Sunday, October 6, 2019

'അൽബഖറ'യെന്ന ഖുർആനിലെ രണ്ടാമത്തെ അധ്യായമായിരുന്നു ഇന്നത്തെ ചർച്ചയിൽ. 'ബഖറ' എന്നാൽ പശു എന്നുതന്നെ. 'പശുദേശീയത'യൊക്കെ കടന്ന് ഭാഷയും മതം തന്നെയും അതിജീവനത്തിന്റെ അർഹതകളായി പരിണമിക്കുന്ന കാലത്ത് ആദർശത്തിന്റെ സുരക്ഷാകവചം ഒന്നുകൂടി മുറുക്കിയുടുക്കാൻ സമയം കണ്ടെത്തുന്നത് നല്ലതുതന്നെ.
ഖുർആൻ വഴികാട്ടിയാവുന്നത് ആർക്കാണ് എന്നതിന്റെ ആദ്യത്തെയുത്തരം 'യുഅ്‌മിനൂന ബിൽ ഗൈബി' എന്നാണ് അധ്യായം പറഞ്ഞു തുടങ്ങുന്നത്. 'തെളിവുകൾ നയിക്കട്ടെ'യെന്ന പൊള്ളയായ വാചകങ്ങളിൽ അല്ല, ദൃശ്യപ്രപഞ്ചത്തിലെ അനുഗ്രങ്ങളിൽ മുഴുവൻ ഒരദൃശ്യ ശക്തിയുടെ ഉണ്മയുടെ സൂചനകൾ കാണുന്നുണ്ടെങ്കിൽ അത് ദർശിക്കാൻ താല്പര്യമുള്ള മനസ്സുകളിലാണ് നേർവഴിയുടെ വെളിച്ചം കുടിയിരിക്കുക എന്ന്.



അങ്ങനെ നേർവഴി തിരഞ്ഞെടുക്കുമ്പോൾ മനുഷ്യൻ എന്ന നിലയിൽ വന്നുചേരുന്ന പ്രഥമമായ രണ്ട് ഉത്തരവാദിത്തങ്ങൾ ഉണ്ട്.
1- യുഖീമൂനസ്സ്വലാത
ആ അദൃശ്യശക്തിയെ വണങ്ങുക എന്നത് ജീവിതസപര്യയാവുന്നു എന്നതാണ് ആദ്യത്തേത്.
2- വ മിമ്മാ റസഖ്നാഹും യുൻഫിഖൂൻ
തനിക്കു ചുറ്റുമുള്ള സൃഷ്ടിവർഗങ്ങളെ പരിഗണിക്കാതെയും അവർക്കുവേണ്ടി ചിലവഴിക്കാതെയും ജീവിച്ച് ഒന്നാമത്തെ വകുപ്പ് മാത്രം കൊണ്ട് ഒരാൾ രക്ഷപ്പെടാൻ പോകുന്നില്ല എന്നതാണ് രണ്ടാമത്തേത്.
കൃത്യമായി പള്ളിയിൽ പോവുകയും മതചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്യുന്ന സ്ത്രീയാണ് ആറോളം പേരെ ഒന്നിനുപിറകെ ഒന്നായി ആസൂത്രിതമായി കൊലചെയ്തത് എന്ന വാർത്തകൾക്കിടയിൽ 'മതഭക്തി' കൊണ്ട് മാത്രം മനുഷ്യത്വം ഉണ്ടാവുന്നില്ല എന്ന പരാമർശങ്ങൾ കണ്ടു.
എന്നാൽ മനുഷ്യരെ പരിഗണിക്കാത്ത ഒരാൾക്ക് പൂജാകർമ്മങ്ങളോ, മന്ത്രോച്ചാരണങ്ങളോ, ചടങ്ങുകളിലെ നിത്യസാന്നിധ്യങ്ങളോ ഉണ്ടായതുകൊണ്ടുമാത്രം മതഭക്തനോ ദൈവത്തിന്റെ യഥാർത്ഥ ദാസനോ പോലും ആവാനുള്ള യോഗ്യത ഉണ്ടാവുന്നില്ലെന്നാണ് ഖുർആൻ മറിച്ചു തുടങ്ങുമ്പോൾ തന്നെ വായിക്കാനാവുന്നത്.

Tuesday, October 1, 2019

എഴുത്തുകാർ തങ്ങളുടെ രചനകളിൽ പലപ്പോഴും കാലത്തിന്റെ പ്രവചനാത്മകമായ വായനകൾ സമൂഹത്തിന് നൽകാറുണ്ട്. സ്‌കൂളിൽ രാജേഷ് മാഷോടും പ്രദീപ് മാഷോടും ഒപ്പമിരുന്ന് സംസാരിക്കുന്നതിനിടയിൽ തെളിവുകൾ പരസ്പരം പങ്കുവെച്ച് ഞങ്ങൾ ഇങ്ങനെയൊരിക്കൽ ഓർത്തെടുത്തിരുന്നു.
തിരക്കുപിടിച്ച ഒരുക്കത്തിനിടയിൽ പുസ്തകമൊന്നും കയ്യിലെടുക്കാതെയായിരുന്നു ഇന്നലെ തിരുവനന്തപുരത്തേക്കുള്ള യാത്ര തുടങ്ങിയത്. കോഴിക്കോട് വെച്ച് ഏതെങ്കിലും വാങ്ങാം എന്ന് കൂടെയുണ്ടായിരുന്ന അമീൻ മാഷ് ഓർമ്മിപ്പിച്ചു. കോഴിക്കോട് ഇറങ്ങി പുസ്തകങ്ങൾ പരതി. പി. സുരേന്ദ്രന്റെ 'സാമൂഹ്യപാഠം' ആണ് വാങ്ങാൻ തോന്നിയത്.



തലസ്ഥാനത്തു നിന്നും തിരിക്കുന്നതിനിടെ പുസ്തകം വായിച്ചുതീർന്നു. പക്ഷേ, നേരത്തെ പറഞ്ഞുവെച്ചതു പോലെ 1991 ൽ മലയാളത്തിൽ എഴുതപ്പെട്ട ഒരു നോവലിന് ഫാഷിസത്തിന്റെ നീരാളിപ്പിടുത്തത്തെ ഇത്രമേൽ ആഴത്തിൽ മാത്രമല്ല, സ്പഷ്ടമായും വരച്ചുവെക്കാനാവുമോ എന്ന കൗതുകം ബാക്കിയാകുന്നു.
ആരൊക്കെയാണ് മുദ്രവെക്കപ്പെട്ട് മാറ്റി നിർത്തപ്പെടേണ്ടതെന്നും, അവരുടെ സ്വാതന്ത്ര്യങ്ങൾക്കു ചുറ്റും എങ്ങനെയാണ് പാരതന്ത്ര്യത്തിന്റെ കരിങ്കൽചുവരുകൾ തീർക്കേണ്ടതെന്നും നേതാവ് അനുയായികളെ ഉച്ചഭാഷിണിയിൽ തെര്യപ്പെടുത്തുന്ന വാർത്തകൾ ഇന്നും വായിച്ചു.
കുട്ടികളുടെ സ്വതന്ത്രലോകത്തേക്ക് കടന്നുവരുന്ന വരുന്ന മാസ്റ്റർ, ഫാഷിസത്തിന്റെ സ്‌കൂൾ ചുവരുകൾക്കുള്ളിൽ അവരെ തളച്ചിട്ട് 'സാമൂഹ്യപാഠം' പഠിപ്പിക്കാൻ ശ്രമിക്കുന്ന കഥയുടെ ഇതിവൃത്തവും വാർത്തയും ഒന്നുചേർന്ന് മനസ്സിന്റെ സ്വാസ്ഥ്യത്തെ കെടുത്തുന്നു.
വിസർജ്ജനം നടത്തിയ കീഴാളക്കുട്ടികളെ തല്ലിക്കൊന്ന വാർത്തയും ക്ലാസ് റൂമിൽ വിസർജ്ജനം നടത്തിയതിന് ക്രൂരമായി ശിക്ഷിക്കപ്പെട്ട കണ്ണൻകുട്ടിയുടെ ഓർമ്മയും ഒന്നിച്ച് സങ്കടപ്പെടുത്തുന്നുണ്ട്.
തീർച്ചയായും ചിലപ്പോഴൊക്കെ എഴുത്തുകൾ മുന്നറിയിപ്പുകൾ കൂടിയാണ്.
പുസ്തകം - 'സാമൂഹ്യപാഠം'
രചന - പി. സുരേന്ദ്രൻ
പ്രസാധകർ - കൈരളി ബുക്സ്.

Where I feel poetic

Followers

Popular Posts