Thursday, January 1, 2009

പുതിയ വര്‍ഷത്തിന്റെ പടവുകളിലേക്ക്‌ കാലെടുത്തു വെക്കുമ്പോള്‍, പിന്നില്‍ നിന്ന് കേള്‍ക്കുന്ന വര്‍ത്തമാനങ്ങള്‍ സന്തോഷ ദായകമല്ല, ചുറ്റിലും മുഴങ്ങുന്ന സ്വരങ്ങള്‍ അത്ര ഹര്‍ഷം പൊഴിക്കുന്നതല്ല. നമ്മുടെ മനസിലുള്ള കാഴ്ചകള്‍ക്കും വലിയ ഭംഗിയൊന്നുമില്ല.


ആഗോള തലത്തില്‍, സാമ്പത്തിക മാന്ദ്യം എന്ന വലിയ ചര്‍ച്ചയാണ്‌ നമ്മള്‍ അവസാനമായി കേട്ടു കൊണ്ടിരുന്നത്‌. സാമ്പത്തികം എന്നത്‌ മനുഷ്യന്റെ നിലനില്‍പ്പാണ്‌. അങ്ങനെ വരുമ്പോള്‍ മനുഷ്യന്റെ നിലനില്‍പ്പാണ്‌ മന്ദഗതിയിലായിരിക്കുന്നത്‌. എന്നാല്‍, നമ്മള്‍ തന്നെ ഊതി വീര്‍പ്പിച്ച സാമ്പത്തിക കുമിളകളും ഊഹക്കച്ചവടങ്ങളുമാണ്‌ തകര്‍ന്നു വീണതും തലവേദനയുണ്ടാക്കിയതും. സൈദ്ധാന്തികമായി എന്തു പേരിട്ട്‌ വിളിച്ചാലും ഇത്‌ മനുഷ്യന്റെ തന്നെ ആര്‍ത്തിയുടെയും ദുര്‍മ്മോഹത്തിന്റെയും ഫലമാണെന്ന് അംഗീകരിക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ല.


ജനാധിപത്യപരമായും സൈനികമായും ഉന്നത നിലവാരം പുലര്‍ത്തുന്ന ഇന്ത്യാ മഹാരാജ്യത്തിന്റെ ഹൃദയഭാഗത്ത്‌ തീവ്രവാദികള്‍ താണ്ഡവമാടുകയും, അതിന്റെ പേരില്‍ അയല്‍രാജ്യമായ പാക്കിസ്താനെ പഴിചാരാന്‍ ഇന്ത്യയും മറ്റു ലോകരാഷ്ട്രങ്ങളും ഉളരുകയും ചെയ്തു. യുദ്ധപ്രഖ്യാപനമുണ്ടാവുമോ എന്നു ശങ്കിച്ചു ദൃശ്യ മാധ്യമങ്ങള്‍ക്കു മുന്‍പില്‍ കണ്ണും നട്ടിരുന്ന ജനങ്ങള്‍ക്കു മുന്‍പിലേക്ക്‌, പാക്കിസ്ഥാനാണ്‌ ഇന്ത്യയുടെ ശത്രു എന്നു വരച്ചു കാണിക്കുന്ന, വിനയന്‍ പടം "വാര്‍ & ലൌ" കാണിച്ചു കൊടുത്തു തൃപ്തിപ്പെടുത്താന്‍ മറന്നില്ല, നമ്മുടെ ദൃശ്യമാധ്യമങ്ങള്‍.


റയില്‍വേ സ്റ്റേഷനില്‍ സ്വതന്ത്രമായി വിഹരിക്കുകയും താജ്‌ ഹോട്ടലിനുള്ളില്‍, അതിന്റെ കൃത്യമായ ബ്ലൂ പ്രിന്റ് മനസിലാക്കിയിട്ടെന്ന പോലെ തമ്പടിക്കുകയും ചെയ്ത തീവ്രവാദികളുടെ ഉറവിടമോ, ഉദ്ദേശ്യമോ കൃത്യമായി പുറത്തു വന്നിട്ടില്ല. ഇത്തരത്തില്‍ വിശാലമായ സമയവും സൌകര്യവും എങ്ങനെ ലഭിച്ചുവെന്നും അന്വേഷിക്കപ്പെട്ടിട്ടില്ല. അതിനിടയില്‍, മലേഗാവ്‌ സ്ഫോടനത്തെക്കുറിചന്വേഷിച്ചു കൊണ്ടിരുന്ന ഹേമന്ത്‌ കര്‍ക്കാരെ എന്ന ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. അങ്ങനെയൊരു വ്യക്തിത്വത്തിന്റെ സ്വാധീനം എത്ര മാത്രമാണെന്ന്‌ അദ്ദേഹത്തിന്റെ ഭാര്യ, ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ആശ്വാസ നിധി നിഷേധിക്കുകയും, കര്‍ക്കാരെയുടെ സംസ്ക്കാര ചടങ്ങില്‍ വിതുമ്പാതെ ധീരമായി നിലകൊള്ളുകയും ചെയ്തു കൊണ്ട്‌ തെളിയിച്ചു.



കര്‍ക്കാരെയുടെ മരണം തീവ്രവാദികളില്‍ നിന്നുണ്ടായ അപ്രതീക്ഷിത ആക്രമണം മൂലമാണോ എന്ന്‌ ഒരിക്കല്‍ സംശയം പ്രകടിപ്പിച്ച കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി എ. ആര്‍. ആന്തുലെ കുറച്ച്‌ ദിവസത്തെ മാധ്യമ കോലാഹലത്തിനും, പാര്‍ലമെന്റിലെ "വിശദീകരണ"ത്തിനും ശേഷം തൃപ്തനാവുന്ന കാഴ്ച്ച, മനുഷ്യന്ന്‌ ആത്മാര്‍ത്ഥമായി സംസാരിക്കാനുള്ള ധൈര്യവും സാഹചര്യവും നഷ്ടപ്പെടുന്ന സമകാലിക ലോകത്തെ നമുക്കു മുമ്പില്‍ തുറന്നു കാണിക്കുന്നു.


മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫയല്‍ പൂഴ്ത്തപ്പെടുന്നുവെന്നും അദ്ദേഹത്തിന്‌ ആവശ്യമായ സഹകരണം ലഭിക്കുന്നില്ലെന്നും പറഞ്ഞതിന്റെ പേരില്‍, മുഖ്യമന്ത്രി ഒരു കാലത്ത്‌ ആദര്‍ശപ്രതീകമായ തന്റെ ദൌത്യം ഏല്‍പ്പിച്ച വിശ്വസ്ഥ ഉദ്യോഗസ്ഥന്‍ സുരേഷ്‌ കുമാറിനെ സസ്പെന്റ് ചെയ്തതും ആ വിവരം മാധ്യമങ്ങളെ അറിയിക്കുന്ന മുഖ്യമന്ത്രി വി. എസ്‌ അച്യുതാനന്തന്റെ മുഖവും ഇതിനോടൊപ്പം ചേര്‍ത്തു വായിക്കുക. ഉദ്ദേശിച്ച കാര്യങ്ങള്‍ പ്രവര്‍ത്തിക്കാനോ പ്രവര്‍ത്തിക്കുന്ന കാര്യങ്ങളില്‍ സ്വതന്ത്രമായി എന്തെങ്കിലും ഉദ്ദേശിക്കാനോ സാധിക്കാത്ത ആദര്‍ശരാഷ്ട്രീയ പ്രതീകം.


അതിനിടെ, മുഖ്യമന്ത്രി, ഒരു ധീരജവാന്റെ പിതാവിനെ "പട്ടി" എന്നു വിളിച്ചു എന്ന്‌ മാധ്യമങ്ങള്‍ വളരെ "കൃത്യമായി" സമര്‍ത്ഥിക്കുന്നതും അങ്ങനെ മാധ്യമലോകം മുഴുവന്‍ ഒരുതരം ക്രൂരമായ നിര്‍വൃതിയടയുന്നതും നമ്മള്‍ കണ്ടു. മറിച്ചൊരു ചിന്ത നമ്മുടെ മാധ്യമലോകത്തു നിന്നുണ്ടായില്ല എന്നത്‌ വളരെ ശ്രദ്ധയോടെ കാണേണ്ട ഒരു വശമാണ്‌.

ഇറാഖില്‍ തന്റെ അവസാനത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനു പോയ ജോര്‍ജ്ജ്‌ ബുഷിനെ ചെരുപ്പെറിഞ്ഞ സംഭവം, മുഴുവന്‍ സാമ്രാജ്യത്വ വിരുദ്ധരും മൌനമായി ആസ്വദിച്ചു എന്നു തന്നെ പറയാം. ഓരോരുത്തരും തങ്ങളുടെ പ്രതിനിധിയായി ആ മാധ്യമപ്രവര്‍ത്തകനെ മനസില്‍ പ്രതിഷ്ഠിച്ചു കാണണം...

അവസാനം, ഇസ്രയേലിന്റെ ആക്രമണത്തില്‍, ഒരു പക്ഷേ, ഇരു രാജ്യങ്ങളുടെ അതിര്‍ത്തികളെക്കുറിച്ചോ ചരിത്രത്തെറിച്ചോ പോലും അറിയാത്ത, ചിന്തിക്കാന്‍ പ്രാപ്തിയില്ലാത്ത കുഞ്ഞുമക്കളും, നിരപരാധികളും ശരീരം മുഴുവനും ചോരയൊലിപ്പിച്ച്‌ കരഞ്ഞു വിളിക്കുന്ന ചിത്രം ഗാസയില്‍ നിന്നും നമ്മള്‍ കാണുന്നു.

അങ്ങനെ മനസില്‍ നിറയുന്ന ചിത്രങ്ങള്‍ എല്ലാം ഒരു കൊളാഷ്‌ ആയി രൂപപ്പെടുമ്പോള്‍, ഇനിയുള്ള കാലം, മാതൃഭൂമി തങ്ങളുടെ വെബ്‌സൈറ്റില്‍ ചെയ്തതു പോലെ നല്ല വാര്‍ത്തകള്‍ക്കായി ഒരിടം, മനസിന്റെ ഒരു കോണ്‍ മാറ്റി വെയ്ക്കണം എന്നു തോന്നുന്നു; അവിടെ സൂക്ഷിക്കാന്‍ ഒരല്‍പ്പമേ കാണൂ എന്നും...
വേണ്ട, നമുക്കിനിയും പ്രതീക്ഷിക്കാം...
മനുഷ്യന്‍ മനുഷ്യനെ ബഹുമാനിക്കുന്ന ഒരു ലോകം...
മനുഷ്യന്‍ ധീരമായി സത്യം പറയുന്ന ഒരു ലോകം...
കുഞ്ഞുമക്കള്‍ ഓമനിക്കപ്പെടുന്ന ലോകം...
എല്ലാവരും സ്വാതന്ത്ര്യം അനുഭവിക്കുന്ന ലോകം...

കഴിഞ്ഞു പോയ നഷ്ടവസന്തത്തെക്കുറിച്ചോര്‍ത്ത്‌ വിലപിക്കാനല്ല, മറിച്ച്‌ നമ്മുടെ വസന്തങ്ങള്‍ക്കു മുകളില്‍ തീക്കാറ്റ്‌ പടര്‍ത്തുന്നതും, മനസില്‍ താപം നിറയ്ക്കുന്നതും കരുതിയിരിക്കാനും, വരുംകാല ജീവിതത്തിന്റെ പുലരികള്‍ സമൃദ്ധമാക്കുവാനുള്ള പ്രവര്‍ത്തങ്ങള്‍ക്ക്‌ കോപ്പുകൂട്ടാനും ശ്രദ്ധിക്കാം നമുക്ക്‌...

ഹൃദയം നിറഞ്ഞ പുതുവര്‍ഷാശംസകള്‍...

5 വായനകളിങ്ങനെ:

sHihab mOgraL said...

പുതുവര്‍ഷം എന്തിന്റെയെങ്കിലും ഒടുക്കമാണെങ്കില്‍ അത്‌ നമ്മിലൂടെ കടന്നു പോയ തിന്‍മകളുടേതാവട്ടെ... വല്ലതിന്റെയും തുടക്കമാണെങ്കില്‍ അത്‌ നമ്മിലെ വര്‍ദ്ധിച്ച നന്‍മകളുടെ തുടക്കമാകട്ടെ... എന്തിന്റെയെങ്കിലും തുടര്‍ച്ചയാണതെങ്കില്‍ അത്‌ നമ്മിലെ സുകൃതങ്ങളുടെ തുടര്‍ച്ചയാകട്ടെ... ബ്ളോഗ്‌ ലോകം എനിക്കേറെയിഷ്ടമാണ്‌. സമയമില്ലാത്തതിന്റെ പേരില്‍ ഒന്നെത്തിനോക്കി പിന്‍വലിഞ്ഞതായിരുന്നു ഞാന്‍. പക്ഷേ, ഒരിക്കല്‍ കൂടി നിങ്ങള്‍ക്കിടയിലേക്ക്‌ നടന്നടുക്കാന്‍ ശ്രമിക്കുന്നു ഞാന്‍. പുതുവര്‍ഷ വേളയില്‍, എന്റെ മനസിലെ ഒരു കൊളാഷ്‌ ഇതാ...

പ്രിയ said...

"നമുക്കിനിയും പ്രതീക്ഷിക്കാം...
മനുഷ്യന്‍ മനുഷ്യനെ ബഹുമാനിക്കുന്ന ഒരു ലോകം...

മനുഷ്യന്‍ ധീരമായി സത്യം പറയുന്ന ഒരു ലോകം...

കുഞ്ഞുമക്കള്‍ ഓമനിക്കപ്പെടുന്ന ലോകം...

എല്ലാവരും സ്വാതന്ത്ര്യം അനുഭവിക്കുന്ന ലോകം... "

ഈ വാക്കുകളും സദ് വാര്‍ത്തയും ഈ ബ്ലോഗിന് തിളക്കമേറ്റുന്നു.

ബാക്കിയെല്ലാം മറക്കാം

പുതുവര്‍ഷം നന്മയുടേതാകട്ടെ. താങ്കള്‍ക്കും പിന്നെ ഈ ലോകത്തിനും എല്ലാം

RIYA'z കൂരിയാട് said...

വളരെ നല്ല പോസ്റ്റ്,
പ്രസക്തവും സമയോചിതവൂമായ
ഇത്തരം പോസ്റ്റുകള് ഇനിയും പ്രതീക്ഷിക്കുന്നു.
ഭാവുകങ്ങൾ.

B Shihab said...

shihab,jai hind

sHihab mOgraL said...

ഇതിലൂടെ കടന്നു പോകുന്നതിനിടയില്‍ മനസില്‍ തോന്നിയത്‌ കുറിച്ചിട്ട പ്രിയ,
മോനൂസ്‌,
ബി. ശിഹാബ്‌
എല്ലാവര്‍ക്കും നന്ദി.
പക്ഷേ,പുതുവര്‍ഷ ദിനത്തിലെ വാര്‍ത്തകള്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചപ്പോള്‍ കിട്ടിയവ നോക്കൂ:-

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പുതുവര്‍ഷാഘോഷത്തിനിടയില്‍ കോളനികള്‍ തമ്മിലുണ്ടായ കശപിശക്കിടെ അടിയേറ്റ്‌ യുവാവ്‌ മരിച്ചു (മാതൃഭൂമി)

കണ്ണൂര്‍ ചക്യത്തുമുക്കില്‍ സി. പി. എം. പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു തലശ്ശേരി നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍ (കാസറഗോഡ്‌ വാര്‍ത്ത)

ബാങ്കോക്കിലെ നിശാക്ളബില്‍ സ്ഫോടനം; 59 മരണം (തേജസ്‌ ഓണ്‍ലൈന്‍)

ഫോര്‍ട്ടു കൊച്ചിയില്‍ പുതുവര്‍ഷാഘോഷത്തിനിടെ വിദേശവനിതയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച മൂന്ന് യുവാക്കള്‍ പിടിയില്‍ (ദേശാഭിമാനി)

അങ്ങനെ പോകുന്നു പുതുവത്സര വാര്‍ത്തകള്‍... !

Where I feel poetic

Followers

Popular Posts