ഉച്ചയ്ക്കുള്ള ഒഴിവും കഴിഞ്ഞ് ഓഫീസിലേക്ക് കയറി ഇരിക്കുന്നതേയുള്ളൂ. നീണ്ടു മെലിഞ്ഞ ഒരു പാക്കിസ്ഥാനി മധ്യവയസ്ക്കന്‍ കടന്നു വന്നു. "ഒരു ലെറ്റര്‍ അടിച്ചു തരണം". അദ്ദേഹമാകെ ബേജാറിലാണ്. ഞാന്‍ കാര്യമന്വേഷിച്ചു. "ഇത്തിസാലാത്തില്‍ ചെന്നപ്പോള്‍ ലെറ്ററും കൊണ്ട് ചെല്ലാനാണ് അവര്‍ പറഞ്ഞത്" "ആട്ടെ എന്താണു പ്രശ്നം" അയാള്‍ വിശദമായി കാര്യങ്ങള്‍ പറഞ്ഞു. തുടര്‍ന്നു കൊണ്ടേയിരുന്ന അയാളുടെ വിശദീകരണത്തില്‍ നിന്ന് ഒരെഴുപത്തഞ്ചു ശതമാനമേ എനിക്കു ബോധ്യപ്പെട്ടുള്ളൂ.
ഇത്തിസാലാത്തില്‍ നിന്നു ലോട്ടറിയടിച്ചിട്ടുണ്ടെന്നു പറഞ്ഞ് വിളിച്ച നമ്പര്‍, വിളിച്ച ആളുടെ പേര് ഒക്കെ കാണിച്ചു തന്ന് അയാള്‍ പറഞ്ഞതിന്റെ പ്രധാന ഭാഗം "ആറായിരം ദിര്‍ഹമിന്റെ കാര്‍ഡ് എടുത്ത് നമ്പര്‍ അയച്ചു കൊടുക്കാന്‍ പറഞ്ഞു. ഞാന്‍ അയച്ചു കൊടുത്തു. പക്ഷേ പിന്നീട് ഒരു വിവരവും ഇല്ല. ഇത്തിസാലാത്തില്‍ ചെന്നപ്പോള്‍ പരാതി എഴുതിക്കൊടുക്കാനാണ് പറഞ്ഞത്" എന്നതാണ്. പിന്നെയും അദ്ദേഹം നഷ്ടപ്പെട്ട ദിര്‍ഹംസിന്റെ കണക്കു പറയുന്നുണ്ടായിരുന്നു. പക്ഷേ, സംഭവത്തിന്റെ സ്വാഭാവികത വളരെ വിചിത്രമായിരുന്നതിനാല്‍ എനിക്ക് മുഴുവനും ബോധ്യപ്പെട്ടില്ല. വിളിച്ച നമ്പര്‍ ഞാന്‍ നോക്കിയപ്പോള്‍ അത് പാക്കിസ്ഥാനിലെ കോഡ് നമ്പര്‍ കൊണ്ട് തുടങ്ങുന്നതാണ്. വിളിച്ച ആളിന്റെ പേരും പിതാവിന്റെ പേരുമടക്കം ഇദ്ദേഹം പറഞ്ഞു തന്നു. അതെങ്ങനെ നിങ്ങള്‍ക്കറിയാമെന്നു ചോദിച്ചപ്പോള്‍ അയാള്‍ തന്നെ പരിചയപ്പെടുത്തിയതാണെന്നായിരുന്നു മറുപടി.
ചുരുക്കിപ്പറഞ്ഞാല്‍ പാക്കിസ്ഥാനില്‍ നിന്നും ഇത്തിസാലാത്തിന്റെ ലോട്ടറിയെക്കുറിച്ച് വന്ന കോളില്‍ വിശ്വാസമര്‍പ്പിക്കാനും സ്വന്തം ചെലവില്‍ അവര്‍ക്ക് കാര്‍ഡ് അയച്ചു കൊടുക്കാനും മാത്രം വിഡ്ഡികളാണല്ലോ ഇവറ്റകള്‍ എന്നു ചിന്തിച്ച് ഞാനിരുന്നു. പഠാണികളുടെ നിഷ്ക്കളങ്കമായ വിവരമില്ലായ്മയെ കുറിച്ച് ഒരുപാട് കഥകളും ഞാന്‍ കേട്ടിട്ടുണ്ട്.
അന്നു രാത്രി ഉറങ്ങാന്‍ കിടന്നു. പതിവുപോലെ റേഡിയോ ഓണ്‍ ചെയ്ത് ചെവിയില്‍ കുത്തി. (ഏകനായിപ്പോകുമ്പോല്‍ മനസിലുണരുന്ന സ്മരണകള്‍ ചങ്കില്‍ നിറയ്ക്കുന്ന ഭാരം വളരെ കടുത്തതാണ്. പാട്ടും റേഡിയോയുമൊക്കെയാകുമ്പോള്‍ ആ രാത്രി അങ്ങനെ പോയിക്കിട്ടും).
"ആയിരമായിരമായിരമാശകള്‍..
ആയിരമായിരമായിരമീണങ്ങള്‍..
മനസിലാഘോഷിക്കാം നമുക്കിനി..
വസന്ത സുന്ദരമീ നിമിഷം..
പാടാത്ത പാട്ടുകളിനി പാടാം..
പുതുമയുടെ കടലായ് അലയടിക്കാം..
നഗരിയുടെ വഴിയില്‍ നൂറു കഥ ചൊല്ലി വരാം..
അറിവിന്റെ തീരമിനി നമുക്കരികേ..
ഇതു സ്വര നിമിഷം..
ഇതു സുഖ നിമിഷം..
ഇതു പ്രിയ നിമിഷം...
ഹിറ്റ് നൈന്റി സിക്സ് പോയിന്റ് സെവെന്‍ എഫ് എം.........
വാര്‍ത്തകള്‍ തുടങ്ങി. വാര്‍ത്തയങ്ങനെ പുരോഗമിച്ച് പോകവേ "ഇത്തിസാലാത്തിന്റെ ലോട്ടറിയെന്ന പേരില്‍ നിരവധി പേര്‍ വഞ്ചിക്കപ്പെടുന്നു" എന്നു കേട്ടു. നമ്മുടെ പാക്കിസ്ഥാനിയുടേതു പോലോത്ത അനുഭവങ്ങള്‍ നിരവധി പേര്‍ക്ക് ഉണ്ടായ വാര്‍ത്തയുമെത്തി. ശേഷം ഒരാളുടെ അനുഭവം വിവരിക്കുന്നു. പച്ച മലയാളി...! ഫോണ്‍ വിളിച്ചവന്‍ ആവശ്യപ്പെട്ട പ്രകാരം കാര്‍ഡ് വാങ്ങി അതിന്റെ നമ്പറും, തന്റെ ബാങ്ക് കാര്‍ഡിന്റെ പിന്‍ കോഡും അടക്കം പറഞ്ഞു കൊടുത്തതും പിന്നീട് ബാങ്കില്‍ പോയപ്പോള്‍ എല്ലാം നഷ്ടപ്പെതുമായ കഥകള്‍ അയാള്‍ റേഡിയോയിലൂടെ പറഞ്ഞു.
ദൈവമേ, സകലരെയും കബളിപ്പിക്കാന്‍ മാത്രം കഴിവും കുബുദ്ധിയുമുള്ള മലയാളി പോലും പണമെന്ന്, ലോട്ടറിയെന്ന് കേള്‍ക്കുമ്പോള്‍ മതി മറക്കുന്നു.. മന്ദ ബുദ്ധിയാകുന്നു..
മൊത്തത്തില്‍ മനുഷ്യരെന്തേ ഇങ്ങനെ...?
------------------------------------------
ഓഫ് ടോപിക്:- "ഇത്തിസാലാത്ത്" എന്ന് അധികമാരും പറയാറില്ല അല്ലേ ? എത്തി സലാത്ത്. എടിസലാത് എന്നിങ്ങനെയാണു പറയുക. ഉച്ചരിക്കുന്നതെങ്ങനെയുമാകട്ടെ, അതിന്റെ ശരിയായ വാക്ക് അറിയിക്കാന്‍ മാത്രമാണിത്. അറബിയില്‍ "ഇത്തസല" എന്നു പറഞ്ഞാല്‍ "ബന്ധപ്പെട്ടു, (contact) എന്നര്‍ത്ഥം. മൊബൈല്‍ ഫോണിന്റെ ലാംഗ്വേജ് അറബിയിലാക്കിയാല്‍ നമ്മെ ഒരാള്‍ വിളിക്കുമ്പോള്‍ പേരിനു താഴെ "യത്തസിലു ബിക" എന്നു കാണിക്കും. (contacts you) എന്നു പരിഭാഷപ്പെടുത്താം. "ഇത്തിസാലാത്ത്" എന്നു പറഞ്ഞാല്‍ "ബന്ധങ്ങള്‍" (connections, contacts) എന്നര്‍ത്ഥം.
