെത്തേണ്ടതെന്നറിയാതെ വിഡ്ഢികളായിപ്പോവുന്ന പാമരര്‍ക്കിടയില്‍ ...
"ശരീരത്തില്‍ ഒരു മാംസക്കഷ്ണമുണ്ട്; അതു നന്നായാല്‍ മുഴുവനും നന്നായി, അതു ചീത്തയായാല്‍ മുഴുവനും ചീത്തയായി" എന്നുരുവിട്ട..
"ഹൃദയങ്ങള്‍ ശാന്തിയടയുന്നത് ദൈവസ്മരണ കൊണ്ടാണെ"ന്ന വേദവാക്യം ഓതിത്തന്ന അങ്ങയുടെ സാന്നിദ്ധ്യം...
വിശ്വാസത്തിന്റെ അന്തരം മാത്രമല്ല, കൊടിയുടെ നിറവ്യത്യാസം പോലും സ്വന്തം സഹോദരന്റെ ജീവനെടുക്കുന്നതിന്ന് കാരണമാകുന്ന ഈ കാലത്ത് "വര്‍ഗ്ഗീയതയിലേക്ക് ക്ഷണിക്കുന്നവനും വര്‍ഗ്ഗീയതയില്‍ പെട്ട് മരിക്കുന്നവനുംനമ്മില്‍ പെട്ടവനല്ല" എന്നു പ്രഖ്യാപിച്ച,
"അന്യായത്തിന്‌ കൂട്ടു നില്‍ക്കുന്നതാണ്‌ വര്‍ഗ്ഗീയത" എന്നു പഠിപ്പിച്ച അങ്ങയുടെ സാന്നിദ്ധ്യം...
സ്വന്തം മകളെ, ആധുനിക കല്യാണച്ചന്തയില്‍ കച്ചവടത്തിനിറക്കാനാവാതെ
തപിക്കുന്ന ഹൃദയവും നിറയുന്ന കണ്ണുകളുമായി കഴിയുന്ന പിതാവിന്റെ മുമ്പില്‍...
സ്വന്തം മകളെ ജീവനോടെ കുഴിച്ചു മൂടിയ കഥ ഏറ്റു പറഞ്ഞ ഗ്രാമീണന്റെ വിവരണം കേട്ട് കവിളിലൂടെ, താടി രോമത്തിലൂടെ കണ്ണീരൊലിച്ചിറങ്ങിയ അങ്ങയുടെ സാന്നിദ്ധ്യം..
ഒന്നെറിഞ്ഞ് പത്ത് കൊയ്യുകയെന്ന അതിമോഹത്തിലൂന്നിയ സാമ്പത്തിക വിനോദങ്ങള്‍
മനുഷ്യരെ കാര്‍ന്നു തിന്നുന്ന കാലത്ത് "
പലിശ തിന്നുന്നവനും, തീറ്റുന്നവനും, എഴുതുന്നവനും സാക്ഷി നില്‍ക്കുന്നവനും നരകശിക്ഷയനുഭവിക്കു" മെന്നു മുന്നറിയിപ്പു നല്‍കിയ
"ചൂതാട്ടം പൈശാചികമാ"ണെന്ന വചനം കേള്‍പ്പിച്ചു തന്ന അങ്ങയുടെ സാന്നിദ്ധ്യം..
കര്‍മ്മങ്ങളുടെ പ്രതിഫലം ഉദ്ദേശ്യങ്ങള്‍ക്കനുസരിച്ചാണെന്നു പഠിപ്പിച്ച
മുകളിലേക്കു നോക്കിയല്ല, താഴേയ്ക്കു നോക്കി ജീവിക്കാന്‍, പഠിപ്പിച്ച അങ്ങയുടെ ജീവിത രീതി മനുഷ്യര്‍ പകര്‍ത്തിയെങ്കില്‍...!
--------------------------------------
ആരായിരുന്നു പ്രവാചകന്‍ എന്ന ഒരു ചര്‍ച്ച ഇവിടെ നടക്കുന്നുണ്ട്.
--------------------------------------
മുഹമ്മദ് നബിയുടെ ബഹുമുഖവ്യക്തിത്വത്തെ സയ്യിദ് സുലൈമാന്‍ നദ്‌വി വിവരിക്കുന്നു: "ഭിന്നസാഹചര്യങ്ങളിലും മനുഷ്യവികാരങ്ങളുടെ അവസ്ഥാന്തരങ്ങളിലും കര്‍മ്മനിരതരായ എല്ലാ വിഭാഗം ജനങ്ങള്‍ക്കും മാനദണ്ഡമായി സ്വീകരിക്കാവുന്ന ഒരു മാതൃക മുഹമ്മദിന്റെ ജീവിതത്തില്‍ ദര്‍ശിക്കാം. നിങ്ങളൊരു ധനികനാണെങ്കില്‍ മക്കയിലെ വര്‍ത്തകനും ബഹ്‌റൈനിലെ സമ്പത്തിന്റെ യജമാനനും ആയിരുന്ന മുഹമ്മദില്‍ നിങ്ങള്‍ക്കു മാതൃകയുണ്ട്. നിങ്ങള്‍ ദരിദ്രനാണെങ്കില്‍ ശ‌അബു അബീത്വാലിബിലെ തടവുപുള്ളിയിലും മദീനാ അഭയാര്‍ഥിയിലും അതുണ്ട്. നിങ്ങളൊരു ചക്രവര്‍ത്തിയാണെങ്കില്‍ അറേബ്യയിലെ ഭരണാധികാരിയായി വാണ മുഹമ്മദിനെ വീക്ഷിക്കുക! നിങ്ങളൊരടിമയാണെങ്കില്‍ മക്കയിലെ ഖുറൈശികളുടെ മര്‍ദന പീഡനങ്ങള്‍ ഏറ്റുവാങ്ങിയ ആ മനുഷ്യനെ ശ്രദ്ധിക്കുക! നിങ്ങളൊരു ജേതാവാണെങ്കില്‍ ബദ്‌റിലെയും ഹുനൈനിലെയും ജേതാവിനെ നോക്കുക! നിങ്ങള്‍ക്കൊരിക്കല്‍ പരാജയം പിണഞ്ഞുവെങ്കില്‍ ഉഹ്‌ദില്‍ കുഴപ്പം പിണഞ്ഞ ആ മനുഷ്യനില്‍ നിന്ന് പാഠം പഠിക്കുക. നിങ്ങളൊരധ്യാപകനാണെങ്കില്‍....
പ്രവാചകനെക്കുറിച്ചുള്ള മനോഹരവും വിശാലവുമായ വീക്ഷണം ഇവിടെ വായിക്കാം.

14 വായനകളിങ്ങനെ:

sHihab mOgraL said...

പ്രവാചക സ്നേഹം പച്ചക്കൊടിയുയര്‍ത്തലാണെന്നു വിചാരിക്കുന്നവര്‍ക്കിടയില്‍...

Shaf said...
This comment has been removed by the author.
Shaf said...

മുന്‍പ് ആചാരങ്ങള്‍ ഭക്ഷണം കഴിക്കാനായി സൃഷ്ടിച്ചതാണെങ്കില്‍, ശക്തി പ്രകടനത്തിനാണ് ഇന്ന് പലതും ...
പ്രവചകന്മാര്‍ പഠിപ്പിച്ചതില്‍നിന്നും വ്യതിചലിച്ച് അവരുടെ ജീവിതവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ മതത്തിന്റേതും,ശരിയൂമായി അവതരിപ്പിക്കുകയും അതിനപ്പുറത്തേക്ക് ചിന്തീക്കാതെ വാശിപിടീച്ച് നില്‍ക്കുകുകയും ചെയ്യുന്നിടത്താണ് ഈ വരികള്‍ “പ്രവാചക സ്നേഹം പച്ചക്കൊടിയുയര്‍ത്തലാണെന്നു വിചാരിക്കുന്നവര്‍ക്കിടയില്‍...

” പ്രത്യേകം ശ്രദ്ധയാകര്‍ശിക്കുന്നത്.
---
അതെ ആഗ്രഹിച്ചുപോകുകയാണ് ..
ആ ജീവിതചര്യയിലേക്ക് തിരിച്ചുപോകാനായെങ്കില്‍

അഗ്രജന്‍ said...

ഷിഹാബ്, വളരെ നന്നായി ഈ പോസ്റ്റ്...

സുല്‍ |Sul said...

ഷിഹാബ്...
നവയുഗ ലോക ക്രമത്തില്‍ നബിയുടെ ജീവിതവും പ്രബോധനവും എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു, എത്രത്തോളം കാര്യക്ഷമമാണ് എന്നു കാണിക്കുന്ന ഒരു നല്ല ലേഖനം.

നബിയുടെ കാലത്ത് ജീവിച്ചു മരിക്കാന്‍ കഴിയാത്ത നമ്മുക്ക് ആ പാത മുറുകെപ്പിടിക്കാന്‍ ശ്രമിക്കാം.

-സുല്‍

വരവൂരാൻ said...

വര്‍ണ്ണ ശബളിമകള്‍ക്കിടയില്‍‌പ്പെട്ട് വഴിയുഴറുന്ന മനുഷ്യര്‍ക്കിടയില്‍...
'സമുദ്രത്തില്‍ മുക്കിയ വിരല്‍ത്തുമ്പില്‍ ഏല്‍ക്കുന്ന വെള്ളത്തോട് ഭൗതികതയെ ഉപമിച്ചു' കാണിച്ച അങ്ങയുടെ സാന്നിദ്ധ്യം... ഇബ്നു ഉമറിന്റെ ചുമലില്‍ പിടിച്ച് "ഇഹലോകത്ത് നീ ഒരു പ്രവാസിയെപ്പോലെയാവുക, അല്ലെങ്കില്‍ ഒരു വഴിപോക്കനെപ്പോലെയാവുക" എന്നു പഠിപ്പിച്ച‍ അങ്ങയുടെ സാന്നിദ്ധ്യം... ദൈവ വിശ്വാസത്തിന്റെ കുത്തകാവകാശം പൗരോഹിത്യത്തിന്റെ കയ്യിലമരുകയും ആത്മീയതയില്‍ അന്ധ വിശ്വാസങ്ങള്‍ നിറഞ്ഞു തുളുമ്പുകയും ചെയ്യുന്ന
സമകാലിക സാഹചര്യത്തില്‍...
ആത്മീയതയുടെ സുതാര്യതയും നിറസൗന്ദര്യവും കാണിച്ചു തരാന്‍...
ഒരാള്‍ ദൈവത്തോട് ഒരു ചാണ്‍ അടുക്കുമ്പോള്‍ ദൈവം അയാളോട് ഒരു മുഴം അടുക്കുമെന്നറിയിച്ച.. "ദൈവം കണ്ഠനാഡിയേക്കാള്‍ അടുത്തിരിക്കുന്നു"വെന്ന വേദവാക്യമോതിക്കേള്‍പ്പിച്ച അങ്ങയുടെ സാന്നിദ്ധ്യം.

othiri othiri nandi e vachanangal pankuvachathinu. Asamsakal

rumana | റുമാന said...

"പ്രാതലെന്തെങ്കിലും കഴിക്കാനായി ഭാര്യമാരുടെ വീടുകളോരോന്നും കയറിയിട്ടും ഒന്നും കഴിക്കാനില്ലെന്ന മറുപടി കേട്ട് "എന്നാലെനിക്കിന്നു നോമ്പാണെ"ന്നു പറഞ്ഞ്
ജീവിതത്തില്‍ ലാളിത്യത്തിന്റെ ഔന്നിത്യം കാണിച്ച അങ്ങയുടെ സാന്നിദ്ധ്യം... "

---
ഇന്ന്(ഞായര്‍) പങ്കെടുത്ത പൊങ്ങച്ച വിരുന്നിലെ ഭക്ഷണം ഛര്‍ദ്ദിലായി പുറത്ത് വന്നിരുന്നെങ്കിലെന്നാശിച്ചു...ഞാന്‍

മനസ്സിനെ കുളിരണിയിച്ച ചരിത്ര മുഹൃത്തങ്ങള്‍ നന്നായി അവതരിപ്പിച്ച് കണ്ടതില്‍ സന്തോഷം.

അഗ്രജന്‍ said...

rumana | റുമാന പറഞ്ഞു...
മനസ്സിനെ കുളിരണിയിച്ച ചരിത്ര മുഹൃത്തങ്ങള്‍ നന്നായി അവതരിപ്പിച്ച് കണ്ടതില്‍ സന്തോഷം.


എനിക്ക് വിരലിൽ വരാതിരുന്ന, ഞാന് പറയാൻ ആഗ്രഹിച്ച വരികൾ...

sHihab mOgraL said...

Shaf,
പല പേരിലും നടത്തുന്ന കാട്ടിക്കൂട്ടലുകള്‍ മതത്തിന്റെ സത്തയെ മായ്ച്ചു കളയുന്നു...

അഗ്രജന്‍, മനസിന്റെ തുറന്ന വീക്ഷണം അറിയിക്കാന്‍ ഒരിക്കല്‍ കൂടി വന്നതില്‍ വളരെ സന്തോഷം...

സുല്‍, തീര്‍ച്ചയായും ആ ജീവിതം വളരെ തത്വ ദീക്ഷയുള്ളതാണ്‌..

വരവൂരാന്‍, വളരെ സന്തോഷം...

റുമാന, ഇത്തരം പൊങ്ങച്ചവിരുന്നുകള്‍ വഹിക്കുന്ന 'ധര്‍മ്മ'ത്തെക്കുറിച്ച് തന്നെ ഒരു ചര്‍ച്ച ആവശ്യമാണ്‌. അകന്നു നില്‍ക്കാമെന്നു വെച്ചാല്‍ ബന്ധങ്ങള്‍ പ്രശ്നമാണ്‌ അല്ലേ..

ശരിക്കും പ്രവാചകന്‍ ആരായിരുന്നു എന്ന ചര്‍ച്ച ഇവിടെ നടക്കുന്നുണ്ട്

ചിന്തകന്‍ said...

പ്രവാചകനെ സ്നേഹിക്കേണ്ടത് എങ്ങനെയാണെന്ന് ഓര്‍മ്മപ്പെടുത്തിയ, വളരെ മനോഹരമായ് പോസ്റ്റ്.

പ്രിയ ശിഹാബ് താങ്കള്‍ക്ക് വളരെ നന്ദി.

പാര്‍ത്ഥന്‍ said...

Shihab mogral:
ഇത് പരിചയപ്പെടുത്തിയതിന് നന്ദി.
വളരെ വ്യക്തമായി മനസ്സിലാക്കിയാൽ എല്ലാം നമ്മളിൽ തന്നെ എന്നു പറയുന്ന വരികൾ.

മനുഷ്യ മനസ്സുകള്‍ സമാധാനം തേടിയലയുമ്പോള്‍..
കൂണുകള്‍ പോലെ മുളച്ചു പൊന്തുന്ന ശാന്തി കേന്ദ്രങ്ങളില്‍ ശാന്തിയുടെ പാക്കേജുകള്‍ തയ്യാറാക്കപ്പെടുമ്പോള്‍...

സ്വന്തം മനസിലും ചിന്തയിലും തന്നെയാണു ശാന്തി കണ്ടെത്തേണ്ടതെന്നറിയാതെ വിഡ്ഢികളായിപ്പോവുന്ന പാമരര്‍ക്കിടയില്‍ ...
---------------------------------
ഇതും എല്ലാവരും മനസ്സിലാക്കിയിരുന്നെങ്കിൽ.

"വര്‍ഗ്ഗീയതയിലേക്ക് ക്ഷണിക്കുന്നവനും വര്‍ഗ്ഗീയതയില്‍ പെട്ട് മരിക്കുന്നവനും നമ്മില്‍ പെട്ടവനല്ല"

poor-me/പാവം-ഞാന്‍ said...

Every body is preaching nobody is there to follow...

moinmalayamma said...

articulations are considerable but atguments not enough

ഉസ്മാന്‍ പള്ളിക്കരയില്‍ said...

പ്രിയമുള്ള ശിഹാബ്, പ്രവാചകൻ തിരുമേനിയുടെ ധവളിമയാർന്ന യശസ്സ് കളങ്കപ്പെടുത്തി വിക്ര്‌തമായി അവതരിപ്പിക്കാനും, അദ്ദേഹത്തെ പ്രാക്ര്‌തനും അവിശ്വാസികളുടെ തലകൊയ്യാൻ കൽ‌പ്പിച്ച ക്രൂർനുമായി ചിത്രീകരിക്കാനും സംഘടിതശ്രമങ്ങളരങ്ങേറുന്ന വർത്തമാനകാല സാഹചര്യത്തിൽ നബിതിരുമേനിയെ സംബന്ധിച്ച വസ്തുതകളുടെ ശുഭ്രസുന്ദരസത്യം വിളംബരം ചെയ്യുന്ന താങ്കളുടെ രചന ഉൽക്ര്‌ഷ്ടമായിരിക്കുന്നു.. സത്യാനേഷികൾക്ക് സഹായകരമാണ് ഈ പോസ്റ്റ്. പ്രാർത്ഥനകൾ.

Where I feel poetic

Followers

Popular Posts