ഇസ്ലാമില്‍ ചില ദിവസങ്ങള്‍ക്ക് മറ്റു ചില ദിവസങ്ങളേക്കാള്‍ ശ്രേഷ്ഠത നല്‍കിയിട്ടുണ്ട്. ചില ദിവസങ്ങളില്‍ നോമ്പെടുക്കല്‍ പുണ്യമാക്കിയിട്ടുണ്ട്. ചില സമയത്ത് നിസ്ക്കാരങ്ങള്‍ക്ക് ശ്രേഷ്ഠത കല്പ്പിച്ചിട്ടുണ്ട്. ചില വേളകളില്‍ പ്രാര്‍ത്ഥനകള്‍ പ്രോല്‍സാഹിപ്പിച്ചിട്ടുണ്ട്. ഇവയെല്ലാം സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിന്റെ യുക്തിക്കും കല്പ്പനയ്ക്കും അനുസരിച്ചാണ്. മനുഷ്യര്‍ കൂടുതല്‍ ദൈവസ്മരണയില്‍ മുഴുകാനും സല്‍ക്കര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കാനും അങ്ങനെ ജീവിതം സത്പാന്ഥാവില്‍ സഞ്ചരിക്കാനും പ്രോല്‍സാഹിപ്പിക്കുന്നതാണ് ഇത്തരം ഘടകങ്ങള്‍.
ഏതൊക്കെ കര്‍മ്മങ്ങളാണ്, എപ്പൊഴൊക്കെയാണ് നിര്‍വ്വഹിക്കേണ്ടതെന്ന് പ്രവാചകന് (സ) തന്റെ ഇരുപത്തിമൂന്ന് വര്‍ഷത്തെ പ്രബോധന ജീവിതത്തിനിടയില്‍ ലോകത്തിന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ട്. പ്രവാചകന്റെ ഓരോ ചലനങ്ങള്‍ പോലും ഇന്ന് ലോകത്തിന്ന് മുമ്പില്‍ തുറന്ന പുസ്തകമായി ഹദീസുകളിലൂടെ വിവരിക്കപ്പെടുന്നു. വിശ്വാസികള്‍ തങ്ങളുടെ ജീവിതം ക്രമപ്പെടുത്തുന്നത് അല്ലാഹുവിന്റെ കലാമായ (സംസാരം/വര്‍ത്തമാനം) ഖുര്‍ആനിനും പ്രവാചകചര്യയായ ഹദീസിനും അനുസൃതമായിട്ടാണ്.
എന്നാല്‍, മുസ്ലിംകളില് ഒരു വലിയ വിഭാഗം ആളുകള്‍ റജബ് ഇരുപത്തിയേഴാം നാളിനെ, പ്രവാചകന് ആകാശാരോഹണം നടത്തിയതിന്റെ ഓര്‍മ്മ പുതുക്കാന്‍ വേണ്ടി ഉപയോഗിക്കുന്നുണ്ട്. പ്രവാചകന്റെ രാപ്രയാണത്തെ സംബന്ധിച്ച് ഖുര്‍ആന്‍ സൂറഃ ഇസ്രാഇല് പറയുന്നുണ്ട് : "തന്റെ ദാസനെ ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്സായിലേക്ക് - അതിന്റെ പരിസരം നാം അനുഗ്രഹീതമാക്കിയിരിക്കുന്നു- നിശായാത്ര ചെയ്യിച്ചവന്‍ എത്രയോ പരിശുദ്ധന് !. നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹത്തിന് നാം കാണിച്ചു കൊടുക്കാന്‍ വേണ്ടിയത്രെ അത്. തീര്‍ച്ചയായും അവന് (അല്ലാഹു) എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ." (സൂറഃ ഇസ്രാഅ് - 1)
മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്സായിലേക്ക് രാപ്രയാണം നടന്നതിനെ 'ഇസ്രാഅ് എന്നും അവിടെ നിന്നും ആകാശത്തേക്കുയര്‍ത്തപ്പെട്ടതിനെ 'മിഅ്റാജ്' എന്നും പറയുന്നു.
ഒറ്റ രാത്രിയില്‍ സഞ്ചരിച്ച് തിരിച്ചു വരാന്‍ പ്രയാസമായ ഈ വഴിദൂരം യാത്ര ചെയ്തെന്ന് പിറ്റേ ദിവസം ഖുറൈശികളോട് പ്രവാചകന് പറഞ്ഞപ്പോള്‍ പലരും അത് അവിശ്വസിക്കുകയും, വിശ്വാസികള്‍ പോലും സംശയം പ്രകടിപ്പിക്കുകയും ചെയ്തപ്പോള്‍, പ്രവാചകന്ന് തുണയും തണലുമായി കൂടെ ജീവിച്ച അബൂബക്കര്‍ (റ) പറഞ്ഞത് 'പ്രവാചകന് (സ) അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് സത്യമായിരിക്കും, ഞാനത് വിശ്വസിക്കുന്നു' എന്നാണ്. അന്ന് മുതലാണ് അബൂബക്കര്‍ (റ) "സിദ്ദീഖ്" (സത്യപ്പെടുത്തിയവന്) എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത് എന്ന് ചരിത്രം പറയുന്നു.
ഈ യാത്രയിലാണ് അല്ലാഹു പ്രവാചകന്റെ സമുദായത്തിന് അഞ്ചു നേരത്തെ നിസ്ക്കാരം നിര്‍ബന്ധമാക്കുന്നത്. അമ്പതു നേരമാണ് പിന്നീട് അഞ്ചു നേരമായി ചുരുക്കപ്പെട്ടത്.
നിസ്ക്കാരം (സ്വലാത്ത്) എന്നത് ഒരു മുസ്ലിമിനെ ഇതരരില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ഒന്നാമത്തെ ഘടകമാണെന്നതില്‍ യാതൊരു സംശയവുമില്ല. അഞ്ചു നേരം അല്ലാഹുവിന്ന് മുമ്പില്‍ സാഷ്ടാംഗം വണങ്ങുന്നതിന്ന് ഒരു വിശ്വാസിക്ക് മറ്റൊരു തടസ്സവും പറയുക സാധ്യമല്ല. യാത്രയോ, രോഗമോ, ഏര്‍പ്പാടുകളോ ഒന്നും നിസ്ക്കാരം ഒഴിവാക്കാന്‍ കാരണമാവുന്നില്ല. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ഇസ്ലാം വ്യക്തമാക്കിയിട്ടുണ്ട്. ജീവിതത്തിന്റെ ഓരോ യാമവും അല്ലാഹുവിനെ വിസ്മരിക്കാത്ത ജീവിതവ്യവസ്ഥയുടെ ഉന്നതവും ഉത്തമവുമായ രൂപമാണ് നിസ്ക്കാരം.
ഇസ്രാഉം മിഅ്റാജും പറയുമ്പോള്‍ ആദ്യമുണര്‍ത്തേണ്ടതും നിസ്ക്കാരത്തിന്റെ ഈ പ്രാധാന്യത്തെക്കുറിച്ച് തന്നെയായിരിക്കണം. സുഖനിദ്രയില്‍ 'സുബ്ഹ്' ഒഴിവാക്കുന്നവര്‍ക്കും ആലസ്യത്തെ അതിജയിക്കാനാവാതെ 'അസര്‍' ഉപേക്ഷിക്കുന്നവര്‍ക്കും ഇസ്രാഉം മിഅ്റാജും മനസ്സിന്ന് പുതിയ ഊര്‍ജ്ജം നല്‍കേണ്ടതുണ്ട്. പ്രവാചകന് (സ) തന്റെ അവസാന വേളയില്‍ സമുദായത്തെ ഓര്‍മ്മപ്പെടുത്താനാഗ്രഹിച്ച കാര്യമാണ് നിസ്ക്കാരം.
എന്നാല്‍, ഇത്തരം ഓര്‍മ്മപ്പെടുത്തലുകളൊന്നുമില്ലാതെ ഇസ്രാഇന്റെയും മിഅ്റാജിന്റെയും കേവലചരിത്രം പറയുന്നതിലോ, പ്രവാചകന് സഞ്ചരിക്കാനുപയോഗിച്ച ബുറാഖിന്റെ രൂപവും ഭംഗിയും അറിഞ്ഞിരിക്കുന്നതിലോ പ്രത്യേകമായി ഒരു ഗുണമുണ്ടെന്ന് തോന്നുന്നില്ല.
ഈ വിഷയത്തില്‍ പണ്ഢിതന്മാര് എന്തു പറയുന്നു ?
ഈ സംഭവം നടന്നത് റജബ് ഇരുപത്തിയേഴിന് തന്നെയാണെന്ന് സമര്‍ത്ഥിക്കുന്ന പ്രബലമായ ഹദീസുകളൊന്നും ലഭ്യമല്ല എന്നതാണ് സത്യം. മാത്രമല്ല, അന്നേ ദിവസം നോമ്പ് സുന്നത്താണെങ്കില്‍ അത് ഹദീസുഗ്രന്ഥങ്ങളില്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ടതാണ്. കാരണം, ഖുര്‍ആന്‍ സൂചിപ്പിച്ച ഒരു സംഭവം നടന്ന ദിവസവും, സമുദായം ഏറ്റവും പ്രാധാന്യത്തോടെ നിര്‍വ്വഹിക്കേണ്ട നിസ്ക്കാരം നിര്‍ബന്ധമാക്കപ്പെട്ട ദിവസവുമാണതെന്ന നിലയില്‍ വലിയ പ്രാധാന്യമാണതര്‍ഹിക്കുന്നത്. നബി (സ) ആ ദിവസത്തില്‍ നോമ്പ് നോറ്റെന്നോ, നോല്ക്കാന് ആവശ്യപ്പെട്ടുവെന്നോ ഉള്ള തെളിവുകളോ, ഇസ്ലാമിലെ കര്‍മ്മങ്ങളെന്തും ആവേശത്തോടെ നടപ്പിലാക്കാന്‍ എന്നും മുന്നിട്ടിറങ്ങിയ ഖുലഫാഉര്‍ റാഷിദുകളോ മറ്റു സ്വഹാബാക്കളോ അത് ജീവിതത്തില്‍ നടപ്പില്‍ വരുത്തിയതിന്റെ തെളിവുകളോ നമുക്ക് ലഭ്യമായേനേ.
എന്നാല്‍ ഈ വിഷയത്തില്‍ സ്ഥിരപ്പെട്ട ഹദീസുകളൊന്നും ലഭ്യമല്ല എന്നു മാത്രമല്ല അങ്ങനെ നിര്‍വ്വചിക്കുന്ന ഹദീസുകളൊന്നും സ്വീകാര്യ യോഗ്യമല്ലെന്ന് പണ്ഢിതന്മാര് അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് ഹാഫിള് ഇബ്നു ഹജര്‍ തന്റെ "തബ്യീനുല്‍ ഉജുബ് ഫീമാ വറദ ഫീ ശഹ്രി റജബ്" എന്ന ഗ്രന്ഥത്തില്‍ പേജ് 6, 8 തുടങ്ങിയ സ്ഥലങ്ങളില്‍ പറയുന്നുണ്ട്.
ഇസ്രാഉം മിഅ്റാജും റജബ് ഇരുപത്തിയേഴിനു തന്നെയാണെന്ന വാദം തന്നെ പണ്ഢിതന്മാര് അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയതാണ്. ഇബ്നു റജബ് തന്റെ ‘ലത്വാഇഫുല്‍ മആരിഫ്’ എന്ന ഗ്രന്ഥത്തില്‍ പറയുന്നത് കാണുക: “റജബ് മാസത്തില്‍ മഹത്തരമായ സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അതൊന്നും ശരിയല്ല. പ്രവാചകന് (സ) അതിലെ ആദ്യത്തെ രാത്രിയിലാണ് ജനിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ഖാസിം ബിന്‍ മുഹമ്മദില്‍ നിന്നും സ്വീകാര്യമല്ലാത്ത പരമ്പരയിലൂടെ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്: "പ്രവാചകന്റെ ഇസ്റാ റജബിലെ ഇരുപത്തിയേഴിലായിരുന്നു". എന്നാല്‍ ഇബ്രാഹീം അല്‍ ഹര്‍ബിയും മറ്റുള്ളവരും അത് നിഷേധിച്ചിട്ടുണ്ട്.”
"സാദുല്‍ മആദ്" എന്ന ഗ്രന്ഥത്തില്‍ (1/275) ഇബ്നുല്‍ ഖയ്യിമും "ഫത്ഹുല്‍ ബാരീ" എന്ന ഗ്രന്ഥത്തില്‍ (7/242-243) ഇബ്നു ഹജറും ഇത് പറയുന്നുണ്ട്.
റജബ് മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച്ച "റഗാഇബ്" എന്ന പേരില്‍ പ്രത്യേക നിസ്ക്കാരം ഉള്ളതായി വന്ന ഹദീസുകളും തള്ളപ്പെടേണ്ടതാണെന്ന് രണ്ടാം ശാഫിഈ എന്നറിയപ്പെടുന്ന ഇമാം നവവി അഭിപ്രായപ്പെട്ടിട്ടുണ്ട്. അദ്ദേഹം പറയുന്നത് കാണുക "അത് ശക്തമായി എതിര്‍ക്കപ്പെടേണ്ടതും മോശമായ അനാചാരവുമാണ്; നിശിദ്ധങ്ങളുടെ ഗണത്തില്‍ പെടുത്തേണ്ടത്. അത് ഉപേക്ഷിക്കുകയും, അവഗണിക്കുകയും, അത് ചെയ്യുന്നവനെ തടയുകയും വേണം." (ഫതാവാ ഇമാം നവവി- 57).
ഇബ്നു റജബ് പറയുന്നു: "റജബ് മാസത്തില്‍ പ്രത്യേക നമസ്ക്കാരം ഉള്ളതായി പറയപ്പെടുന്നതൊന്നും ശരിയല്ല. റജബ് മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച്ച രാത്രി "സ്വലാതു റഗാഇബ്" (റഗാഇബ് നമസ്ക്കാരം) എന്നതിന്റെ പ്രത്യേകതയെക്കുറിച്ച് പരാമര്‍ശിക്കുന്ന ഹദീസുകളെല്ലാം കള്ളവും നിരര്‍ത്ഥകവുമാണ്. അധിക പണ്ഢിതന്മാരും ഇത് ബിദ്അത്ത് (അനാചാരം) ആണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. മുന്‍ഗാമികളായ പണ്ഢിതന്മാര് ഇതിനെക്കുറിച്ച് ഒന്നും പരാമര്ശിക്കാത്തതു തന്നെ ഇത് ഹിജ്റ നാന്നൂറിന്ന് ശേഷമാണ് കടന്നുവന്നതു എന്നതിനാലാണ്. റജബ് മാസത്തില്‍ പ്രത്യേകമായി നോമ്പ് നോല്‍ക്കുന്നതിനെക്കുറിച്ച് പ്രവാചകനില്‍ നിന്ന് സ്പഷ്ടമായി ഒരു ഹദീസും ഉദ്ധരിക്കപ്പെട്ടിട്ടില്ല"- ലത്വാഇഫുല്‍ മആരിഫ്’- 228
ഇമാം ത്വര്‍തൂശി തന്റെ 'അല്‍ ഹവാദിസു വല്‍ ബിദഉ' എന്ന ഗ്രന്ഥത്തില്‍ പതിമൂന്നാമത്തെ അദ്ധ്യായത്തില്‍ 'റജബ്' മാസത്തെയും അതിനെ പ്രത്യേകമാക്കുന്നതിനെതിരയുള്ള തെളിവുകളെയും പരാമര്‍ശിക്കുന്നുണ്ട്. റജബ് ഇരുപത്തി ഏഴിനെക്കുറിച്ച് ഒരു ഹദീസു പോലും അവിടെ വിവരിക്കുന്നില്ല. എന്നാല്‍ ഇങ്ങനെയൊരു ഹദീസ് അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്:- "ആയിശയില്‍ നിന്നും മാലികും ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട് ചെയ്യുന്നു: നബി (സ) ഒരു മാസത്തെയും നോമ്പ് കൊണ്ട് പ്രത്യേകമാക്കിയിരുന്നില്ല".
തെളിവുകളെല്ലാം ഉദ്ധരിച്ച ശേഷം അവസാനം അദ്ദേഹം പറയുന്നു: "ഈ തെളിവുകളെല്ലാം അറിയിക്കുന്നത് ജനങ്ങള്‍ റജബിനെ മഹത്വവല്‍ക്കരിക്കുന്നതായി സ്വീകരിക്കുന്നതെല്ലാം തന്നെ, ജാഹിലിയ്യാ കാലത്തെ ആചാരങ്ങളുടെ അവശേഷിപ്പുകളാണ് എന്നതത്രെ"- അല്‍ഹവാദിസു വല്‍ ബിദഉ- 141
ചുരുക്കത്തില്‍ റജബ് മാസവുമായി ബന്ധപ്പെടുത്തി പ്രത്യേക ആചാരങ്ങളെല്ലാം ഇസ്ലാമിന്റെ പൂര്‍ത്തീകരണത്തിന് ശേഷമുണ്ടായതും അതു കൊണ്ടു തന്നെ അവ തള്ളപ്പെടേണ്ടതുമാണ്.
ദുല്‍ഖഅ്ദ്, ദുല്‍ഹിജ്ജ, മുഹറം എന്നീ തുടര്‍ച്ചയായ മൂന്ന് മാസങ്ങളും റജബ് മാസവും പവിത്രങ്ങളാക്കുകയും യുദ്ധം വിലക്കുകയും ചെയ്തതിന്ന് ഖുര്‍ആനും ഹദീസും തെളിവാണ്. എന്നാല്‍ റജബുമായി ബന്ധപ്പെടുത്തിയ ആരാധനകളെല്ലാം അടിസ്ഥാന രഹിതമാണ്.
ആയിശയില്‍ നിന്നും നിവേദനം ചെയ്യപ്പെടുന്ന ഒരു ഹദീസില്‍ പ്രവാചകന് ഇപ്രകാരം പറയുന്നു : "നമ്മുടെ ഈ കാര്യത്തില്‍ (ദീനില്‍/മതത്തില്‍) ആരെങ്കിലും വല്ലതും പുതുവായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാകുന്നു." (ബുഖാരി, മുസ്ലിം)
ഖുര്‍ആന്‍ പറയുന്നു: "ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു"- സൂറഃ മാഇദ- 3
ഇസ്ലാമിലെ കര്‍മ്മങ്ങളെല്ലാം പ്രവാചകന്റെ കാലഘട്ടത്തു തന്നെ പൂര്‍ണ്ണമായും വിവരിക്കപ്പെട്ടിട്ടുണ്ട്. അതിനു ശേഷമുണ്ടാക്കപ്പെട്ടതെല്ലാം അനാചാരങ്ങളാണ്. ഉള്‍ക്കൊള്ളാന്‍ പറ്റുന്നവര്‍ക്ക് ഉള്‍ക്കൊള്ളുകയും അല്ലാത്തവര്‍ക്ക് തള്ളുകയുമാകാം. എങ്ങനെയായാലും ഇസ്ലാം അല്ലാഹുവും റസൂലും പഠിപ്പിച്ചതു മാത്രം.
20 വായനകളിങ്ങനെ:
മിഅ്റാജ് ദിനം ആഘോഷിക്കാന്‍ നില്ക്കുന്നവരോട്. . .
സത്യാസത്യങ്ങൾ വിവേചിച്ചറിയാനും അറിയിക്കാനുമുള്ള ഈ ശ്രമം ശ്ലാഘനീയം.
സഹോദരൻ ശിഹാബ്
ഇസ്റാഅ് മിഅറാജ് - വിശദമായ ലേഖനങ്ങൾ
ഇവിടെ വായിക്കാം
വായനയ്ക്ക് ശേഷം അഭിപ്രായം അറിയിക്കുക
പ്രിയ പ്രചാരകന്, ഈ ലിങ്കിലൂടെ മുമ്പും പോയിട്ടുണ്ട്. മുഴുവന്‍ വായിക്കാതെ ഓടിച്ച് നോക്കിയപ്പോള്‍ ഞാനിവിടെ സൂചിപ്പിക്കുന്ന വിഷയവുമായി ബന്ധപ്പെടുത്താനാവുന്നതൊന്നും അവിടെയില്ലെന്നാണെനിക്കു തോന്നിയത്. അഭിപ്രായമറിയിക്കണമെന്നു താങ്കള്‍ പറഞ്ഞ സ്ഥിതിക്ക് പിന്നെയും വായിക്കാനൊരുങ്ങിയെങ്കിലും, എനിക്കതിനായില്ല. സമയക്കുറവ് മാത്രമല്ല കാരണം. വായനക്കാരുടെ ഹൃദയങ്ങളില്‍ തങ്ങളുടെ വിശ്വാസത്തെ സ്വാധീനിക്കേണ്ടതും കര്‍മ്മങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരേണ്ടതുമായ ഒരു വിഷയാവതരണം, ലേഖകന്‍ ഭാഷയിലുള്ള തന്റെ കഠിനപദങ്ങളുടെ പരിചയം പരീക്ഷിക്കാനുപയോഗിച്ചതിനാല് തന്നെ ലാളിത്യം ചോര്‍ന്നു പോവുകയും വായനയെ നിരുല്സാഹപ്പെടുത്തുന്നതുമായിത്തീര്ന്നിട്ടുണ്ടെന്ന് എനിക്കു തോന്നി.
അതെന്തെങ്കിലുമാകട്ടെ, ഈ പോസ്റ്റില്‍ ഞാന്‍ പറയാനുദ്ദേശിച്ചത് ഇസ്രാഉം മിഅ്റാജും അതിന്റെ സാഹചര്യങ്ങളുമല്ലല്ലോ. റജബ് മാസവുമായും, ഇസ്രാഉം മിഅ്റാജുമായും ബന്ധപ്പെടുത്തി സമൂഹത്തില്‍ നില നില്ക്കുന്നതും തുടര്‍ന്നു പോരുന്നതുമായ അനാചാരങ്ങളെയും അതിന്റെ യാഥാര്ത്ഥ്യങ്ങളെയുമാണു ഞാന്‍ സൂചിപ്പിച്ചത്. അതിനെ ഖണ്ഡിക്കാനുതകുന്ന പ്രമാണങ്ങളെന്തെങ്കിലുമുണ്ടെങ്കില് അതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു.
താങ്കള്‍ തന്ന ലിങ്കില്‍ എഴുതിക്കണ്ടു: "അദ്ദേഹത്തില്‍ (പ്രവാചകനില്‍) വായിക്കാനുള്ളത് ഇതിഹാസത്തിന്റെ കാല്‍പ്പനികതയല്ല; ചരിത്രത്തിന്റെ വാസ്തവികയാണ്" ഈ വാസ്തവത്തെയന്വേഷിക്കാനും ഉള്ക്കൊള്ളുവാനുമാണു ശ്രമിക്കേണ്ടത്.
പ്രിയ ശിഹാബ്,
താങ്കളുടെ മറുപടി താങ്കൾ തന്നെ ഒന്ന് കൂടി വായിച്ച് നോക്കുക. എത്ര മാത്രം നിരുത്തരവാദപരമായിട്ടാണ് ഈ ആരൊപണങ്ങളൊക്കെ മുസ്ലിംകളുടെ നേരെ താങ്കളുന്നയിച്ചിരിക്കുന്നതെന്ന് ഒന്നുകിൽ താങ്കൾ അറിയുന്നില്ല. അല്ലെങ്കിൽ ഒരു വിഭാഗത്തോടുള്ള അന്തമായ അവഗണനയോ അറിവില്ലായ്മയോ മൂലം കാര്യകാരണ സഹിതം കാര്യങ്ങൾ പഠിക്കാത്തതിന്റെ കുറവ്
താങ്കൾ എഴുതുന്നു.
>മുഴുവന്‍ വായിക്കാതെ ഓടിച്ച് നോക്കിയപ്പോള്‍ ഞാനിവിടെ സൂചിപ്പിക്കുന്ന വിഷയവുമായി ബന്ധപ്പെടുത്താനാവുന്നതൊന്നും അവിടെയില്ലെന്നാണെനിക്കു തോന്നിയത്. <
വായിക്കാതെ എങ്ങിനെയാണ് ഒരു വിഷയം പഠിക്കുന്നത് സഹോദരാ ?
വിഷയവുമായി ബന്ധപ്പെടുത്താവുന്നത് അവിടെയില്ലെന്ന് തോന്നിയത് വായിക്കാത്തത് കൊണ്ടാണെന്നും, പിന്നെ താങ്കൾ പറഞ്ഞപൊലെ തന്നെ അത് വെറും തോന്നലുകൾ ആണെന്നും പറയട്ടെ. തോന്നലുകളോ അനുമാനങ്ങളോ വെച്ചല്ല ഇസ്ലാമികമായ വിഷയത്തിൽ അഭിപ്രായം പറയേണ്ടതെന്ന് കൂടി ഉണർത്തട്ടെ
>>ലേഖകന്‍ ഭാഷയിലുള്ള തന്റെ കഠിനപദങ്ങളുടെ പരിചയം പരീക്ഷിക്കാനുപയോഗിച്ചതിനാല് തന്നെ ലാളിത്യം ചോര്‍ന്നു പോവുകയും വായനയെ നിരുല്സാഹപ്പെടുത്തുന്നതുമായിത്തീര്ന്നിട്ടുണ്ടെന്ന് എനിക്കു തോന്നി. <<
ഇതും നമ്മുടെ അറിവില്ലായ്മകൊണ്ടുള്ള തോന്നലുകളല്ലേ .നമുക്ക് മനസിലാവാത്തതെല്ലാം കഠിനമെന്നു പറയാമോ ?അങ്ങിനെ മനസിലാവാത്തതുണ്ടെങ്കിൽ അറിവുള്ളവരോട് അതിന്റെ വിശദീകരണം ചോദിച്ചറിയലല്ലേ ചേയ്യേണ്ടത് ?
>>
റജബ് മാസവുമായും, ഇസ്രാഉം മിഅ്റാജുമായും ബന്ധപ്പെടുത്തി സമൂഹത്തില്‍ നില നില്ക്കുന്നതും തുടര്‍ന്നു പോരുന്നതുമായ അനാചാരങ്ങളെയും അതിന്റെ യാഥാര്ത്ഥ്യങ്ങളെയുമാണു ഞാന്‍ സൂചിപ്പിച്ചത്. <<
എന്താണാ അനാചാരങ്ങൾ ?
നോമ്പ് നോൽക്കുന്നതോ ? ഖുർആൻ പാരായണം ചെയ്യുന്നതോ ?
താങ്കൾ എഴുതിയത് നോക്കുക
>>നബി (സ) ആ ദിവസത്തില്‍ നോമ്പ് നോറ്റെന്നോ, നോല്ക്കാന് ആവശ്യപ്പെട്ടുവെന്നോ ഉള്ള തെളിവുകളോ, ഇസ്ലാമിലെ കര്‍മ്മങ്ങളെന്തും ആവേശത്തോടെ നടപ്പിലാക്കാന്‍ എന്നും മുന്നിട്ടിറങ്ങിയ ഖുലഫാഉര്‍ റാഷിദുകളോ മറ്റു സ്വഹാബാക്കളോ അത് ജീവിതത്തില്‍ നടപ്പില്‍ വരുത്തിയതിന്റെ തെളിവുകളോ നമുക്ക് ലഭ്യമായേനേ. <<
5 വഖ്ത്ത് നിസ്കാരം അന്നാണ് ഈ സമുദായത്തിന് സമ്മാനമായി ലഭിച്ചതെന്ന് സമ്മതിക്കുന്നു താങ്കൾ. 50 ൽ നിന്നും 5 ആയി ചുരുക്കി കിട്ടിയ കാര്യം സൌകര്യ പൂർവ്വം വിടുകയും ചെയ്യൂന്നു. കാരണം അത് വിവരിച്ചാൽ താങ്കൾ മുകളിൽ പറഞ്ഞ രീതിയിൽ ആരോപണങ്ങളുന്നയിക്കുന്ന പ്രസ്ഥാനക്കാരുടെ ഒരു അന്തവിശ്വാസത്തിന്റെ കടക്കൽ കത്തിവെക്കുന്ന ഒരു കാര്യം കൂടി സമ്മതിക്കേണ്ടി വരുമെന്നത് കൊണ്ട് തന്നെ. അത് പോട്ടെ .. അനുഗ്രഹത്തിനു നന്ദി പ്രകടിപ്പിക്കുന്നതിനുള്ള ഉത്തമമായ ഒരു മാർഗമാണ് നോമ്പ് എടുക്കൽ അത് തിങ്കളാഴ്ചകളിൽ നോമ്പെടുത്ത് കൊണ്ട് (അന്ന് എന്നെ പ്രസവിക്കപ്പെട്ട ദിവസമാണെന്ന് പറഞ്ഞ് കൊണ്ട് ) മുത്ത് നബി നമുക്ക് കാട്ടിത്തന്നതല്ലേ ! പിന്നെ സഹാബികൾ, ഖുലഫാഉകൾ ചെയ്തില്ല എന്ന് തന്നെ കരുതുക. എന്നാൽ അത് നാം ചെയ്താൽ അനാചാരമാവുമോ ? എങ്കിൽ നബി (സ) യും, സഹാബത്തും ചെയ്യാത്ത എത്രയോ നല്ല കാര്യങ്ങൾ നാം ഇന്ന് ചെയ്യുന്നു അതെല്ലാം അനാചാരമാക്കി തള്ളേണ്ടി വരികയില്ലേ ?
continue
>>ഇസ്ലാമിലെ കര്‍മ്മങ്ങളെല്ലാം പ്രവാചകന്റെ കാലഘട്ടത്തു തന്നെ പൂര്‍ണ്ണമായും വിവരിക്കപ്പെട്ടിട്ടുണ്ട്. അതിനു ശേഷമുണ്ടാക്കപ്പെട്ടതെല്ലാം അനാചാരങ്ങളാണ്. ഉള്‍ക്കൊള്ളാന്‍ പറ്റുന്നവര്‍ക്ക് ഉള്‍ക്കൊള്ളുകയും അല്ലാത്തവര്‍ക്ക് തള്ളുകയുമാകാം <<
ഏറ്റവും അപകടവും നിരുത്തരവാദപരവും ആയ പ്രസ്ഥാവനയാണിതെന്ന് പറയട്ടെ.
ഇത് പ്രകാരം നമുക്ക്
വിശുദ്ധ ഖുർആൻ അംഗീകരിക്കാൻ കഴിയുമോ ?
ഇന്നത്തെ രൂപത്തിൽ ഖുർആൻ ക്രോഡീകരിച്ചിരുന്നോ നബി(സ)യുടെ കാലത്ത് ?
എന്നാണതിനു ഹർക്കത്തുകൾ കൊടുത്തത് ?
നബി (സ) ഇങ്ങിനെ ചെയ്യാൻ നിർദ്ദേശിച്ചിരുന്നോ ?
ഇന്ന് കാണുന്ന മദ്രസകൾ ,അറബിക് കോളേജുകളും, ദഅവ കോളേജുകളും ,സംഘടനകളും, സമ്മേളനങ്ങളും എല്ലാം നബി (സ) യുടെയോ സഹാബത്തിന്റെയോ മാതൃകയാണോ ? അവർ ഇങ്ങിനെ കോളേജുകൾ സ്ഥാപിച്ചിരുന്നോ ? സംഘടന സ്ഥാപിച്ചിരുന്നോ ?
അപ്പോൾ അതൊന്നുമല്ല ദീനിൽ തള്ളാനും കൊള്ളാാനുമുള്ള അടിസ്ഥാനം. നബി(സ) യും സ്വഹാബത്തും പഠിപ്പിച്ച അനുവർത്തിച്ച കാര്യങ്ങൾ അടിസ്ഥാനമാക്കി അതിന്റെ ആശയത്തിനു അഥവാ ഇസ്ലാമിക അധ്യാപനങ്ങൾക്ക് വിരുദ്ധമല്ലാത്ത എല്ലാ നല്ല കാര്യങ്ങളും ഇസ്ലാമിനു അകത്ത് തന്നെയാണ് സഹോദരാ.
എന്താണ് സുന്നത്ത് എന്താണ് ബിദ്അത്ത് എന്ന് മനസിലാക്കിയിടത്ത് അല്ലെങ്കിൽ താങ്കൾക്ക് ചിലർ ഓത് തന്നിടത്ത വന്ന പിഴവുകളാണ് ഇത്തരത്തിൽ അന്തമായ ആരോപണങ്ങൾ ഉന്നയിക്കാൻ താങ്കളെ പ്രേരിപ്പിച്ചത്.
ഒരു കാര്യം ഉണർത്തട്ടെ. സമൂഹത്തിൽ ഇസ്ലാമിന്റെ പേരിൽ മുസ്ലിം നാമധാരകളായവർ പല അനാചാരങ്ങളും ചെയ്യുന്നുണ്ടാവാം അതെല്ലാം അവരുടെ വിവരക്കേട് എന്ന് മാത്രം പറയട്ടെ.
റജബ് മാസം ചില യാഥാർത്ഥ്യങ്ങൾ എന്ന തലക്കെട്ടിനോട് ഒട്ടും നീതി പുലർത്തിയിട്ടില്ല താങ്കളുടെ ലേഖനം എന്ന് മാത്രമല്ല കുറെ സംശയങ്ങൾ ഉണ്ടാക്കാനുള്ള ശ്രമം എന്നതിൽ ഉപരി ഒന്നുമില്ല എന്നുണർത്തുന്നു
ദീൻ കാര്യങ്ങളിൽ ശരിയായ പഠനമില്ലാതെ മുൻവിധികൾ വെച്ച് കാര്യങ്ങളെ സമീപിക്കരുത് അതിന്റെ ഫലമായാണ് പല ദുർവ്യാഖ്യാനങ്ങളും അപകടകരമായ പല ഫത്വകളും പുറപ്പെടുന്നത്. അത്തരം വിവരക്കേടുകൾക്കെതിരെയായിരുന്നു കഴിഞ്ഞ ആഴ്ച യു.എ. ഇ യിലെ പള്ളികളിൽ നടന്ന ജുമുഅ ഖുതുബ അത് അടിസ്ഥാനമമക്കി തയ്യാറാക്കിയ ലേഖനം ഫത്വ പുറപ്പെടുവിക്കും മുമ്പ് വായിക്കുക
മുസ്ലിംകളുടെ നേരെ നിരുത്തരവാദപരമായി ആരോപണങ്ങളുന്നയിച്ചിരിക്കുകയാണു ഞാനെന്ന് താങ്കള്‍ പറയുന്നു. എനിക്ക് മുസ്ലിംകളില് അമിതമായ താല്പര്യവും അനാവശ്യങ്ങള്‍ വിട്ട് ആവശ്യങ്ങളിലേക്കും അത്യാവശ്യങ്ങളിലേക്കും അവര്‍ ശ്രദ്ധ തിരിക്കേണ്ടതുണ്ടെന്ന വാഞ്ച്ഛയുമാണുള്ളത്- താങ്കളെയത് ബോധിപ്പിക്കണമെന്ന നിര്‍ബന്ധബുദ്ധിയൊന്നും എനിക്കില്ല. എന്റെ മനസാക്ഷിയെയും ദൈവത്തെയും ബോധിപ്പിച്ചാല്‍ മതിയാവും.
താങ്കള്‍ ലിങ്ക് നല്കുന്നതിന്ന് മുമ്പേ ഈ ലേഖനം കണ്ടിരുന്നുവെന്നും അവിടെ ഞാന്‍ സൂചിപ്പിക്കാനുദ്ദേശിച്ച വിഷയം, (അതായത് റജബ് മാസത്തില്‍ നോമ്പ്, നിസ്ക്കാരം മുതലായവ കൊണ്ട് ആ മാസത്തെ പ്രത്യേകമാക്കുന്നത്) പറയുന്നില്ലെന്നുമാണ് ഓടിച്ചു നോക്കിയപ്പോള്‍ എനിക്ക് ബോധ്യപ്പെട്ടത്. അതാണു ഞാന്‍ കമന്റില്‍ പറഞ്ഞതും.
>>പിന്നെ താങ്കൾ പറഞ്ഞപൊലെ തന്നെ അത് വെറും തോന്നലുകൾ ആണെന്നും പറയട്ടെ. തോന്നലുകളോ അനുമാനങ്ങളോ വെച്ചല്ല ഇസ്ലാമികമായ വിഷയത്തിൽ അഭിപ്രായം പറയേണ്ടതെന്ന് കൂടി ഉണർത്തട്ടെ<<
എന്റെ പോസ്റ്റില്‍, പ്രമാണങ്ങളാല്‍ ശരിയാണെന്ന് തെളിയിക്കപ്പെടാത്തതും എന്നാല്‍ പ്രമാണങ്ങള്‍ തന്നെ തെറ്റാണെന്ന് പറയുകയും ചെയ്യുന്ന അനാചാരങ്ങളെ നാമുപേക്ഷിക്കാന് തയ്യാറാകണമെന്നാണു ഞാന്‍ പറയാന്‍ ശ്രമിച്ചിട്ടുള്ളത്. അതെന്റെ തോന്നലുകളാണെന്നത്
താങ്കളുടെ വെറും വിമര്‍ശനമാണ്. ഗ്രന്ഥങ്ങളില്‍ പണ്ഢിതന്മാര് രേഖപ്പെടുത്തിയ കാര്യങ്ങളുദ്ധരിച്ചാണു ഞാന്‍ സംസാരിച്ചിട്ടുള്ളത്. അത് തോന്നലുകളാണെന്നു പറയാനല്ല, അത് തെറ്റാണെന്ന് തെളിയിക്കാനാണു താങ്കള്‍ തയ്യാറാവേണ്ടിയിരുന്നത്. താങ്കള്‍ ലിങ്കിയ ലേഖനത്തിലോ മറ്റെവിടെയെങ്കിലുമോ ഇതിനെ ഖണ്ഡിക്കാനാവശ്യമായ തെളിവുകളുണ്ടെങ്കില്‍ അതുദ്ധരിക്കാന്‍ തയ്യാറാവണമെന്നാണു ഞാനാവശ്യപ്പെട്ടിട്ടുള്ളത്.
പിന്നെ, ആ ലേഖനം കഠിനപദങ്ങളാല്‍ നിറയ്ക്കപ്പെട്ട് വായനയെ നിരുല്സാഹപ്പെടുത്തുവെന്നത് എന്റെ നിരീക്ഷണമാണ്. പഠിക്കാനാണെങ്കില്‍ അറിവുള്ളവരോട് ചോദിക്കുകയും ചെയ്യും. അതൊന്നും ഒരു വിമര്ശനമാക്കേണ്ട ആവശ്യമില്ല. അവിടെ ഞാനുദ്ദേശിച്ച വിഷയവുമായി ബന്ധമില്ലെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്.
>>5 വഖ്ത്ത് നിസ്കാരം അന്നാണ് ഈ സമുദായത്തിന് സമ്മാനമായി ലഭിച്ചതെന്ന് സമ്മതിക്കുന്നു താങ്കൾ. 50 ൽ നിന്നും 5 ആയി ചുരുക്കി കിട്ടിയ കാര്യം സൌകര്യ പൂർവ്വം വിടുകയും ചെയ്യൂന്നു<<
എന്റെ പോസ്റ്റിലുള്ള വാചകം:-
"ഈ യാത്രയിലാണ് അല്ലാഹു പ്രവാചകന്റെ സമുദായത്തിന് അഞ്ചു നേരത്തെ നിസ്ക്കാരം നിര്‍ബന്ധമാക്കുന്നത്. അമ്പതു നേരമാണ് പിന്നീട് അഞ്ചു നേരമായി ചുരുക്കപ്പെട്ടത്."
ഇതു താങ്കള്‍ ശ്രദ്ധിക്കാത്തതാവാം.
തിങ്കളാഴ്ച്ച നോമ്പ് ശക്തമായ സുന്നത്താകുന്നത് അത് പ്രവാചകന് (സ) പ്രോല്‍സാഹിപ്പിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്തു എന്നതിന്റെ കൂടി അടിസ്ഥാനത്തിലാണല്ലോ. അങ്ങനെയില്ലായിരുന്നെങ്കില് അത് സുന്നത്താണെന്നു പറയല്‍ സാധ്യമല്ല, പ്രവാചകന്റെ ചര്യയാണ് സുന്നത്ത്. പുണ്യനബി (സ) യെ എല്ലാ കാര്യങ്ങളിലും അനുധാവനം ചെയ്യലാണ് സുന്നത്തിന്റെ പ്രാവര്‍ത്തികത.
ഇതൊക്കെ താങ്കള്‍ക്കുമറിയാമല്ലോ. എന്നിട്ടും, പ്രവാചകന് പ്രോല്‍സാഹിപ്പിക്കുകയോ പ്രാവര്‍ത്തികമാക്കി കാണിക്കുകയോ ചെയ്യാത്ത ഒരു കര്‍മ്മം സ്ഥായിയായ സുന്നത്തായി മാറുമെന്ന് താങ്കള്‍ വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നെങ്കില്‍ അതിനെതിരെയാണു ഞാന്‍ സംസാരിക്കുന്നതു തന്നെ. .
എന്റെ പോസ്റ്റിലെ വാചകം ഉദ്ധരിച്ചു കൊണ്ട് താങ്കള്‍ പറഞ്ഞതിങ്ങനെ:-
>>ഇസ്ലാമിലെ കര്‍മ്മ ങ്ങളെല്ലാം പ്രവാചകന്റെ കാലഘട്ടത്തു തന്നെ പൂര്ണ്ണയമായും വിവരിക്കപ്പെട്ടിട്ടുണ്ട്. അതിനു ശേഷമുണ്ടാക്കപ്പെട്ടതെല്ലാം അനാചാരങ്ങളാണ്. ഉള്ക്കൊപള്ളാന് പറ്റുന്നവര്ക്ക്ി ഉള്ക്കൊ ള്ളുകയും അല്ലാത്തവര്ക്ക്മ തള്ളുകയുമാകാം <<
"ഏറ്റവും അപകടവും നിരുത്തരവാദപരവും ആയ പ്രസ്ഥാവനയാണിതെന്ന് പറയട്ടെ."
ഇസ്ലാമിന്റെ ആചാരാനുഷ്ഠാനങ്ങള്‍ പ്രവാചകന്റെ കാലഘട്ടത്തു തന്നെ പൂര്‍ത്തിയാക്കപ്പെട്ടിട്ടുണ്ടെന്ന പ്രസ്താവന എന്റേതല്ല, ഖുര്‍ആനാണതു പറയുന്നത്. അത് അപകടകരവും നിരുത്തരവാദപരവുമായിപ്പോയെങ്കില്‍ അത് തിരുത്താന്‍ എനിക്കാഗ്രഹമില്ല.
ഇസ്ലാമിന്റെ പ്രബോധനത്തിനും, ലളിതവും സുഗമവുമായി അതിലേക്ക് പ്രവേശിക്കാനും പില്ക്കാലത്ത് നാം സ്വീകരിച്ചുവന്ന വഴികളെക്കുറിച്ചാണു പിന്നീട് താങ്കള്‍ "ഇതൊക്കെ നബിയുടെ കാലത്ത് നിലവിലുള്ളതോ നബി നിര്‍ദ്ദേശിച്ചതോ അല്ലല്ലോ, അതൊക്കെ പറ്റുമോ" എന്ന ബാലിശമായ ചോദ്യമുന്നയിച്ചു കളഞ്ഞത്...!
ബ്ലോഗിംഗ് പ്രവാചകനും അനുചരന്മാരും ചെയ്തതല്ലല്ലോ എന്ന് ചോദിക്കാത്തതു ഭാഗ്യം.. :)
ഇസ്ലാമിലെ ആചാരാനുഷ്ഠാനങ്ങളില്‍ അനാവശ്യങ്ങള്‍ കടന്നുകൂടുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഇത്തരം വാദങ്ങളുന്നയിച്ച് വഴിതിരിച്ചു വിടുന്നത്, പ്രസ്തുത വിഷയത്തില്‍ താങ്കള്‍ക്ക് മറുപടിയില്ലാത്തതിനാലാണ്.
>>നബി(സ) യും സ്വഹാബത്തും പഠിപ്പിച്ച അനുവർത്തിച്ച കാര്യങ്ങൾ അടിസ്ഥാനമാക്കി അതിന്റെ ആശയത്തിനു അഥവാ ഇസ്ലാമിക അധ്യാപനങ്ങൾക്ക് വിരുദ്ധമല്ലാത്ത എല്ലാ നല്ല കാര്യങ്ങളും ഇസ്ലാമിനു അകത്ത് തന്നെയാണ് സഹോദരാ. <<
അങ്ങനെയാണ് ഈ റജബ് ഇരുപത്തിയേഴിന്റെ നോമ്പും നിസ്ക്കാരവുമെല്ലാമെന്നു താങ്കള്‍ കരുതുന്നുവെങ്കില്‍ ആ മറുപടി മാത്രം മതിയെനിക്ക്. അതോടു കൂടി ചര്‍ച്ച അവസാനിപ്പിച്ചിരിക്കുന്നു.
>>ദീൻ കാര്യങ്ങളിൽ ശരിയായ പഠനമില്ലാതെ മുൻവിധികൾ വെച്ച് കാര്യങ്ങളെ സമീപിക്കരുത് <<
ഇബ്നുല്‍ ഖയ്യിമിന്റെ "സാദുല്‍ മആദ്", ഹാഫിള് ഇബ്നു ഹജറിന്റെ "തബ്യീനുല്‍ ഉജുബ് ഫീമാ വറദ ഫീ ശഹ്രി റജബ്", ഇബ്നു ഹജറിന്റെ "ഫത്ഹുല്‍ ബാരീ", ഇമാം നവവിയുടെ "ഫതാവാ ഇമാം നവവി", ഇബ്നു റജബിന്റെ "ലത്വാഇഫുല്‍ മആരിഫ്", ഇമാം ത്വര്തൂശിയുടെ "അല്‍ ഹവാദിസു വല്ബിദഉ" എന്നീ ഗ്രന്ഥങ്ങളില്‍ നിന്ന് ഉദ്ധരിച്ച് വിശദീകരിച്ചതിനെക്കുറിച്ചാണ് "മുന്‍വിധി"യെന്നും "തോന്നലെ"ന്നും താങ്കള്‍ പ്രസ്താവിക്കുന്നതെങ്കില്‍ ആ പ്രസ്താവന മേല്‍പ്പറഞ്ഞ ഗ്രന്ഥകര്ത്താക്കളോടു കൂടിയാണല്ലോ, അല്ലേ ? അപ്പൊഴും ചര്‍ച്ച തുടരുന്നതില്‍ അര്‍ത്ഥമില്ലാതെ പോകുന്നു.
അറബി ഭാഷ മനസ്സിലാക്കാന്‍ ശ്രമിക്കുകയും, അറബി ഗ്രന്ഥങ്ങള്‍ പഠിച്ച് അതിന്റെ ഉള്ളടക്കം പറഞ്ഞു തരുന്നവരെ കേള്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍, ഫത്വയിറക്കുന്നുവെന്ന് പേടിപ്പിക്കേണ്ടതില്ല. ആള്ക്കാര് അറിവു നേടട്ടെ. തലയില്‍ കെട്ടിയവര്‍ക്ക് മാത്രമേ കിത്താബ് വായിക്കാവൂ എന്നില്ലല്ലോ.. :)
എന്റെ പോസ്റ്റിലെ വാചകം ഉദ്ധരിച്ചു കൊണ്ട് താങ്കള്‍ പറഞ്ഞതിങ്ങനെ:-
>>ഇസ്ലാമിലെ കര്‍മ്മ ങ്ങളെല്ലാം പ്രവാചകന്റെ കാലഘട്ടത്തു തന്നെ പൂര്ണ്ണയമായും വിവരിക്കപ്പെട്ടിട്ടുണ്ട്. അതിനു ശേഷമുണ്ടാക്കപ്പെട്ടതെല്ലാം അനാചാരങ്ങളാണ്. ഉള്ക്കൊപള്ളാന് പറ്റുന്നവര്ക്ക്ി ഉള്ക്കൊ ള്ളുകയും അല്ലാത്തവര്ക്ക്മ തള്ളുകയുമാകാം <<
"ഏറ്റവും അപകടവും നിരുത്തരവാദപരവും ആയ പ്രസ്ഥാവനയാണിതെന്ന് പറയട്ടെ."
ഇസ്ലാമിന്റെ ആചാരാനുഷ്ഠാനങ്ങള്‍ പ്രവാചകന്റെ കാലഘട്ടത്തു തന്നെ പൂര്‍ത്തിയാക്കപ്പെട്ടിട്ടുണ്ടെന്ന പ്രസ്താവന എന്റേതല്ല, ഖുര്‍ആനാണതു പറയുന്നത്. അത് അപകടകരവും നിരുത്തരവാദപരവുമായിപ്പോയെങ്കില്‍ അത് തിരുത്താന്‍ എനിക്കാഗ്രഹമില്ല.
ഇസ്ലാമിന്റെ പ്രബോധനത്തിനും, ലളിതവും സുഗമവുമായി അതിലേക്ക് പ്രവേശിക്കാനും പില്ക്കാലത്ത് നാം സ്വീകരിച്ചുവന്ന വഴികളെക്കുറിച്ചാണു പിന്നീട് താങ്കള്‍ "ഇതൊക്കെ നബിയുടെ കാലത്ത് നിലവിലുള്ളതോ നബി നിര്‍ദ്ദേശിച്ചതോ അല്ലല്ലോ, അതൊക്കെ പറ്റുമോ" എന്ന ബാലിശമായ ചോദ്യമുന്നയിച്ചു കളഞ്ഞത്...!
ബ്ലോഗിംഗ് പ്രവാചകനും അനുചരന്മാരും ചെയ്തതല്ലല്ലോ എന്ന് ചോദിക്കാത്തതു ഭാഗ്യം.. :)
ഇസ്ലാമിലെ ആചാരാനുഷ്ഠാനങ്ങളില്‍ അനാവശ്യങ്ങള്‍ കടന്നുകൂടുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഇത്തരം വാദങ്ങളുന്നയിച്ച് വഴിതിരിച്ചു വിടുന്നത്, പ്രസ്തുത വിഷയത്തില്‍ താങ്കള്‍ക്ക് മറുപടിയില്ലാത്തതിനാലാണ്.
>>നബി(സ) യും സ്വഹാബത്തും പഠിപ്പിച്ച അനുവർത്തിച്ച കാര്യങ്ങൾ അടിസ്ഥാനമാക്കി അതിന്റെ ആശയത്തിനു അഥവാ ഇസ്ലാമിക അധ്യാപനങ്ങൾക്ക് വിരുദ്ധമല്ലാത്ത എല്ലാ നല്ല കാര്യങ്ങളും ഇസ്ലാമിനു അകത്ത് തന്നെയാണ് സഹോദരാ. <<
അങ്ങനെയാണ് ഈ റജബ് ഇരുപത്തിയേഴിന്റെ നോമ്പും നിസ്ക്കാരവുമെല്ലാമെന്നു താങ്കള്‍ കരുതുന്നുവെങ്കില്‍ ആ മറുപടി മാത്രം മതിയെനിക്ക്. അതോടു കൂടി ചര്‍ച്ച അവസാനിപ്പിച്ചിരിക്കുന്നു.
>>ദീൻ കാര്യങ്ങളിൽ ശരിയായ പഠനമില്ലാതെ മുൻവിധികൾ വെച്ച് കാര്യങ്ങളെ സമീപിക്കരുത് <<
ഇബ്നുല്‍ ഖയ്യിമിന്റെ "സാദുല്‍ മആദ്", ഹാഫിള് ഇബ്നു ഹജറിന്റെ "തബ്യീനുല്‍ ഉജുബ് ഫീമാ വറദ ഫീ ശഹ്രി റജബ്", ഇബ്നു ഹജറിന്റെ "ഫത്ഹുല്‍ ബാരീ", ഇമാം നവവിയുടെ "ഫതാവാ ഇമാം നവവി", ഇബ്നു റജബിന്റെ "ലത്വാഇഫുല്‍ മആരിഫ്", ഇമാം ത്വര്തൂശിയുടെ "അല്‍ ഹവാദിസു വല്ബിദഉ" എന്നീ ഗ്രന്ഥങ്ങളില്‍ നിന്ന് ഉദ്ധരിച്ച് വിശദീകരിച്ചതിനെക്കുറിച്ചാണ് "മുന്‍വിധി"യെന്നും "തോന്നലെ"ന്നും താങ്കള്‍ പ്രസ്താവിക്കുന്നതെങ്കില്‍ ആ പ്രസ്താവന മേല്‍പ്പറഞ്ഞ ഗ്രന്ഥകര്ത്താക്കളോടു കൂടിയാണല്ലോ, അല്ലേ ? അപ്പൊഴും ചര്‍ച്ച തുടരുന്നതില്‍ അര്‍ത്ഥമില്ലാതെ പോകുന്നു.
അറബി ഭാഷ മനസ്സിലാക്കാന്‍ ശ്രമിക്കുകയും, അറബി ഗ്രന്ഥങ്ങള്‍ പഠിച്ച് അതിന്റെ ഉള്ളടക്കം പറഞ്ഞു തരുന്നവരെ കേള്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍, ഫത്വയിറക്കുന്നുവെന്ന് പേടിപ്പിക്കേണ്ടതില്ല. ആള്ക്കാര് അറിവു നേടട്ടെ. തലയില്‍ കെട്ടിയവര്‍ക്ക് മാത്രമേ കിത്താബ് വായിക്കാവൂ എന്നില്ലല്ലോ.. :)
>>മുസ്ലിംകളുടെ നേരെ നിരുത്തരവാദപരമായി ആരോപണങ്ങളുന്നയിച്ചിരിക്കുകയാണു ഞാനെന്ന് താങ്കള്‍ പറയുന്നു<<
തീർച്ചയായും , ഞാൻ പറയുന്നതിലല്ല. താങ്കൾ പ്രവർത്തിച്ചതിലാണ് ദു:ഖിക്കേണ്ടത്
ഇവിടെ ഒരു പ്രത്യേക നിസ്കാരം റജബിൽ നിസ്കരിക്കുന്നു. അത് അനാചാരമാണെന്ന് പറയുന്നു. താങ്കൾ.. അങ്ങിനെ ഒരു പ്രത്യേക നിസ്കാരം ഉണ്ടെന്ന് സുന്നികളായ മുസ്ലിംകൾ പറയുന്നില്ല. അങ്ങിനെ ഒരു പ്രത്യേക നിസ്കാരം ഇല്ല എന്നാണ് പണ്ഡിതന്മാർ പഠിപ്പിക്കുന്നത്.
അപ്പോൾ ഇവിടെ ഇല്ലാത്ത ഒരു കാര്യം ഉണ്ടെന്ന് പറഞ്ഞ് .. ആടിന്റെ പട്ടിയാക്കി പേപ്പട്ടിയാക്കി തല്ലികൊല്ലുന്ന പ്രവണതയല്ലേ സഹോദരാ അനുവർത്തിക്കുന്നത് ?
>തിങ്കളാഴ്ച്ച നോമ്പ് ശക്തമായ സുന്നത്താകുന്നത് അത് പ്രവാചകന് (സ) പ്രോല്‍സാഹിപ്പിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്തു എന്നതിന്റെ കൂടി അടിസ്ഥാനത്തിലാണല്ലോ. അങ്ങനെയില്ലായിരുന്നെങ്കില് അത് സുന്നത്താണെന്നു പറയല്‍ സാധ്യമല്ല, പ്രവാചകന്റെ ചര്യയാണ് സുന്നത്ത്. പുണ്യനബി (സ) യെ എല്ലാ കാര്യങ്ങളിലും അനുധാവനം ചെയ്യലാണ് സുന്നത്തിന്റെ പ്രാവര്‍ത്തികത. <<
സമ്മതിക്കുന്നു. അത് തന്നെയാണ് കാര്യം. പ്രവാചക ചര്യയും അനുവാദങ്ങളും എല്ലാം അടിസ്ഥാനമാക്കി തന്നെയാണ് മുസ്ലിംകൾക്ക് അനുഗ്രഹമായ കാര്യങ്ങളിൽ നന്ദി രേഖപ്പെടുത്തി നോമ്പ് എടുക്കുന്നതും ,ദാന ദർമ്മങ്ങൾ ചെയ്യുന്നതും മറ്റ് നല്ല കാര്യങ്ങൾ ചെയ്യുന്നതും. നബി തങ്ങൾ തിങ്കളാഴ്ച നോമ്പെടുത്തതിന്റെ അടിസഥാനം എന്താണ് ? ആ അടിസ്ഥാനം തന്നെ ധാരാളം .
അല്ലാതെ എല്ലാ ഓരോ കാര്യങ്ങളും നബി ചെയ്തതേ ചെയ്യൂ എന്നും ചെയ്യാത്തത് ചെയ്യില്ല എന്നും ദുർവാശി പിടിക്കാൻ ദീനിൽ കല്പിക്കപ്പെട്ടിട്ടില്ല. അതാണ് ഞാൻ മുന്നെ ഉണർത്തിയ വിശുദ്ധ ഖുർആനിന്റെയും മദ്രസയുടെയും മറ്റും കാര്യം. അത് സൌകര്യപൂർവ്വം താങ്കൾ ഒഴിവാക്കി.
റജബിൽ പ്രത്യേകമായി നോമ്പെടുക്കരുതെന്നോ ,ആരാധാനകളിൽ മുഴുകരുതെന്നോ ഖുർആാൻ പാരായണം ചെയ്യരുതെന്നോ അങ്ങീനെ ചെയ്യുന്നത് അനാചാരമാണെന്നോ ഏതെങ്കിലും പൂർവ്വിക പണ്ഡിതൻ രേഖപ്പെടുത്തിയിട്ടില്ല.
ഇവിടെ തർക്കിച്ച് ജയിക്കാനോ തോത്പിക്കാനോ അല്ല നാം സമയം ചിലവാക്കേണ്ടത്. അതിനൊട്ടു താത്പര്യവുമില്ല.
താങ്കൾ പ്രമാണ(?)ങ്ങൾ ഉദ്ദരിച്ച് മുസ്ലിംകളെ അനാവശ്യങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും തടയാനുദ്ധേശിക്കുന്നുവെന്നാണല്ലോ പറയുന്നത്. അതിന് താങ്കൾ പറയുന്നു
>ഇസ്ലാമിലെ കര്‍മ്മങ്ങളെല്ലാം പ്രവാചകന്റെ കാലഘട്ടത്തു തന്നെ പൂര്‍ണ്ണമായും വിവരിക്കപ്പെട്ടിട്ടുണ്ട്. അതിനു ശേഷമുണ്ടാക്കപ്പെട്ടതെല്ലാം അനാചാരങ്ങളാണ്. <
അപ്പോൾ പിന്നീട് വന്നതെല്ലാം ഇസ്ലാമിനു പുറത്തെന്നാണല്ലോ.. ഒരു കാര്യം ഇസ്ലാമിൽ കൊള്ളാനും തള്ളാനും പ്രമാണങ്ങൾ വേണമല്ലോ.. അതനുസരിച്ച്
ബിദ്അത്ത് എന്നതിനൊരു നിർവചനം ഉണ്ടായിരിക്കണമല്ലോ അതെന്താണ് താങ്കൾ മനസിലാക്കിയത് എന്ന് കൂടി അറിയാൻ ആഗ്രഹിക്കുന്നു.
>>ഇസ്ലാമിന്റെ ആചാരാനുഷ്ഠാനങ്ങള്‍ പ്രവാചകന്റെ കാലഘട്ടത്തു തന്നെ പൂര്‍ത്തിയാക്കപ്പെട്ടിട്ടുണ്ടെന്ന പ്രസ്താവന എന്റേതല്ല, ഖുര്‍ആനാണതു പറയുന്നത്. അത് അപകടകരവും നിരുത്തരവാദപരവുമായിപ്പോയെങ്കില്‍ അത് തിരുത്താന്‍ എനിക്കാഗ്രഹമില്ല. <<
അതൊന്നു തിരുത്തേണ്ടതല്ല. അതൊട്ട് ഉദ്ദേശിച്ചുമില്ല .അപകടമാണെന്ന് ഞാൻ പറയുന്നത് ,പ്രവാചകന്റെ വഫാത്തിനു ശേഷം ഉണ്ടായിട്ടുള്ള എല്ലാം തള്ളപ്പെടേണ്ടതാണെന്നും അനാചാരമാണെന്നുമുള്ള നിലപാടാണ് .
അതാണ് മദ്രസയുടെയും മറ്റും ഉദാഹരണങ്ങൾ സൂചിപ്പിച്ചതും
>>ബ്ലോഗിംഗ് പ്രവാചകനും അനുചരന്മാരും ചെയ്തതല്ലല്ലോ എന്ന് ചോദിക്കാത്തതു ഭാഗ്യം.. :) <<
ആ നിലയിലേക്കാണ് ചില ഉത്പതിഷ്ണുക്കൾ പുരോഗമിക്കുന്നത് !! അവർ നാളെ ഒരു പക്ഷെ പ്രവചകനോ സഹാബത്തോ ബ്ലോഗുണ്ടാക്കിയില്ല അതിനാൽ ഇത് അനാചാരമാണ് എന്ന് പറഞ്ഞേക്കാനിടയുണ്ട്..:)
സഹോദരാ, ഈ പറയപ്പെട്ട ഉദ്ദരണികളും മറ്റും പണ്ഡിതന്മാർ കാണാത്തതോ പഠിക്കാത്തതോ അല്ല. അവർക്കൊന്നും മനസിലാവാത്ത കാര്യം മാനസിലായ ആ അറബി അറിയുന്ന തലയിൽ കെട്ടില്ലാത്ത അഭിനവ പണ്ഡിതർ പറയുന്നത് മാത്രാമണ് സത്യം എന്ന് മനസിലാക്കിയാൽ വേറെ വഴിയൊന്നുമില്ല
>>തലയില്‍ കെട്ടിയവര്‍ക്ക് മാത്രമേ കിത്താബ് വായിക്കാവൂ എന്നില്ലല്ലോ.. :) <<
ഇല്ല. കിതാബ് വായിക്കാൻ അറിയുന്ന തരത്തിൽ തലയുള്ളവർക്കാർക്കും വായിക്കാം.
അർഹതയില്ലാത്തവർ അഥവാ തലയില്ലാത്തവർ (അവർ തലയിൽ കെട്ടിയാലും കാര്യമില്ല ) ദീൻ വിവരിച്ച് തുടങ്ങിയതാണീ ഉമ്മത്തിന്റെ ഗതികേടെന്ന് സാരം
>>തീർച്ചയായും , ഞാൻ പറയുന്നതിലല്ല. താങ്കൾ പ്രവർത്തിച്ചതിലാണ് ദു:ഖിക്കേണ്ടത്<<
എനിക്ക് തീരെ ദുഃഖമില്ല; ഖേദവും. ഞാന്‍ പൂര്‍ണ്ണ ബോധ്യത്തോടെയാണെഴുതിയിട്ടുള്ളത്. ഗ്രന്ഥങ്ങള്‍ പലതും നേരിട്ട് കണ്ടു ബോധ്യപ്പെടാനുമെനിക്കായിട്ടുണ്ട്.
>>അങ്ങിനെ ഒരു പ്രത്യേക നിസ്കാരം ഉണ്ടെന്ന് സുന്നികളായ മുസ്ലിംകൾ പറയുന്നില്ല. അങ്ങിനെ ഒരു പ്രത്യേക നിസ്കാരം ഇല്ല എന്നാണ് പണ്ഡിതന്മാർ പഠിപ്പിക്കുന്നത്. <<
ഇവിടെ താങ്കളിലെ "സുന്നി" ഹൃദയമാണു മുറിപ്പെട്ടു പോയത്. ഒരു പ്രത്യേകവിഭാഗത്തെ മാത്രം ലക്ഷ്യമാക്കിയിട്ടായിരുന്നില്ല എന്റെ പോസ്റ്റ്. മറിച്ച് റജബ് മാസത്തില്‍ പൊതുവായി നടത്തപ്പെടുന്ന അനാചാരങ്ങളെക്കുറിച്ചുള്ള പണ്ഢിതന്മാരുടെ വീക്ഷണവും വിശദീകരണവുമായിരുന്നു. "അനാചാരം" എന്നു കേള്‍ക്കുമ്പോഴേക്ക് "ഞങ്ങള്‍ സുന്നികളെ"ക്കുറിച്ചാണ് എന്ന് ധരിക്കേണ്ട ആവശ്യമില്ല.
നിസ്ക്കാരം പാടില്ല, നോമ്പ് ആവാമെന്നാണ്. എങ്കില്‍ റജബ് ഇരുപത്തിയേഴിന്ന് നോമ്പ് സുന്നത്താക്കിക്കൊണ്ടുള്ള പ്രമാണമൊന്നും ഉദ്ധരിക്കാന്‍ ഇത്രയും കമന്റുകളില്‍ താങ്കള്‍ ശ്രമിച്ചിട്ടില്ല. അതു തന്നെയാണെന്റെ വിഷയത്തിന്റെ കാതലും കമന്റുകളില്‍ ആവര്‍ത്തിച്ച് ചോദിക്കപ്പെടുന്നതും.
>>തിങ്കളാഴ്ച നോമ്പെടുത്തതിന്റെ അടിസഥാനം എന്താണ് ? ആ അടിസ്ഥാനം തന്നെ ധാരാളം .<<
അതിന്റെ അടിസ്ഥാനത്തിലെ താരതമ്യം റജബിലെ നോമ്പിനും സ്വീകരിക്കുകയാണെങ്കില്‍, ആഘോഷപൂര്‍വ്വം കൊണ്ടാടപ്പെടുന്ന നബി (സ) യുടെ ജന്മദിനമുണ്ടല്ലോ റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന്.., അന്ന് നോമ്പെടുക്കല്‍ സുന്നത്താണെന്നു പറഞ്ഞാല്‍ എങ്ങനെയിരിക്കും ? ഒരു അനുഗ്രഹം ലഭിച്ചതിന്റെ ഓര്‍മ്മ പുതുക്കലാണല്ലോ അതും..
>>അല്ലാതെ എല്ലാ ഓരോ കാര്യങ്ങളും നബി ചെയ്തതേ ചെയ്യൂ എന്നും ചെയ്യാത്തത് ചെയ്യില്ല എന്നും ദുർവാശി പിടിക്കാൻ ദീനിൽ കല്പിക്കപ്പെട്ടിട്ടില്ല. അതാണ് ഞാൻ മുന്നെ ഉണർത്തിയ വിശുദ്ധ ഖുർആനിന്റെയും മദ്രസയുടെയും മറ്റും കാര്യം. അത് സൌകര്യപൂർവ്വം താങ്കൾ ഒഴിവാക്കി.<<
ഖുര്‍ആനിന്റെയും മദ്രസയുടെയുമെല്ലാം കാര്യങ്ങള്‍ മൊത്തത്തില്‍ ഉദ്ദേശിച്ചു കൊണ്ടാണ് താങ്കള്‍ ബാലിശമായി വാദിക്കുന്നുവെന്നു ഞാന്‍ പറഞ്ഞത്. ചര്‍ച്ച വഴിതിരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടത്. ഇസ്ലാമില്‍, അനുഷ്ടാനങ്ങളില്, അല്ലാഹുവും റസൂലും (സ) കല്‍പ്പിച്ചത് ചെയ്യുകയും വിരോധിച്ചത് ഉപേക്ഷിക്കുകയും ചെയ്യുമെന്ന വാശിയെ ദുര്‍വാശി എന്ന് വിളിക്കാമെങ്കില്‍ ആ ദുര്‍വ്വാശിയില്‍ ഞാന്‍ സന്തുഷ്ടനാണ്. അതെന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. താങ്കള്‍ പലതും കൂട്ടുക്കലര്ത്തിയതു കൊണ്ടാണ് അതിനാവാത്തത്.
>>റജബിൽ പ്രത്യേകമായി നോമ്പെടുക്കരുതെന്നോ ,ആരാധാനകളിൽ മുഴുകരുതെന്നോ ഖുർആാൻ പാരായണം ചെയ്യരുതെന്നോ അങ്ങീനെ ചെയ്യുന്നത് അനാചാരമാണെന്നോ ഏതെങ്കിലും പൂർവ്വിക പണ്ഡിതൻ രേഖപ്പെടുത്തിയിട്ടില്ല.<<
:) :) റജബിനെ നോമ്പു കൊണ്ടും നിസ്ക്കാരം കൊണ്ടും പ്രത്യേകമാക്കുന്നതിനെ പണ്ഢിതന്മാര് എതിര്‍ത്ത് അഭിപ്രായപ്പെട്ടിട്ടുണ്ടെന്നു സൂചിപ്പിച്ചു കൊണ്ടാണു ഞാന്‍ പോസ്റ്റെഴുതിയതും നമ്മള് ഇവിടെ കമന്റിക്കൊണ്ടിരിക്കുന്നതും. താങ്കള്ക്കതിതു വരെ മനസിലായില്ലെന്നാണോ .. ?!
റജബ് ഇരുപത്തിയേഴിന് നോമ്പ് സുന്നത്താണെന്നതിന്ന് ഒരു തെളിവുദ്ധരിക്കാന്‍ ഇത്രയും കമന്റ് കൊണ്ടും താങ്കള്‍ക്കു കഴിഞ്ഞില്ലല്ലോ..
മറ്റൊരുപാട് ഗ്രന്ഥകര്‍ത്താക്കള്‍ ഈ വിഷയത്തില്‍ അഭിപ്രായപ്പെട്ടതിനെയൊക്കെ ഞാന്‍ സൂചിപ്പിക്കുകയുണ്ടായി. അതിനു താങ്കളുടെ നിലപാടിങ്ങനെ :-
>>സഹോദരാ, ഈ പറയപ്പെട്ട ഉദ്ദരണികളും മറ്റും പണ്ഡിതന്മാർ കാണാത്തതോ പഠിക്കാത്തതോ അല്ല. അവർക്കൊന്നും മനസിലാവാത്ത കാര്യം മാനസിലായ ആ അറബി അറിയുന്ന തലയിൽ കെട്ടില്ലാത്ത അഭിനവ പണ്ഡിതർ പറയുന്നത് മാത്രാമണ് സത്യം എന്ന് മനസിലാക്കിയാൽ വേറെ വഴിയൊന്നുമില്ല<<
"അവര്‍" എന്ന് താങ്കള്‍ ഉദ്ദേശിക്കുന്ന പണ്ഢിതന്മാര് മനസ്സിലാക്കാതെയും കാണാതെയും പോയത് ആരും കാണരുതെന്നും, കണ്ടാല്‍ തന്നെ പുതിയതായി ഒന്നും മനസ്സിലാക്കരുതെന്നുമാണ് താങ്കളുടെ നിലപാടെങ്കില്‍ വേറെ വഴിയൊന്നുമില്ല.
ഞാന്‍ സൂചിപ്പിച്ച ഗ്രന്ഥങ്ങളും ഉദ്ധരണികളും പണ്ഢിതമതവുമൊന്നും ഈ വിഷയത്തില്‍ "ഞങ്ങള്‍ സുന്നികള്‍ക്ക്" സ്വീകരിക്കാനാവില്ലെന്നാണു നിലപാടെങ്കില്‍ വേറെ വഴിയേയില്ല...!
>>ഇവിടെ തർക്കിച്ച് ജയിക്കാനോ തോത്പിക്കാനോ അല്ല നാം സമയം ചിലവാക്കേണ്ടത്. അതിനൊട്ടു താത്പര്യവുമില്ല.<<..
എനിക്കു തീരെ താല്പര്യമില്ല. ഞാന്‍ ജയിക്കണമെന്ന ചിന്ത എനിക്കില്ലേയില്ല. ഇവിടെ സത്യമാണു ജയിക്കേണ്ടത്. ഈ പോസ്റ്റും കമന്റുകളും നിഷ്പക്ഷമായി വായിക്കുന്നവരുടെ ഹൃദയങ്ങളിലെല്ലാം സത്യം ജയിച്ചു കൊണ്ടിരിക്കും.
നിര്‍ത്തുന്നു.
اللهم أرنا الحق حقا وارزقنا اتباعه وأرنا الباطل باطلا وارزقنا اجتنابه
ശിഹാബ്!
താങ്കൾ ഈ പറഞ്ഞ ഗ്രന്ഥങ്ങൾ വല്ലതും കണ്ടിട്ടാണോ ഈ എഴുതിയത്?
അതോ ആരുടെതെങ്കിലും മുന്നും പിന്നും നോക്കാതെ പേസ്റ്റിയതോ?
ഞാൻ ഇങ്ങനെ ചോദിക്കാൻ കാരണം നിങ്ങൾ ഉദ്ധരിച്ച ഇബ്നു റജബിൽ ഹൻ ബലിയുടെ ഗ്രന്ഥം എന്റെ കയ്യിലുണ്ട്.അതിൽ നിങ്ങൾ ഉദ്ധരിച്ച കാര്യങ്ങൾ വിരൽ ചൂണ്ടുന്ന വിഷയവും നിങ്ങൾ സമർഥിക്കാൻ ശ്രമിച്ചതും തമ്മിൽ പൊരുത്തപ്പെടുന്നില്ല.പ്രത്യേക ആരാധന ഇല്ല എന്നും എന്നാൽ പ്രത്യേകം ആരാധനകൾ സജീവമാക്കണമെന്നുമാൺ അതിലുള്ളത്.ഉദാഹരണം അതിൽ പറയുന്നു..റജബ് മാസം നന്മയുടെയും അനുഗ്രഹങ്ങളുടെയും മാസങ്ങളുടെ താക്കോലാൺ
തിൻ മകൾ കൊണ്ട് കറുത്ത നിന്റെ ഏടുകളെ നരകത്തിൽ നിന്ന് രക്ഷിക്കാനുതകുന്ന സല്‍ക്കർമ്മങ്ങൾ കൊണ്ട് നീ റജബ് മാസത്തിൽ വെളുപ്പിക്കുക
പ്രത്യേകം പുണ്യ ദിനങ്ങളെ ഉപയോഗിക്കണമെന്ന ഈ സന്ദേശം താങ്കൾ ആ ഗ്രന്ഥം കണ്ടിരുന്നുവെങ്കിൽ നിഷേധിക്കണോ?
ഇല്ലെങ്കിൽ; നന്മകൾ തടയാനുള്ള താങ്കളുടെ ഈ തിടുക്കം, ഒഴിവാക്കാമായിരുന്നില്ലെ?
muham,
>>അതോ ആരുടെതെങ്കിലും മുന്നും പിന്നും നോക്കാതെ പേസ്റ്റിയതോ? <<
കോപ്പി പേസ്റ്റ് ചെയ്ത് ബ്ലോഗിലിട്ട് ആളാവേണ്ട അവസ്ഥ ഇതു വരെ വന്നിട്ടില്ല. ലേഖനങ്ങളില്‍ നിന്ന് കോപ്പി ചെയ്തിരുന്നെങ്കില്‍ അത് സൂചിപ്പിക്കുവാനുള്ള മാന്യത ഞാന്‍ കാണിക്കും. പിന്നെയെന്തിനാണീ ഇസ്ലാമെന്നും പറഞ്ഞ് നടക്കുന്നത്..!
ആട്ടെ, താങ്കള്‍ പറഞ്ഞ ഗ്രന്ഥം ഞാന്‍ സൂചിപ്പിച്ച "ലത്വാഇഫുല്‍ മആരിഫ്" ആണെങ്കില്‍ താങ്കള്‍ പറഞ്ഞ വാചകങ്ങളുടെ അറബി രൂപവും അത് എത്രാമത്തെ പേജിലാണെന്നും പറയുക.
i agree with shihabka....
pinne, mattullavarodu, ningal sangadanaa sanguchithathvangal maatti vechu chinthikkoooo.....
........
i dont think shihabka is mujahid worker
@ shihaab,
>എനിക്ക് തീരെ ദുഃഖമില്ല; ഖേദവും. ഞാന്‍ പൂര്‍ണ്ണ ബോധ്യത്തോടെയാണെഴുതിയിട്ടുള്ളത്. ഗ്രന്ഥങ്ങള്‍ പലതും നേരിട്ട് കണ്ടു ബോധ്യപ്പെടാനുമെനിക്കായിട്ടുണ്ട്.<
പിന്നെ എനിക്കൊന്നും പറയാനില്ല. ഇസ്ലാമിക പ്രമാണിക ഗ്രന്ഥങ്ങൾ നേരിട്ട് കണ്ട് മനസിലാക്കി മതവിധികൾ പറയാൻ മാത്രം പാണ്ഡിത്യം ഉള്ള ആളോടാണ് സംസാരിക്കുന്നതെന്ന് ആദ്യം മനസിലായില്ല. ക്ഷമിക്കുക.
നബി(സ)യുടെ ജന്മദിനം വരുന്ന എല്ലാ തിങ്കളാഴ്ചയും മുസ്ലിംകൾ നോമ്പ് അനുഷ്ഠിക്കാറുണ്ട്. വർഷം പൂർത്തിയായി വരുന്ന അന്നും അനുഷ്ടിക്കാറുണ്ട്. ചിലർ നോമ്പെടുക്കുന്നു എല്ലാ തിങ്കളാഴ്ചയും ചിലർ എടുക്കുന്നില്ല . നോമ്പെടുത്താലും ഇല്ലെങ്കിലും ദിവസത്തെ ആദരിക്കുകയാണ് ലോക മുസ്ലിംകൾ.
അനുഗ്രഹത്തിനു നന്ദി രേഖപ്പെടുത്തുക എന്ന ഇസ്ലാമിന്റെ അടിസ്ഥാന തത്വത്തിൽ ഊന്നിയാണീ നോമ്പും ആഘോഷങ്ങളുമെല്ലാം.
സഹാബത്തും താബിഉ താബിഉകളുമെല്ലാം ജീവിതം മുഴുവൻ ആരാധനകളിൽ മുഴുകി കഴിഞ്ഞവരായിരുന്നു. ഇന്ന് ആ പ്രത്യേക ദിവസങ്ങളിലെങ്കിലും അതൊക്കെ ഓർത്ത് ജീവിതത്തിനിടയ്ക്ക് എല്ലാ തിരക്കുകളു മാറ്റിവെച്ച് നന്മയിൽ മുഴുകാനുള്ള അവസരമായി മുസ്ലിംകൾ അതിനെ കാണുന്നു. അപ്പോൾ പ്രത്യേകമായി ഖുർആൻ ഓതാൻ പാടില്ല.. നോമ്പ് പാടില്ല...ഓർക്കാൻ പാടില്ല...ആഹ്ളാദിക്കാൻ പാടില്ല...ദുആ പാടില്ല...മദ്ഹ് പറയാൻ പാടില്ല..ദിക്റ് ചൊല്ലാൻ പാടില്ല..സ്വലാത്ത് പാടില്ല എന്ന ഉപദേശങ്ങൾ ഏറ്റവും ചുരുക്കി പറഞ്ഞാൽ നന്മ തടയുക എന്നാണ്.
പക്ഷെ ,ഈ വക ഇജ്തിഹാദ് മുസ്ലിം ലോകം അംഗീകരിക്കുന്നില്ല എന്ന് മാത്രം പറഞ്ഞ് .ഖൈറ് /നന്മ മുടക്കുന്ന പരിപാടിയിൽ നിന്ന് പിന്തിരിയലാണ് നല്ലതെന്ന ഒരു അപേക്ഷ വെച്ച് കൊണ്ട്.. താങ്കൾ ചെയ്യുന്ന പ്രവൃത്തി സ്വയം ഒരു വിലയിരുത്തൽ നെഞ്ചത്ത് കൈവെച്ച് നടത്തണമെന്ന് കൂടി അപേക്ഷിച്ച് നിറുത്തുന്നു.
@ muham,
ചെറുതെങ്കിലും ക്രിയാത്മകമായ പ്രതികരണത്തിനു നന്ദി
@ hadif,
ഇവിടെ ആരും സംഘടനാ സങ്കുചിത ചർച്ച നടത്തിയിട്ടില്ല. ശിഹാബ് മുജാഹിദ്/ വഹാബിയാണെന്നും പറഞ്ഞിട്ടില്ല.
നന്ദി
പോസ്റ്റും കമന്റുകളും വായിച്ചു .വിഷയം ഇസ്ലാമിക അനുഷഠാനങ്ങളെ സംബന്ധിച്ചാവുമ്പോൾ എവിടെയും ചർച്ചകൾ നടക്കും .ചിലവ വെറുംതർക്കങ്ങളാകുന്നു. ഇവിടെ നല്ല ചർച്ച നടന്നിരിക്കുന്നു.
പ്രചാരകനോട് യൊജിക്കുകയും ചെയ്യുന്നു ഞാനും
ഇന്ന് ബറാഅത്ത് രാവ് , നാളെ നോമ്പെടുക്കുന്ന കൂട്ടത്തിലാണ് ഞാനും .അതും അനാചാരമായി കണക്കാക്കുന്നവരുണ്ട്. അവർക്ക് അവരുടെ ന്യായങ്ങളും ..അതങ്ങിനെ നീളും :)
മര്യാദയുടേയും മാന്യതയുടേയും അതിരുകൾ ലംഘിക്കാത്ത, പരസ്പരം ഗുണകാംക്ഷയോടെയുള്ള ഇത്തരം ആശയ സംവാദങ്ങൾ ആശാസ്യമാണ്, അരോഗ്യകരമാണ്. വായനക്കാർക്ക് അവരവരുടേ ബോദ്ധ്യത്തിലേയ്ക്ക് ശെരിയായി വഴിനടക്കാൻ ഇത്തരം സംവാദങ്ങൾ സഹായകം. നാഥൻ നേർവഴിയിലാക്കട്ടെ ഏവരേയും.
Post a Comment