ബദിയഡുക്കയില്‍ വെച്ചുനടന്ന വിദ്യാലയ സംബന്ധിയായ ഒരു യോഗത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഞാന്‍. വണ്ടിയില്‍ സ്ഥലമുണ്ടെന്നതിനാല്‍ എന്റെ ഗുരുനാഥന്‍ കൂടിയായ പപ്പന്‍ മാഷിനെയും ഒപ്പം കൂട്ടി. ചെറുതും വലുതുമായ വിഷയങ്ങള്‍ പറഞ്ഞും പങ്കുവെച്ചും യാത്ര തുടരവേ റോഡിനു കുറുകെയൊരു കീരി കടന്നുപോവുന്നതു ഞങ്ങള്‍ കണ്ടു. പപ്പന്‍ മാഷ് ചോദിച്ചു: "ഈ കീരിയെന്തു കൊണ്ടിങ്ങനെ നമ്മുടെയിടയിലിത്ര സ്വതന്ത്രമായി നടക്കുന്നുവെന്നറിയാമോ?" 'എന്തായിരിക്കും?' എന്നൊരു മറുചോദ്യമുന്നയിച്ച് ഞാന്‍ കൗതുകം പൂണ്ടു. "പൊതുവിദ്യാഭ്യാസം സമൂഹത്തില്‍ പടര്‍ത്തിയ തിരിച്ചറിവിന്റെ ഗുണമുണ്ട് അതില്‍". പപ്പന്‍ മാഷ് പറഞ്ഞു.
പെട്ടെന്ന് പ്രൈമറി പാഠപുസ്തകങ്ങളിലേക്കും അതില്‍ സൂക്ഷ്മമായി ഉള്ളടക്കം ചെയ്തിട്ടുള്ള ആശയങ്ങളിലേക്കുമാണ് എന്റെ ചിന്ത പോയത്.
സഹജീവിസ്നേഹവും പ്രകൃതിസ്നേഹവുമെല്ലാം ഓരോ പഠനപ്രവര്‍ത്തനത്തിലും ഉള്‍ച്ചേര്‍ന്നിരിക്കുന്ന വിധത്തിലാണ് പ്രൈമറി തലത്തിലെ പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. റോഡുമുറിച്ചു കടക്കാന്‍ തുനിയുന്ന അന്ധനായ മനുഷ്യനെ സഹായിക്കുന്ന കുട്ടിയുടെ ചിത്രം കൊണ്ട് തുടങ്ങുന്ന പാഠപുസ്തകത്തെ ഞാനോര്‍ത്തു. കാട്ടിലെ ഒരാശുപത്രിയില്‍ നടക്കുന്ന സംഭവങ്ങള്‍ കോര്‍ത്തിണക്കിയ നാടകവും അതില്‍ പനിച്ചുവിറക്കുന്ന കോഴിയെ താങ്ങിയെടുത്ത് ആശുപത്രിയിലെത്തിക്കുന്ന കുറുക്കന്റെ കഥാപാത്രവും എന്റെയോര്‍മ്മയില്‍ തെളിഞ്ഞു. മരത്തിനു മുകളിലെ കൂട്ടില്‍ നിന്ന് താഴെ വീണുപോയ പക്ഷിക്കുഞ്ഞിനെ തിരിച്ച് അതിന്റെ കൂട്ടിലെത്തിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ബാലന്റെ കഥ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാനുണ്ടെന്നതും എനിക്കോര്‍മ്മ വന്നു.
ഇത്തരത്തില്‍ മനുഷ്യരോടും ഇതരജീവികളോടും പ്രകൃതിയോടു തന്നെയും സ്നേഹവും കരുണയും ഉണ്ടായിരിക്കണമെന്ന് ചിന്തയുറയ്ക്കുന്ന പ്രായത്തില്‍ നമ്മുടെ മക്കള്‍ പൊതുവിദ്യാലയങ്ങളിലിരുന്ന് പഠിച്ചെടുക്കുന്നുണ്ട്. പ്രകൃതിയിലെ ഓരോ സൃഷ്ടിക്കും അതിന്റെ ദൗത്യം നിര്‍വ്വഹിക്കാനുണ്ടെന്ന തിരിച്ചറിവ് അവര്‍ സ്വായത്തമാക്കുന്നുണ്ട്. ഒരു കീരിയോ കുരുവിയോ തുമ്പിയോ പലപ്പോഴും നമ്മുടെ വഴികളില്‍ നോവിക്കപ്പെടാതെ പോവുന്നതിന്റെയും സ്വതന്ത്രവിഹാരം നടത്തുന്നതിന്റെയും പിന്നില്‍ കാലങ്ങളായി വിദ്യാലയങ്ങള്‍ നിര്‍വ്വഹിച്ചു പോരുന്ന ഈ ദൗത്യസാഫല്യവുമുണ്ട്. "ആരാ ഇവന്ന് ഒരു പെന്‍സില്‍ കൊടുക്കുക?" എന്ന് പെന്‍സില്‍ കൊണ്ടുവരാത്തവന്നു വേണ്ടി അധ്യാപകന്‍ സഹായമഭ്യര്‍ഥിക്കുമ്പോള്‍ "ഞാന്‍!" എന്ന് ചാടിവീഴുന്ന കുട്ടികള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന പാഠങ്ങള്‍ പലതാണ്.
'എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്' എന്ന് ആവര്‍ത്തിച്ചു പറയുന്ന വാചകങ്ങളില്‍ നിന്നെന്നതിനേക്കാള്‍ സമത്വവും സാഹോദര്യവും നീതിബോധവും സാമൂഹ്യബോധവും കരുണയുമെല്ലാം ഇത്തരം പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികള്‍ ഉള്‍ക്കൊള്ളുന്നു. ഇങ്ങനെ പഠിക്കാനും ഉള്‍ക്കൊള്ളാനും അവസരം ലഭിച്ച മക്കള്‍ ചേര്‍ന്ന സമൂഹമാണ് നമുക്കിടയില്‍ വളര്‍ന്നു വരുന്നത്. അതു പകരുന്ന ആശ്വാസം വളരെ വലുതാണ്.
സമൂഹത്തിലെ എല്ലാ തുറകളില്‍ നിന്നുമുള്ള മനുഷ്യരോടൊപ്പം ചേര്‍ന്നുപഠിക്കാനും പാടാനും കളിക്കാനും സാധിക്കുകയെന്നത് പരസ്പരം അറിയാനും ഉള്‍ക്കൊള്ളാനുമുള്ള അവസരം കൂടിയാണ്. അതു നഷ്ടപ്പെടുത്തി നമ്മുടെ മക്കളെ വിഭാഗീയതയുടെയും വര്‍ഗ്ഗീയതയുടെയും വിത്തുകള്‍ മുളപ്പിക്കുന്നിടങ്ങളില്‍ കൊണ്ടുചേര്‍ക്കുന്നതിനു മുമ്പ് ഒരിക്കലല്ല, ഒരായിരം വട്ടം ചിന്തിക്കേണ്ടതുണ്ട്.
നമ്മളെന്നും അവരെന്നും മനുഷ്യരെ വേര്‍തിരിക്കപ്പെടുന്നുണ്ടെന്ന് അതിന്റെ കാര്യവും കാരണങ്ങളുമൊന്നും തൊടാതെ കുട്ടികള്‍ പഠിച്ചുവെക്കുന്നത് വലിയ ദുരന്തമാണ്. അതുതന്നെയാണ് കൗമാരം കടന്നിട്ടില്ലാത്ത കുട്ടികള്‍ പോലും മനുഷ്യരുടെ കഴുത്തറുക്കുന്ന സാഹചര്യത്തിലേക്ക് കൊണ്ടെത്തിക്കുന്നതും. പ്രാര്‍ത്ഥിക്കാന്‍ പോകുന്ന ആലയമോ കൈയ്യിലേന്തുന്ന കൊടിയോ ധരിക്കുന്ന വസ്ത്രമോ മാറിയതു കൊണ്ട് മറ്റൊരാള്‍ നമുക്ക് വെറുക്കപ്പെടേണ്ടവനാകുന്നുവെന്ന പാഠം കൗമാരമനസ്സുകളില്‍ നിറയ്ക്കുന്നതാരാണ്?! അത്തരം സംഘങ്ങളില്‍ നിന്ന് നമ്മുടെ മക്കളെ രക്ഷിച്ചെടുക്കേണ്ടതില്ലേ ?
മത, രാഷ്ട്രീയ, സംഘടനാ ഭേദമില്ലാതെ തന്നെ പറയട്ടെ, ഏതൊരു സംഘത്തോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോഴും ആ കൂട്ടത്തിനും അവരുടെ ആശയത്തിനുമപ്പുറത്ത് മറ്റനേകം കൂട്ടങ്ങളും ആശയാവലികളും കൂടിയുണ്ടെന്നും അത്തരം വൈവിധ്യങ്ങള്‍ കൂടി ഉള്‍ച്ചേര്‍ന്നതാണ് ഈ ഭൂമിയുടെ നിലനില്‍പ്പെന്നും കൂടി നമ്മുടെ മക്കളെ പറഞ്ഞു ബോധ്യപ്പെടുത്തുവാന്‍ മറന്നുപോകരുത്!. കൗമാര കാലഘട്ടങ്ങളിലെ കുട്ടികളില്‍ പലരും അവര്‍ ചേര്‍ന്നുപ്രവര്‍ത്തിക്കുന്ന, അനുധാവനം ചെയ്യുന്ന കൂട്ടത്തിനപ്പുറത്തെ ലോകത്തേക്ക് ചെവിയോര്‍ക്കുന്നേയില്ലെന്ന അനുഭവം ഉള്ളതുകൊണ്ടാണ് ഇതിപ്പടി ഊന്നിപ്പറയേണ്ടി വരുന്നത്. അവര്‍ തങ്ങളുടെ നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങളും ന്യായീകരണങ്ങളും സംശയലേശമന്യേ ഉള്‍ക്കൊള്ളാന്‍ തയ്യാറാവുകയാണ് ചെയ്യുന്നത്. ഈ അപകടം എല്ലാ രക്ഷിതാക്കളും തിരിച്ചറിയേണ്ടതുണ്ട്.
ഒരു അനുഭവം കൂടി പറഞ്ഞ് അവസാനിപ്പിക്കാം. കാസറഗോഡ് വെച്ച് നടന്ന അധ്യാപകന്റെ കൊലയ്ക്ക് പിന്നാലെ ഒരു യുവ കച്ചവടക്കാരന്റെ കടയ്ക്ക് സാമൂഹ്യദ്രോഹികള്‍ തീവെക്കുകയുണ്ടായി. ആ സുഹൃത്തിന്റെ കടയില്‍ നിന്ന് ഇടയ്ക്ക് ഞാന്‍ സാധനങ്ങള്‍ വാങ്ങാറുണ്ട്. കഴിഞ്ഞ ദിവസം അവന്റെ കടയില്‍ പോയി. കുശലാന്വേഷണം നടത്തി. കട കത്തിയ അനുഭവത്തെക്കുറിച്ച് ചോദിച്ചു. അവന്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടയില്‍ പറഞ്ഞു: "ഞാന്‍ ആരെയും ശല്യപ്പെടുത്താനൊന്നും പോയിട്ടില്ല. ഞാന്‍ സഹായിക്കുകയേ ചെയ്തിട്ടുള്ളൂ. എന്റെ അച്ഛന്‍ ഞങ്ങളെ അങ്ങനെയാണ് വളര്‍ത്തിയത്. എന്നെ അറിയാവുന്നവര്‍ ഇങ്ങനെ ചെയ്യുമ്പോള്‍ ഉണ്ടാവുന്ന സങ്കടം ചെറുതല്ല.." അവന്റെ കണ്ണുകള്‍ നനഞ്ഞു. ഞാന്‍ വല്ലാതെയായി. എന്നാലാവുന്ന വിധം ആശ്വസിപ്പിച്ച് ഞാന്‍ തിരിച്ചുവന്നു.
മുകളില്‍ പറഞ്ഞതു തന്നെ ആവര്‍ത്തിക്കട്ടെ. രക്ഷിതാക്കളേ, നിങ്ങളുടെ മക്കളെ ഈ സമൂഹത്തിന്റെ വൈവിധ്യങ്ങളെക്കുറിച്ച് പഠിപ്പിക്കുക. ഈ കെട്ട കാലത്ത് അതൊരു വലിയ നന്മയാണ്.
Friday, April 7, 2017
Subscribe to:
Post Comments (Atom)
0 വായനകളിങ്ങനെ:
Post a Comment