Tuesday, July 6, 2010

 ഇസ്ലാമില്‍ ചില ദിവസങ്ങള്‍ക്ക് മറ്റു ചില ദിവസങ്ങളേക്കാള്‍ ശ്രേഷ്ഠത നല്‍കിയിട്ടുണ്ട്. ചില ദിവസങ്ങളില്‍ നോമ്പെടുക്കല്‍ പുണ്യമാക്കിയിട്ടുണ്ട്. ചില സമയത്ത് നിസ്ക്കാരങ്ങള്‍ക്ക് ശ്രേഷ്ഠത കല്‍‌പ്പിച്ചിട്ടുണ്ട്. ചില വേളകളില്‍ പ്രാര്‍ത്ഥനകള്‍ പ്രോല്‍സാഹിപ്പിച്ചിട്ടുണ്ട്. ഇവയെല്ലാം സര്‍‌വ്വലോക രക്ഷിതാവായ അല്ലാഹുവിന്റെ യുക്തിക്കും കല്‍‌പ്പനയ്ക്കും അനുസരിച്ചാണ്‌. മനുഷ്യര്‍ കൂടുതല്‍ ദൈവസ്മരണയില്‍ മുഴുകാനും സല്‍‌ക്കര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കാനും അങ്ങനെ ജീവിതം സത്പാന്ഥാവില്‍ സഞ്ചരിക്കാനും പ്രോല്‍സാഹിപ്പിക്കുന്നതാണ്‌ ഇത്തരം ഘടകങ്ങള്‍.

ഏതൊക്കെ കര്‍മ്മങ്ങളാണ്‌, എപ്പൊഴൊക്കെയാണ്‌ നിര്‍‌വ്വഹിക്കേണ്ടതെന്ന്‌ പ്രവാചകന്‍ (സ) തന്റെ ഇരുപത്തിമൂന്ന് വര്‍ഷത്തെ പ്രബോധന ജീവിതത്തിനിടയില്‍ ലോകത്തിന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ട്. പ്രവാചകന്റെ ഓരോ ചലനങ്ങള്‍ പോലും ഇന്ന് ലോകത്തിന്ന് മുമ്പില്‍ തുറന്ന പുസ്തകമായി ഹദീസുകളിലൂടെ വിവരിക്കപ്പെടുന്നു. വിശ്വാസികള്‍ തങ്ങളുടെ ജീവിതം ക്രമപ്പെടുത്തുന്നത് അല്ലാഹുവിന്റെ കലാമായ (സംസാരം/വര്‍ത്തമാനം) ഖുര്‍‌ആനിനും പ്രവാചകചര്യയായ ഹദീസിനും അനുസൃതമായിട്ടാണ്‌.

എന്നാല്‍, മുസ്ലിംകളില്‍ ഒരു വലിയ വിഭാഗം ആളുകള്‍ റജബ് ഇരുപത്തിയേഴാം നാളിനെ, പ്രവാചകന്‍ ആകാശാരോഹണം നടത്തിയതിന്റെ ഓര്‍മ്മ പുതുക്കാന്‍ വേണ്ടി ഉപയോഗിക്കുന്നുണ്ട്. പ്രവാചകന്റെ രാപ്രയാണത്തെ സംബന്ധിച്ച് ഖുര്‍‌ആന്‍ സൂറഃ ഇസ്രാ‌ഇല്‍ പറയുന്നുണ്ട് : "തന്റെ ദാസനെ ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്‌ജിദുല്‍ അഖ്‌സായിലേക്ക് - അതിന്റെ പരിസരം നാം അനുഗ്രഹീതമാക്കിയിരിക്കുന്നു- നിശായാത്ര ചെയ്യിച്ചവന്‍ എത്രയോ പരിശുദ്ധന്‍ !. നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹത്തിന്‌ നാം കാണിച്ചു കൊടുക്കാന്‍ വേണ്ടിയത്രെ അത്. തീര്‍ച്ചയായും അവന്‍ (അല്ലാഹു) എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ." (സൂറഃ ഇസ്രാഅ്‌ - 1)

മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സായിലേക്ക് രാപ്രയാണം നടന്നതിനെ 'ഇസ്രാഅ്‌ എന്നും അവിടെ നിന്നും ആകാശത്തേക്കുയര്‍ത്തപ്പെട്ടതിനെ 'മിഅ്‌റാജ്‌' എന്നും പറയുന്നു.

ഒറ്റ രാത്രിയില്‍ സഞ്ചരിച്ച് തിരിച്ചു വരാന്‍ പ്രയാസമായ ഈ വഴിദൂരം യാത്ര ചെയ്തെന്ന് പിറ്റേ ദിവസം ഖുറൈശികളോട് പ്രവാചകന്‍ പറഞ്ഞപ്പോള്‍ പലരും അത് അവിശ്വസിക്കുകയും, വിശ്വാസികള്‍ പോലും സംശയം പ്രകടിപ്പിക്കുകയും ചെയ്തപ്പോള്‍, പ്രവാചകന്ന് തുണയും തണലുമായി കൂടെ ജീവിച്ച അബൂബക്കര്‍ (റ) പറഞ്ഞത് 'പ്രവാചകന്‍ (സ) അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് സത്യമായിരിക്കും, ഞാനത് വിശ്വസിക്കുന്നു' എന്നാണ്‌. അന്ന് മുതലാണ്‌ അബൂബക്കര്‍ (റ) "സിദ്ദീഖ്" (സത്യപ്പെടുത്തിയവന്‍) എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത് എന്ന് ചരിത്രം പറയുന്നു.

ഈ യാത്രയിലാണ്‌ അല്ലാഹു പ്രവാചകന്റെ സമുദായത്തിന്‌ അഞ്ചു നേരത്തെ നിസ്ക്കാരം നിര്‍ബന്ധമാക്കുന്നത്. അമ്പതു നേരമാണ്‌ പിന്നീട് അഞ്ചു നേരമായി ചുരുക്കപ്പെട്ടത്.

നിസ്ക്കാരം (സ്വലാത്ത്) എന്നത് ഒരു മുസ്ലിമിനെ ഇതരരില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ഒന്നാമത്തെ ഘടകമാണെന്നതില്‍ യാതൊരു സംശയവുമില്ല. അഞ്ചു നേരം അല്ലാഹുവിന്ന് മുമ്പില്‍ സാഷ്ടാംഗം വണങ്ങുന്നതിന്ന് ഒരു വിശ്വാസിക്ക് മറ്റൊരു തടസ്സവും പറയുക സാധ്യമല്ല. യാത്രയോ, രോഗമോ, ഏര്‍പ്പാടുകളോ ഒന്നും നിസ്ക്കാരം ഒഴിവാക്കാന്‍ കാരണമാവുന്നില്ല. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ഇസ്ലാം വ്യക്തമാക്കിയിട്ടുണ്ട്. ജീവിതത്തിന്റെ ഓരോ യാമവും അല്ലാഹുവിനെ വിസ്മരിക്കാത്ത ജീവിതവ്യവസ്ഥയുടെ ഉന്നതവും ഉത്തമവുമായ രൂപമാണ്‌ നിസ്ക്കാരം.

ഇസ്രാഉം മി‌അ്‌റാജും പറയുമ്പോള്‍ ആദ്യമുണര്‍ത്തേണ്ടതും നിസ്ക്കാരത്തിന്റെ ഈ പ്രാധാന്യത്തെക്കുറിച്ച് തന്നെയായിരിക്കണം. സുഖനിദ്രയില്‍ 'സുബ്‌ഹ്' ഒഴിവാക്കുന്നവര്‍ക്കും ആലസ്യത്തെ അതിജയിക്കാനാവാതെ 'അസര്‍' ഉപേക്ഷിക്കുന്നവര്‍ക്കും ഇസ്രാഉം മി‌അ്‌റാജും മനസ്സിന്ന് പുതിയ ഊര്‍ജ്ജം നല്‍കേണ്ടതുണ്ട്. പ്രവാചകന്‍ (സ) തന്റെ അവസാന വേളയില്‍ സമുദായത്തെ ഓര്‍മ്മപ്പെടുത്താനാഗ്രഹിച്ച കാര്യമാണ്‌ നിസ്ക്കാരം. 

എന്നാല്‍, ഇത്തരം ഓര്‍മ്മപ്പെടുത്തലുകളൊന്നുമില്ലാതെ ഇസ്രാഇന്റെയും മി‌അ്‌റാജിന്റെയും കേവലചരിത്രം പറയുന്നതിലോ, പ്രവാചകന്‍ സഞ്ചരിക്കാനുപയോഗിച്ച ബുറാഖിന്റെ രൂപവും ഭംഗിയും  അറിഞ്ഞിരിക്കുന്നതിലോ പ്രത്യേകമായി ഒരു ഗുണമുണ്ടെന്ന് തോന്നുന്നില്ല.

 ഈ വിഷയത്തില്‍ പണ്ഢിതന്മാര്‍ എന്തു പറയുന്നു ?
ഈ സംഭവം നടന്നത് റജബ് ഇരുപത്തിയേഴിന്‌ തന്നെയാണെന്ന് സമര്‍ത്ഥിക്കുന്ന പ്രബലമായ ഹദീസുകളൊന്നും ലഭ്യമല്ല എന്നതാണ്‌ സത്യം. മാത്രമല്ല, അന്നേ ദിവസം നോമ്പ് സുന്നത്താണെങ്കില്‍ അത് ഹദീസുഗ്രന്ഥങ്ങളില്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ടതാണ്‌. കാരണം, ഖുര്‍‌ആന്‍ സൂചിപ്പിച്ച ഒരു സംഭവം നടന്ന ദിവസവും, സമുദായം ഏറ്റവും പ്രാധാന്യത്തോടെ നിര്‍‌വ്വഹിക്കേണ്ട നിസ്ക്കാരം നിര്‍ബന്ധമാക്കപ്പെട്ട ദിവസവുമാണതെന്ന നിലയില്‍ വലിയ പ്രാധാന്യമാണതര്‍ഹിക്കുന്നത്. നബി (സ) ആ ദിവസത്തില്‍ നോമ്പ് നോറ്റെന്നോ, നോല്‍ക്കാന്‍ ആവശ്യപ്പെട്ടുവെന്നോ ഉള്ള തെളിവുകളോ, ഇസ്ലാമിലെ കര്‍മ്മങ്ങളെന്തും ആവേശത്തോടെ നടപ്പിലാക്കാന്‍ എന്നും മുന്നിട്ടിറങ്ങിയ ഖുലഫാഉര്‍ റാഷിദുകളോ മറ്റു സ്വഹാബാക്കളോ അത് ജീവിതത്തില്‍ നടപ്പില്‍ വരുത്തിയതിന്റെ തെളിവുകളോ നമുക്ക് ലഭ്യമായേനേ.

എന്നാല്‍ ഈ വിഷയത്തില്‍ സ്ഥിരപ്പെട്ട ഹദീസുകളൊന്നും ലഭ്യമല്ല എന്നു മാത്രമല്ല  അങ്ങനെ നിര്‍‌വ്വചിക്കുന്ന ഹദീസുകളൊന്നും സ്വീകാര്യ യോഗ്യമല്ലെന്ന് പണ്ഢിതന്മാര്‍ അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് ഹാഫിള്‌ ഇബ്നു ഹജര്‍ തന്റെ "തബ്‌യീനുല്‍ ഉജുബ് ഫീമാ വറദ ഫീ ശഹ്‌രി റജബ്" എന്ന ഗ്രന്ഥത്തില്‍ പേജ് 6, 8 തുടങ്ങിയ സ്ഥലങ്ങളില്പറയുന്നുണ്ട്.

ഇസ്രാ‌ഉം മി‌അ്‌റാജും റജബ് ഇരുപത്തിയേഴിനു തന്നെയാണെന്ന വാദം തന്നെ പണ്ഢിതന്മാര്‍ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയതാണ്‌. ഇബ്‌നു റജബ് തന്റെ ‘ലത്വാ‌ഇഫുല്‍ മ‌ആരിഫ്’ എന്ന ഗ്രന്ഥത്തില്‍ പറയുന്നത് കാണുക: “റജബ് മാസത്തില്‍ മഹത്തരമായ സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അതൊന്നും ശരിയല്ല. പ്രവാചകന്‍ (സ) അതിലെ ആദ്യത്തെ രാത്രിയിലാണ്‌ ജനിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ഖാസിം ബിന്‍ മുഹമ്മദില്‍ നിന്നും സ്വീകാര്യമല്ലാത്ത പരമ്പരയിലൂടെ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്: "പ്രവാചകന്റെ  ഇസ്‌റാ‌ റജബിലെ ഇരുപത്തിയേഴിലായിരുന്നു". എന്നാല്‍ ഇബ്രാഹീം അല്‍ ഹര്‍ബിയും മറ്റുള്ളവരും അത് നിഷേധിച്ചിട്ടുണ്ട്.”

"സാദുല്‍ മ‌ആദ്" എന്ന ഗ്രന്ഥത്തില്‍ (1/275) ഇബ്നുല്ഖയ്യിമും "ഫത്ഹുല്ബാരീ" എന്ന ഗ്രന്ഥത്തില്‍ (7/242-243) ഇബ്നു ഹജറും ഇത് പറയുന്നുണ്ട്.

റജബ് മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച്ച "റഗാ‌ഇബ്" എന്ന പേരില്‍ പ്രത്യേക നിസ്ക്കാരം ഉള്ളതായി വന്ന ഹദീസുകളും തള്ളപ്പെടേണ്ടതാണെന്ന് രണ്ടാം ശാഫി‌ഈ എന്നറിയപ്പെടുന്ന ഇമാം നവവി അഭിപ്രായപ്പെട്ടിട്ടുണ്ട്. അദ്ദേഹം പറയുന്നത് കാണുക "അത് ശക്തമായി എതിര്‍ക്കപ്പെടേണ്ടതും മോശമായ അനാചാരവുമാണ്‌; നിശിദ്ധങ്ങളുടെ ഗണത്തില്‍ പെടുത്തേണ്ടത്. അത് ഉപേക്ഷിക്കുകയും, അവഗണിക്കുകയും, അത് ചെയ്യുന്നവനെ തടയുകയും വേണം." (ഫതാവാ ഇമാം നവവി- 57).

ഇബ്‌നു റജബ് പറയുന്നു: "റജബ് മാസത്തില്‍ പ്രത്യേക നമസ്ക്കാരം ഉള്ളതായി പറയപ്പെടുന്നതൊന്നും ശരിയല്ല. റജബ് മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച്ച രാത്രി "സ്വലാതു റഗാ‌ഇബ്" (റഗാ‌ഇബ് നമസ്ക്കാരം) എന്നതിന്റെ പ്രത്യേകതയെക്കുറിച്ച് പരാമര്‍ശിക്കുന്ന ഹദീസുകളെല്ലാം കള്ളവും നിരര്‍ത്ഥകവുമാണ്‌. അധിക പണ്ഢിതന്മാരും ഇത് ബിദ്‌അത്ത് (അനാചാരം) ആണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. മുന്‍‌ഗാമികളായ പണ്ഢിതന്മാര്‍ ഇതിനെക്കുറിച്ച് ഒന്നും പരാമര്‍ശിക്കാത്തതു തന്നെ ഇത് ഹിജ്‌റ നാന്നൂറിന്ന് ശേഷമാണ്‌ കടന്നുവന്നതു എന്നതിനാലാണ്‌. റജബ് മാസത്തില്‍ പ്രത്യേകമായി നോമ്പ് നോല്‍ക്കുന്നതിനെക്കുറിച്ച് പ്രവാചകനില്‍ നിന്ന് സ്പഷ്ടമായി ഒരു ഹദീസും ഉദ്ധരിക്കപ്പെട്ടിട്ടില്ല"- ലത്വാ‌ഇഫുല്‍ മ‌ആരിഫ്’- 228

ഇമാം ത്വര്‍തൂശി തന്റെ 'അല്‍ ഹവാദിസു വല്‍ ബിദ‌ഉ' എന്ന ഗ്രന്ഥത്തില്‍ പതിമൂന്നാമത്തെ അദ്ധ്യായത്തില്‍ 'റജബ്' മാസത്തെയും അതിനെ പ്രത്യേകമാക്കുന്നതിനെതിരയുള്ള തെളിവുകളെയും പരാമര്‍ശിക്കുന്നുണ്ട്. റജബ് ഇരുപത്തി ഏഴിനെക്കുറിച്ച് ഒരു ഹദീസു പോലും അവിടെ വിവരിക്കുന്നില്ല. എന്നാല്‍ ഇങ്ങനെയൊരു ഹദീസ് അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്:- "ആയിശയില്‍ നിന്നും മാലികും ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്യുന്നു: നബി (സ) ഒരു മാസത്തെയും നോമ്പ് കൊണ്ട് പ്രത്യേകമാക്കിയിരുന്നില്ല".

തെളിവുകളെല്ലാം ഉദ്ധരിച്ച ശേഷം അവസാനം അദ്ദേഹം പറയുന്നു: "ഈ തെളിവുകളെല്ലാം അറിയിക്കുന്നത് ജനങ്ങള്‍ റജബിനെ മഹത്വവല്‍ക്കരിക്കുന്നതായി സ്വീകരിക്കുന്നതെല്ലാം തന്നെ, ജാഹിലിയ്യാ കാലത്തെ ആചാരങ്ങളുടെ അവശേഷിപ്പുകളാണ്‌ എന്നതത്രെ"- അല്‍ഹവാദിസു വല്‍ ബിദ‌ഉ- 141

ചുരുക്കത്തില്‍ റജബ് മാസവുമായി ബന്ധപ്പെടുത്തി പ്രത്യേക ആചാരങ്ങളെല്ലാം ഇസ്ലാമിന്റെ പൂര്‍ത്തീകരണത്തിന്‌ ശേഷമുണ്ടായതും അതു കൊണ്ടു തന്നെ അവ തള്ളപ്പെടേണ്ടതുമാണ്‌.

ദുല്‍‌ഖ‌അ്‌ദ്, ദുല്‍‌ഹിജ്ജ, മുഹറം എന്നീ തുടര്‍ച്ചയായ മൂന്ന് മാസങ്ങളും റജബ് മാസവും പവിത്രങ്ങളാക്കുകയും യുദ്ധം വിലക്കുകയും ചെയ്തതിന്ന് ഖുര്‍‌ആനും ഹദീസും തെളിവാണ്‌. എന്നാല്‍ റജബുമായി ബന്ധപ്പെടുത്തിയ ആരാധനകളെല്ലാം അടിസ്ഥാന രഹിതമാണ്‌.

ആയിശയില്‍ നിന്നും നിവേദനം ചെയ്യപ്പെടുന്ന ഒരു ഹദീസില്‍ പ്രവാചകന്‍ ഇപ്രകാരം പറയുന്നു : "നമ്മുടെ ഈ കാര്യത്തില്‍ (ദീനില്‍/മതത്തില്‍) ആരെങ്കിലും വല്ലതും പുതുവായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാകുന്നു." (ബുഖാരി, മുസ്ലിം)

ഖുര്‍‌ആന്‍ പറയുന്നു: "ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു"- സൂറഃ മാ‌ഇദ- 3

ഇസ്ലാമിലെ കര്‍മ്മങ്ങളെല്ലാം പ്രവാചകന്റെ കാലഘട്ടത്തു തന്നെ പൂര്‍ണ്ണമായും വിവരിക്കപ്പെട്ടിട്ടുണ്ട്. അതിനു ശേഷമുണ്ടാക്കപ്പെട്ടതെല്ലാം അനാചാരങ്ങളാണ്‌. ഉള്‍ക്കൊള്ളാന്‍ പറ്റുന്നവര്‍ക്ക് ഉള്‍ക്കൊള്ളുകയും അല്ലാത്തവര്‍ക്ക് തള്ളുകയുമാകാം. എങ്ങനെയായാലും ഇസ്ലാം അല്ലാഹുവും റസൂലും പഠിപ്പിച്ചതു മാത്രം.

Where I feel poetic

Followers

Popular Posts