ഒരു വ്യക്തിയുടെ ജീവിതയാത്രയുടെ സുഖവും സന്തോഷവും നിറഞ്ഞ വഴിത്തിരിവാണ് കല്യാണം. ഇനിയുള്ള യാത്രയില്‍ കൈകോര്‍ത്ത് കൂടെ നടക്കാനും അനുഭവങ്ങളുടെ തീക്ഷ്ണതയിലും കുളിര്‍മ്മയിലും ഒരുപോലെ പങ്കു ചേരാനും ഒരിണ വന്നു ചേരുന്ന മുഹൂര്‍ത്തമാണത്. ഓരോ മാത്രയിലും പരസ്പരം ശ്രദ്ധിക്കാനും പരിചരിക്കാനും മാനസികമായും ശാരീരികമായും സമീപത്തുണ്ടാവുന്ന ഇണകള്‍ക്ക് അനുഭവവേദ്യമാകുന്ന നിര്‍വൃതി ജീവിതത്തിന്റെ മറ്റ് മുഹൂര്‍ത്തങ്ങള്‍ക്ക് നല്‍കാനാവില്ല. അതു കൊണ്ടൊക്കെത്തന്നെ ഈയൊരു ചടങ്ങ് അതിന്റെ എല്ലാ പ്രാധാന്യത്തോടെയുമാണ് നടത്തപ്പെടാറ്. അയല്‍ക്കാരെയും ബന്ധുക്കളെയും കൂട്ടുകാരെയും പരിചയക്കാരെയുമെല്ലാം ഈ സന്തോഷത്തിലേക്ക് നമ്മള് ക്ഷണിക്കുകയും സ്വീകരിക്കുകയും ചെയ്യാറുണ്ട്. പുതുവസ്ത്രങ്ങളും സുഗന്ധങ്ങളും കൊണ്ട് നാം അലങ്കാരം ചമയ്ക്കാറുണ്ട്. പന്തലും പാട്ടും മൈലാഞ്ചിയും ഒപ്പനയും വിഭവസമൃദ്ധമായ ഭക്ഷണവും കൊണ്ട് നമ്മള് കല്യാണം കെങ്കേമമാക്കാറുണ്ട്. സാധ്യമാകുന്ന എല്ലാ ആഘോഷത്തിമിര്‍പ്പുകളും കല്യാണത്തിന്റെ ഭാഗമാക്കാന്‍ നാം പ്രത്യേകം ശ്രദ്ധിച്ചു വരാറുണ്ട്.
സന്തോഷത്തിന്റെ ഈ നിമിഷങ്ങളെ സ്നേഹത്തിന്റെ കൂട്ടായ്മ കൊണ്ടും കുടുംബ ബന്ധങ്ങളുടെ കിലുങ്ങുന്ന ചങ്ങലക്കണ്ണികള്‍ കൊണ്ടും അലങ്കരിക്കപ്പെടുമ്പോഴാണ് അതിന് കൂടുതല്‍ ഭംഗി കൈവരുന്നത്. അവരൊക്കെയും നല്കുന്ന സ്നേഹാശ്ലേഷണങ്ങള്‍ക്ക് പ്ലാസ്റ്റിക് പൂക്കളേക്കാള്‍ മൃദുലതയുണ്ട്. കുടുംബസുഹൃത്തുക്കള്‍ ചുറ്റുമിരുന്ന് കൈകൊട്ടിപ്പാടുന്ന ഇശലുകള്‍ക്ക്, ഗാനമേളക്കാരന്റെ ശബ്ദസാന്നിദ്ധ്യത്തേക്കാള്‍ ഇമ്പമുണ്ട്. ഉറ്റചങ്ങാതിമാര്‍ വന്ന് കയ്യില്‍ വിരിയിക്കുന്ന മൈലാഞ്ചിവരകള്‍ക്ക് ഹൃദയബന്ധത്തിന്റെ നറുമണമുണ്ട്. പിഞ്ചു കുഞ്ഞുങ്ങള്‍ കൈകൊട്ടിപ്പാടുന്ന ഒപ്പനപ്പാട്ടുകള്‍ക്ക് ഒരായുസ്സു മുഴുവന്‍ ഓര്‍ത്തുവെക്കാനുള്ള ഓമനത്തവുമുണ്ട്.
ഇത്തരം നിര്‍മ്മലമായ ആനന്ദങ്ങള്‍ക്കപ്പുറത്ത് പൊള്ളയായ നിലവാരത്തിന്റെയും ഇല്ലാത്ത പണക്കൊഴുപ്പിന്റെയും നിറം ചാര്‍ത്തി ഇതാഘോഷിക്കാനാണ് പലരും ഇന്ന് കാണിക്കുന്ന പ്രവണത. ജീവിതത്തിന്റെ ഒരാവശ്യം നിറവേറുന്നതിന്ന്, സ്വന്തം നിലവാരവും പരിമിതിയും എത്രയാണെന്നുള്‍ക്കൊള്ളാതെ സമൂഹത്തിന്ന് മുമ്പില്‍ മുഖംമൂടിയണിയുന്ന കോമാളികളാകാനാണ് പലര്‍ക്കും താല്പര്യം.
ഒരനുഭവം പറയാം. ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തി കല്യാണമൊക്കെ കഴിച്ച് കുറച്ച് നാള് താമസിച്ച് തിരിച്ചെത്തിയതിന്ന് ശേഷം സുഹൃത്തുക്കളെ കണ്ടു മുട്ടുമ്പോഴും വിശേഷം പങ്കുവെക്കുമ്പോഴുമെല്ലാം സ്വാഭാവികമായും കല്യാണത്തെക്കുറിച്ച് ചോദിക്കാറുണ്ട്, . അങ്ങനെയൊരിക്കല്‍ ഒരു സുഹൃത്തുമായി സംസാരിക്കുന്നതിനിടയില്‍ ഞാന്‍ തിരിച്ച് ചോദിച്ചു.
"നാട്ടില്‍ പോയി ഒരു കല്യാണമൊക്കെ കഴിക്കണ്ടേ, കുറെ കാലമായില്ലേ വന്നിട്ട്..?"
സുഹൃത്ത്: "ഉം.. വേണം.. നാട്ടില്‍ കല്യാണം എന്നൊക്കെ പറഞ്ഞാല്‍ എന്ത് ചെലവാ.. ഒരു ആറേഴ് ലക്ഷമൊക്കെ വേണ്ടേ ഇതൊന്ന് നടന്നു കിട്ടാന്‍.."
ഞാന്‍: "ഉം.. എല്ലാരും ചെയ്യുമ്പോലെയൊക്കെ വേണം എന്നു വെച്ചാല്‍ അത്രയൊക്കെ വേണ്ടി വരും. ആവശ്യത്തിന് മാത്രം മതി എല്ലാം എന്നു കരുതിയാല്‍ ഒരു പ്രശ്നവുമില്ല"
സുഹൃത്ത്: "നിനക്ക് എത്ര ചെലവായി..?"
ഞാന്‍ ചെലവായ തുക പറഞ്ഞു കൊടുത്തു.
"പൊന്ന് വാങ്ങിയതൊക്കെ കൂട്ടിയോ" എന്ന് ആശ്ചര്യത്തോടെ ചോദിച്ച അവനോട് "എല്ലാം ചേര്‍ത്ത്" എന്ന് ഞാന്‍ മറുപടി പറഞ്ഞു. എത്രയാ പൊന്ന് മേടിച്ചത് എന്ന് അവന് ചോദിക്കുകയോ ഞാന്‍ പറയുകയോ ചെയ്തില്ല. ഞാന്‍ ആള് ശരിയല്ലെന്ന് അവന് തോന്നിക്കാണണം.
പിന്നെയവന് സാവകാശം ഒരു കാര്യം പറഞ്ഞു: "എന്നാലും ഒരു നൂറു പവനൊക്കെ അവര്‍ ഇങ്ങോട്ട് തരുമ്പോ ഒരു ഇരുപത്തഞ്ചെങ്കിലും നമ്മള് അങ്ങോട്ടു കൊടുക്കണ്ടേ..?" ന്യായമായ അവന്റെയീ സംശയം കേട്ട് ഞാന്‍ "പിന്നേ.. അതു വേണം" എന്നു പറഞ്ഞ് ആ സംഭാഷണം തുടരുന്നതില്‍ വിമുഖത കാണിച്ചു.
നോക്കണം, ഇരുപത്തിയഞ്ചു പവന് ഉണ്ടാക്കിയെടുക്കുന്നതില്‍ വേവലാതി പൂണ്ട് കാലങ്ങളായി മരുഭൂമിയില്‍ സന്തപ്തനായി കഴിയുന്ന ഇവന്റെ തപ്തമായ തലച്ചോറില്‍, നൂറു പവന് തരണമെന്നിവന്‍ ചിന്തിക്കുന്ന പെണ്ണിന്റെ പിതാവിന്റെ നെഞ്ചിലെ തീയെക്കുറിച്ചുള്ള ചിന്ത ഉയരുന്നേയില്ല. സ്വയം വിഡ്ഢികളായി നമ്മിലെ യുവാക്കള്‍ മാറുകയാണോ, അതോ അഭിനയിക്കുകയാണോ..? എങ്കില്‍ അതിന്റെ പിന്നിലെ ചേതോവികാരമെന്ത്.. ?
ജീവിതത്തെക്കുറിച്ചുള്ള സ്വന്തവും സ്വതന്ത്രവുമായ ഒരു കാഴ്ച്ചപ്പാടില്ലാത്തതാവണം യുവത ഇനിയുമിത്തരം നിരര്‍ത്ഥകതകളില്‍ നിന്ന് മോചിതരാവാത്തത്. അല്ലെങ്കില്‍, പെണ്ണിന്റെ പിതാവ് നെഞ്ചുരുകി, കൈ നീട്ടി ഉണ്ടാക്കിയ കാശും പൊന്നും കൊണ്ട് സ്വന്തം കല്യാണം കെങ്കേമമാക്കുകയും പിന്നീടങ്ങോട്ട് കുറച്ചു കാലം മിനുങ്ങി നടക്കുകയും ചെയ്യുന്ന വൃത്തി കെട്ട ഏര്‍പ്പാട് തുടരില്ലായിരുന്നല്ലോ. എന്റെ വായനയിലെപ്പൊഴോ ഒരിക്കല്‍, പെണ്മക്കളെ കെട്ടിച്ചയയ്ക്കാന്‍ നിവൃത്തിയില്ലാതെ പള്ളിയിലും അന്യനാടുകളിലും സ്വന്തം ജമാഅത്തില്‍ നിന്ന് കത്തുമായി വരുന്ന പിതാവിന്റെ അവസ്ഥയെ ഒരെഴുത്തുകാരന് താരതമ്യപ്പെടുത്തിക്കണ്ടതിങ്ങനെയാണ്; സാധാരണയായി കൊടുങ്കാറ്റോ പേമാരിയോ ഉരുള്‍പൊട്ടലോ പോലെയുള്ള ദുരന്തങ്ങളില്‍ വീടും അഭയവും നഷ്ടപ്പെട്ട പാവങ്ങള്‍ സ്വന്തം നാട്ടില്‍ നിന്നും സാക്ഷ്യപത്രവുമായി മറുനാട്ടില്‍ എത്തിച്ചേരാറുണ്ട്. ഇതു പോലെയൊരു ദുരന്തമാണ് തന്റെ പെണ്മക്കള് എന്ന് ഒരു പിതാവിന്ന് തോന്നുന്ന സാമൂഹികാവസ്ഥയേക്കാള്‍ നമുക്ക് മറ്റേതു രീതിയിലാണധഃപതിക്കാനാവുക..? അദ്ദേഹത്തിന്റെ കണ്ടെത്തല്‍ എത്ര അര്‍ത്ഥവത്താണ് ! അന്ധകാരം നിറഞ്ഞ ആറാം നൂറ്റാണ്ടിന്റെ ഇരുളില്‍ സ്വന്തം പെണ്മക്കളെ കുഴിച്ചുമൂടാന്‍ മാത്രം അധഃപതിച്ച പിതാക്കള്‍ ജീവിച്ചിരുന്ന ഒരു സമൂഹത്തിന്ന്, തലചായ്ക്കാന്‍ തണലും മുറുകെപ്പിടിക്കാന്‍ മൂല്യവും അടിയുറച്ചു നില്ക്കാന് ആദര്‍ശവും നല്കി വളര്‍ത്തിയെടുത്ത ഒരു സമൂഹത്തിന്റെ പുരോഗതിയാണോ നമ്മളീ കാണുന്നത്..?!
എന്തും ആഘോഷിക്കാനാണ് നമുക്ക് താല്പര്യം. അതിന്റെ പിന്നിലെ കാരണങ്ങളോ യുക്തിയോ നമുക്ക് വിഷയമാകാറില്ല. പാശ്ചാത്യലോകം കലണ്ടറിലെ ഒരു കോളത്തില്‍ എഴുതിപ്പിടിപ്പിക്കുന്ന ഏത് നാമവും ഏറ്റെടുക്കാനും ആഘോഷിക്കാനും നാമൊരുക്കമാണ്. ഒരു മനുഷ്യന്റെ ജനനം മുതല്‍ മരണം വരെയും മരണത്തിന്ന് ശേഷവും നമ്മള് ചടങ്ങും സദ്യയുമൊക്കെയായി ആഘോഷിക്കുന്നു. ജീവിതത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള നമ്മുടെ ഘട്ടങ്ങളെ ഓര്‍ക്കുകയും അതിനെ നമ്മളെങ്ങനെ ആഘോഷിച്ചു തീര്‍ക്കുന്നുവെന്നും ഒന്ന് വിലയിരുത്തി നോക്കുക. പലതും നിരര്‍ത്ഥകങ്ങളാണെന്ന് നിഷ്പക്ഷമായി ചിന്തിച്ചാല്‍ മനസ്സിലാക്കാം. പലരും സ്വന്തം പരിമിതിയെ മറച്ചു വെച്ചു കൊണ്ട് നിലനില്‍പ്പിന് (?) വേണ്ടി ചടങ്ങുകളൊരുക്കാറുണ്ട്. എന്നിട്ട് നാം തന്നെ നമ്മുടെ ദാരിദ്ര്യത്തെക്കുറിച്ച് വേവലാതിപ്പെടുകയും ചെയ്യുന്നു. സ്വയം കുഴിച്ച് അതിലേക്ക് ചാടി നിലവിളിക്കുന്ന ഒരു രീതി. "എന്റെ ജീവിതത്തിന്റെ അര്‍ത്ഥമെന്ത് ?" എന്നൊരു ചോദ്യം സ്വന്തത്തോട് ഒരിക്കലെങ്കിലും ഒന്ന് ചോദിച്ച് നോക്കുക.
സത്യത്തില്‍ ഈ പ്രവണത അവസാനിപ്പിക്കണമെങ്കില്‍ അത്, ജന്മദിനത്തില് തുടങ്ങേണ്ടി വരും. ആഘോഷപൂര്‍വ്വം നാം കൊണ്ടാടുന്ന ജന്മദിനം തന്നെ ആദ്യം ഉപേക്ഷിക്കുക. എന്നിട്ട് മതി ബാക്കിയെല്ലാം.
-------------------------------------------------------------------------------------
31/05/2010 ല്‍ കാസറഗോഡ്വാര്‍ത്ത.കോം ല്‍ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
-------------------------------------------------------------------------------------
31/05/2010 ല്‍ കാസറഗോഡ്വാര്‍ത്ത.കോം ല്‍ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
8 വായനകളിങ്ങനെ:
ശിഹാബ്...നന്നായി എഴുതി...എല്ലാവരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍....
പൊലിമകള്‍ കൂടുന്നു, കുറയുന്നില്ല, അസ്വസ്ഥതകളും
എന്റെ ഒരു സുഹുര്‍ത്ത് കുടുംബ കാര്യത്തിനിടയില്‍ ഇന്നലെ എന്നോടു പറഞ്ഞു.. എന്റെ മകന്റെ ജന്മദിനം ആയിരുന്നു.. ഞാന്‍ ചോദിച്ചു വല്ല പരിപാടിയും, അദ്ദേഹം പറഞ്ഞു പരിപാടി ഒന്നും ഇല്ല, വീട്ടില്‍ കുറച്ചു മധുരം ഉണ്ടാക്കി കഴിച്ചു, കൂടാതെ അനാഥ മന്ദിരത്തിലേക്ക് കുറച്ചു ഭക്ഷണ സാധനങ്ങള്‍ സംഭാവന എത്തിച്ചു കൊടുത്തു..
അല്ഹമ്ദ് ലില്ലാഹ് നല്ല കാര്യം, എല്ലാവരും നിങ്ങളെ പോലെ ചിന്തിച്ചിരുന്നെങ്കില്‍...
ശിഹാബ്.. വളരെ നന്നായി എഴുതി.. അഭിനന്ദനം അര്‍ഹിക്കുന്നു..
athikamonnum njan parayunnillaa
vivaham kazhikanayi manassil kanakku kootalukal kootiya njan chilath kurakkan theerumanichu !!
ഒരു ആഘോഷവും ഉപേക്ഷിക്കരുത് .ഇവിടെ എത്രകാലമെന്നു ആര്‍ക്കാണ് ഉറപ്പു ? അപ്പോള്‍ കിട്ടുന്ന സമയം ഉത്സവമാക്കുക .ചത്തു മേലോട്ട് പോയാല്‍ കിട്ടും എന്ന് പറയുന്നതൊക്കെ വെറും പ്രലോഭനം ആണ് .
വിശുദ്ധസുരയാല് മണ്ണ് കോപ്പ നിറക്കുക
നിത്യ ഹര്‍ഷ ത്തിന് ജ്വരാനുഭൂതി നുകരുക
കാലം
കാല് ചുവട്ടിലെ മണ്ണ് ഇടിച്ചു കൊണ്ടേ ഇരിക്കും
ഭൂത -ഭാവന്തങ്ങള് വരച്ചു മായ്ച്ചു കൊണ്ടേ ഇരിക്കും
ഭാവത് ചഷകം അമ്ര്തിനാല് നിറയട്ടെ
സമൂഹത്തിലെ ഓരോ അംഗത്തിന്റെയും ശ്രദ്ധ അടിയന്തിരമായി പതിയേണ്ടതായ അതീവഗൌരവമുള്ള വിഷയമാണ് ഈ ചെറുകുറിപ്പിലൂടെ ശിഹാബ് അവതരിപ്പിച്ചിരിക്കുന്നത്.
മുമ്പിൽ നടന്നവരുടെ പാത അന്ധമായി പിന്തുടരുന്ന രീതി യുവാക്കൾ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. ആവശ്യവും അനാവശ്യവും വിവേചിച്ചറിയാനും ഓരോന്നിന്റെയും അർഹത മനസ്സിലാക്കി തള്ളുകയും കൊള്ളുകയും ചെയ്യാനുമുള്ള ആർജ്ജവവും സന്നദ്ധതയും ഉണ്ടായാൽ സമൂഹം കുഴിച്ചുവെച്ചിരിക്കുന്ന പല മാതിരി കുഴികളിൽ ചാടാതെ രക്ഷപ്പെടാൻ കഴിയും.
ജീവിതം കുറെകൂടി സഹനീയമാകാൻ മറ്റു കുറുക്കുവഴികളൊന്നുമില്ല.
സത്യദർശനത്തിനു ഉതകുന്ന ഈ കുറിപ്പിനു നന്ദി.
Hi,
Instead of spending a lot in marriage, what i did was ....
i avoided wedding recepiton and gave that money to a poor girl (without any publicity) and when i brought my wedding dress i brought one for her also..actually it was all my mothers decision and at the time of my wedding i disagreed with what she did. but now i am proud of my mom's decision and now also when i am buying 5 pairs of dress for kids i will buy one for hers also...
ഇവിടെ വന്ന് അഭിപ്രായമറിയിച്ചവര്‍ക്കെല്ലാം നിറഞ്ഞ നന്ദി അറിയിക്കട്ടെ. സ്വജീവിതത്തിലും പരിസരങ്ങളിലും മൂല്യങ്ങളുയര്‍ത്തിപ്പിടിക്കാന്‍ നമുക്കാവട്ടെ. ഉമ്മര്‍ കുട്ടിയുടെ അഭിപ്രായത്തോടുള്ള വിയോജിപ്പും തുറന്നു പറയട്ടെ.
Post a Comment