Wednesday, December 18, 2019

ഐഡന്റിറ്റിയും മുദ്രാവാക്യവും ചർച്ചയാവുന്ന നേരത്ത് ഇസ്‌ലാമിന്റെ സുപ്രധാന ചരിത്രത്തിലേക്ക് ഒന്നുനോക്കാം. നിലനിൽപ്പും അതിജീവനവും വിഷയമാവുമ്പോൾ അത്തരമൊരു ഘട്ടത്തിൽ പ്രവാചകൻ സ്വീകരിച്ച നിലപാടിന്റെ ചരിത്രം.
ഹിജ്റ ആറാം വർഷം മദീനയിൽ നിന്നും മക്കയിലേക്ക് ഉംറ നിർവഹിക്കാൻ പുറപ്പെട്ടതായിരുന്നു മുഹമ്മദ് നബി (സ)യും സ്വഹാബിമാരും.
മക്കയെന്നത് മുഹമ്മദ് നബിയുടെ ജന്മസ്ഥലമാണ്. മുസ്ലിംകളല്ലാത്ത ഖുറൈശികൾ പോലും പവിത്രമായി കരുതുന്നിടം കൂടിയാണ് മക്ക. മദീനയിൽ നിന്നും പ്രവാചകനും കൂട്ടരും വരുന്നുണ്ടെന്നറിഞ്ഞ ഖുറൈശികൾ ഒരു ചെറുത്തുനിൽപ്പിനുള്ള സന്നാഹങ്ങൾ തന്നെ ഒരുക്കി. മുഹമ്മദും കൂട്ടരും ഒരു യുദ്ധത്തിനുള്ള പുറപ്പാട് തന്നെയായിരിക്കും എന്നാണ് അവർ കരുതിയത്.





ഖുറൈശികൾ ഇങ്ങനെയൊരു ലക്ഷ്യവുമായി പുറപ്പെടുന്നുവെന്നറിഞ്ഞ പ്രവാചകനും കൂട്ടരും വഴിമാറി സഞ്ചരിച്ച് ഹുദൈബിയ്യയിൽ എത്തി.
ഒരു യുദ്ധത്തിനല്ല പ്രവാചകന്റെ ഒരുക്കമെന്നു മനസ്സിലാക്കിയ ശത്രുവിഭാഗം ചർച്ചയ്ക്കായി ദൂതനെ അയച്ചു. ഉംറ ചെയ്തു മടങ്ങുക മാത്രമാണ് ഉദ്ദേശ്യം എന്ന വിവരം ദൂതൻ അറിയിച്ചുവെങ്കിലും അവർ പിന്നെയും പിന്നെയും ആളുകളെ അയച്ച് ലക്ഷ്യം ഉറപ്പിക്കുക തന്നെ ചെയ്തു.
ഒടുക്കം മുസ്ലിം വിഭാഗത്തിൽ നിന്നുതന്നെ പ്രമുഖനായ ഉസ്മാൻ (റ) യെ മക്കയിലേക്ക് ദൂതനായി പ്രവാചകൻ പറഞ്ഞുവിട്ടു. ഉസ്മാൻ (റ) യെ സ്വീകരിച്ച ഖുറൈശികൾ 'നീ വേണമെങ്കിൽ ത്വവാഫ് ചെയ്ത് മടങ്ങിക്കോ' എന്നുപറഞ്ഞു. പ്രവാചകൻ കൂടെയില്ലാതെ ത്വവാഫ് ചെയ്യാൻ ഉസ്മാൻ (റ) തയ്യാറായില്ല.
ഉസ്മാൻ മടങ്ങിയതിനു ശേഷം ഖുറൈശീ പ്രതിനിധിയായി സുഹൈൽ ബിൻ അംറ് വന്നു. അയാൾ ദീർഘനേരം പ്രവാചകനുമായി സംസാരിച്ചു. ഇരുവിഭാഗവും ഒരു കരാറിലെത്തുന്നതിന്റെ സാധ്യതകൾ തുറന്നു.
ഈ സമയത്ത്, എന്നല്ല, ഏത് സമയത്തും ആവേശവും ആർജ്ജവവും കൈവിടാതെ പ്രതികരിച്ചിട്ടുള്ള ഉമർ (റ), അബൂബക്കർ (റ) വിനോട് ചോദിച്ചു,
"അബൂബക്കർ,
അദ്ദേഹം അല്ലാഹുവിന്റെ പ്രവാചകനല്ലേ ?
നമ്മൾ മുസ്ലിംകൾ അല്ലേ ?
അവർ മുശ്രിക്കുകൾ അല്ലേ ?"
അബൂബക്കർ: "ആണല്ലോ"
"പിന്നെന്താ നമ്മുടെ ദീനിനെ ഇങ്ങനെ നിന്ദിച്ചുകൊണ്ട് അവർക്ക് വഴങ്ങിക്കൊടുക്കുന്നത് !?"
അബൂബക്കർ (റ) ഉമറിനെ (റ) സമാശ്വസിപ്പിച്ചു.
ഉമർ പ്രവാചകനോട് തന്നെയും ഈ ചോദ്യം ആവർത്തിച്ചു.
പ്രവാചകൻ പ്രതികരിച്ചു:
"ഞാൻ അല്ലാഹുവിന്റെ അടിമയും അവന്റെ ദൂതനുമാണ്. അവന്റെ കൽപ്പനകൾ ഞാൻ ധിക്കരിക്കുകയോ അവൻ എന്നെ കൈവെടിയുകയോ ഇല്ല".
സന്ധി വ്യവസ്ഥകൾ എഴുതാൻ പ്രവാചകൻ, അലി (റ) യെ വിളിച്ചു.
"എഴുതൂ,
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ.."
സുഹൈൽ ഇടപെട്ടു,
"എനിക്കിതൊന്നും അറിയില്ല,
'ദൈവനാമത്തിൽ' അത്ര മതി."
പ്രവാചകൻ പറഞ്ഞു:
"ശരി, എങ്കിൽ എഴുതൂ,
ദൈവനാമത്തിൽ, അവന്റെ ദൂതൻ മുഹമ്മദ്, സുഹൈൽ ബിൻ അംറുമായി സന്ധി ചെയ്യുന്നതെന്തെന്നാൽ..."
സുഹൈൽ വീണ്ടും ഇടപെട്ടു.
"താങ്കൾ ദൈവ ദൂതനാണെന്ന് അംഗീകരിക്കുകയാണെങ്കിൽ നമ്മൾ തമ്മിൽ പിന്നെ മറ്റു പ്രശ്നങ്ങളൊന്നും ഇല്ലല്ലോ. ഞാൻ പറയുന്നപോലെ എഴുതൂ,
അബ്ദുല്ലയുടെ മകൻ മുഹമ്മദും സുഹൈൽ ബിൻ അംറും സന്ധി ചെയ്യുന്നത് എന്തെന്നാൽ.."
പ്രവാചകൻ (സ) അതും അംഗീകരിച്ചു കൊണ്ട് സന്ധിവ്യവസ്ഥകൾ ഇങ്ങനെ എഴുതി.
 ഈ വർഷം പ്രവാചകൻ മുഹമ്മദും അനുയായികളും ഉംറ നിർവഹിക്കാതെ മദീനയിലേക്ക് മടങ്ങിപ്പോവുക. അടുത്ത വർഷം വന്നു ഉംറ നിർവഹിക്കാം. അടുത്തവർഷം മുസ്ലിംകൾക്ക് മക്കയിൽ മൂന്നു ദിവസം താമസിക്കാം. കൂടെ ഉറയിലിട്ട വാളല്ലാതെ മറ്റൊന്നും ഉണ്ടാവാൻ പാടില്ല. ഖുറൈശികൾ അവർക്കൊരു തടസ്സവും സൃഷ്ടിക്കാവതല്ല.
പത്ത് വർഷത്തോളം ഇരു വിഭാഗവും തമ്മിൽ യുദ്ധമോ യാതൊരുവിധ ഏറ്റുമുട്ടലുകളോ പാടില്ല. ജനങ്ങളെ പേടിയില്ലാതെ ജീവിക്കാൻ അനുവദിക്കുക.
 മുഹമ്മദുമായി സഖ്യത്തിലാവാൻ ഉദ്ദേശിക്കുന്ന ഗോത്രങ്ങൾക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. ഖുറൈശികളുമായി സഖ്യമാഗ്രഹിക്കുന്നവർക്ക് അതിനുള്ള സ്വാതന്ത്ര്യവുമുണ്ട്. ഇത്തരം സഖ്യകക്ഷികളെ അവയുടെ ഭാഗമായി പരിഗണിക്കപ്പെടുന്നതായിരിക്കും. സഖ്യകക്ഷികളെ ആക്രമിക്കൽ നേരിട്ട് ആക്രമിക്കുന്നതിനു തുല്യമാണ്.
 മുഹമ്മദിന്റെ ഭാഗത്തുനിന്നും ആരെങ്കിലും ഖുറൈശികളുടെ പക്ഷത്തേക്കു പോയാൻ അവനെ അവിടെ കഴിയാൻ അനുവദിക്കണം. നേരെമറിച്ച്, ഖുറൈശികളുടെ പക്ഷത്തുനിന്നും ആരെങ്കിലും മുഹമ്മദിന്റെ പക്ഷത്തേക്കു പോയാൽ അവനെ തിരികെ നൽകേണ്ടതാണ്.
സന്ധിവ്യവസ്ഥകൾ കേട്ട മുസ്ലിംകൾ പലരും അന്ധാളിച്ചു. എന്നാൽ പിന്നീട് ചരിത്രം സാക്ഷ്യം നൽകുന്നത് മറ്റൊന്നാണ്. ഖുറൈശികളുടെ ഭാഗത്തുനിന്നും യുദ്ധത്തിനു തയ്യാറായ സൈന്യത്തിന്റെ നായകൻ ഖാലിദ് ബിൻ വലീദ് (റ) തന്നെയും പിന്നീട് ഇസ്‌ലാമിന് വേണ്ടി പൊരുതിയതാണ് ചരിത്രം.

Monday, November 25, 2019



പള്ളികള്‍ പൊതുവെ മനസ്സിന്‌ സമാധാനം പകരേണ്ട ഇടങ്ങളാണ്‌. അതിനാല്‍ തന്നെ വളരെ ശുചിത്വത്തോടെയും സൗകര്യങ്ങളോടെയുമാണ്‌ അവ സം‌രക്ഷിക്കപ്പെട്ടു പോരാറുള്ളത്. പള്ളിക്കകത്ത് ആളുകള്‍ ശാന്തതയും ഏകാന്തതയും പ്രതീക്ഷിക്കുന്നു. എന്നാലിന്ന് ചിലപ്പോഴെങ്കിലും മനഃപൂര്‍‌വ്വമല്ലാതെ ഒരു സാധുവിന്റെ പോക്കറ്റില്‍ നിന്നും അയാളുടെ മൊബൈല്‍ ശബ്ദമുണ്ടാക്കാറുണ്ട്. അത് പ്രാര്‍ത്ഥനയിലെ ഏകാഗ്രതയെ നഷ്‌ടപ്പെടുത്തും എന്നത് ശരിയാണ്‌. എങ്കിലും പുതിയ കാലത്ത് നിത്യജീവിതത്തിലെ ഒരു സ്വാഭാവിക ശബ്ദമായി മൊബൈല്‍ ഫോണ്‍ റിംഗിനെ അവഗണിച്ചുകളഞ്ഞാല്‍ പ്രശ്നം പരിഹരിക്കപ്പെടും. അതിനു പകരം പ്രാര്‍ത്ഥന കഴിയുമ്പോഴേക്ക് നാലു ഭാഗത്തു നിന്നും വീര്‍പ്പിച്ച മുഖങ്ങള്‍ 'എന്ത്ന്നാ ചെങ്ങായീ ദ് ? ഫോണ്‍ ബന്ദാക്കി ബെച്ചൂടെ?" എന്ന ഭാവത്തില്‍ ഈ മനുഷ്യനു നേരെ തിരിയുമ്പോള്‍ 'നിസ്ക്കരിക്കാനേ വരേണ്ടിയിരുന്നില്ല!' എന്നുപോലും അയാള്‍ക്ക് തോന്നിപ്പോയേക്കാം. ചിലപ്പോഴൊക്കെ അത്തരം രംഗങ്ങളുണ്ടാവുമ്പോള്‍ അയാളനുഭവിക്കുന്ന ആത്മസം‌ഘര്‍ഷമാണ്‌ എന്നെ വേദനിപ്പിച്ചിട്ടുള്ളത്.
ഈയിടെ ഒരു പള്ളിയില്‍ തന്റെ നാല്‌ വയസ്സുള്ള മകനുമായി ചെന്ന അനുഭവം സുഹൃത്ത് ഹഫീസ് പറഞ്ഞു. 

ചിത്താരിയിലെ മസ്ജിദ്

കാഞ്ഞങ്ങാടിനടുത്തെ ചിത്താരിയില്‍ 'ബംഗ്ലാവ്' റെസ്റ്റോറന്റിനടുത്തെ ഒരു വീട്ടിലെ നിക്കാഹില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു അവന്‍. അപ്പോള്‍ തന്റെ മകനോടൊപ്പം തൊട്ടടുത്തെ മനോഹരമായ പള്ളിയില്‍ നിസ്ക്കരിക്കാന്‍ കയറി. നിസ്കാരം രണ്ടാമത്തെ റക്അത്തിലെത്തി.
അത് സംഭവിച്ചിരിക്കുന്നു !
കുട്ടി മൂത്രമൊഴിച്ചു !
ഹഫീസ് ഈയനുഭവം പറയുമ്പോള്‍ ഈ വിഷയത്തില്‍ എന്റെയൊരു അനുഭവം വെച്ചുള്ള നിരീക്ഷണം ഞാന്‍ പങ്കുവെച്ചു. സാധാരണ ഈ പ്രായത്തിലുള്ള കുട്ടികളോട് പള്ളിയില്‍ കയറുന്നതിനു മുമ്പ് 'ടാ, ഇവിടെ ടോയ്ലറ്റുണ്ട്. ഒന്ന് മൂത്രമൊഴിച്ചിട്ട് വരാം' എന്നു പറഞ്ഞാല്‍ പോലും "ഏയ് ! എനിക്ക് മൂത്രിക്കുകയൊന്നും വേണ്ട. അത്തരം ഒരു പ്രശ്നവും എനിക്കനുഭവപ്പെടുന്നില്ല" എന്ന വലിയ ധൈര്യമായിരിക്കും അവര്‍ നമുക്ക് തിരിച്ചു പകരുക. എന്നാല്‍, പള്ളിയില്‍ കയറി നമ്മള്‍ നിസ്കാരത്തിലേക്ക് പ്രവേശിക്കുകയും ഉള്ളിലാകെ ശാന്തമായ അന്തരീക്ഷം അനുഭവപ്പെടുകയും ചെയ്താല്‍ ഇവര്‍ക്ക് ചെയ്യാനുള്ളൊരു ടൈംപാസ് രണ്ടില്‍ ഏതെങ്കിലുമൊന്നായിരിക്കും. അതിന്റെ സൈക്കോളജിയൊന്നും അറിയില്ലെങ്കിലും അങ്ങനെയാണ്‌ അനുഭവവും കാഴ്ച്ചയും. 
ഇരിക്കട്ടെ, ഹഫീസ് തുടര്‍ന്നു.
വലിയ പള്ളി. നികാഹിനായി വന്ന ഒട്ടേറെ ആളുകള്‍. പുതിയ, വിലകൂടിയ കാര്‍പെറ്റ്. അവിടെയാണിവന്‍ മൂത്രമൊഴിച്ചിരിക്കുന്നത് !. പിന്നീടങ്ങോട്ട് നിസ്കാരം പോലും സ്വസ്ഥതയോടെ നിര്‍‌വഹിക്കാനായില്ല. ആകെ വെപ്രാളവും മാനസിക സംഘര്‍ഷവും !
നിസ്കാരം പൂര്‍ത്തിയായി മെല്ലെയെഴുന്നേറ്റ് ആളുകള്‍ എന്തുപറയുമെന്നും എങ്ങനെയിത് മറികടക്കുമെന്നുമാലോചിച്ച് നിന്നു.
ആളുകള്‍ കുറേശ്ശെയായി അടുത്തേക്ക് വരുന്നുണ്ട്. 
പള്ളിയിലെ ഖാദിമിനെയോ ഇമാമിനെയോ കണ്ട്, തുടക്കാനും കഴുകാനുമുള്ള ബക്കറ്റും തുണിയും ഒക്കെ തന്നാല്‍ താന്‍ തന്നെ തുടച്ചുകൊള്ളാമെന്ന ചിന്തയില്‍ അവരെ അന്വേഷിച്ച് നീങ്ങാനൊരുങ്ങി.
എന്നാല്‍, അവനെയാകെ അല്‍‌ഭുതപ്പെടുത്തിക്കൊണ്ട് അവിടെയുണ്ടായിരുന്ന ചില ചെറുപ്പക്കാര്‍ മുന്നോട്ട് വന്നു.
"കുട്ടിയല്ലേ, അതൊക്കെ ഉണ്ടാവും, നിങ്ങളെന്തിന്‌ ബേജാറാവുന്നു ?" എന്നവര്‍ ചോദിച്ചു.
'എന്നാലും എന്റെ മകന്‍ പറ്റിച്ച പണിയല്ലേ, ഞാന്‍ തന്നെ തുടക്കാ'മെന്ന് എത്രതന്നെ പറഞ്ഞിട്ടും ആ ചെറുപ്പക്കാര്‍ അതനുവദിച്ചില്ലത്രെ.
"നിങ്ങള്‍ കുഞ്ഞിനെ ഹൗളിനരികില്‍ പോയി വൃത്തിയാക്കിയിട്ട് പൊയ്ക്കോ. ഇതൊക്കെ ഞങ്ങളേറ്റു"
എന്നുപറഞ്ഞിട്ട് ആ യുവാക്കള്‍ അവനെ സമാധാനിപ്പിച്ചു. 
അവരത് നിര്‍‌വ്വഹിക്കുക തന്നെ ചെയ്തു.
ഹഫീസിത് പറഞ്ഞു നിര്‍ത്തിയപ്പോള്‍ മനസ്സുകൊണ്ട് ഞാനാ പള്ളിയില്‍ കയറുകയും എന്റെയും ഉള്ളം നിറയുകയും ചെയ്തു. 
പള്ളിയില്‍ വരുന്നവരുടെയെല്ലാം ഉള്ളം നിറയട്ടെ.
ചിത്താരിയിലെ ചെറുപ്പക്കാര്‍ക്ക് എന്റെ അഭിവാദ്യങ്ങള്‍. 
പ്രാര്‍ത്ഥനകള്‍.

Sunday, October 6, 2019

'അൽബഖറ'യെന്ന ഖുർആനിലെ രണ്ടാമത്തെ അധ്യായമായിരുന്നു ഇന്നത്തെ ചർച്ചയിൽ. 'ബഖറ' എന്നാൽ പശു എന്നുതന്നെ. 'പശുദേശീയത'യൊക്കെ കടന്ന് ഭാഷയും മതം തന്നെയും അതിജീവനത്തിന്റെ അർഹതകളായി പരിണമിക്കുന്ന കാലത്ത് ആദർശത്തിന്റെ സുരക്ഷാകവചം ഒന്നുകൂടി മുറുക്കിയുടുക്കാൻ സമയം കണ്ടെത്തുന്നത് നല്ലതുതന്നെ.
ഖുർആൻ വഴികാട്ടിയാവുന്നത് ആർക്കാണ് എന്നതിന്റെ ആദ്യത്തെയുത്തരം 'യുഅ്‌മിനൂന ബിൽ ഗൈബി' എന്നാണ് അധ്യായം പറഞ്ഞു തുടങ്ങുന്നത്. 'തെളിവുകൾ നയിക്കട്ടെ'യെന്ന പൊള്ളയായ വാചകങ്ങളിൽ അല്ല, ദൃശ്യപ്രപഞ്ചത്തിലെ അനുഗ്രങ്ങളിൽ മുഴുവൻ ഒരദൃശ്യ ശക്തിയുടെ ഉണ്മയുടെ സൂചനകൾ കാണുന്നുണ്ടെങ്കിൽ അത് ദർശിക്കാൻ താല്പര്യമുള്ള മനസ്സുകളിലാണ് നേർവഴിയുടെ വെളിച്ചം കുടിയിരിക്കുക എന്ന്.



അങ്ങനെ നേർവഴി തിരഞ്ഞെടുക്കുമ്പോൾ മനുഷ്യൻ എന്ന നിലയിൽ വന്നുചേരുന്ന പ്രഥമമായ രണ്ട് ഉത്തരവാദിത്തങ്ങൾ ഉണ്ട്.
1- യുഖീമൂനസ്സ്വലാത
ആ അദൃശ്യശക്തിയെ വണങ്ങുക എന്നത് ജീവിതസപര്യയാവുന്നു എന്നതാണ് ആദ്യത്തേത്.
2- വ മിമ്മാ റസഖ്നാഹും യുൻഫിഖൂൻ
തനിക്കു ചുറ്റുമുള്ള സൃഷ്ടിവർഗങ്ങളെ പരിഗണിക്കാതെയും അവർക്കുവേണ്ടി ചിലവഴിക്കാതെയും ജീവിച്ച് ഒന്നാമത്തെ വകുപ്പ് മാത്രം കൊണ്ട് ഒരാൾ രക്ഷപ്പെടാൻ പോകുന്നില്ല എന്നതാണ് രണ്ടാമത്തേത്.
കൃത്യമായി പള്ളിയിൽ പോവുകയും മതചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്യുന്ന സ്ത്രീയാണ് ആറോളം പേരെ ഒന്നിനുപിറകെ ഒന്നായി ആസൂത്രിതമായി കൊലചെയ്തത് എന്ന വാർത്തകൾക്കിടയിൽ 'മതഭക്തി' കൊണ്ട് മാത്രം മനുഷ്യത്വം ഉണ്ടാവുന്നില്ല എന്ന പരാമർശങ്ങൾ കണ്ടു.
എന്നാൽ മനുഷ്യരെ പരിഗണിക്കാത്ത ഒരാൾക്ക് പൂജാകർമ്മങ്ങളോ, മന്ത്രോച്ചാരണങ്ങളോ, ചടങ്ങുകളിലെ നിത്യസാന്നിധ്യങ്ങളോ ഉണ്ടായതുകൊണ്ടുമാത്രം മതഭക്തനോ ദൈവത്തിന്റെ യഥാർത്ഥ ദാസനോ പോലും ആവാനുള്ള യോഗ്യത ഉണ്ടാവുന്നില്ലെന്നാണ് ഖുർആൻ മറിച്ചു തുടങ്ങുമ്പോൾ തന്നെ വായിക്കാനാവുന്നത്.

Tuesday, October 1, 2019

എഴുത്തുകാർ തങ്ങളുടെ രചനകളിൽ പലപ്പോഴും കാലത്തിന്റെ പ്രവചനാത്മകമായ വായനകൾ സമൂഹത്തിന് നൽകാറുണ്ട്. സ്‌കൂളിൽ രാജേഷ് മാഷോടും പ്രദീപ് മാഷോടും ഒപ്പമിരുന്ന് സംസാരിക്കുന്നതിനിടയിൽ തെളിവുകൾ പരസ്പരം പങ്കുവെച്ച് ഞങ്ങൾ ഇങ്ങനെയൊരിക്കൽ ഓർത്തെടുത്തിരുന്നു.
തിരക്കുപിടിച്ച ഒരുക്കത്തിനിടയിൽ പുസ്തകമൊന്നും കയ്യിലെടുക്കാതെയായിരുന്നു ഇന്നലെ തിരുവനന്തപുരത്തേക്കുള്ള യാത്ര തുടങ്ങിയത്. കോഴിക്കോട് വെച്ച് ഏതെങ്കിലും വാങ്ങാം എന്ന് കൂടെയുണ്ടായിരുന്ന അമീൻ മാഷ് ഓർമ്മിപ്പിച്ചു. കോഴിക്കോട് ഇറങ്ങി പുസ്തകങ്ങൾ പരതി. പി. സുരേന്ദ്രന്റെ 'സാമൂഹ്യപാഠം' ആണ് വാങ്ങാൻ തോന്നിയത്.



തലസ്ഥാനത്തു നിന്നും തിരിക്കുന്നതിനിടെ പുസ്തകം വായിച്ചുതീർന്നു. പക്ഷേ, നേരത്തെ പറഞ്ഞുവെച്ചതു പോലെ 1991 ൽ മലയാളത്തിൽ എഴുതപ്പെട്ട ഒരു നോവലിന് ഫാഷിസത്തിന്റെ നീരാളിപ്പിടുത്തത്തെ ഇത്രമേൽ ആഴത്തിൽ മാത്രമല്ല, സ്പഷ്ടമായും വരച്ചുവെക്കാനാവുമോ എന്ന കൗതുകം ബാക്കിയാകുന്നു.
ആരൊക്കെയാണ് മുദ്രവെക്കപ്പെട്ട് മാറ്റി നിർത്തപ്പെടേണ്ടതെന്നും, അവരുടെ സ്വാതന്ത്ര്യങ്ങൾക്കു ചുറ്റും എങ്ങനെയാണ് പാരതന്ത്ര്യത്തിന്റെ കരിങ്കൽചുവരുകൾ തീർക്കേണ്ടതെന്നും നേതാവ് അനുയായികളെ ഉച്ചഭാഷിണിയിൽ തെര്യപ്പെടുത്തുന്ന വാർത്തകൾ ഇന്നും വായിച്ചു.
കുട്ടികളുടെ സ്വതന്ത്രലോകത്തേക്ക് കടന്നുവരുന്ന വരുന്ന മാസ്റ്റർ, ഫാഷിസത്തിന്റെ സ്‌കൂൾ ചുവരുകൾക്കുള്ളിൽ അവരെ തളച്ചിട്ട് 'സാമൂഹ്യപാഠം' പഠിപ്പിക്കാൻ ശ്രമിക്കുന്ന കഥയുടെ ഇതിവൃത്തവും വാർത്തയും ഒന്നുചേർന്ന് മനസ്സിന്റെ സ്വാസ്ഥ്യത്തെ കെടുത്തുന്നു.
വിസർജ്ജനം നടത്തിയ കീഴാളക്കുട്ടികളെ തല്ലിക്കൊന്ന വാർത്തയും ക്ലാസ് റൂമിൽ വിസർജ്ജനം നടത്തിയതിന് ക്രൂരമായി ശിക്ഷിക്കപ്പെട്ട കണ്ണൻകുട്ടിയുടെ ഓർമ്മയും ഒന്നിച്ച് സങ്കടപ്പെടുത്തുന്നുണ്ട്.
തീർച്ചയായും ചിലപ്പോഴൊക്കെ എഴുത്തുകൾ മുന്നറിയിപ്പുകൾ കൂടിയാണ്.
പുസ്തകം - 'സാമൂഹ്യപാഠം'
രചന - പി. സുരേന്ദ്രൻ
പ്രസാധകർ - കൈരളി ബുക്സ്.

Thursday, May 23, 2019

"ഞാന്‍ ഇന്ന് രാത്രി പോന്ന്‌റാ. എങ്ങനെങ്കിലും ബോസ്‌ന്റെ കൈയ്യും കാലും പുട്‌ച്ചിറ്റ് പാസ്പോട്ട് കിട്ടി."
2010 മേയ് 21 നു രാത്രി ദുബായിലെ ദേരയിലെ ടൈപ്പിംഗ് സെന്ററില്‍ ഇരിക്കവേ എനിക്കു വന്ന ഫോണ്‍‌ കോളിനിടയില്‍ അവനിതു പറഞ്ഞപ്പോള്‍ അവന്റെയുള്ളിലെ സന്തോഷം എനിക്കും അനുഭവിക്കാനായി. പെങ്ങളുടെ കല്യാണത്തിനായി പോകാന്‍ അവന്‍ അത്രമേല്‍ ആഗ്രഹിച്ചിരുന്നിരിക്കണം, ഏതൊരു സഹോദരനെയും പോലെ.
ആഗ്രഹപ്രകാരം അവനു നാട്ടില്‍പോകാന്‍ സമ്മതം കിട്ടിയതില്‍ എനിക്കും സന്തോഷം തോന്നി.
"അതെയാ ! പെങ്ങളെ മങ്ങലൊ അല്ലേ. പോയിറ്റ് ബാ" എന്നു ഞാനും അവന്റെ സന്തോഷത്തില്‍ പങ്കുകൊണ്ടു.
"ആയിറാ, ദുആ‌ ചെയ്യ്"
"ആയി, ഇന്‍ ഷാ അള്ളാഹ്"

ആ രാത്രിയങ്ങനെ കടന്നുപോയി. നായിഫിലെ ഹാജി നാസര്‍ മസ്ജിദിനടുത്തുള്ള കെട്ടിടത്തിലെ ഒരിടുങ്ങിയ മുറിയിലെ മൂന്ന് ഡബിള്‍ ബെഡുകളില്‍ ഒന്നിന്റെ മുകളിലത്തെ തട്ടില്‍ ഉറങ്ങിക്കൊണ്ടിരിക്കുന്ന എന്നെ അപ്പുറത്തെ കട്ടിലില്‍ കിടക്കുന്ന അസീച്ചയുടെ ഉച്ചത്തിലുള്ള ശബ്ദമാണ്‌ ഉണര്‍ത്തിയത്. അസീച്ച ഫോണ്‍ അറ്റന്‍ഡ് ചെയ്യുകയും അതിഭയങ്കരമായ സങ്കടത്തോടെയും ഞെട്ടലോടെയും അപ്പുറത്തെ സംസാരത്തോട് പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. ഞാന്‍ എന്റെ മൊബൈല്‍ നോക്കി. നാട്ടില്‍ നിന്ന് നിരവധി കോളുകള്‍ വന്നിട്ടുണ്ട് ! സുഹൃത്ത് റാഷിദാണ്‌ ഇപ്പോള്‍ വിളിക്കുന്നത്.
"സിയാ, എയര്‍ ഇന്ത്യാന്റെ ഫ്ലൈറ്റ് മാംഗ്ലൂര്‍ വെച്ച് ക്രാഷ് ആയിന്‌. നമ്മളെ ഹാരിസ് രാത്രി ബെര്‌ന്ന്ന്ന് പര്‍ഞ്ഞിറ്റ്ണ്ടായിന്‌. ഓന്‌ ആ ഫ്ലൈറ്റില്‌ ഇണ്ടായിനോന്ന് സംശയം ഇണ്ട്. നിന്‍‌ക്ക് എന്തെങ്കും വിവരം കിട്ടീനാ?
"യാ റബ്ബ് !"
അതെ !
എന്റെ പ്രിയപ്പെട്ട അയല്‍‌വാസി, മദ്രസയിലെ എന്റെ സഹപാഠിയായ ആരിഫിന്റെ ജ്യേഷ്ഠന്‍ ഹാരിസ് ആ വിമാനത്തിലായിരുന്നു നാട്ടിലേക്ക് പോയത്. 158 പേരുമായി കത്തിയമരാന്‍ പോകുന്ന വിമാനത്തില്‍ യാത്ര ചെയ്യുന്നതിനായിരുന്നു അവന്‍ കടയുടമയോട് കേണപേക്ഷിച്ച് പാസ്പോര്‍ട്ടും വാങ്ങി പോയത്.


ഞാനെന്റെ വീട്ടിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ചു. ഉപ്പയാണ്‌ ഫോണെടുത്തത്. ഏത് സാഹചര്യത്തിലും ധൈര്യം പകര്‍ന്നു തന്നിട്ടുള്ള എന്റെ പ്രിയ പിതാവ് ഫോണിലൂടെ എന്നോട് പൊട്ടിക്കരഞ്ഞു. "സഹിക്കാന്‍ കൈന്നില്ലാലൊ മോനേ!"
സങ്കടം എന്നിലും കുമിഞ്ഞുകൂടി. അള്ളാഹുവിന്റെ അലംഘനീയമായ വിധിയില്‍ നമ്മളൊക്കെ ക്ഷമിക്കുകയല്ലാതെ വഴിയില്ലല്ലോ എന്ന് സമാധാനിപ്പിച്ചും അപകടത്തില്‍ മരണപ്പെട്ടു പോയ പ്രിയപ്പെട്ട സഹോദരന്ന് പരമകാരുണികനായ റബ്ബ് അനുഗ്രഹം ചൊരിയാതിരിക്കില്ലല്ലോ എന്ന് പരസ്പരം ആശ്വസിപ്പിച്ചും ഫോണ്‍ വെച്ചു.
മംഗലാപുരത്തെ വിമാനദുരന്തം കഴിഞ്ഞിട്ട് ഇപ്പോള്‍ ഒമ്പത് വര്‍ഷങ്ങള്‍ പിന്നിടുന്നു. ദുബായ് അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യയുടെ വിമാനം 2010 മേയ് 22 നു രാവിലെ 6.30 ന്‌ മംഗലാപുരം വിമാനത്താവളത്തില്‍ റണ്‍‌വേയില്‍ നിന്ന് തെന്നുകയും തീപിടിച്ച് താഴ്‌വരയില്‍ പതിക്കുകയുമായിരുന്നു. അന്ന് നഷ്ടപ്പെട്ട 158 ജീവനുകളില്‍ ഒന്നിച്ചൊരുപാടു കളിച്ച പ്രിയപ്പെട്ട അയല്‍‌വാസി ഹാരിസും ഉണ്ടായിരുന്നു.
റമളാനിന്റെയീ രാവില്‍ പ്രിയപ്പെട്ട ഹാരിസിനായി പ്രാര്‍ത്ഥിക്കുന്നു.
നാഥാ, നീ ഞങ്ങളെയെല്ലാം നിന്റെ സ്വര്‍ഗ്ഗലോകത്ത് ഒരുമിച്ചുകൂട്ടണം !

Tuesday, May 21, 2019

പ്രവാചകന്റെ ചര്യയും പ്രോത്സാഹനവുമാണ് പെരുന്നാൾ ദിനത്തിൽ ഏറ്റവും നല്ല വസ്ത്രം ധരിക്കുക എന്നത്. അനുചരന്മാർ അത് തെറ്റാതെ പിന്തുടർന്നു പോന്നിട്ടുണ്ട്. നല്ല വസ്ത്രവും സുഗന്ധവും സ്നേഹാന്വേഷണങ്ങളും സന്ദർശനങ്ങളും എല്ലാം ഇസ്‌ലാമിക ചര്യകൾ തന്നെ.
ഇക്കാലത്തേക്ക് വെറുതെയൊന്ന് നോക്കൂ. എന്തൊക്കെ കാരണങ്ങൾക്കാണ് വസ്ത്രങ്ങൾ വാങ്ങുന്നത് ! അളിയന്റെ കല്യാണം, സുഹൃത്തിന്റെ കല്യാണം, സുഹൃത്തിന്റെ ആരുടെയോ കല്യാണം, കുട്ടിയിരിക്കൽ എന്നുതുടങ്ങി ഓരോ വിശേഷങ്ങൾക്കും ഓരോ തരം വസ്ത്രങ്ങൾ വാങ്ങി പിന്നീടുപയോഗിക്കപ്പെടാതെ പോകുന്നു.
Image may contain: people standing

ഹദീസുകളിൽ പ്രോത്സാഹിപ്പിക്കപ്പെട്ടു കാണുന്നത്, 'ഏറ്റവും നല്ല വസ്ത്രം ധരിക്കുക' എന്നതാണ്. നമ്മുടെയൊക്കെ ചെറുപ്പകാലത്ത് ഏറ്റവും നല്ലത് എന്നാൽ വർഷത്തിൽ ഒരു പെരുന്നാളിന് വാങ്ങുന്നതു തന്നെയായിരുന്നു.
എന്നാലിന്ന് കാര്യമങ്ങനെയല്ല. ഏറ്റവും നല്ലതെന്ന് തിരഞ്ഞെടുക്കാൻ പുതിയത് വാങ്ങണം എന്നു തന്നെയില്ല. നമ്മുടെ ശേഖരത്തിൽ തന്നെ വസ്ത്രങ്ങൾ ധാരാളം.
ഒഴുകുന്ന നദിയിൽ നിന്ന് അംഗശുദ്ധി വരുത്തുമ്പോൾ പോലും നീ ജലമുപയോഗിക്കുന്നതിൽ ധൂർത്ത് സൂക്ഷിക്കണം എന്നു പറഞ്ഞ പ്രവാചകനെ ഓർക്കുന്നു.
"ധൂർത്തടിക്കരുത്, അങ്ങനെ ചെയ്യുന്നവർ പിശാചിന്റെ കൂട്ടാളികളാണ്" എന്ന ഖുർആൻ വചനത്തെയും.
[Image courtesy: alibaba website]

Friday, May 10, 2019

ഹൈവേയിലുള്ള യാത്രകൾക്കിടയിൽ പലഭാഗത്തേക്കും ടാങ്കിൽ നിറച്ച ജലവുമായി പിക്കപ് വാഹനങ്ങൾ പോകുന്നതു കാണാം. വെള്ളം വറ്റിപ്പോയ ഇടങ്ങൾ നിരവധി. അതിന്റെ യാതനകൾ അനുഭവിക്കുന്ന കുടുംബങ്ങൾ അനവധി. ഇതുവരെയൊരിക്കലും വറ്റിപ്പോകാത്ത കിണറുകളും മറ്റു ജലാശയങ്ങളും ഇത്തവണ പകരെയും സങ്കടത്തിലാഴ്ത്തിക്കളഞ്ഞു.
നഷ്ടപ്പെട്ടു പോകുമ്പോഴാണല്ലോ ഏതൊന്നിന്റെയും മൂല്യം തിരിച്ചറിയപ്പെടുക. സുലഭമായി ലഭിക്കുന്ന നേരത്ത് ധൂർത്തിനാൽ നഷ്ടപ്പെടുത്തുന്നുണ്ട് നാം ഒട്ടേറെ വിഭവങ്ങളെ.
വിവാഹവിരുന്നുകളിലെ ഭക്ഷണം, അതിൽ തന്നെ ഒരിക്കൽ മാത്രമുപയോഗിക്കപ്പെടുന്ന വസ്ത്രം, രാത്രികാലങ്ങളിലെ വൈദ്യുതോർജ്ജം, വീടുനിർമ്മാണത്തിനിടെ അഹന്തയാൽ തീർക്കുന്ന അലങ്കാരങ്ങൾ തുടങ്ങി കുട്ടികളോടുള്ള സ്നേഹം കൊണ്ട് അവർക്ക് വാങ്ങിക്കൊടുക്കുന്ന കളിക്കോപ്പുകൾ വരെ നമ്മൾ ഗൗരവമായി ഉൾക്കൊള്ളാൻ കൂട്ടാകാത്ത ധൂർത്തിന്റെ ഉദാഹരണങ്ങളിൽപ്പെടും.
റമളാൻ ആരംഭിക്കുന്നതിനു മുമ്പായി ഭക്ഷണത്തിലെ ധൂർത്തിനെ സംബന്ധിച്ച് ഡോക്ടർമാർ മുതൽ സിനിമാതാരങ്ങൾ വരെ ജനങ്ങളെ ഉപദേശിക്കുന്ന വീഡിയോകൾ ഷെയർ ചെയ്യപ്പെട്ടു. അങ്ങനെ കാണുമ്പോൾ മഹാനായ മൗദൂദി സാഹിബിനെയാണ് എനിക്കോർമ്മവരിക. നന്മകൾ അടിസ്ഥാനപരമായി തന്നെ പഠിപ്പിക്കപ്പെട്ട ഒരു സമൂഹം നന്മകളെയും പ്രാവർത്തികമാക്കേണ്ട ഉപദേശങ്ങളെയും തേടി പലദിക്കുകളിലും പാഞ്ഞുതളരുന്നത്തിന്റെ വൈരുദ്ധ്യമാണ് മൗദൂദിയുടെ സമാനമായ ഓർമ്മപ്പെടുത്തലിലേക്ക് ചെന്നെത്തിക്കുന്നത്.


"കുലൂ വശ്റബൂ" [തിന്നുകയും കുടിക്കുകയും ചെയ്യുക] എന്ന അനുവാദം ഭൗതികതയിൽ മനുഷ്യന്ന് നല്കപ്പെട്ടു. എന്നാൽ അതിനോട് ചേർത്ത് "വലാ തുസ്രിഫൂ" [ധൂർത്തടിക്കരുത്] എന്നുകൂടി ചേർത്തുപറഞ്ഞു ഖുർആൻ. കാരണം, " ഇന്നഹു ലാ യുഹിബ്ബുൽ മുസ്രിഫീൻ" [അവൻ ധൂർത്തന്മാരെ ഇഷ്ടപ്പെടുന്നില്ല] എന്നതാണ്. [7:31]
ഇബാദുറഹ്മാൻ [പരമകാരുണികന്റെ അടിമകൾ] എന്നു വിശേഷിപ്പിക്കാൻ മാത്രം ഔന്നത്യം ചിലർക്ക് കല്പിച്ചുനൽകിയത് അവരുടെ ചില സ്വഭാവസവിശേഷതകളാണ്. അതിലൊന്ന് അവർ ധൂർത്തിനും പിശുക്കിനുമിടയിലെ മധ്യമനിലപാട് ചെലവുകളിൽ സ്വീകരിക്കുന്നു എന്നതാണ്. [25:67]
പ്രാർഥനയ്ക്കായി അംഗശുദ്ധി വരുത്തുന്ന അനുയായിയോട് 'എന്താ വെള്ളമിങ്ങനെ ധൂർത്തടിക്കുന്നത് ?' എന്നു പ്രവാചകൻ ചോദിച്ചതായും 'വുളു (അംഗസ്നാനം) വിലും ധൂർത്തുണ്ടോ ? എന്ന് അനുയായി തിരിച്ചു ചോദിച്ചതായും പറയപ്പെട്ടിട്ടുണ്ട്. അതിന് മുഹമ്മദ് നബി [സ] പറഞ്ഞ മറുപടി ശ്രദ്ധേയമാണ്: "ഒഴുകുന്ന നദിയിൽ നിന്നാണെങ്കിൽ പോലും !"
മിതവ്യയത്തിന്റെയും ലാളിത്യത്തിന്റെയും പാഠങ്ങൾ ധാരാളമായി പഠിപ്പിക്കപ്പെട്ടവർ ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും ജലസ്രോതസ്സുകളുടെയും ഉപയോഗങ്ങളിലെ ധൂർത്തിൽ നിന്ന് പഴയ പാഠങ്ങളിലേക്ക് തിരിച്ചുപോയെങ്കിൽ !

Thursday, May 9, 2019

സങ്കടങ്ങളുടെ ഭാണ്ഡങ്ങൾ ഓരോരുത്തരുടെ ഉള്ളിലുമുണ്ട് ഏറിയും കുറഞ്ഞും. നമുക്കുമുമ്പിൽ പുഞ്ചിരിച്ചു നിൽക്കുന്ന പരിചിതനായ സുഹൃത്തിന്റെയുള്ളിൽ പോലും പകർന്നുതരാനാവാത്ത സങ്കടങ്ങളുടെ ഭാരമുണ്ടാവും. ചുഴിഞ്ഞന്വേഷണം വേണമെന്നല്ല, മറിച്ച് മനുഷ്യനെ അവന്റെ സ്വത്വത്തോടെ തന്നെ പരിഗണിക്കുകയാണ് വേണ്ടതെന്ന്.
മനുഷ്യനെ പരിഗണിക്കാത്ത, അവന്റെ സങ്കടങ്ങളിൽ തുണയാവാത്ത വിശ്വാസി അങ്ങനെ വിളിക്കപ്പെടാൻ യോഗ്യനല്ല. അല്ലാഹുവിന് നിർബന്ധമായും നിത്യമർപ്പിക്കേണ്ട നിസ്ക്കാരങ്ങൾക്കൊപ്പം എത്രയോ ആവർത്തി ചേർത്തുവെക്കുന്നുണ്ട്, ഖുർആൻ സകാത്തിനെ.
സകാത്തിന്റെ എട്ട് അവകാശികളെ പരാമർശിക്കുമ്പോൾ 'ഫഖീർ' എന്നും 'മിസ്കീൻ' എന്നും വെവ്വേറെ തിരിച്ചുപറയുന്നുണ്ട് ഖുർആൻ. മനുഷ്യൻ അഭിമുഖീകരിച്ചേക്കാവുന്ന ദാരിദ്ര്യത്തിന്റെ വ്യത്യസ്തങ്ങളായ അവസ്ഥകളെ മുന്നിലേക്കിട്ടുതരുന്നുണ്ട് എന്ന്.
അല്ലാഹുവിന്റെ പ്രീതിക്ക് പാത്രമാവുകയും പരലോകത്ത് വിജയികളായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്ന ആളുകളെ പലയിടത്തും 'അല്ലദീന ആമനൂ വ അമിലു സ്വാലിഹാതി' എന്നു പരാമർശിക്കുന്നുണ്ട്. വിശ്വാസം മാത്രമല്ല ഒരാളെ വിജയിയാക്കുന്നത്, മറിച്ച് അതിൽ കർമ്മങ്ങൾ ഇഴചേരുമ്പോഴാണ്. കർമ്മങ്ങളാവട്ടെ സ്രഷ്ടാവിനു നന്ദിയർപ്പിക്കുന്നതിലും സൃഷ്ടികൾക്ക് നന്മ ചെയ്യുന്നതിലും പരന്നുകിടക്കുന്നു.


'കൂടുതൽ പേരും സ്വർഗ്ഗപ്രാപതരാവാൻ യോഗ്യത നേടുന്നത് അവരുടെ ജീവിതസൂക്ഷ്മതയും സൽസ്വഭാവവും കൊണ്ടാണെ'ന്ന് മുഹമ്മദ് നബി [സ]. മനുഷ്യരോട് നല്ലനിലയിൽ വർത്തിക്കുന്നതിന്റെ ഔന്നത്യം വിളിച്ചോതുന്നതാണ് പ്രസ്തുത വചനം.
'അറഐതല്ലദീ യുകദ്ദിബു ബിദ്ദീൻ' എന്നു തുടങ്ങുന്ന അധ്യായം വായിച്ചുപോകുമ്പോൾ സ്രഷ്ടാവിനോടുള്ള കർത്തവ്യവും സൃഷ്ടികളോടുള്ള നന്മയും ഇഴപിരിച്ചുകൊണ്ടാണ് സൂക്തങ്ങൾ മുന്നോട്ടുപോവുന്നത് എന്നുകാണാം.
["ദീനിനെ കളവാക്കുന്നവൻ ആരെന്നറിയുമോ ?
അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനാണത്.
അഗതിയുടെ ഭക്ഷണത്തിന് പ്രോത്സാഹനം നൽകാത്തവനും.
നിസ്കാരത്തിൽ ശ്രദ്ധയില്ലാത്ത നിസ്കാരക്കാർക്കു നാശം !
ജനങ്ങളെ കാണിക്കാൻ വേണ്ടി കർമ്മം ചെയ്യുന്നവരാണവർ.
പരോപകാര വസ്തുക്കളെ മുടക്കുന്നവരും !"] ഖുർആൻ- അധ്യായം 107, മാഊൻ
ആത്മീയതയെന്നത് ഒളിച്ചോട്ടമല്ല. മറിച്ച് സൃഷ്ടികളെ പരിഗണിച്ചുകൊണ്ടുള്ള ജീവിതത്തിന്റെ സജീവത കൂടിയാണ്. അങ്ങനെ പരിഗണിക്കാത്തവൻ വലിയ യോഗിയായാലും ശരി, പ്രപഞ്ചനാഥന്റെയടുക്കൽ യോഗ്യനാവുന്നില്ല.

Image Courtesy : https://www.youngparents.com.

Wednesday, May 8, 2019

വാട്ട്സ്ആപ്പ് വഴി നന്മ നിറഞ്ഞ ഉപദേശങ്ങൾ തലങ്ങും വിലങ്ങും അയക്കുന്ന പ്രവണത സമൂഹത്തിൽ ഏറിയും കുറഞ്ഞും ഉണ്ട്. എല്ലാവരും നന്നാകണമെന്നും നല്ലവഴിയിൽ സഞ്ചരിക്കണമെന്നും ആഗ്രഹമുള്ളതുകൊണ്ടു തന്നെയാണ് ഈ പരിശ്രമങ്ങളത്രയും. സ്ത്രീകൾ അടങ്ങുന്ന കുടുംബ കൂട്ടായ്മകളിൽ ഇത്തരം സദുപദേശങ്ങൾ താരതമ്യേന കൂടുതലാണ്.
അതിൽ തന്നെ ഫ്രൂട്ടിയിൽ രക്തം കളർത്തിയത്, 'ജനഗണമന' യെ യുനെസ്കോ അഞ്ചുമിനിറ്റ് മുമ്പ് അവാർഡ് നൽകി ആദരിച്ചത്, ഇന്ന് രാത്രി മൊബൈൽ ഓഫാക്കിയില്ലെങ്കിൽ ബഹിരാകാശത്ത് നിന്ന് വരുന്ന സാധനം ടവർ വഴി പൊട്ടിത്തെറി ഉണ്ടാക്കുന്നത് തുടങ്ങിയ അടിസ്ഥാനമില്ലാത്തതും ഏതോ വികൃതികൾ നേരംപോക്കിന് സൃഷ്ടിച്ചതുമായ മെസ്സേജുകൾ ആയിരുന്നു കുറച്ചുകാലം വാട്ട്‌സ്ആപ് വാണ ഉപദേശ ഫോർവേഡുകൾ.
റമളാൻ വന്നെത്തിയപ്പോൾ അപ്പോഴും ഉപദേശകർക്ക് കുറവില്ല. ഓരോ ദിവസത്തെയും തറാവീഹിന്റെ മഹത്വങ്ങൾ, ഓരോ ദിനവും നടത്തേണ്ട പ്രത്യേക പ്രാർത്ഥനകൾ തുടങ്ങി വാട്ട്‌സ്ആപ് വഴി വരുന്ന ഉപദേശങ്ങളേതും ജനങ്ങളെ അറിയിക്കാനും അവർ കൂടി നന്നാവാനും താൽപര്യപ്പെട്ട് അയച്ചുനൽകുന്നുണ്ട് നിഷ്കളങ്കരായ നിരവധിയാളുകൾ.
ഒരു വാർത്ത കിട്ടിയാൽ ആദ്യം അതിന്റെ നിജസ്ഥിതി അന്വേഷിക്കുക എന്നത് പൊതുവിൽ തന്നെ ആവശ്യമായ സംഗതിയാണ്. ഇക്കാലത്ത് പ്രത്യേകിച്ചും.


ഖുർആനിനെ 1400 വർഷം മുമ്പുള്ള പഴഞ്ചൻ പുസ്തകം എന്നു വിശേഷിപ്പിക്കുന്ന ഭൗതികവാദികൾ പോലും ഇത്തരം വാർത്തകളുടെ സത്യമന്വേഷിച്ച ശേഷമേ വിശ്വസിക്കുകയോ മറ്റൊരാൾക്ക് അറിയിക്കുകയോ ചെയ്യാൻ പാടുള്ളൂ എന്നു വിശ്വസിക്കുന്നു.
എന്നാൽ സങ്കടകരമെന്നു പറയട്ടെ, ഖുർആനിനെ ജീവിതത്തിന്റെ ഭരണഘടനയായി അംഗീകരിച്ച കുറേയാളുകൾ ഇത്തരമൊരു സത്യാന്വേഷണമോ പരിശോധനയോ നടത്താതെ കിട്ടിയ 'വാട്ട്‌സ്ആപ് ഹദീസുകളെ'യൊക്കെ ഫോർവേഡ് ചെയ്യുന്നുണ്ട്.
ഖുർആൻ വിശ്വാസികളോട് പറയുന്നത് കാണുക :
( يَا أَيُّهَا الَّذِينَ آمَنُوا إِن جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ )
الحجرات (6) Al-Hujuraat
]സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി]
ഇതിത്ര കൃത്യമായും ലളിതമായും പറഞ്ഞിട്ടും !


Image Credit: Paul Sawers / VentureBeat

Monday, May 6, 2019

ഇന്നലെ വരെ അനുവദനീയമായിരുന്നത് ഇന്നുമുതൽ നിശ്ചിതസമയത്തേക്ക് അങ്ങനെയല്ലാതായി. ഭോജനം, ജലപാനം, ലൈംഗികത തുടങ്ങിയവ.
കേവലയുക്തിയെയും ചോയ്സിനെയും പ്രഥമപരിഗണനയ്ക്കെടുത്തു കൊണ്ട് പരമാവധി പൊതുബോധത്തിലേക്ക് ചേർത്തുവെക്കാവുന്ന വിധത്തിൽ ഇസ്‌ലാമിനെ അവതരിപ്പിക്കുന്നതിൽ മിടുക്കന്മാരാവാൻ മത്സരിക്കുന്നുണ്ട് പല മുസ്ലിം ഐഡികളും.
സുബ്ഹ് ബാങ്ക് കൊടുത്തതു മുതൽ മഗ്‌രിബ് ബാങ്കു വരെ അന്നവും പാനവും ഭോഗവുമെല്ലാം വെടിഞ്ഞ് ആരെയാണ് കാത്തിരുന്നതെന്നു ചോദിച്ചാൽ ഭൗതികതലത്തിൽ നിന്നുകൊണ്ട് അതിനൊരുത്തരം പൂർണ്ണമായി നൽകാനാവില്ല.
'പടച്ചവൻ അങ്ങനെ പറഞ്ഞു. അതുകൊണ്ട് ചെയ്തു' എന്നേയുള്ളു.


അങ്ങനെ പടച്ചവൻ പറയുമ്പോൾ വെടിയാനും അവൻ അനുവദിക്കുമ്പോൾ ഉപയോഗിക്കാനുമുള്ള ചോയ്‌സും സ്വാതന്ത്ര്യവും തന്നെയേ, സർവ്വസ്വതന്ത്രവും ഇഷ്ടങ്ങളിൽ അധിഷ്ഠിതവുമായ പരലോകത്തെ പ്രതീക്ഷിക്കുന്ന വിശ്വാസിക്ക് ഭൗതികതയിൽ ഉള്ളൂ എന്നതാണ് കാര്യം.
പടച്ചവന്റെ പേരിൽ അറുത്തത് തിന്നുന്നതും അല്ലാത്തത് വെടിയുന്നതും എന്തിനെന്നു നോക്കൂ. പണം കൊടുത്ത് പണം തിരിച്ചു വാങ്ങുന്നതിന്റെ ലാഭം പാടില്ലാത്തതും കച്ചവടത്തിന്റെ ലാഭം അനുവദനീയമാവുന്നതും എങ്ങനെയാണ് ? ഭാര്യയുമായുള്ള ബന്ധം പുണ്യവും ഇതരബന്ധങ്ങൾ പാപവും ആവുന്നതിന്റെ സാംഗത്യമെന്താണ് ?
ഇത്തരം ആലോചനകൾക്കെല്ലാം ഭൗതികമായ മാനങ്ങൾ പലതും ഉണ്ടാവാം. പലതും ശരിയുമാവാം. എന്നാൽ വിശ്വാസിയെന്ന നിലയിൽ ഇതിലെ ശരിതെറ്റുകൾ എന്തെന്നു ചോദിച്ചാൽ, ജീവൻ ആരുടെ കൈകളിലാണോ അവന്റെ കൽപ്പനകളാണിവ എന്നതാണ് പ്രഥമവും പ്രധാനവുമായ മറുപടി.
വിശദീകരിച്ച് വല്ലാണ്ട് എടങ്ങേറാവരുത് ആരും.
Image Courtesy : - www.vice.com

Wednesday, April 24, 2019

അഞ്ചു വയസ്സു കഴിഞ്ഞ മകനെ പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ സർക്കാർ ആശുപത്രിയിൽ കൊണ്ടുപോയി. മകനെയും കൊണ്ട് കുത്തിവെപ്പ് നൽകുന്ന മുറിയിലേക്ക് ചെന്നു. നമുക്കിരിക്കാനായി രണ്ട് ബെഞ്ചുകൾ മുറിയുടെ മൂലയിൽ രണ്ടുഭാഗത്തായി ഇട്ടിരിക്കുന്നു. ഒന്നിൽ ഒരമ്മ കൈക്കുഞ്ഞുമായിരിക്കുന്നുണ്ട്. ഞാൻ മകനെയും കൊണ്ട് അപ്പുറത്തെ ബെഞ്ചിൽ ഇരുന്നു.
അമ്മയുടെ കൈയ്യിലിരിക്കുന്ന ഇളംപൈതലിന് കുത്തിവെക്കാൻ പോവുകയാണ്. എന്റെ മകൻ അത് നേർക്കുനേർ കാണുംവിധത്തിലാണ് ഇരിക്കുന്നത് എന്നു ശ്രദ്‌ധിച്ച ഞാൻ അവനെയെടുത്ത് മാറ്റിയിരുത്തി. കുഞ്ഞിന് കുത്തിവെക്കുന്നത് കണ്ടിട്ട് അവൻ പേടിക്കേണ്ട എന്നുകരുതി. ഞങ്ങൾക്ക് നേരെയുള്ള ചുവരിൽ വരച്ചുവെച്ചിട്ടുള്ള കാർട്ടൂൺ കഥാപാത്രങ്ങളിലേക്ക് അവന്റെ ശ്രദ്ധ തിരിക്കാൻ ഞാനൊരു വിഫലശ്രമം നടത്തി.
ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയിൽ, "പപ്പാ, ഉറുമ്പ് കടിക്കുന്നത് പോലെയാണോ ഇഞ്ചക്ഷൻ വെക്കുമ്പോ തോന്നുക ?" എന്ന് ചോദിച്ചിരുന്നു അവൻ. "പിന്നല്ലാതെ" എന്നു ഞാൻ മറുപടി നൽകി. അന്നേരം "പിന്നെയെന്തിന് ഞാൻ പേടിക്കണം" എന്ന് ധൈര്യം പറഞ്ഞവന്റെ ഉള്ളിൽ ഇപ്പോൾ നേരിയ സങ്കടം മുളപൊട്ടിയിട്ടുണ്ടോ എന്ന് ഞാൻ സംശയിച്ചു.
അമ്മയുടെ കൈയ്യിലുള്ള ആ കുഞ്ഞിന് കുത്തിവെപ്പ് നൽകാൻ പോവുകയാണ്. കുഞ്ഞിളംമേനിയിൽ സൂചിമുന താഴ്ത്താൻ പോവുകയാണെന്നത് ആ അമ്മയ്ക്ക് ഉൾക്കൊള്ളാനാവുന്നില്ലെന്നു തോന്നി. കൂടെ വന്ന തന്റെ അമ്മയെ പേർത്തും പേർത്തും അവൾ വിളിച്ചു. തന്റെ അമ്മയുടെ കൈയ്യിൽ കുഞ്ഞിനെ നൽകി ഈ പൊള്ളുന്ന അനുഭവത്തിൽ നിന്ന് രക്ഷപ്പെടാൻ യുവതിയായ ആ അമ്മ ശ്രമിച്ചു. കുത്തിവെക്കാൻ പോകുന്ന നേഴ്‌സ് സ്നേഹപൂർവ്വം അവളോട് തന്നെ കുഞ്ഞിനെയെടുത്ത് ഇരിക്കാൻ പറഞ്ഞു. അനുഭവങ്ങൾ നൽകി പരിശീലിപ്പിക്കുക കൂടിയാണ് ആ നേഴ്‌സിന്റെ ഉദ്ദേശ്യം എന്ന് അവരുടെ മുഖത്തുനിന്ന് വായിച്ചെടുക്കാൻ കഴിയും.
അടുത്തത് എന്റെ മകന്റെ ഊഴമാണ്. നേഴ്‌സ് ഇഞ്ചക്ഷനുമായി വന്നു. പേര് ചോദിച്ചു. അവന്റെ കൈയ്യിലെ ഇഞ്ചക്ഷൻ എടുക്കേണ്ട സ്ഥലം കോട്ടൻ കൊണ്ട് തടവുന്നതിനിടയിൽ ഉമ്മയുടെ പേരും സ്‌കൂളിന്റെ പേരും അവർ ചോദിച്ചു. എല്ലാത്തിനും സ്മാർട്ടായി, പുഞ്ചിരിയോടെ അവൻ ഉത്തരം പറഞ്ഞു. ആ പുഞ്ചിരിയുടെയും നിഷ്‌കളങ്കമായ മറുപടികളുടെയും ഇടയ്ക്കെപ്പോഴോ അവർ അവന്റെ കൈയ്യിൽ സൂചി കയറ്റി.


ഞാനെന്റെ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി. പെട്ടെന്നാ മുഖത്തെ പുഞ്ചിരി മാഞ്ഞു. സങ്കടം കൊണ്ടവന്റെ മുഖം വിവർണ്ണമായി. ചുണ്ടുകൾ കോട്ടി, വിങ്ങി, പിന്നെ ശബ്ദമുള്ളൊരു കരച്ചിലായത് മാറി. ഞാനവനെ എന്നിലേക്ക് ചേർത്തുപിടിച്ചു. നിർമ്മലമായ ആ കവിൾത്തടത്തിൽ എന്റെ ചുണ്ടുകൾ ചേർത്ത് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അതേ സമയം, എന്നെ ആര് ആശ്വസിപ്പിക്കുമെന്നും എന്റെ കണ്ണുനീർ ആര് തുടക്കുമെന്നും എന്റെ കണ്ഠത്തിൽ നിറയുന്ന ഭാരവും വേദനയും എങ്ങനെ ഇറക്കിവെക്കുമെന്നും അറിയാതെ ഞാൻ അസ്വസ്ഥനായി.
ഒന്നും സംഭവിച്ചിട്ടില്ലെന്നഭിനയിച്ച് നേഴ്‌സ് തന്ന കോട്ടൻ കൊണ്ട് ഞാനവന്റെ കൈയ്യിൽ പതുക്കെ തലോടി. "കഴിഞ്ഞോ സിസ്റ്റർ" എന്ന് ഒരുവിധം ചോദിക്കുകയും അവരുടെ സമ്മതം കിട്ടിയപ്പോൾ അഞ്ചുവയസ്സുള്ള എന്റെ കുട്ടിയെ വാരിയെടുത്ത് പുറത്തേക്ക് നടക്കുകയും ചെയ്തു. "മോന് വേദനിച്ചോ" എന്നുചോദിക്കുന്നതിലേക്ക് എന്റെ ശബ്ദത്തെ സജ്ജമാക്കുമ്പോൾ ആശുപത്രിയിൽ നിന്നും ബൈക്കിൽ ഏറെദൂരം പിന്നിട്ടുകഴിഞ്ഞിരുന്നു ഞങ്ങൾ.
ഹൃദയത്തിൽ കാരുണ്യം നിറച്ച നാഥാ ! മനുഷ്യൻ മനുഷ്യനെ കൊല്ലാൻ വേണ്ടി സ്വയം പൊട്ടിത്തെറിക്കുന്ന ഈ ലോകത്ത് ജീവിക്കേണ്ടുന്ന കാലത്തോളം ഞങ്ങളിൽ നിന്ന് ഈ കാരുണ്യം നീ എടുത്തുകളയരുതേ !

Tuesday, January 1, 2019

You don't need a friend who nods when you nod. Your shadow can do it.
എന്നൊരു ചൊല്ലുണ്ട്. നീ തലകുലുക്കുമ്പോൾ ഒപ്പം തലകുലുക്കുന്നൊരു സുഹൃത്തിനെ നിനക്കാവശ്യമില്ല, അതിന് നിന്റെ നിഴൽ തന്നെ ധാരാളം എന്നർത്ഥം.
സമൂഹത്തിന്റെ ഒരൊഴുക്കുണ്ട്. അതിനൊപ്പം നീന്തിപ്പോകാൻ വലിയ പ്രയാസമുണ്ടാവില്ല. എല്ലാവരും പറയും പോലെ, എല്ലാവരും ചെയ്യും പോലെ, എല്ലാവരും ഇഷ്ടപ്പെടും പോലെ ഒക്കെ ചെയ്തും പറഞ്ഞും മുന്നോട്ടുപോകാം.
എന്നാൽ ഓരോ പുലരിക്കൊപ്പവും നീതിയിലധിഷ്ഠിതമായൊരു ദിനം കൂടി സ്വപ്നം കാണുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം മേൽപ്പറഞ്ഞ ഒഴുക്കിനല്ല പ്രാധാന്യം. മറിച്ച് സന്തുലിതമായ ഒരു സാമൂഹിക ക്രമം സ്വന്തം ചുറ്റുവട്ടത്തെങ്കിലും അവൻ പുലർന്നു കാണണമെന്നാഗ്രഹിക്കുന്നുണ്ടാവും. അതിനായി ചിലപ്പോഴൊക്കെ ഒഴുക്കിനെതിരെയൊരു പരിശ്രമം ആവശ്യമായി വന്നേക്കും.


സമൂഹത്തിന്റെ ഒഴുക്കിനെ സംബന്ധിച്ചു പറയുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധയർഹിക്കുന്നുണ്ട്. ആൾക്കൂട്ടത്തിൽ നിന്നുണ്ടാവുന്ന നന്മകൾ പോലെതന്നെ അതിൽ നിന്നുയിർക്കൊള്ളുന്ന തിന്മകളുമുണ്ട്. കൂട്ടത്തിലായിരിക്കുമ്പോൾ തിരിച്ചറിയാൻ പറ്റാതെ പോവുന്നത്. ഒപ്പം ചേരുമ്പോൾ അതിലേക്ക് നമ്മുടെ സംഭാവന കൂടി ആയാലോ എന്നുപോലും അനുഭവപ്പെടുന്നുണ്ടാവും. എന്നാൽ ആൾക്കൂട്ടത്തിൽ നിന്ന് മാറിനിന്ന് വീക്ഷിക്കുമ്പോൾ നമുക്കതിൽ മറിച്ചൊരു കാഴ്ചയും അനുഭവപ്പെട്ടേക്കാം.
സംഘം ചേർന്ന് കല്ലെറിയുന്ന, സംഘം ചേർന്ന് തല്ലിക്കൊല്ലുന്ന, സംഘം ചേർന്ന് ട്രോൾ ചെയ്യുന്ന കൂട്ടത്തിലെല്ലാം ഈയൊരു വസ്തുത പ്രവർത്തിക്കുന്നുണ്ട് എന്നെനിക്കു തോന്നുന്നു.
സംഘം ചേരാനും ഒരു കൂട്ടായ്മ രൂപപ്പെടാനും നിമിഷനേരങ്ങൾ മതിയാവുന്ന ഇക്കാലത്ത് ഇടയ്ക്കൊക്കെ തനിച്ചിരിക്കാൻ, അല്ലെങ്കിൽ മറിച്ചൊരഭിപ്രായത്തിന് സാധ്യതയുള്ളൊരു സുഹൃത്തിനെ കാണാൻ കൂടി സമയം കണ്ടെത്തുക.
പുതിയ പ്രഭാതങ്ങൾ നേരിന്റെ പുതിയ വഴികളിലേക്ക് വെളിച്ചം വിതറട്ടെ.

Image Courtesy : https://intervarsity.org

Tuesday, May 29, 2018

പണി കൊടുക്കുക എന്ന് കേട്ടിട്ടുണ്ട്‌. പണി കൊടുക്കാൻ നമ്മൾ മിടുക്കരുമാണ്‌. ദേശീയ, അന്തർദേശീയതലത്തിൽ വരെ ശ്രദ്ധിക്കപ്പെടുന്ന പണികൊടുപ്പുകൾ നമ്മൾ മലയാളികളായിട്ട്‌ ഉണ്ടാക്കിയിട്ടുണ്ട്‌.
എന്നാൽ ഇപ്പോൾ 'പണി കളയുക'യാണ്‌ ട്രെന്റ്‌. നമ്മെ വിമർശിച്ചാൽ, വൈരാഗ്യം പ്രകടിപ്പിച്ചാൽ, ബുദ്ധിമോശം പ്രവർത്തിച്ചാൽ അവന്റെ പണി കളഞ്ഞിട്ടേ പിന്നെ ബാക്കി കാര്യമുള്ളൂ. ഏറ്റവുമൊടുവിൽ, മതവിശ്വാസങ്ങളെ അൽപ്പം മോശമായിത്തന്നെ പരിഹസിച്ച്‌ ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ്‌ ചെയ്ത ഒരുത്തന്റെ പണി പലരും ചേർന്ന് കളഞ്ഞിട്ടുണ്ട്‌ എന്നാണ്‌ സ്ട്രീമിൽ നിന്നും ലഭിക്കുന്ന വിവരം. സോഴ്സിൽ നിന്ന് കിട്ടിയതല്ല.
ഏതായാലും പണികളയാനുള്ള കഴിവെല്ലാം വകവെച്ച്‌ നൽകുമ്പോഴും അതിന്റെയൊരു മറുവശം കൂടി സൂചിപ്പിക്കാനുതകുന്ന ഒരു സംഭവം ഓർമ്മ വരുന്നതുകൊണ്ട്‌ അത്‌ എഴുതി പോയേക്കാം. പണി എന്നത്‌ ഉപജീവനമാർഗ്ഗമാണല്ലോ. പറയാൻ പോകുന്ന സംഭവവും ഉപജീവനവുമായി തന്നെയാണ്‌ ബന്ധപ്പെട്ടു കിടക്കുന്നത്‌.


പ്രവാചകനും സംഘവും ഒരു യുദ്ധമുഖത്തു നിന്ന് തിരിച്ചുവരുന്ന വേളയിൽ വഴിയിൽ ഒരിടത്ത്‌ വിശ്രമിക്കാനിരുന്നു. വിശ്രമവേളയ്ക്കിടയിൽ മുഹമ്മദ്‌ (സ) യുടെ പ്രിയപത്നി ആഇശ (റ) യുടെ മാല കാണാതെ പോയി. ആയിശ (റ) തന്റെ മാല തേടി നടക്കുന്നതിനിടയിൽ ഇതൊന്നുമറിയാത്ത പ്രവാചകനും സംഘവും യാത്ര തുടർന്നു.
ആയിശ (റ) മാല വീണ്ടെടുത്ത്‌ തിരിച്ചുവരുമ്പോൾ കൂടെയുണ്ടായിരുന്നവർ പോയിക്കഴിഞ്ഞുവെന്ന് മനസ്സിലായി. തന്നെ കാണാതെവരുമ്പോൾ അവർ അന്വേഷിച്ച്‌ ഇതുവഴി വരുമെന്ന ധാരണയിൽ ആയിശ (റ) അവിടെത്തന്നെ കാത്തിരുന്നു. ആ ഇരിപ്പിൽ അവർ ഉറങ്ങിപ്പോവുകയും ചെയ്തു.
ഏറെ വൈകി അതുവഴി വന്ന പ്രവാചകാനുയായി സ്വഫ്‌വാൻ യാദൃഛികമായി ആയിശ (റ) യെ കണ്ടു. സംഭവം മനസ്സിലായ സ്വഫ്‌വാൻ അവർക്കായി തന്റെ ഒട്ടകപ്പുറത്ത്‌ സൗകര്യമൊരുക്കി അവരെയും കൊണ്ട്‌ മദീനയിലേക്ക്‌ യാത്രയായി.
മദീനയിലെത്തിയപ്പോൾ കാര്യങ്ങൾ ആകെ തകിടംമറിഞ്ഞു. ആയിശ (റ) യെയും സ്വഫ്‌വാൻ (റ) യെയും ചേർത്ത്‌ ആരോപണങ്ങൾ പറയാൻ വികൃതബുദ്ധികൾ തിടുക്കം കൂട്ടി. പ്രവാചകൻ (സ) യെയും ആയിശ (റ) യുടെ പിതാവ്‌ അബൂബക്കർ (റ) യെയും ഒന്നടങ്കം സങ്കടത്തിൽ ആഴ്ത്തിക്കളഞ്ഞു ഈ സംഭവം. ആയിശ(റ) അതിന്റെ പേരിൽ രാവുകൾ ഏറെ കരഞ്ഞു തീർത്തുവെന്നും, പ്രവാചകൻ (സ) ദിവസങ്ങളോളം മ്ലാനവദനനായി തുടർന്നു എന്നും ചരിത്രത്തിൽ കാണാം. ഒടുക്കം അള്ളാഹു പ്രവാചകന്ന് ദിവ്യബോധനം നൽകി സത്യാവസ്ഥ തുറന്നുകാണിച്ചതിനു ശേഷമാണ്‌ ആ ഇരുണ്ട മേഘം അവരുടെ ജീവിതത്തിൽ നിന്ന് നീങ്ങിപ്പോയത്‌.
വ്യാജമായ ഈ ആരോപണം ഏറ്റുപിടിച്ചവരിൽ ഒരാളായിരുന്നു മിസ്ത്വഹ്‌ (റ). ഇദ്ദേഹം ആയിശ (റ) യുടെ ബന്ധു കൂടിയായിരുന്നു. ആയിശ (റ) യുടെ പിതാവ്‌ അബൂബക്കർ ദരിദ്രനായ മിസ്ത്വഹിന്‌ കാലങ്ങളായി റേഷൻ നൽകിപ്പോന്നിരുന്നു. ആയിശ (റ) യ്ക്കെതിരിൽ ആരോപണം പറഞ്ഞ സങ്കടവും ദേഷ്യവും കാരണം അബൂബക്കർ (റ) ഇങ്ങനെ പറഞ്ഞു: " മിസ്‌ത്വഹിന്‌ ഇനി ഞാനൊരു വസ്തു കൊടുക്കില്ല !"
സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാക്കുകയും, വ്യാജാരോപണങ്ങൾ ഏറ്റുപിടിച്ചവരെ കർശനമായി ഉപദേശിക്കുകയും ചെയ്യുന്ന വചനങ്ങൾ ഖുർആനിലെ 'അന്നൂർ' എന്ന അദ്ധ്യായത്തിൽ കാണാം. കൂട്ടത്തിൽ ഒരു പ്രസക്തമായ സൂചന കൂടി ഖുർആൻ നൽകുന്നുണ്ട്‌. അതാണ്‌ ഈ വിഷയവുമായി ബന്ധപ്പെട്ടിട്ടുള്ളത്‌.
"നിങ്ങളുടെ കൂട്ടത്തിൽ ശ്രേഷ്ഠതയും കഴിവും ഉള്ളവർ ബന്ധുക്കൾക്കും സാധുക്കൾക്കും ദൈവമാർഗ്ഗത്തിൽ ദേശാന്തരഗമനം നടത്തുന്നവർക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്‌. അവർ മാപ്പുനൽകുകയും വിട്ടുവീഴ്ച്ച നൽകുകയും ചെയ്യുകയാണ്‌ വേണ്ടത്‌. അള്ളാഹു നിങ്ങൾക്ക്‌ പൊറുത്തുതരണമെന്ന് നിങ്ങളാഗ്രഹിക്കുന്നില്ലേ ? അള്ളാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌" - (ഖുർആൻ - 24:22)
ശേഷം അബൂബക്കർ (റ) തന്റെ തീരുമാനം പിൻവലിച്ചു. മിസ്ത്വഹിന്‌ മാപ്പുനൽകി. റേഷൻ തുടർന്നു നൽകി.
ഉപജീവനം മുടക്കാനല്ല, ഉപദ്രവിച്ചവർക്ക്‌ പോലും അന്നം മുടക്കാതെ വിട്ടുവീഴ്ച്ച നൽകുവാനാണ്‌ ഒരു ഗൗരവമുള്ള വിഷയം സംസാരിക്കുന്നതിനിടയിൽ ഖുർആൻ പറഞ്ഞുവെച്ചത്‌.

Friday, April 7, 2017

ബദിയഡുക്കയില്‍ വെച്ചുനടന്ന വിദ്യാലയ സംബന്ധിയായ ഒരു യോഗത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഞാന്‍. വണ്ടിയില്‍ സ്ഥലമുണ്ടെന്നതിനാല്‍ എന്റെ ഗുരുനാഥന്‍ കൂടിയായ പപ്പന്‍ മാഷിനെയും ഒപ്പം കൂട്ടി. ചെറുതും വലുതുമായ വിഷയങ്ങള്‍ പറഞ്ഞും പങ്കുവെച്ചും യാത്ര തുടരവേ റോഡിനു കുറുകെയൊരു കീരി കടന്നുപോവുന്നതു ഞങ്ങള്‍ കണ്ടു. പപ്പന്‍ മാഷ് ചോദിച്ചു: "ഈ കീരിയെന്തു കൊണ്ടിങ്ങനെ നമ്മുടെയിടയിലിത്ര സ്വതന്ത്രമായി നടക്കുന്നുവെന്നറിയാമോ?" 'എന്തായിരിക്കും?' എന്നൊരു മറുചോദ്യമുന്നയിച്ച് ഞാന്‍ കൗതുകം പൂണ്ടു. "പൊതുവിദ്യാഭ്യാസം സമൂഹത്തില്‍ പടര്‍ത്തിയ തിരിച്ചറിവിന്റെ ഗുണമുണ്ട് അതില്‍". പപ്പന്‍ മാഷ് പറഞ്ഞു.

പെട്ടെന്ന് പ്രൈമറി പാഠപുസ്തകങ്ങളിലേക്കും അതില്‍ സൂക്ഷ്മമായി ഉള്ളടക്കം ചെയ്തിട്ടുള്ള ആശയങ്ങളിലേക്കുമാണ്‌ എന്റെ ചിന്ത പോയത്. സഹജീവിസ്നേഹവും പ്രകൃതിസ്നേഹവുമെല്ലാം ഓരോ പഠനപ്രവര്‍ത്തനത്തിലും ഉള്‍ച്ചേര്‍ന്നിരിക്കുന്ന വിധത്തിലാണ്‌ പ്രൈമറി തലത്തിലെ പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. റോഡുമുറിച്ചു കടക്കാന്‍ തുനിയുന്ന അന്ധനായ മനുഷ്യനെ സഹായിക്കുന്ന കുട്ടിയുടെ ചിത്രം കൊണ്ട് തുടങ്ങുന്ന പാഠപുസ്തകത്തെ ഞാനോര്‍ത്തു. കാട്ടിലെ ഒരാശുപത്രിയില്‍ നടക്കുന്ന സംഭവങ്ങള്‍ കോര്‍ത്തിണക്കിയ നാടകവും അതില്‍ പനിച്ചുവിറക്കുന്ന കോഴിയെ താങ്ങിയെടുത്ത് ആശുപത്രിയിലെത്തിക്കുന്ന കുറുക്കന്റെ കഥാപാത്രവും എന്റെയോര്‍മ്മയില്‍ തെളിഞ്ഞു. മരത്തിനു മുകളിലെ കൂട്ടില്‍ നിന്ന് താഴെ വീണുപോയ പക്ഷിക്കുഞ്ഞിനെ തിരിച്ച് അതിന്റെ കൂട്ടിലെത്തിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ബാലന്റെ കഥ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാനുണ്ടെന്നതും എനിക്കോര്‍മ്മ വന്നു.

ഇത്തരത്തില്‍ മനുഷ്യരോടും ഇതരജീവികളോടും പ്രകൃതിയോടു തന്നെയും സ്നേഹവും കരുണയും ഉണ്ടായിരിക്കണമെന്ന് ചിന്തയുറയ്ക്കുന്ന പ്രായത്തില്‍ നമ്മുടെ മക്കള്‍ പൊതുവിദ്യാലയങ്ങളിലിരുന്ന് പഠിച്ചെടുക്കുന്നുണ്ട്. പ്രകൃതിയിലെ ഓരോ സൃഷ്ടിക്കും അതിന്റെ ദൗത്യം നിര്‍‌വ്വഹിക്കാനുണ്ടെന്ന തിരിച്ചറിവ് അവര്‍ സ്വായത്തമാക്കുന്നുണ്ട്. ഒരു കീരിയോ കുരുവിയോ തുമ്പിയോ പലപ്പോഴും നമ്മുടെ വഴികളില്‍ നോവിക്കപ്പെടാതെ പോവുന്നതിന്റെയും സ്വതന്ത്രവിഹാരം നടത്തുന്നതിന്റെയും പിന്നില്‍ കാലങ്ങളായി വിദ്യാലയങ്ങള്‍ നിര്‍‌വ്വഹിച്ചു പോരുന്ന ഈ ദൗത്യസാഫല്യവുമുണ്ട്. "ആരാ ഇവന്ന് ഒരു പെന്‍സില്‍ കൊടുക്കുക?" എന്ന് പെന്‍സില്‍ കൊണ്ടുവരാത്തവന്നു വേണ്ടി അധ്യാപകന്‍ സഹായമഭ്യര്‍ഥിക്കുമ്പോള്‍ "ഞാന്‍!" എന്ന് ചാടിവീഴുന്ന കുട്ടികള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന പാഠങ്ങള്‍ പലതാണ്‌.
'എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്‌' എന്ന് ആവര്‍ത്തിച്ചു പറയുന്ന വാചകങ്ങളില്‍ നിന്നെന്നതിനേക്കാള്‍ സമത്വവും സാഹോദര്യവും നീതിബോധവും സാമൂഹ്യബോധവും കരുണയുമെല്ലാം ഇത്തരം പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികള്‍ ഉള്‍ക്കൊള്ളുന്നു. ഇങ്ങനെ പഠിക്കാനും ഉള്‍ക്കൊള്ളാനും അവസരം ലഭിച്ച മക്കള്‍ ചേര്‍ന്ന സമൂഹമാണ്‌ നമുക്കിടയില്‍ വളര്‍ന്നു വരുന്നത്. അതു പകരുന്ന ആശ്വാസം വളരെ വലുതാണ്‌. സമൂഹത്തിലെ എല്ലാ തുറകളില്‍ നിന്നുമുള്ള മനുഷ്യരോടൊപ്പം ചേര്‍ന്നുപഠിക്കാനും പാടാനും കളിക്കാനും സാധിക്കുകയെന്നത് പരസ്പരം അറിയാനും ഉള്‍ക്കൊള്ളാനുമുള്ള അവസരം കൂടിയാണ്‌. അതു നഷ്ടപ്പെടുത്തി നമ്മുടെ മക്കളെ വിഭാഗീയതയുടെയും വര്‍ഗ്ഗീയതയുടെയും വിത്തുകള്‍ മുളപ്പിക്കുന്നിടങ്ങളില്‍ കൊണ്ടുചേര്‍ക്കുന്നതിനു മുമ്പ് ഒരിക്കലല്ല, ഒരായിരം വട്ടം ചിന്തിക്കേണ്ടതുണ്ട്.

നമ്മളെന്നും അവരെന്നും മനുഷ്യരെ വേര്‍തിരിക്കപ്പെടുന്നുണ്ടെന്ന് അതിന്റെ കാര്യവും കാരണങ്ങളുമൊന്നും തൊടാതെ കുട്ടികള്‍ പഠിച്ചുവെക്കുന്നത് വലിയ ദുരന്തമാണ്‌. അതുതന്നെയാണ്‌ കൗമാരം കടന്നിട്ടില്ലാത്ത കുട്ടികള്‍ പോലും മനുഷ്യരുടെ കഴുത്തറുക്കുന്ന സാഹചര്യത്തിലേക്ക് കൊണ്ടെത്തിക്കുന്നതും. പ്രാര്‍ത്ഥിക്കാന്‍ പോകുന്ന ആലയമോ കൈയ്യിലേന്തുന്ന കൊടിയോ ധരിക്കുന്ന വസ്ത്രമോ മാറിയതു കൊണ്ട് മറ്റൊരാള്‍ നമുക്ക് വെറുക്കപ്പെടേണ്ടവനാകുന്നുവെന്ന പാഠം കൗമാരമനസ്സുകളില്‍ നിറയ്ക്കുന്നതാരാണ്‌?! അത്തരം സംഘങ്ങളില്‍ നിന്ന് നമ്മുടെ മക്കളെ രക്ഷിച്ചെടുക്കേണ്ടതില്ലേ ?

മത, രാഷ്ട്രീയ, സംഘടനാ ഭേദമില്ലാതെ തന്നെ പറയട്ടെ, ഏതൊരു സംഘത്തോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോഴും ആ കൂട്ടത്തിനും അവരുടെ ആശയത്തിനുമപ്പുറത്ത് മറ്റനേകം കൂട്ടങ്ങളും ആശയാവലികളും കൂടിയുണ്ടെന്നും അത്തരം വൈവിധ്യങ്ങള്‍ കൂടി ഉള്‍ച്ചേര്‍ന്നതാണ്‌ ഈ ഭൂമിയുടെ നിലനില്‍പ്പെന്നും കൂടി നമ്മുടെ മക്കളെ പറഞ്ഞു ബോധ്യപ്പെടുത്തുവാന്‍ മറന്നുപോകരുത്!. കൗമാര കാലഘട്ടങ്ങളിലെ കുട്ടികളില്‍ പലരും അവര്‍ ചേര്‍ന്നുപ്രവര്‍ത്തിക്കുന്ന, അനുധാവനം ചെയ്യുന്ന കൂട്ടത്തിനപ്പുറത്തെ ലോകത്തേക്ക് ചെവിയോര്‍ക്കുന്നേയില്ലെന്ന അനുഭവം ഉള്ളതുകൊണ്ടാണ്‌ ഇതിപ്പടി ഊന്നിപ്പറയേണ്ടി വരുന്നത്. അവര്‍ തങ്ങളുടെ നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങളും ന്യായീകരണങ്ങളും സംശയലേശമന്യേ ഉള്‍ക്കൊള്ളാന്‍ തയ്യാറാവുകയാണ്‌ ചെയ്യുന്നത്. ഈ അപകടം എല്ലാ രക്ഷിതാക്കളും തിരിച്ചറിയേണ്ടതുണ്ട്.

ഒരു അനുഭവം കൂടി പറഞ്ഞ് അവസാനിപ്പിക്കാം. കാസറഗോഡ് വെച്ച് നടന്ന അധ്യാപകന്റെ കൊലയ്ക്ക് പിന്നാലെ ഒരു യുവ കച്ചവടക്കാരന്റെ കടയ്ക്ക് സാമൂഹ്യദ്രോഹികള്‍ തീവെക്കുകയുണ്ടായി. ആ സുഹൃത്തിന്റെ കടയില്‍ നിന്ന് ഇടയ്ക്ക് ഞാന്‍ സാധനങ്ങള്‍ വാങ്ങാറുണ്ട്. കഴിഞ്ഞ ദിവസം അവന്റെ കടയില്‍ പോയി. കുശലാന്വേഷണം നടത്തി. കട കത്തിയ അനുഭവത്തെക്കുറിച്ച് ചോദിച്ചു. അവന്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടയില്‍ പറഞ്ഞു: "ഞാന്‍ ആരെയും ശല്യപ്പെടുത്താനൊന്നും പോയിട്ടില്ല. ഞാന്‍ സഹായിക്കുകയേ ചെയ്തിട്ടുള്ളൂ. എന്റെ അച്ഛന്‍ ഞങ്ങളെ അങ്ങനെയാണ്‌ വളര്‍ത്തിയത്. എന്നെ അറിയാവുന്നവര്‍ ഇങ്ങനെ ചെയ്യുമ്പോള്‍ ഉണ്ടാവുന്ന സങ്കടം ചെറുതല്ല.." അവന്റെ കണ്ണുകള്‍ നനഞ്ഞു. ഞാന്‍ വല്ലാതെയായി. എന്നാലാവുന്ന വിധം ആശ്വസിപ്പിച്ച് ഞാന്‍ തിരിച്ചുവന്നു. മുകളില്‍ പറഞ്ഞതു തന്നെ ആവര്‍ത്തിക്കട്ടെ. രക്ഷിതാക്കളേ, നിങ്ങളുടെ മക്കളെ ഈ സമൂഹത്തിന്റെ വൈവിധ്യങ്ങളെക്കുറിച്ച് പഠിപ്പിക്കുക. ഈ കെട്ട കാലത്ത് അതൊരു വലിയ നന്മയാണ്‌.

Monday, January 25, 2016

റിപബ്ലിക് ദിന ദിവസം കുട്ടികള്‍ക്ക് കാണിച്ചു കൊടുക്കാവുന്ന ഒരു പവര്‍ പോയിന്റ് പ്രസന്റേഷന്‍ ഇവിടെ നിന്ന് ഡൗണ്‍‌ലോഡ് ചെയ്യാം. എന്താണ്‌ റിപബ്ലിക് ദിനം എന്നും അതിന്റെ പ്രത്യേകതകള്‍ എന്താണെന്നും കുട്ടികള്‍ക്ക് ഇത് കാണിച്ചു കൊണ്ട് വിശദീകരിക്കാം. ഓരോ സ്ലൈഡും മുന്‍കൂട്ടിക്കണ്ട് അതിനെക്കുറിച്ച് നല്ല വിവരണം നല്‍കിയതിനു ശേഷം അടുത്ത സ്ലൈഡുകളിലേക്ക് കടക്കുന്നതാണ്‌ ഉചിതം.

പരേഡുകളുമായും അതിന്റെ ഭാഗമായുള്ള നൃത്തരൂപങ്ങളുടെയും വീഡിയോകള്‍ യൂട്യൂബില്‍ ലഭ്യമാണ്‌. ഇന്ത്യയുടെ ബഹുസ്വരതയും നാനാത്വത്തില്‍ ഏകത്വമെന്ന ആശയവുമെല്ലാം മനോഹരമായി വിവരിക്കുന്ന പാട്ടുകള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോകളും ഉണ്ട്. വീഡിയോകള്‍ ചേര്‍ത്തു കൊണ്ടാണ്‌ പ്രസന്റേഷന്‍ തയ്യാറാക്കിയത്. പക്ഷേ കൈമാറ്റം ചെയ്യുമ്പോള്‍ ഫയലിന്റെ വലിപ്പം ഭയന്ന് അതൊക്കെ ഒഴിവാക്കിയിട്ടുണ്ട്.

നമ്മുടെ രാജ്യം റിപബ്ലിക് ആയി നില്‍ക്കുന്നതിനു പിന്നിലെ ചരിത്രം കുട്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയും എന്നും ജനാധിപത്യമെന്ന മഹത്തായ ആശയത്തെ നിലനിര്‍ത്താന്‍ നാം പ്രതിജ്ഞാബദ്ധരാണെന്ന ബോധം ഉണ്ടാക്കിക്കൊടുക്കുകയും ആവട്ടെ ഇതിനു പിന്നിലെ ലക്ഷ്യം.

ഡൗണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിന്‍‌ഡോസ് സിസ്റ്റത്തിലാണ്‌ ഇത് പ്രവര്‍ത്തിക്കുക. കമ്പ്യൂട്ടറില്‍ MLTT-Leela ഫോണ്ട് ഉണ്ടായിരിക്കണം. ഫോണ്ട് ഇല്ലെങ്കില്‍ അത് ഡൗണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. 




Friday, September 13, 2013


നാലുപേരുടെ ജീവനെടുക്കാന്‍ തീരുമാനിച്ചെന്ന് കേള്‍ക്കുമ്പോള്‍ സന്തോഷിക്കുന്ന മനസ്സല്ല എനിക്കെങ്കിലും ഡല്‍‌ഹി മാനഭംഗക്കേസിലെ പ്രതികള്‍ക്കെതിരെയുള്ള അത്തരമൊരു വിധിയെ സ്വാഗതം ചെയ്യുന്നുണ്ട് സ്വയമറിയാതെയെങ്കിലും മനസ്സ്.


വധശിക്ഷ നിര്‍ത്തലാക്കണമെന്ന് അഭിപ്രായപ്പെടുന്നവരെറെയുണ്ടെങ്കിലും സമൂഹത്തില്‍ അതിക്രൂരമായ അക്രമങ്ങളും അസാധാരണങ്ങളായ കൊലപാതകങ്ങളും അധികരിക്കുമ്പോള്‍ അവയെ പ്രതിരോധിക്കാനുള്ള മഹത്തരങ്ങളായ കാരണങ്ങളൊന്നും നമുക്കു നിരത്താനില്ല എന്നത് വസ്തുതയാണ്‌. അത്തരം അക്രമങ്ങളിലും കൊലപാതകങ്ങളിലും പിടിക്കപ്പെടുന്നവര്‍ക്ക് നിയമസം‌വിധാനത്തിന്റെ ദുര്‍ബലമായ മതിലുകള്‍ മറിഞ്ഞ് വീണ്ടും സമൂഹത്തില്‍ സ്വൈരവിഹാരം നടത്താന്‍ അവസരം ലഭിക്കുന്നുവെന്നത് ഖേദകരം തന്നെ. 

എന്നാല്‍ നാലുപേരെ കൊന്നതു കൊണ്ട് സമൂഹത്തിന്‌ വലിയ പാഠം ലഭിച്ചേക്കുമെന്നത് അബദ്ധധാരണയാണ്‌ പ്രസ്തുത സംഭവത്തില്‍ രാജ്യവ്യാപകമായുണ്ടായ പ്രതിഷേധങ്ങളും കോലാഹലങ്ങളും വിധിയെ സ്വാധീനിച്ചിട്ടില്ലെന്ന് വിശ്വസിക്കാനാവില്ല. അങ്ങനെയെങ്കില്‍ ഈ വധശിക്ഷാവിധി നല്‍കുന്ന സന്ദേശം മറ്റൊന്നാകും. ശബ്ദിക്കാന്‍ ജിഹ്വകളുള്ളവരിലേക്കു മാത്രം ചായുന്ന നീതിയുടെ തുലാസ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ശബ്ദമില്ലാതെ പോയവര്‍ക്കും ആശങ്കകള്‍ മാത്രമാണു നല്‍കുക. 

എങ്കില്‍ ഇത്തരം വിധികള്‍ പുറപ്പെടുവിക്കുമ്പോള്‍ കൂടെ പുറത്തുചാടാറുള്ള "അപൂര്‍‌വ്വങ്ങളില്‍ അപൂര്‍‌വ്വം" എന്ന ടാഗ്‌ലൈന്‍ ഒഴിവാക്കി സമൂഹത്തില്‍ മനുഷ്യത്വരഹിതമായ ക്രൂരതകളെയെല്ലാം അതിശക്തമായി കൈകാര്യം ചെയ്യാനുള്ള വകുപ്പുകളൊരുക്കുകയാണു വേണ്ടത്; വധശിക്ഷയടക്കം. സ്ഥിരവും കര്‍ക്കശവുമായ അത്തരം നീതിനിര്‍‌വ്വഹണങ്ങള്‍ സമൂഹത്തിനു സന്ദേശം നല്‍കാതിരിക്കില്ല. ആ സന്ദേശം സമൂഹത്തില്‍ മാറ്റമുണ്ടാക്കാതിരിക്കില്ല.

Saturday, December 29, 2012


ഇന്നെന്തു കൊണ്ടോ മരണത്തെക്കുറിച്ചെനിക്കെഴുതാൻ തോന്നുന്നു. ആമുഖമാവശ്യമില്ലാത്ത അനിവാര്യതയാണു മരണം. കണ്ടും കേട്ടും വായിച്ചും മരണമെനിക്ക് പരിചിതമാണ്. എല്ലാ മരണവും പകരുന്നത് ദുഃഖമാണ്. മനുഷ്യർക്കിടയിലെ ഏതു ഭിന്നതകൾക്കും അതിരുകൾക്കുമതീതമായി അഭിപ്രായത്തിൽ ഏകോപിക്കുന്ന പ്രതിഭാസമാണത്. സുനിശ്ചിതമാണെന്ന്, ഒരുപക്ഷേ അസ്വസ്ഥമാക്കുന്ന, ധൈര്യത്തോടെ പറയാൻ പറ്റുന്ന ഭാവിയും മരണം മാത്രമാണ്.
അൽഭുതാവഹമായ പുരോഗതിയിലൂടെ സഞ്ചരിക്കുമ്പൊഴും അടുത്ത നിമിഷം വരാനിരിക്കുന്ന മരണത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിക്കാൻ മനുഷ്യനൊരു മാർഗ്ഗവുമില്ല. ഏതൊക്കെ മാർഗ്ഗങ്ങളിലൂടെയാണ് മരണം നമ്മിലേക്ക് ഓടിയടുക്കുന്നത്.. എന്തൊക്കെ കാരണങ്ങളാണ് മരണത്തെക്കുറിച്ചു പറയാൻ നാം വിശേഷിപ്പിക്കുന്നത്.. കുഴഞ്ഞ് വീണ്.. നെഞ്ചു വേദനിച്ച്.. തലകറങ്ങി.. വാഹനമിടിച്ച്.. അങ്ങനെ എന്തെന്ത് കാരണങ്ങൾ..
ഒടുക്കം നിശ്ചയിക്കപ്പെട്ടൊരു യാത്രയുടെ വഴിത്തിരിവാണു മരണം. അത് എല്ലാ വേദനകളെയും ഒരു ഭാണ്ഡം പോലെ ചുമക്കുകയോ ഇറക്കിവെക്കുകയോ ചെയ്യുന്നു. ദൈവവുമായുള്ള ആത്മഭാഷണങ്ങളിൽ എന്നും ദീർഘായുസ്സിനു വേണ്ടി അപേക്ഷിക്കാറുണ്ട്. ആരോഗ്യത്തിനു വേണ്ടി അർത്ഥിക്കാറുണ്ട്. മരണം ഒരു അനിവാര്യതയായി എന്നിലേക്കടുക്കുന്ന നേരത്ത് ഒരു സുഖനിദ്രപോലെ അതിനെ പുൽകാനായി പ്രാർത്ഥിക്കാറുണ്ട്. എന്നിട്ടും സൗകര്യത്തിനുവേണ്ടി മരണത്തെ മാത്രം മറന്നുകളയാനാവുന്നതെങ്ങനെയെന്ന് അൽഭുതത്തോടെ, ദുഃഖത്തോടെ ആലോചിക്കാറുമുണ്ട്.
ഇമവെട്ടുന്ന നേരം കൊണ്ട് പുലരാനിരിക്കുന്നൊരു പ്രഭാതത്തിലെ കറുപ്പും വെളുപ്പും നിറഞ്ഞ പത്രത്താളുകളിലൊന്നിൽ ഒരുവാർത്ത മാത്രമായി എന്റെ മരണവും വരാനിരിക്കുന്നു. ആയാസരഹിതമായി ഞാൻ വലിച്ചുവിടുന്ന ശ്വാസോച്ഛ്വാസം പൊടുന്നനെ നിലയ്ക്കാനിരിക്കുന്നു. എന്റെ അറിവോ അനുവാദമോ ആവശ്യമില്ലാതെ എനിക്കായി മിടിച്ചുകൊണ്ടിരുന്ന ജീവനാഡികൾ എന്നെന്നേക്കുമായി നിശ്ചലമാകാനിരിക്കുന്നു.
ഓരോ ദിനയാത്രയിലും മുമ്പിൽ വിളക്കുപോലെ നടന്ന പിതാവിന്റെ വെളിച്ചമിനിയില്ലാതെ.. ഒരു ജന്മം മുഴുവൻ നാസാരന്ധ്രങ്ങളിൽ നറുമണമായി നിറഞ്ഞ അമ്മിഞ്ഞപ്പാലിന്റെ മാധുര്യം നൽകിയ ഉമ്മയുടെ ചൂടിനിയില്ലാതെ, എനിക്കിനിയും പകർന്നു തീർന്നിട്ടില്ലാത്ത തെളിനീരുപോലെ ശുദ്ധമായ സഹധർമ്മിണിയുടെ സ്നേഹമിനിയറിയാതെ .. ഒരു പൂമൊട്ടിന്റെ സ്പർശം പോലെ മൃദുലമായ ചുംബനങ്ങളേൽപ്പിക്കുന്ന കുഞ്ഞുമോളുടെ ചുണ്ടുകളുടെ സ്പർശമിനിയേൽക്കാതെ ഞാനൊരു ജഢം മാത്രമായവശേഷിക്കാനിരിക്കുന്നു. അന്ന്, എന്റെ ആത്മാവ് വേർപെട്ടുപോയെന്നറിയുന്ന നേരം എനിക്കേറെ പ്രിയപ്പെട്ടവർ അതുൾക്കൊള്ളാൻ വിമുഖത കാട്ടിയേക്കാം.. ഏങ്ങിക്കരഞ്ഞേക്കാം.. വാവിട്ട് നിലവിളിച്ചേക്കാം..
മരണം എന്ന യാഥാർത്ഥ്യത്തെ ഒരിക്കൽ കൂടി ഉൾക്കിടിലത്തോടെ അവർ തിരിച്ചറിയും. കഴിഞ്ഞുപോയ നിമിഷം വരെ, അവരുടെ സ്നേഹത്തിന്റെ വകഭേദങ്ങൾക്കനുസരിച്ച്, ചുരുക്കിയും നീട്ടിയും എന്റെ പേരു വിളിച്ചിരുന്നവർ "മയ്യിത്" (ശവം) എന്ന് മാത്രം എന്നെ വിശേഷിപ്പിക്കും. ആചാരപ്രകാരം അവരെന്റെ കാലുകൾ കൂട്ടിക്കെട്ടും, കണ്ണുകൾ തഴുകിയടയ്‌ക്കും, സന്ധികളിൽ പരുത്തി വെക്കും, വെളുത്ത വസ്ത്രം കൊണ്ടവരെന്നെ മറയ്‌ക്കും. ഏറ്റവും പ്രിയപ്പെട്ട ചിലരെന്റെയടുത്ത് അവസാനമായി കുറേ നേരമിരിക്കും.
വാർത്തയറിഞ്ഞു വന്ന മറ്റുള്ളവർ വീട്ടുമുറ്റത്ത് അങ്ങിങ്ങായി കൂട്ടം കൂടി നിൽക്കും. മരണത്തിന്റെ കാരണങ്ങൾ തിരക്കും. ഇന്നലെ കൂടെയിരുന്ന് തമാശ പറഞ്ഞ നിമിഷങ്ങളെക്കുറിച്ചു പറഞ്ഞ് അൽഭുതപ്പെടും. എന്നിൽ കണ്ട നന്മകളെ ചിലർ എടുത്തുപറയും. മയ്യിത്തിനെ ബഹുമാനിച്ച് എന്നിലെ തിന്മകളെ അവർ മനഃപൂർവ്വം മറക്കും.
പിന്നെപ്പിന്നെ മയ്യിത്ത് കുളിപ്പിക്കാൻ ഇനിയും ബാക്കിയുള്ള മണിക്കൂറുകളിൽ അസ്വസ്ഥമായി വാച്ചുകളിലേക്ക് നോക്കും. മെല്ലെ അവരുടെ വിഷയങ്ങൾ മാറും. ഇന്നലെ കണ്ട ആവേശകരമായ ക്രിക്കറ്റിനെക്കുറിച്ച്, രാത്രി ചാനലിൽ നടന്ന ചൂടുള്ള ചർച്ചയെക്കുറിച്ച്, ഇനി നടക്കാനിരിക്കുന്ന പ്രിമിയർ ലീഗ് മൽസരങ്ങളെക്കുറിച്ച്, മയ്യിത്ത് മറയടക്കിയതിനു ശേഷം പോകാനും പങ്കെടുക്കാനുമുള്ള പരിപാടികളെക്കുറിച്ചൊക്കെ അവർ സംസാരിച്ച് തുടങ്ങും..
കുളിപ്പിക്കാനായി എന്റെ ജഢം പൊക്കിയെടുക്കുന്നതിന്ന് മുമ്പായി ഉറ്റവരെന്റെ മുഖത്തർപ്പിക്കുന്ന ചുംബനങ്ങൾക്കൊപ്പം നിയന്ത്രിക്കാനാവാത്ത ചുടുകണ്ണുനീരുകളും അകമ്പടിയാവും. നികത്താനാവാത്ത വേർപാടിന്റെ നിസഹായതയിൽ ചിലർ മനംപൊട്ടിക്കരയും. പിന്നീട്, കുളിപ്പിച്ച്, സുഗന്ധം പൂശി, മൂന്ന് കഷ്‌ണം വെളുത്ത വസ്ത്രങ്ങളിൽ പൊതിഞ്ഞ് മയ്യിതിനെയവർ ചുമന്നു കൊണ്ടുപോവും. ഒരു മയ്യിത്തിനു മേൽ നിർബന്ധമായ നിസ്‌ക്കാരവും പ്രാർത്ഥനയും കഴിഞ്ഞ്, ഞാൻ മരിച്ചുവെന്നറിഞ്ഞ നിമിഷം മുതൽ ഒരുക്കിത്തുടങ്ങിയ ആറടി മണ്ണിന്റെ ആഴത്തിൽ എന്റെ ജഢത്തെയിറക്കി വെക്കും. എന്റെ കവിളിൽ നിന്ന് വസ്ത്രം നീക്കി മണ്ണിനോട് ചേർത്ത് വെക്കും. ദിവസവും കുളിച്ചും അലങ്കരിച്ചും അഹങ്കരിച്ചും ഞാൻ സൂക്ഷിച്ച ഈ ശരീരം മണ്ണിലേക്കു ചേരേണ്ട മറ്റൊരനിവാര്യതയ്‌ക്കും അവിടെ തുടക്കമാവും.
"മണ്ണിൽ നിന്നാണു നിങ്ങളെ സൃഷ്ടിച്ചത്
അതിലേക്കാണു നിങ്ങൾ മടങ്ങുന്നത്
അതിൽ നിന്നാണു നിങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതും"
എന്ന ഓരോ വാചകങ്ങളോടൊപ്പം ഓരോ പിടി മണ്ണ് എന്റെ ഖബറിടത്തിലെ മൂടുകല്ലിനു മുകളിലേക്ക് അവരെറിയും. കുഴിച്ചെടുത്ത പൂഴിമണലുകളെല്ലാം എന്റെ ഖബറിടത്തിനു മുകളിൽത്തന്നെ നിരത്തി തിരിച്ചറിയാനായൊരടയാളം മാത്രമവശേഷിപ്പിച്ച് അവർ പിരിഞ്ഞു പോകും. എനിക്കായൊരുക്കിയ ആറടി മണ്ണിൽ ഞാൻ മാത്രമാവും.
അവർ പോയിക്കഴിഞ്ഞാൽ, എന്നിൽ നിന്ന് വേർപിരിഞ്ഞു പോയ ആത്മാവെനിക്കു തിരിച്ചു കിട്ടിയാൽ ആറടി മണ്ണിന്റെ ഭീതിതമായ ഇരുട്ടിൽ ഞാൻ അസ്വസ്ഥപ്പെടുമായിരിക്കുമോ.....?

Wednesday, December 26, 2012


മലയാള ബ്ലോഗ് രംഗത്തെ പ്രശസ്തനായ ശ്രീ. ബഷീർ വള്ളിക്കുന്ന് "എന്നെയൊന്ന് റേപ്പ് ചെയ്യൂ" എന്ന തലക്കെട്ടോടെയെഴുതിയ പുതിയ പോസ്റ്റ് ഒരുപക്ഷേ, അദ്ദേഹം തന്നെ പ്രതീക്ഷിച്ചിരിക്കാനിടയുള്ള വിധത്തിൽ സോഷ്യൽ നെറ്റ്‌വർക്കുകളിലെ 'പുരോഗമനവാദികൾ' ഏറ്റെടുക്കുകയുണ്ടായി. ബഷീർ അദ്ദേഹത്തിന്റെ പോസ്റ്റിൽ പറയുന്നതു പോലെ ഇത്തരം പ്രതികരണങ്ങൾ പ്രകടിപ്പിക്കുന്നവരെ "സദാചാരവാദികൾ" എന്ന് പുച്ഛിച്ചു കൊണ്ടുതന്നെയാണ് കുറിപ്പുകളും കമന്റുകളും വന്നുകൊണ്ടിരിക്കുന്നത്. 

സ്ത്രീശരീരത്തെ ഉപഭോഗവസ്തുവെന്ന നിലയിൽ സമൂഹത്തിനു മുമ്പിൽ പ്രദർശിപ്പിക്കുന്ന ആധുനികവ്യവസ്ഥിതിയെക്കുറിച്ച് ബോധവാന്മാരാവണമെന്നാണ് അദ്ദേഹം തന്റെയെഴുത്തിൽ ചുരുക്കിപ്പറഞ്ഞിട്ടുള്ളത്. എന്നാൽ, ഇത്തരത്തിലെഴുതപ്പെടുന്ന ഏതു കുറിപ്പുകൾ വായിച്ചാലും "പെണ്ണ് അവൾക്കു തോന്നുന്ന വസ്ത്രം ധരിച്ചു നടക്കുന്നതു കൊണ്ടാണ് ആണിന്റെ ലിംഗമുദ്ധരിച്ചു പോകുന്നത്" എന്ന അർത്ഥം അവയിൽ നിന്ന് വായിച്ചെടുക്കാനുള്ള അപാരമായ വൈദഗ്ദ്ധ്യം നേടിയവരാണീ പുരോഗമനം പറയുന്നവരൊക്കെയും. എഴുതിയവനെതിരെ അങ്ങനെയൊരാരോപണം എറിഞ്ഞു പിടിപ്പിച്ചു കഴിഞ്ഞാൽ പിന്നെ കാര്യങ്ങൾ എളുപ്പമാണ്. സ്ത്രീസ്വാതന്ത്ര്യം, സമത്വബോധം, പുരുഷമേധാവിത്വം, കാമം നിറച്ച കണ്ണുകൾ എന്നിങ്ങനെ മഹത്തരങ്ങളായ വിഷയങ്ങളിൽ ചർച്ചകളെ കൊണ്ടെത്തിച്ചു കഴിഞ്ഞാൽ പിന്നെ പറഞ്ഞവൻ അറുബോറനും പ്രതികരിച്ചവർ മൂല്യസംരക്ഷകരുമായി. അതുതന്നെയാണിവിടെയും സംഭവിച്ചു കൊണ്ടിരിക്കുന്നത്. 

സോപ്പിന്റെ പരസ്യത്തില്‍ സിനിമാനടിയുടെ നഗ്ന മേനിയില്‍ സോപ്പുരച്ചു കാണിക്കുന്നത്, സാരിയുടെ പരസ്യത്തില്‍ സ്‌ത്രീയുടെ മാംസളമായ വയറിന്റെ മടക്കുകള്‍ കാണിക്കുന്നത്, സിനിമാ ഗാനരംഗങ്ങളില്‍ നൃത്തം ചെയ്യുന്ന പെണ്ണുങ്ങള്‍ക്ക് നാഭിയും മാറിടത്തിന്റെ പകുതിയും തുറന്നു കാണിക്കുന്ന വസ്ത്രം നല്‍കുന്നത്, കാറുകളുടെ പരസ്യങ്ങളിൽ അൽപ്പവസ്ത്രധാരിണിയായ സ്ത്രീതന്നെ ബോണറ്റ് ഹുഡിൽ കിടക്കേണ്ടി വരുന്നത്,  ടൈൽസിന്റെയും ഫാനിന്റെയും സ്വിച്ച് ബോര്‍ഡിന്റെയും പരസ്യത്തിലഭിനയിക്കാന്‍ സ്‌ത്രീയുടെ ശരീരം നിർബന്ധമായി വരുന്നത്, ആണുങ്ങളുടെ അടിവസ്ത്രത്തിന്റെയും, ആഫ്‌റ്റര്‍ ഷേവ് ലോഷന്റെയും പോലും പരസ്യങ്ങളില്‍ സ്ത്രീയുടെ തൊട്ടുതലോടല്‍ ആവശ്യമാവുന്നത് ഇവയൊക്കെ നമ്മുടെ പുരോഗമനത്തിന്റെയും ആ പുരോഗമനം ഉയർത്തുന്ന സ്ത്രീസ്വാതന്ത്ര്യത്തിന്റെയും അടയാളങ്ങളാണ്. 

മദ്യപിച്ച് മദോന്മത്തരായ പുരുഷന്റെ കണ്ണുകൾക്കു മുമ്പിൽ നൃത്തം ചവിട്ടുന്ന പെണ്ണിനും അഭ്രപാളികൾക്കു മുമ്പിൽ ആവേശഭരിതരായിരിക്കുന്നവർക്കു മുമ്പിൽ തന്റെ അഴകളവുകൾ പ്രദർശിപ്പിക്കുന്ന പെണ്ണിനും സമൂഹം കൽപ്പിച്ചു വരുന്ന നിലവാരങ്ങൾ തമ്മിലുള്ള അന്തരം അവർ പറ്റുന്ന പ്രതിഫലത്തിന്റേതിനോളം സമാനമാണെന്ന വസ്തുതയും നാമോർക്കേണ്ടതുണ്ട്. 

മുകളിൽ പറഞ്ഞ എല്ലാ ഉദാഹരണങ്ങളിലും സ്ത്രീ ഒരു ഇരയാണ്. എലിപ്പെട്ടിയുടെ ഇരുമ്പ് കൊളുത്തിൽ തീയിൽ ചുട്ടെടുത്ത നാളികേരക്കഷ്‌ണം വെക്കുന്നത് എലിയെ അതിലേക്ക് ആകർഷിക്കാനും നാളികേരക്കഷ്ണം തൊടുന്ന മാത്രയിൽ എലിയെ കൂട്ടിലടക്കാനുമാണ്. നാളികേരത്തോട് പ്രത്യേകപ്രിയമോ എലിയെ കൊണ്ടുപോയി ഓമനിച്ചേക്കാമെന്ന ലക്ഷ്യമോ അല്ല അതൊരുക്കുന്നവരുടെയുള്ളിൽ. ഇപ്രകാരം മനുഷ്യരുടെ കണ്ണുകളെ ആകർഷിക്കാനുള്ള ഇരയായിട്ടാണ് പെണ്ണിനെ കോർപ്പറേറ്റുകൾ അലങ്കരിച്ചു കൊണ്ടുനടക്കുന്നത്. അത്തരം കുതന്ത്രങ്ങളാണ് നിർഭാഗ്യത്തിന് കാലങ്ങളായി നമ്മുടെ പുരോഗമനത്തിന്റെ അടയാളങ്ങളും. 

സ്ത്രീശരീരം നമ്മുടെ കാഴ്ച്ചകൾക്ക് ആസ്വദിക്കാനുള്ളതാണെന്ന പൊതുബോധം സൃഷ്‌ടിച്ചെടുക്കുന്നതിൽ മാധ്യമങ്ങളും കോർപ്പറേറ്റുകളും വമ്പിച്ച വിജയം വരിച്ചിരിക്കുന്നു. അത്തരം കാഴ്ച്ചകൾ കണ്ടു ശീലിച്ച കണ്ണുകളുമായി നടക്കുന്നവർ തങ്ങളുടെ ബോധത്തിലും ആ ആസ്വാദനങ്ങൾ കൊണ്ടു നടക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് മുമ്പിൽ കാണുന്ന സ്ത്രീശരീരം, അത് പുരോഗമനവാദികൾ പുലമ്പുന്നതു പോലെ പർദ്ദയ്‌ക്കുള്ളിൽ പൊതിഞ്ഞതാണെങ്കിലും കാമാർത്തമായ കണ്ണുകളുടെ ഇരയായിപ്പോവുന്നത്. അതുകൊണ്ടു തന്നെ പർദ്ദ‌യ്ക്കുള്ളിൽ ഒതുങ്ങിക്കൂടിയാൽ എല്ലാമായെന്ന പ്രചാരണമാണ് ഇത്തരം പ്രതികരണങ്ങളെന്ന് വിചാരിച്ചു വശാവേണ്ടതില്ല. നല്ലതെന്തു പറയുമ്പൊഴും അത് പറയുന്നവന്റെ മതത്തിലേക്കു നോക്കി അജണ്ടവൽക്കരിക്കുന്ന തറവേലകളും എടുക്കേണ്ടതില്ല. 

സ്ത്രീ തനിക്കിഷ്‌ടമുള്ള വസ്ത്രം ധരിക്കരുത് എന്നതല്ല, മറിച്ച് സ്ത്രീശരീരത്തിന്റെ മാംസളതകൾ കോർപ്പറേറ്റുകളുടെ ചൂണ്ടയിലൂടെ സമൂഹത്തിലെ കണ്ണുകളിലേക്ക് എറിഞ്ഞു കൊടുക്കുന്ന ഇരമാത്രമാവരുത് എന്ന പ്രഖ്യാപനമാണുയരേണ്ടത്. അത് സ്ത്രീസമൂഹത്തിനു ബോധ്യപ്പെടാത്ത കാലത്തോളം ഇതൊരു തുടർക്കഥ മാത്രമാവും. കാരണം, സ്ത്രീശാക്തീകരണത്തിനു വേണ്ടി കച്ചകെട്ടിയിറങ്ങിയിരിക്കുന്ന പുരോഗമനവാദികൾക്ക് ഇത്തരം സത്യങ്ങൾ ഉൾക്കൊള്ളുവാനോ പ്രതികരിക്കുവാനോ കെൽപ്പുണ്ടാവണമെന്നില്ല. നമ്മുടെ കാഴ്ച്ചകളും ശീലങ്ങളും അത്തരം അപ്രിയസത്യങ്ങളെ നമുക്കു പ്രിയമുള്ളതാക്കിയെടുത്തു കഴിഞ്ഞിരിക്കുന്നു. അതിലപ്പുറം, അങ്ങനെയുള്ള പ്രതികരണങ്ങൾ പഴഞ്ചനും മതബോധത്തിൽ നിന്നുയർന്നു വരുന്നതുമാണെന്ന മുൻവിധിയും നമ്മുടെ വിവേകങ്ങൾക്കു മുമ്പേ നടന്നു പോകുന്നുമുണ്ട്. 

നമുക്കിനിയും സ്ത്രീ അമ്മയാണ്, സഹോദരിയാണ് എന്ന് നാഴികയ്ക്ക് നാൽപ്പതു വട്ടം പ്രഘോഷിക്കുകയും ആ മഹനീയ സ്ഥാനമലങ്കരിക്കുന്നവരെ തുണിയുരിഞ്ഞ് പ്രദർശിപ്പിക്കുന്ന പ്രവണതയെ പുരോഗമനമായി പരിണയിക്കുകയും ചെയ്യാം. അടിവസ്ത്രവും മുലക്കച്ചയും മാത്രമുടുത്ത് നടക്കുന്ന മദാമ്മമാർ നടക്കുന്ന കാഴ്ച്ചകളെ ഡിജിറ്റൽ ക്യാമറകളിൽ ഒപ്പിയെടുക്കാൻ മറക്കാതിരിക്കുകയുമാവാം. 


Thursday, November 22, 2012

കമ്പനി ഇടയ്ക്കിടെ തന്നുകൊണ്ടിരിക്കുന്ന സ്ഥലം മാറ്റം ആദ്യമാദ്യം മടുപ്പ് തോന്നിപ്പിച്ചിരുന്നു. 'എവിടെയും സ്വസ്ഥമായിരുന്ന് ജോലി ചെയ്യാന്‍ സമ്മതിക്കില്ല, അല്ലേ?' എന്നൊരു ചോദ്യം മനസ്സിലെപ്പോഴും കൊണ്ടുനടന്നിരുന്നു. ചെയ്തുകൊണ്ടിരിക്കുന്ന ജോലിയോ, ശ്രദ്ധയൂന്നിയിരിക്കുന്ന ഇടപാടുകളോ പൂര്‍ത്തിയാക്കാന്‍ സാവകാശം നല്‍കാതെ ഒരു സുപ്രഭാതത്തില്‍ സ്ഥലം മാറ്റമറിയിച്ചുകൊണ്ടുള്ള ഔദ്യോഗികസന്ദേശം ഔട്ട്‌ലുക്കില്‍ മിന്നിത്തെളിയുകയും, ഞൊടിയിടയില്‍ ഏതെങ്കിലും പാക്കിസ്ഥാനി ഡ്രൈവര്‍ വന്ന് "ഛലോ.. ഘാഢീ ഡബള്‍ പാര്‍ക്കിംഗ് മേ ഘടാ ഹേ.." എന്ന് പറയുകയും ചെയ്യുമ്പോള്‍ മനസ്സില്‍ തോന്നിയിരുന്ന ഈര്‍ഷ്യയും തമാശയും കൂട്ടുകാരുമായി പങ്കുവെച്ചിരുന്നു. ആറാം തമ്പുരാനിലേതാണെന്ന് തോന്നുന്നു, ഈയനുഭവം ഒരു സിനിമാരംഗത്തെ ഓര്‍മ്മിപ്പിച്ചിരുന്നു. വീട്ടിലിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന കലാഭവന്‍ മണിയെ വില്ലന്മാര്‍ വന്ന് തട്ടിക്കൊണ്ട് പോകുമ്പോള്‍, തടയാനോ എന്നാല്‍ പ്ലേറ്റില്‍ നിന്ന് കയ്യെടുക്കാനോ സാധിക്കാത്തൊരു സന്നിഗ്ദ്ധ ഘട്ടം. "നില്‍ക്കൂ.. ഞാനിതൊന്ന് തീര്‍ത്തോട്ടെ..." എന്ന് വിനീതമായി മണി അപേക്ഷിക്കുന്നുമുണ്ട്. അപ്രകാരം തന്നെ, കീബോര്‍‌ഡില്‍ നിന്ന് കയ്യെടുക്കാനോ ഡ്രൈവറുടെ ആജ്ഞയെ തിരസ്ക്കരിക്കാനോ സാധിക്കാത്ത കുറേ മുഹൂര്‍ത്തങ്ങള്‍ ചുരുങ്ങിയ കാലത്തിനിടയ്ക്ക് കമ്പനി സമ്മാനിച്ചിട്ടുണ്ട്.


എന്നിരുന്നാല്‍ തന്നെയും, തുടര്‍ച്ചയായ ഇത്തരം അനുഭവങ്ങള്‍, 'ഏതൊരു സാഹചര്യത്തെയും അവശ്യം ആത്മവിശ്വാസത്തോടെ സമീപിക്കാനും പുതിയ ആവാസ വ്യവസ്ഥയുമായി എളുപ്പം പൊരുത്തപ്പെട്ടുപോകാനും കൂടി എന്നെ പ്രാപ്തനാക്കുന്നില്ലേ' എന്നൊരു പോസിറ്റീവായ ചോദ്യം ചോദിച്ചുകൊണ്ടാണ്‌ മടുപ്പിക്കുന്ന ഏതു നിമിഷങ്ങളെയും ഞാന്‍ ധന്യമാക്കുന്നത്. ഒരു പരിധിവരെ ആ ചോദ്യത്തില്‍ കഴമ്പും ഉണ്ട്. അതുകൊണ്ടു തന്നെയാണല്ലോ ഏറ്റവുമവസാനം കിട്ടിയ സ്ഥലം മാറ്റത്തില്‍, റൂമിലെത്തിയാല്‍ "ഇന്‍‌ത അമല്‍ ഏ..?" എന്ന് ആയ കാലത്തൊന്നും ഏതൊരു ലിപിയിലും എഴുതിക്കണ്ടിട്ടില്ലാത്ത അറബി പറയുന്ന ഈജിപ്‌തുകാര്‍ക്കും താഴെയിറങ്ങിയാല്‍ കേള്‍ക്കുന്ന ബംഗാളികളുടെ നിറഞ്ഞ കലപിലകള്‍ക്കുമിടയില്‍ മനസ്സിലിരുന്ന്‌ വീര്‍പ്പുമുട്ടുന്ന മലയാളവുമായി ഞാന്‍ വലിയ ദുഃഖങ്ങളൊന്നുമില്ലാത കഴിച്ചുകൂട്ടുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ കുറച്ചൊരു ഉയരത്തില്‍ നിന്ന് പിരടിക്ക് പിടിച്ച് താഴോട്ടെറിഞ്ഞാല്‍ കൃത്യമായി ഭൂമിയില്‍ ലാന്‍ഡു ചെയ്യാന്‍ പരിശീലനം നേടിയ പൂച്ചയായിട്ടുണ്ട് ഞാന്‍.


അതു പറഞ്ഞപ്പോഴാണൊരു കാര്യമോര്‍ത്തത്. തീര്‍ത്തും ഒറ്റപ്പെട്ട വര്‍ത്തമാനജീവിതത്തിന്റെ ഭാഗം തന്നെയാണ്‌ രാത്രിഭക്ഷണത്തിനു ശേഷമുള്ള ഏകാന്തനടത്തവും. അങ്ങനെ നടക്കവേ കണ്ട, മനോഹരമായ മങ്ങിയ വെളിച്ചം പരത്തുന്ന പള്ളിയുടെ വിശാലമായ മുറ്റത്ത് വിരിച്ച കാര്‍പെറ്റില്‍ കേറി നിന്ന് രാത്രി നമക്കാരത്തിനായി കൈകെട്ടി. ചുറ്റുവട്ടത്തെങ്ങും ആളനക്കമൊന്നുമില്ലാത്ത ആ നേരത്ത് നിസ്ക്കരിച്ചുകൊണ്ടിരുന്ന എന്റെ കാലില്‍ എന്തോ ഒരു ജീവി വന്ന് ഉരസുന്നത് ശ്രദ്ധിച്ചു. നിസ്ക്കരിക്കുന്ന സമയത്ത് കാലില്‍ തറച്ച അമ്പ് ഊരിയെടുത്തിട്ടും അത് അറിയാതെ പോയ സൂഫിയുടെയും എന്റെയും മനഃസാന്നിധ്യങ്ങള്‍ തമ്മില്‍ കഥയുടെയും യാഥാര്‍ത്ഥ്യത്തിന്റെയും അന്തരമുള്ളതുകൊണ്ടാവണം ഞാന്‍ അങ്ങനെയൊരു ഉരസല്‍ അനുഭവിച്ചതും പെട്ടെന്ന് ശ്രദ്ധിച്ചതും. നോക്കുമ്പോള്‍ ചാരനിറത്തിലുള്ള ഒരു പൂച്ചയാണ്‌. ഞാന്‍ നിറുത്തത്തിലാവുമ്പോള്‍ എന്റെ കാലില്‍ വന്ന് തന്റെ ശരീരമൊന്നുരസുകയും നിസ്ക്കാരത്തിന്റെ സാഷ്ടാംഗ വണക്കം പോലെയുള്ള മറ്റുകര്‍മ്മങ്ങളിലേക്ക് പോവുമ്പോള്‍ എന്നെ പ്രയാസപ്പെടുത്താതെ അരികത്ത് ഒതുങ്ങിയിരിക്കുന്നതും കണ്ടു.





നിസ്ക്കാരം ദൈവവുമായിട്ടുള്ള ആത്മഭാഷണമാണ്‌. അപ്പൊഴും ദൈവത്തിന്റെ ഈ നിസാര സൃഷ്ടിയില്‍ നിന്നുള്ള അനുഭവം ഞാനാസ്വദിക്കുകയായിരുന്നു. ചെറുപ്പകാലത്ത് വീടിന്റെ പരിസരത്ത് കണ്ടിരുന്ന പൂച്ചയ്ക്ക് ചോറ് കൊടുത്താല്‍ അത് തിന്ന ശേഷം എന്റെ കാലില്‍ മുട്ടിയുരുമ്മുമായിരുന്നു. അതിന്‌ സ്നേഹവും ഇണക്കവും പ്രകടിപ്പിക്കാനുള്ള ചേഷ്‌ടയായിരിക്കണമതെന്ന് ഞാനൂഹിച്ചിരുന്നു. അങ്ങനെയാണെങ്കില്‍ സ്നേഹപ്രകടനത്തിന്‌ പൂച്ചയുപയോഗിക്കുന്ന ചേഷ്‌ടകള്‍ക്ക്, സാങ്കേതികമായോ സാംസ്ക്കാരികമായോ അവ ഒട്ടും മുന്നേറിയില്ല എന്നതുകൊണ്ടു തന്നെ, ഇന്നും മാറ്റമൊന്നുമില്ല. പണ്ടെന്നതുപോലെ ഇന്നും പൂച്ചയ്ക്ക് നിസ്ക്കാരമോ പ്രാര്‍ത്ഥനയോ വിഷയവുമല്ല.


സാംസ്ക്കാരികമായ പുരോഗമനവും സാങ്കേതികമായ മുന്നേറ്റവും മതപരമായ ഉല്‍ഘോഷങ്ങളും കൊണ്ട് ഏറെ മുന്നേറിയത് നമ്മള്‍ മനുഷ്യര്‍ മാത്രമാണ്‌. അപ്പൊഴും എല്ലാ മതാചാരങ്ങള്‍ക്കുമപ്പുറം സ്നേഹപ്രകടനത്തിന്റെ നിഷ്‌ക്കളങ്കമായ ഒരു മുട്ടിയുരുമ്മലിനു പോലും മനസ്സില്ലാതെ പോവുന്നതും നമ്മിലാണല്ലോ.

[image courtesy: http://www.helpinghomelesscats.com/]

Monday, June 25, 2012


നാട്ടിലെ മഴക്കാലം ഒരനുഭൂതിയാണ്‌. പഴയവീട്ടിലെ മഴയോര്‍മ്മകള്‍ ഏറെ ഹൃദ്യമാണ്‌. രാവിലെ എണീറ്റ് പുറത്തേക്ക് നോക്കുമ്പോള്‍ രാത്രി പെയ്‌ത മഴയില്‍ നനഞ്ഞു കിടക്കുന്ന മണല്‍ കാണാം.  മുറ്റത്തേക്കിറങ്ങിയാല്‍, ഓടുപാകിയ മച്ചില്‍ നിന്നും വീണ മഴത്തുള്ളികള്‍ മുറ്റത്തെ മണലില്‍ കൃത്യമായ അകലത്തിലും വരിയിലും ചിത്രമൊരുക്കിയിരിക്കുന്നതു കാണാം. മഴത്തുള്ളിയേറ്റ് മണലെല്ലാം മാറിപ്പോയപ്പോള്‍ ബാക്കിയായ ചുവന്ന ചെറിയ കല്ലുകള്‍ എഴുന്നു നില്‍ക്കുന്നത് കാണാം. മുരിക്കിന്‍ മരത്തിലെ ഇലകളില്‍ ഇനിയും വറ്റിയിട്ടില്ലാത്ത ജലകണങ്ങള്‍ കാണാം.
അടുക്കളപ്പുറത്തെ ചെമ്മണ്ണ്‌ കൊണ്ട് കെട്ടിയുയര്‍ത്തിയ തിണ്ണയിലേക്ക് മഴവെള്ളം വീഴാതിരിക്കാന്‍ മച്ചിന്‍പുറത്ത് പാകിയ ഓടുകളോട് ചേര്‍ത്ത് കുറച്ചു കൂടി  ഇറക്കത്തില്‍  മെടഞ്ഞ ഓലകള്‍ കെട്ടിവെച്ചിരിക്കും. ഓലപ്പീലികളിലൂടെ ഊര്‍ന്നിറങ്ങുന്ന ജലധാരകളെ ശേഖരിക്കാന്‍ നിലത്ത് പ്ലാസ്റ്റിക് ബക്കറ്റുകള്‍ വെച്ചിരിക്കും. ബക്കറ്റ് നിറഞ്ഞ് തുളുമ്പുന്നുണ്ടാവും. ബക്കറ്റിന്റെ ഏറ്റവുമടിയില്‍, മച്ചിലെ ഓട്ടില്‍ നിന്ന് വെള്ളത്തോടൊപ്പമിറങ്ങി വന്ന ഉണങ്ങിയ പായലിന്റെ കറുപ്പ് കാണാം. ഓലയുടെ തടസ്സവും ഭേദിച്ച് തിണ്ണയിലേക്കൂര്‍ന്നിറങ്ങുന്ന വെള്ളം ചെമ്മണ്ണിനെ മെല്ലെ അടര്‍ത്തി മാറ്റിയെടുക്കുന്നു. അടര്‍ന്നു പോയ ചെമ്മണ്ണും മണലുമെല്ലാം കൂടി കൈവെള്ളയില്‍ വാരിയെടുത്ത് തല്‍സ്ഥാനത്തേക്ക് തേച്ച് പിടിപ്പിക്കാന്‍ പാടുപെടുന്ന ഉമ്മയെയും കാണാം.
മഴയെ അവഗണിച്ച് രാവിലെ തന്നെ അലക്കാനുള്ള വസ്ത്രങ്ങളുമെടുത്ത് പുറത്തിറങ്ങിയ ഉമ്മയോട് "എന്തിനാണുമ്മാ മഴയത്ത് അലക്കാന്‍ നില്‍ക്കുന്നേ" എന്ന ചോദ്യത്തോടെ അടുക്കളപ്പുറത്തെ മുറ്റത്ത് തളം‌കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ കാലുവീശി അങ്ങോട്ടുമിങ്ങോട്ടും നടക്കാന്‍ തുടങ്ങുമ്പോള്‍ "എനിക്കിപ്പോ കഴിയും.. നീ മഴ കൊള്ളാതെ അകത്തേക്ക് പോ!" എന്ന അറിയിപ്പ് കേട്ട് ഞാന്‍ മടങ്ങും. അതിനു മുമ്പ് കിണറ്റിലെ വെള്ളം എത്രത്തോളം പൊങ്ങി എന്ന ഒരു പരിശോധന കൂടി നടത്തും.
കര്‍ക്കിടകത്തിലെ തിമിര്‍ത്ത് പെയ്യുന്ന മഴ ഒന്ന് തോര്‍ന്ന് കിട്ടുന്ന നേരം വീട്ടില്‍ നിന്ന് പത്തന്‍‌പത് ചുവട് മാത്രം അകലെയുള്ള പുഴയെ കാണാന്‍ പോകും. കരകവിഞ്ഞൊരുകുന്ന പുഴയെ ദൂരെ നിന്ന് നോക്കി നില്‍‌ക്കും. ചെമ്മണ്ണിന്റെ വര്‍ണ്ണമുള്ള പുഴ, ചക്കയും ചത്ത കോഴിയും ആടും അടക്കയുമെന്നു തുടങ്ങി ഒരുമാതിരി സാമാനങ്ങളൊക്കെ വഹിച്ച് കൊണ്ട് ധ്രുതഗതിയില്‍ തെക്കോട്ടൊഴുകുന്ന കാഴ്ച്ച കൗതുകവും ഭീതിയും പകരും.
വീടിന്റെ പടിഞ്ഞാറു ഭാഗത്ത് കുറച്ചു നടന്നാല്‍ കടലാണ്‌. വെയിലൊന്നെത്തി നോക്കുന്ന നേരത്ത് കടപ്പുറത്ത് പോയാല്‍ ആണുങ്ങളും പെണ്ണുങ്ങളുമായി കുറേ പേരെക്കാണാം. കടപ്പുറത്ത് അടിഞ്ഞു കൂടുന്ന വിറകു കഷ്‌ണങ്ങളെല്ലാം ശേഖരിച്ച്, കടപ്പുറത്തെ മണലില്‍ തന്നെ വളരുന്ന വള്ളിപ്പടര്‍പ്പില്‍ നിന്നുമൊരു കഷ്‌ണമെടുത്ത് കെട്ടി ചുമന്ന് കൊണ്ടു പോവുന്ന സ്‌ത്രീകള്‍. അവരതു കൊണ്ടു പോയി മുറ്റത്ത് ഉണങ്ങാനിടും. മഴ ചാറുന്നത് കണ്ടാല്‍ ഓടിപ്പോയി പെറുക്കിയെടുക്കും. ചെറിയവരും വലിയവരുമായ ആണുങ്ങള്‍ അകലങ്ങള്‍ പാലിച്ച് നിരയായി നിന്ന് ചൂണ്ടയിടുന്ന കാഴ്ച്ചയും കടപ്പുറത്ത് കാണാം. 
കടല്‍ രൗദ്രഭാവം പൂകുന്ന നാളു കൂടിയാണ്‌ മഴക്കാലം. തന്റെ വലിയ നാവു നീട്ടി കരയിലുള്ളതെന്തും നക്കിയെടുത്തു കൊണ്ടുപോകാന്‍ അലറി വരുന്നൊരു ഭീകരജീവിയെപ്പോലെ തോന്നിക്കും കടല്‍ ചിലപ്പോള്‍. കടപ്പുറത്തോട് ചേര്‍ന്നു കിടക്കുന്ന നാട്ടുകാരുടെ പറമ്പില്‍ നിന്ന് ഓരോ വര്‍ഷവും എത്രയോ തെങ്ങുകളെയാണ്‌ കടല്‍ കടപുഴക്കിയെടുക്കുന്നത്..! എത്ര കോപിച്ചാലും കര്‍ക്കിടകം കഴിഞ്ഞാല്‍ പിന്നെയൊരു നാടിനെ മൊത്തം മടിയിലിരുത്തി അന്നമൂട്ടാനും കടലമ്മ തയ്യാര്‍.
സ്‌ക്കൂളിലേക്ക് പോകുമ്പോള്‍ മഴയുണ്ടെങ്കിലും ഇല്ലെങ്കിലും കയ്യില്‍‌പ്പിടിപ്പിക്കുന്ന കുട പക്ഷേ, സ്‌ക്കൂള്‍ വിടുമ്പോള്‍ മഴയുണ്ടെങ്കില്‍ മാത്രമേ തിരികെ വീട്ടിലേക്കെത്തൂ. "നിനക്ക് ഓരോ ദിവസവും ഓരോ കുട മേടിച്ചു തരേണ്ട ഗതിയാണല്ലോ" എന്ന പരിഭവം പലപ്പോഴും കേട്ടിട്ടുണ്ട്. ഒഴിവുള്ള പിരീഡുകളില്‍ "റഫ് ബുക്കി"ന്റെ പേജ് കീറി തോണിയുണ്ടാക്കി ക്ലാസിന്റെ മുറ്റത്തു കൂടിയൊഴുകുന്ന വെള്ളത്തിലേക്ക് തോണിയിറക്കും. സ്‌ക്കൂള്‍ വിട്ട് വരുന്ന വഴിയില്‍ റോഡിനു വശത്തായി കാണുന്ന വെള്ളച്ചാലിലേക്ക് കാലിലെ ഹവായ് ചെരുപ്പിറക്കുന്നതും കുത്തിയൊലിക്കുന്ന വെള്ളത്തിനൊപ്പം കുതിക്കുന്ന ചെരുപ്പിന്റെ പിന്നാലെ ഓടുന്നതും പതിവു പരിപാടിയായിരുന്നു.
http://www.trekearth.com/gallery/Asia/India/South/Kerala/Chalakudy/photo830785.htm

മഴപെയ്യുന്ന ഉച്ചനേരത്ത് വീടിനകത്തിരുന്ന് ചൂടുള്ള വെള്ളരിച്ചോറും പയര്‍ മുളകില്‍ വെച്ച കറിയും ഉണക്കമീനും കൂട്ടുക്കഴിക്കുന്നത് എന്തുകൊണ്ടിന്നുമിത്ര ഹൃദ്യവും രുചികരവുമായ ഓര്‍മ്മയാവുന്നുവെന്നരിയില്ല. വിറകിനും ഭക്ഷണത്തിനും സമ്പത്തിനുമെല്ലാം വറുതി ബാധിക്കുന്ന മഴക്കാലത്തും വിശപ്പറിയാതെ തന്നെയാണു വളര്‍ന്നതെന്ന സത്യം മനസ്സിലേക്ക് പലവികാരങ്ങളെയാണു കൊണ്ടുവരുന്നത്.
രാത്രി കത്തിച്ചുവെക്കുന്ന ചിമ്മിനിവിളക്ക് എത്രതന്നെ മറയത്ത് വെച്ചാലും ഇടയ്ക്കൊരു കുസൃതിക്കാറ്റു വന്ന് കെടുത്തിക്കളയും. ഉപ്പ തന്റെ കയ്യിലുള്ള തീപ്പെട്ടിക്കോലുരച്ച് ചിമ്മിനിവിളക്കിലേക്കെത്തുന്നതു വരെ കെട്ടുപോകാതിരിക്കാന്‍ കൈവെള്ളയെ ഉള്ളിലേക്കൊതുക്കി നടന്നുപോകുന്ന കാഴ്ച്ച രസകരമായിരുന്നു. ശക്‌തമായ വെള്ളിവെളിച്ചം സ്ഫുരിച്ച് മിന്നലെറിയുമ്പോള്‍ തൊട്ടടുത്ത് വരാന്‍ പോകുന്ന അതിശക്‌തമായൊരിടി ശബ്ദത്തെ പേടിയോടെ കാതോര്‍ത്തിരിക്കും. ഉമ്മയുടെ കൈകോര്‍ത്തു പിടിക്കും. നെഞ്ചോടു ചേര്‍ത്തുപിടിക്കുന്ന ഉമ്മയുടെ ചൂടേറ്റ് മഴയുടെ താളം കേട്ട് ഭൗതികതയുടെ സുഖം മാത്രമറിഞ്ഞങ്ങനെയുറങ്ങും.

ജഗജിത് സിംഗ് മനസ്സിലിരുന്നിപ്പോള്‍ പാടുന്നു;
ന ദുനിയാ ക ഗം ഥാ.. ന രിശ്‌തോം കെ ബന്ധന്‍
ബഢീ ഖൂബ്‌സൂരഥ് ഥീ വോ സിന്ദ്‌ഗാനീ..
ലൗകിക ദുഃഖങ്ങളോ ബന്ധങ്ങളുടെ കെട്ടുപാടുകളോ ഇല്ലാത്ത
ആ ജീവിതമെത്ര മധുരമനോഹരമായിരുന്നു
യേ ദൗലത് ഭീ ലേലോ.. യെ ശുഹ്‌റത്ത് ഭീ ലേലോ..
ഭലേ ചീന്‍ ലോ മുഛ്‌സെ മേരീ ജവാനീ..
എന്റെ സമ്പത്തും പ്രശസ്‌തിയുമെല്ലാമെടുത്തു കൊള്ളുക..
വേണമെങ്കിലെന്റെ യുവത്വം തന്നെയുമെടുത്തു കൊള്ളുക..
മഗര്‍ മുഛ്കോ ലോടാ ദൊ ബച്‌പന്‍ കാ സാവന്‍
വോ കാഗസ് കി ക‌ശ്‌ത്തീ.. വോ ബാരിശ് കാ പാനീ..
പക്ഷേയെനിക്കെന്റെ ബാല്യം തിരികെത്തരിക..
ആ കടലാസു വഞ്ചിയും.. പിന്നെയാ മഴവെള്ളവും...


Where I feel poetic

Followers

Popular Posts