Monday, February 23, 2009


"Masturbate, I like it"

ഇത് ആധുനികതയുടെ എല്ലാ അലങ്കാരങ്ങളും നന്നായണിഞ്ഞ ഒരു യുവാവ്‌ ധരിച്ച ടീ-ഷര്‍ട്ടില്‍ എഴുതപ്പെട്ടിരുന്ന വാക്കാണ്‌. അല്‍‌പനേരം അങ്ങനെയിരുന്ന് ഞാനാലോചിച്ചു. എന്തായിരിക്കും ഈ ടീ- ഷര്‍ട്ടു തന്നെ തെരഞ്ഞെടുത്തണിയാനുള്ള അവന്റെ ഉദ്ദേശ്യത്തിനു പിന്നില്‍... ഞാനാ യുവാവിന്റെ അരികില്‍ ചെന്നു എന്താണീ എഴുതിയിരിക്കുന്നതിന്റെ അര്‍ത്ഥമെന്ന് നിങ്ങള്‍ക്കറിയാമോ എന്നു ചോദിച്ചു. വളരെ സൗമ്യനായി അവന്‍ മറുപടി പറഞ്ഞു :" മാഫീ ഇംഗ്ലീഷ്, അറബീ.." ഓഹോ.. കുടുങ്ങി.. (എടാ.. ദുബായിലായിരുന്നിട്ട് ഇവന്‍ ഇതു വരെ ഹിന്ദിയെങ്കിലും പഠിച്ചില്ലേ...) ഇനിയിപ്പോ... എന്തായാലും ഇത് മനസിലാക്കിക്കൊടുക്കാതെ പോകില്ലെന്നു തീരുമാനിച്ച് എനിക്കറിയാവുന്ന മുറിയന്‍ അറബിയില്‍ അവനോട് കാര്യം ചോദിച്ചു. "മാ മക്തൂബ്..? " ഒന്നുമറിയാത്തതു പോലെ അവന്റെ ചോദ്യം. (എന്താണെഴുതപ്പെട്ടിരിക്കുന്നത് എന്ന്) ഹോ..! സമാധാനമായി..! പിന്നെ വളരെ സാവധാനത്തോടെ (ധൃതിയില്‍ പറയാന്‍ അറിയാത്തതു കൊണ്ടു കൂടിയുമാണ്‌) അവനെ കാര്യം പറഞ്ഞു ധരിപ്പിച്ചു. എന്നിട്ട് ഇത് നല്ല കാര്യമല്ലെന്നും ഇനി താങ്കള്‍ ഇത് ധരിക്കില്ലെന്നു ഞാന്‍ കരുതുന്നുവെന്നും അവനോട് പറഞ്ഞു. വിട പറയുന്നതിനു മുമ്പ് എവിടെയാണു നാടെന്നും ഇവിടെയെന്തു ചെയ്യുന്നുവെന്നും ഞാന്‍ ചോദിച്ചു. ഞാന്‍ സിറിയയില്‍ നിന്നാണ്‌. ഇവിടെ ഒരു കമ്പനിയില്‍ സെയില്‍‌‍സ്മാനായി ജോലി ചെയ്യുന്നു. കമ്പനിയുടെ പേരും പറഞ്ഞ് എന്നോട് അങ്ങോട്ട് ഒരു ദിവസം വരാനും ആവശ്യപ്പെട്ട് ഞങ്ങള്‍ കൈ കൊടുത്തു പിരിഞ്ഞു.

സത്യത്തില്‍ അവനൊന്നുമറിയില്ലായിരുന്നു. എന്തോ ഒരിംഗ്ലീഷ് വാക്ക്; അത്രേ അവനറിയൂ. ഇതു തന്നെയാണ് പലരുടെയും പ്രശ്നം. നമ്മുടെ വേഷവിധാനങ്ങള്‍, ഭാഷാ പ്രയോഗങ്ങള്‍, സംഗീതാസ്വാദനങ്ങള്‍, ആചാരങ്ങള്‍ ഇവയൊക്കെ ഏറ്റവും പുതിയതെടുത്തു പ്രയോഗിക്കുക എന്നതല്ലാതെ ഇവയൊക്കെ എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്നു ചിന്തിക്കുന്നവര്‍ ചുരുക്കമാണ്‌. "നീളന്‍ കൈയുള്ള കുപ്പായം തുന്നിയിട്ട് ആ കൈ മടക്കിക്കേറ്റി വെച്ച് നമ്മള്‍ നടക്കുന്നു" എന്ന് പ്രസംഗം സപര്യയാക്കിയ, ആ സപര്യയ്ക്കിടയില്‍ തന്നെ മരിച്ചു പോയ ഡോ: എം. എന്‍. വിജയന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ടത്രെ. അനുകരണമാണു നമുക്കിഷ്ടം. നാമിഷ്ടപ്പെടുന്ന സ്റ്റാര്‍ എന്തു വേഷം കെട്ടിയാലും അത് തനിക്കിഷ്ടമാണെന്ന്‌ മാലോകരോട് വിളിച്ചു പറയാന്‍ വെമ്പുന്ന മനസാണ്‌ നമുക്ക്. ഒരു കാലത്ത് സല്‍മാന്‍ ഖാന്‍, തന്റെ ജീന്‍സിനും മുകളില്‍ പുറത്തു കാണുന്ന രീതിയില്‍‌ അടിവസ്ത്രം ധരിച്ചപ്പോള്‍ അത് പലരും മോഡലാക്കി. സല്‍മാന്‍ ഖാനെപ്പോലെ കുപ്പായമിടാതെ നടക്കാന്‍ പറ്റാത്തതു കൊണ്ട് അര വരെ മാത്രം നീളമുള്ള കുപ്പായമിട്ട് ബസിന്റെ കമ്പിയും പിടിച്ച് നില്‍ക്കുന്ന യുവാവ്, താന്‍ ധരിച്ച അടിവസ്ത്രത്തിന്റെ കമ്പനിയുടെ അമ്പാസഡറാണെന്നു തോന്നിപ്പിച്ച ഒരു കാലമുണ്ടായിരുന്നു.

ഷാരൂഖ് ഖാന്‍ തേക്കുന്ന ഷാമ്പൂ, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കുടിക്കുന്ന പാനീയം, സെയ്ഫ് അലി ഖാന്‍ കൊറിക്കുന്ന ഭക്ഷണം, കരീന തേച്ചു കുളിക്കുന്ന സോപ്പ് ഇവയൊക്കെ നമ്മുടെയും ഇഷ്ടങ്ങളാകുമ്പോള്‍ നമ്മുടെ ചിന്ത മരവിച്ചിരിക്കുന്നു എന്നു തന്നെ മനസിലാക്കുക.

പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഡന്റെ ഒരു സദസ്സില്‍ പങ്കെടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു സംഭവമുണ്ട്. ഒരു സദസ്സില്‍ ക്ലാസെടുത്തു കൊണ്ടിരിക്കവേ "ജന്മനാ കറുത്ത് മെലിഞ്ഞിരുന്ന ഒരു സ്ത്രീ ലക്സ് സോപ്പ് മാത്രമുപയോഗിച്ച് വെളുത്ത സുന്ദരിയായി. അവര്‍ ഇന്ന് വളരെ പ്രശസ്തയാണ്‌. ആരാണെന്നു പറയാമോ" എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന്‌ സദസ്സില്‍ നിന്നൊന്നടങ്കം "ഐശ്വര്യാ റായീ..." എന്ന് ഉത്തരം കിട്ടിയത്രെ. നോക്കണം നമ്മുടെ സമൂഹത്തിന്റെ ചിന്തയെ കോര്‍പ്പറേറ്റുകള്‍ എങ്ങനെ വലം വെച്ചിരിക്കുന്നു എന്ന്. ഒരു പരിധിയില്‍ നിന്നപ്പുറത്തുള്ള യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാന്‍ നമുക്കു മനസില്ല.

നമ്മുടെ കുഞ്ഞുങ്ങള്‍ കടലമിഠായിക്കും കല്ലുമിഠായിക്കും ഒക്കെ വാശി പിടിച്ചു കരഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. ഈ മിഠായികളുടെ പരസ്യങ്ങളൊന്നും എവിടെയും പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നില്ല. കുട്ടികളെ കാണുമ്പോഴോ, സന്ദര്‍ശിക്കുമ്പോഴോ നമ്മള്‍ കൊണ്ടു പോകുന്ന മിഠായികള്‍ക്ക് സ്നേഹത്തിന്റെ മധുരമുണ്ടായിരുന്നു; അരുമയുടെ നിറവുണ്ടായിരുന്നു. ഇന്ന് ഈ സ്നേഹവും അരുമയും കോര്‍പ്പറേറ്റുകള്‍ നന്നായി ഉപയോഗിക്കുന്നുണ്ട്. ഇന്ന് കുടുംബ സമേതം കാറില്‍ യാത്ര ചെയ്യുന്നതിനിടയില്‍ റോഡരികില്‍ കാണുന്ന ഷോപ്പില്‍ തൂങ്ങുന്ന തിളങ്ങുന്ന ചിപ്സ് പാക്കറ്റുകള്‍ക്ക് വേണ്ടി കുട്ടികള്‍ വാശി പിടിക്കാതെ തന്നെ നമ്മള്‍ വാങ്ങിച്ചു കൊടുക്കുന്നത്‌ ഈ പരസ്യത്തിന്റെ പ്രലോഭനം കൊണ്ട് മാത്രമല്ല; അത് ഒരു prestige ന്റെ ചിഹ്നവും കൂടിയാണ് പലര്‍ക്കും. ഉള്ളില്‍ എന്തെങ്കിലും വസ്തുവിനേക്കാള്‍ വായു കുത്തി നിറച്ചിരിക്കുന്ന ഇത്തരം പാക്കറ്റുകള്‍ക്കുള്ള വില അര്‍ഹിക്കുന്നതിനപ്പുറവുമാണ്‌ എന്നത് നമുക്കൊരു പ്രശ്നമേയല്ല.

പരസ്യങ്ങള്‍, പ്രത്യേകിച്ച് ടെലിവിഷന്‍ നമ്മുടെ മനസിനെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്; നെഗറ്റീവായിത്തന്നെ. നമുക്ക് സത്യം വിളമ്പിത്തന്നിരുന്ന, നേരിന്‌ കൂട്ടു നിന്നിരുന്ന പത്രമാധ്യമങ്ങള്‍ പോലും ഇന്ന് സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്ന പരസ്യങ്ങള്‍ക്ക് വലിയ വില കല്പ്പിക്കുന്നു. ഇത്തരം സാഹചര്യത്തില്‍ നമുക്ക് നമ്മെയും നമ്മുടെ പരിസരത്തെയും കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നേ തീരൂ.

പരസ്യത്തിന്റെ ആദ്യ ചരിത്രം മനുഷ്യന്റെ ആദ്യ ചരിത്രത്തോളം പഴക്കമുള്ളതാണ്‌. സ്വര്‍ഗലോകത്ത് സുഖലോലുപതയില്‍ വാഴുന്ന ആദം, ഹവ്വ ദമ്പതികള്‍ക്കിടയിലേക്ക് സ്വര്‍ഗ്ഗത്തിലെ ഒരു മരത്തെ കുറിച്ച് ഇല്ലാത്ത പൊലിമകള്‍ പറഞ്ഞു കൊണ്ട് വരുന്ന ആദ്യത്തെ അഭിനേതാവ് പിശാചാണ്‌. അതില്‍ മനുഷ്യന്ന് വീഴ്ച്ച സംഭവിക്കുന്നു, പരസ്യം അതായത് പിശാച് വിജയിക്കുന്നു, ദൈവം കോപിക്കുന്നു അതായത് മനുഷ്യന്റെ സമാധാനത്തിന്‌ ഭംഗം വരുന്നു. പരസ്യങ്ങള്‍ പലതും പൈശാചിക പ്രേരണയുണ്ടാക്കുന്നുവെന്നും അത് താളഭംഗം സൃഷ്ടിക്കുന്നുവെന്നുമാണോ ഞാന്‍ പറഞ്ഞു വരുന്നത്... അതെ .. അതു തന്നെ.
----------------------------------------
Shaf അയച്ചു തന്ന ചിത്രം ചേര്‍ത്ത് അപ്ഡേറ്റ് ചെയ്തത് : 24/02/2009, 12:25 pm

Saturday, February 7, 2009

ഒരു സുഹൃത്ത് അയച്ച ഇ-മെയില്‍ തുടങ്ങുന്നത് ഇങ്ങനെയാണ്‌.
Author: Stephen Covey.
"Have you read this before?
Discover the 90/10 Principle. It will change your life (at least the way you react to situations)..."

ഇങ്ങനെ തുടങ്ങുന്ന ഒരു ലേഖനം വായിക്കാതിരിക്കുന്നതെങ്ങനെ... മുഴുവന്‍ വായിച്ചപ്പോള്‍, പൊതുവെ ജീവിതത്തിലെ കാര്യങ്ങള്‍ പരമാവധി പോസിറ്റീവായി കാണണമെന്ന് അവസരം കിട്ടുമ്പോഴൊക്കെ പറയാന്‍ ശ്രമിക്കാറുള്ള, പുലര്‍ത്താന്‍ കരുതാറുള്ള എനിക്ക് ഇത് പ്രചരിപ്പിച്ചാല്‍ കൊള്ളാമെന്നു തോന്നി. അതിന്‌ മുമ്പ് ലേഖകന്‍ Stephen Covey- യെക്കുറിച്ചൊന്ന് ഗൂഗ്ലി. ഓ.. ഇദ്ദേഹം വളരെ പ്രശസ്തനാണ്‌. നമ്മളത്ര ശ്രദ്ധിച്ചില്ലെന്നേയുള്ളൂ.. Seven Habits of Highly Effective People എന്ന വിഖ്യാത ഗ്രന്ഥം പിറന്നത് ഇദ്ദേഹത്തിന്റെ തൂലികയിലൂടെയാണ്‌. (ഡി. സി. ബുക്സ് ഈ പുസ്തകത്തിന്റെ പരിഭാഷ ഇറക്കിയിട്ടുണ്ടെന്നു തോന്നുന്നു. പുസ്തകത്തെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇതു വരെ അത് വായിക്കാന്‍ പറ്റിയിട്ടില്ല.) അദ്ദേഹത്തിന്‌ സ്വന്തമായി വെബ്‌സൈറ്റും കമ്യൂണിറ്റിയും ഉണ്ട്.
ഇങ്ങനെയൊക്കെ ആയതു കൊണ്ടു തന്നെ പലരും വായിച്ചിരിക്കാനും ഒരു പക്ഷേ, പരിഭാഷപ്പെട്ടിരിക്കാനും സാധ്യതയുള്ള ഒരു കുറിപ്പാണിത്. അതിലൂടെ അല്‍‌പം...

എന്താണ്‌ 90/10 തത്വം..?

ജീവിതത്തിന്റെ 10 ശതമാനം നിങ്ങള്‍ക്ക് വന്നു ഭവിക്കുന്ന വിധിയിലധിഷ്ഠിതമാണ്‌. എന്നാല്‍ ബാക്കി 90 ശതമാനം നിര്‍ണ്ണയിക്കപ്പെടുന്നത്, സാഹചര്യങ്ങളോട് നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്‌. ഒന്നു കൂടി വ്യക്തമാക്കിയാല്‍, നിങ്ങളുടെ ജീവിതത്തില്‍ വന്നു ചേരുന്ന 10 ശതമാനം കാര്യങ്ങള്‍ക്കു മേല്‍ നിങ്ങള്‍ക്ക് യാതൊരു നിയന്ത്രണവുമില്ല. നിങ്ങളുടെ കാര്‍ ബ്രേക്ക് ഡൗണായിപ്പോയാല്‍, നിങ്ങള്‍ യാത്ര ചെയ്യാനുദ്ദേശിച്ച ഫ്ലൈറ്റ് വൈകിയെത്തുകയും അങ്ങനെ, അന്നത്തെ പരിപാടികളെല്ലാം അവതാളത്തിലാവുകയും ചെയ്താല്‍, നിങ്ങള്‍ യാത്ര ചെയ്യുന്ന ടാക്സി ഒരൊടുക്കത്തെ ട്രാഫിക്കില്‍ കുടുങ്ങിയാല്‍.. ഇവിടെയൊക്കെ നിങ്ങള്‍ നിസഹായരാണ്‌. ഇതാണു പത്തു ശതമാനമെന്നു പറഞ്ഞത്. എന്നാല്‍ ബാക്കി 90 ശതമാനം അങ്ങനെയല്ല. അത് നിങ്ങള്‍ തീരുമാനിക്കുകയാണ്‌ ചെയ്യുന്നത്.

എങ്ങനെ ? നിങ്ങളുടെ പ്രതികരണത്തിലൂടെ. ട്രാഫിക്കിന്റെ ചുവന്ന ലൈറ്റ് നിയന്ത്രിക്കാന്‍ നിങ്ങള്‍ക്കാവില്ല; പക്ഷേ, നിങ്ങളുടെ ഉള്ളം നിങ്ങളുടെ നിയന്ത്രണത്തിലാണ്‌.

ഒരു ഉദാഹരണം പറയാം:-
നിങ്ങള്‍ ഭാര്യയോടും കുട്ടികളോടുമൊന്നിച്ച് ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നു. അതിനിടെ നിങ്ങളുടെ കുട്ടിയുടെ കൈ തട്ടി കോപ്പയും ചായയും നിങ്ങളുടെ വസ്ത്രത്തിലേക്കു വീഴുന്നു. ഇവിടെ സംഭവിച്ചത് നിങ്ങളുടെ നിയന്ത്രണത്തിനതീതമായ ഒന്നാണ്‌. നിങ്ങള്‍ തികച്ചും നിസഹായന്‍.
പക്ഷേ, ഇനിയങ്ങോട്ട് എന്ത് സംഭവിക്കുമെന്നത് നിങ്ങളെങ്ങനെ പ്രതികരിക്കുന്നു എന്നതനുസരിച്ചിരിക്കും.

ഓഫീസില്‍ പോകാന്‍ വേണ്ടി നന്നായി വസ്ത്രമണിഞ്ഞ് തയ്യാറായ നിങ്ങള്‍ക്ക് പെട്ടെന്ന് അരിശം വരുന്നു. കുട്ടിയെ ചീത്ത വിളിക്കുന്നു. കുട്ടി വിതുമ്പിത്തുടങ്ങുന്നു. ശേഷം നിങ്ങള്‍ നേരെ തിരിയുന്നത് ഭാര്യയിലേക്ക്. മേശയുടെ അറ്റത്ത് കൊണ്ടു പോയി കോപ്പ വെച്ചതിന്‌ ഭാര്യയ്ക്കും കിട്ടി രാവിലെത്തന്നെ. മൊത്തത്തില്‍ ഒരഞ്ചു മിനിറ്റ് ബഹളമയം... പിന്നെ നിങ്ങള്‍ നേരെ നിങ്ങളുടെ മുറിയിലേക്ക് കുതിക്കുന്നു. ഷര്‍ട്ടു മാറി വേഗം തിരിച്ചു വരുന്ന നിങ്ങള്‍ കാണുന്നത് കരച്ചിലടക്കാന്‍ വയ്യാതെ നിങ്ങളുടെ കുട്ടി അവിടെത്തന്നെയിരിക്കുന്നതാണ്‌. ഭക്ഷണം കഴിച്ചു തീര്‍ന്നിട്ടില്ല. സ്ക്കൂളില്‍ പോകാനൊരുങ്ങിയിട്ടുമില്ല. ചുരുക്കത്തില്‍ കുട്ടിക്ക് തന്റെ സ്ക്കൂള്‍ ബസ് മിസ്സാവുന്നു. ഭാര്യയ്ക്കാണെങ്കില്‍ എത്രയും വേഗം ജോലിക്ക് പോകണം. പെട്ടെന്നു തന്നെ കുട്ടിയെയും കൂട്ടി നിങ്ങള്‍ കാര്‍ സ്ക്കൂളിലേക്ക് ഡ്രൈവ് ചെയ്യുന്നു; തിരക്കിട്ട ഡ്രൈവിംഗ്. ട്രാഫിക് ഫൈന്‍ കിട്ടാനുള്ള നിങ്ങളുടെ യോഗ്യത അംഗീകരിക്കപ്പെടുന്നു. ട്രാഫിക് ഉദ്യോഗസ്ഥനോട് സംസാരിക്കാന്‍ വേണ്ടിയെടുത്ത സമയവും ഫൈനടക്കേണ്ടി വന്ന കാശും ഇന്നത്തെ നഷ്ടം തന്നെ. സ്ക്കൂളെത്തി വണ്ടി നിര്‍ത്തിയ ഉടനെ തിരിഞ്ഞു നോക്കാതെ, മുഖം വീര്‍പ്പിച്ച് കുട്ടി സ്ക്കൂളിലേക്ക് നടന്നകലുന്നു.
ഓഫീസിലേക്ക് ഇപ്പോള്‍ തന്നെ 20 മിനിറ്റ് വൈകിയെത്തിയ നിങ്ങള്‍ ബ്രീഫ്കേസെടുത്തിട്ടില്ലെന്ന് ഓര്‍ത്തെടുക്കുന്നു.... മൊത്തത്തില്‍ ജഗപൊഗ.. ഇതിങ്ങനെ തുടര്‍ന്നു പോവുമ്പോള്‍ സംഗതി മോശമായിക്കൊണ്ടേയിരിക്കുന്നു.. തിരിച്ച് വീട്ടിലെത്തുന്ന നിങ്ങള്‍ക്കും ഭാര്യയ്ക്കും കുട്ടിക്കുമിടയില്‍ ചെറിയൊരകല്‍ച്ച.. മൂഡ് ഓഫ്...
എന്താണ്‌/ ആരാണ്‌ ഇതിനൊക്കെ കാരണം?
a) ചായക്കോപ്പ ?
b) നിങ്ങളുടെ കുട്ടി ?
c) ട്രാഫിക് പൊലീസ് ?
d) നിങ്ങള്‍ ?
ഉത്തരം "d" എന്നാണ്.
നോക്കൂ, കുട്ടിയുടെ കൈ തട്ടി ചായ നിങ്ങളുടെ വസ്ത്രത്തില്‍ വീണതില്‍ നിങ്ങള്‍ തികച്ചും നിസഹായനാണെന്നു ഞാന്‍ പറഞ്ഞല്ലോ. എന്നാല്‍ പിന്നീടുള്ള വെറും 5 സെക്കന്റിനുള്ളില്‍ നിങ്ങളില്‍ നിന്നുണ്ടായ പ്രതികരണമാണ്‌ നിങ്ങളുടെ മോശം ദിവസത്തിന്‌ തുടക്കമിട്ടത്.
സംഭവിക്കാമായിരുന്നത്/ സംഭവിക്കേണ്ടിയിരുന്നത്:-
ചായക്കോപ്പ നിങ്ങള്‍ക്കു മേല്‍ വീഴുന്നു. കുട്ടി നിങ്ങളെ നോക്കി കരയാന്‍ ഭാവിക്കുകയാണ്‌. കുട്ടിയുടെ തോളില്‍ തഴുകിക്കൊണ്ട് സൗമ്യമായി നിങ്ങള്‍ :- "സാരമില്ല കുട്ടാ.. ഇനി മുതല്‍ ശ്രദ്ധിച്ചാല്‍ മതി കേട്ടോ.." ഒരു ടവലുമെടുത്ത് റൂമിലേക്ക് പോകുന്ന നിങ്ങള്‍ മറ്റൊരു ഷര്‍ട്ടെടുത്തണിഞ്ഞ്‌ ബ്രീഫ്കേസുമെടുത്ത് തിരിച്ചു വരുന്നു. സ്ക്കൂള്‍ ബസില്‍ നിന്ന് പുറത്തേക്കു തല നീട്ടി കൈ വീശിക്കാണിക്കുന്ന നിങ്ങളുടെ കുട്ടിയെ നിങ്ങള്‍ക്കിപ്പോള്‍ കാണാം. വളരെ സുഖമായി, ഒരു നേരിയ പാട്ടിന്റെ അകമ്പടിയോടെ വണ്ടിയോടിച്ച് 5 മിനിറ്റ് നേരത്തേ ഓഫീസിലെത്തുന്നു. മാനേജരുടെ നിറഞ്ഞ പുഞ്ചിരി കണ്ടു കൊണ്ട് നിങ്ങള്‍ ജോലിയിലേക്ക്.
മാറ്റം ശ്രദ്ധിച്ചോ..? രണ്ട് വ്യത്യസ്ത കാഴ്ച്ചകള്‍. രണ്ടും ആരംഭിച്ചത് ഒരുപോലെ. പക്ഷേ, അന്ത്യം തികച്ചും വ്യത്യസ്തവും. എന്തു കൊണ്ടാണിത് ? രണ്ടും, സാഹചര്യത്തോടുള്ള നിങ്ങളുടെ പ്രതികരണത്തിന്റെ ഫലം. അതാണു ഞാന്‍ പറഞ്ഞത്, നമുക്ക് സംഭവിക്കുന്ന 10 ശതമാനത്തിനു മേല്‍ നമുക്ക് നിയന്ത്രണമില്ല. പക്ഷേ, 90 ശതമാനം നമ്മുടെ പ്രതികരണത്തിനാല്‍ നിര്‍ണ്ണയിക്കപ്പെടുന്നു എന്ന്.

നിങ്ങളോട് ആരെങ്കിലും മോശമായി പെരുമാറുകയാണെങ്കില്‍, നിങ്ങള്‍ അതുപോലെ മോശമാവാതിരിക്കുക. ചില്ലില്‍ തട്ടിത്തെറിച്ചു വീഴുന്ന വെള്ളം കണക്കെ അവന്റെ ആക്ഷേപങ്ങള്‍ തെറിച്ചു വീഴട്ടെ. അത് നിങ്ങള്‍ ബാധിക്കേണ്ട ആവശ്യമില്ല. നല്ല രീതിയില്‍ പ്രതികരിക്കുക. മോശമായ പ്രതികരണം ചിലപ്പോള്‍ നിങ്ങളുടെ ദിവസം തന്നെ മോശമാക്കിയേക്കാം, ഒരു സുഹൃത്തിനെ നഷ്ടപ്പെടുത്തിയേക്കാം, നിങ്ങളെ തന്നെ ഖേദിപ്പിക്കാം.
നിങ്ങളുടെ ജോലി നഷ്ടപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്തയാണൊരു ദിവസം നിങ്ങളെ വരവേല്‍ക്കുന്നത്. ഉറക്കം നഷ്ടപ്പെട്ട്, ടെന്‍ഷനടിച്ച് തളരാന്‍ നിങ്ങള്‍ നഷ്ടപ്പെടുത്തുന്ന സമയവും ഊര്‍ജ്ജവും വെറും വെറുതെയായിപ്പോവില്ലേ.. അതേ സമയം മറ്റൊരു ജോലിയുടെ സാധ്യത അന്വേഷിക്കാന്‍ ആ ഊര്‍ജ്ജവും സമയവും ഉപയോഗിച്ചു കൂടേ..?
മുഴുവന്‍ കാര്യപരിപാടികളും തയ്യാറാക്കി യാത്ര ചെയ്യാനൊരുങ്ങിയ നിങ്ങളുടെ ഫ്ലൈറ്റ് വൈകുന്നു. നിങ്ങളുടെ അരിശം മുഴുവനും ഫ്ലൈറ്റ് അറ്റന്റന്റിനോട് തീര്‍ക്കാന്‍ ശ്രമിക്കുന്നത് വിഡ്ഢിത്തമല്ലേ...? അവര്‍ക്കതില്‍ യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് നിങ്ങള്‍ മറക്കുകയാണ്‌. അതേ സമയം കാര്യങ്ങള്‍ പഠിക്കാനും യാത്രയ്ക്കുള്ള മറ്റു വഴികളന്വേഷിക്കാനും ശ്രമിക്കുന്നതല്ലേ നല്ലത്...?
ഇങ്ങനെ ജീവിതത്തിന്റെ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് 90/10 തത്വം ഫലം ചെയ്യുമെന്നു ഞാന്‍ കരുതുന്നു. ശരിക്കും പ്രയോഗവല്‍ക്കരിച്ചാല്‍ അതിന്‌ നിങ്ങളെത്തന്നെ മാറ്റിയെടുക്കാനാവും.
----------------------------------------------------------
ഈ കുറിപ്പ് Stephen R Covey യുടേതാണ്‌. ജീവിതയാത്രയ്ക്കിടയില്‍ നാം ഉള്‍ക്കൊണ്ട മൂല്യങ്ങളും നന്മകളും ചിലപ്പോഴൊക്കെ ഈ ചിന്തകള്‍ക്ക് സമാനമോ ഉയര്‍ന്നതോ ആയിരിക്കാം. എന്തായാലും നന്മയും ലാളിത്യവുമൊക്കെത്തന്നെയാണ്‌ വിജയമാര്‍ഗ്ഗം. നന്മകള്‍ നേരുന്നു.

Tuesday, February 3, 2009

ഉച്ചയ്ക്കുള്ള ഒഴിവും കഴിഞ്ഞ് ഓഫീസിലേക്ക് കയറി ഇരിക്കുന്നതേയുള്ളൂ. നീണ്ടു മെലിഞ്ഞ ഒരു പാക്കിസ്ഥാനി മധ്യവയസ്ക്കന്‍ കടന്നു വന്നു. "ഒരു ലെറ്റര്‍ അടിച്ചു തരണം". അദ്ദേഹമാകെ ബേജാറിലാണ്‌. ഞാന്‍ കാര്യമന്വേഷിച്ചു. "ഇത്തിസാലാത്തില്‍ ചെന്നപ്പോള്‍ ലെറ്ററും കൊണ്ട് ചെല്ലാനാണ്‌ അവര്‍ പറഞ്ഞത്" "ആട്ടെ എന്താണു പ്രശ്നം" അയാള്‍ വിശദമായി കാര്യങ്ങള്‍ പറഞ്ഞു. തുടര്‍ന്നു കൊണ്ടേയിരുന്ന അയാളുടെ വിശദീകരണത്തില്‍ നിന്ന് ഒരെഴുപത്തഞ്ചു ശതമാനമേ എനിക്കു ബോധ്യപ്പെട്ടുള്ളൂ.
ഇത്തിസാലാത്തില്‍ നിന്നു ലോട്ടറിയടിച്ചിട്ടുണ്ടെന്നു പറഞ്ഞ് വിളിച്ച നമ്പര്‍, വിളിച്ച ആളുടെ പേര്‌ ഒക്കെ കാണിച്ചു തന്ന് അയാള്‍ പറഞ്ഞതിന്റെ പ്രധാന ഭാഗം "ആറായിരം ദിര്‍ഹമിന്റെ കാര്‍ഡ് എടുത്ത് നമ്പര്‍ അയച്ചു കൊടുക്കാന്‍ പറഞ്ഞു. ഞാന്‍ അയച്ചു കൊടുത്തു. പക്ഷേ പിന്നീട് ഒരു വിവരവും ഇല്ല. ഇത്തിസാലാത്തില്‍ ചെന്നപ്പോള്‍ പരാതി എഴുതിക്കൊടുക്കാനാണ്‌ പറഞ്ഞത്" എന്നതാണ്‌. പിന്നെയും അദ്ദേഹം നഷ്ടപ്പെട്ട ദിര്‍ഹംസിന്റെ കണക്കു പറയുന്നുണ്ടായിരുന്നു. പക്ഷേ, സംഭവത്തിന്റെ സ്വാഭാവികത വളരെ വിചിത്രമായിരുന്നതിനാല്‍ എനിക്ക് മുഴുവനും ബോധ്യപ്പെട്ടില്ല. വിളിച്ച നമ്പര്‍ ഞാന്‍ നോക്കിയപ്പോള്‍ അത് പാക്കിസ്ഥാനിലെ കോഡ് നമ്പര്‍ കൊണ്ട് തുടങ്ങുന്നതാണ്‌. വിളിച്ച ആളിന്റെ പേരും പിതാവിന്റെ പേരുമടക്കം ഇദ്ദേഹം പറഞ്ഞു തന്നു. അതെങ്ങനെ നിങ്ങള്‍ക്കറിയാമെന്നു ചോദിച്ചപ്പോള്‍ അയാള്‍ തന്നെ പരിചയപ്പെടുത്തിയതാണെന്നായിരുന്നു മറുപടി.
ചുരുക്കിപ്പറഞ്ഞാല്‍ പാക്കിസ്ഥാനില്‍ നിന്നും ഇത്തിസാലാത്തിന്റെ ലോട്ടറിയെക്കുറിച്ച് വന്ന കോളില്‍ വിശ്വാസമര്‍പ്പിക്കാനും സ്വന്തം ചെലവില്‍ അവര്‍ക്ക് കാര്‍ഡ് അയച്ചു കൊടുക്കാനും മാത്രം വിഡ്ഡികളാണല്ലോ ഇവറ്റകള്‍ എന്നു ചിന്തിച്ച് ഞാനിരുന്നു. പഠാണികളുടെ നിഷ്ക്കളങ്കമായ വിവരമില്ലായ്മയെ കുറിച്ച് ഒരുപാട് കഥകളും ഞാന്‍ കേട്ടിട്ടുണ്ട്.
അന്നു രാത്രി ഉറങ്ങാന്‍ കിടന്നു. പതിവുപോലെ റേഡിയോ ഓണ്‍ ചെയ്ത് ചെവിയില്‍ കുത്തി. (ഏകനായിപ്പോകുമ്പോല്‍ മനസിലുണരുന്ന സ്മരണകള്‍ ചങ്കില്‍ നിറയ്ക്കുന്ന ഭാരം വളരെ കടുത്തതാണ്‌. പാട്ടും റേഡിയോയുമൊക്കെയാകുമ്പോള്‍ ആ രാത്രി അങ്ങനെ പോയിക്കിട്ടും).
"ആയിരമായിരമായിരമാശകള്‍..
ആയിരമായിരമായിരമീണങ്ങള്‍..
മനസിലാഘോഷിക്കാം നമുക്കിനി..
വസന്ത സുന്ദരമീ നിമിഷം..
പാടാത്ത പാട്ടുകളിനി പാടാം..
പുതുമയുടെ കടലായ് അലയടിക്കാം..
നഗരിയുടെ വഴിയില്‍ നൂറു കഥ ചൊല്ലി വരാം..
അറിവിന്റെ തീരമിനി നമുക്കരികേ..
ഇതു സ്വര നിമിഷം..
ഇതു സുഖ നിമിഷം..
ഇതു പ്രിയ നിമിഷം...
ഹിറ്റ് നൈന്റി സിക്സ് പോയിന്റ് സെവെന്‍ എഫ് എം.........
വാര്‍ത്തകള്‍ തുടങ്ങി. വാര്‍ത്തയങ്ങനെ പുരോഗമിച്ച് പോകവേ "ഇത്തിസാലാത്തിന്റെ ലോട്ടറിയെന്ന പേരില്‍ നിരവധി പേര്‍ വഞ്ചിക്കപ്പെടുന്നു" എന്നു കേട്ടു. നമ്മുടെ പാക്കിസ്ഥാനിയുടേതു പോലോത്ത അനുഭവങ്ങള്‍ നിരവധി പേര്‍ക്ക് ഉണ്ടായ വാര്‍ത്തയുമെത്തി. ശേഷം ഒരാളുടെ അനുഭവം വിവരിക്കുന്നു. പച്ച മലയാളി...! ഫോണ്‍ വിളിച്ചവന്‍ ആവശ്യപ്പെട്ട പ്രകാരം കാര്‍ഡ് വാങ്ങി അതിന്റെ നമ്പറും, തന്റെ ബാങ്ക് കാര്‍ഡിന്റെ പിന്‍ കോഡും അടക്കം പറഞ്ഞു കൊടുത്തതും പിന്നീട് ബാങ്കില്‍ പോയപ്പോള്‍ എല്ലാം നഷ്ടപ്പെതുമായ കഥകള്‍ അയാള്‍ റേഡിയോയിലൂടെ പറഞ്ഞു.
ദൈവമേ, സകലരെയും കബളിപ്പിക്കാന്‍ മാത്രം കഴിവും കുബുദ്ധിയുമുള്ള മലയാളി പോലും പണമെന്ന്, ലോട്ടറിയെന്ന് കേള്‍ക്കുമ്പോള്‍ മതി മറക്കുന്നു.. മന്ദ ബുദ്ധിയാകുന്നു..
മൊത്തത്തില്‍ മനുഷ്യരെന്തേ ഇങ്ങനെ...?
------------------------------------------
ഓഫ് ടോപിക്:- "ഇത്തിസാലാത്ത്" എന്ന് അധികമാരും പറയാറില്ല അല്ലേ ? എത്തി സലാത്ത്. എടിസലാത് എന്നിങ്ങനെയാണു പറയുക. ഉച്ചരിക്കുന്നതെങ്ങനെയുമാകട്ടെ, അതിന്റെ ശരിയായ വാക്ക് അറിയിക്കാന്‍ മാത്രമാണിത്. അറബിയില്‍ "ഇത്തസല" എന്നു പറഞ്ഞാല്‍ "ബന്ധപ്പെട്ടു, (contact) എന്നര്‍ത്ഥം. മൊബൈല്‍ ഫോണിന്റെ ലാംഗ്വേജ് അറബിയിലാക്കിയാല്‍ നമ്മെ ഒരാള്‍ വിളിക്കുമ്പോള്‍ പേരിനു താഴെ "യത്തസിലു ബിക" എന്നു കാണിക്കും. (contacts you) എന്നു പരിഭാഷപ്പെടുത്താം. "ഇത്തിസാലാത്ത്" എന്നു പറഞ്ഞാല്‍ "ബന്ധങ്ങള്‍" (connections, contacts) എന്നര്‍ത്ഥം.

Where I feel poetic

Followers

Popular Posts