Monday, February 23, 2009


"Masturbate, I like it"

ഇത് ആധുനികതയുടെ എല്ലാ അലങ്കാരങ്ങളും നന്നായണിഞ്ഞ ഒരു യുവാവ്‌ ധരിച്ച ടീ-ഷര്‍ട്ടില്‍ എഴുതപ്പെട്ടിരുന്ന വാക്കാണ്‌. അല്‍‌പനേരം അങ്ങനെയിരുന്ന് ഞാനാലോചിച്ചു. എന്തായിരിക്കും ഈ ടീ- ഷര്‍ട്ടു തന്നെ തെരഞ്ഞെടുത്തണിയാനുള്ള അവന്റെ ഉദ്ദേശ്യത്തിനു പിന്നില്‍... ഞാനാ യുവാവിന്റെ അരികില്‍ ചെന്നു എന്താണീ എഴുതിയിരിക്കുന്നതിന്റെ അര്‍ത്ഥമെന്ന് നിങ്ങള്‍ക്കറിയാമോ എന്നു ചോദിച്ചു. വളരെ സൗമ്യനായി അവന്‍ മറുപടി പറഞ്ഞു :" മാഫീ ഇംഗ്ലീഷ്, അറബീ.." ഓഹോ.. കുടുങ്ങി.. (എടാ.. ദുബായിലായിരുന്നിട്ട് ഇവന്‍ ഇതു വരെ ഹിന്ദിയെങ്കിലും പഠിച്ചില്ലേ...) ഇനിയിപ്പോ... എന്തായാലും ഇത് മനസിലാക്കിക്കൊടുക്കാതെ പോകില്ലെന്നു തീരുമാനിച്ച് എനിക്കറിയാവുന്ന മുറിയന്‍ അറബിയില്‍ അവനോട് കാര്യം ചോദിച്ചു. "മാ മക്തൂബ്..? " ഒന്നുമറിയാത്തതു പോലെ അവന്റെ ചോദ്യം. (എന്താണെഴുതപ്പെട്ടിരിക്കുന്നത് എന്ന്) ഹോ..! സമാധാനമായി..! പിന്നെ വളരെ സാവധാനത്തോടെ (ധൃതിയില്‍ പറയാന്‍ അറിയാത്തതു കൊണ്ടു കൂടിയുമാണ്‌) അവനെ കാര്യം പറഞ്ഞു ധരിപ്പിച്ചു. എന്നിട്ട് ഇത് നല്ല കാര്യമല്ലെന്നും ഇനി താങ്കള്‍ ഇത് ധരിക്കില്ലെന്നു ഞാന്‍ കരുതുന്നുവെന്നും അവനോട് പറഞ്ഞു. വിട പറയുന്നതിനു മുമ്പ് എവിടെയാണു നാടെന്നും ഇവിടെയെന്തു ചെയ്യുന്നുവെന്നും ഞാന്‍ ചോദിച്ചു. ഞാന്‍ സിറിയയില്‍ നിന്നാണ്‌. ഇവിടെ ഒരു കമ്പനിയില്‍ സെയില്‍‌‍സ്മാനായി ജോലി ചെയ്യുന്നു. കമ്പനിയുടെ പേരും പറഞ്ഞ് എന്നോട് അങ്ങോട്ട് ഒരു ദിവസം വരാനും ആവശ്യപ്പെട്ട് ഞങ്ങള്‍ കൈ കൊടുത്തു പിരിഞ്ഞു.

സത്യത്തില്‍ അവനൊന്നുമറിയില്ലായിരുന്നു. എന്തോ ഒരിംഗ്ലീഷ് വാക്ക്; അത്രേ അവനറിയൂ. ഇതു തന്നെയാണ് പലരുടെയും പ്രശ്നം. നമ്മുടെ വേഷവിധാനങ്ങള്‍, ഭാഷാ പ്രയോഗങ്ങള്‍, സംഗീതാസ്വാദനങ്ങള്‍, ആചാരങ്ങള്‍ ഇവയൊക്കെ ഏറ്റവും പുതിയതെടുത്തു പ്രയോഗിക്കുക എന്നതല്ലാതെ ഇവയൊക്കെ എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്നു ചിന്തിക്കുന്നവര്‍ ചുരുക്കമാണ്‌. "നീളന്‍ കൈയുള്ള കുപ്പായം തുന്നിയിട്ട് ആ കൈ മടക്കിക്കേറ്റി വെച്ച് നമ്മള്‍ നടക്കുന്നു" എന്ന് പ്രസംഗം സപര്യയാക്കിയ, ആ സപര്യയ്ക്കിടയില്‍ തന്നെ മരിച്ചു പോയ ഡോ: എം. എന്‍. വിജയന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ടത്രെ. അനുകരണമാണു നമുക്കിഷ്ടം. നാമിഷ്ടപ്പെടുന്ന സ്റ്റാര്‍ എന്തു വേഷം കെട്ടിയാലും അത് തനിക്കിഷ്ടമാണെന്ന്‌ മാലോകരോട് വിളിച്ചു പറയാന്‍ വെമ്പുന്ന മനസാണ്‌ നമുക്ക്. ഒരു കാലത്ത് സല്‍മാന്‍ ഖാന്‍, തന്റെ ജീന്‍സിനും മുകളില്‍ പുറത്തു കാണുന്ന രീതിയില്‍‌ അടിവസ്ത്രം ധരിച്ചപ്പോള്‍ അത് പലരും മോഡലാക്കി. സല്‍മാന്‍ ഖാനെപ്പോലെ കുപ്പായമിടാതെ നടക്കാന്‍ പറ്റാത്തതു കൊണ്ട് അര വരെ മാത്രം നീളമുള്ള കുപ്പായമിട്ട് ബസിന്റെ കമ്പിയും പിടിച്ച് നില്‍ക്കുന്ന യുവാവ്, താന്‍ ധരിച്ച അടിവസ്ത്രത്തിന്റെ കമ്പനിയുടെ അമ്പാസഡറാണെന്നു തോന്നിപ്പിച്ച ഒരു കാലമുണ്ടായിരുന്നു.

ഷാരൂഖ് ഖാന്‍ തേക്കുന്ന ഷാമ്പൂ, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കുടിക്കുന്ന പാനീയം, സെയ്ഫ് അലി ഖാന്‍ കൊറിക്കുന്ന ഭക്ഷണം, കരീന തേച്ചു കുളിക്കുന്ന സോപ്പ് ഇവയൊക്കെ നമ്മുടെയും ഇഷ്ടങ്ങളാകുമ്പോള്‍ നമ്മുടെ ചിന്ത മരവിച്ചിരിക്കുന്നു എന്നു തന്നെ മനസിലാക്കുക.

പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഡന്റെ ഒരു സദസ്സില്‍ പങ്കെടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു സംഭവമുണ്ട്. ഒരു സദസ്സില്‍ ക്ലാസെടുത്തു കൊണ്ടിരിക്കവേ "ജന്മനാ കറുത്ത് മെലിഞ്ഞിരുന്ന ഒരു സ്ത്രീ ലക്സ് സോപ്പ് മാത്രമുപയോഗിച്ച് വെളുത്ത സുന്ദരിയായി. അവര്‍ ഇന്ന് വളരെ പ്രശസ്തയാണ്‌. ആരാണെന്നു പറയാമോ" എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന്‌ സദസ്സില്‍ നിന്നൊന്നടങ്കം "ഐശ്വര്യാ റായീ..." എന്ന് ഉത്തരം കിട്ടിയത്രെ. നോക്കണം നമ്മുടെ സമൂഹത്തിന്റെ ചിന്തയെ കോര്‍പ്പറേറ്റുകള്‍ എങ്ങനെ വലം വെച്ചിരിക്കുന്നു എന്ന്. ഒരു പരിധിയില്‍ നിന്നപ്പുറത്തുള്ള യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാന്‍ നമുക്കു മനസില്ല.

നമ്മുടെ കുഞ്ഞുങ്ങള്‍ കടലമിഠായിക്കും കല്ലുമിഠായിക്കും ഒക്കെ വാശി പിടിച്ചു കരഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. ഈ മിഠായികളുടെ പരസ്യങ്ങളൊന്നും എവിടെയും പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നില്ല. കുട്ടികളെ കാണുമ്പോഴോ, സന്ദര്‍ശിക്കുമ്പോഴോ നമ്മള്‍ കൊണ്ടു പോകുന്ന മിഠായികള്‍ക്ക് സ്നേഹത്തിന്റെ മധുരമുണ്ടായിരുന്നു; അരുമയുടെ നിറവുണ്ടായിരുന്നു. ഇന്ന് ഈ സ്നേഹവും അരുമയും കോര്‍പ്പറേറ്റുകള്‍ നന്നായി ഉപയോഗിക്കുന്നുണ്ട്. ഇന്ന് കുടുംബ സമേതം കാറില്‍ യാത്ര ചെയ്യുന്നതിനിടയില്‍ റോഡരികില്‍ കാണുന്ന ഷോപ്പില്‍ തൂങ്ങുന്ന തിളങ്ങുന്ന ചിപ്സ് പാക്കറ്റുകള്‍ക്ക് വേണ്ടി കുട്ടികള്‍ വാശി പിടിക്കാതെ തന്നെ നമ്മള്‍ വാങ്ങിച്ചു കൊടുക്കുന്നത്‌ ഈ പരസ്യത്തിന്റെ പ്രലോഭനം കൊണ്ട് മാത്രമല്ല; അത് ഒരു prestige ന്റെ ചിഹ്നവും കൂടിയാണ് പലര്‍ക്കും. ഉള്ളില്‍ എന്തെങ്കിലും വസ്തുവിനേക്കാള്‍ വായു കുത്തി നിറച്ചിരിക്കുന്ന ഇത്തരം പാക്കറ്റുകള്‍ക്കുള്ള വില അര്‍ഹിക്കുന്നതിനപ്പുറവുമാണ്‌ എന്നത് നമുക്കൊരു പ്രശ്നമേയല്ല.

പരസ്യങ്ങള്‍, പ്രത്യേകിച്ച് ടെലിവിഷന്‍ നമ്മുടെ മനസിനെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്; നെഗറ്റീവായിത്തന്നെ. നമുക്ക് സത്യം വിളമ്പിത്തന്നിരുന്ന, നേരിന്‌ കൂട്ടു നിന്നിരുന്ന പത്രമാധ്യമങ്ങള്‍ പോലും ഇന്ന് സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്ന പരസ്യങ്ങള്‍ക്ക് വലിയ വില കല്പ്പിക്കുന്നു. ഇത്തരം സാഹചര്യത്തില്‍ നമുക്ക് നമ്മെയും നമ്മുടെ പരിസരത്തെയും കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നേ തീരൂ.

പരസ്യത്തിന്റെ ആദ്യ ചരിത്രം മനുഷ്യന്റെ ആദ്യ ചരിത്രത്തോളം പഴക്കമുള്ളതാണ്‌. സ്വര്‍ഗലോകത്ത് സുഖലോലുപതയില്‍ വാഴുന്ന ആദം, ഹവ്വ ദമ്പതികള്‍ക്കിടയിലേക്ക് സ്വര്‍ഗ്ഗത്തിലെ ഒരു മരത്തെ കുറിച്ച് ഇല്ലാത്ത പൊലിമകള്‍ പറഞ്ഞു കൊണ്ട് വരുന്ന ആദ്യത്തെ അഭിനേതാവ് പിശാചാണ്‌. അതില്‍ മനുഷ്യന്ന് വീഴ്ച്ച സംഭവിക്കുന്നു, പരസ്യം അതായത് പിശാച് വിജയിക്കുന്നു, ദൈവം കോപിക്കുന്നു അതായത് മനുഷ്യന്റെ സമാധാനത്തിന്‌ ഭംഗം വരുന്നു. പരസ്യങ്ങള്‍ പലതും പൈശാചിക പ്രേരണയുണ്ടാക്കുന്നുവെന്നും അത് താളഭംഗം സൃഷ്ടിക്കുന്നുവെന്നുമാണോ ഞാന്‍ പറഞ്ഞു വരുന്നത്... അതെ .. അതു തന്നെ.
----------------------------------------
Shaf അയച്ചു തന്ന ചിത്രം ചേര്‍ത്ത് അപ്ഡേറ്റ് ചെയ്തത് : 24/02/2009, 12:25 pm

20 വായനകളിങ്ങനെ:

sHihab mOgraL said...

ഭംഗിയായി അധഃപതിക്കുന്നവര്‍...

Ranjith chemmad / ചെമ്മാടൻ said...

"സ്വയംഭോഗം..."
ഇഷ്ടമാണെന്ന് പറഞ്ഞ് പ്രദര്‍ശിപ്പിച്ചു നടക്കുക...
പാവം സിറിയക്കാരന്‍....

Kiss My dash എന്ന സ്റ്റിക്കര്‍ കാറിന്റെ പിറകിലൊട്ടിച്ച വിദേശിയ്ക്ക്
ദുബായ് പോലീസ് പിഴ ചുമത്തിയ വിവരം എവിടെയോ വായിച്ചിരുന്നു...
അജ്ഞതയാലും അഹങ്കാരത്താലും സംഭവിക്കുന്നവ!!

നല്ല പോസ്റ്റ്, നല്ല ചിന്തകള്‍...
നമ്മുടെ നന്മയാര്‍ന്ന പൈതൃകങ്ങളെ
നാമാവശേഷമാക്കുന്ന ആധുനികതയുടെ
പരസ്യതന്ത്രങ്ങള്‍....
അതിനിരകളാകുന്ന വിശ്വസുന്ദരിമാര്‍ മുതല്‍
റിയാലിറ്റി ഷോ നക്ഷത്രങ്ങള്‍ വരെ.....

അനില്‍ശ്രീ... said...

പരസ്യങ്ങള്‍ തീരുമാനിക്കുന്നു,,,,ജനങ്ങള്‍ അനുസരിക്കുന്നു.
ഒരു പരസ്യത്തിന്റെ കഥ ഇന്നു ഞാന്‍ പോസ്റ്റ് ചെയ്തിരുന്നു...ഇവിടെ കാണാം

കാവിലന്‍ said...

അരഞ്ഞാണം കെട്ടാത്ത സ്‌ത്രീജനങ്ങളും(പി.പത്മരാജനോട്‌ കടപ്പാട്‌), കോലം കെട്ടുന്ന പുരുഷജനങ്ങളും... ഒക്കെ കണ്‍ടും കേട്ടും സഹിക്കുക നാം. പോസ്റ്റ്‌ നന്നായി. നല്ല വിഷയം

Shaf said...

ഷിഹാബ്,
അടിസ്ഥാനപരമായി മനുഷ്യനുണ്ടേയിരിക്കേണ്ട ഒരു ബോധമുണ്ട് അത് ക്ലാസ്മുറികളില്‍ നിന്നുമാത്രം ലഭിക്കുന്നതാണ് എന്നഭിപ്രായമില്ല, അത് മനുഷ്യനു നഷ്ടപെട്ടുക്കൊണ്ടിരിക്കുന്നു ആ സിറിയന്‍ പയ്യന്‍ അറിയാതെ ചെയ്തതാണെങ്കിലും അറിഞ്ഞുകൊണ്ട് തന്നെ ചെയ്യുന്നവര്‍ ഒരുപാടുണ്ട്. ‘കില്ലര്‍’ എന്ന് വലിയ അക്ഷരത്തില്‍ എഴുതിയ ജീന്‍സുമിട്ടു ക്ലാസില്വന്നിരുന്ന സുഹൃത്തിനെ അദ്ധ്യപകന്‍ ശകാരിച്ചതെനിക്കോര്‍മയുണ്ട്..

എല്ലാം തലതിരിച്ചു പിടിക്കുക ..അതാണ്‍ വെറൈറ്റി ..!!

അനിയന്‍ ഈയിടെ അയച്ചുതന്ന അവന്റേയും സുഹൃത്തുക്കളുടേയും ഫോട്ടോയില്‍ ഒരു ചിത്രം ഇവിടെ ചേര്‍ത്തുവെക്കേണ്ടതാണ്..!!(മുഖം കട്ട് ചെയ്തു ഞാന്‍ മെയില്‍ ചെയ്യാം ..)

Shaf said...

oh u updated !!
it's quite witty to see here ..
:)

teepee | ടീപീ said...

അറിവിനേക്കാള്‍ വലുതാണ് തിരിച്ചറിവ്.അത് പോരാടാനുള്ളായുധമാകുമ്പോഴാണ് മനുഷ്യജീവിതം സാര്‍ഥകമാവുന്നത്.
കാലം പുരോഗമിക്കുന്തോറും ബുദ്ധിയുണ്ടെന്ന് നടിക്കുന്ന മനുഷ്യന്‍ സ്വയം അധപതിക്കുകയാണെന്ന് ഇത്തരം “മനുഷ്യക്കോല”ങ്ങള്‍ വിളിച്ചുപറയുന്നു.

“ചിന്തയെ കൂച്ചുവിലങ്ങിടാന്‍ യുവത്വത്തെ നിഷ്ക്രിയമാക്കുക” എന്നത് കോര്‍പറേറ്റ് ഭീമന്മാരുടെ എക്കാലത്തെയും (കു)തന്ത്രമാണ്.അത് തിരിച്ചറിയാത്തൊരു ജനതക്ക് എങ്ങനെ വരും തലമുറക്ക് നേര്‍വഴി കാണിച്ചുകൊടുക്കാനാവും ?

പരസ്യക്കമ്പനികളും കുത്തക മുതലാളിമാരും നമ്മുടെ അജണ്ട നിര്‍ണ്ണയിക്കുന്നേടത്താണ് നാം യദാര്‍ത്ഥത്തില്‍ അടിമകളാകുന്നത്.ശരീരം മുഴുവന്‍ മറയുന്ന ഫുള്‍സ്ലീവ് ഷര്‍ട്ടും പാന്റ്സൂം അതിനു മുകളീലൊരു കോട്ടും പിന്നൊരു ടൈയും പുരുഷന് ഫാഷനാകുമ്പോള്‍ പരമാവധി തുറന്നുകാണിക്കാനുള്ളതാണ് സ്ത്രീശരീരമെന്ന് നമ്മെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതാരാണ്?

നാം നമ്മെ തിരിച്ചറിയുക എന്നതു മാത്രമാണ് പോംവഴി.സ്വന്തം തലച്ചോറ് മറ്റാര്‍ക്കുമുമ്പിലും പണയപ്പെടുത്താന്‍ തയ്യാറാവാത്ത ഒരു തലമുറക്കു മാത്രമേ ധര്‍മ്മത്തിന്റെ അവശേഷിക്കുന്ന നാരായവേരും പിഴുതെടുത്തു കൊണ്ടുപോവുന്ന ആസുരകാലത്തിന്റെ ഈ മലവെള്ളപ്പാച്ചിലില്‍ പിടിച്ചുനില്‍ക്കാനാവൂ.

പകല്‍കിനാവന്‍ | daYdreaMer said...

വളരെ നല്ല എഴുത്ത് ശിഹാബ്, ആശംസകള്‍..

ഓഫ്: പരസ്യം നിര്‍മ്മിക്കുന്നത്‌ കൊണ്ടു അരി വാങ്ങിക്കുന്ന ഒരു പാവപ്പെട്ടവന്‍ ആണേ? (പിശാച് )

Kaippally said...
This comment has been removed by the author.
Kaippally said...

അദ്യം പറഞ്ഞ കാര്യങ്ങളെല്ലാം കൊള്ളാം. പിന്നെ പറഞ്ഞതു് എനിക്ക് അത്ര ശരിയാണെന്നു തോന്നിയില്ല്

"ഇന്ന് ഈ സ്നേഹവും അരുമയും കോര്‍പ്പറേറ്റുകള്‍ നന്നായി ഉപയോഗിക്കുന്നുണ്ട്. ഇന്ന് കുടുംബ സമേതം കാറില്‍ യാത്ര ചെയ്യുന്നതിനിടയില്‍ റോഡരികില്‍ കാണുന്ന ഷോപ്പില്‍ തൂങ്ങുന്ന തിളങ്ങുന്ന ചിപ്സ് പാക്കറ്റുകള്‍ക്ക് വേണ്ടി കുട്ടികള്‍ വാശി പിടിക്കാതെ തന്നെ നമ്മള്‍ വാങ്ങിച്ചു കൊടുക്കുന്നത്‌ ഈ പരസ്യത്തിന്റെ പ്രലോഭനം കൊണ്ട് മാത്രമല്ല; അത് ഒരു prestige ന്റെ ചിഹ്നവും കൂടിയാണ് പലര്‍ക്കും."

ങേ? അങ്ങനെയൊരു സംഭവം ഉണ്ടോ? ഇവിടെ വീട്ടിൽ Cable TV ഇല്ല, അതുകൊണ്ടു പരസ്യം കാണാറില്ല. ഞങ്ങൾ സൂപ്പർമാർകെറ്റിലും ഗാസ് സ്റ്റേഷനിലും പോയാൽ ആവശ്യം പോലെ crackersഉം crispiesഉം പിള്ളേർക്ക് വാങ്ങിച്ചു കൊടുക്കാറുണ്ടു്. ഈ പറയുന്ന സ്നേഹത്തിന്റെ നിറവും, വാത്സല്യത്തിന്റെ മണവും ഉണ്ടോ എന്നൊന്നും നോക്കിയിട്ടില്ല. പിള്ളേരു അതും കഴിച്ചു വണ്ടിയിൽ dvdയും കണ്ടു അടങ്ങി ഇരുന്നോളും.

താങ്കൾ പറയുന്നതു് ഇവിടങ്ങളിൽ ബാധകമാണെന്നു തോന്നുന്നില്ല.

sHihab mOgraL said...

രഞ്ജിത്ത്, നന്ദി., (ഉദാഹരണങ്ങള്‍ നിരവധി:- "Drink Bear, Save Water"/ I am the dog & You are my food/ No Job, No Girl Friend & No Tension .. ഇതൊക്കെ ഞാന്‍ കണ്ണിനാല്‍ കണ്ടത്..)

അനില്‍ശ്രീ, ലിങ്കിനു നന്ദി
കാവിലന്‍, നന്ദി
Shaf, ഈ support ന്‌ നന്ദി.. But I dont mean witty at all.

Teepee,
"നാം നമ്മെ തിരിച്ചറിയുക എന്നതു മാത്രമാണ് പോംവഴി.സ്വന്തം തലച്ചോറ് മറ്റാര്‍ക്കുമുമ്പിലും പണയപ്പെടുത്താന്‍ തയ്യാറാവാത്ത ഒരു തലമുറക്കു മാത്രമേ ധര്‍മ്മത്തിന്റെ അവശേഷിക്കുന്ന നാരായവേരും പിഴുതെടുത്തു കൊണ്ടുപോവുന്ന ആസുരകാലത്തിന്റെ ഈ മലവെള്ളപ്പാച്ചിലില്‍ പിടിച്ചുനില്‍ക്കാനാവൂ."
അത്ര തന്നെ.

പകല്‍ക്കിനാവന്‍, ഡോണ്ടു ഡോണ്ടൂ.. അങ്ങനെയല്ല കേട്ടോ.. നല്ലതും രസകരമായതും സാമാന്യബുദ്ധിക്ക് യോജിച്ചതുമായ എത്ര പരസ്യങ്ങളുണ്ട്..

പ്രിയ കൈപ്പള്ളി, അഭിപ്രായത്തിനു നന്ദി. പിന്നെ സ്നേഹത്തിനും വാല്‍സല്യത്തിനും ഏറ്റക്കുറവ് സംഭവിക്കുന്നു എന്നല്ല ഞാനുദ്ദേശിച്ചത്. മറിച്ച് ഈ മനുഷ്യ വികാരങ്ങള്‍ കോര്‍പ്പറേറ്റുകള്‍ വളരെ സമര്‍ത്ഥമായി ചൂഷണം ചെയ്യുന്നത് മനസിലാക്കണമെന്നാണ്‌. ഗ്രീറ്റിംഗ് കാര്‍ഡുകളെക്കുറിച്ച് ചിന്തിച്ചു നോക്കൂ.. എത്ര വലിയ വില കൊടുത്താണ്‌ നമ്മള്‍ ഒരു കാര്‍ഡ് വാങ്ങിക്കുന്നത്. എന്നാല്‍ അവയൊന്നും ആ പണത്തിന്റെ മൂല്യം വഹിക്കുന്നില്ല എന്നു നമ്മളാലോചിക്കുന്നില്ല. അതിലുപരി പണ്ട് പോസ്റ്റ് കാര്‍ഡില്‍ വന്നിരുന്ന, സ്വന്തം കൈപ്പടയില്‍ എഴുതിയ ആശംസകളേക്കാള്‍ മികച്ചതായിട്ടൊരിക്കലും എനിക്കനുഭവപ്പെട്ടിട്ടില്ല അവയൊന്നും. ഈ പാക്കറ്റുകളുടെയും മൂല്യവും അത്ര തന്നെ. (പിള്ളേരോട് സ്നേഹമുള്ളതു കൊണ്ടു തന്നെയാണല്ലോ നമ്മള്‍ ഒന്നു വാങ്ങിച്ച് കൊടുക്കുന്നതും ഒന്നു വേണ്ടെന്നു പറയുന്നതും)

സുല്‍ |Sul said...

ഷിഹാബ്
നല്ല അടിപൊളി എഴുത്ത്. (അടിപൊളി തലതിരിഞ്ഞ വാക്ക് നല്ലതെന്ന് ധരിക്കുന്ന ഒരു കാലത്തിലാണ് നാം നിലകൊള്ളുന്നത്). ബ്രാന്‍ഡ് നെയിം ഒരു സ്റ്റാറ്റസ് സിംബല്‍ ആയി കൊണ്ടു നടക്കുന്നവരാണ് അധികവും. CK യുടെ മാര്‍ക്ക് ഉള്ള തട്ടം മാത്രം ധരിക്കുന്ന (നിര്‍ബന്ധപൂര്‍വ്വം ധരിക്കുന്നത്. നിര്‍ദ്ധനരായിട്ട് വല്ലവരും കൊടുത്തത് അല്ല) ഒരു ഇത്താത്താനെ ഒരിക്കല്‍ കണ്ടിരുന്നു. പലരും ഇത്തരത്തില്‍ ബ്രാന്‍ഡ് ഭ്രാന്തന്മാര്‍ ആണ്. എത്ര പറഞ്ഞാലും മനസ്സിലാവാത്തവര്‍. :)

നല്ല ലേഖനം.
-സുല്‍

വരവൂരാൻ said...

ഇന്ന് കുടുംബ സമേതം കാറില്‍ യാത്ര ചെയ്യുന്നതിനിടയില്‍ റോഡരികില്‍ കാണുന്ന ഷോപ്പില്‍ തൂങ്ങുന്ന തിളങ്ങുന്ന ചിപ്സ് പാക്കറ്റുകള്‍ക്ക് വേണ്ടി കുട്ടികള്‍ വാശി പിടിക്കാതെ തന്നെ നമ്മള്‍ വാങ്ങിച്ചു കൊടുക്കുന്നത്‌ ഈ പരസ്യത്തിന്റെ പ്രലോഭനം കൊണ്ട് മാത്രമല്ല; അത് ഒരു prestige ന്റെ ചിഹ്നവും കൂടിയാണ് പലര്‍ക്കും. ഉള്ളില്‍ എന്തെങ്കിലും വസ്തുവിനേക്കാള്‍ വായു കുത്തി നിറച്ചിരിക്കുന്ന ഇത്തരം പാക്കറ്റുകള്‍ക്കുള്ള വില അര്‍ഹിക്കുന്നതിനപ്പുറവുമാണ്‌

വളരെ സത്യമാണു, പലപ്പോഴും തോന്നിയിട്ടുണ്ട്‌. ആശംസകൾ

Appu Adyakshari said...
This comment has been removed by the author.
Appu Adyakshari said...

“ഉള്ളില്‍ എന്തെങ്കിലും വസ്തുവിനേക്കാള്‍ വായു കുത്തി നിറച്ചിരിക്കുന്ന ഇത്തരം പാക്കറ്റുകള്‍ക്കുള്ള വില അര്‍ഹിക്കുന്നതിനപ്പുറവുമാണ്‌ എന്നത് നമുക്കൊരു പ്രശ്നമേയല്ല“

ഷിഹാബ്, യോജിക്കുന്നു. സ്വയം മനസ്സിലാക്കാതെയുള്ള ജാഡകള്‍ ... നല്ല പോസ്റ്റ്

ശിവകാമി said...

നന്നായി എഴുതിയിരിക്കുന്ന പോസ്റ്റ്. അഭിനന്ദനങ്ങള്‍.
ശിവകാമി

കുറ്റ്യാടിക്കാരന്‍|Suhair said...

നല്ല ചിന്ത..
നല്ല ലേഖനം..
വളരെ നല്ല തലക്കെട്ട്..

ബ്രാന്ഡിനു പിന്നാലെ പായുന്ന ഭ്രാന്തന്മാന്മാരില്‍ പലപ്പോഴും ഞാനും..

sHihab mOgraL said...

സുല്‍, ശരിയാണത്. ഞാനും കണ്ടിട്ടുണ്ട്.
വരവൂരാന്‍, ഇത്തരം കാഴ്ച്ചകളില്‍ പുച്ഛം തോന്നിയതെനിക്കു മാത്രമാണോ എന്ന ശങ്ക അകറ്റിത്തന്നു. നന്ദി.
അപ്പു, ആ ജാഡകളാണു നമ്മെ വികൃതമാക്കുന്നത്; അല്ലേ ?
നന്ദി ശിവകാമീ
കുറ്റ്യാടിക്കാരാ.. നന്ദി, വികൃതകാഴ്ച്ചകളുടെ ബ്രാന്‍ഡന്മാരാവാതിരിക്കാം... അത്ര മാത്രം.

Shaivyam...being nostalgic said...

പൊള്ളുന്ന യാഥാര്‍ത്ഥ്യം!!

sHihab mOgraL said...

നന്ദി Shaivyam.

Where I feel poetic

Followers

Popular Posts